കെ.എം സുഹൈൽ എലമ്പ്ര:
ആധുനിക പൂർവ്വമായ വിജ്ഞാന ചരിത്രത്തിൽ ആധുനിക വിജ്ഞാനീയങ്ങൾക്ക് അടിത്തറയായി വർത്തിച്ച നിരവധി വൈജ്ഞാനിക ഈടുവെപ്പുകൾ, സൈദ്ധാന്തിക സമീപനങ്ങൾ നിലവിലുണ്ടായിരുന്നു. ശാസ്ത്രത്തോടും വിജ്ഞാന പാരമ്പര്യങ്ങളോടും വിമുഖമായി നിന്ന യൂറോപ്പിന്റെ ചരിത്രത്തിലെ ഇരുളാണ്ട ആ കാലഘട്ടത്തിൽ ഇസ് ലാമിക ലോകത്ത് തളിർത്തുവന്ന വിജ്ഞാനങ്ങളാണ് പിൽക്കാലത്ത് മനുഷ്യനാഗരികതക്കും വിജ്ഞാന ചരിത്രത്തിനും തന്നെ പുതിയ ദിശ നൽകാൻ പ്രേരകമായത്. എന്നാൽ ആധുനികത ഈ വിജ്ഞാന പാരമ്പര്യങ്ങളെയും വിജ്ഞാന ചരിത്രത്തെയും തന്നെ നിരാകരിച്ചും തമസ്കരിച്ചുമാണ് അതിന്റെ മേധാവിത്വം ഉറപ്പിച്ചത്. ആധുനികതയുടെ ഏകശിലാത്മകവും ചരിത്രനിഷേധ പരവുമായ ഈ പ്രവണത ഇന്ന് കൃത്യതയോടെ തിരിച്ചറിയാനാകുന്നുണ്ട്. ഈ തിരിച്ചറിവ് പകരുന്നതും വിജ്ഞാന ചരിത്രത്തിന്റെ യഥാർത്ഥ വികാസ പരിണാമങ്ങളെ കുറിച്ച് സാമാന്യമായ ഉൾക്കാഴ്ച നൽകുന്നതുമായ ഒരു പഠന ലേഖനമാണ് ചുവടെ.
ഇബ്നു ഖൽദൂൻ എന്ന പേരിൽ പ്രസിദ്ധനായ മുഹമ്മദ് ബ്നു ഖൽദുൽ അൽ ഹള്റമി തന്റെ അൽ ഇബർ എന്ന ഗ്രന്ഥത്തിനെഴുതിയ മുഖദ്ദിമ(മുഖവുര) യിൽ വിവിധ വിജ്ഞാനശാഖകൾക്ക് അടിത്തറ നൽകിയിട്ടുണ്ട്. സാമൂഹിക ശാസ്ത്രത്തിന്റെ ഒട്ടെല്ലാ മേഖലകളെയും സ്പർഷിക്കുന്ന സമഗ്രസ്പർശിയായ വൈജ്ഞാനിക തലങ്ങളുള്ള മുഖദ്ദിമയിൽ സാമ്പത്തിക ശാസ്ത്രത്തിന്റെയും അടിസ്ഥാനങ്ങൾ ഉണ്ടായത് തികച്ചും സ്വാഭാവികം തന്നെയാണ്. അഥവാ ചരിത്രമുൾപ്പെടെയുള്ള വിജ്ഞാനമേഖലകളിൽ അഗ്രഗണ്യനായ ഇബ്നു ഖൽദൂൻ അതോടൊപ്പം ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും കൂടിയായിരുന്നു എന്നതാണ് വസ്തുത.
സാമ്പത്തിക ചിന്തയുടെ ഉപജ്ഞാതാവെന്ന് വിശേഷിപ്പിച്ചില്ലെങ്കിലും ചരിത്രത്തിൽ സാമ്പത്തിക ശാസ്ത്രത്തിന് അദ്ധേഹം നൽകിയ സംഭാവനകൾ വലുതാണ്.
