നബീൽ മുഅബി:
ഇസ് ലാമിന്റെ വെളിച്ചം തിരോഭവിച്ചു പോകുമെന്ന് വ്യാമോഹിക്കുന്ന ഇരുട്ടിന്റെ ശക്തികൾ പാഴ് കിനാവുകളിലാണ്. മുസ് ലിംകളെ വംശോന്മൂലനം ചെയ്യാനും സാമ്പത്തീകമായും രാഷ്ട്രീയമായും അവരെ ശിഥിലരും ദുർബലരുമാക്കുവാനും വിവിധ പ്രവർത്തന പദ്ധതികളുമായി സജ്ജരായ പല വിധ ദുഃശ്ശക്തികളും ഇന്ന് രംഗത്തുണ്ട്. നുരയും പതയും കുമിളകളും മാത്രമാണവ. അല്ലാഹു അവന്റെ പ്രകാശത്തെ പൂർണ്ണമാക്കുക തന്നെ ചെയ്യുമെന്നത് പരിശുദ്ധ ഖുർആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമാണ്. ഈ ലേഖനം ഇവ്വിഷയകമായി കൂടുതൽ ഉൾക്കാഴ്ചകൾ നൽകുന്നു.
يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَٰفِرُونَ
”അല്ലാഹുവിന്റെ പ്രകാശത്തെ അവരുടെ വായ കൊണ്ട് ഊതി കെടുത്താൻ ശ്രമിക്കുന്നു. നിഷേധികൾക്ക് അനിഷ്ടകരമാണെങ്കിലും അല്ലാഹു അവന്റെ പ്രകാശത്തെ പൂർണ്ണമാക്കുക തന്നെ ചെയ്യും.”
هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ
”സന്മാർഗവും സത്യമായ ആശയങ്ങളുമായിട്ട് ഒരു ദൂതരെ നിയോഗിച്ചിരിക്കുന്നത് അവനാണ്(അല്ലാഹു). മറ്റു ആശയങ്ങളേക്കാളെല്ലാം ഇതിനുളള മേന്മ വെളിവാക്കി നിർത്താൻ അല്ലാഹു ആഗ്രഹിക്കുന്നു. അത് ബഹുദൈവവാദികൾക്ക് ഇഷ്ടമായില്ലെങ്കിലും(അല്ലാഹു അങ്ങിനെ തന്നെ ചെയ്യും.)” (സൂറഃ അസ്വഫ് 8,9)
ഇസ്‍ലാം ദീനിന്റെ ആശയപരമായ ആധിപത്യത്തെ ലോകത്താകമാനം ഉയർത്തി നിർത്തുവാനാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്. അതിനെ നിഷേധ സ്വഭാവക്കാർ എത്ര ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാലും അല്ലാഹു അവന്റെ ഉദ്ദേശത്തെ പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നാണ് ഈ ആയത്തുകളിൽ പറഞ്ഞിരിക്കുന്നത്. മുസ്ലിംകൾ അസ്തിത്വ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ ആയത്തുകളെ നാം എങ്ങിനെ കാണണമെന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. പ്രത്യേകിച്ച് പാശ്ചാത്യാധിപത്യത്തിന്റെ യുഗത്തിൽ പിറവി കൊണ്ട തലമുറകൾക്ക് സ്വഭാവികമായും ഇങ്ങിനെയൊരു ചോദ്യമുണ്ടാവുക തന്നെ ചെയ്യും.
ഒന്നാം ലോക യുദ്ധത്തോടെ നബി(സ്വ) യുടെ കാലഘട്ടം മുതൽ തുടർന്നു വന്നിരുന്ന ഖിലാഫത്ത് എന്ന പേരിലുള്ള ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യത്തിന് അന്ത്യം കുറിച്ച ശേഷമാണ് ഇന്ന് കാണുന്ന അധോഗതിയിലേക്ക് മുസ്ലിം സമൂഹം എത്തുന്നത്. ലോക മുസ്ലിംകളുടെ സുപ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായ ബൈത്തുൽ മുഖദ്ദസ് നഷ്ടപ്പെട്ടു. കൂടാതെ മുസ്ലിംകൾ ന്യൂനപക്ഷമായ നാടുകളിൽ മുസ്ലിംകൾ നേരിടുന്ന വെല്ലുവിളികൾ, മുസ്ലിം ഭൂരിപക്ഷ നാടുകളിലെ അഭ്യന്തര കലാപങ്ങൾ തുടങ്ങിയവയെല്ലാം ദുർബലതയുടെ കാരണങ്ങളാണ്. മറുഭാഗത്ത് സുഖിയന്മാരായ ഏകാധിപതികൾ ഇസ്ലാമിന്റെ ഈറ്റില്ലത്തിൽ തന്നെ സ്വേഛാധിപത്യം പുലർത്തുകയും ചെയ്യുന്നു. ഇന്ത്യയിലും ചൈനയിലുമടക്കം പല രാജ്യങ്ങളിലും മുസ്ലിംകൾ പീഡിതരും പിന്നോക്കാവസ്ഥയിലുമാണ്. സാമൂഹികമായും രാഷ്ട്രീയമായും ഇസ്ലാമിന്റെ ഇന്നത്തെ സ്ഥിതിഗതികളെ അപഗ്രഥിക്കുമ്പോൾ കാണുന്ന കാഴ്ച്ചകളാണിതെല്ലാം. അപ്പോൾ മുകളിൽ ഉദ്ധരിച്ച ആയത്തുകളിൽ പ്രതിപാദിച്ചത് പ്രകാരം അല്ലാഹുവിന്റെ ആശയങ്ങൾക്ക്/ദീനിന് സന്മാർഗ ദീപമായി മാറുന്നതെങ്ങിനെയെന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം!.
തീർച്ചയായും അല്ലാഹു അവന്റെ പ്രകാശത്തെ ജ്വലിപ്പിച്ചു നിർത്തിയിട്ടുണ്ട്. മുസ്ലിംകൾക്ക് എക്കാലത്തും അല്ലാഹു ആധിപത്യം നൽകി അവരെ അധികാരമുള്ളവരാക്കി നിലനിർത്തുമെന്ന് മേൽ ഉദ്ധരിച്ച ആയത്തിന് അർത്ഥമില്ല. വൈജ്ഞാനിക മേഖലയിലോ ശാസ്ത്ര സാങ്കേതിക വിദ്യയിലോ സാമ്പത്തിക രംഗത്തോ മുസ്ലിംകൾ എന്നും മികവുറ്റവരാകുമെന്ന് മനസ്സിലാക്കിയതിലാണ് അബദ്ധമുള്ളത്.
ഇസ്‍ലാമിന്റെ ആശയപരമായ മേൽകോയ്മയും ഇസ്ലാമിന്റെ സന്മാർഗ ദർശനം മുഖേന മനുഷ്യർക്ക് വിജയം കൈവരിക്കാനുള്ള അവസരം നിലനിൽക്കലുമാണ് ഈ ആയത്തിൽ ഉദ്ദേശിച്ചിട്ടുള്ളത്. ആ രൂപത്തിൽ ഇസ്ലാമിനെ ഇന്നും അല്ലാഹു തആല ലോകത്ത് നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇസ്ലാമിനെതിരെ ശത്രുക്കൾ ചെയ്തിട്ടുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ചരിത്രമറിയുന്നവർക്ക് ഇന്നും ഇസ്ലാം ലോകത്ത് നിലനിൽക്കുന്നുണ്ടെന്നത് തന്നെ അത്ഭുതമായിരിക്കും! ഇസ്‍ലാമിനെ തുടച്ചു നീക്കാനായും ഇസ്ലാമിന്റെ ആധിപത്യത്തെ ഇല്ലായ്മ ചെയ്യാനുമായി പാശ്ചാത്യ ശക്തികളുടെ ഭാഗത്ത് നിന്ന് എന്തെല്ലാം നീക്കങ്ങളുണ്ടായിട്ടും ഇസ്ലാം ഇന്നും നിലനിൽക്കുന്നുവെന്ന് മാത്രമല്ല, പാശ്ചാത്യ നാടുകളിൽ ഇന്ന് ഇസ്ലാം പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്ലാമിന്റെ സംസ്കാരത്തിനും രാഷ്ട്രീയാധിപത്യത്തിനുമെതിരെ ഏറ്റവും കൂടുതൽ മുന്നേറ്റം നടത്തിയ പഴയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടനിൽ തന്നെ മുസ്ലിം ജനസംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്!. 1961ൽ ജനസംഖ്യയുടെ ഒരു ശതമാനം പോലും മുസ്ലിംകൾ ഇല്ലാതിരുന്ന ബ്രിട്ടനിൽ 2021 ആകുമ്പോൾ 6.5 ശതമാനം മുസ്ലിം ജനസംഖ്യയുള്ള പ്രദേശമായി മാറി.
