ഇലാഹീ പ്രണയത്തിന്റെ അകംപൊരുൾ

അൻവർ സാബിത് വാഫി
(അൽ അസ്ഹർ യൂണിവേഴ്സിറ്റി, ഈജിപ്ത്)

ദീനിന്റെ കാതലായ ഇലാഹീ പ്രണയത്തിന്റെ സത്തയും സാരവും അന്വേഷണ വിധേയമാക്കുന്ന ലേഖനം. ഭൗതികമായ ഉപാധികളോ ​ഗുണ​ഗണങ്ങളോ പരി​ഗണിച്ചുള്ള സൃഷ്ടികൾ തമ്മിലുള്ള സ്നേഹവും, അതീതവും അപരിമേയവുമായ ഇലാഹി സ്നേഹവും തമ്മിലുള്ള മൗലികമായ വ്യതിരിക്തതകൾ ഇതിൽ അനാവരണം ചെയ്യുന്നു. മനുഷ്യന്റെ അല്ലാഹുവിനുള്ള ആരാധനയും സമർപ്പണവുമെല്ലാം ഇലാഹീ പ്രണയത്തിന്റെ ആവിഷ്കാരങ്ങളും പ്രകാശനങ്ങളുമാണെന്ന യാഥാർത്ഥ്യം ബോദ്ധ്യപ്പെടുത്തുന്ന ആഖ്യാനം.

ജീവിതാനുഭവങ്ങളുടെയും വ്യത്യസ്ത ചിന്തകളുടെയും വെളിച്ചത്തിൽ പലരും പലവിധത്തിൽ സ്നേഹത്തിന് നിർവ്വചനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, അവയെല്ലാം നശ്വരമായ ഭൂമിയിലെ മനുഷ്യബന്ധങ്ങളെ പോലും നിർവ്വചിക്കുന്നതിൽ പലപ്പോഴും അപര്യാപ്തമാണെന്നതാണ് വാസ്തവം. അതുകൊണ്ട്, അല്ലാഹുവിന്റെ വിശേഷണങ്ങളും അവസ്ഥകളും കൃത്യമായി വിശദീകരിക്കാൻ സൃഷ്ടികൾ അശക്തരായതുപോലെതന്നെ, അള്ളാഹുവിന്റെ സ്നേഹമെന്ന സംജ്ഞയെ വേണ്ടവിധത്തിൽ മനസ്സിലാക്കാനും പറഞ്ഞുഫലിപ്പിക്കാനും സൃഷ്ടികൾ പരാജിതരാണെന്ന വസ്തുതയും അവിതർക്കിതമാണ്. മനുഷ്യ ചെയ്തികളോടും അവസ്ഥകളോടും സാമ്യപ്പെടുത്തി ഖുർആനിൽ വന്ന സൂക്തങ്ങളെ വിശദീകരിക്കുന്നിടത്ത്, പ്രസ്തുത പരാമർശങ്ങൾ വാസ്തവമാണെന്നും എന്നാൽ അതിന്റെ രൂപവും ശൈലിയും അവ്യക്തമാണെന്നും അതിരുകടന്ന അന്വേഷണങ്ങൾ ഇല്ലാതെ അവയെ അപ്രകാരം തന്നെ സ്വീകരിക്കലാണ് ഉചിതമെന്നുമാണ് ഇമാം മാലിക് (റ) പറഞ്ഞു വെക്കുന്നത്. അതേ രീതിയിൽ തന്നെ അല്ലാഹുവിന്റെ സ്നേഹത്തെയും സമീപിക്കണമെന്നാണ് പണ്ഡിത ഭാഷ്യം. കാര്യകാരണങ്ങളും സമയ സാഹചര്യങ്ങളും ഉപാധിയാക്കിയാണ് നമുക്കിടയിലെ സ്നേഹബന്ധങ്ങളെ നാം വിലയിരുത്തുന്നതെങ്കിൽ കാരണങ്ങളേതുമില്ലാതെ തീർത്തും അൺകണ്ടീഷണൽ ആയതാണ് ഇലാഹീസ്നേഹമെന്ന് ആമുഖമായി പറയാം.

വിശ്വാസത്തിനും സൽപ്രവർത്തനങ്ങൾക്കും പുറമേ അല്ലാഹുവിന്റെ അമൂല്യമായ സ്നേഹം അടിസ്ഥാനപരമായും സവിശേഷമായും മനുഷ്യൻ എന്ന വർഗ്ഗത്തോടാണ് ബന്ധിക്കുന്നത്. മനുഷ്യൻ എന്ന ഗണത്തിൽ ഒരാൾ ഉൾപ്പെടുന്നതോടെ പ്രപഞ്ചനാഥന്റെ സ്നേഹത്തിനയാൾ അർഹനാവുന്നു എന്നർത്ഥം. സ്വന്തം ഉണ്മയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നുവെന്ന സൂറത്തുൽ ഹിജ്റിലെ പരാമർശവും ആദം സന്തതികളെ ആകമാനം നാം ബഹുമാനിച്ചിരിക്കുന്നുവെന്ന സൂറത്തുൽ ഇസ്റാഈലിലെ സൂക്തവും ബുദ്ധിയും തിരിച്ചറിവും നൽകി ഇതര സൃഷ്ടികളേക്കാൾ മനുഷ്യനെ അവൻ ആദരിച്ചിട്ടുണ്ടെന്ന പരമാർത്ഥവും ഈ സ്നേഹത്തിന്റെ വ്യക്തമായ തെളിവുകളാണ്. വിലക്കപ്പെട്ട പഴം തിന്നരുതെന്ന തന്റെ ആജ്ഞയെ ലംഘിച്ചതിനെ തുടർന്ന് ആദം നബി(അ) യെ സ്വർഗത്തിൽ നിന്നും പുറത്താക്കി, ഭൂമിയിലേക്ക് അയക്കുന്ന രംഗത്തെ ഖുർആൻ വിശദീകരിക്കുന്നിടത്ത് അല്ലാഹു ഇപ്രകാരം പറയുന്നുണ്ട്. ‘എന്റെ കല്പനകളും നിരോധനകളും കൃത്യമായി പാലിച്ച് ജീവിക്കുന്നവർക്കെന്നും വിജയമുണ്ട്. അവയെ പരിഗണിക്കാത്തവരെ കാത്തിരിക്കുന്നതോ ഭീമമായ ശിക്ഷയും.’ വാസ്തവത്തിൽ ഭൂമിയിലെ മനുഷ്യദൗത്യത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യന്റെ ഉണ്മയിൽ ആദ്യമേ ലയിച്ചു ചേർന്ന റബ്ബിന്റെ സ്നേഹത്തെ കണ്ടെത്തലും ആ സ്നേഹത്തെ കണക്കറ്റ രീതിയിൽ കരസ്ഥമാക്കാനായി കഠിനപ്രയത്നത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ്. ഇഹലോകത്തെ സുകൃതങ്ങൾക്ക് പ്രതിഫലമായി ലഭ്യമാകുന്ന ഇരുലോകങ്ങളിലെയും സൗഭാഗ്യങ്ങളെപ്പറ്റി ഖുർആനിൽ പലയിടങ്ങളിൽ പറയുന്നുണ്ടെങ്കിലും പ്രതിഫലങ്ങളുടെ പരമകാഷ്ഠയായി ദൈവികവചനങ്ങൾ പരിചയപ്പെടുത്തുന്നത് ഇലാഹി അനുരാഗത്തെ തന്നെയാണ്. ദിവ്യസ്നേഹത്തിന്റെ പരിപൂർണ്ണാവാഹനമെന്ന ലക്ഷ്യ സാഫല്യത്തിനായി ആദ്യമേ ഉൾച്ചേർന്ന ദൈവപ്രീതിക്കും ആത്മാവിൽ ഇൻബിൽഡായി അലിഞ്ഞിരിക്കുന്ന ധാർമിക ബോധത്തിനും സദ്ചിന്തകൾക്കും പുറമേ ലക്ഷക്കണക്കിന് പ്രവാചകന്മാരെയും കിതാബുകളെയും ഇറക്കി മനുഷ്യനെ അല്ലാഹു തന്നെ സഹായിച്ചു. ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി ഇഹലോകത്തെ മനുഷ്യയത്നങ്ങളെ രണ്ടായി തിരിക്കാം.
അടിസ്ഥാന ഇലാഹീ അനുരാഗത്തെ തിരിച്ചറിഞ്ഞ്, ആ സ്നേഹത്തെ കൂടുതലായി സ്വായത്തമാക്കുന്നതിനുവേണ്ടി അല്ലാഹു നിർദേശിച്ച രീതിയിൽ ജീവിതത്തെ ക്രമപ്പെടുത്തിയവരാണ് ഒന്നാമത്തെ കൂട്ടർ. പ്രത്യുതാ, നേരിനെ തിരിച്ചറിയാൻ കഴിയാതെ, അതിനായി ശ്രമിക്കാതെ മനുഷ്യപ്രകൃതിയിലെ നന്മയെ പോലും നിരാകരിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും അനുഗ്രഹമായി ലഭിച്ച ആദിമ സ്നേഹത്തെപോലും വൃഥാവിലാക്കിയവരുമാണ് രണ്ടാമത്തെ വിഭാഗം.

ഹിദായത്ത് എന്ന സൗഭാഗ്യം, ഭൂമിയിലും നമ്മൾ റബ്ബിന്റെ ഇഷ്ടത്തിന് അർഹരാണ് എന്നതിന്റെ പ്രഥമ സൂചനയാണെങ്കിലും നിർബന്ധിത ആരാധന മുറകളെ കാർക്കശ്യത്തോടെ മുറുകെ പിടിക്കാനും സമ്മർദ്ധങ്ങളേതുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം സുന്നത്തുകളുടെ തോഴനായി മാറാനും തൗഫീഖുണ്ടാവുക എന്നതാണ് ഇലാഹീപ്രേമം നിർബാധം നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവ്. പ്രവർത്തനങ്ങളുടെ സ്വഭാവത്തിലും പ്രതിഫലത്തിന്റെ തോതിലും ഫർളായ ആരാധനകൾ മുന്നിട്ടു നിൽക്കുമ്പോഴും റബ്ബിനെ അറിയാനും അവനിലേക്ക് കൂടുതൽ അടുക്കാനുമുള്ള പ്രധാന മാർഗമായി സുന്നത്തുകളെ നബി (സ്വ) പരിചയപ്പെടുത്തിയത് ഇലാഹിസ്നേഹം എന്ന മോട്ടീവിലാണ് അവയുണ്ടാകുന്നത് എന്ന വസ്തുതയെ മുൻനിർത്തിയാണ്. ചുരുക്കത്തിൽ ‘اَلَستْ بِرَبِّکْم'(ഞാൻ നിങ്ങളുടെ നാഥനല്ലയോ..?) എന്ന ചോദ്യത്തിന് ‘ബലാ'(തീർച്ചയായും) എന്ന് മറുപടി പറഞ്ഞ റൂഹിന്റെ സത്യസാക്ഷ്യം പുലരുന്നത് ദുനിയാവിലെ മനുഷ്യജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണെന്ന് നാം തിരിച്ചറിയണം.

മനുഷ്യബന്ധങ്ങളിലെ സ്നേഹപ്രകടനങ്ങളും ആവിഷ്കാരങ്ങളും സൗന്ദര്യം, സമ്പത്ത്, സ്ഥാനങ്ങൾ തുടങ്ങി നൈമിഷിക വിശേഷണങ്ങളുടെ അടിത്തറയിലാണെങ്കിൽ, അല്ലാഹുവിനോടുള്ള മനുഷ്യന്റെ സ്നേഹപ്രകടനം പ്രധാനമായും അവന്റെ മുന്നിൽ സമർപ്പിക്കുന്ന നിഷ്കളങ്ക ആരാധനകളിലൂടെയാണ്. എന്നാൽ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗം എന്നതിലപ്പുറം പ്രസ്തുത വിധേയത്വത്തിന് തെളിവായി മനുഷ്യന്റെ ഇബാദത്തുകളെ പരിഗണിക്കാൻ കഴിയില്ല. ഒരുപക്ഷേ ഹൃദയത്തിൽ കാപട്യം പേറുന്ന മുനാഫിക്കുകൾ പ്രകടനപരതയിൽ സത്യവിശ്വാസികളെ മറികടക്കാൻ ഇടയുണ്ട്. അതുപോലെ നിർബന്ധ ബാധ്യതകൾ നിറവേറ്റാത്ത പക്ഷം തനിക്ക് ലഭിക്കാനിടയുള്ള ശിക്ഷകളെ ഭയപ്പെട്ട് വിശ്വാസി ആരാധനകളിൽ തല്പരനായേക്കാം. പക്ഷേ, അള്ളാഹു നൽകിയ സ്നേഹത്തെ തിരിച്ചറിഞ്ഞതിനെ തുടർന്ന് അവന്റെ കല്പനകളെ ശിരസാവഹിക്കാനാണ് യഥാർത്ഥ ദീൻ താൽപര്യപ്പെടുന്നത്.

