ഇശ്റാഖി തത്വചിന്ത: സുഹ്റവർദി(ഖത്തീൽ) യുടെ വേറിട്ട വഴികൾ: 2
സയ്യിദ് ഹുസൈൻ നസ്റ്:
മൊഴിമാറ്റം: നിഹാൽ പന്തല്ലൂർ:
മുസ് ലിംകളുടെ മുൻകൈയ്യോടെ ഉത്ഭവിച്ചതും പുനരാവിഷ്കരിക്കപ്പെട്ടതും വികസിച്ചതുമായ വിജ്ഞാനീയ പാരമ്പര്യങ്ങളിൽ
ചരിത്രത്തിൽ സവിശേഷ സ്ഥാനങ്ങളോടെ അടയാളപ്പെടുത്തപ്പെട്ട പ്രമുഖ ചിന്താധാരയാണ് ഇശ്റാഖി തത്വചിന്ത. പ്രസ്തുത ചിന്താധാരയുടെ ആചാര്യനെയും ഇശ്റാഖി തത്വചിന്തയെയും സാമാന്യമായി പരിചയപ്പെടുത്തുന്ന സയ്യിദ് ഹുസൈൻ നസ്റിന്റെ പഠനലേഖനത്തിന്റെ രണ്ടാം ഭാഗം.
ഗസാലി(റ) വളരെ നിശിതമായി വിമർശിച്ച പെരിപ്പാറ്റെറ്റിക് തത്വചിന്തക്ക് പേർഷ്യയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ തോതിൽ പകരം വെക്കാൻ സഹായകരമായ സിദ്ധാന്തങ്ങൾ അവതരിപ്പിച്ച ജ്ഞാനിയിരുന്നു ശിഹാബുദ്ദീൻ യഹ്‌യാ ബിൻ ഹബഷ് ബിൻ അമീറക് അസ്സുഹ്‌റവർദി. വധിക്കപ്പെട്ടവൻ എന്ന അത്ഥത്തിലുള്ള ‘മഖ്തൂൽ’ എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെടാറുണ്ട്. ഇശ്‌റാഖി തത്വചിന്തയുടെ ഗുരു എന്ന അർത്ഥത്തിൽ ശൈഖുൽ ഇശ്‌റാഖ് എന്ന പേരിലാണ് അദ്ദേഹത്തിന്റെ തത്വചിന്തയെ സജീവമായ നിലനിർത്തുന്നവർക്കിടയിൽ അദ്ദേഹം അറിയപ്പെടുന്നത്. മധ്യകാല നൂറ്റാണ്ടുകളിൽ അദ്ദേഹത്തിന്റെ കൃതികൾ ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെടാത്തതിനാൽ, ഈയടുത്ത കാലത്ത് ഹെന്റി കോർബിനെ പോലുള്ള പണ്ഡിതർ അദ്ദേഹത്തെക്കുറിച്ച് പ്രധാനപ്പെട്ട പഠനങ്ങളുടെ പരമ്പരകൾ എഴുതുകയും അദ്ദേഹത്തിന്റെ കൃതികൾ പ്രസിദ്ധീകരിക്കാനും വിവർത്തനം ചെയ്യാനും തുടങ്ങുകയും ചെയ്യുന്നതു വരെ പാശ്ചാത്യ ലോകത്ത് സുഹ്‌റവർദി ഏറെക്കുറെ അജ്ഞാതനായിരുന്നു. ഇക്കാലത്തു പേർഷ്യക്ക് പുറത്ത് ഏറെക്കുറെ അജ്ഞാതൻ തന്നെയായിരുന്നു സുഹ്‌റവർദി. കാരണം, മുസ്‌ലിം തത്വചിന്തയുടെ ചരിത്രത്തെ സംബന്ധിച്ചുള്ള ബഹുഭൂരിഭാഗം കൃതികളും ഇശ്‌റാഖി ധാരയെയും സുഹ്‌റവർദിയെ പിന്തുടർന്ന് പിൽക്കാലത്തെ എല്ലാ ഇശ്‌റാഖിവാദക്കാരെയും പൂർണ്ണമായും അവഗണിച്ചുകൊണ്ട് ഇബ്‌നു റുശ്ദിനെയോ അല്ലെങ്കിൽ ഇബ്‌നു ഖൽദൂനെയോ ആണ് ഇസ്‌ലാമിന്റെ ബൗദ്ധിക ചരിത്രത്തിലെ അന്തിമ ബിന്ദുവായി കാണുന്നത്. ഈ അബദ്ധം മിക്ക ആധുനിക അറബ്, പാകിസ്ഥാനി, ഇന്ത്യൻ പണ്ഡിതരെല്ലാം ആവർത്തിക്കുന്നുമുണ്ട്. ഇസ്‌ലാമിക തത്വചിന്തയെക്കുറിച്ച് പഠിക്കാൻ പ്രാഥമികമായി ആധുനിക ഓറിയന്റലിസ്റ്റുകളുടെ കൃതികളെ ആധാരമാക്കുന്ന അവരിലധിക പേരും ഇശ്‌റാഖി ധാരയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരല്ല. ഒരുപക്ഷേ, പേർഷ്യയിൽ രൂപം കൊള്ളുകയും ഇക്കാലം വരെ അവിടെ മാത്രം നിലനിന്നു പോരുകയും ചെയ്തതു കൊണ്ടായിരിക്കും ഇശ്‌റാഖിധാര ഇന്നും അജ്ഞാതമായി തുടരുന്നത്.