നബി(സ) യുടെ കാലഘട്ടത്തിൽ മദീനയിൽ നിലവിൽ വന്ന ഇസ്‍ലാമിന്റെ രാഷ്ട്രീയാധിപത്യം പിന്നീട് ഖലീഫ അബൂബക്കർ സിദ്ധീഖ്(റ) വിന്റെ കാലം മുതൽ 30 വർഷങ്ങൾ ഇസ്ലാമിന്റെ ആധികാരികമായ ഭരണം നിലനിന്നു. അക്കാലയളവിൽ തന്നെ ഇസ്ലാം ലോകത്തെ അടക്കി ഭരിക്കുന്ന വൻ ശക്തിയായി മാറുകയും ഇസ്ലാമിന്റെ ആശയങ്ങൾ കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പ്രചരിക്കുകയും ചെയ്തു. ഇസ്ലാമിന്റെ ഉദയ ഘട്ടത്തിൽ ലോകത്തെ വൻ ശക്തിയായി വിരാജിച്ചിരുന്ന പേർഷ്യ, റോമ സാമ്രാജ്യങ്ങളുടെ ലോകാധിപത്യത്തെ ഇല്ലാതാക്കി കൊണ്ടാണ് ഇസ്ലാമിന്റെ ഖിലാഫത്ത് ഭരണം ഉയർന്നു വന്നത്. അതോടെ രാഷ്ട്രീയതലത്തിലുള്ള ഉയർച്ച തന്നെ ഇസ്ലാമിന് ലഭിച്ചു. എന്നാൽ, അല്ലാഹു തആല ഖുർആനിലൂടെ പറഞ്ഞിരിക്കുന്നത് മനുഷ്യരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടു വരാൻ വേണ്ടിയാണ് ഖുർആൻ അവതരിച്ചിട്ടുള്ളതെന്നാണ്. അഥവാ ഇസ്ലാമിന്റെ ആശയപരമായ പ്രചാരവും മേൽകോയ്മയുമാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്. അത് സാധ്യമാകാൻ വേണ്ട അളവിൽ രാഷ്ട്രീയാധികാരം വേണമെന്നല്ലാതെ എക്കാലത്തും മുസ്ലിംകൾക്ക് ഇവിടെ ഭരണം കൊടുക്കുവാനുള്ള ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ ഇസ്‍ലാമിന്റെ പ്രചാരണത്തിന് തടസ്സമായിരുന്ന പേർഷ്യ-റോമ സാമ്രാജ്യങ്ങളെ രണ്ടാം ഖലീഫ ഉമർ(റ) വിന്റെ ഭരണ കാലത്ത് തന്നെ ഇസ്ലാമിക സൈന്യം കീഴടക്കുകയും അവരുടെ സുപ്രധാന ആധിപത്യ പ്രദേശങ്ങൾ ഇസ്ലാമിന്റെ ആധിപത്യത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതുപോലെ മുസ്ലിംകൾ ഇസ്ലാമിന്റെ പ്രചാരണവുമായി ചെല്ലുന്ന പ്രദേശങ്ങളിൽ അവർ അക്രമിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കെല്ലാം സൈനിക നീക്കങ്ങൾ നടത്തുകയുമുണ്ടായിട്ടുണ്ട്. അങ്ങിനെ ഭൂഖണ്ഢങ്ങളിലെല്ലാം ഇസ്ലാം അതിന്റെ ആശയ പ്രചാരണം സാധ്യമാക്കുകയും നൂറ്റാണ്ടുകളോളം മുസ്ലിംകളുടെ ലോകാധിപത്യം നിലനിൽക്കുകയും ചെയ്തു. ആയിരത്തി ഇരുന്നൂറ് വർഷമെങ്കിലും മുസ്ലിംകളുടെ ലോകാധിപത്യം നിലനിന്നതിന് ശേഷമാണ് പാശ്ചാത്യർ രംഗത്തു വരുന്നത്. അതിനിടയിൽ ഇസ്ലാമിന് എല്ലാ പ്രദേശങ്ങളിലും ആശയപരമായ വേരോട്ടം കിട്ടി കഴിഞ്ഞിരുന്നു.
ഇസ്ലാമിന്റെ ആശയപരമായ വേരോട്ടത്തെ തകർത്തു ഇല്ലായ്മ ചെയ്യാൻ പാശ്ചാത്യരുടെ അധിനിവേശങ്ങൾക്ക് സാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ആധുനിക കാലചരിത്രം. വരണ്ടു കിടന്ന ഊഷര ഭൂമികളിൽ മഴ വർഷിക്കുന്നതോടെ പച്ചപ്പ് തഴച്ച് വളരുന്നത് പോലെ ഇസ്ലാം വീണ്ടും മുളപൊട്ടി വരുന്നതാണ് ഇരുപതാം നൂറ്റാണ്ടിൽ പലയിടത്തും കാണാൻ സാധിച്ചത്. അല്ലാഹു തആല മുസ്ലിംകൾക്ക് ആധിപത്യം നൽകിയിരുന്ന കാലഘട്ടങ്ങളിൽ പോലും അധികാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചല്ല അതിന്റെ പ്രബോധന പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഇസ്ലാം പ്രബോധനവും പ്രചാരവും എന്ന പുസ്തകം രചിച്ച ഓറിയന്റലിസ്റ്റ് എഴുത്തുകാരനായ തോമസ് അർനോൾഡ് പോലും ആ വസ്തുതയിലേക്ക് വിരൽ ചൂണ്ടിയിട്ടുണ്ട്. ഇസ്ലാമിന് വ്യവസ്ഥാപിതമായ ഒരു മിഷ്നറി സംവിധാനം ഇല്ലാതിരുന്ന നാളിലാണ് സൂഫി പ്രബോധകർ മുഖേന അത്യുജ്ജ്വലമായ പ്രബോധന പ്രവർത്തനങ്ങൾ അരങ്ങേറിയത്. ആധുനിക കാലഘട്ടത്തിൽ ആധുനിക ശൈലിയിലുള്ള മിഷനറികൾ രൂപപ്പെട്ടതിന് ശേഷം ആ പഴയ ഉജ്ജ്വലത പ്രകടമായിട്ടില്ല എന്നതാണ് വസ്തുത. പലപ്പോഴും ഇസ്ലാമിക പ്രബോധകർ മുസ്ലിം ഭരണാധികാരികളുടെ തന്നെ അപ്രീതിക്കും പീഡനങ്ങൾക്കും ഇരയായിട്ടുമുണ്ട്. ഖിലാഫത്തിനേക്കാൾ രാജവാഴ്ച്ചയിലേക്ക് ചേർന്ന് നിൽക്കുന്ന ഭരണാധികാരികളിൽ നിന്നാണ് അത്തരം തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്. എന്തായിരുന്നാലും ഇസ്ലാമിന്റെ ആശയപരമായ അതിജീവനം അത്ഭുതകരമായ വിധത്തിലാണ് അരങ്ങേറിയിട്ടുള്ളത് എന്ന് ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാകുക തന്നെ ചെയ്യും.
ഇസ്‍ലാമിനെ തകർക്കാൻ മുസ്ലിം രാജ്യങ്ങൾക്ക് നേരെ സൈനികമായ അക്രമണങ്ങൾ നടത്തിയാൽ മാത്രം മതിയാകില്ല എന്ന് മനസ്സിലാക്കി വിവിധ കാലങ്ങളിലെ സാമ്രാജ്യത്വ കക്ഷികളും പല ഉപജാപങ്ങളും നടത്തിയിട്ടുമുണ്ട്. മുസ്ലിംകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ ഊതിപെരുപ്പിച്ച് അവയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാനും തദ്ദേശീയമായ ദേശീയ ബോധങ്ങളെ ഇളക്കി വിട്ടും അവർ ഒരുപാട് പണിയെടുത്താണ് അവസാനം നിലനിന്നിരുന്ന ഉസ്മാനിയ്യ ഖിലാഫത്തിനെ വരെ തകർക്കുന്നത്. കമാൽ അത്താതുർക്ക് മുഖേന നൂറ്റാണ്ടുകളോളം ഇസ്ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന തുർക്കിയെ പാശ്ചാത്യവത്കരിക്കുകയും വിശുദ്ധ ഖുർആൻ പഠനത്തേയും മറ്റ് ഇസ് ലാമിക വൈജ്ഞാനിക ചലനങ്ങളെയും എന്തിനേറെ ബാങ്ക് വിളിയെ വരെ വിലക്കുകയും ചെയ്താണ് തുർക്കിയുടെ മതനിഷേധപരമായ ആധുനിക മതേതരവത്കരണ പ്രക്രിയ അവർ പൂർത്തീകരിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കിയുടെ ചിത്രമിതായിരുന്നുവെങ്കിൽ ഇന്നത്തെ തുർക്കി അവിടെ നിന്ന് ഇസ്ലാമിക ചലനങ്ങളോടെ ഉയർത്തെഴുന്നേറ്റ് വരുന്നതാണ് കാണുന്നത്. തുർക്കിയേയും ഉസ്മാനിയ്യ ഖിലാഫത്തിനെയും തകർക്കുക മാത്രമല്ല, ഖുദ്സിന്റെ ഭൂമിയായ ഫലസ്ഥീനിൽ ജൂതർക്ക് കുടിയേറാനും അവിടെ ഒരു ജൂത രാഷ്ട്രമുണ്ടാക്കാനും വേണ്ടതെല്ലാം ചെയ്തു കൊടുത്തതും പാശ്ചാത്യരാണ്. അധികാര മോഹികളായ അറബ് രാജാക്കന്മാർക്ക് ജസീറത്തുൽ അറബിനെ വീതം വെച്ചു കൊടുത്തതും ഈ പാശ്ചാത്യ ശക്തികൾ തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ പാശ്ചാത്യ ശക്തികളിൽ മുന്നിൽ നിന്നിരുന്ന ബ്രിട്ടന്റെ കാർമികത്വത്തിലാണ് ഇസ്ലാമിനെ തകർക്കുന്ന നീക്കങ്ങളെല്ലാം നടന്നതെങ്കിൽ പിന്നീട് അമേരിക്കയാണ് മുന്നിലേക്ക് വരുന്നത്. ജനാധിപത്യത്തിന്റെ മഹിമകൾ വിളിച്ചു പറയുന്ന അമേരിക്കക്കും മറ്റു പാശ്ചാത്യർക്കും മധ്യപൗരസ്ത്യ രാജ്യങ്ങളിലെത്തുമ്പോൾ ഇവരുടെ തിണ്ണ നിരങ്ങികളായ രാജാക്കന്മാർക്ക് രാജാധിപത്യം നിലനിർത്തി കൊടുക്കാനാണ് താൽപ്പര്യം. ഈജിപ്തിലും തുർക്കിയിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ അട്ടിമറിച്ച് പട്ടാളഭരണമോ പാവ ഭരണമോ സ്ഥാപിക്കാൻ ഇവർക്ക് ശുഷ്കാന്തിയാണ്. ഇതിനെല്ലാം പുറമെ ലോകത്ത് ഇനി ഒരിക്കലും ഇസ്ലാമിന്റെതായ ഒരു ആധിപത്യം ഉയർന്നു വരാതിരിക്കാൻ ഇസ്ലാമിന്റെ ശബ്ദം ഉറക്കെ ഉയർത്തുന്നവർക്ക് തീവ്രവാദ മുദ്ര ചാർത്താൻ വേണ്ട മീഡിയ സജ്ജീകരണങ്ങളും സജീവമാക്കിയിരിക്കുകയാണ്. ഇതിനെല്ലാം അതിജീവിച്ചു കൊണ്ടാണ് ഇന്ന് പാശ്ചാത്യ നാടുകളിലും ലോകമാസകലവും ഇസ്ലാം പ്രചരിച്ചു കൊണ്ടിരിക്കുന്നത് എന്ന വാസ്തവം നാം തിരിച്ചറിയേണ്ടതുണ്ട്.