ഖൽദൂനിന് ശേഷം 300 വർഷം കഴിഞ്ഞാണ് ഫാദർ ഓഫ് എക്കണോമി എന്നറിയപ്പെട്ട ആഡം സിമിത്തിൻ്റെ നിരീക്ഷണങ്ങൾ പോലും വിരചിതമാകുന്നത്. പ്രാചീനവും ആധുനീകവുമായ എല്ലാ സാമ്പത്തിക ശാസ്ത്രത്തിലും ഖൽദൂനിൻ്റെ സംഭാവനകൾ ദർശിക്കാനാവും. ഉൽപാദനം, വിതരണം, ചെലവ് തുടങ്ങിയ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രത്തിൻ്റെ സംജ്ഞകളും ഉപഭോഗം, ആവശ്യം, എന്നീ ആധുനിക സാമ്പത്തിക ശാസ്ത്രത്തിൻ്റെ മൂലാശയങ്ങളും അദ്ധേഹം അവതരിപ്പിച്ചിട്ടുണ്ട്.
അധ്വാനമാണ് മൂല്യത്തിന്റെ ഉറവിടം എന്ന് ഖൽദൂൻ സമർത്ഥിച്ചതോടുകൂടി തൊഴിൽ മൂല്യത്തെക്കുറിച്ച് ചരിത്രത്തിലാദ്യമായി വിശദവിവരണം അവതരിപ്പിക്കാൻ അദ്ധേഹത്തിന് സാധിച്ചു. പ്രധാനപ്പെട്ട ഈയൊരു ആശയത്തെ ഒരു സിദ്ധാന്തം എന്ന് സ്വയം വിളിച്ചിരുന്നില്ലെങ്കിലും റോസന്തലിൻ്റെ മുഖദ്ദിമയുടെ വിവർത്തനത്തിൽ ഖൽദൂനിൻ്റെ പ്രവർത്തനത്തേയും അതിന്റെ നേട്ടത്തേയും കുറിച്ചുള്ള വിശകലനത്തിൽ അത് സമർത്ഥമായി അവതരിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇബ്നു ഖൽദൂന്റെ സംഭാവനകളെക്കുറിച്ച് ഡേവിഡ് ഹ്യൂം 1752-ൽ പ്രസിദ്ധീകരിച്ച Political Discourses ൽ ”ലോകത്തിലെ എല്ലാം അധ്വാനത്തിലൂടെയാണ് വാങ്ങുന്നത് ” എന്ന ഖൽദൂനിൻ്റെ ഉദ്ധരണി ആദം സ്മിത്തും ഒരു സമവാക്യമായി ഉപയോഗിച്ചുവെന്നത് അദേഹത്തിൻ്റെ സാമ്പത്തിക കാഴ്ച്ചപ്പാടുകളുടെ മൂല്യമറിയിക്കുന്നുണ്ട്.
ഏതെങ്കിലും ഉൽപന്നങ്ങളുടെ മൂല്യം കണക്കാക്കുന്നത് അത് കൈവശമുള്ള വ്യക്തിയുടെയോ അത് സ്വയം ഉപഭോഗം ചെയ്യുന്നവന്റെയോ താത്പര്യം അനുസരിച്ചല്ല. മറിച്ച് മറ്റ് ചരക്കുകൾക്ക് പകരമുള്ള കൈമാറ്റം, അത് വാങ്ങുന്നതിനോ കൈവശം വെക്കുന്നതിനോ പ്രാപ്തനാക്കുന്ന അധ്വാനത്തിന്റെ അളവ് തുടങ്ങിയവക്കനുസൃതമായിരിക്കും. അതിനാൽ എല്ലാ ചരക്കുകളുടെയും കൈമാറ്റം ചെയ്യാവുന്ന മൂല്യത്തിന്റെ യഥാർത്ഥ അളവാണ് അധ്വാനം. എ.ഡി 1776 ൽ ആദം സ്മിത്തിന്റെ പ്രധാന കൃതിയായ The Whealth of Nations ലെ ഈ ഭാഗം, ശ്രദ്ധാപൂർവ്വം വിശകലനം ചെയ്താൽ, അതിന്റെ വേരുകൾ ഇബ്നു ഖൽദൂന്റെ മുഖദ്ദിമയിൽ നിന്നാണെന്ന് ബോധ്യമാകും. അധ്വാനമാണ് മൂല്യത്തിന്റെ ഉറവിടമെന്നും എല്ലാ വരുമാനത്തിനും മൂലധന ശേഖരണത്തിനും ഇത് ആവശ്യമാണെന്നുമുള്ള ഇബ്നു ഖൽദൂന്റെ അഭിപ്രായമാണ് ഉപരിസൂചിത ഗ്രന്ഥത്തിൽ സന്നിവേശിപ്പിച്ചിട്ടുള്ളതെന്നത് വ്യക്തമാണ്.
