ഇശ്‌റാഖിന്റെ വിവക്ഷ

ഇശ്റാഖി തത്വചിന്ത: സുഹ്റവർദി(ഖത്വീൽ) യുടെ വേറിട്ട വഴികൾ: 4
സയ്യിദ് ഹുസൈൻ നസ്റ്:
മൊഴിമാറ്റം: നിഹാൽ പന്തല്ലൂർ:

ഇശ്റാഖി തത്വചിന്തയെയും അതിന്റെ ഉപജ്ഞാതാവായ സുഹ്റവർ​ദിയെയും സംബന്ധിച്ച പഠന പരമ്പര തുടരുന്നു. ഇസ് ലാമിക തത്വാചിന്താചരിത്രത്തിൽ ഉരുവം കൊണ്ട പല അവാന്തരധാരകളുടെയും ഉത്ഭവവും പരിണാമവും വിശകലന വിധേയമാക്കുന്ന ഈ പഠനപരമ്പര നിരപേക്ഷമായ അർത്ഥത്തിൽ തികച്ചും അക്കാദമികമായ പരി​ഗണനയിൽ മാത്രമാണ് സമീപിക്കേണ്ടത്.

ണ്ട് ജ്ഞാന പാരമ്പര്യങ്ങളുടെ സംയോജിത രൂപം എന്ന നിലയില്‍ സുഹ്‌റവർദി അവതരിപ്പിച്ച ഇശ്‌റാഖീ ജ്ഞാനരൂപത്തിന്റെ അർത്ഥത്തെ സംബന്ധിച്ച് മുസ്‌ലിം ചരിത്രകാരന്മാർക്കും തത്വചിന്തകന്മാർക്കും വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. ‘തഅ്‌രീഫാത്’ എന്ന ഗ്രന്ഥത്തില്‍ അൽജുർജാനി ഇശ്‌റാഖികളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘പ്ലാറ്റോയെ പിന്തുടരുന്ന തത്വചിന്തകന്മാരാണവര്‍.’ ഇബ്‌നു അറബി(റ) യുടെ ‘ഫുസ്വൂസുല്‍ ഹികമി’ന്റെ വ്യാഖ്യാനത്തില്‍ അബ്ദുറസാഖ് അൽകാശാനി അവരെ ഹെർമലറ്റിസിസവുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്ന, ‘കൈത്തൊഴില്‍’ ജോലിക്ക് തുടക്കം കുറിച്ച വ്യക്തിയായി മുസ്‌ലിംകള്‍ കരുതുന്ന പ്രവാചകനായ ‘ശീസ് നബിയുടെ അനുയായികള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇശ്‌റാഖ് എന്ന പദം ഇസ്‌ലാമിക ലോകത്ത് ആദ്യമായി പരിചയപ്പെടുത്തിയ ഇബ്‌നു വഹ്ശിയുടെ അഭിപ്രായ പ്രകാരം ഇദ്‌രീസ് നബിയുടെ സഹോദരിയുടെ മക്കളും ഈജിപ്തിലെ മതപണ്ഡിതരുമായിരുന്നു പ്രസ്തുത അനുയായികള്‍.
തത്വചിന്ത യുക്തിവൽകൃതമാകാതിരിക്കുകയും ജ്ഞാനാർജ്ജനത്തിന്റെ മികവുറ്റ മാർ​ഗവുമായി ബൗദ്ധികാന്തർജ്ഞാനം നിലനിന്നിരുന്നതുമായ അരിസ്റ്റോട്ടിലിയന്‍ കാലഘട്ടത്തിന്റെ മുന്നെ മേൽ പറഞ്ഞ നിർവ്വചനങ്ങളെല്ലാം ഇശ്‌റാഖി ജ്ഞാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇശ്‌റാഖി ജ്ഞാനത്തിന്റെ സമാനമായ ഒരു നിർവ്വചനം തന്നെയാണ് സുഹ്‌റവർദിയും നൽകുന്നത്: ‘ഈ ഗ്രന്ഥം രചിക്കുന്നതിന് മുമ്പ് അരിസ്റ്റോട്ടിലിയന്‍ തത്വചിന്തയെ സംബന്ധിച്ച് ഞാന്‍ ധാരാളം സംക്ഷിപ്ത കൃതികള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍, ഈ പുസ്തകം അൽ നിന്നെല്ലാം വ്യത്യസ്തവും സവിശേഷമായ ഒരു രീതി പിന്തുടരുന്നതുമാണ്. ചിന്തയിലൂടെയും യുക്തിയിലൂടെയും മാത്രം സമാഹരിക്കപ്പെട്ട കാര്യങ്ങളല്ല ഇതില്‍ പറഞ്ഞിട്ടുള്ളത്, മറിച്ച് ബൗദ്ധികാന്തർജ്ഞാനം, ധ്യാനം, തപസ്സ് എന്നിവയെല്ലാം അവയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്റെ വചനങ്ങള്‍ യുക്തിപരമായ മാധ്യമത്തിലുപരി ആന്തരിക ഉൾക്കാ‌ഴ്ചയിലൂടെയും ധ്യാനത്തിലൂടെയും ഉരുത്തിരിഞ്ഞു വന്നതായതിനാല്‍ സന്ദേഹവാദികളുടെ സംശയങ്ങളും പ്രലോഭനങ്ങളും മൂലം അവയൊന്നും നിരാകരിക്കപ്പെടാവുന്നതല്ല. സത്യത്തിലേക്ക് സഞ്ചരിക്കുന്നവരെല്ലാം ഈ മാർ​ഗത്തിലെ എന്റെ സഹായികളാണ്. ഒരു തത്വചിന്താ ഗുരുവിന്റെയും ജ്ഞാനിയുടെയും പ്രവർത്തനങ്ങൾക്കിടയില്‍ അന്തരമില്ല. തത്വചിന്തയുടെ പിതാവായ ഇദ്‌രീസ് നബിക്ക് മുമ്പ് വന്ന പ്ലാറ്റോയെ പോലുള്ള സന്ന്യാസിവര്യന്മാരും ഇതേ മാർ​ഗമാണ് പിന്തുടർന്നത്. പൊതുജനങ്ങളുടെ അജ്ഞതമൂലം പഴയകാല സന്ന്യാസികള്‍ രഹസ്യമായ പ്രതീകങ്ങളിലൂടെയാണ് ആശയപ്രചാരണം നടത്തിയിരുന്നത് എന്നതിനാല്‍ ഉദ്ധിഷ്ടാർത്ഥങ്ങൾക്കു പകരം അവയുടെ ബാഹ്യാർത്ഥങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു വിമർശനങ്ങള്‍ ഉണ്ടായിരുന്നത്. പേർഷ്യന്‍ ​മിസ്റ്റിക്കുകളായ ജമാസ്പും ഫർഷാദ്ഷൂറും ബൂസാര്ജു‍മിറും സിദ്ധാന്തിക്കുന്നത് പോലെയുള്ള പ്രകാശത്തിന്റെയും ഇരുട്ടിന്റെയും രണ്ട് തത്വങ്ങളെ അടിസ്ഥാനമാക്കി ഉരുവം കൊണ്ട ഇശ്‌റാഖി ജ്ഞാനധാരയും ഗുപ്തമായ ഇത്തരം പ്രതീകങ്ങളില്‍ ഉൾപ്പെടുന്നതാണ്.

