പടിഞ്ഞാറൻ പഠനമുറികൾ ഇസ്ലാമിനെ മനസ്സിലാക്കുന്ന വിധം

മായിദ സാൽ:
വിവർത്തനം: മുഹമ്മദ് സിനാൻ കോളയാട്:

ഇസ് ലാമോഫോബിയ ഇന്നൊരു ആഗോള പ്രതിഭാസമാണ്. വംശീയവും വിഭാഗീയവുമായ താത്പര്യങ്ങളോടെ പല ഏകാധിപത്യ ഭരണ കൂടങ്ങളും ഇസ് ലാമിനും മുസ് ലിംകൾക്കുമെതിരെ സ്വീകരിക്കുന്ന കിരാത നടപടികളുടെ നീതീകരണമായാണ് ഇസ് ലാമോഫോബിയ പ്രചരിപ്പിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ശത്രുതയും വിതച്ച് ഹിംസയുടെ വിളകൊയ്യുന്ന ഈ പ്രതിഭാസം ഒട്ടെല്ലാ ഭരണകൂടങ്ങൾക്കും തങ്ങളുടെ ജനവിരുദ്ധത തമസ്കരിക്കാനുള്ള ഒരുപാധി കൂടിയാണ്. സെപ്തംബർ 11 ലെ കുപ്രസിദ്ധമായ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കയിൽ ത്വരിതപ്പെട്ടുകൊണ്ടിരുന്ന ഇസ് ലാമോഫോബിയ എങ്ങനെയാണ് പഠന മുറികളെ പോലും ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ഗവേഷണ പ്രബന്ധമാണിത്.

അധ്യായന വർഷം ആരംഭിച്ചുള്ള രണ്ടാമത്തെ ആഴ്ച്ച, ആ നിദ്രാലസമായ അമേരിക്കൻ നഗരത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ, വിദ്യാർത്ഥികളും അധ്യാപകൻമാരും പരസ്പരം പരിചയപ്പെട്ടുവരികയാണ്. ഒരു ക്ലാസിലെ (മിക്കവാറും കുട്ടികൾ വെളുത്ത ക്രൈസ്തവ മധ്യവർഗ കുടുംബങ്ങളിൽ നിന്നുള്ളവർ) ചരിത്രാധ്യാപകൻ വ്യത്യസ്തമായ ഒരു കാര്യം ആസൂത്രണം ചെയ്തു . 2001, സെപ്തംബർ 11( 9/11) ന് അമേരിക്കൻ ജനതയെ മുഴുവൻ ഭയചകിതരാക്കിയ അൽ ഖ്വൈദ തീവ്രവാദികളുടെ ആക്രമണങ്ങളിൽ വൻ നാശനഷ്ടത്തിനിരയായ ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ തകർച്ചയുടെ പത്താം വാർഷികം ആചരിക്കുന്ന സമയമായിരുന്നു അത്. തദ്വിഷയകമായി കുട്ടികളോട് അധ്യാപകൻ ഒരു കാര്യം ചെയ്യാൻ പറഞ്ഞു.
ഒന്നാമതായി, ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ തൊട്ടടുത്ത് ഒരു മസ്ജിദ് സ്ഥാപിക്കുകയാണെന്ന് കുട്ടികൾ സങ്കൽപ്പിക്കണം, ശേഷം അതിനെക്കുറിച്ചുള്ള വിവരണം തയ്യാറാക്കുക. രണ്ടാമതായി, ‘അൽ ഖ്വൈദ, തീവ്രവാദം, ഇസ്ലാം, മുസ്ലിം, കൈയ്യേറ്റക്കാരൻ(Hijacker), ഇസ്ലാമിസ്റ്റ്’ തുടങ്ങിയ പദ സംഗ്രഹങ്ങളെ ബന്ധപ്പെടുത്തി എഴുതുക.
ചരിത്ര, രാഷ്ട്രീയ, സാമൂഹികമായ പശ്ചാതലങ്ങളൊന്നും നൽകാതെയുള്ള ആക്ടിവിറ്റിയിൽ ലോക പരിജ്ഞാനം കുറവുള്ള ആ കുട്ടികൾക്ക് അസ്വസ്ഥത തോന്നുകയാണ്. പലരും എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം പിറുപിറുക്കാൻ തുടങ്ങി. “എന്തുകൊണ്ടാണ് അദ്ധേഹം, മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്ന് പറയുന്നത്?”…. അടുത്തിരിക്കുന്ന മുസ്ലിം പെൺകുട്ടിയായ ഐഷയുടെ ചിന്താമണ്ഡലത്തിൽ ഉയർന്നു വന്ന ചോദ്യം ബെക്കി (സാങ്കൽപ്പിക നാമങ്ങൾ) യെ ചിന്താകുലയാക്കി.
ബെക്കിയും അവളുടെ കൂട്ടുകാരികളും ചരിത്രാധ്യാപകന്റെ അനുമാനങ്ങളെ പിന്തുടരാൻ വിസമ്മതിച്ചു. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോകും വഴി ബെക്കി, ഐഷയെ ആശ്വസിപ്പിച്ചു:” ഞാനേതായാലും നിങ്ങൾ മുസ്ലിംകളെല്ലാവരും തീവ്രവാദികളാണെന്ന് കരുതുന്നില്ല. സാർ പറഞ്ഞതൊന്നും നീ കാര്യമാക്കിയെടുക്കേണ്ട”. വർഗീയ വിവേചനത്തിനു ആക്കം കൂട്ടുന്ന അധ്യാപകന്റെ ഈ പ്രവൃത്തിയെ കുറിച്ച് ബെക്കിയുടെ മാതാപിതാക്കൾ ഐഷയുടെ വീട്ടുകാരുമായി ചർച്ച ചെയ്തു. ചരിത്ര പാoപുസ്തകങ്ങളിലെ ഇത്തരം വംശീയ അധിക്ഷേപങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അവർ തീരുമാനിച്ചു.
അടുത്ത ദിവസം തന്നെ ഐഷയുടെ മാതാപിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനോടും നടേ പരാമർശിച്ച അധ്യാപകനോടും കാര്യങ്ങൾ തിരക്കി. കുട്ടികൾ അങ്ങനെ ചിന്തിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് പറഞ്ഞു അധ്യാപകൻ ക്ഷമാപണം നടത്തി. തന്റെ അധ്യാപന ജീവിതത്തിൽ ആ ഒരു വിഷയത്തിൽ ക്ലാസ് നടത്തിയതായി ഓർമ്മയില്ലെന്ന് പ്രിൻസിപ്പലും. എങ്കിലും, ഈയൊരു സംഭവം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.”
വിമർശനാത്മക രീതിശാസ്ത്രം:
ഐഷയുടെ മാതാപിതാക്കൾ ഈ സംഭവുമായി ബന്ധപ്പെട്ട് മാർഗ്ഗോപദേശം തേടിയപ്പോഴാണ്, ഐഷയുടെയും ബെക്കിയുടെയും കഥ എന്റെ ശ്രദ്ധയെ പിടിച്ചുപറ്റുന്നത്. പഠനമുറികളിൽ, വിമർശനാത്മക രീതിശാസ്ത്രത്തിന്റെ ആവശ്യകതയിലേക്ക് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നു.
ഇങ്ങനെയുള്ള ഉദാഹരണങ്ങൾ ക്ലേശകരമായ ധാരാളം ചോദ്യങ്ങളും നൈതിക പര്യാലോചനകളും ഉയർത്തുന്നുണ്ട്. വംശീയ ഒറ്റപ്പെടുത്തലുകളുള്ള അത്തരമൊരു പാഠഭാഗം ക്ലാസ്സുകളിൽ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണ്? എങ്ങനെ സെപ്റ്റംബർ 11( 9/11) ലെ ആക്രമണങ്ങളെക്കുറിച്ചുള്ള ഒരു പാഠം വ്യത്യസ്തമായി പഠിപ്പിക്കാൻ കഴിയുന്നു? എന്തുകൊണ്ടാണ് വിദ്യാസമ്പന്നരായ ആളുകൾ, സാമൂഹിക അധിക്ഷേപങ്ങളെ ലളിതവത്ക്കരിക്കുന്നതിനും തടയുന്നതിനും പകരം അവകളെ നിർബന്ധപൂർവ്വം കെട്ടിപ്പടുക്കാനുള്ള ഒരു മാർഗ്ഗമായി സാക്ഷരതയെ ഉപയോഗപ്പെടുത്തുന്നത്? മുസ്ലിം വിരോധ ചിന്താഗതിയെ പടിഞ്ഞാറൻ മുസ്ലിംകൾ നേരിടുന്നത് എങ്ങനെ? വിദ്യാസമ്പന്നരെന്ന നിലയിൽ, മുസ്ലിം വിദ്യാർത്ഥികൾക്ക് ഒരു സംരക്ഷിത കവചം നിർമ്മിച്ചു നൽകുന്നതിൽ നമ്മുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്?
ഇസ്ലാമോഫോബിയയുടെ പ്രവാഹങ്ങൾ:
2009 ലെ കൗൺസിൽ ഓൺ അമേരിക്കൻ റിലേഷൻസിന്റെ റിപ്പോർട്ടനുസരിച്ച്, ജോലി സ്ഥലങ്ങളിലെയും വിദ്യാലയങ്ങളിലെയും മുസ്ലിംകൾക്കെതിരെയുള്ള പൗരാവകാശ ലംഘനങ്ങൾ വർദ്ധിച്ചു വരികയാണ്. ഉദാഹരണത്തിന്, 2007 ൽ 118 കേസുകളാണ് സാമൂഹ്യ വിവേചനങ്ങളുടെ പേരിൽ റിപ്പോർട്ട് ചെയ്തതെങ്കിൽ, 2008 ആയപ്പോഴേക്കും അത് 153 കേസുകളായി ഉയർന്നു.
മാത്രമല്ല, മുൻ വേൾഡ് ട്രേഡ് സെന്ററിന്റെ സമീപത്ത് ഒരു ഇസ്ലാമിക് കൾച്ചറൽ സെന്ററും മസ്ജിദും നിർമ്മിക്കുന്നതിൽ നടത്തിയ ഒരു പൊതു ചർച്ചയുടെ പശ്ചാത്തലത്തിൽ ‘പ്യൂ റിസർച്ച് സെന്റർ’ (2010) നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ, ഇസ്ലാമിനെ അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കൻ കാഴ്ച്ചപ്പാടുകൾ കുറഞ്ഞു വരികയാണെന്ന് നമ്മുക്ക് മനസ്സിലാക്കാം. റിപ്പോർട്ടുകൾ ഇങ്ങനെ വായിക്കാം: 2005 ൽ, ഇസ്ലാമിനെ അനുകൂലിച്ചുകൊണ്ടുള്ള കാഴ്ച്ചപ്പാടുകൾ 41 % വും പ്രതികൂലമായി 36% വുമാണ് ഉണ്ടായിരുന്നതെങ്കിൽ, 2010 ൽ, അവ യഥാക്രമം 32%, 38% എന്ന നിലയിലേക്ക് താഴ്ന്നു.
ഇവിടെ ഓർമ്മിക്കേണ്ട മറ്റൊരു കാര്യം, ‘സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്സി’ന്റെ കണക്കുകളനുസരിച്ച്, അവസാന ദശകത്തിൽ 43 മില്യൺ ഡോളറുകളാണ് മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങൾക്കായി അമേരിക്കൻ ജനത സംഭാവന ചെയ്തത് (Hing, 2011). മുസ്ലിംകൾക്കെതിരെ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുവിക്കുക എന്ന ദുരുദ്ദേശത്തോടെ നടത്തിയ നോർവീജിയൻ കൂട്ടക്കൊലപാതകത്തിന്റെ കുറ്റവാളി ആൻഡേഴ്സ് ബ്രെവിക്കി(Anders Breivik) നെ സ്വാധീനിക്കുന്നതിൽ അമേരിക്കൻ മുസ്ലിം വിരുദ്ധ ചിന്തകൻമാരാണ് മുൻകൈ എടുത്തത്.
ഈ വിദ്വേഷ പ്രവർത്തനങ്ങൾക്ക് ഇന്ധനം നൽകുന്നതെന്താണ്? മുസ്ലിംകൾ സമൂഹത്തിൽ മാറ്റി നിർത്തപ്പെടണമെന്ന പൊതുജനങ്ങളുടെ ധാരണയെ സ്വാധീനിക്കുന്നതെന്താണ്? അത് സുഗമമാക്കുന്നതിന് സമൂഹമാധ്യമങ്ങളിൽ നിന്നുള്ള ധാരാളം ഇൻപുട്ടുകൾ സഹായിച്ചിട്ടുണ്ട്.
‘മുസ്ലിംകളോടും ഇസ്ലാമിനോടുമുള്ള ഭയം’ എന്ന് പൊതുവിൽ നിർവ്വചിക്കപ്പെടുന്ന ഇസ്ലാമോഫോബിയ മുസ്ലിംകളിലും അല്ലാത്തവരിലും ഒരുപോലെ അനുരണനങ്ങൾ സൃഷ്ടിക്കുന്നവെന്നാണ് അമേരിക്കൻ-അറബ് വിവേചന വിരുദ്ധ സമിതി ഗവേഷണ സ്ഥാപന(American-Arab
Anti-Discrimination Committee Research Institute, 2010)ത്തിന്റെ വിലയിരുത്തൽ. ഉദാഹരണത്തിന്, അറബികളും, സിഖുക്കാരും, സൗത്ത് ഏഷ്യയിലെ ചില മതങ്ങളും മുസ്ലിം വിരുദ്ധ വിവേചനങ്ങൾക്ക് പാത്രമാകാറുണ്ട്.
പ്രാതിനിധ്യരാഷ്ട്രീയം:
വ്യത്യസ്തങ്ങളായ ആശയങ്ങൾ പിന്തുടരുന്ന ആളുകളായതിനാൽ അമേരിക്കൻ മുസ്ലിംകൾ ഒരു അചഞ്ചലമായ വിഭാഗമല്ല, ഒരു പൊതുവായ അടിസ്ഥാനത്തിൽ ചർച്ച ചെയ്യപ്പെടാൻ കഴിയുന്ന ഒരു സമൂഹവുമല്ല. എങ്കിലും, അമേരിക്കയിൽ അധിവസിക്കുന്ന ലക്ഷക്കണക്കിനു മുസ്ലിംകൾ ,തങ്ങളെ പരിചയപ്പെടുത്തുന്നത് ‘അമേരിക്കൻ മുസ്ലിം’ എന്ന നാമത്തിൽ തന്നെയാണ്. വാസ്തവത്തിൽ, അവിടെ താമസിക്കുന്ന മുസ്ലിംകളിൽ പലരും എഴുപത്തിയേഴോളം രാജ്യങ്ങളിൽ നിന്നും കുടിയേറിയവരാണ്. ചിലർ അവിടെ തന്നെ ജനിച്ച ആഫ്രിക്കൻ മുസ്ലിംകൾ, മറ്റു ചിലർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരും.
അതിനാൽ, രാജ്യത്തെ മുസ്ലിംകളുടെ കാര്യങ്ങൾ ഏകീകൃതമാവുകയെന്നത് ഒരു അനിവാര്യമായ കാര്യമല്ല. “അമേരിക്കൻ മുസ്ലിം” എന്ന വാക്കാണ് ഞാൻ ഉപയോഗിക്കുന്നത്. കാരണം ആ വാക്ക്, ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ രാജ്യത്ത് വളരുന്ന ഇസ്ലാമോഫോബിക് പ്രവണതയെ പ്രതിഷ്ഠിക്കുന്നതിനും ചർച്ചകൾ സൃഷ്ടിക്കുന്നതിനും മുസ്ലിം വിദ്യാർത്ഥികൾ നേരിടുന്ന അടിച്ചമർത്തലുകൾക്ക് ആക്കം കൂട്ടുന്ന കീഴ്വണക്കങ്ങൾ തടസ്സപ്പെടുത്തുന്നതിനും ഹേതുവാകും.
ദശാബ്ദങ്ങളായി യു എസിലെയും അറേബ്യയിലേയും മുസ്ലിംകൾ കാർട്ടൂണുകളിലും, ചലച്ചിത്രങ്ങളിലും, മറ്റു ടെലിവിഷൻ പരിപാടികളിലെല്ലാം വംശീയ അധിക്ഷേപം നേരിടുകയാണ്. 9/11 ന് മുമ്പ് തന്നെ ഇസ്ലാമിനെയും മുസ്ലിംകളെയും ഇകഴ്ത്തി കാണിക്കുന്നതിൽ മാധ്യമങ്ങൾ സജീവമായിരുന്നു. സാമൂഹ്യ ശാസ്ത്രഞ്ജനായ ജാക്ക് ഷഹീൻ (Jack Shaheen) നിർമ്മിച്ച അറബികളെ അപരിഷ്കൃതരും അക്രമാസക്തരുമായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. പക്ഷേ, അതിൽ മിക്കവാറും ഫോട്ടോകളിൽ ക്രിസ്ത്യാനികളും, ജൂതൻമാരുമാണ് മുസ്ലിംകളെ പ്രതിനിധാനം ചെയ്തത് (ADC, 2008).
ഈ പൈശാചികവും മനുഷ്യത്വരഹിതവുമായ ചിത്രങ്ങൾ (‘അലാഡിൻ’ എന്ന ഡിസ്നി ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നത് പോലെ പലപ്പോഴും പരോക്ഷമായ രീതിയിൽ) യുഎസ് ജനതയിൽ , മുസ്ലീങ്ങൾക്കും ഇസ്ലാമിനും എതിരെയുള്ള ഭയത്തിനും വിദ്വേഷത്തിനും നിയമസാധുത്വം നൽകാൻ സഹായിച്ചു. മാത്രമല്ല, മാധ്യമങ്ങളിലും രാഷ്ട്രീയത്തിലും നടത്തുന്ന പ്രഭാഷണങ്ങളിൽ ഇസ്ലാമിനെ തീവ്രവാദവുമായി തുലനം ചെയ്യുന്നതും ഇസ്ലാമോഫോബിയയുടെ വളർച്ചയെ വ്യക്തമാക്കുന്നു.
ഇത്തരം വിവേചനപരമായ വ്യവഹാരങ്ങൾ എങ്ങനെയാണ് സ്കൂളുകളിലും ക്ലാസ് മുറികളിലും സ്വയം പ്രത്യക്ഷപ്പെടുന്നത്?
പൊതുവായ ആശങ്കകൾ:
ഗവേഷണത്തിന്റെ ഭാഗമായി ഞാൻ സംസാരിച്ച അമേരിക്കയിലെയും ഹോളണ്ടിലെയും പല യുവാക്കളിൽ നിന്ന് അവിടങ്ങളിൽ തളം കെട്ടി നിൽക്കുന്ന പലതരത്തിലുള്ള ആശങ്കകൾ ശ്രവിക്കാൻ കഴിഞ്ഞു. ജനിച്ചു വീണ നാടുകളിൽ, അവർ നേരിടുന്ന നിർലജ്ജവും ഗൂഢവുമായ ഇസ്ലാമോഫോബിയൻ നിർമ്മിതികളെ കുറിച്ച് അവർ വാചാലരായി. സമൂഹത്തിൽ ഇറങ്ങിയാൽ പല മോശമായ നാമങ്ങളാൽ അവർ വിളിക്കപ്പെടുന്നു. ‘പിന്നോക്ക മതമായ ഇസ്ലാം നിങ്ങളെ അടിച്ചമർത്തുകയാണ്… നിങ്ങൾ അമേരിക്കയിൽ ജീവിക്കേണ്ടവരല്ല… എവിടെ നിന്നാണോ നിങ്ങൾ വന്നത് അവിടേക്ക് തന്നെ മടങ്ങിപ്പോകണം…’ തുടങ്ങിയ താറടിപ്പൻ വാക്കുകളാണ് ഇവർക്ക് കേൾക്കേണ്ടി വരുന്നത്. വിദ്യാലയങ്ങളിലും കളിസ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും ഇസ്ലാമോഫോബിക് സംബന്ധിയായ സംഭവങ്ങൾ അവർ വിവരിച്ചു തന്നു. സമൂഹത്തിലെ മുതിർന്നവരിൽ നിന്നും സമപ്രായക്കാരിൽ നിന്നുമെല്ലാം ഇസ്ലാമിനെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ കേൾക്കുമ്പോൾ, തങ്ങൾ അന്യവത്കരിക്കപ്പെടുന്നതായി അവർക്ക് അനുഭവപ്പെടുന്നു.
ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി ഞാൻ നടത്തിയ ഗവേഷണത്തിൽ പങ്കെടുത്ത ചില മുസ്ലിം യുവതികൾക്കും പറയാനുണ്ടായിരുന്നു, കാര്യങ്ങളേറെ. ദ്വന്ദ്വ ധ്രുവീകരണത്താൽ നിർവചിക്കപ്പെടുന്ന ഐഡൻന്ററ്റികൾ അവർ വെറുത്തു. വിദ്യാർത്ഥി, സഹോദരി, നാട്ടുകാരൻ, കൂട്ടുകാരൻ, നല്ലൊരു അയൽവാസി തുടങ്ങിയ പരിചയപ്പെടുത്തലുകളെ ആഗ്രഹിക്കുന്നു.
വിദ്യാസമ്പന്നരെന്ന നിലയിൽ നമ്മുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. വിദ്യാർത്ഥികൾ, അവർ ജീവിക്കുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാതലങ്ങളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നതിൽ അവരെ പ്രാപ്തരാക്കിയെടുക്കുന്നതിലൂടെ ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണയെ വികസിപ്പിച്ചെടുക്കാൻ നാം ബാധ്യസ്ഥരാണ്. ഈ ഉത്തരവാദിത്വം തീർച്ചയായും യുദ്ധങ്ങളെയും വിവേചനങ്ങളെയും അടിച്ചമർത്തലുകളെയും സംബന്ധിച്ചുള്ള വിശദമായ ചർച്ചകളെ ഉൾപ്പെടുത്തുന്നതാവണം.
ഉപരി സൂചിത സംഭവത്തിലെ അധ്യാപകൻ 9/11 നെ കുറിച്ചുള്ള പാഠം പഠിപ്പിക്കാൻ പാടില്ല എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും, പ്രായത്തിനനുസരിച്ചുള്ള പാഠ്യപദ്ധതികളിലൂടെയും ബോധന ശാസ്ത്രത്തിലൂടെയും വിദ്യാർത്ഥികളെ വളർത്തിക്കൊണ്ടുവരാൻ അധ്യാപകർ പ്രാപ്തരായിരിക്കണം.
ക്ലാസ് റൂമുകൾ കേവലം കാൽപ്പനിക കഥകൾക്കും മോക്ക് ഡിബേറ്റുകൾക്കും കളികൾക്കും വേണ്ടി മാത്രം റിസർവ്വ് ചെയ്യപ്പെടേണ്ടവകളല്ല. മറിച്ച്, ആഗോള-രാഷ്ട്രീയ, സാമൂഹിക, ഒപ്പം ചരിത്രപരവുമായ പിരിമുറുക്കങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുമായ ഇടങ്ങളാണ്. നമ്മുടെ വിദ്യാർത്ഥികൾക്ക് അവരുടെ ലോകത്തെ വിമർശനാത്മകമായി വായിക്കാൻ കഴിയും വിധത്തിലുള്ള പാഠ്യ പരിസരങ് നാം നിർമ്മിച്ചു നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy