ദർവേശ് അൻവാരി:
ഇന്ത്യൻ ദേശീയതക്കകത്ത് അന്യവും അപരവുമായി സ്ഥാനനിർണ്ണയം ചെയ്യപ്പെട്ടവരാണിന്ന് ഇന്ത്യൻ മുസ്ലിംകൾ. കൊളോണിയൽ ആധുനികതയുടെ ഉപോൽപന്നമായി രൂപപ്പെട്ട ദേശീയാധുനികതയുടെ മൃദുഹിന്ദുത്വഭാവമുള്ള വൈജ്ഞാനിക വ്യവഹാരങ്ങൾക്കകത്ത് ആദ്യമേ സാംസ്കാരികമായി അപരവത്കരിക്കപ്പെട്ട മുസ്ലിം സമൂഹത്തെ പൂർണ്ണമായും അപരവത്കരിക്കാനും പുറംതള്ളാനും തീവ്രഹിന്ദുത്വ ദേശീയതയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ഭരണകൂടം വളരെ തന്ത്രപരമായി നിയമങ്ങൾ ചുട്ടെടുത്ത കാലമാണിത്. ഇന്ത്യയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ചരിത്രത്തിൽ നിന്ന് മുസ്ലിം മുദ്രകളെ പുറം തള്ളാനുള്ള തീവ്രഹിന്ദുത്വ പരിശ്രമങ്ങൾ വിദ്യാഭ്യാസ രംഗത്തും ചരിത്രരചനാ രംഗത്തും മറ്റ് ജ്ഞാനവ്യവഹാരങ്ങളിലും വളരെ ശക്തമായി തന്നെ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. അതോടൊപ്പം ഇന്ത്യൻ മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരാക്കി അവമതിച്ച് പുറംതള്ളാൻ പൗരത്വ രജിസ്ട്രറും പൗരത്വഭേദഗതി നിയമവും നിർമ്മിച്ച് തേനും പാലുമൊഴുകുന്ന ഹിന്ദുത്വരാഷ്ട്രത്തിലേക്ക് ചുവടുവെക്കുന്ന തീവ്രദേശീയതയുടെ ഈ കെട്ട കാലത്ത് ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തിലും കൊളോണിയലിസത്തിനെതിരായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിലും ഇന്ത്യൻ മുസ്ലിംകളുടെ പങ്ക് അന്വേഷിക്കുന്ന വൈജ്ഞാനികോദ്യമങ്ങൾക്ക് തീർച്ചയായും പ്രസക്തിയുണ്ട്. ആധുനിക വിദ്യാഭ്യാസം സിദ്ധിക്കുകയും സാമ്പ്രദായിക മതേതര അവബോധത്തോടെ ചരിത്ര സാമൂഹിക യാഥാർത്ഥ്യങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹത്തിൽ തന്നെയുള്ള മതേതര ലിബറലുകൾക്കും പാരമ്പര്യവാദികൾക്കും ആധുനിക മുസ്ലിം പ്രസ്ഥാനങ്ങൾക്കും പൊതുസമൂഹത്തിനും ഒരേ പോലെ പ്രയോജനപ്പെടുന്ന വളരെ പ്രസക്തമായ ഒരു ഗവേഷണ ഉദ്യമമാണ് കെ.ടി. ഹുസൈൻ രചന നിർവ്വഹിച്ച് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്ലിംകളും എന്ന ഗ്രന്ഥം.
ഏഴ് ഭാഗങ്ങളായി വിഭജിച്ച് 400 പേജുകളിലായി സമഗ്രമായ ചരിത്ര വസ്തുതകളെ സംഗ്രഹിച്ച് വിന്യസിച്ച ഈ രചന 2018 സെപ്തംബറിലാണ് പ്രസിദ്ധീകരിച്ചതെങ്കിലും സമകാലിക ഇന്ത്യനവസ്ഥയിൽ ഈ ഗ്രന്ഥത്തിന്റെ പാരായണത്തിന് തീർച്ചയായും പ്രസക്തിയേറേയുണ്ട്. ഉർദുവിലും അറബി ഭാഷയിലും ഇംഗ്ലീഷിലും ഇന്ത്യൻ മുസ്ലിംകളുടെ ആവിർഭാവത്തിന്റെയും വിവിധ കാലങ്ങളിലെ പരിവർത്തനങ്ങളുടെയും വികാസങ്ങളുടെയും ചരിത്രവും ഇന്ത്യൻ സാമൂഹിക രൂപീകരണത്തെ നിർണ്ണയിച്ച ഇസ്ലാമികമായ ആദാനപ്രദാനങ്ങളുടെ ചരിത്രവും വികാസവും ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ഈ മേഖലയിലെ ഗ്രന്ഥങ്ങൾ തുലോം തുച്ഛമാണെന്ന് കാണാം. ഈ വിടവ് സാമാന്യമായി പരിഹരിക്കുന്ന ഒരു വൈജ്ഞാനിക ദൗത്യമാണ് ഈ ഗ്രന്ഥം നിർവ്വഹിക്കുന്നത് എന്നതാണ് ഗ്രന്ഥപരിചയത്തിൽ ഇത് തിരഞ്ഞെടുക്കുന്നതിന് നിദാനമായത്.
ഏഴ് ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് ആമുഖമായി ഇന്ത്യയിലേക്കുള്ള ഇസ്ലാമികാഗമനത്തിന്റെ ചരിത്രം സാമാന്യമായി അവലോകനം ചെയ്യുന്നു. തുടർന്ന് ചരിത്രരചനയുടെ പ്രശ്നങ്ങൾ, മുസ്ലിം ഭരണത്തിന്റെ ശരിയായ വിലയിരുത്തൽ, ഇസ്ലാമിന്റെ നാഗരിക സംഭാവനകൾ, ഇന്ത്യയിലെ ഇസ്ലാമിക നവോത്ഥാനം വ്യത്യസ്ത ഘട്ടങ്ങൾ തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ അന്വേഷണം വികസിക്കുന്നു. ശേഷം രണ്ടാം ഭാഗത്ത് ഇന്ത്യയിലെ സൂഫി പ്രബോധത്തിന്റെ ചരിത്രവും വികാസവും അവലോകനം ചെയ്യുകയും ഖ്വാജാ മുഈനുദ്ധീൻ ചിശ്തി(റ) മുതൽ നിസാമുദ്ധീൻ മെഹ്ബൂബെ ഇലാഹി(റ) വരെയുള്ള ഇന്ത്യയിലെ ചിശ്തി സൂഫികളുടെ ജീവിതവും ദൗത്യവും സംഗ്രഹിച്ച് വിവരിക്കുന്നു. പിന്നീട് വരുന്ന ഭാഗം നവോത്ഥാനവും പരിഷ്കരണവും എന്ന പേരിലാണ് ആരംഭിക്കുന്നത്. ഈ ഭാഗത്ത് രണ്ടാം സഹസ്രാബ്ധത്തിന്റെ മുജദ്ദിദ് എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന ഇന്ത്യയിൽ പ്രവർത്തിച്ച പ്രമുഖ നഖ്ശബന്ദി ശൈഖ് അഹ്മദ് സർഹിന്ദി(റ)യുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ഔറം ഗസീബ്(റ)യുടെ കാലത്തുണ്ടായ രാഷ്ട്രീയ ഏകീകരണത്തിന്റെയും വികാസത്തിന്റെയും ചരിത്ര വസ്തുതകൾ വിവരിച്ച് ശാഹ് വലിയുല്ലാഹി ദഹ്ലവി(റ)യുടെ നവോത്ഥാന ദൗത്യം വിശദീകരിച്ച് മൂന്നാം ഭാഗം അവസാനിക്കുന്നു. നാലാം ഭാഗത്ത് ഇന്ത്യൻ മുസ്ലിംകളുടെ പക്ഷത്ത് നിന്ന് രൂപപ്പെട്ട അധിനിവേശ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചരിത്രം സാമാന്യമായി അവലോകനം ചെയ്യുന്നു. ഈ ഭാഗത്ത് ടിപ്പുസുൽത്വാൻ(റ)യുടെ പ്രവർത്തനങ്ങളും തഹ്രീഖെ മുജാഹിദീൻ, ഫറാഇസി പ്രസ്ഥാനം, ബംഗാളിൽ ബ്രിട്ടീഷ് വിരുദ്ധമായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ തീതുമീറിന്റെ മുന്നേറ്റങ്ങൾ തുടങ്ങിയവ അവലോകനം ചെയ്ത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര ചരിത്രം വിശദീകരിച്ച് അവസാനിക്കുന്നു. ഈ ഭാഗത്തിന്റെ മുഖ്യമായ ഒരു പരിമിതി ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധമായ മുന്നേറ്റ ചരിത്രം ബ്രിട്ടീഷ് കോളണീകരണത്തിനെതിരെ മാത്രമായിരുന്നില്ല എന്ന വസ്തുത ഇവിടെ പരിഗണിക്കപ്പെടുന്നില്ല എന്നതാണ്. കോളണീ താത്പര്യങ്ങളോടെ ഇന്ത്യയുടെ ഏതൊരു ഭാഗത്താണോ കൊളോണിയൽ ശക്തികൾ രംഗപ്രവേശം ചെയ്തത് ആ ഭാഗത്ത് നിന്ന് തന്നെ ശക്തമായ പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും കോളണി ശക്തികൾക്കെതിരെ പ്രബലപ്പെട്ടിരുന്നുവെന്ന കാര്യം ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. സാമൂതിരിയുടെ നേതൃത്വത്തിൽ കുഞ്ഞാലി മരക്കാർമാരും മറ്റ് മുസ്ലിം നാവിക പോരാളികളും നടത്തിയ ശക്തമായ യുദ്ധങ്ങളുടെ ചരിത്രം ഈ ഭാഗത്ത് അവലോകനം ചെയ്യുന്നത് തീർച്ചയായും പ്രസക്തമായേനെ. വാസ്തവത്തിൽ കോളണീകരണത്തിനെതിരെയുള്ള ആദ്യ പ്രക്ഷോഭങ്ങളും പ്രവണതകളും രൂപപ്പെട്ടുവന്നത് കേരളത്തിൽ നിന്നാണെന്ന കാര്യം തീർച്ചയായും ഇക്കാലത്തും സവിശേഷമായി ഓർമ്മിപ്പിക്കപ്പെടേണ്ടതുണ്ട്.
ശേഷം ആധുനിക വിദ്യഭ്യാസത്തിലൂടെ സാമൂഹിക പരിഷ്കരണം ലക്ഷ്യം വെച്ച സർ സയ്യിദ് അഹ്മദ് ഖാൻ നേതൃത്വം നൽകി രൂപപ്പെടുത്തിയ അലീഗഢ് പ്രസ്ഥാനത്തിന്റെ പ്രവർത്തന ചരിത്രം സംഗ്രഹിക്കുന്നു. ശേഷം വിദ്യാഭ്യാസ നവോത്ഥാന രംഗങ്ങളിലെ ദയൂബന്ദ് പ്രസ്ഥാനത്തിന്റെ പങ്ക് അന്വേഷിക്കുകയും അല്ലാമാ ശിബ് ലി നുഅ്മാനിയുടെയും നദ് വത്തുൽ ഉലമായുടെയും വൈജ്ഞാനിക നവോത്ഥാന രംഗത്തെ സേവനങ്ങൾ വിശദീകരിക്കുകയും ചെയ്തു പ്രസ്തുത ഭാഗം അവസാനിക്കുന്നു.