സാധാരണയുള്ള ആരാധന കർമ്മങ്ങൾക്കപ്പുറം ഇലാഹീ അനുരാഗം കരസ്ഥമാക്കാനുള്ള ചില വഴികളെ സംബന്ധിച്ച് ശൈഖ് സഈദ് റമളാൻ ബൂത്വി (റ) തന്റെ അൽഹുബ്ബു ഫിൽ ഖുർആൻ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. അല്ലാഹു നൽകിയ ഓരോ അനുഗ്രഹങ്ങളും നന്മകളും ഇടയ്ക്കിടെ ഓർത്തെടുത്ത് അവന് പരമാവധി ശുക്റുകൾ അർപ്പിക്കാൻ ശ്രമിക്കുകയെന്നതാണ് അവയിൽ ഒന്നാമത്തേത്. മുറാഖബയും ദിക്റുകളും നിർവഹിക്കുന്നതോടുകൂടി റൂഹ് ഇലാഹീസ്നേഹത്തെ നുണയാൻ തുടങ്ങുകയായി. നിഷിദ്ധമായ ഭക്ഷണത്തെ പാടെ ജീവിതത്തിൽ നിന്നും ഒഴിച്ചു നിർത്തുകയെന്നതാണ് രണ്ടാമത്തെ വഴി. ഹറാമായ സമ്പത്തിലൂടെയുള്ള അന്നപാനീയങ്ങൾ ആഹരിച്ചാൽ ശരീരം തികച്ചും മലീമസമാവുകയും പവിത്രമായ ഇലാഹി ചൈതന്യങ്ങളുടെ സ്പർശത്തിൽ നിന്നും അത് അന്യമാവുകയും ചെയ്യും. ഹറാമായ പണത്തിലൂടെ സമ്പാദിക്കുന്നവൻ രാപ്പകലില്ലാതെ ഇബാദത്തിൽ മുഴുകിയാലും അവന്റെ സൽകർമ്മങ്ങളെല്ലാം സ്വീകാര്യതയുടെ അതിരുകളിൽ നിന്നെത്രയോ അകലെയാണെന്ന് പ്രവാചകൻ (സ്വ) പറഞ്ഞതിന്റെ പൊരുളും ഇതുതന്നെയാണ്. മൂന്നാമത്തെ മാർഗ്ഗം വളരെ പ്രധാനപ്പെട്ടതാണ്, അല്ലാഹുവിന്റെ സ്നേഹത്തെ അറിയുകയും അനുഭവിക്കുകയും ചെയ്തവരോടുള്ള സഹവാസമാണത്. അതേസമയം കപടരുടെ ചങ്ങാത്തത്തിൽ നിന്നുമുള്ള മാറിനിൽക്കൽ ലക്ഷ്യപ്രാപ്തിക്കേറെ ഗുണം ചെയ്യുമെന്നും ബൂത്വി(റ) അഭിപ്രായപ്പെടുന്നു. ഇലാഹീപ്രണയമെന്ന ലക്ഷ്യം ഒരാളിൽ സാക്ഷാത്കൃതമായാൽ ലക്ഷ്യ സാഫല്യം എന്നപോലെ റബ്ബിന്റെ ലിഖാഇലേക്കുള്ള അടങ്ങാത്ത അഭിനിവേശം വിശ്വാസിയുടെ ആത്മാവിൽ പ്രകമ്പനം സൃഷ്ടിക്കും. അല്ലെങ്കിലും എത്രനാൾ പ്രണയിനിയെ കാണാതെ ഒരാൾക്ക് ശാന്തനായിരിക്കാൻ കഴിയും…? ‘എന്റെ ഹൃദയത്തിൽ നിറഞ്ഞ പ്രണയഭാണ്ഡവും പേറി ഞാനിതാ നിന്റെ സന്നിധിയിലേക്ക് വരുന്നുവെന്ന്’ മരണവേളയിൽ മുആദുബ്നു ജബൽ (റ) ആത്മഗതം ചെയ്തതിന്റെ സാരം അങ്ങനെയാണ് നാം വായിച്ചെടുക്കേണ്ടത്. സർവ്വ സൃഷ്ടികളെയും സ്നേഹിക്കാനുള്ള