ജ്ഞാനികളുടെ തലങ്ങള്‍
മേല്പറഞ്ഞ സുഹ്‌റവർദിയുടെ വാക്കുകളില്നിരന്നും, യുക്തിയും ബൗദ്ധികാന്തർജ്ഞാനവും അടിസ്ഥാനമാക്കിയുള്ള, അതായത് ഔദ്യോഗിക മാനസിക പരിശീലനവും ആത്മസംസ്‌കരണവും ഉള്ളടങ്ങുന്നതാണ് ഇശ്‌റാഖിധാരയെന്ന് വ്യക്തമാകുന്നു. ഇപ്പറഞ്ഞ രണ്ട് കാര്യങ്ങളുടെ സാന്നിധ്യത്തിന്റെയും അസാന്നിധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ജ്ഞാനം അന്വേഷിക്കുന്നവരുടെ തലങ്ങള്‍ സുഹ്‌റവർദി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജ്ഞാനാന്വേഷകരുടെ തലങ്ങള്‍ പ്രധാനമായും നാല് ഇനങ്ങളിലായാണുള്ളത്:

  1. ജ്ഞാന തൃഷ്ണ അനുഭവിച്ചതിനെ തുടർന്ന് ജ്ഞാനാന്വേഷണത്തിനായി തുനിഞ്ഞിറങ്ങുന്നവര്‍.
  2. ഔദ്യോഗിക വിദ്യാഭ്യാസം കരസ്ഥമാക്കുകയും തത്വചിന്തയില്‍ അവഗാഹം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ആത്മീയ ജ്ഞാനം ഇല്ലാത്തവര്‍. ഫാറാബി, ഇബ്‌നു സീന എന്നിവരെ ഈ ഗണത്തിലാണ് സുഹ്‌റവർദി എണ്ണുന്നത്.
  3. ആത്മശുദ്ധീകരണം നടത്തിയിട്ടുണ്ടെങ്കിലും സംവാദാത്മക ജ്ഞാനരീതിയുമായി തീരെ ബന്ധമില്ലാത്തവര്‍. ബൗദ്ധികാന്തർജ്ഞാനവും ആന്തരിക വെളിപാടും കരസ്ഥമാക്കിയ മൻസൂറുൽ ഹല്ലാജ്(റ), അബൂയസീദുല്‍ ബിസ്ത്വാമി(റ), സഹ്‌ലു തുസ്തുരി(റ) എന്നിവരെല്ലാം ഈ ഗണത്തിലാണ് ഉൾപ്പെടുന്നത്.
  4. ആത്മീയ ജ്ഞാനത്തിലും സംവാദാത്മക തത്വചിന്തയിലും അവഗാഹം നേടിയവര്‍. യോഗാനുഭവജ്ഞാനികള്‍(ഹുകമാഅ്) ഉൾപ്പെടുന്ന ഈ വിഭാഗത്തില്‍ പൈഥഗോറസ്, പ്ലേറ്റോ എന്നിവരെയും ഇസ്‌ലാമിക ലോകത്തുനിന്നും തന്നെയുമാണ് സുഹ്‌റവര്ദി എണ്ണുന്നത്.
    ഇപ്പറഞ്ഞ ഇനങ്ങൾക്കെല്ലാം മുകളിലാണ് ആത്മീയ ഉണ്മകളുടെ അദൃശ്യമായ ശ്രേണി നിലകൊള്ളുന്നത്. അതിന്റെ തലവന് ഖുത്വുബ് എന്ന് പറയുന്നു. അദ്ദേഹത്തിന്റെ താഴെയാണ് സർവ്വ ആത്മീയ അംഗങ്ങളും പ്രതിനിധികളായി നിലകൊള്ളുന്നത്. മാനുഷിക ആത്മാക്കള്‍ അന്തർജ്ഞാനം കരസ്ഥമാക്കുന്നതും ഖുത്വുബുമായി പരമമായി സമ്മേളിക്കുന്നതും മേല്പതറഞ്ഞ ആത്മീയ ഉണ്മകള്‍ മുഖാന്തരമാണ്.

ഭൂമിശാസ്ത്ര പ്രതീകാത്മകത