ആറാം അദ്ധ്യായത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഇസ്ലാമിക ഉയിർത്തെഴുന്നേൽപാണ് അവലോകനം ചെയ്യുന്നത്. ഈ ഭാഗത്ത് അല്ലാമ മുഹമ്മദ് ഇഖ്ബാൽ, ഖിലാഫത്ത് പ്രസ്ഥാനം, അലി സഹോദരന്മാർ തുടങ്ങിയവരുടെ ചരിത്രവും ദൗത്യവും അവലോകനം ചെയ്ത് മറ്റ് പല പഠനങ്ങൾക്കുശേഷം തബ്ലീഗ് ജമാഅത്തിന്റെയും ഇല്യാസ് മൗലാനയുടെയും ദൗത്യം അവലോകനം ചെയ്ത് സയ്യിദ് മൗദൂദിയിലും ജമാഅത്തെ ഇസ്ലാമിയിലുമെത്തുന്നു. ഇൗ ഭാഗങ്ങളിലാണ് ഈ ഗ്രന്ഥത്തിന്റെ വളരെ വലിയൊരു പരിമിതി നമുക്ക് ബോദ്ധ്യപ്പെടുന്നത്. ഇന്ത്യൻ മുസ്ലിംകളുടെ ചരിത്രം രാഷ്ട്രീയ ചായ് വുള്ള സാമൂഹിക നിർവ്വഹണങ്ങളുടെ മാത്രം ചരിത്രമല്ല എന്നും അത് ആത്മസംസ്കരണ പ്രദാനമായ നവോത്ഥാന യത്നങ്ങളുടെ കൂടി ചരിത്രമാണെന്നും ഗ്രന്ഥകാരൻ വിസ്മരിക്കുന്നു. സയ്യിദ് മൗദൂദി ജീവിച്ച അതേ കാലഘട്ടത്തിൽ ഹൈദരാബാദിൽ ജീവിച്ച പ്രമുഖരായ പല സൂഫിയാക്കളുടെയും അവർ നിർവ്വഹിച്ച സാമൂഹിക ആത്മീയ സംസ്കരണ യത്നങ്ങളുടെയും ചരിത്രം സാമാന്യമായി അവലോകനം ചെയ്യാൻ പോലും ഗ്രന്ഥകാരൻ ശ്രമിക്കാതിരുന്നത് തീർച്ചയായും ഈ ഗ്രന്ഥത്തിന്റെ പരിമിതി തന്നെയാണ്. മുഹദ്ദിസെ ദക്കൻ അബ്ദുല്ലാഹ് ശാഹ് നഖ്ശബന്ദി(റ), മൗദൂദി സാഹിബിന് വളരെ അടുത്ത ആത്മബന്ധമുണ്ടായിരുന്ന ഹൈദരാബാദിലെ പ്രമുഖ സൂഫിയായിരുന്ന അബ്ദുൽ ഖദീർ സിദ്ധീഖി(റ), വലിയ ആത്മീയ സാമൂഹിക വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ പീർ ഗൗസി ശാഹ്(റ), മനാസീർ അഹ് സൻ ഗീലാനി(റ), മിർവലിയ്യുദ്ധീൻ(റ) തുടങ്ങിയ പല പ്രമുഖരായ സൂഫി വ്യക്തിത്വങ്ങളെയും വളർത്തിയെടുത്ത ഹൈദരാബാദിലെ തന്നെ പ്രമുഖ ശൈഖായ കമാലുല്ലാഹ് ശാഹ് ചിശ്തി, ഖാദിരി(റ) തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെയൊന്നും ഈ ഭാഗത്ത് പരിഗണിക്കാതിരുന്നത് തികഞ്ഞ ന്യൂനത തന്നെയാണ്. ഗ്രന്ഥകാരന്റെ ചില മുൻവിധികളും പക്ഷപാതിത്വങ്ങളും ഈ ഭാഗങ്ങളിൽ വളരെ പ്രകടമായി മുഴച്ചുനിൽക്കുന്നത് കാണാം.
മാത്രമല്ല വിദ്യാഭ്യാസ നവോത്ഥാന യത്നങ്ങൾ അവലോകനം ചെയ്യുന്ന ഭാഗത്തും ഈ പക്ഷപാതിത്വം വളരെ പ്രകടമാണെന്ന വസ്തുത പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ദക്ഷിണേന്ത്യയിൽ വിദ്യാഭ്യാസ നവോത്ഥാന യത്നങ്ങൾക്ക് നേതൃത്വം നൽകിയ ഖുതുബെ വേലൂർ(റ), ബാഖിയാത്തു സ്വാലിഹാത്തിന്റെ സ്ഥാപകൻ ശാഹ് അബ്ദുൽ വഹാബ് ഖാദിരി(റ) തുടങ്ങിയവരുടെ ദൗത്യമോ ഹൈദരാബാദിലെ പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ നിസാമിയ്യ പോലുള്ള സ്ഥാപനങ്ങളോ അതിന്റെ സ്ഥാപകനായ അൻവാറുല്ലാഹ് ഫാറൂഖി(റ)യുടെ ദൗത്യമോ അവരിലൂടെ രൂപപ്പെട്ട വിദ്യാഭ്യാസ വിപ്ലവമോ പരിഗണിക്കപ്പെടാതെ വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണം എന്ന ഈ ഭാഗം പൂർണ്ണമാവുകയില്ല. കൊളോണിയലിസത്തെ രാഷ്ട്രീയമായോ സായുധമായോ പ്രതിരോധിക്കുക എന്ന മുസ്ലിം പ്രതിനിധാനങ്ങളിലൂടെ മാത്രമല്ല ഇന്ത്യൻ സാമൂഹിക രൂപീകരണം സംഭവിക്കുന്നത് എന്നും സാംസ്കാരികമായി കോളണീകരണത്തെ ചെറുത്ത ആത്മസംസ്കരണ പ്രധാനമായ വിജ്ഞാനങ്ങളും വ്യക്തിത്വങ്ങളും അവരുടെ പ്രവർത്തന പാരമ്പര്യങ്ങളും തീർച്ചയായും പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ഗ്രന്ഥകാരനുൾപ്പെടെയുള്ള ഇസ്ലാമിസ്റ്റ് പശ്ചാത്തലമുള്ളവർ തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവിന്റെ അഭാവം കൊണ്ടുതന്നെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന അവസാന ഭാഗത്ത് അബുൽ ഹസൻ അലി നദ്വി(റ), അബുലൈ്ലസ് ഇസ്ലാഹി നദ്വി പോലുള്ളവരെ പരിചയപ്പെടുത്തിയ ശേഷം ഇന്ത്യൻ മുസ്ലിംകളെ പല നിലയിൽ സ്വാധീനിച്ച നിരവധി പണ്ഡിതമഹത്തുക്കളെ ഗ്രന്ഥകാരന് അവഗണിക്കേണ്ടി വരുന്നത്. ഖത്തീബുൽ ഹിന്ദ് എന്ന അപരാഭിധാനത്താൽ അറിയപ്പെട്ട ദയൂബന്ദിലെ ഖാരിഅ് ത്വയ്യിബ് ഖാസിമി(റ)യെ പോലുള്ളവരെയെങ്കിലും പരിഗണിച്ചിരുന്നുവെങ്കിൽ ഈ വിമർശനം ഉന്നയിക്കപ്പെടില്ലായിരുന്നു. ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ് ലിംകളും എന്ന ശീർഷകത്തിന് കീഴിലാണ് ഇൗ ഗ്രന്ഥം രചിക്കപ്പെട്ടത് എന്നതിനാൽ സ്വന്തം സ്കൂൾ ഓഫ് തോട്ടിന്റെ ചിന്താപരമായ പരിമിതികളെ മറികടക്കാൻ ഗ്രന്ഥകാരന് സാധിക്കേണ്ടിയിരുന്നുവെന്നാണ് ഇവിടെ സവിശേഷം ഒാർമ്മപ്പെടുത്താനുള്ളത്. ഇത്തരം ഓർമ്മപ്പെടുത്തലും വിമർശനങ്ങളും തന്നെയാണ് വ്യാജസ്തുതികളേക്കാൾ ഈ ഗ്രന്ഥം മുൻനിറുത്തി ഉന്നയിക്കാനുള്ളത്.
എന്തായാലും ഇന്ത്യൻ മുസ്ലിംകൾ ഇന്ത്യയുടെ സാമൂഹിക വളർച്ചയിലും സാംസ്കാരികമായ അഭ്യുന്നതികളിലും നിർവ്വഹിച്ച പുരോഗമനപരമായ ദൗത്യവും ഇന്ത്യൻ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളിൽ വഹിച്ച വിമോചന പരമായ നിർവ്വഹണങ്ങളും ഇന്ത്യൻ ദേശരാഷ്ട്രരൂപീകരണത്തിന് അർപ്പിച്ച സംഭാവനകളും സാമാന്യമായി അവലോകനം ചെയ്യുന്ന ഈ ഗ്രന്ഥം സമകാലിക ഇന്ത്യനവസ്ഥയിൽ മുസ്ലിം സമൂഹത്തിന് കൂടുതൽ ഊർജ്ജം പകരുകയും പൊതുസമൂഹത്തിന് വിസ്മരിക്കപ്പെട്ട ചരിത്ര വസ്തുതകൾ ഓർമ്മിക്കാൻ അവസരമേകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ ഗ്രന്ഥത്തിന്റെ പാരായണം സമകാലിക ഇന്ത്യനവസ്ഥയിൽ തീർച്ചയായും ഒരു വിമോചന പ്രവർത്തനം തന്നെയാണ്. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 360 രൂപയാണ് വില.