മനുഷ്യന്റെ താല്പര്യം യഥാർത്ഥത്തിൽ ഉടലെടുക്കുന്നത് സ്രഷ്ടാവിനോടുള്ള പ്രണയത്തിൽ നിന്നാണ്. റബ്ബിലേക്കടുപ്പിക്കുന്ന സർവ്വതിനേയും വിശ്വാസി അതിയായി സ്നേഹിക്കും. അവനിൽ നിന്നകറ്റുന്ന സകലത്തിനെയും വിശ്വാസി വെറുക്കുകയും ചെയ്യും. റബ്ബിന്റെ മാർഗ്ഗത്തിലുള്ള ഇഷ്ടത്തിന്റെയും വെറുപ്പിന്റെയും അകക്കാമ്പാണിത്. തന്റെ താൽപര്യങ്ങളേക്കാളും ഇഷ്ടങ്ങളേക്കാളും അല്ലാഹുവിന്റെ തൃപ്തിക്കും താല്പര്യങ്ങൾക്കുമാണ് യഥാർത്ഥ വിശ്വാസി പ്രാധാന്യം നൽകുക. അതിനർത്ഥം ഇലഹീപ്രണയതീർത്ഥം ശരിയായ രീതിയിൽ നോക്കാത്തവർ ഒരിക്കൽപോലും തെറ്റ് ചെയ്യാതെ മഅ്സൂമീങ്ങൾ ആകുമെന്നല്ല. അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരെങ്ങനെ അവനെതിര് പ്രവർത്തിക്കും? അവരുടെ തെറ്റുകൾ ദിവ്യപ്രണയനിരാകരണത്തിനുള്ള മതിയായ തെളിവല്ലേ എന്ന ചോദ്യം ഈ സമയം സ്വാഭാവികമായും ഉയർന്നുവന്നേക്കാം. ബൂത്വി (റ) മേലുദ്ധരിച്ച പുസ്തകത്തിൽ ഈ ചോദ്യത്തിന് സുന്ദരമായി മറുപടി പറയുന്നുണ്ട്. സൃഷ്ടികർമ്മത്തിലുൾച്ചേർന്ന കൃത്യമായ ലോജിക്കിന്റെ വെളിച്ചത്തിലാണ് പ്രസ്തുത ചോദ്യത്തിന് നാം ഉത്തരം കാണേണ്ടത്. മനുഷ്യന് അല്ലാഹു നൽകിയ ഏറ്റവും മഹത്തരമായ പദവി അവന്റെ അടിമയായിരിക്കുക എന്നതാണ്. പ്രവാചകൻ(സ്വ) തന്റെ വിശേഷണമായി ഏറ്റവും സന്തോഷത്തോടെ തിരഞ്ഞെടുത്ത യോഗ്യതയും അതുതന്നെയായിരുന്നു. തന്റെ കുറവുകളെ അംഗീകരിച്ച് തന്നിൽനിന്നും ഉണ്ടാകാനിടയുള്ള വീഴ്ചകളെ തിരിച്ചറിഞ്ഞതിന് ശേഷം ന്യൂനതകളേതും സന്ധിക്കാത്ത സർവ്വജ്ഞനായ നാഥനെ സ്നേഹിക്കാനും ആരാധിക്കാനുമാണ് അല്ലാഹു താൽപര്യപ്പെടുന്നത്. എന്നാൽ ഇലാഹീപ്രണയത്തിന്റെ മാധുര്യം നുണയുന്നതോടെ സീമകളേതുമില്ലാത്ത പ്രണയ വിഹായസ്സിലേക്ക് കടക്കുന്ന അടിമ പലപ്പോഴും തന്റെ ദൗത്യവും, എന്തിന് സ്വന്തം അസ്ഥിത്വം തന്നെ മറക്കാനുള്ള സാധ്യതകളേറെയാണ്. അനിർവചനീയ പ്രേമ ലഹരിയിൽ തന്റെ ബലഹീനതയെ വിസ്മരിച്ച് സർവ്വ വിപത്തുകളെയും പരീക്ഷണങ്ങളെയും കൈനീട്ടി സ്വാഗതം ചെയ്യാൻ അവനൊരുക്കമാവും.’