ഖൽദൂദിൻ്റെ വീക്ഷണപ്രകാരം വരുമാനം മനുഷ്യ അധ്വാനത്തിൻ്റെ മൂല്യമാണ്. കാരണം മനുഷ്യ പ്രയത്നത്തിലൂടെയാണത് നേടുന്നത്. അസംസ്കൃത വസ്തുക്കളുടെയും പ്രകൃതിവിഭവങ്ങളുടെയും മറ്റ് നിക്ഷേപങ്ങളുടേയും വില വസ്തുക്കളുടെ മൂല്യത്തിൽ ഉൾപ്പെടുന്നുണ്ടെങ്കിലും, മനുഷ്യാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് മൂല്യം വർദ്ധിക്കുന്നതും സമ്പത്ത് വികസിക്കുന്നതും. മാനുഷിക പരിശ്രമം കുറവായാൽ വിപരീത ദിശയിൽ അപചയം സംഭവിച്ചേക്കാമെന്നും നിരീക്ഷിച്ച് ഒരു സമൂഹത്തിന്റെ അഭിവൃദ്ധിക്കായ് ‘അധിക പരിശ്രമം’ (Extra effort )എന്ന ആശയത്തിന് ഇബ്നു ഖൽദുൻ അടിത്തറ പാകുകയും ചെയ്തു. നാഗരികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തൊഴിൽ സിദ്ധാന്തം നഗരങ്ങളുടെ ഉയർച്ചയ്ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.
വരുമാനത്തിലെ വ്യത്യാസങ്ങൾക്കുള്ള വ്യക്തമായ കാരണങ്ങൾ 1817-ൽ ഡേവിഡ് റിക്കാർഡോ നിരിക്ഷിച്ചതിന് വളരെ മുമ്പുതന്നെ ഖൽദൂൻ അവതരിപ്പിച്ചിരുന്നു. രാഷ്ട്രീയ സമ്പദ് വ്യവസ്ഥ നികുതി തത്ത്വങ്ങൾ വൈദഗ്ദ്യത്തിലെ വ്യത്യാസങ്ങൾ, വിപണികളുടെ വലുപ്പം, സ്ഥാനം, നിർമാണ വൈദഗ്ദ്യം, ഭരണാധികാരിയും ഗവർണർമാരും ഉൽപ്പന്നം എത്രത്തോളം വാങ്ങുന്നു എന്നിവ തൊഴിൽ വരുമാനത്തിലെ വ്യത്യാസങ്ങൾക്ക്
കാരണമാകുന്നുവെന്ന് ഇബ്നു ഖൽദുൻ വ്യക്തമാക്കി.
ഒരു വസ്തുവിന്റെ ആവശ്യകത അതിന്റെ വിതരണത്തെക്കാൾ കൂടുതലെങ്കിൽ അതിന്റെ വരുമാനം ഉയരുമെന്നും അദേഹം നിരീക്ഷിച്ചു.
അധ്വാനത്തിന്റെയും തൊഴിലിന്റേയും സാമ്പത്തിക മാനങ്ങൾക്കപ്പുറം ഡിമാൻ്റ്, സപ്ലേ, പ്രൈസ്, പ്രോഫിറ്റ് തുടങ്ങിയ.
സാമ്പത്തിക വിശകലനത്തിലെ നിരവധി തലങ്ങളുടെ പരസ്പര ബന്ധങ്ങളിലും അദ്ധേഹത്തിൻ്റെ ചിന്തകളും നിരീക്ഷണങ്ങളും സാമ്പത്തിക ശാസ്ത്രത്തിന് വലിയ ഉൾക്കാഴ്ച തന്നെയാണ് നൽകിയിട്ടുള്ളത്. വളരെ വിശദമായി തന്നെ ഇവ്വിഷകമായി ഇബ്നു ഖൽദൂൻ തന്റെ വിശകലനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
ഒരു വസ്തുവിനുള്ള ഡിമാൻ്റ് അതിൻ്റെ ആവശ്യകതക്കപ്പുറം അത് നേടിയെടുത്ത ഉപയോഗയോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാൽ ഉപയോഗയോഗ്യതയാണ് പിന്നിലെ പ്രേരകശക്തിയെന്നും വിപണിയിലിത് ഉപഭോക്തൃ ചെലവുകൾക്കുള്ള പ്രേരണ സൃഷ്ടിക്കുന്നുവെന്നും നിരീക്ഷിച്ച ഖൽദൂൻ ആദ്യമായി ആധുനിക ഡിമാൻഡ് സിദ്ധാന്തത്തിന് അടിത്തറയിട്ടു. അതിനുശേഷമാണ് തോമസ് റോബർട്ട് മാൽത്തസ്, ആൽഫ്രഡ് മാർഷൽ, ജോൺ ഹിക്സ് തുടങ്ങിയവർ ഈ ഖൽദൂനിയൻ ആശയത്തെ വികസിപ്പിച്ചത്.
ഒരു നിശ്ചിത ചരക്കിനുള്ള ഡിമാൻ്റ് സ്റ്റേറ്റ് എത്രത്തോളമത് വാങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഏതൊരു സ്വകാര്യ വ്യക്തിക്കും വാങ്ങാൻ പ്രാപ്തിയുള്ളതിനേക്കാൾ വലിയ അളവിൽ ഭരണവർഗത്തിനുണ്ടാകും. സ്റ്റേറ്റ് ഉൽപ്പന്നം വാങ്ങുമ്പോൾ ഒരു കരകൗശലം വളരുന്നു. ആധുനിക സാമ്പത്തിക സാഹിത്യത്തിൽ അറിയപ്പെടുന്ന “derived demand.” എന്നതാണിതിലൂടെ ഇബ്നു ഖൽദുൻ കണ്ടെത്തിയത്. കരകൗശലങ്ങൾ ആവശ്യം വർദ്ധിക്കുമ്പോൾ അത് മെച്ചപ്പെടുകയും വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ ഒരു കരകൗശല നിർമ്മാതാവിൻ്റെ ആവശ്യം വിപണിയിലെ തന്റെ ഉൽപ്പന്നത്തിനായുള്ള ഡിമാൻഡാണ്.
പൊതുവേ അറിയപ്പെടുന്നതുപോലെ, വിലയാണ് വിതരണ സിദ്ധാന്തത്തിന്റെ നട്ടെല്ല് എന്ന് ആധുനിക വില സിദ്ധാന്തം പറയുന്നു. എന്നാൽ വിതരണത്തിലും വിലയിലും ഉൽപാദനച്ചെലവിന്റെ പങ്ക് വിശകലനപരമായി പരിശോധിച്ചത് ഇബ്നു ഖൽദൂനാണ്. ഫലഭൂയിഷ്ഠമായ ഭൂമിയിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയും മോശം മണ്ണിൽ ഉൽപാദിപ്പിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസങ്ങൾ നിരീക്ഷിച്ച അദ്ദേഹം പ്രധാനമായും ഉൽപാദനച്ചെലവിലെ അസമത്വം കണ്ടെത്തി.
ലാഭം എന്ന ആശയത്തിത്തിന് അടിത്തറയാകുന്ന ചില നിരീക്ഷണങ്ങളും ഇബ്നു ഖൽദൂൻ വികസിപ്പിച്ചു. സാമ്പത്തിക സാഹിത്യത്തിൽ, ഭാവിയിലെ അനിശ്ചിതത്വത്തിൽ റിസ്ക് ഏറ്റെടുക്കുന്നതിനുള്ള പ്രതിഫലമെന്ന നിലയിൽ ലാഭ സിദ്ധാന്തം പൊതുവെ ആരോപിക്കപ്പെടുന്നത് ഫ്രാങ്ക് നൈറ്റ്ൻ്റെ പേരിലാണ്, 1921 ൽ പ്രസിദ്ധീകരിച്ച ഫ്രാങ്ക് നൈറ്റ് ൻ്റെ കൃതികൾ ലാഭത്തിനെക്കുറിച്ച് നല്ലൊരു സിദ്ധാന്തത്തെ ഗണ്യമായി മുന്നോട്ടുവച്ചു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഈ സിദ്ധാന്തത്തിന്റെ അടിത്തറ പാകിയത് ഇബ്നു ഖൽദൂനാണ്. വാണിജ്യം എന്നാൽ ചരക്കുകളും സാധനങ്ങളും വാങ്ങുക, അവ സംഭരിക്കുക, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതുവരെ കാത്തിരിക്കുക. ഇതിനെ ലാഭം (റിബഹ്) എന്ന് വിളിക്കുന്നു. ലാഭ മാർഗങ്ങൾ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യാം എന്ന് ഖൽദൂൻ കുറിച്ച് വെച്ചു.
അതിനാൽ ലാഭം ഒരു റിസ്ക് ഏറ്റെടുക്കുന്നതിനുള്ള പ്രതിഫലമാണ്. ഭാവിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും, അപകടസാധ്യത വഹിക്കുന്നയാൾക്ക് നേട്ടത്തിനുപകരം നഷ്ടം വരാം. അതുപോലെ, വിപണിയിലെ ലാഭം അന്വേഷിക്കുന്നവർ നടത്തുന്ന ഈഹക്കച്ചവടത്തിന്റെ ഫലമായി ലാഭമോ നഷ്ടമോ ഉണ്ടാകാം. ഇവ മറികടന്ന് ലാഭം വർദ്ധിപ്പിക്കാനുള്ള പല പോംവഴികളും അദ്ദേഹം വികസിപ്പിച്ചു.
വിലനിലവാരത്തിൽ നിയന്ത്രിത വിതരണത്തിന്റെ ആഘാതം സംബന്ധിച്ച്, ഇബ്നു ഖൽദുൻ ഇങ്ങനെ സംഗ്രഹിച്ചു: “ചരക്കുകൾ വളരെ അപൂർവവും മെച്ചപ്പെട്ടതുമാകുമ്പോൾ അവയുടെ വില ഉയരുന്നു.” പണപ്പെരുപ്പ സമ്മർദങ്ങളുടെ കോസ്റ്റ്-പുഷ്, ഡിമാൻഡ്-പുൾ കാരണങ്ങൾ എന്നറിയപ്പെടുന്നവയെ ഇബ്നു ഖൽദുൻ വിശദമായ വിവരങ്ങളിലൂടെ കണ്ടെത്തിയതായി ദർശിക്കാനാകും.
അന്താരാഷ്ട്ര സാമ്പത്തിക മേഖലയിലും വിദേശ വ്യാപാര ശൃംഖലകളിലും ഇബ്നു ഖൽദുനിൻ്റെ സംഭാവനകൾ കാണാം. രാജ്യങ്ങൾക്കിടയിലെ വ്യാപാരത്തിലേക്ക് വെളിച്ചം വീശുന്ന നരീക്ഷണങ്ങൾ അദ്ധേഹം അവതരിപ്പിച്ചു. വിദേശ വ്യാപാരത്തിലൂടെ, ജനങ്ങളടെ സംതൃപ്തിയും വ്യാപാരികളുടെ ലാഭവും രാജ്യങ്ങളുടെ സമ്പത്തു വർദ്ധിക്കുന്നുവെന്ന് ഇബ്നു ഖൽദുൻ അഭിപ്രായപ്പെടുന്നു. വിദേശ വ്യാപാരം സംബന്ധിച്ച നിരീക്ഷണത്തിലും വിശകലനത്തിലും ഇബ്നു ഖൽദൂന്റെ മൗലികത അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് മതിയായ അംഗീകാരം അർഹിക്കുന്നുണ്ട്. 1752-ൽ ഡേവിഡ് ഹ്യൂം Political Discoursesൽ ഇത്തരം വിദേശ വ്യാപാര നേട്ടങ്ങളെ ഗണ്യമായി വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിന്റെ ആദ്യ കണ്ടെത്തലുകളും നിരീക്ഷണങ്ങളും നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിപ്പിച്ചത് ഇബ്നു ഖൽദുനാണ് എന്നത് വിസ്മരിക്കാവുന്നതല്ല.
