സലാം പേരോട്:
വൈദേശികാധിപത്യനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ചില നിർണ്ണായക വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും സ്മരിക്കുന്ന കുറിപ്പ്. ചരിത്ര തമസ്കരണങ്ങളുടെയും വൈവിദ്ധ്യ നിരാകരണങ്ങളുടെയും പ്രവർജ്ജക ദേശീയതയുടെയും കാലത്ത് യഥാർത്ഥ ചരിത്ര സ്മൃതി തന്നെയാണ് പ്രതിരോധം.
സ്നേഹവും കാരുണ്യവും സത്യവും സമത്വവും സ്വാതന്ത്ര്യവും ഭൂതദയയും സംസ്കാരവും സഹാനുഭൂതിയും ലോകത്തിന് പകർന്നേകിയ ഇൻഡ്യ വസുധൈവ കുടുംബകം (ലോകമേ തറവാട്) എന്ന് പണ്ടേക്കുപണ്ടേ വിളിച്ചുപറഞ്ഞ അതുല്യവും അപ്രതിമവുമായ നാട്. അനർഘരത്നങ്ങളാലും അമൂല്യങ്ങളായ സുഗന്ധവ്യഞ്ജനങ്ങളാലും അത്യപൂർവ്വമായ ഔഷധസസ്യങ്ങളാലും അനുഗൃഹീതമായ ഈ നാട് തേടി നിരവധി സഞ്ചാരികൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. വാണിജ്യ വിനിമയങ്ങളുദ്ദേശിച്ചും മത, സംസ്കാര പ്രചാരണാർത്ഥവുമെല്ലാം വിവിധ കാലങ്ങളിൽ ഇന്ത്യയിലെത്തിയവർ നിരവധിയാണ്. എന്നാൽ അധിനിവേശ ലക്ഷ്യങ്ങളോടെ ഇന്ത്യയെ സമീപിച്ച വിദേശികൾ യൂറോപ്യന്മാരായിരുന്നു. ഈ മഹത്തായ നാടിനെ കട്ടുമുടിക്കാൻ ആദ്യമെത്തിയത് പോർച്ചുഗീസുകാരും തുടർന്ന് വന്നത് ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമെല്ലാമായിരുന്നു. വംശീയവും മതാത്മകവുമായ വരേണ്യബോധത്തോടെ ഇന്ത്യയുടെ സമ്പത്തിനും സംസ്കാരത്തിനും പാരമ്പര്യത്തിനുമെല്ലാം വലിയ ക്ഷതങ്ങൾ സൃഷ്ടിച്ച് അവർ കടന്നുപോയി. അവരുടെ ആഗമനംകൊണ്ട് സാമൂഹിക പുരോഗതിക്കുതകുന്ന പല സദ്ഫലങ്ങളുമുണ്ടായി എന്നതും ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ പല നിലയിൽ അത് സ്വാധീനം ചെലുത്തി എന്നതും വിസ്മരിക്കാതെ തന്നെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ കോളണി ശക്തികളുടെ സാന്നിധ്യം ഉളവാക്കിയ പ്രതിലോമകരമായ ദുഷ്ഫലങ്ങളെ തീർച്ചയായും അവലോകനം ചെയ്യേണ്ടതുണ്ട്. അസഹിഷ്ണുതയുടെയും പരജനവിദ്വേഷത്തിന്റെയും വംശീയമായ മുൻവിധികളുടെയും അത്യാർത്തിയോടെയുള്ള വിഭവമോഹങ്ങളോടെയുമാണ് പാശ്ചാത്യർ പൗരസ്ത്യലോകത്തേക്കെത്തിയത്. പൈശാചികവും ഭീകരവുമായ കൊടുംകൃത്യങ്ങളാണ് ഇന്ത്യ ഉൾപ്പെടെയുള്ള പൗരസ്ത്യരാജ്യങ്ങളിലെ ജനങ്ങളോടവർ ചെയ്തത്.
പോർച്ചുഗീസ് ആഗമനത്തോടെയാണല്ലോ ഇന്ത്യക്കുമേലുള്ള ആധുനിക കാലത്തെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1498 ൽ കേരളത്തിലെ കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങിയത് ക്രൂര വിനോദങ്ങളിൽ അഭിരമിക്കുന്ന കാട്ടാളത്തത്തിന്റെ മൂർത്തീകരണവും ഘനീകരണവുമായ വാസ്കോഡ ഗാമയാണ്. യാത്രക്കാർ നിറഞ്ഞ കപ്പലിന് തീക്കൊടുത്ത് കപ്പൽ കത്തി ജനം വെന്തുനീറി മരിക്കുമ്പോൾ കരഘോഷം മുഴക്കി ആനന്ദിച്ചവനാണ് വാസ്കോഡ ഗാമ. എമിസറിയെ (അംബാസഡറെ) ആദരിക്കണമെന്ന സാമാന്യമര്യാദ പോലും പഠിച്ചിട്ടില്ലാത്ത ഗാമ നമ്മുടെ കോഴിക്കോട് സാമൂതിരിയുടെ ദൂതനെ ഇരു കാതും മൂക്കും അരിഞ്ഞ് അവകൊണ്ട് കഴുത്തിൽ മാലയണിയിച്ച് “പോ, നിന്റെ രാജാവിനോട് ചെന്നു പറ” എന്ന് ആക്രോശിച്ച് അപമാനിച്ച് തിരിച്ചയച്ച തെമ്മാടിയത്രെ. നിർഭാഗ്യവശാൽ യൂറോപ്യൻ സമൂഹവുമായുള്ള ഇന്ത്യയുടെ വാണിജ്യവിനിമയങ്ങൾക്ക് തുടക്കം കുറിച്ച ഒരു ധീരോദാത്ത പ്രതീകമായാണ് നമ്മുടെ വിധേയ മനസ്സ് ഇന്ത്യാചരിത്രം കണ്ട ഈ കാപാലികവേഷത്തെ ഉൾക്കൊണ്ടിട്ടുള്ളത്. പൊതു ചരിത്രബോധത്തിൽ വാസ്കോഡഗാമക്കുള്ള ഈ സ്ഥാനം ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന്റെയും അതുൽപാദിച്ച ചരിത്രബോധത്തിന്റെയും പ്രതിഫലനം തന്നെയാണ്.
1608 ഓഗസ്റ്റ് മാസം 24. ഭാരതത്തിന്റെ ചരിത്രത്തിൽ മറ്റൊരു കറുത്ത അധ്യായം തുടങ്ങുകയാണന്ന്. കണ്ണില്‍ ചോരയില്ലാത്ത ബ്രിട്ടീഷ് അധിനിവേശശക്തികള്‍ വേദേതിഹാസപുരാണങ്ങളുടെ വളരെ പ്രാക്തനമായ ഈ സാംസ്കാരിക ഭൂതലത്തിൽ ആദ്യമായി കാലുകുത്തുകയാണ്. വാണിജ്യവിനിമയ ലക്ഷ്യങ്ങളോടെയുള്ള ആഗമനം എന്ന പ്രതീതി സൃഷ്ടിച്ച് തികച്ചും തന്ത്രപരമായാണ് ബ്രിട്ടീഷ് അധിനിവേശ ശക്തികൾ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളെയെല്ലാം ഘട്ടംഘട്ടമായി തങ്ങളുടെ വരുതിയിലാക്കി ഇന്ത്യക്കുമേലുള്ള അധിനിവേശം പൂർത്തീകരിക്കാനുള്ള അവരുടെ യത്നങ്ങൾ തുടർന്നത്. എന്നാൽ യഥാർത്ഥ വിമോചന വീര്യത്തോടെ ദേശീയ ബോധത്താൽ പ്രചോദിതമായ ആർജ്ജവത്തോടെ സ്ഥിരതയോടെ ചെറുത്തുനിന്നവരിൽ നേതൃസ്ഥാനത്തുള്ള, നമ്മുടെ ഭാരതീയ വിമോചന സമരങ്ങളുടെ ചില സ്മൃതിബിംബങ്ങളെ പരിചയപ്പെടാം.
ടിപ്പു സുല്‍ത്താന്‍
ബ്രിട്ടീഷുകാർക്ക് ഇൻഡ്യയിൽ അധിനിവേശം ഉറപ്പിക്കുന്നതിന് ഏക വിലങ്ങുതടി ടിപ്പുസുൽത്താൻ ആയിരുന്നു. ഇവിടെ അന്ന് തമ്മിൽ കലഹിക്കുകയായിരുന്ന നാട്ടുരാജാക്കന്മാരെപ്പോലെ ആയിരുന്നില്ല ടിപ്പു. ബ്രിട്ടീഷുകാരെ അദ്ദേഹം ധീരമായി നേരിട്ടു. അധിനിവേശവിരുദ്ധ മുന്നേറ്റങ്ങളിൽ അദ്ദേഹം എപ്പോഴും മുന്നണിയിലുണ്ടായിരുന്നു. അവസാനം സ്വന്തം പാളയത്തിൽ പെട്ട ആൾ തന്നെ ടിപ്പുവിനെ ഒറ്റിക്കൊടുത്തു. ബ്രിട്ടീഷുകാർ ടിപ്പുവിനുനേരെ നിറയൊഴിച്ചു. മരിച്ചുവീണിട്ടും ടിപ്പുവിനടുത്തുപോകാൻ ബ്രിട്ടീഷുകാർക്ക് ധൈര്യമുണ്ടായില്ല. വീണ്ടും വീണ്ടും നിറയൊഴിച്ച് മരണം ഉറപ്പുവരുത്തിയശേഷമാണ് അവർ ടിപ്പുവിനെ സമീപിച്ചത്. ടിപ്പുവിന്റെ ദേഹത്ത് കയറിനിന്ന് ബ്രിട്ടീഷ് പട്ടാളമേധാവി വിളിച്ചുപറഞ്ഞു: From today India is ours (ഇന്നുമുതൽ ഇൻഡ്യ നമ്മുടേതാണ്). ടിപ്പുസുൽത്താനെ ‘ഇൻഡ്യയുടെ ആദ്യത്തെ രക്തസാക്ഷി’ (The first martyr of India) എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ചു. ഭഗവാൻ എസ് ഗിദ്വാനി എഴുതിയ ‘ടിപ്പുവിന്റെ കരവാൾ’ (The sword of Tipu) എല്ലാ ഭാരതീയരും വായിക്കേണ്ട നല്ല ഒരു പുസ്തകമാണ്. മൈസൂർ നഗരത്തിനരികെ ശ്രീരംഗപട്ടണത്ത് സ്ഥിതിചെയ്യുന്ന ടിപ്പുവിന്റെ കബറിടത്തിൽ എഴുതിവച്ച വരികൾ നമ്മിൽ രോമാഞ്ചമുണ്ടാക്കും. ടിപ്പുവിന്റെ മരണമാണ് ബ്രിട്ടീഷ് അധിനിവേശം സാധ്യമാക്കിയത്. റോമിന്റേതെന്നപോലെ ഇൻഡ്യയുടെയും പ്രതാപം പൊലിഞ്ഞു (Gone is the glory of India as well as of Rome) എന്നാണ് ടിപ്പുവിന്റെ കബറിടത്തിൽ എഴുതിവെക്കപ്പെട്ടിരിക്കുന്നത്. ടിപ്പുസുൽത്താനെ ഏറെക്കുറെ മനസ്സിലാക്കാൻ ആ വരികൾ ഉപകരിക്കും.
ബ്രിട്ടീഷുകാർ ടിപ്പുവിനുനേരെ നിറയൊഴിച്ചു. മരിച്ചുവീണിട്ടും ടിപ്പുവിനടുത്തുപോകാൻ ബ്രിട്ടീഷുകാർക്ക് ധൈര്യമുണ്ടായില്ല. വീണ്ടും വീണ്ടും നിറയൊഴിച്ച് മരണം ഉറപ്പുവരുത്തിയശേഷമാണ് അവർ ടിപ്പുവിനെ സമീപിച്ചത്. ടിപ്പുവിന്റെ ദേഹത്ത് കയറിനിന്ന് ബ്രിട്ടീഷ് പട്ടാളമേധാവി വിളിച്ചുപറഞ്ഞു: From today India is ours (ഇന്നുമുതൽ ഇൻഡ്യ നമ്മുടേതാണ്). ടിപ്പുസുൽത്താനെ ‘ഇൻഡ്യയുടെ ആദ്യത്തെ രക്തസാക്ഷി’ (The first martyr of India) എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ചു.
ബഹദൂര്‍ഷാ സഫര്‍
ഇനി ബ്രിട്ടീഷ് ഇൻഡ്യയെക്കുറിച്ച് പറയാം. അക്രമങ്ങളും കൊടും ക്രൂരതകളും കൊടിയ വഞ്ചനകളും കൊടികുത്തിവാണു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സമരം നയിക്കാൻ 1857 ൽ ബഹദൂർഷാ സഫർ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. മുഗൾ രാജവംശത്തിലെ അവസാനത്തെ(ഇരുപതാമത്തെ) ചക്രവർത്തി. ബഹദൂർഷാ സഫറിനെക്കാൾ പ്രഗല്ഭനായ ഒരു നായകൻ ഇൻഡ്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നെടുനായകത്വം വഹിക്കാൻ ഉണ്ടായിരുന്നില്ല. ഝാൻസി കീ റാനീ എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായി, നാനാ ഫെർനാവീസ് തുടങ്ങിയ പ്രമുഖരും സകല ജാതിമതവിഭാഗങ്ങളിലും പെട്ട ഉന്നതരുമാണ് ബഹദൂർഷാ സഫറിനെ നേതാവാക്കിയത്. കവിവല്ലഭൻകൂടിയായ അദ്ദേഹം പാടി:
“കിത്നാഹെ ബദ്നസീബ് സഫർ ദഫ്ൻ കെലിയേ
ദോഗസ് സമീൻ ഭീ ന മിലീ കൂയേ യാർമേ”
(മാതൃരാജ്യത്ത് മറമാടാൻ രണ്ടടി ഭൂമി പോലും കിട്ടാത്ത സഫർ എത്ര ഭാഗ്യഹീനൻ!)
ജനകീയ പ്രക്ഷോഭമായി വികസിച്ചുവന്ന പ്രസ്തുത ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാർ അടിച്ചമർത്തി. ശിപായി ലഹള എന്ന പ്രയോഗത്തിലൂടെ പ്രസ്തുത സമരത്തെ പിൽക്കാല ചരിത്രത്തിൽ വിലകുറച്ചു കാണിച്ചു.
ചൗരി ചൗര സംഭവം, ജാലിയൻവാലാബാഗ് മസാക്കർ, വാഗൺ കൂട്ടക്കൊല…. ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്ത് ഉത്തരേൻഡ്യയിലും ദക്ഷിണേൻഡ്യയിലും ചെയ്തുകൂട്ടിയ അക്രമങ്ങൾക്ക് കൈയും കണക്കുമില്ല. 1921 ലെ മാപ്പിള സ്വാതന്ത്ര്യസമര പ്രക്ഷോഭത്തെ തുടർന്ന് നവംബർ 19 ന് കോയമ്പത്തൂർ ജയിലിലടക്കാൻ തിരൂരിൽനിന്നും ചരക്കുവണ്ടിയിൽ മനുഷ്യരെ കുത്തിനിറച്ച് കൊണ്ടുപോവുകയാണ്. വാതിൽ അടക്കുമ്പോൾ ചിലരുടെ കൈകാലുകൾ കൂട്ടിയാണ് അടച്ചത്. അവർ വേദനകൊണ്ട് പുളഞ്ഞു. ആളുകൾ തിങ്ങിനിറഞ്ഞ വാഗണിൽ പ്രാണവായുവിനുവേണ്ടി ആ മനുഷ്യമക്കൾ അടിപിടികൂടേണ്ടിവന്നു. വാഗണിൽ കബന്ധങ്ങൾ കുന്നുകൂടി. തമിഴ്നാട്ടിലെ പോത്തന്നൂരിലെത്തി തുറന്നു നോക്കിയപ്പോൾ 64 മൃതദേഹങ്ങൾ കാണാൻ കഴിഞ്ഞു. ഗുഡ്സ് വാഗണിൽ മനുഷ്യർ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചു. ഇത് കേവലം ഒരു ദുരന്തമായിട്ടാണ് നമ്മുടെ വിദ്യാലയങ്ങളിൽ പോലും പഠിപ്പിക്കുന്നതെന്ന വസ്തുത ഞെട്ടലുളവാക്കുന്നു. കണ്ണിൽ ചോരയില്ലാത്ത ബ്രിട്ടീഷുകാർ വിമോചന സമരം നിർവ്വഹിച്ച ഇന്ത്യൻ ജനതയെ മനഃപൂർവം കൂട്ടക്കൊല ചെയ്ത അതിദാരുണമായ സംഭവമാണിത്. ഇങ്ങനെ തദ്ദേശീയ ജനതയോട് കരളലിയിപ്പിക്കുന്ന ഒട്ടേറെ ക്രൂരതകൾ ചെയ്തവരാണ് ബ്രിട്ടീഷുകാർ. എന്നാൽ ദേശാഭിമാനം തൊട്ടുതീണ്ടാത്ത ഭീരുക്കൾ സ്വാർത്ഥതാൽപര്യാർത്ഥം ബ്രിട്ടീഷ് കാപാലികർക്ക് പാദസേവചെയ്തു. കോളണീ ദുർഭരണത്തിനെതിരെ വിമോചന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ ദേശീയ വിമോചന നായകരിൽ പലരും പിൽക്കാല ചരിത്രത്തിൽ പ്രതിനായക പരിവേഷത്തോടെ അവമതിക്കപ്പെട്ടു. മാപ്പിള, മുസ് ലിം സ്വത്വം തന്നെയായിരുന്നു അവർ സ്വാതന്ത്ര്യപ്രക്ഷോഭകരായിരുന്നിട്ടും പൊതുബോധം അവരെ ഇവ്വിധം പ്രതിലോമപരിവേശത്തോടെ ഉൾക്കൊള്ളുന്നതിന് നിദാനമായത്. ഈ ഗണത്തിൽ സവിശേഷം അനുസ്മരിക്കപ്പെടേണ്ട എക്കാലത്തെയും വിമോചന മുന്നേറ്റങ്ങൾക്ക് പ്രചോദനമായ, ചരിത്രം കണ്ട ഒരു മഹാപുരുഷനായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മാപ്പിള സമര നായകൻ.
വാരിയൻകുന്നത്ത് കുഞ്ഞഹ്മദ് ഹാജി
ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത നാമധേയമാണ് ധീരതയുടെയും ദീനാനുകമ്പയുടെയും മൈത്രിയുടെയും ഭൂതദയയുടെയും ആദർശനിഷ്ഠയുടെയും വിളനിലമായ വാരിയൻ കുന്നത്ത് കുഞ്ഞഹ്മദ് ഹാജി. പിറന്ന നാടിന്റെ സ്വാതന്ത്ര്യനുവേണ്ടിയും ബ്രിട്ടീഷ് കിരാതവാഴ്ചക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത ധീരദേശാഭിമാനിയായിരുന്നു അദ്ദേഹം. നീതിരഹിതവും മർദ്ദകവുമായ ബ്രിട്ടീഷ് രാജിനെതിരെ വലിയൊരു ജനസഞ്ചയത്തിന്റെ പ്രതിഷേധ മുന്നേറ്റങ്ങളെ ചോരയിൽ മുക്കി ഇല്ലാതാക്കാൻ ശ്രമിച്ച ബ്രിട്ടീഷ് കാപാലികരാൽ ധ്വംസിക്കപ്പെട്ടത് ആയിരക്കണക്കിന് നിരപരാധികളായ മാപ്പിളമാരാണ്. ഒരിറ്റ് സ്നേഹവും കരുണയും ദയയും ഉള്ളിൽ പേറുന്ന ഒരാൾക്കും ബ്രിട്ടീഷുകാരുടെ പാദസേവകനും കൈമണിക്കാരനുമാകാൻ ഒരിക്കലും കഴിയില്ല. ദേശീയ വിമോചനാവബോധത്തോടെ ചരിത്രം പഠിച്ച ഒരാൾക്കും മാപ്പിള സമരങ്ങളെ സ്വാതന്ത്ര്യ സമരമായല്ലാതെ കേവല കലാപവും ലഹളയുമായി അവമതിക്കാനുമാവില്ല.
ചേക്കുട്ടിപ്പോലീസ് ബ്രിട്ടീഷുകാർക്ക് പാദസേവചെയ്ത ഒരു മാപ്പിളയാണ്. ബ്രിട്ടീഷ് അനുകൂലികളെ ജാതിയും മതവും നോക്കാതെ നിലംപരിശാക്കുക എന്നതായിരുന്നു ധീരദേശാഭിമാനിയും പരമതവിദ്വേഷത്തിന്റെ യാതൊരു പ്രവണതയും പ്രകടിപ്പിക്കാത്ത മതസഹിഷ്ണുതയുടെ പ്രയോക്താവുമായ വാരിയൻ കുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ നയം. ആ ധീരകേസരി ചേക്കുട്ടിപ്പോലീസിനെ വകവരുത്തുക മാത്രമല്ല അയാളുടെ തലയറുത്ത് കുന്തത്തിൽ നാട്ടി തന്റെ പോത്തുവണ്ടിയിൽ മഞ്ചേരിയിലെ കച്ചേരിപ്പടിയിൽ ചെന്ന് പ്രസംഗിച്ചു. ഹിന്ദുക്കൾ നമ്മുടെ സഹോദരൻമാരാണെന്നും ബ്രിട്ടീഷ് അനുകൂലി ഏതുമതക്കാരനായാലും അവന് ചേക്കുട്ടിപ്പോലീസിന്റെ ഗതിവരുമെന്നും വാരിയൻകുന്നൻ പ്രഖ്യാപിച്ചു. ഗീതാമൃതത്തെ നെഞ്ചോടു ചേർത്ത ഹിന്ദുവായ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധിയുടെ കോൺഗ്രസും ഇസ്ലാം മത ഭക്തയായ ധീരവനിത ബീഅമ്മയുടെ പുലിക്കുട്ടികളായ മക്കൾ ഇസ്ലാമിന്റെ ചുണക്കുട്ടികളായ ശൗക്കത്തലി, മൗലാനാ മുഹമ്മദലി എന്നീ അലി സഹോദരന്മാർ നേതൃത്വം കൊടുത്ത ഖിലാഫത്ത് പ്രസ്ഥാനവും കൈകോർത്ത് പിടിച്ച മതസൗഹാർദ്ദത്തിന്റെ കൊടിക്കൂറയ്ക്ക് കീഴെ അണിനിരന്ന് നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യം.
ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത നാമധേയമാണ് ധീരതയുടെയും ദീനാനുകമ്പയുടെയും മൈത്രിയുടെയും ഭൂതദയയുടെയും ആദർശനിഷ്ഠയുടെയും വിളനിലമായ വാരിയൻ കുന്നത്ത് കുഞ്ഞഹ്മദ് ഹാജി. പിറന്ന നാടിന്റെ സ്വാതന്ത്ര്യനുവേണ്ടിയും ബ്രിട്ടീഷ് കിരാതവാഴ്ചക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത ധീരദേശാഭിമാനിയായിരുന്നു അദ്ദേഹം. നീതിരഹിതവും മർദ്ദകവുമായ ബ്രിട്ടീഷ് രാജിനെതിരെ വലിയൊരു ജനസഞ്ചയത്തിന്റെ പ്രതിഷേധ മുന്നേറ്റങ്ങളെ ചോരയിൽ മുക്കി ഇല്ലാതാക്കാൻ ശ്രമിച്ച ബ്രിട്ടീഷ് കാപാലികരാൽ ധ്വംസിക്കപ്പെട്ടത് ആയിരക്കണക്കിന് നിരപരാധികളായ മാപ്പിളമാരാണ്. ഒരിറ്റ് സ്നേഹവും കരുണയും ദയയും ഉള്ളിൽ പേറുന്ന ഒരാൾക്കും ബ്രിട്ടീഷുകാരുടെ പാദസേവകനും കൈമണിക്കാരനുമാകാൻ ഒരിക്കലും കഴിയില്ല. ദേശീയ വിമോചനാവബോധത്തോടെ ചരിത്രം പഠിച്ച ഒരാൾക്കും മാപ്പിള സമരങ്ങളെ സ്വാതന്ത്ര്യ സമരമായല്ലാതെ കേവല കലാപവും ലഹളയുമായി അവമതിക്കാനുമാവില്ല.
നെല്ലിക്കുത്ത് ആലിമുസ്ല്യാര്‍
വാരിയൻകുന്നനെപ്പോലെ നെല്ലിക്കുത്ത് ആലി മുസ്ല്യാരെപ്പോലുള്ള പച്ചപ്പാവങ്ങളോടും ബ്രിട്ടീഷുകാർക്ക് കടുത്ത പകയും വിദ്വേഷവുമായിരുന്നു. ബ്രിട്ടീഷുകാർ നാടുമുടിക്കാൻ വന്ന മർദ്ദകരാണെന്നും രാജ്യവാസികൾക്കെതിരെ അവർ അഴിച്ചുവിടുന്ന അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കരുതെന്നും ശക്തമായി അവരെ നേരിടണമെന്നും ഉദ്ബോധിപ്പിച്ചതിന്റെ പേരിലാണ് ലക്ഷദ്വീപിലും തിരൂരങ്ങാടിയിലും മസ്ജിദിൽ മുദരിസായിരുന്ന ആലി മുസ്ല്യാർ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായത്. കോയമ്പത്തൂർ ജയിലിൽ അദ്ദേഹം ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെടാൻ നിശ്ചയിക്കപ്പെട്ട ദിവസം അദ്ദേഹം ജയിലിൽ വെച്ച് സ്വാഭാവിക മരണം വരിച്ചു. ഇക്കാര്യം കൃത്യമായ പ്രമാണ പിൻബലത്തോടെ നെല്ലിക്കുത്ത് ആലി മുസ്ല്യാരുടെ പേര മകൻ നെല്ലിക്കുത്ത് മുഹമ്മദലി മുസ് ലിയാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിജിയും മൗലാനാ മുഹമ്മദലി ജൗഹറിന്റെ മാതാവ് ബീഅമ്മയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരകാലത്ത് കേരളത്തിൽ വന്നത്. അതിമനോഹരവും സാഹിത്യ സമ്പുഷ്ടവുമായ ഇംഗ്ലീഷിലായിരുന്നു മഹാത്മാഗാന്ധിയുടെ പ്രസംഗം. ഇൻഡ്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ അനിഷേധ്യനായ അമരക്കാരൻ കെ.എം. സീതിസാഹിബിന് അന്ന് പതിനാറ് വയസ്സു പ്രായം. കൗമാരക്കാരനും കേവലം ഒരു വിദ്യാർഥിയുമായ സീതിസാഹിബാണ് ലളിതമനോഹരമായ മലയാളത്തിലേക്ക് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. പ്രസംഗമധ്യേ ഗാന്ധിജി കോളറിഡ്ജ് (Samuel Taylor Coleridge) എഴുതിയ The Rime of the Ancient Mariner എന്ന കവിതയിലെ രണ്ടു വരി ഉദ്ധരിച്ചു:
“Water water everywhere
Nor any drop to drink”
സത്വരം ഒഴുകിവന്നു കെ എം സീതിസാഹിബിന്റെ ചേതോഹരമായ വിവർത്തനം:
“വെള്ളം വെള്ളം സർവത്ര
തുള്ളി കുടിപ്പാനില്ലത്രെ”
പ്രത്യുല്പന്നമതിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, പ്രതിഭാശാലിയായ രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വിചക്ഷണനും ബഹുഭാഷാ പണ്ഡിതനും പരിശുദ്ധ ഖുർആനിന്റെ വ്യാഖ്യാതാവുമായ മൗലാനാ അബുൽകലാം ആസാദ്, ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയ കവിയും ഇസ്ലാമിക പണ്ഡിതനും ശ്രീകൃഷ്ണ പ്രേമിയുമായ മൗലാനാ ഹസ്രത്ത് മോഹാനീ, സാമൂഹ്യ പരിഷ്കർത്താവായ ഗോപാലകൃഷ്ണ ഗോഖലേ, പണ്ഡിതനും ദാർശനികനും ഗണിതജ്ഞനും ഭഗവദ് ഗീതയുടെ വ്യാഖ്യാതാവുമായ ബാലഗംഗാധര തിലകൻ, തീവ്രനിലപാടുകളാൽ ശ്രദ്ധേയനായ ഭാരതത്തിന്റെ വീരപുത്രൻ സുഭാഷ് ചന്ദ്രബോസ്, ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ട ഭഗത്സിംഗ്, 1930 ൽ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ ബ്രിട്ടീഷുകാരന്റെ ബക്കിങ്ഹാം കൊട്ടാരത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് “I hope you will forgive this long introduction about my ill health and ailments and all sorts of things; but the fact is that today the one purpose for which I came is this… I want to go back to my country if I can go back with the substance of freedom in my hand. Otherwise I will not go back to a slave country. I would even prefer to die in a foreign country, so long as it is a free country; and If you do not give us freedom in India you will have to give me a grave here” എന്ന് അധിനിവേശ ശക്തികളുടെ മുഖത്തുനോക്കി ഗർജ്ജിച്ച മൗലാനാ മുഹമ്മദലി ജൗഹർ, തന്നെപ്പോലെ നിരപരാധികളായ അനേകരുടെ ജീവൻ രക്ഷിക്കാൻ ബ്രിട്ടീഷ് പട്ടാളത്തിന് കീഴടങ്ങി തൂക്കിലേറ്റപ്പെട്ട നിഷ്കാമകർമിയായ നെല്ലിക്കുത്ത് ആലി മുസ്ല്യാർ, സർവോപരി; അഹിംസയുടെ എക്കാലത്തെയും ഏറ്റവും വലിയ വക്താവും പ്രയോക്താവുമായ മഹാത്മജി തുടങ്ങിയ മഹാരഥന്മാരുടെ നിരന്തര പ്രയത്നത്തിന്റെ ഫലമായി നേടിയെടുത്ത സ്വാതന്ത്ര്യമാണ് നാം ഭാരതീയർ ഇപ്പോൾ ആസ്വദിക്കുന്നത്. ഈ സ്വാതന്ത്ര്യം നഷ്ടപ്പെടാൻ ഇടവരാതിരിക്കട്ടെ. ദേശീയോദ്ഗ്രഥനം, ബഹുസ്വരത, മതേതരത്വം, മാനവസൗഹാർദ്ദം, ദേശസ്നേഹം തുടങ്ങിയ പ്രയോഗങ്ങളും അവയുടെ സാർഥകമായ പ്രയോഗവത്കരണങ്ങളും നമുക്ക് എന്നും പഥ്യമാവണം.