അല്ലാഹുവേ എന്റെ ജീവിതത്തിൽ നിനക്കല്ലാതെ മറ്റൊരുവനും സ്ഥാനമില്ല, അതുകൊണ്ട് നിന്റെയടുക്കൽ നിന്ന് വരുന്ന ഏത് പരീക്ഷണവും ഞാനേറ്റുകൊള്ളാമെന്ന്’ പാടിയ ഒരു വലിയ്യിന്റെ ചരിത്രം ഇമാം ഖുശൈരി (റ) തന്റെ രിസാലയിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനം മൂത്രസംബന്ധമായ അസുഖം വന്ന് നിസ്കാരത്തിന് പോലും കാര്യമായ ഭംഗം വന്നനേരം തന്റെ അദ്യവീക്ഷണം തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം പശ്ചാത്തപിക്കുന്ന രംഗവും നമുക്ക് രിസാലത്തുൽ ഖുശൈരിയിൽ കാണാം. തെറ്റുകൾ സംഭവിക്കുമ്പോൾ മനുഷ്യൻ തന്റെ ന്യൂനതകളെ അംഗീകരിക്കുകയും നിരാശ്രയനായ പടച്ചവനിൽ പൂർണമായി അഭയം പ്രാപിക്കുകയും ചെയ്യും.
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ.
ഓ ജനങ്ങളേ, തീർച്ചയായും നിങ്ങൾ അല്ലാഹുവിന്റെ ആശ്രിതരാണ്. അവനാകട്ടെ സ്വയംപര്യാപ്തനും സ്തുത്യർഹനുമാകുന്നു. (സൂറത്തുൽ ഫാത്വിർ: 15) തന്റെ അസ്ഥിത്വബോധത്തിന്റെ അതിർവരമ്പുകൾ മനസ്സിലാക്കി അല്ലാഹുവിനെ സ്നേഹിക്കാനും അവനിലലിയാനുമുള്ള ഒരുപാധി എന്ന നിലക്കാണ് പ്രണയിതാക്കളിൽ നിന്നും തെറ്റുകൾ സംഭവിക്കുന്നത്. സദ്‌വൃത്തരായ അടിമകളിൽ നിന്ന് സംഭവിക്കുന്ന തെറ്റുകൾ, പുറമേ കുറവുകളായി ദ്യോതിപ്പിക്കുമെങ്കിലും അതിന് പിന്നിൽ വലിയൊരു ലക്ഷ്യവും സത്യവും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, റാബിയത്തുൽ അദവിയ്യ (റ) തന്റെ ശിഷ്യയെ ഉപദേശിച്ച പോലെ ജീവിതയാത്രക്കിടക്കെല്ലാം നന്മയായും തിന്മയായും അല്ലാഹുവിൽ നിന്നും ആഗതമാകുന്ന പരീക്ഷണങ്ങളെ മുഴുവൻ അവന്റെ തീരുമാനമാണെന്ന വിശ്വാസത്തിൽ സ്വാഗതം ചെയ്യാനും അവയിൽ പൂർണ്ണ തൃപ്തിയും ക്ഷമയും പ്രകടിപ്പിക്കാനും കഴിയുന്ന വേളയിലാണ് ഇലാഹീ അനുരാഗത്തിന്റെ അർത്ഥതലങ്ങൾ പൂർണ്ണാർത്ഥത്തിൽ സാർത്ഥകമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy