ഡോ: മോയിൻ മലയമ്മയുമായി അകമിയം പ്രതിനിധി നടത്തിയ അഭിമുഖഭാഷണം
കേരള മുസ് ലിം ചരിത്ര സംബന്ധിയായി ഗവേഷണപ്രദാനമായ നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിച്ച യുവഗവേഷകനും ചരിത്ര പണ്ഡിതനുമായ ഡോ: മോയിൻ മലയമ്മയുമായി അകമിയം വെബ് മാഗസിൻ പ്രതിനിധി നടത്തിയ അഭിമുഖ സംഭാഷണം. പൊതുബോധം തമസ്കരിച്ച മാപ്പിള ചരിത്രസംബന്ധിയായ നിരവധി വസ്തുതകൾ അനാവരണം ചെയ്യുന്നതും കേരള മുസ് ലിംകളുടെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രപാരമ്പര്യത്തെ പ്രാദേശിക ചരിത്രത്തിന്റെ കൂടി പിൻബലത്തോടെ നിർദ്ധാരണം ചെയ്യുന്നതുമായ നിരവധി ഗവേഷണ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ച് ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഒരു പി.എച്ച്.ഡി. നേടി കരിയർ ഭദ്രമാക്കി ഗവേഷണമവസാനിപ്പിക്കുന്ന ഗവേഷകന്മാർക്കിടയിലാണ് പി.എച്ച്.ഡി.ക്ക് ശേഷം ജീവിതം തന്നെ ചരിത്രപഠനങ്ങൾക്കും മനനങ്ങൾക്കും ഗ്രന്ഥരചനക്കും വേണ്ടി സമർപ്പിച്ച് നിരന്തരമായ വൈജ്ഞാനിക പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകിയിട്ടുള്ളത്. കേരളത്തിലെ പ്രമുഖരായ ചില സ്വൂഫി പണ്ഡിത മഹത്തുക്കളുടെ ജീവചരിത്ര രചനകളിലൂടെ ഒരു മേഖലയുടെ തന്നെ ഇസ് ലാമിക ചരിത്രം ക്രോഡീകരിക്കുന്ന മോയിൻ മലയമ്മയുടെ രചനാരീതി ശാസ്ത്രം അധികമാരും പിൻപറ്റാത്തതും അതോടൊപ്പം മാതൃകാപൂർണ്ണവുമാണ്. സൂക്ഷ്മ ചരിത്രങ്ങളുടെ സ്ഥൂലവായനകളാണ് അദ്ദേഹത്തിന്റെ ചരിത്രരചനകളൊക്കെയും. തന്റെ രചനാ ജീവിതത്തെ കുറിച്ച് അകമിയം പ്രതിനിധിയോട് അദ്ദേഹം സംസാരിക്കുന്നു.
ചോദ്യം: ഗവേഷണം തന്നെ ജീവിത ദൗത്യമായി തിരഞ്ഞെടുത്ത ആളാണ് താങ്കൾ. ഒരു PHD യോടെ അവസാനിക്കുന്നതാണ് അധിക പേരുടെയും ഗവേഷണം. എന്നാൽ താങ്കൾ നിരന്തരം പുതിയ ഗവേഷണ മേഖലകൾ കണ്ടെത്തുന്നു.
എഴുത്ത് ഗവേഷണം തുടങ്ങിയ മേഖലകളിലേക്ക് വരാനും അതിൽ തന്നെ തുടരാനുമുള്ള കാരണങ്ങൾ വിശദീകരിക്കാമോ?
രണ്ട് ഭാഗങ്ങളായാണ് എന്റെ എഴുത്തിനെയും ഗവേഷണത്തെയും കാണുന്നത്. എന്റെ എംഫിൽ പി.എച്ച്.ഡി. പഠനങ്ങൾക്ക് പോകുന്നതിന് മുമ്പുള്ള ഒരു പഠന ഘട്ടവും അതിന് ശേഷമുള്ള ഒരു പഠന ഘട്ടവുമുണ്ട്. രണ്ടും വ്യത്യസ്തമാണ്. ആദ്യകാലങ്ങളിൽ ധാരാളം രചനകൾ പുറത്തു വന്നിട്ടുണ്ട്. അതൊക്കെ ഇസ്ലാമിക ചരിത്രം, കഥകൾ, കലയുടെ ഇസ്ലാമിക മാനങ്ങൾ, അറബികൾ പറഞ്ഞ ശാസ്ത്രം തുടങ്ങിയുള്ള വിഷയങ്ങളെയൊക്കെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അത്തരം രചനകളൊന്നും അത്രമാത്രം റിസർച്ച് ഓറിയന്റഡ് അല്ലായിരുന്നു. മാത്രമല്ല ഗവേഷണ രീതിശാസ്ത്രങ്ങളെ കൃത്യതയോടെ പിൻപറ്റിയുള്ള ഒരു ശൈലിയും രചനാരീതിയുമൊന്നും അക്കാലത്തെ രചനകളിൽ പൊതുവെ പ്രകടമല്ലായിരുന്നു. പിന്നീട് കുറെ കൂടി മാപ്പിള പഠനമേഖലകളിലേക്ക് എന്റെ ഗവേഷണം കേന്ദ്രീകരിക്കുന്നത് എന്റെയൊരു എം.ഫിൽ പഠനത്തിന് ശേഷമാണ്. എന്റെ എം.ഫിൽ പഠനത്തിന്റെ ടോപ്പിക് ‘റിവൈവൽ ആന്റ് റിഫോം എമംഗ് കേരള മുസ്ലിംസ്’എന്നതായിരുന്നു. ജെ.എൻ.യു വിൽ പഠിക്കുമ്പോൾ നാം അവിടെ നിന്ന് വൈജ്ഞാനിക സ്രോതസ്സുകൾ അന്വേഷിക്കുമ്പോൾ കേരള മുസ് ലിംകളെ സംബന്ധിച്ച് പൊതുവിലുള്ള പഠനങ്ങൾ ലഭ്യമായിരുന്നു. പല പരിപ്രേക്ഷ്യങ്ങളിലുള്ള രചനകളൊക്കെ ഉണ്ടായിട്ടുണ്ട്. കൊളോണിയൽ ആധുനികതയെയും ദേശീയാധുനികതയെയും മാക്സിയൻ സമീപന രീതികളെയും അടിസ്ഥാനമാക്കുന്നതും മതകീയമായി സലഫി സമീപനങ്ങളിൽ നിന്നുകൊണ്ടുള്ളതുമായ ധാരാളം ഗവേഷണ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലപ്പുറം എന്റെ പഠനമേഖലയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന സ്രോതസ്സുകളോ പ്രസ്തുത പരിപ്രേക്ഷ്യത്തോടെയുള്ള രചനകളോ വളരെ വിരളമായിരുന്നു. അഥവാ നാം അന്വേഷിക്കുന്ന സ്രോതസ്സുകളിൽ ചരിത്രത്തിന്റെ ഒരു വലിയ പോർഷൻ മിസ്സായി പോയിട്ടുണ്ട് എന്നുള്ള ഒരു ബോദ്ധ്യം അക്കാദമിക ഗവേഷണത്തിന്റെ ഈ സന്ദർഭത്തിലാണ് എന്നിലുറക്കുന്നത്. പ്രത്യേകിച്ച് നവോത്ഥാനം എന്ന വ്യവഹാര പരിസരത്ത്, റിവൈവൽ ആൻഡ് റിഫോം എന്ന പ്രതിഭാസത്തിനുള്ളിൽ അറബി മലയാളത്തിന്റെയൊക്കെ ആ ഒരു വൈജ്ഞാനിക ലോകം ഗവേഷണ പഠനങ്ങളിലോ ചരിത്രരചനകളിലോ എവിടെയും നമുക്ക് വേണ്ടവിധം കാണാൻ സാധിക്കുന്നില്ല. മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം പോലുള്ള അൺ അക്കാദമിക് രചനകളും അപൂർവ്വം മറ്റ് ചില രചനകളുമെല്ലാം ഉണ്ടെങ്കിൽ കൂടി അതിൽ നിന്നും നഷ്ടപ്പെട്ടു പോകുന്ന വലിയൊരു മേഖല തന്നെ ഉള്ളതായി ഈ അന്വേഷണ ഗവേഷണ ഘട്ടത്തിലാണ് എനിക്ക് കൃത്യമായും ബോദ്ധ്യപ്പെട്ടത്. നിരവധി രചനകളെയും രചയിതാക്കളെയും ഇത്തരം കൃതികൾ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും അവരുടെ ആശയ പശ്ചാത്തലവും ധൈഷണിക ഭൂമികയുമൊന്നും ഇത്തരം രചനകളിൽ വേണ്ടവിധം പരിഗണിക്കപ്പെട്ടിരുന്നില്ല.
മാപ്പിള ചരിത്രത്തെ പരിഗണിക്കുമ്പോൾ മാപ്പിളമാരെ കൊളോണിയൽ ആഖ്യാനങ്ങളിൽ ഒരു ഫനാറ്റിക് മാപ്പിളയായും മാക്സിയൻ പരിപ്രേക്ഷ്യത്തിൽ ഒരു പോരാളിയായ മാപ്പിളയായും പിന്നീട് ജമാഅത്തെ ഇസ് ലാമി പോലുള്ളവരുടെ ആഖ്യാനങ്ങളിൽ മാക്സിയൻ ചായ് വുള്ള ആ ഒരു മാപ്പിളയെ തന്നെ പുനരുജ്ജീവിപ്പിക്കുന്ന പ്രവണതയാണ് പൊതുവായി കണ്ടുവരുന്നത്. മതകീയ രംഗത്ത് ചിലർ വന്ന് ബിദ്അത്തിന്റെ ഭാവമുള്ള പരിഷ്കരണ ആശയങ്ങൾ പറഞ്ഞ് പാരമ്പര്യനിഷേധം പ്രകടമാക്കിയപ്പോൾ അതിനെയാണ് നാം റീ-ഫോമ്ഡ് മാപ്പിളയായി തെറ്റിദ്ധരിച്ചത്. അഥവാ സലഫികൾ വന്ന് ഒരു റീഫോംഡ് മാപ്പിളയെ അവതരിപ്പിച്ചപ്പോൾ അതാണ് മാപ്പിള സമൂഹത്തെ ചരിത്രവത്കരിക്കുന്ന പ്രക്രിയ എന്നാണ് ചിലരെങ്കിലും തെറ്റിദ്ധരിച്ചത്. ആധുനികതയുടെ മാനദണ്ഡം വെച്ചു പോലും പുരോഗമനോന്മുഖമായി പരിഗണിക്കാനാവാത്ത മതരംഗത്തെ ഒരു തരം പ്രമാണവാദവും അക്ഷരകണിശതയും മാത്രമായിരുന്നു ആ പരിഷ്കരണ സംരംഭങ്ങളെന്ന് ഇന്ന് കൃത്യതയോടെ ബോദ്ധ്യപ്പെട്ടിരിക്കുന്നു. എന്നാൽ എക്കാലത്തും ശരിക്കും ഈ നാടിനെ നിർമ്മിച്ച, മുസ് ലിം സമൂഹത്തെ നിരന്തരമായി ചരിത്രവത്കരിച്ചുകൊണ്ടിരുന്ന ഒരു ഇന്റലക്ച്വൽ മാപ്പിളയുണ്ട്. അതിനെ മുൻനിറുത്തിയുള്ള ചരിത്രാന്വേഷണങ്ങളോ ഗവേഷണങ്ങളോ ഒന്നും ഇല്ലാതെ പോകുന്നുവെന്നതാണ് ഇക്കാലത്തെ വലിയൊരു ദുര്യോഗം.
ചോദ്യം: ആധുനികതയിൽ നിന്നും അറിഞ്ഞോ അറിയാതെയോ സ്വാംശീകരിച്ച പാരമ്പര്യനിഷേധ പ്രവണതയാണ് ഇതിന് കാരണം എന്ന നിരീക്ഷണത്തോടുള്ള സമീപനമെന്താണ്?
തീർച്ചയായും അതിനോട് യോജിക്കുന്നു. കൊളോണിയലിസത്തോടും അതിന്റെ രാഷ്ട്രീയ,സാംസ്കാരിക വ്യവഹാരങ്ങളോടും പല നിലയിൽ വിയോജിച്ചു നിന്നിരുന്ന കേരളത്തിലെ പാരമ്പര്യ സുന്നി സൂഫി പക്ഷത്ത് നിന്നു ആയിരത്തി എണ്ണൂറുകളുടെ അവസാനത്തിലെല്ലാമായി വലിയൊരു വൈജ്ഞാനിക, ധൈഷണിക മുന്നേറ്റം സംഭവിച്ചിട്ടുള്ളത് വേണ്ടവിധം അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. ചരിത്രത്തിൽ ഇതിന് വലിയ സ്ഥാനമുണ്ടെങ്കിലും ഗവേഷകരുടെ ശ്രദ്ധ വേണ്ടവിധം ഈ മേഖലയിലേക്ക് പതിഞ്ഞിരുന്നില്ല. ഇതിന് കാരണം കോളോണിയൽ ആധുനികതയുടെ വീക്ഷണകോണിൽ നിന്ന് തന്നെ നാം ചരിത്രത്തെ സമീപിച്ചു എന്നത് തന്നെയാണ്. ഇക്കാര്യം വളരെ ശക്തമായി എനിക്ക് ബോദ്ധ്യപ്പെട്ട സന്ദർഭമായിരുന്നു എന്റെ യൂണിവേഴ്സിറ്റി ഗവേഷണ കാലം. നാം മഖ്ദൂമുമാരെയും മമ്പുറം തങ്ങന്മാരെയും സമീപിച്ചപ്പോൾ അവരുടെ രാഷ്ട്രീയ നിർവ്വഹണങ്ങളെയും വിമോചന പ്രതിനിധാനത്തെയും മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്ന കാര്യം ഈ സന്ദർഭത്തിലാണ് എനിക്ക് കൂടുതലായി ബോദ്ധ്യപ്പെടുന്നത്. മാപ്പിള ചരിത്രത്തെ പരിഗണിക്കുമ്പോൾ മാപ്പിളമാരെ കൊളോണിയൽ ആഖ്യാനങ്ങളിൽ ഒരു ഫനാറ്റിക് മാപ്പിളയായും മാക്സിയൻ പരിപ്രേക്ഷ്യത്തിൽ ഒരു പോരാളിയായ മാപ്പിളയായും പിന്നീട് ജമാഅത്തെ ഇസ് ലാമി പോലുള്ളവരുടെ ആഖ്യാനങ്ങളിൽ മാക്സിയൻ ചായ് വുള്ള ആ ഒരു മാപ്പിളയെ തന്നെ പുനരുജ്ജീവിപ്പിക്കുന്ന പ്രവണതയാണ് പൊതുവായി കണ്ടുവരുന്നത്. മതകീയ രംഗത്ത് ചിലർ വന്ന് ബിദ്അത്തിന്റെ ഭാവമുള്ള പരിഷ്കരണ ആശയങ്ങൾ പറഞ്ഞ് പാരമ്പര്യനിഷേധം പ്രകടമാക്കിയപ്പോൾ അതിനെയാണ് നാം റീ-ഫോമ്ഡ് മാപ്പിളയായി തെറ്റിദ്ധരിച്ചത്. അഥവാ സലഫികൾ വന്ന് ഒരു റീഫോംഡ് മാപ്പിളയെ അവതരിപ്പിച്ചപ്പോൾ അതാണ് മാപ്പിള സമൂഹത്തെ ചരിത്രവത്കരിക്കുന്ന പ്രക്രിയ എന്നാണ് ചിലരെങ്കിലും തെറ്റിദ്ധരിച്ചത്. ആധുനികതയുടെ മാനദണ്ഡം വെച്ചു പോലും പുരോഗമനോന്മുഖമായി പരിഗണിക്കാനാവാത്ത മതരംഗത്തെ ഒരു തരം പ്രമാണവാദവും അക്ഷരകണിശതയും മാത്രമായിരുന്നു ആ പരിഷ്കരണ സംരംഭങ്ങളെന്ന് ഇന്ന് കൃത്യതയോടെ ബോദ്ധ്യപ്പെട്ടിരിക്കുന്നു. എന്നാൽ എക്കാലത്തും ശരിക്കും ഈ നാടിനെ നിർമ്മിച്ച, മുസ് ലിം സമൂഹത്തെ നിരന്തരമായി ചരിത്രവത്കരിച്ചുകൊണ്ടിരുന്ന ഒരു ഇന്റലക്ച്വൽ മാപ്പിളയുണ്ട്. അതിനെ മുൻനിറുത്തിയുള്ള ചരിത്രാന്വേഷണങ്ങളോ ഗവേഷണങ്ങളോ ഒന്നും ഇല്ലാതെ പോകുന്നുവെന്നതാണ് ഇക്കാലത്തെ വലിയൊരു ദുര്യോഗം.
ചോദ്യം: മാപ്പിള സമരങ്ങളെ നന്നായി പഠിച്ച കെ.എം. പണിക്കർ പോലുള്ളവർ ജൈവ ബുദ്ധിജീവി എന്ന് പരാമർശിക്കുന്നത് ഈ ഇന്റലക്ച്വൽ മാപ്പിളയെയാണ്.
ഇങ്ങനെയുള്ള ഇന്റലക്ച്വൽ മാപ്പിള നയിച്ച വൈജ്ഞാനിക മുന്നേറ്റവും അതിന്റെ ഫലമായി രൂപപ്പെട്ട ആശയ ലോകവും ഈ പ്രിന്റും മറ്റ് വിനിമയോപാദികളും വരുന്നതിനു മുമ്പ് തന്നെ വളരെ സജീവമായിരുന്നു എന്ന് പുതിയ അന്വേഷണങ്ങൾ തെളിയിക്കുന്നുണ്ട്. മഖ്ദൂം പാരമ്പര്യത്തിലുൾപ്പെട്ട 1800 കളിലിൽ ജീവിച്ച കൊങ്ങണം വിട്ടിലിൽ ഇബ്റാഹിം കുട്ടി മുസ് ലിയാരെ പോലുള്ളവരുടെ വൈജ്ഞാനിക ഉദ്യമങ്ങളും രചനകളും ഇവിടെ സവിശേഷം അനുസ്മരിക്കേണ്ടതുണ്ട്. അവരുടെയൊക്കെ ഒരു വൈജ്ഞാനിക ലോകം വളരെയേറെ വിപുലതയുള്ളതായിരുന്നു. എന്നാൽ ഇക്കാര്യം പൊതു സമൂഹം വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല. ഇംഗ്ലീഷ് ഭാഷയോടും മലയാള ഭാഷയോടും പുറം തിരിഞ്ഞു നിന്നവരാണ് മാപ്പിളമാർ എന്ന് പ്രചരിപ്പിക്കുന്നവർ 1800 കളിൽ തന്നെ ഇംഗ്ലീഷ് എങ്ങനെ പഠിക്കണമെന്ന് അറബി മലയാളത്തിൽ ഗ്രന്ഥം രചിക്കപ്പെട്ടത് കാണാതെ പോവുന്നു. മാത്രമല്ല കോഴിക്കോട് ഉൾപ്പെടെയുള്ള പാരമ്പര്യമാപ്പിള കേന്ദ്രങ്ങളിൽ അക്കാലങ്ങളിൽ സ്ഥാപിക്കപ്പെട്ടുകൊണ്ടിരുന്ന ആധുനിക സ്കൂളുകളിലെ വിദ്യാർത്ഥികളിൽ മാപ്പിള സമൂഹത്തിന്റെ അനുപാതം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പഠിക്കാൻ അറബി മലയാളത്തിൽ ഗ്രന്ഥം രചിക്കുക മാത്രമല്ല വൈദ്യവും ശാസ്ത്രവും മറ്റ് വിജ്ഞാനങ്ങളും പരിചയിക്കാൻ അറബി മലയാളത്തിൽ അക്കാലത്ത് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരുന്നു എന്ന് കാണേണ്ടതുണ്ട്. ഈ വസ്തുതകൾ കാണാത്ത ചരിത്രാന്വേഷണങ്ങളും ഗവേഷണങ്ങളുമാണ് ഇക്കാലം വരെയും നടന്നിട്ടുള്ളത്. ചരിത്രത്തിലെ, ഗവേഷണരംഗത്തെ ഇത്തരമൊരു ശൂന്യതയെ നമുക്കെങ്ങനെ നികത്താൻ പറ്റും എന്ന അന്വേഷണത്തിന്റെ ഉത്തരമാണ് പിന്നീടുള്ള എന്റെ ഗവേഷണങ്ങളും ചരിത്രരചനകളുമെല്ലാം. ലഭ്യമായ സ്രോതസ്സുകളെല്ലാം ഈയൊരു സംഗതിയെ മാറ്റി വെച്ചുകൊണ്ടാണ് ഈ റീഫോംഡ് മാപ്പിളയെ രൂപപ്പെടുത്തുന്നത്. ചരിത്രത്തിലെ വലിയൊരു റിജക്ഷൻ അഥവാ മാറ്റി നിർത്തൽ തിരിച്ചറിഞ്ഞ് വസ്തുതകളെ വെളിച്ചത്തുകൊണ്ടുവണ്ടുവരാനാണ് എന്റെ ശ്രമം. എന്റെ പി.എച്ച്.ഡി. പഠനത്തിലൂടെയും ശേഷമുള്ള ഗവേഷണ പ്രവർത്തനങ്ങളിലൂടെയും ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ചോദ്യം: മുസ് ലിംകൾക്കിടയിലെ വൈജ്ഞാനിക ഉണർവ്വുകൾ ഒരു തുടർ പ്രക്രിയയുടെ ഭാഗമായി സംഭവിച്ചുകൊണ്ടിരുന്നതാണ് എന്നതാണല്ലോ വസ്തുത? അതിന് കൊളോണിയൽ ആധുനികതയുമായുള്ള സംവാദാത്മക അഭിമുഖീകരണവും ആധുനികതയുടെ തന്നെ ഭാഗമായി വികസിച്ചു വന്ന അച്ചടി ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെ സ്വാംശീകരണവും സ്വാധീനിച്ചുവെന്ന് പറയുന്നതല്ലേ കൂടുതൽ ശരിയായിട്ടുള്ളത്?
കരോലിൻ, ഫിലിപ്പോ ഒസല്ലോമാരുടെ Islamism and Social Reform in Kerala എന്ന പഠനം 2008 ലാണ് പുറത്ത് വരുന്നത് എന്നാണെന്റെ ഓർമ്മ. അതിലും അവർ എത്തിനിൽക്കുന്നത് 1920 കൾക്ക് ശേഷം അല്ലെങ്കിൽ ഒരു മുപ്പതുകളിലാണ് കേരളത്തിൽ ഒരു എൻലൈറ്റൻമെന്റ് ഉണ്ടായത് എന്നാണ്. ശരിക്കും നൂറ്റാണ്ടുകളുടെ ഒരു ചരിത്രവും പാരമ്പര്യവും ഇവിടെ അവഗണിക്കപ്പെടുകയാണ്. എന്റെ പി.എച്ച്.ഡി. യുടെ ഒരു ഊന്നൽ തന്നെ 1900 ത്തിന് മുമ്പ് കേരളത്തിലെ മുസ്ലിംകൾ വൈജ്ഞാനികമായി എത്രമാത്രം ഉദ്ബുദ്ധരായിരുന്നു എന്ന് മാലപ്പാട്ടുകൾ മാത്രം വെച്ച് സ്ഥാപിക്കുക എന്നതായിരുന്നു. നേരത്തെ പറഞ്ഞ പൊതുബോധത്തെ തിരുത്താനായിരുന്നു അത്. കേരള മുസ് ലിം ചരിത്രത്തിൽ കൃത്യമായി പരാമർശിക്കപ്പെടേണ്ട പാരമ്പര്യ സുന്നി സൂഫി പണ്ഡിതന്മാരുടെ ഒരു മഹാലോകം അത് വേണ്ടത് പോലെ പരാമർശിക്കപ്പെടാതിരിക്കുന്നു എന്നുള്ളതിൽ നിന്നാണ് ആ മേഖലയിൽ കൂടുതൽ ഊന്നൽ നൽകണമെന്നുള്ള എന്റെയൊരു അന്വേഷണം മുന്നേറുന്നത്. ശരിക്കും അവിടം മുതലാണ് എന്റെ ചരിത്രാന്വേഷണം കുറച്ചു കൂടി ആഴങ്ങളിലേക്ക് പടരുന്നത്.
