മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം:
മലബാർ, മഅ്ബർ പോലുള്ള പ്രദേശങ്ങളിലെ ഇസ്ലാമിക സാന്നിദ്ധ്യത്തിന്റെ ആദ്യകാല ചരിത്ര വസ്തുതകൾ, ഇനിയും പൊതു ശ്രദ്ധ നേടിയിട്ടില്ലാത്തതും എന്നാൽ ഗവേഷണ രംഗത്തുള്ളവർ സവിശേഷം പരിഗണിക്കേണ്ടതുമായ തദ്ദേശിയവും മറ്റുമായ നിരവധി പ്രമാണങ്ങളിലൂടെ സ്ഥിരപ്പെടുത്തുന്ന പഠന പ്രബന്ധത്തിന്റെ ആദ്യഭാഗം. ദക്ഷിണേന്ത്യയിലേക്കുള്ള ഇസ്ലാമികാഗമനത്തിന്റെ ചരിത്രം അന്വേഷിക്കുന്ന ഗവേഷകർക്കും സാധാരണക്കാർക്കും ഒരുപോലെ ഫലപ്രദം.
ഇന്ത്യയിൽ പല കാലങ്ങളിൽ ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ചും വാണിജ്യവിനിമയങ്ങൾക്കും വേണ്ടി എത്തിയ വിവിധ അറബി സംഘങ്ങളെ കുറിച്ചാണ് ഇനി വിവരിക്കാനുള്ളത്. പ്രത്യേകിച്ച് ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം തെക്കേ ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ട്. അതിന്റെ ചരിത്രം വളരെ വിശാലമായതാണ്. സൈനുദ്ധീൻ മഖ്ദൂം(റ) യുടെ തുഹ്ഫത്തുൽ മുജാഹിദീൻ പോലെയുള്ള പല ഗ്രന്ഥങ്ങളിലും ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യകാലത്ത് തന്നെ ഇസ്ലാം എത്തിയെന്ന് തെളിയിക്കാവുന്ന പല ഗ്രന്ഥങ്ങളും നമ്മുടെ പ്രാദേശിക ഭാഷകളിൽ തന്നെ ഇപ്പോഴും ശേഷിക്കുന്നുണ്ട്. തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഏക അവലംബം മാത്രമല്ല ആദ്യകാല ഇസ്ലാമികാഗമനത്തെ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നത്. അറബി ഭാഷയിലായതിനാൽ അത് കൂടുതൽ വായിക്കപ്പെടുകയും അവലംബിക്കപ്പെടുകയും ചെയ്തുവെന്ന് മാത്രമേയുള്ളൂ. തുഹ്ഫയെ കുറിച്ച് അത് എഴുതപ്പെട്ട ആദ്യകാലങ്ങളിലും പിൽക്കാലങ്ങളിലുമെല്ലാം അറബി പണ്ഡിതന്മാർ വളരെ ശ്ലാഖിച്ച് പരാമർശിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ കനം തൂക്കി അത്രയും സ്വർണം പകരം നൽകിയാലും ഇതിലെ ഉള്ളടക്കത്തോളം അത് വിലമതിക്കുകയില്ല എന്നും അങ്ങനെ വാങ്ങിയാൽ അത് നമുക്ക് ലാഭമാണെന്നും അക്കാലത്തെ പ്രമുഖരായ പല പണ്ഡിതന്മാരും മൊഴിഞ്ഞിട്ടുണ്ട്.
ദക്ഷിണേന്ത്യയിലേക്കുള്ള ആദ്യകാല ഇസ്ലാമികാഗമനത്തെ സാക്ഷ്യപ്പെടുത്തുന്ന വേറെയും ഗ്രന്ഥങ്ങളുണ്ട്. അവയെല്ലാം പ്രാദേശിക ഭാഷകളിലാണ്. തമിഴിലും കന്നടയിലും ഉർദുവിലും മലയാളത്തിലുമെല്ലാം ഇവ്വിഷയകമായി നിരവധി ഗ്രന്ഥങ്ങളും ചരിത്രരചനക്ക് ആധാരമാക്കാവുന്ന പല പ്രമാണങ്ങളുമുണ്ട്.
മഹാനായ അക്ബർ ശാഹ് നജീബാബാദി ആയിനയെ ഹഖീഖത്ത് നുമ എന്ന തന്റെ ഗ്രന്ഥത്തിൽ ഇന്ത്യയിൽ ഇസ്ലാം പ്രവേശിച്ചതിന്റെ ചരിത്രം വിവരിക്കുന്നുണ്ട്. അതിന്റെ സംഗ്രഹം ഇപ്രകാരമാണ്:
”ഇന്ത്യയിലെ മലബാറിലും ദക്കനിലും കോറമണ്ഡലത്തും ഇസ് ലാം വളരെ സമാധാന മാർഗേണ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനുമുമ്പ് തന്നെ തെക്കൻ ഭാഗങ്ങളിൽ ഇസ് ലാമിക സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്, ഇത് വളരെ പൊതു സമ്മതമായ കാര്യമാണ്. പ്രബലമായ വസ്തുതയുമാണ്. ചില ഉർദുഗ്രന്ഥങ്ങളിൽ വടക്കേ ഇന്ത്യയിലെ ഇസ്ലാമിക സാന്നിദ്ധ്യം തെക്കേയിന്ത്യക്ക് മുമ്പാണെന്ന വണ്ണം പറയപ്പെടുന്നുണ്ടെങ്കിലും പ്രമാണ പിൻബലമുള്ളത് തെക്കേ ഇന്ത്യയിൽ ഇസ് ലാം നേരത്തെ എത്തിയിട്ടുണ്ട് എന്നതിനു തന്നെയാണ്. സൈനിക നടപടികളിലൂടെ ഇസ് ലാം സിന്ധിൽ പ്രവേശിക്കുന്നതിനുമുമ്പ് തന്നെ ഇസ് ലാം വളരെ സമാധാനത്തോടു കൂടി ആദ്യകാലത്ത് തന്നെ കേരള തീരങ്ങളിൽ പ്രവേശിച്ചിട്ടുണ്ട്. മുഹമ്മദ്ബ്നു ഖാസിം മെഹ്മൂദ് സബുക്തഗീൻ തുടങ്ങിയവരെല്ലാം വരുന്നതിനുമുമ്പ് തന്നെ സിന്ധിൽ ഇസ്ലാം വ്യാപിച്ചിരുന്നു. അതിനെ കുറിച്ച് മലബാറിന്റെ ചരിത്രമെന്ന പേരിൽ 1922 മാർച്ച് മാസം ഇബ്റത്ത് മാസികയിൽ ഞാനെഴുതിയിട്ടുണ്ട്.’’
അക്ബർ ശാഹ് നജീബാബാദിയുടെ ഈ പ്രസ്താവനയിലൂടെ ദക്ഷിണേന്ത്യയിലേക്കുള്ള ഇസ് ലാമികാഗമനത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുന്നുണ്ട്. ഉർദുവിൽ എഴുതപ്പെട്ട ചില ഗ്രന്ഥങ്ങളിലും ഇത്തരം വസ്തുതകൾ പരിഗണിക്കാത്ത ചില പക്ഷപാതിത്വങ്ങൾ പ്രകടമായിരുന്നുവെന്നതുകൊണ്ടു കൂടിയാണ് അക്ബാർ ശാഹ് നജീബാബാദി തന്റെ വിശകലനങ്ങളിൽ ഈ വിഷയം പ്രത്യേകമായി ഊന്നിപ്പറയുന്നത്.
മൗലാനാ സയ്യിദ് സുലൈമാൻ നദ് വി ഇന്ത്യയിലേക്കുള്ള ഇസ്ലാമിക ആഗമനത്തെ കുറിച്ച് മആരിഫ് മാസികയിൽ 1924 ജനുവരി ലക്കത്തിൽ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. അദ്ദേഹം വസ്തുനിഷ്ഠ തെളിവുകൾ നിരത്തി അറബ് ജനത നുബുവ്വത്തിന്റെ കാലത്തിന് മുമ്പ് തന്നെ തെക്കേ ഇന്ത്യൻ തീരങ്ങളിൽ വന്നുകൊണ്ടിരുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട്. മലബാർ, കോറമണ്ഡൽ, സരൻദ്വീപ്, ജാവ, സുമാത്ര, ചൈന ഈ ഭാഗങ്ങളിൽ വ്യാപാര ആവശ്യങ്ങൾക്കുവേണ്ടി അറബികൾ വന്നുകൊണ്ടിരുന്നു. ചൈനയിൽ സ്വഹാബിയായ വഹബ്(റ)വിന്റെ ഖബ്റ് ഉള്ളതായി പരാമർശിക്കപ്പെടുന്നുണ്ട്.
തമിഴ്നാടിന്റെ തീരപ്രദേശമായ പറങ്കിപ്പേട്ട എന്നറിയപ്പെടുന്ന മഹ്മൂദ് ബന്ദറിൽ ഉക്കാശ(റ) വിന്റെ മഖ്ബറയുണ്ട്. മദ്രാസിനടുത്ത് കോവളം എന്ന തീരപ്രദേശത്തും തമീമുൽ അൻസാരി(റ) വിന്റെ ഖബ്റുണ്ട്. നബി(സ്വ) തങ്ങളുടെ ആഗമനത്തിന് മുമ്പ് തന്നെ വാണിജ്യ ലക്ഷ്യങ്ങളോടെ അറബികൾ സമുദ്ര യാത്ര ചെയ്തിരുന്നതായി തെളിയിക്കുന്ന പ്രമാണങ്ങൾ സുലഭമായിരിക്കെ ഇക്കാര്യം സംശയരഹിതമാണ്. ഇസ്ലാമികാഗമനം തിരുനബി(സ്വ) തങ്ങളുടെ കാലത്ത് തന്നെ സംഭവിച്ചുവെന്നതിന്റെ നിദർശനങ്ങളാണ് സ്വഹാബിമാരുടെ ഈ മഖ്ബറകൾ എന്ന കാര്യം സുവ്യക്തമാണല്ലോ..? മുസ് ലിംകളല്ലാത്തവരുടെ ഭരണക്രമങ്ങൾ നിലനിന്നിരുന്ന ഈ രാജ്യങ്ങളിലെല്ലാം അനായാസം അവർ പ്രവേശിച്ചത് തന്നെ മുമ്പേ അവർക്ക് ഈ നാടുകളുമായി വാണിജ്യവിനിമയ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നത് കൊണ്ട് തന്നെയാണ്. (ആയിനെയെ ഹഖീഖത്ത് നാമ ഒന്നാം ഭാഗം: 69, 70 പേജുകളിൽ)
അറബികളുടെ വ്യാപാരത്തിന്റെ വൃത്തം എന്ന ആശയം വരുന്ന തമദ്ദുനുൽ അറബ് എന്ന ഗ്രന്ഥത്തിൽ ലീ ബാൻ ഫ്രാനിസി പറയുന്നു:
“അറബികളുടെ സമുദ്ര വ്യാപാരം അനുദിനം ത്വരിതപ്പെട്ടുകൊണ്ടിരുന്നു. കോറമണ്ഡലും മലൈബാറും മാത്രമല്ല ഇന്ത്യൻ ദ്വീപുകളെല്ലാം കടന്ന് അവർ ചൈനയിലെത്തുകയും ചെയ്തിരുന്നു. അതിനാൽ അറബികളുടെയും ഇന്ത്യക്കാരുടെയും ബന്ധം പ്രവാചകാഗമനത്തിന് മുമ്പ് തന്നെ നിലനിന്നിരുന്നു.”
ഹിജ്റ ഒന്നാം നൂറ്റാണ്ടിനുശേഷമുണ്ടായ അറബികളുടെ സാന്നിദ്ധ്യത്തിന്റെ ചില സാക്ഷ്യങ്ങൾ നമുക്ക് അവലോകനം ചെയ്യാം. ഇവ രണ്ട് വിധത്തിലുണ്ട്. ഒന്ന് പ്രാമാണികമായ തെളിവുകളാൽ വ്യക്തമായതും രണ്ട് ഗവേഷണം അർഹിക്കുന്ന വിഷയങ്ങളും.
പ്രാമാണിക പിൻബലമുള്ളത് താഴെ പറയുന്നവയാണ്.
എം.ആർ.എം. അബ്ദുറഹീം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇദ്ദേഹം തമിഴിൽ രചിച്ച ഇസ്ലാമിക കലൈ കളഞ്ചിയം (ഇസ്ലാമിക വിജ്ഞാന കോശം) രണ്ടാം വാള്യം 115 ാം പേജിൽ പറയുന്നു:
കേരളത്തിലെ കൊയിലാണ്ടി കൊല്ലത്ത് അലിയ്യിബ്നു ഉഥർമാൻ ഹിജ്റ 116 ൽ വഫാത്തായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തൃശ്ചിനാപള്ളിയിൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഇന്ന് കല്ലുപള്ളി എന്നറിയപ്പെടുന്ന മസ്ജിദിന്റെ മിഹ്റാബിൽ ശിലാലിഖിതമുണ്ട്. അൽ ഹാജ് അബ്ദുല്ലാഹിബ്നു അൻവർ എന്നവർ ഹിജ്രി 116 ൽ(734) അവിടെ ഒരു മസ്ജിദ് പണിതതായി ഈ ലിഖിതത്തിൽ വ്യക്തമാക്കുന്നുണ്ട്. കല്ലിൽ വലതു ഭാഗത്തു ഖുലഫാഉറാശിദുകളുടെ പേരും മുഹമ്മദ് ഇബ്നു ഹാമിദ് ഇബ്നു അബ്ദുല്ലാഹ് എന്ന നാമവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തൃശ്ചിയിൽ തന്നെ ഉറയൂർ എന്ന നാടിനെ തലസ്ഥാനമാക്കി ചോള വംശ രാജാക്കന്മാർ അന്ന് ഭരിച്ചിരുന്നു. മെയിൻ ഗാർഡ് ഗൈറ്റ് ഫോർട്ട് റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്താണ് ഈ പള്ളി.
അതുപോലെ തന്നെ സിദ്ധീഖുൽ അക്ബർ(റ) വിന്റെ സന്തതി പരമ്പരകളിൽ നിന്നുള്ളവർ മുഹാജിറുകളായി മിസ്റിലുള്ള കറാഫത്തുൽ കുബ്റ എന്ന സ്ഥലത്ത് നിന്നും ജബലുൽ മുഖത്തം എന്ന മിസ്റിലെ ഖാഹിറയിൽ പെട്ട സ്ഥലത്ത് നിന്നും കടൽവഴിയായി ഖലീഫ വാസിഖ് ബില്ലാഹിയുടെ കാലത്ത് കോറോമണ്ഡലം മേഖലയിൽ എത്തിയത് സുവ്യക്തമായ കാര്യമാണ്. വാസ്വിഖു ബില്ലായുടെ കാലത്ത് ഖൽഖുൽ ഖുർആൻ സംബന്ധമായ പ്രശ്നം വന്നപ്പോൾ സുന്നത്ത് ജമാഅത്തിന്റെ വീക്ഷണം വെച്ചുപുലർത്തിയവരോട് ഭരണാധികാരി എടുത്ത കർക്കശ നിലപാട് കാരണം പല പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ പലായനം ചെയ്ത് എത്തിയതായിരുന്നു അവർ. അങ്ങനെ കായൽപട്ടണത്ത് ഹിജ്റ 227(842) ൽ അവരെത്തി. ശൈഖ് മുഹമ്മദ് ഖൽജിയ്യു സിദ്ധീഖി(റ) അവരുടെ നേതാവായിരുന്നു. അവരാകെ സത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാമടക്കം 224 പേരുണ്ടായിരുന്നു. അവർ വന്നശേഷമാണ് ജാമിഉൽ കബീർ മസ്ജിദ് (ആയിരം കാൽ പള്ളി) ഹിജ്റ 228(എ.ഡി. 843) ൽ പണി കഴിച്ചത്. കായൽപട്ടണത്തിന്റെ മധ്യഭാഗത്താണ് ഈ മസ്ജിദ്. ആ മസ്ജിദിന്റെ തൊട്ടടുത്ത് തന്നെ ആദ്യകാല മുസ് ലിംകളുടെ നിരവധി ഖബ്റുകളുണ്ട്. നാമങ്ങളും വഫാത്തിന്റെ വർഷങ്ങളും അതിൽ പലതിലും എഴുതപ്പെട്ടിട്ടുണ്ട്. പലതും അവ്യക്തമാണെങ്കിലും ഗവേഷണം അർഹിക്കുന്ന ഒരു മേഖല തന്നെയാണിത്. ഹിജ്റ 5 ാം നൂറ്റാണ്ടിലെയും ആറാം നൂറ്റാണ്ടിലെയും കല്ലുകൾ ഇന്ന് അവിടെ വ്യക്തമായി കാണുന്നുണ്ട്. അതിൽ സയ്യിദ് അഹ്മദ് ഇബ്നു ശാഹിദ് ഇബ്നു മുഹമ്മദ് അബ്ദുൽ കരീമുൽ മദനി എന്നവർ കടൽ പുറത്തുണ്ടായിരുന്ന ഒരു മസ്ജിദിലെ ഇമാമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. അതിൽ ഹിജ്റ 430 ൽ ദുൽ ഹജ്ജ് മാസം 8(1038) ന് വഫാത്തായി എന്ന് കല്ലിൽ എഴുതി വെച്ചിട്ടുണ്ട്. ഇതെല്ലാം ഞാൻ നേരിൽ കണ്ട് സാക്ഷ്യപ്പെടുത്തിയതാണ്.
കായൽപട്ടണത്ത് പഞ്ചായത്ത് റോഡ് എന്നറിയപ്പെട്ട സ്ഥലത്ത് ഒരു ഖബ്റുണ്ട്. അതിലെ ശിലാലിഖിതത്തിൽ ശൈഖ് അബ്ദുൽ അസീസ് സുൽത്വാനുൽ മഅ്ബർ എന്നവർ ഹിജ്റ 628 ൽ(1231 ൽ) വഫാത്തായതായി കാണപ്പെടുന്നു. കായൽ പട്ടണം തലസ്ഥാനമാക്കി മഅ്ബർ ഭരിച്ച മുസ്ലിം ഭരണാധികാരിയായിരുന്നു ഇദ്ദേഹം. മഅ്ബർ രാജാക്കന്മാരിൽ ഒരാളാണ്. മഅ്ബർ സുൽത്വാൻമാർ ഏഴോ എട്ടോ പേരുണ്ട്,
ചിറുപള്ളി എന്നറിയപ്പെടുന്ന മസ്ജിദിനടുത്തുള്ള ഖബ്റിലും ചില ശിലാ ലിഖിതങ്ങളുണ്ട്. പ്രസ്തുത ലിഖിതങ്ങൾ സ്ഥിരീകരിക്കാൻ വേണ്ടി ഗവൺമെന്റിന്റെ പുരാവസ്തു വിഭാഗത്തിൽ പെട്ട ഒരു ഗവേഷക ടീം വന്നിരുന്നു. അപ്പോൾ അതിൽ അവർ കണ്ടത് സയ്യിദ് അഹ്മദ് എന്നവർ ശഹീദാക്കപ്പെട്ടത് ഹിജ്റ 670 (1272)ലാണ് എന്നാണ്. (ആനുവൽ റിപ്പോർട്ട് ഓഫ് ഇന്ത്യൻ എപ്പിഗ്രഫി ഫോർ 1949-50 ഡിപ്പാർട്ട്മെന്റ് ഓഫ് ആർക്കിയോളജി).
തുടരും.