മനുഷ്യനെക്കുറിച്ചും സമയ സ്ഥലങ്ങളെക്കുറിച്ചുമുള്ള സൂക്ഷ്മ നിരീക്ഷണങ്ങളോടൊപ്പം ചരിത്രത്തെക്കുറിച്ചുള്ള തന്റെ മികച്ച അറിവിലൂടെയും ഇബ്നു ഖൽദുൻ യഥാർത്ഥ സാമ്പത്തിക ചിന്തയെ വിശകലനം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങൾ അവതരിപ്പിച്ചു. ആധുനിക കാലത്ത് വികസിച്ചുവന്ന സാമ്പത്തിക ചിന്തകളുടെ അടിസ്ഥാനങ്ങളെയും പ്രയോഗപദ്ധതികളെയും രൂപപ്പെടുത്തുന്നതിൽ അടിത്തറയായി വർത്തിച്ച മൗലിക ചിന്തകളെ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ചുവെന്നതു കൂടി ഇബ്നു ഖൽദൂനിന്റെ സവിശേഷതയാണ്. ചരിത്രമുൾപ്പെടെയുള്ള സാമൂഹിക ശാസ്ത്ര വിജ്ഞാനങ്ങൾക്ക് അടിത്തറയാണ് ഇബ്നു ഖൽദൂനിന്റെ മുഖദ്ദിമ എന്നതുകൂടി നാമിവിടെ സവിശേഷം അനുസ്മരിക്കുക. മൂല്യത്തിന്റെ കവറേജിലും അധ്വാനവുമായുള്ള അതിന്റെ ബന്ധത്തിലും അദ്ദേഹത്തിൻ്റെ അറിവിൻ്റെ ആഴം കാണാം. മൂലധന ശേഖരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും രാജവംശങ്ങളുടെ ഉയർച്ചയും തകർച്ചയുമായുള്ള ബന്ധപ്പെട്ടുള്ള നിരീക്ഷണങ്ങളും ഡിമാൻഡ്, വിതരണം, വിലകൾ, ലാഭം എന്നിവയുടെ ചലനാത്മകതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളും, പണത്തെക്കുറിച്ചും അതിന്റെ മൂല്യമാനണ്ഡങ്ങൾ നിർണ്ണയിക്കുന്നതിൽ സർക്കാരുകളുടെ പങ്ക് എന്നിവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും സാമ്പത്തിക ശാസ്ത്രത്തിന് തന്നെ അടിത്തറയാകുന്ന മൗലിക നിരീക്ഷണങ്ങൾ സമർപ്പിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നികുതി സിദ്ധാന്തവും മറ്റ് സാമ്പത്തിക നിരീക്ഷണങ്ങളും, മൊത്തത്തിലുള്ള സാമ്പത്തിക മേഖലയിലെ അദ്ദേഹത്തിന്റെ അഭൂതപൂർവമായ സംഭാവനകളും ഇബ്നു ഖൽദൂനിനെ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി പരിചയപ്പെടുത്താൻ യോഗ്യനാക്കുന്നുണ്ട്
അധിക വായനക്ക്
1:Charles Issawi, An Arab Philosophy of History, Selections from the Prolegomena of Ibn Khaldun of Tunis (1332-1406) (London: John Murray, 1950)
2: Joseph A. Schumpeter, History of Economic Analysis, edited from manuscript by Elizabeth B. Schumpeter and published after his death (New York: Oxford University Press, 1954)
3:Joseph J. Spengler, “Economic Thought in Islam: Ibn Khaldun,” Comparative Studies in Society and History, vol. 6, no. 3 (April 1964).
4:Karl Marx, Zur Kritik der Politischen Ökonomie, p. 45, as quoted in Erik Roll, A History of Economic Thought, 4th ed. (London: Faber and Faber, 1978)
5: The Muqaddimah
6: Adam Smith, An Inquiry into the Nature and Causes of the Wealth of Nations, ed. by Edwin Cannan (New York: Random House, 1937)
7: Ibn Khaldun, An Arab Philosophy of History,