അന്തർജ്ഞാനവും യുക്തിവിചാരവും സമ്മേളിക്കുന്നതിലൂടെ രൂപപ്പെടുന്ന ഇശ്‌റാഖിധാരയുടെ വ്യത്യസ്ത ഘടകങ്ങള്‍ വിലയിരുത്തുന്നതിന് മുമ്പ്, ‘ഇശ്‌റാഖ്’ എന്ന സംജ്ഞയെയും അത് ബന്ധപ്പെട്ടു കിടക്കുന്ന ഭൂമിശാസ്ത്ര പ്രതീകാത്മകതയെയും സംബന്ധിച്ച് അല്പം വിശദീകരിക്കേണ്ടതുണ്ട്. ഒന്നാം അധ്യായത്തില്‍ നാം ചർച്ച ചെയ്തതുപോലെ, അറബി ഭാഷയിലെ ഇശ്‌റാഖ് എന്ന പദം കിഴക്കന്‍ ദേശത്തിനും പ്രകാശ ലോകത്തിനും ഉപയോഗിക്കാറുണ്ട്. പ്രസ്തുത ദ്വയാർത്ഥത്തെയും അതിലെ ദിശകളുടെ പ്രതീകാത്മകതയെയും അടിസ്ഥാനമാക്കിയാണ് തന്റെ വിശദമായ പ്രപഞ്ച ഘടന സുഹ്‌റവർദി വിശദീകരിക്കുന്നത്. സുഹ്‌റവർദിക്ക് മുമ്പ് ഇബ്‌നു സീന ഇപ്രകാരം ചെയ്തിട്ടുണ്ടെങ്കിലും സുഹ്‌റവർദിയുടെ അത്രക്ക് കൃത്യത പുലർത്തിയിരുന്നില്ല. ഇശ്‌റാഖി സിദ്ധാന്തത്തിന്റെ അടിസ്ഥാനമായ ഭൂമിശാസ്ത്രം കിഴക്ക്-പടിഞ്ഞാറിന്റെ തിരശ്ചീനമായ വ്യാപ്തിയെ ലംബമാനമാക്കി മാറ്റുന്നു. ഇവിടെ, കിഴക്ക് എന്നാല്‍ അന്ധകാരമുക്തവും ശുദ്ധമായ പ്രകാശങ്ങളുടെ ലോകവും നശ്വര നയനങ്ങൾക്കതീതമായ ആകാശവുമാണെങ്കില്‍, പടിഞ്ഞാറ് എന്നാല്‍ അന്ധകാരഭരിതമായ ലോകവും, മധ്യമ പടിഞ്ഞാറ് എന്നാല്‍ ഇരുട്ടും പ്രകാശവും സമ്മേളിക്കുന്ന ദൃശ്യ മണ്ഡലവുമാണ്. പദാർത്ഥം പ്രബലത്വം പുലർത്തുന്ന ഭൗതികാസ്തിത്വമായി പടിഞ്ഞാറും ഗോളശാസ്ത്രമണ്ഡലങ്ങളായി മധ്യമ പടിഞ്ഞാറും ആകാശത്തിന് മുകളിലും നശ്വര ദൃഷ്ടിക്ക് ഗോചരീഭവിക്കാന്‍ സാധിക്കാത്തതുമായി കിഴക്കും ഗണിക്കപ്പെടുന്നു എന്ന അർത്ഥത്തില്‍ അങ്ങനെയാണ് കിഴക്ക്-പടിഞ്ഞാറന്‍ തിരശ്ചീന മാനം ലംബമാനമായി മാറുന്നത്. അതുകൊണ്ട്, അരിസ്റ്റോട്ടിലിയന്‍ തത്വചിന്തയിലേതു പോലെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലെ അതിര് ചന്ദ്രമണ്ഡലമല്ല. മറിച്ച്, നിശ്ചിത നക്ഷത്രങ്ങളുടെ ആകാശമാണ് പരിധിയായി ഗണിക്കപ്പെടുന്നത്. ഗോളശാസ്ത്രജ്ഞര്‍ പഠിച്ച മണ്ഡലങ്ങള്‍ അതിലെ ശുദ്ധമായ ഭാഗത്തോടുകൂടെ ഇന്നും പടിഞ്ഞാറിന്റെ ഭാഗമാണ്. പ്രകാശ ലോകവുമായി സമീപസ്ഥമാണെങ്കിലും, പദാർത്ഥവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ശുദ്ധമായ മാലാഖാ പദാർത്ഥങ്ങളുടെ മണ്ഡലമായ കിഴക്കുമായി മാത്രം ബന്ധപ്പെടുന്ന പരിപൂർണതയില്ലാത്തതാണ്. മാത്രമല്ല, അരിസ്റ്റോട്ടിലിയന്‍ വ്യവസ്ഥയില്‍ ഉള്ളതുപോലെ അതില്‍ ചാന്ദ്രിക പ്രദേശങ്ങൾക്കും ആകാശത്തിനും ഇടയില്‍ കണിശമായ വേർതിരിവില്ല താനും.

പ്രാപഞ്ചിക ഭൂമിശാസ്ത്രത്തിന്റെ ഈ പശ്ചാത്തലം മനസ്സിലാക്കിയാണ് കിഴക്കിനെയും പടിഞ്ഞാറിനെയും സൂര്യോദയത്തെയും അസ്തമയത്തെയും കുറിച്ചുള്ള സുഹ്‌റവർദിയുടെ വാക്കുകള്‍ നാം മനസ്സിലാക്കേണ്ടത്. ഈ പശ്ചാത്തലത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ ദീർഘദൃഷ്ടി കലർന്ന ആഖ്യാനങ്ങളിലെ അധിക കാര്യവും സംഭവിക്കുന്നത്. വിശേഷിച്ച് ‘പടിഞ്ഞാറന്‍ ദേശാടനത്തിന്റെ കഥ’ എന്ന ഗ്രന്ഥത്തില്‍, മുസ്‌ലിം ലോകത്തിന്റെ പടിഞ്ഞാറന്‍ ദേശത്ത് സ്ഥിതി ചെയ്യുന്ന ഖൈറുവാന്‍ നഗരത്തിലെ ഒരു കിണറിലേക്കുള്ള വീഴ്ച്ചയിലൂടെയുണ്ടാകുന്ന പടിഞ്ഞാറിലേക്കുള്ള പ്രവേശമായിട്ടാണ് പദാർത്ഥ ലോകത്തേക്കുള്ള ഒരാളുടെ വീഴ്ചയെ ചിത്രീകരിച്ചിരിക്കുന്നത്.
വിട്ടുപിരിഞ്ഞതിന് ശേഷം തിരിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്ന യഥാർത്ഥ വീടായി യമന്‍(വലത് വശത്തെ രാജ്യം) ഗണിക്കപ്പെടുന്നു. വേർപിരിയലിന് മുമ്പും പദാർത്ഥ ലോകത്തേക്ക് ഇറങ്ങുന്നതിന് മുമ്പും മാലാഖാ പദാർത്ഥമായി ആത്മാവ് താമസിച്ച പ്രകാശമാനമായ കിഴക്കിന്റെ പ്രതീകമായി യമന്‍ നിലകൊള്ളുകയും ചെയ്യുന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy