ഇസ്ലാമിന്റെ ആവിർഭാവ കാലത്തെ സിദ്ധന്മാരുടെ ഇസ്ലാമാശ്ലേഷം

ദക്ഷിണേന്ത്യയിലെ സൂഫി വേരുകൾ: ഭാഗം: 2:
അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി കായൽ പട്ടണം:

അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി കായൽ പട്ടണം:
സിദ്ധ വൈദ്യവിജ്ഞാനം ഇസ്ലാമിന് മുമ്പ് തന്നെ തമിഴ് പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്നാൽ ആദ്യകാലത്ത് തന്നെ ബഹുദൈവ വിശ്വാസങ്ങളിൽ നിന്ന് മുക്തരായിരുന്ന ഈ സിദ്ധന്മാർ ഇസ്ലാം ആശ്ലേഷിച്ചതോടെ ത്വിബ്ബുന്നബവിയുടെ പല ചികിത്സാരീതികളും സ്വാംശീകരിച്ച് സിദ്ധ വൈദ്യവിജ്ഞാനത്തെ നവീകരിക്കുകയായിരുന്നുവെന്നതാണ് വസ്തുത. അറേബ്യൻ സമൂഹവുമായി വാണിജ്യബന്ധങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങളായിരുന്നു അക്കാലത്ത് തമിഴ്നാടിന്റെ പല തീരങ്ങളുമെന്നതിനാൽ തിരുനബി(സ്വ)തങ്ങളുടെ കാലത്ത് തന്നെ ഈ ഇസ്ലാമാശ്ലേഷം സംഭവിച്ചിട്ടുണ്ടാവാനുള്ള സാദ്ധ്യത നിരാകരിക്കാനാവില്ല. വളരെ പഴക്കം ചെന്ന സിദ്ധ വൈദ്യവിജ്ഞാനങ്ങളുൾക്കൊള്ളുന്ന പല പാടലുകളിലും ഇതിന്റെ കൃത്യമായ പ്രമാണങ്ങളുണ്ടായിരിക്കെ ഇവ്വിഷയകമായി കൂടുതൽ സൂക്ഷ്മമായ പഠനങ്ങളാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്.

ദക്ഷിണേന്ത്യയിൽ സിദ്ധന്മാർ, ഋഷിമാർ എന്നെല്ലാമറിയപ്പെടുന്ന ആത്മജ്ഞാനികളായ നിരവധി പേരുണ്ടായിരുന്നു. അവരിൽ വിഖ്യാതരായവർ 1008 പേരാണ്. യഥാർത്ഥത്തിൽ ഇവർ രൂപങ്ങളെയും ബിംബങ്ങളെയും ആരാധിക്കുന്നതിനോട് വിയോജിപ്പുള്ളവരും തങ്ങളുടെ ഗദ്യപദ്യ രചനകളിലൂടെ ശക്തമായി അതിനെ വിലക്കിയവരുമാണ്. സയ്യിദുനാ നൂഹ്(അ)മിന്റെ കാലം മുതൽ ബിംബാരാധന ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. അക്കാലം മുതൽ തന്നെ ബിംബാരാധനയെ വിലക്കുന്നവരും ഇന്ത്യയിലുണ്ടായിരുന്നു. ആത്മജ്ഞാനികളായ ഈ ഋഷിമാരും സിദ്ധന്മാരും പ്രകൃതിയോട് താദാത്മ്യപ്പെട്ട് ജീവിച്ചവരായതുകൊണ്ട് നക്ഷത്രങ്ങളുടെ സഞ്ചാരപദങ്ങൾ, കൃഷിരീതികൾ, വാസ്തു രീതികൾ, വൈദ്യശാസ്ത്ര ചികിത്സാവിധികൾ സസ്യലതാദികളുടെയും ജന്തുജാലങ്ങളുടെയും ഉപകാര ഉപദ്രവങ്ങളെ സംബന്ധിച്ച വിജ്ഞാനീയങ്ങൾ തുടങ്ങിയവയിലെല്ലാം അഗ്രഗണ്യന്മാരായിരുന്നു. ഇങ്ങനെ വസ്തുക്കളുടെ യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച ശരിയായ പരിജ്ഞാനം സിദ്ധിച്ചവരായിരുന്നു അവരെന്നതിനാൽ ബഹുദൈവാരാധന, ബിംബാരാധന, ആൾദൈവങ്ങളെ പൂജിക്കൽ തുടങ്ങിയവയെ വളരെ ശക്തമായി വിമർശിച്ച് അവർ രചിച്ച പല ശ്ലോകങ്ങളും ഓലകളിലും ഗ്രന്ഥങ്ങളിലും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. അവരിൽ പതിനെട്ട് സിദ്ധന്മാർ പ്രമുഖരാണ്. അവരിൽ ഒരാളായിരുന്നു രാമദേവർ. പല യോഗ്യതകളും സിദ്ധിച്ചിരുന്ന ഇവർ മറ്റ് സിദ്ധന്മാരിൽ നിന്നും വ്യത്യസ്തരായിരുന്നു. ഇദ്ദേഹത്തെ കുറിച്ച് മറ്റൊരു സിദ്ധനായ ഭോഗർ എന്നവർ ഭോഗർ 7000 എന്ന ഗ്രന്ഥത്തിൽ 5800, 5801, 5802 എന്നീ ശ്ലോകങ്ങളിൽ ഇപ്രകാരം വിശദീകരിക്കുന്നു:
“പോണാരേ മലൈനാട് ഗുഹൈ കടന്ന്
പൊങ്കമുടൻ നബി തനയെ കാണവെൻട്ര്
കാണാറ് പാതൈ വഴി ചെല്ലുമ്പോത്
കരുങ്കാലൈ നബിക്കൂട്ടം മികവായി കണ്ട്
മാനാന മഗദേവർ പതിയിലപ്പാ
മാർക്കമുടൻ വന്തതനാൽ ഉന്തമക്ക്
ദീനാന ദീൻ പതിയിൽ ഉന്തനൈതാൻ
തിട്ടമുടൻ ശപിത്തിടുവോം എൻറിട്ടാറേ
എൻട്ര ഉടൻ രാമദേവർ താൾപണിന്ത്
എഴിലാണ വാർത്തയത് കൂറുംമ്പോത്
സെൻട്രതുമേ യാക്കോബ് എൻട്രു കൂരി
സിറപ്പുടനെ സുന്നത്ത് സെയ്തുമല്ലോ
തിൻട്രിടവേ റൊട്ടിയത് താനും ഈന്ത്
സിറപ്പുടനെ അസൻ ഉസൈൻ യെൻട്രു കൂരി
വെൻട്രിടവേ ഉപദേശ പിറണവതൈത
വിരുപ്പമുടൻ മലുങ്കുമാർ ഓതിനാരേ
ഓതവേ നബി നായകർ കൂട്ടത്താർകൾ
ഉത്തമർകൾ മനം പോലെ മനതുവന്ത്
നീതമുടൻ മക്ക പുരി കോട്ടൈക്കുള്ളെ
നിഷ്കളങ്ക പക്കിരി യാക്കോബ് തന്നൈ
കോതമുടൻ കൊണ്ട് സെൻട്രാർ അരൻമനയ്ക്കുൾ
കേറാമൽ കൊത്തുബ ഓതിനാർകൾ
വീതമത് പയനറിന്ത സിദ്ധുതാമും
വിടുപെട്ട് വന്തതൊരു യാക്കോബാച്ചെ.
യാക്കോബ് സിദ്ധരുടെ ഈ മക്കായാത്രയെ ജാതി മതഭേദമന്യേ ഗവേഷകരെല്ലാം ഐക്യകണ്ഠേന രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യം പ്രഖ്യാതവും സ്ഥിരപ്പെട്ടതുമാണ്. യാക്കോബ് സിദ്ധർ രചിച്ച വൈദ്യ ചിന്താമണി 700 എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയിൽ പി.പി.എ. ഖാദർ വൈദ്യരും പ്രസ്തുത ഗ്രന്ഥത്തിന് അവതാരിക എഴുതിയ എഡിസൺ വൈദ്യരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിൽ യാക്കോബ് സിദ്ധർ തന്നെ പാടലുകളിൽ അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ്വ) തങ്ങളെ പ്രകീർത്തിക്കുകയും തന്റെ ഇസ്ലാമാശ്ലേഷത്തിന്റെ ചരിത്രം വ്യക്തമാക്കി പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ യാഥാർത്ഥ്യം തമസ്കരിക്കാനും യാക്കോബ് സിദ്ധരെ ബഹുദൈവത്വ സ്വഭാവമുള്ള ഹൈന്ദവാചാരങ്ങൾ പിന്തുടർന്ന ഒരാളായി ചിത്രീകരിക്കാനും വളരെ ആസൂത്രിതമായ ശ്രമങ്ങൾ പിൽക്കാലത്ത് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. പൊതുവെ സിദ്ധന്മാർ ആരും ബഹുദൈവ വിശ്വാസ പാരമ്പര്യമുള്ളവരല്ല എന്ന കാര്യം ഗവേഷകരെല്ലാം പൊതുവായി സ്ഥിരപ്പെടുത്തിയിട്ടുള്ളതാണ്. ലിംഗാരാധനയുടെയും ബഹുദൈവ വിശ്വാസാചാരങ്ങളുടെയും ലാഞ്ചനയുള്ള ചില പാടലുകളും അതിനോടനുബന്ധമായി മെനഞ്ഞുണ്ടാക്കിയ ചില ആഖ്യാനങ്ങളും അടിസ്ഥാനമില്ലാത്തതും പ്രക്ഷിപ്തവുമാണ് എന്ന കാര്യം ഗവേഷകർ തെളിയിച്ചിട്ടുള്ളതാണ്. സിദ്ധന്മാരായ ഈ ആചാര്യന്മാരിൽ ശിവവാക്യർ പാടുന്ന ഈ വരികൾ വിഗ്രഹാരാധനക്കെതിരായ സിദ്ധന്മാരുടെ നിലപാടിന്റെ കൃത്യമായ നിദർശനം തന്നെയാണ്.
നട്ട കല്ലൈ ദൈവമെൻട്ര്
നാല് പുട്പം സൂട്ടിയേ
സുട്രി വന്ത് മുനുമുനെട്ര്
സൊല്ലും മന്ത്രം യാദടാ
നട്ട കല്ലും പേശുമോ
നാഥനുള്ളിറുക്കയിൽ.
സുട്ടസട്ടി സട്ടുവം
കരിച്ചുവൈ അറിയുമോ?
“ദൈവമെന്ന പേരിൽ ഒരു കല്ലിനെ നാട്ടിവെച്ച് നാല് പുഷ്പങ്ങളും അണിയിച്ച് അതിനെ പ്രദക്ഷിണം ചെയ്യുകയും മുനുമുനെന്ന് എന്ത് മന്ത്രമാണെടാ നീ ചൊല്ലുന്നത്. നാട്ടിയ കല്ല് സംസാരിക്കുമോ? (നമ്മുടെ) അകപ്പൊരുളായി ഉള്ളിൽ നാഥനാണ് സ്ഥിതി ചെയ്യുന്നത്. ചുട്ട പാത്രവും ഭക്ഷണച്ചട്ടിയും ഭക്ഷണത്തിന്റെ രുചി അറിയുമോ?”