വാസ്തവത്തിൽ, തത്വചിന്തയോടുള്ള സുന്നി, ശീഈ ധാരകളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. പെരിപ്പാറ്റെറ്റിക്‌സിന്റെ തകർച്ചക്ക് ശേഷം സുന്നി ലോകത്ത് തത്വചിന്ത ഏറെക്കുറെ അപ്രത്യക്ഷമാവുകയും മദ്‌റസകളിൽ തർക്കശാസ്ത്രം മാത്രം പഠിപ്പിക്കപ്പെട്ടു പോരുകയും പ്രബലത കൈവരിച്ച ആത്മീയ ജ്ഞാന(നോസ്റ്റിക്) സിദ്ധാന്തങ്ങൾ സ്‌കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തു. അതേസമയം, ശീഈധാര കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. ഇശ്‌റാഖിധാരയുടെ യോഗാനുഭവജ്ഞാനം, ഒരുവശത്ത് ഇബ്‌നു സീനയുടെ തത്വചിന്തയുമായും മറുവശത്ത് ഇബ്‌നു അറബി(റ) യുടെ ആത്മീയ ജ്ഞാന സിദ്ധാന്തങ്ങളുമായും ശീഈസത്തിന്റെ മൂശയിൽ ഉദ്ഗ്രഥിക്കപ്പെടുകയാണ് ചെയ്തത്. വാസ്തവത്തിൽ തത്വചിന്തക്കും ശുദ്ധമായ ആത്മീയ ജ്ഞാനത്തിനും ഇടയിലെ കരയിടുക്കായാണ് ഈ ധാര നിലകൊണ്ടത്. ഇക്കാരണം കൊണ്ടാണ് പേർഷ്യയിലെയും ഇശ്‌റാഖിധാരക്ക് സ്വാധീനം ലഭിച്ച ഇന്ത്യ, പേർഷ്യൻ സംസ്‌കാരം സ്വാധീനം ചെലുത്തിയ ഇടങ്ങളിലെയും ബൗദ്ധിക ജീവിതത്തെ വിലയിരുത്തുന്ന ചരിത്രകാരന്മാർ, ഇബ്‌നു റുശ്‌ദോടുകൂടെ യഥാർത്ഥ ഇസ്‌ലാമിക തത്വചിന്ത അന്യംനിന്നു പോയിട്ടില്ല എന്നും അദ്ദേഹത്തിന്റെ കാലശേഷം കിഴക്കൻ ഇസ്‌ലാമിക ഭൂമികകളിൽ സുഹ്‌റവർദിയുടെ അധ്യാപനങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് യഥാർത്ഥത്തിൽ അതു തുടങ്ങിയതെന്നും പറയുന്നത്.
ആധുനിക പേർഷ്യയിലെ സൻജാൻ എന്ന നഗരത്തിന് സമീപം, ഇസ്‌ലാമിലെ ഒട്ടനവധി മഹാരഥന്മാർക്ക് ജന്മം നല്കിയ സുഹ്‌റവർദ് എന്ന ഗ്രാമത്തിൽ ഹി. 549/എ.ഡി1153 ലാണ് വിഖ്യാതനായ സുഹ്‌റവർദി ഭൂജാതനായത്. മംഗോൾ അധിനിവേഷകനായ ഹുലാക്കു ഖാൻ; പ്രസിദ്ധമായ നിരീക്ഷണാലയം സ്ഥാപിക്കുകയും ഖ്വാജാ നസ്‌റുദ്ദീൻ ത്വൂസിയുടെ മാർഗനിർദ്ദേശത്തിനു കീഴിൽ അക്കാലത്തെ മഹാന്മാരായ ജ്യോതിശാസ്ത്രജ്ഞരെ ക്ഷണിച്ചുവരുത്തി സമ്മേളിപ്പിക്കുകയും ചെയ്തതിലൂടെ ലോകപ്രസിദ്ധമായി മാറിയ മറാഗ നഗരത്തിൽ വെച്ച് മജ്ദുദ്ദീൻ അൽജീലിയുടെ അടുത്തുനിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് തന്റെ പഠനങ്ങൾ തുടരാനായി സുഹ്‌റവർദി പേർഷ്യയിലെ അക്കാലത്തെ ഉന്നത ജ്ഞാനകേന്ദ്രമായ ഇസ്ഫഹാനിലേക്ക് യാത്രതിരിക്കുകയും സാഹിറുദ്ദീൻ ഖാരിയുടെ അടുത്തുനിന്ന് ഔദ്യോഗിക പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ, തത്വചിന്തയുടെ വലിയ വിമർശകരിൽ ഒരാളായ ഫഖ്‌റുദ്ദീൻ റാസി(റ) അവിടെ അദ്ദേഹത്തിന്റെ പാഠശാലാ സുഹൃത്തായി ഉണ്ടായിരുന്നു. സുഹ്‌റവർദിയുടെ മരണശേഷം അദ്ദേഹത്തിന്റെ ‘തല്വീഹാത്തി’ന്റെ ഒരു പ്രതി സമർപ്പിക്കപ്പെട്ടപ്പോൾ ഇമാം റാസി(റ) അതു ചുംബിക്കുകയും തന്റെതിൽ നിന്നും ഭിന്നമായ ധാര പിന്തുടർന്ന സുഹൃത്തിന്റെ ഓർമ്മയിൽ തേങ്ങിക്കരയുകയും ചെയ്തിട്ടുണ്ട്.
ഔദ്യോഗിക പഠനങ്ങൾ പൂർത്തിയാക്കിയതിനു ശേഷം വ്യത്യസ്ത സൂഫി ഗുരുക്കളുമായി സന്ധിച്ചു കൊണ്ട് പേർഷ്യയിലുടനീളം സുഹ്‌റവർദി യാത്ര ചെയ്തു. അവരിൽ പലരും അദ്ദേഹത്തെ ശക്തമായി സ്വാധീനിക്കുകയും ചെയ്തു. വാസ്തവത്തിൽ, ഈ ദശാസന്ധിയിലായിരുന്നു അദ്ദേഹം സൂഫി പാതയിൽ പ്രവേശിക്കുകയും പ്രാർത്ഥനയും ധ്യാനവുമായി ഏകാന്തനായി(ഉസ്‌ലത്) കഴിച്ചുകൂട്ടുകയും ചെയ്തത്. സിറിയ, അനാതോലിയ എന്നിവിടങ്ങളിലെ ഭൂപ്രകൃതിയിൽ ആസക്തനായ അദ്ദേഹം ക്രമേണ അവിടങ്ങളിലേക്ക് ധാരാളം തവണ യാത്ര നടത്തി. ഇത്തരത്തിലുള്ള ഒരു യാത്രയിൽ ദമസ്‌കസിൽ നിന്നും നേരെ അലപ്പോയിലേക്ക് പോവുകയും ‘സലാദീൻ’ എന്ന പേരിൽ വിഖ്യാതനായ സ്വലാഹുദ്ദീൻ അയ്യൂബിയുടെ മകനായ മാലിക് സാഹിറുമായി സന്ധിക്കുകയും ചെയ്തു. സൂഫികളോടും പണ്ഡിതന്മാരോടും പ്രത്യേകം താത്പര്യം വെച്ചുപുലർത്തിയിരുന്ന മാലിക് സാഹിർ, സുഹ്‌റവർദി എന്ന യുവ സൂഫിയിൽ ആകൃഷ്ടനാവുകയും അലപ്പോയിലെ തന്റെ രാജസദസ്സിൽ താമസിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
തന്റെ പഠനങ്ങൾ തുടരാനായി സുഹ്‌റവർദി പേർഷ്യയിലെ അക്കാലത്തെ ഉന്നത ജ്ഞാനകേന്ദ്രമായ ഇസ്ഫഹാനിലേക്ക് യാത്രതിരിക്കുകയും സാഹിറുദ്ദീൻ ഖാരിയുടെ അടുത്തുനിന്ന് ഔദ്യോഗിക പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ, തത്വചിന്തയുടെ വലിയ വിമർശകരിൽ ഒരാളായ ഫഖ്‌റുദ്ദീൻ റാസി(റ) അവിടെ അദ്ദേഹത്തിന്റെ പാഠശാലാ സുഹൃത്തായി ഉണ്ടായിരുന്നു. സുഹ്‌റവർദിയുടെ മരണശേഷം അദ്ദേഹത്തിന്റെ ‘തല്വീഹാത്തി’ന്റെ ഒരു പ്രതി സമർപ്പിക്കപ്പെട്ടപ്പോൾ ഇമാം റാസി(റ) അതു ചുംബിക്കുകയും തന്റെതിൽ നിന്നും ഭിന്നമായ ധാര പിന്തുടർന്ന സുഹൃത്തിന്റെ ഓർമ്മയിൽ തേങ്ങിക്കരയുകയും ചെയ്തിട്ടുണ്ട്.
പ്രസ്തുത പ്രവിശ്യകളുമായി സവിശേഷമായ ആത്മബന്ധം വെച്ചുപുലർത്തിയിരുന്ന സുഹ്‌റവർദി സന്തോഷപൂർവ്വം പ്രസ്തുത ഓഫർ അംഗീകരിക്കുകയും രാജസദസ്സിൽ കഴിച്ചുകൂട്ടുകയും ചെയ്തു. പക്ഷേ, വെട്ടിത്തുറന്നു പറയുന്ന ശൈലിയും എല്ലാ തരത്തിലുള്ള ശ്രോദ്ധാക്കൾക്കു മുമ്പിലും ആന്തരാർത്ഥ സിദ്ധാന്തങ്ങൾ വിവരിക്കുന്ന സ്വഭാവവും വാദപ്രതിവാദത്തിൽ സർവ്വ എതിരാളികളെയും മലർത്തി യടിക്കാൻ സഹായിക്കുന്ന കുശാഗ്ര ബുദ്ധിയും സൂഫിസത്തിലും തത്വചിന്തയിലും അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യവുമെല്ലാം ഉലമാ വൃത്തത്തിനിടയിൽ നിന്ന്പോലും അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ സമ്പാദിച്ചുകൊടുത്തു. അങ്ങനെ, വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമായ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു എന്ന പേരിൽ അദ്ദേഹത്തെ വധിക്കണമെന്ന് അവരാവശ്യപ്പെട്ടു. പ്രസ്തുത ആവശ്യം മാലിക് സാഹിർ തള്ളിയപ്പോൾ അവർ സ്വലാഹുദ്ദീൻ അയ്യൂബിക്ക് നേരിട്ട് ഹരജി നല്കുകയും ചെയ്തു. കുരിശുപടക്കാരിൽ നിന്ന് മുസ്‌ലിംകൾ സിറിയ തിരിച്ചുപിടിച്ച ആ കാലഘട്ടത്തിൽ തന്റെ അധികാരം നിലനിർത്താൻ നിയമപണ്ഡിതരുടെ പിന്തുണ തനിക്ക് അനിവാര്യമായിരുന്നതിനാൽ അയ്യൂബിക്ക് അവരുടെ ആവശ്യം അംഗീകരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തുടർന്ന് അധികാരി വർഗത്തിന്റെ ഇംഗിതം നടപ്പിൽ വരുത്താൻ മാലിക് സാഹിറിനുമേൽ സമ്മർദ്ധം ചെലുത്തപ്പെടുകയും സുഹ്‌റവർദി തടവിലാക്കപ്പെടുകയും ഹി. 587/എ.ഡി1191 ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. മരണത്തിന്റെ യഥാർത്ഥ കാരണം ഇന്നും അജ്ഞാതമാണ്. പ്രസിദ്ധനായ തന്റെ മുൻഗാമിയും യൗവന കാലത്തെ മാതൃകാ പുരുഷനും താൻ ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങളുടെ രചയിതാവുമായ മൻസൂറുൽ ഹല്ലാജ്(റ) കീഴടങ്ങിയ സമാന വിധിക്ക് 38 ാം വയസ്സിൽ തന്നെ ഇശ്‌റാഖി ഗുരുവായ സുഹ്‌റവർദിയും കീഴടങ്ങി.
വളരെ ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയിൽ ഫാരിസിയിലും അറബിയിലുമായി ഏകദേശം അമ്പതോളം കൃതികൾ സുഹ്‌റവർദി രചിക്കുകയുണ്ടായി. അവയിൽ അധിക കൃതികളും ഇന്നും ലഭ്യമാണ്. ഈ കൃതികളെല്ലാം മനോഹരമായ രീതിശാസ്ത്രം അവലംബിച്ച് രചിക്കപ്പെട്ടവയും വലിയ സാഹിത്യ മൂല്യമുള്ളവയുമാണ്. ഫാരിസിയിലെ അദ്ദേഹത്തിന്റെ കൃതികൾ പ്രസ്തുത ഭാഷയിലെ ഗദ്യരചനയിലെ പ്രകൃഷ്ട കൃതികളിൽ ഉൾപ്പെടുന്നവയും പിൽക്കാല ആഖ്യാനങ്ങൾക്കും തത്വശാസ്ത്ര ഗ്രന്ഥ രചനക്കും മികച്ച മാതൃകയുമാണ്. ഒട്ടനവധി സവിശേഷതകളുള്ള ഈ രചനകളെല്ലാം അഞ്ച് വിഭാഗങ്ങളായി തരംതിരിക്കാവുന്നതാണ്.
- അറബി ഭാഷയിലെ ധർമ്മോപദേശപരവും പ്രമാണ വിശദീകരണം ഉൾക്കൊകള്ളുന്നതുമായ നാല് ബൃഹത്തായ കൃതികൾ. സുഹ്‌റവർദി വ്യാഖ്യാനിക്കുകയും പരിഷ്‌കരിക്കുകയും ചെയ്ത പെരിപ്പാറ്റെറ്റിക് തത്വചിന്തയെയും പഴയ പ്രാമാണിക അടിത്തറയെ പിന്തുടരുന്ന ഇശ്‌റാഖി യോഗാനുഭവജ്ഞാന(തിയോസഫി) ത്തെയും സംബന്ധിച്ച വിവരണമുള്ള ചതുഷ്ഗ്രന്ഥങ്ങളാണവയെല്ലാം. അരിസ്റ്റോട്ടലിയൻ തത്വചിന്തയിലെ പരിഷ്‌കരണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ‘തൽവീഹാത്’, ‘മുഖാവമാത്’, ‘മുതാറഹാത്’ എന്നിവയും ഇശ്‌റാഖി തത്വങ്ങൾ വിവരിക്കുന്ന തന്റെ പ്രകൃഷ്ട കൃതിയായ ‘ഹിക്മതുൽ ഇശ്‌റാഖ്’ എന്നീ കൃതിയുമാണ് പ്രസ്തുത നാല് കൃതികൾ.
- ലളിതമായ ഭാഷയിൽ, സംക്ഷിപ്ത രൂപത്തിൽ പ്രതിപാദ്യ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്ന അറബിയിലും ഫാരിസിയിലും രചിച്ച ഹ്രസ്വമായ കൃതികൾ. ‘ഹയാകിലുന്നൂർ’, ‘അൽവാഹുൽ ഇമാദിയ്യ’, ‘പർതൗനാമ’, ‘ഫീ ഇഅ്തിഖാദിൽ ഹുകമാ’, ‘അല്ലമഹാത്’, ‘യസ്ദാൻ ശിനാഖത്’, ‘ബുസ്താനുൽ ഖുലൂബ്’ എന്നിവയാണ് ഇതിലുൾപ്പെടുന്ന കൃതികൾ. ഇതിലെ അവസാനത്തെ രണ്ട് കൃതികൾ ഐനുൽ ഖുദാത് അൽഹമദാനിയുടെയും സയ്യിദ് ശരീഫ് അൽ ജുർജാനിയുടെയും കൃതിയാണെന്ന അഭിപ്രായവുമുണ്ട്. എന്നിരുന്നാലും, അവ രണ്ടും സുഹ്‌റവർദി യുടേത് തന്നെയാകാനാണ് കൂടുതൽ സാധ്യത.
- പ്രപഞ്ചത്തിലൂടെ പരമമായ വിമോചനത്തിലേക്കും ജ്ഞാനോദയത്തിലേക്കുമുള്ള ആത്മാവിന്റെ യാത്രയെ വരച്ചുകാണിക്കുന്ന ആധ്യാത്മികവും പ്രതീകാത്മകവുമായ ആഖ്യാനങ്ങൾ. ഈ ലഘുകൃതികളിൽ ഭൂരിഭാഗവും ഫാരിസി ഭാഷയിലും ചിലത് അറബിയിലുമാണ്. ‘അഖ്‌ലീ സുർഖ്’, ‘ആവാസി പാറേ ജബ്‌റായീൽ’, ‘അൽഗുർബതുൽ ഗർബിയ്യ’, ‘ലുഗതേ മൂറാൻ’, ‘രിസാലതുൻ ഫീ ഹാലാതി ത്വുഫൂലിയ്യ’, ‘റൂസി ബാ ജമാഅതേ സൂഫിയാൻ’, ‘രിസാലതുൽ അബ്‌റാജ്’, ‘സഫീറേ സീമുർഗ്’ എന്നിവയാണ് പ്രസ്തുത കൃതികൾ.
- പഴയകാല തത്വശാസ്ത്ര കൃതികളുടെയും മതപരമായ പരിശുദ്ധ ഗ്രന്ഥങ്ങളുടെയും വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും പകർത്തി യെഴുത്തുകളും. ഇബ്‌നു സീനയുടെ ‘രിസാലതു ത്വൈറി’ന്റെ ഫാരിസി വിവർത്തനം, ‘ഇശാറാത്ത്’ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനം, ഇബ്‌നു സീനയുടെ ‘രിസാല ഫിൽ ഇശ്ഖി’നെ ആധാരമാക്കിയുള്ള ‘രിസാല ഫിൽ ഹഖീഖതിൽ ഇശ്ഖ്’ എന്ന കൃതി, നിരവധി ഖുർആനിക സൂക്തങ്ങളുടെയും വിശേഷ ഹദീസുകളുടെയും വ്യാഖ്യാനങ്ങൾ എന്നിവ ഉദാഹരണം.
- ശംസുദ്ദീൻ ശഹ്‌റാസൂരി ‘അൽ വാരിദാതു വത്തഖ്ദീസാത്’ എന്ന് വിശേഷിപ്പിക്കുകയും മധ്യകാല നൂറ്റാണ്ടുകളിൽ ‘മണിക്കൂറിലെ പ്രാർത്ഥനകൾ’ എന്ന പേരിലറിയപ്പെട്ട ക്രൈസ്തവ പുസ്തകത്തോട് സമാനതയുള്ളതുമായ അറബി ഭാഷയിലെ സ്‌ത്രോത്രങ്ങളും പ്രാർത്ഥനകളും.
ഈ ഗ്രന്ഥങ്ങളും കഴിഞ്ഞ ഏഴു നൂറ്റാണ്ടുകളിലായി അവക്ക് എഴുതപ്പെട്ട നിരവധി വ്യാഖ്യാനങ്ങളുമാണ് ഇശ്‌റാഖി ധാരയുടെ സൈദ്ധാന്തിക അടിത്തറ. സൊറാസ്ട്രിനിസം, പൈഥഗോറിയനിസം, പ്ലാറ്റോനിസം, ഹെർമറ്റിസം എന്നിവ ഉൾപ്പെടെയുള്ള പാരമ്പര്യ പ്രതീകങ്ങൾ ഇസ്‌ലാമിക പാരമ്പര്യത്തിലേക്ക് ഉദ്ഗ്രഥിച്ചതിലൂടെ രൂപപ്പെട്ട ധിഷണയുടെ വിശാലമായ നിധികേന്ദ്രമാണത്. കാരണം, സുഹ്‌റവർദിയുടെ സൈദ്ധാന്തിക രൂപീകരണങ്ങൾ പല സ്രോതസ്സുകളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ഇതര പാരമ്പര്യങ്ങളിൽ ദർശിച്ച അനുഗുണമായ ഘടകങ്ങൾ തന്റെ ലോകവീക്ഷണത്തിലേക്ക് സ്വാംശീകരിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല. പക്ഷേ, നിശ്ചിത മുസ്‌ലിം-അലക്സ്രാണ്ടിയൻ അലങ്കാരങ്ങൾ കണ്ടെത്തപ്പെടുന്ന ദാന്തെയുടെ പ്രാപഞ്ചിക കത്രീഡൽ ‘ക്രിസ്ത്യൻ’ ആയതുപോലെ ചക്രവാളങ്ങളിൽ ഇസ്‌ലാമികപൂർവ്വ പ്രതീകങ്ങൾ ദർശിക്കാവുന്ന പ്രപഞ്ചം ഒരു ‘മുസ്‌ലിം’ ആണെന്ന് ഇബ്‌നു അറബിയെ പോലെ സുഹ്‌റവർദിയും വിശ്വസിക്കുന്നു.
തുടരും