ചോദ്യം: ആദ്യഘട്ടത്തിലുള്ള അന്വേഷണങ്ങൾക്കുള്ളതിനേക്കാൾ ഗവേഷണ സ്വഭാവവും അക്കാദമിക ശൈലിയും പിൽക്കാലത്തെ അന്വേഷണങ്ങൾക്കും ഗ്രന്ഥരചനകൾക്കുമുണ്ടായിട്ടുണ്ട്. ഈ മാറ്റത്തിന്റെ പശ്ചാത്തലങ്ങളെ ഒന്ന് അവലലോകനം ചെയ്യാമോ?
എം.ഫിൽ-പി.എച്ച്.ഡി പഠനത്തിന് ശേഷമാണ് ഇങ്ങനെയൊരു അടുക്കും ചിട്ടയും എന്റെ ഗവേഷണങ്ങൾക്കുണ്ടായിട്ടുള്ളത്. ആദ്യകാലങ്ങളിൽ ഗവേഷണത്തിന്റെ ഫലമായി ലഭിച്ച ഡാറ്റകളെ എങ്ങനെ വിന്യസിക്കണമെന്നതിനെ സംബന്ധിച്ച ശാസ്ത്രീയ ധാരണകളുണ്ടായിരുന്നില്ല. പിന്നീട് അക്കാദമിക ഗവേഷണത്തിന്റെ ഭാഗമായി റിസർച്ച് മെത്തഡോളജി അവലംബിച്ചതോടെ എന്റെ ഗവേഷണങ്ങളെ അത് കൂടുതൽ അടുക്കും ചിട്ടയുമുള്ളതാക്കി.
ചോദ്യം: 1921 ന് മുമ്പുള്ള മാപ്പിള സമൂഹത്തിന്റെ ഒരു പൊതുന്യൂനതയായി ആധുനിക പക്ഷത്ത് നിന്ന് പറയപ്പെടുന്നത് നിരക്ഷരത എന്നൊരു കാര്യമാണല്ലോ? ഈ നിരക്ഷരത കാരണമുള്ള ബുദ്ധിശൂന്യതകൊണ്ടാണ് വൈകാരികമായ നിലയിൽ മാപ്പിള പ്രതികരണങ്ങളുണ്ടാകുന്നത് എന്നെല്ലാമുള്ള ഒരു പ്രചരണം നിലനിൽക്കുന്നുണ്ട്. കൊളോണിയലിസത്തിനും ജന്മിത്വ നാടുവാഴിത്വത്തിനുമെതിരായ സമരങ്ങളായി രൂപപ്പെട്ട മാപ്പിള പ്രതികരണങ്ങളെ കലാപമുദ്രണങ്ങളോടെ അവമതിക്കാൻ കൊളോണിയൽ ചരിത്രകാരന്മാരും ദേശീയ ചരിത്രകാരന്മാരും കാരണമായി പറയുന്നത് മാപ്പിളമാരുടെ വിദ്യാഭ്യാസമില്ലായ്മയും തജ്ജന്യമായ മതാവേശവുമാണ് എന്നാണ്. കൊളോണിയൽ മോഡേണിറ്റിയാണ് വിദ്യാഭ്യാസ കൊണ്ടുവന്നത് എന്നും അത് സ്വീകരിക്കുമ്പോൾ മാത്രമാണ് ഒരുവൻ പ്രബുദ്ധനാകുന്നതെന്നുമുള്ള ഒരു നരേഷൻ ഇക്കാലത്ത് നിലനിൽക്കുന്നുണ്ട്, യഥാർത്ഥത്തിൽ മാപ്പിള മുസ് ലിംകൾ അക്ഷരാഭ്യാസം സിദ്ധിച്ചവരും വിദ്യാഭ്യാസമുള്ളവരുമായിരുന്നു. അറബി ഭാഷയും അറബി മലയാള ഭാഷയും വളരെ വ്യാപകമായിരുന്നു. അതിൽ ഏത് സാധാരണ സ്ത്രീകളും ഏത് മുസ്ലിമും പരിജ്ഞാനിയായിരുന്നു. അതോടൊപ്പം തന്നെ സമ്പന്നമായ ഒരു സാഹിത്യപൈതൃകവുമായും വൈജ്ഞാനിക ലോകവുമായും അവർക്ക് സമ്പർക്കപ്പെടുന്നതിന് വലിയ തോതിൽ അറബിമലയാള ഭാഷയിൽ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പ്രിന്റ് മീഡിയകളുടെ വ്യാപനത്തോടെ ഇത് വളരെ അഭൂതപൂർവ്വമായ നിലയിൽ വർദ്ധിക്കുകയും അതിനു മുമ്പ് മാലപ്പാട്ടുകളിലൂടെ ഓറൽ ആവിഷ്കാരങ്ങളായി ജനമനസ്സുുകളിൽ ഈ സാഹിത്യവൈജ്ഞാനിക ലോകം സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. അങ്ങനെയൊരു സാക്ഷരതയുടെ പൈതൃകം കൊളോണിയൽ മോഡേണിറ്റിയുടെ മാനദണ്ഡങ്ങൾക്ക് ഒത്തുനിൽക്കാത്തതുകൊണ്ട് സ്വീകരിക്കപ്പെടുന്നില്ല എന്നതല്ലേ വസ്തുത. വാസ്തവത്തിൽ മാപ്പിളമാർ സാക്ഷരരും പ്രബുദ്ധരുമായിരുന്നില്ലേ?
അതുവരെ മാപ്പിളമാർക്കിടയിൽ നിലനിന്നിരുന്നത് ഓറൽ ട്രഡീഷനുകളും സ്ക്രൈബ് വെച്ച് എഴുതുന്ന ഒരു കിതാബത്ത് ശൈലിയുമായിരുന്നു. എന്നാൽ പ്രിന്റ് വരുന്നതോടെ മാപ്പിളമാർക്കിടയിൽ നോളജിന്റെ ഒരു എക്സ്പ്ളോഷൻ തന്നെ സംഭവിക്കുകയുണ്ടായി. വ്യത്യസ്ത ഡിസിപ്ലിനുകളിലുള്ള ആയിരക്കണക്കിന് കൃതികൾ അറബി മലയാള ഭാഷയിൽ വന്നുകൊണ്ടിരുന്നു. പദ്യമായിട്ടും ഗദ്യമായിട്ടും. അതുമുതൽ നാം നോക്കിയാൽ നാം മൊത്തത്തിൽ പാട്ട് എന്ന അർത്ഥത്തിൽ ഈ സംഗതിയെ ന്യൂനീകരിക്കുകയോ ലളിതവത്കരിക്കുകയോ ചെയ്യുകയാണ്. ശരിക്കും അന്നത്തെ ഒരു പാട്ട് കൃതിപോലും വലിയ മൂല്യമുള്ളതായിരുന്നു. സംസ്കാരവും രാഷ്ട്രീയവും സാമൂഹിക ബോധവും വിമോചനാവബോധവും ആത്മീയതയുമെല്ലാം ഈ പാട്ടുകളിലൂടെയാണ് പകർന്നു നൽകിയത്. ഓരോ കാലത്തും സാഹിത്യത്തിന് ഒരു രൂപമുണ്ടാവും. പടപ്പാട്ടുകളുടെ കാര്യം മാത്രമെടുക്കാം. അമ്പതോളം വ്യത്യസ്ത രചനകളുണ്ടായിരുന്നു. അതിൽ ഒരു കൃതി തന്നെ സ്വയം ഒരു അക്കാദമിക് വാല്യു ഉള്ള ഒന്നായി നമുക്ക് തോന്നും. മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടാണെങ്കിലും അത് രചിക്കാൻ അവലംബിച്ച സ്രോതസ്സുകളെല്ലാം അതിൽ പരാമർശിക്കുമായിരുന്നു. ആരൊക്കെയാണ് അവർ ഇന്റർവ്യൂ ചെയ്തത്, എവിടെയൊക്കെയാണ് അവർ പോയത് ഇവയെല്ലാം ഈ പാട്ടുകൃതികളിൽ പറയാറുണ്ട്. ശരിക്കും ബിബ്ലിയോഗ്രഫിയോടെ കാര്യങ്ങൾ പറയുന്ന ശൈലിയാണ് ഇത്തരം പടപ്പാട്ടുകളും മാലപ്പാട്ടുകളും സ്വീകരിച്ചിട്ടുള്ളത്.
എന്റെ പഠനങ്ങളുടെ ഒരു ഊന്നലും ഇത് തന്നെയാണ്. 1900 ത്തിന് മുമ്പ് തന്നെ പ്രധാനമായും പ്രിന്റ് വരുന്നതോടെ മാപ്പിളമാർക്കിടയിൽ പ്രബുദ്ധതയുടെ ഈ സാക്ഷ്യങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അതിനു മുമ്പും ഉണ്ടായിരുന്നു.1868 ൽ തലശ്ശേരിയിൽ നിന്ന് ബാസൽ മിഷന്റെ പശ്ചാത്തലത്തിൽ നിന്നും വന്ന് തീകൂക്കിൽ കുഞ്ഞഹമ്മദ് എന്നയാളാണ് പുതിയ പ്രിന്റും പ്രസ്സുമെല്ലാം ആരംഭിക്കുന്നത്. അതോടു കൂടി ആവിഷ്കാരത്തിന്റെയും വിനിമയത്തിന്റെയും പുതിയ സാധ്യതകൾ തുറക്കപ്പെടുകയാണ്. അതുവരെ മാപ്പിളമാർക്കിടയിൽ നിലനിന്നിരുന്നത് ഓറൽ ട്രഡീഷനുകളും സ്ക്രൈബ് വെച്ച് എഴുതുന്ന ഒരു കിതാബത്ത് ശൈലിയുമായിരുന്നു. എന്നാൽ പ്രിന്റ് വരുന്നതോടെ മാപ്പിളമാർക്കിടയിൽ നോളജിന്റെ ഒരു എക്സ്പ്ളോഷൻ തന്നെ സംഭവിക്കുകയുണ്ടായി. വ്യത്യസ്ത ഡിസിപ്ലിനുകളിലുള്ള ആയിരക്കണക്കിന് കൃതികൾ അറബി മലയാള ഭാഷയിൽ വന്നുകൊണ്ടിരുന്നു. പദ്യമായിട്ടും ഗദ്യമായിട്ടും. അതുമുതൽ നാം നോക്കിയാൽ നാം മൊത്തത്തിൽ പാട്ട് എന്ന അർത്ഥത്തിൽ ഈ സംഗതിയെ ന്യൂനീകരിക്കുകയോ ലളിതവത്കരിക്കുകയോ ചെയ്യുകയാണ്. ശരിക്കും അന്നത്തെ ഒരു പാട്ട് കൃതിപോലും വലിയ മൂല്യമുള്ളതായിരുന്നു. സംസ്കാരവും രാഷ്ട്രീയവും സാമൂഹിക ബോധവും വിമോചനാവബോധവും ആത്മീയതയുമെല്ലാം ഈ പാട്ടുകളിലൂടെയാണ് പകർന്നു നൽകിയത്. ഓരോ കാലത്തും സാഹിത്യത്തിന് ഒരു രൂപമുണ്ടാവും. പടപ്പാട്ടുകളുടെ കാര്യം മാത്രമെടുക്കാം. അമ്പതോളം വ്യത്യസ്ത രചനകളുണ്ടായിരുന്നു. അതിൽ ഒരു കൃതി തന്നെ സ്വയം ഒരു അക്കാദമിക് വാല്യു ഉള്ള ഒന്നായി നമുക്ക് തോന്നും. മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടാണെങ്കിലും അത് രചിക്കാൻ അവലംബിച്ച സ്രോതസ്സുകളെല്ലാം അതിൽ പരാമർശിക്കുമായിരുന്നു. ആരൊക്കെയാണ് അവർ ഇന്റർവ്യൂ ചെയ്തത്, എവിടെയൊക്കെയാണ് അവർ പോയത് ഇവയെല്ലാം ഈ പാട്ടുകൃതികളിൽ പറയാറുണ്ട്. ശരിക്കും ബിബ്ലിയോഗ്രഫിയോടെ കാര്യങ്ങൾ പറയുന്ന ശൈലിയാണ് ഇത്തരം പടപ്പാട്ടുകളും മാലപ്പാട്ടുകളും സ്വീകരിച്ചിട്ടുള്ളത്. ഇങ്ങനെ വരുമ്പോൾ ഒരു വർക്ക് തന്നെ പഠനമർഹിക്കുന്നതാണെന്ന കാര്യം നമുക്ക് വ്യക്തമാകും. 200, 300, 400 പേജുകളോടെയൊക്കെ ഇത്തരം രചനകൾ ഉണ്ടായിട്ടുണ്ട്. ഇനി ഇത് ഗദ്യകൃതികളിലേക്ക് പോയാലും കൊങ്ങണംവീട്ടിലിന്റെയും ശുജായിയുടെയുമൊക്കെ കൃതികൾ നോക്കിയാൽ ഈ വൈജ്ഞാനിക കൃത്യതയും അക്കാദമിക ശൈലിയും അവയിലും കാണാനാവും. വളരെ വ്യത്യസ്തമായ വിഷയങ്ങളിലേക്ക് അവരുടെ അന്വേഷണങ്ങൾ പടർന്നിരുന്നുവെന്നതും വ്യക്തമാണ്. കൊങ്ങണം വീട്ടിലിന്റെയൊക്കെ കൃതികളെ സംബന്ധിച്ച് തൃശൂർമേഖലയിൽ അന്വേഷിച്ചപ്പോൾ 1800 കളുടെ അവസാനത്തിൽ പ്രസിദ്ധീകരിച്ച സൂറത്ത് യാസീനിന്റെ വ്യാഖ്യാനമെല്ലാം എനിക്ക് ലഭിച്ചിരുന്നു. 1930, 40 കളിലൊക്കെ ഇത് റീപ്രിന്റും ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ അക്കാലത്ത് വന്നൊരു രചന ആളുകൾക്കിടയിൽ അത്രമാത്രം വായന നിലനിന്നുവെന്നതിന്റെ തെളിവ് തന്നെയാണ്. ഇത് തന്നെ നാം വായിക്കുമ്പോൾ അദ്ദേഹം ആന്റി കൊളോണിയൽ ആശയങ്ങൾ ഇതിൽ പറയുന്നുണ്ട്. മഖ്ദൂമി പാരമ്പര്യത്തിൽ ഇവിടെ ഉണ്ടായിരുന്ന ഒരു പണ്ഡിതൻ ദുൽകർനൈനിയെ സംബന്ധിച്ച് സൂറത്ത് കഹ്ഫിന്റെ ഭാഗത്ത് പറയുമ്പോൾ ഇവിടെയുള്ള ഭരണ സംവിധാനങ്ങളെ കുറിച്ച് പരാമർശർശിക്കുന്നു. ഇവിടുത്തെ ടാക്സേഷനെ കുറിച്ച് പറയുന്നു. ഇവിടെത്തെ ജാതിയതയെ കുറിച്ച് പറയുന്നു. ഖുർആൻ വ്യാഖ്യാനത്തിന്റെ ഭാഗമായാണ് ഇതെന്നോർക്കണം. വ്യത്യസ്ത കിതാബുകളിലെ ഉദ്ധരണികളും പൊതു വിഷയങ്ങളുമെല്ലാം ഇതിൽ വരുന്നുണ്ട്. ഗദ്യകൃതികളാണ് ഇവയെല്ലാം. നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാരുടെ മലയാളത്തിലെ മഹാരഥന്മാർ പോലുള്ള കൃതികൾ മുന്നോട്ടു വെച്ച പൊതുവായനക്ക് അപ്പുറത്തേക്ക് പ്രൈമറി സോഴ്സ് വെച്ചുകൊണ്ടുള്ള അന്വേഷണങ്ങൾ നമുക്കിടയിൽ നടന്നിട്ടേയില്ല. അധികം ഗവേഷണങ്ങളും മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന പുസ്തകത്തിന്റെ ഉള്ളിൽ ചുരുങ്ങി കിടക്കുകയാണ്. അതിനപ്പുറം 1800 കളുടെ അവസാനത്തിൽ പുറത്തുവന്ന സമ്പന്നമായ ഓരോ കൃതികളിലേക്കും പോകുമ്പോൾ ശരിക്കും ഞാൻ നേരത്തെ പറഞ്ഞ ഇന്റലക്ച്വൽ മാപ്പിള എന്ന ഒരു സംഗതി 1920 കൾക്കു മുമ്പ് തന്നെ ഇവിടെ എത്രമാത്രം സജീവമായിരുന്നു എന്നുള്ളത് ഏറെ വ്യക്തമാണ്. മമ്പുറം തങ്ങൾ(റ) യുടെ വിയോഗം സംഭവിച്ചു. ഫളൽ തങ്ങളെ നാടുകടത്തി, ഉമർഖാളി(റ) മരണപ്പെട്ടു. 1860 മുതൽ 1920 വരെയുള്ള അറുപതു വർഷകാലം ഇത് ശരിക്കും മാപ്പിളമാരെ ഇന്റലക്ച്വലി രൂപപ്പെടുത്തിയ ഒരു മഹാകാലമാണ്. ഇതിനെ വേണ്ടത് പോലെ ഊന്നിയുള്ള ഒരു ചരിത്രമെഴുത്ത് നമുക്കിടയിൽ നടന്നിട്ടില്ല. പക്ഷെ പിൽക്കാലത്ത് രൂപപ്പെട്ട സലഫി മൂവ്മെന്റ് പോലുള്ളവരുടെ ചിന്താലോകത്തെയാണ് വലിയ ആശയ, വൈജ്ഞാനിക മുന്നേറ്റമായി അടയാളപ്പെടുത്തപ്പെടുന്നത്. ചരിത്രത്തിന്റെ ഒരു വികല വായനയാണിത്. മുസ് ലിംകൾക്കിടയിലെ ധൈഷണികമായ, രാഷ്ട്രീയമായ, ആത്മീയമായ ഉണർവ്വുകളെ രൂപപ്പെടുത്തുന്നതിന് ഉപരിസൂചിത കാലം വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നീടുള്ള ചരിത്രമെഴുത്തിലും മാപ്പിളമാരുടെ സജീവ സാന്നിധ്യമുണ്ട്. ശുജായി മൊയ്തു മുസ് ലിയാർ അടക്കമുള്ളവരുടെ രചനകൾ ഇത്തരുണത്തിൽ സ്മരണീയമാണ്.
ഇങ്ങനെ 1800 ന്റെ അവസാനത്തിലുള്ള പലരെയും പറയുമ്പോൾ സി. സെയ്താലിക്കുട്ടി മാസ്റ്റർ ഉൾപ്പെടെയുള്ളവരെ ഒരു പ്രത്യേക ധാരയുമായി കണ്ണിചേർത്ത് പറയാനാണ് ചരിത്രകാരന്മാർ താത്പര്യപ്പെടുന്നത്. അവരുടെ തന്നെ ഹിസ്റ്ററി പൊതു ഇടത്തിൽ അവതരിപ്പിക്കപ്പെടുന്നത് സലഫി, വഹാബി പോലുള്ള വിഭാഗങ്ങളുടെ പൂർവ്വീക മാതൃകയായിട്ടാണ്. സെയ്താലിക്കുട്ടി മാസറ്ററുടെ ഒരു പാട്ട് ഞാൻ കണ്ടിട്ടുണ്ട്. അതിലെല്ലാം തവസ്സുലും ഇസ്തിഗാസയുമെല്ലാം പരാമർശിച്ചു കാണുന്നുണ്ട്. ആ 1890 കളുടെ അവസാനത്തിൽ അന്നത്തെ ഒരു പൊതു രീതി അങ്ങനെയായിരുന്നു. അങ്ങനെയുള്ള ഒരാളെയാണ് സലഫി, വഹാബി ആലയിൽ കെട്ടാൻ ചരിത്രകാരന്മാരിൽ ചിലർ ശ്രമിച്ചിട്ടുള്ളത്.
ചുരുക്കത്തിൽ എല്ലാ മേഖലകളിലും ആഴത്തിലുള്ള പഠനങ്ങളും അന്വേഷണങ്ങളും കേരളത്തിലെ പാരമ്പര്യ മുസ് ലിം പണ്ഡിതന്മാർക്കിടയിൽ നടന്നിരുന്നു എന്ന് കാണാൻ കഴിയും. പ്രിന്റ് വരുന്നതോടെ വൈജ്ഞാനിക രംഗങ്ങളിലെല്ലാം വലിയൊരു എക്സ്പ്ലോഷൻ തന്നെ നടക്കുന്നത് നമുക്ക് കാണാൻ കഴിയും. വൈദ്യത്തിലും മറ്റു ചില പൊതുവിജ്ഞാന മേഖലകളിലും ഇക്കാലത്ത് ഉണ്ടായികൊണ്ടിരുന്ന കൃതികൾക്ക് കണക്കില്ല.
1920 വരെയുള്ള കാലഘട്ടങ്ങളിൽ ഈ സജീവത നമുക്ക് ശരിക്കും കണ്ടെത്താൻ സാധിക്കും. ലിറ്ററസി എന്നാൽ ഇതു തന്നെയാണ്. ഇവിടെയുള്ള ആണുങ്ങൾക്കിടയിൽ മാത്രമല്ല അതേ പോലെ തന്നെ സ്ത്രീകൾക്കിടയിലും ഇത് വ്യാപകമായിരുന്നു. കൊങ്ങണം വീട്ടിലിന്റെ ഖുർആൻ വ്യാഖ്യാനത്തിൽ പലയിടത്തും അദ്ദേഹം സ്ത്രീകളെ എടുത്തു പറയുന്നുണ്ട്. 1800 ന്റെ അവസാനത്തിൽ സ്ത്രീകളൊരു ഫോക്കസ്ഡ് ടീമായിരുന്നു എന്ന് ഈ കൃതികളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എണ്ണൂറുകളുടെ അവസാനത്തിലാണിത്. എന്റെ അന്വേഷണത്തിൽ എനിക്കൊരു കൃതി ലഭിച്ചു. സ്ത്രീകൾ വായിക്കാൻ വേണ്ടി എഴുതപ്പെട്ട പുസ്തകമായിരുന്നു അത്. സ്ത്രീജീവിതവുമായി ബന്ധപ്പെട്ടായിരുന്നു അത്. അത് 1890 കളിലായിരുന്നു. മഹത്തായ സാഹിത്യപാരമ്പര്യം മുതൽ ഇങ്ങോട്ട് രചിക്കപ്പെട്ട കൃതികളെല്ലാം നാം വായിക്കുമ്പോൾ സ്ത്രീവിദ്യാഭ്യാസ സംബന്ധിയായി 1970 കളോടൊക്കെയാണ് അഥവാ 1960 കൾക്ക് ശേഷമാണ് ഇത്തരം സംരംഭങ്ങൾ ഉണ്ടായത് എന്നൊരു ധ്വനിയാണ് പലപ്പോഴും പ്രകടമാകുന്നത്. കൊങ്ങണം വീട്ടിലിന്റേതുപോലുള്ള കൃതികൾ അവഗണിക്കപ്പെടുകയും ഈയൊരു കാലത്തെ തന്നെ തമസ്കരിക്കുകയും ചെയ്തു എന്നാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്.