ഇത്തരം പാടലുകൾ പുറത്തുവന്നപ്പോൾ തമിഴ്നാട്ടിലെ സവർണ്ണ ജ്ഞാനബോധം പേറുന്ന ശ്രീനിവാസ അയ്യങ്കാർ പോലെയുള്ളവർ സിദ്ധന്മാരെ വളരെയേറെ ആക്ഷേപിക്കുകയും അവരുടെ മേൽ അപവാദങ്ങൾ മെനഞ്ഞുണ്ടാക്കുകയും ചെയ്തു.(ഇസ്ലാമിക കലൈ കലഞ്ചിയം 2ാം ഭാഗം: പേജ്: 122)
എന്നാൽ ഈ അപവാദ പ്രചാരണങ്ങളെയെല്ലാം മറികടക്കുന്ന വിധം സിദ്ധന്മാരുടെ വിഗ്രഹാരാധനക്കെതിരായ നിലപാടുകൾ സ്ഥിരപ്പെട്ടതും പ്രമാണങ്ങൾ സാധൂകരിക്കുന്നതുമാണ്.
യാക്കോബ് സിദ്ധരുടെ ഇസ്ലാമാശ്ലേഷവും തിരുനബി(സ്വ) തങ്ങളുമായുള്ള കൂടിക്കാഴ്ചയും സ്ഥിരപ്പെട്ടതാണെന്ന് പ്രമുഖ ഗവേഷകനായ രാമകൃഷ്ണ റാവു അദ്ദേഹത്തിന്റെ ദ ക്രിട്ടിക്കൽ സ്റ്റഡീസ് ഓഫ് സിദ്ധാസ് ആൻഡ് സൂഫീസ് ഇൻ ഹിസ്റ്റോറിക്കൽ പേഴ്സ്പെക്റ്റീവ് എന്ന ഗവേഷണ പ്രബന്ധത്തിൽ പ്രമാണ ബദ്ധമായി സ്ഥിരീകരിക്കുന്നുണ്ട്. മാത്രമല്ല യാക്കോബ് സിദ്ധരുടെ പ്രവാചകർ(സ്വ) തങ്ങളുമായുള്ള ബന്ധത്തെ സ്ഥിരപ്പെടുത്താൻ സഹായകമായ അദ്ദേഹത്തിന്റെ കാവ്യഗ്രന്ഥത്തിൽ നിന്നു തന്നെയുള്ള നിരവധി ഉദ്ധരണികൾ നൽകി ഇക്കാര്യം പരാമർശിക്കുന്ന ഒരു ചരിത്രപഠന ലേഖനം മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൊന്നായ പച്ചക്കുതിരയിൽ ഡോ: സുരേഷ് മാധവ് എഴുതിയിട്ടുണ്ട്.(പച്ചക്കുതിര: മെയ്: 2019)
യാക്കോബ് സിദ്ധരുടെ ജീവിത കാലത്തെ സംബന്ധിച്ചുള്ള വസ്തുതകളെ തമസ്കരിക്കാനും തിരുനബി(സ്വ) തങ്ങളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയെ നിഷേധിക്കാനും ചില തത്പര കക്ഷികൾ അദ്ദേഹത്തിന്റെ ജീവിത കാലത്തെ സംബന്ധിച്ച് ചില അവ്യക്തതകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും മതിയായ പ്രമാണ പിൻബലമുള്ള വാദങ്ങളല്ല. ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായ സിദ്ധ വൈദ്യത്തിന്റെ വികാസത്തിൽ ത്വിബ്ബുന്നബവിയുടെ സ്വാധീനങ്ങൾ വളരെ ഏറെയുണ്ട്. ഈ സങ്കലനത്തിന്റെ പ്രധാന കാരണക്കാരായി വർത്തിച്ചത് തമിഴ്നാട്ടിലെ സിദ്ധ വൈദ്യആചാര്യന്മാരും സൂഫികളുമായ യാക്കോബ് സിദ്ധരും ഭോഗരുമാണെന്ന കാര്യം സുവിധിതമാണ്.
ജനങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ജീവിതത്തിന് എക്കാലവും ഉപകരിക്കുന്ന ഇത്തരം സംശോധന ചെയ്ത സിദ്ധവൈദ്യ വിധികൾ ഇസ്ലാമിന്റെ സംഭാവനയായി ഇപ്പോഴും നിലനിൽക്കുന്നു. യാക്കോബ് സിദ്ധർ മക്കയിൽ പോയി നബി(സ്വ) തങ്ങളുമായി സന്ധിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തുവെന്ന ചരിത്ര വസ്തുതയെ ഇസ്ലാമിക കലൈ കലഞ്ചിയം എന്ന ഗ്രന്ഥത്തിലും പ്രമുഖ ഗ്രന്ഥകാരൻ എം.ആർ.എം. അബ്ദുറഹീം രേഖപ്പെടുത്തിയിട്ടുണ്ട്. ഭോഗർ തന്റെ പന്നീറായിരം(പന്ത്രണ്ടായിരം) എന്ന ഗ്രന്ഥത്തിൽ തന്റെയും യാക്കോബ് സിദ്ധരുടെയും ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് പലയിടത്തും വിശദീകരിക്കുന്നുണ്ട്. ഭോഗരുടെ ഈ ഗ്രന്ഥത്തിലെ ഒരു പാടൽ നോക്കുക;
“മുത്താനെ വേദം കാൻ മുഹമ്മദ് വേദം
മുന്നുദിത്തു പിൻപിറന്താർ മുഹമ്മദെൻബാർ.”
മുഹമ്മദ് നബി(സ്വ) തങ്ങളുടെ വേദം നീ നോക്കുക. അത് മുത്തുപോലെയാണ്. ആ നബി(സ്വ) മുമ്പേ ഉദിച്ചവരും അവസാനം ജനിച്ചവരുമാണ്.”
യാക്കോബ് സിദ്ധരുടെയും ഭോഗർ സിദ്ധരുടെയും ഇസ്ലാമിക സ്വീകരണത്തെ സംബന്ധിച്ചും മറ്റ് സിദ്ധന്മാരുടെ യഥാർത്ഥ വിശ്വാസങ്ങളെ സംബന്ധിച്ചും പ്രമുഖ എഴുത്തുകാരൻ പസുംങ്കതിർ പത്രികയുടെ എഡിറ്ററും സേതുമുതൽ സിന്ധുവരെ എന്ന ആധികാരിക ചരിത്ര ഗവേഷണ ഗ്രന്ഥത്തിന്റെ രചയിതാവുമായ എം.കെ. ഈസാ മൗലാനാ(റ) രചിച്ച “മുഹമ്മദ്(സ്വ)എന്ന പെരുംസിദ്ധർ’ എന്ന ഗ്രന്ഥം ഇവ്വിഷയകമായ പഠനങ്ങൾക്ക് പ്രാമാണികമായ ഒരവലംബ കൃതിയാണ്.
ജനങ്ങളെ സത്യപാതയിലേക്ക് ഉദ്ബോധിപ്പിക്കാനും അവരുടെ വിശ്വാസങ്ങളെ സ്ഫുടം ചെയ്യാനും പൊതുനന്മക്കുവേണ്ടി ലളിത ഭാഷയിൽ വൈദ്യവിധികൾ വിനിമയം ചെയ്യാനും ഇവർ നടത്തിയ ശ്രമങ്ങൾ തീർച്ചയായും അവിസ്മരണീയമാണ്. പുതിയ ഗവേഷകർക്ക് വളരെ വിശാലമായ ഒരു വൈജ്ഞാനിക മേഖലയാണ് ഈ സിദ്ധന്മാരുടെ ധൈഷണിക ജീവിതവും, കൃതികളും പ്രവർത്തനങ്ങളും. സിദ്ധന്മാരുടെ വിശ്വാസവും തത്വചിന്താപരമായ അടിസ്ഥാനങ്ങളും വിശദീകരിക്കുന്ന “പതിനെട്ട് സിദ്ധർകൾ ജ്ഞാന കോവൈ’ എന്ന ഗ്രന്ഥത്തിൽ തമിഴ്നാട്ടിലെ വിഖ്യാത സൂഫിയായിരുന്ന തക്കല പീറപ്പ(റ) എന്നവരുടെ “ജ്ഞാനരത്തിന കുറവഞ്ചി’ എന്ന പ്രഖ്യാത രചനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കമലമുനി എന്ന് ഇന്ന് അറിയപ്പെടുന്ന സിദ്ധർ യഥാർത്ഥത്തിൽ കമാൽ സിദ്ധർ എന്നറിയപ്പെട്ട സൂഫിയാണ്. ഇക്കാര്യം “തേപ്പോ മീനാച്ചി സുന്ദരനാർ’ എന്ന ഗവേഷകൻ പ്രമാണ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. സിദ്ധ വൈദ്യശാസ്ത്രത്തിന്റെ ആചാര്യന്മാരായി അറിയപ്പെടുന്ന യാക്കോബ്, ഭോഗർ തുടങ്ങിയ സിദ്ധന്മാരുടെ കൃതികൾ ഇന്നും സിദ്ധവൈദ്യ വിജ്ഞാനത്തിന് അടിസ്ഥാന ഗ്രന്ഥങ്ങളാണ്.
സിദ്ധ വൈദ്യവിജ്ഞാനം ഇസ്ലാമിന് മുമ്പ് തന്നെ തമിഴ് പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്നാൽ ആദ്യകാലത്ത് തന്നെ ബഹുദൈവ വിശ്വാസങ്ങളിൽ നിന്ന് മുക്തരായിരുന്ന ഈ സിദ്ധന്മാർ ഇസ്ലാം ആശ്ലേഷിച്ചതോടെ ത്വിബ്ബുന്നബവിയുടെ പല ചികിത്സാരീതികളും സ്വാംശീകരിച്ച് സിദ്ധ വൈദ്യവിജ്ഞാനത്തെ നവീകരിക്കുകയായിരുന്നുവെന്നതാണ് വസ്തുത. അറേബ്യൻ സമൂഹവുമായി വാണിജ്യബന്ധങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങളായിരുന്നു അക്കാലത്ത് തമിഴ്നാടിന്റെ പല തീരങ്ങളുമെന്നതിനാൽ തിരുനബി(സ്വ)തങ്ങളുടെ കാലത്ത് തന്നെ ഈ ഇസ്ലാമാശ്ലേഷം സംഭവിച്ചിട്ടുണ്ടാവാനുള്ള സാദ്ധ്യത നിരാകരിക്കാനാവില്ല. വളരെ പഴക്കം ചെന്ന സിദ്ധ വൈദ്യവിജ്ഞാനങ്ങളുൾക്കൊള്ളുന്ന പല പാടലുകളിലും ഇതിന്റെ കൃത്യമായ പ്രമാണങ്ങളുണ്ടായിരിക്കെ ഇവ്വിഷയകമായി കൂടുതൽ സൂക്ഷ്മമായ പഠനങ്ങളാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്. ഇത്തരം പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ദിശ നൽകുന്ന ചില സൂചനകൾ മാത്രമേ ഇവിടെ നൽകാൻ നിർവ്വാഹമുള്ളൂ. സിദ്ധന്മാരുടെ പ്രവർത്തന മണ്ഡലം സാധാരണ ജനങ്ങളായിരുന്നു. വൈദിക ബ്രാഹ്മണിസത്തിന്റെ ശ്രേണീകൃതമായ സാമൂഹിക സംവിധാനങ്ങൾക്ക് യാതൊരർത്ഥത്തിലും മേൽക്കോയ്മയില്ലാതിരുന്ന അക്കാലത്ത് ആദ്യമേ ദ്രാവിഡ പാരമ്പര്യങ്ങളിലൂന്നി മനുഷ്യബന്ധങ്ങളെ പരിഗണിച്ച ഈ സിദ്ധന്മാർ ഇസ്ലാം ആശ്ലേഷിച്ചതോടെ കൂടുതൽ മനുഷ്യസ്നേഹികളാവുകയും എല്ലാ വിഭാഗം ജനങ്ങൾക്കും അവരിൽ നിന്ന് ഫലം സിദ്ധിക്കാൻ സാധിക്കുകയും ചെയ്തു.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy