കെ അബൂബക്കർ
അടിമ കുലത്തിന്റെ പ്രതിനിധിയും പ്രവാചക പ്രേമിയുമായ ബിലാൽ(റ)വിന്റെ പീഢാനുഭവ ചരിത്രത്തെ ആഖ്യാനം ചെയ്ത് എൺപതുകളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ച അഹ് മദ് കുട്ടി ശിവപുരത്തിന്റെ ബിലാലിന്റെ ഓർമ്മകൾ എന്ന ചരിത്രാഖ്യായികയെ പുതിയ കാലത്ത് പുനർവായിക്കുന്ന പഠനം. ചരിത്രത്തിന്റെ നായകപദവിയിലേക്കു നയിക്കപ്പെടാവുന്ന ഗുണങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്തവനെന്ന് ആദ്യനോട്ടത്തിൽതന്നെ തള്ളിക്കളയാവുന്ന ഒരു ആഫ്രിക്കൻ അടിമയെ എക്കാലത്തെയും വിമോചന ദൗത്യങ്ങൾക്ക് നെടുനായകനാവുന്ന വിധം പരിവർത്തിപ്പിച്ച ഇസ് ലാമിന്റെ വിമോചനാത്മക വായന.
മരുഭൂമിയിലൂടെ പരന്നൊഴുകുന്ന നിലവിളിയെന്നു പള്ളിമിനാരത്തിൽനിന്ന് ഉയരുന്ന ബാങ്കൊലിയെ വിശേഷിപ്പിച്ചത് ഒ.വി. വിജയനാണെന്നാണ് ഓർമ. കൗതുകത്തോടെ ബാങ്കിനു കാതോർക്കുകയും അതിന്റെ പൊരുളുതേടിപ്പോവുകയും ചെയ്തിരിക്കണം അദ്ദേഹം. അതുകൊണ്ടാണു ഖസാക്കിന്റെ കല്പനാലോകത്തു നിന്നു നൈജാമലി മുഴക്കിയ ബാങ്കിന്റെ നാദം വായനക്കാരുടെ മനസ്സിൽ ശ്രുതിചേർന്നുനിന്നത്. നാദച്ചാരുതയിൽ തളഞ്ഞുപോകാതെ അതൊഴുകിവന്ന ചരിത്രവഴിയിലൂടെ തിരിച്ചുനടന്ന് ആദ്യമായി ബാങ്കുവിളിച്ചയാളിന്റെ ജീവിതത്തിൽ എത്തിച്ചേർന്നിരിക്കണം. അപമാനിതവും ചോരകിനിയുന്നതുമായ ബിലാലിന്റെ ജീവിതത്തിലൂടെ കനിവോടെ സഞ്ചരിച്ചിരിക്കണം. ആ അടിമജീവിതത്തിന്റെ അനുഭവസാരത്തിൽ മുങ്ങിനിന്നു കേട്ടതുകൊണ്ടാകണം നൂറ്റാണ്ടുകൾക്കിപ്പുറം മുഴങ്ങുന്ന ബാങ്കൊലിയും മരുഭൂമിയിലൂടെ പരന്നൊഴുകുന്ന നിലവിളിയായി അദ്ദേഹത്തിന് അനുഭവപ്പെട്ടത്.
വിജയൻ ബിലാലിന്റെ ജീവിതംകൊണ്ടു ബാങ്കിനെ വായിച്ചതുപോലെ അതേ ജീവിതംകൊണ്ട് ഇസ് ലാമിനെ വായിക്കുകയാണു ബിലാലിന്റെ ഓർമകൾ എന്ന കൃതിയിലൂടെ അഹ്മദ്കുട്ടിശിവപുരം. എഴുത്തുകാരന്റെ സാക്ഷ്യപത്രപ്രകാരം ഇതൊരു ചരിത്രാഖ്യായികയാണ്. കഥാപാത്രങ്ങളത്രയും ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ തെളിഞ്ഞുനിൽക്കുന്നവരാണ്. സംഭവങ്ങളും അന്തരീക്ഷവും പോലും മിക്കവാറും ചരിത്രപരമാണ്, ഭാവനാത്മകമല്ല. ആഖ്യാനത്തിനായി തെരഞ്ഞെടുത്ത ഓർമകളിലൂടെയുള്ള സഞ്ചാരവും അതിനനുയോജ്യമായ ഭാഷയുമാണ് ഈ കൃതിയിലെ ഭാവനാംശങ്ങൾ. അത്രയുംകൊണ്ടുതന്നെ വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുമാറു സംഘർഷഭരിതമായ ഒരു ചരിത്രസന്ധിയാണ് ആഖ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നാടകീയത നിറഞ്ഞ ജീവിതാനുഭവങ്ങൾ, വിരസതയ്ക്കു പഴുതില്ലാത്തവിധം വൈവിധ്യമാർന്ന സംഭവങ്ങളും സന്ദർഭങ്ങളും. അതിനാൽ സൗന്ദര്യാന്വേഷണമെന്നതിനേക്കാൾ എഴുത്തുകാരന്റെ സത്യാന്വേഷണം എന്ന നിലയിലാണ് ഈ കൃതി പ്രസക്തമാകുന്നത്. ആഖ്യായികയുടെ മുഖാവരണം അദ്ദേഹത്തിന്റെ മുഖംകാക്കുന്ന പരിചയായി മാറിയെന്നതു വേറെ കഥ.
ശിവപുരം ഒരു സത്യാന്വേഷിയായിരുന്നു. സാമൂഹികവും ആത്മീയവുമായ മാനങ്ങളുള്ളതായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ. ദൈവവചനം കാലാന്തരങ്ങളോടും ദേശാന്തരങ്ങളോടും ഒരേ ആയത്തിൽ സംവദിക്കാൻ ശേഷിയുള്ളതാണെന്ന ഉറച്ച വിശ്വാസമുണ്ട് അദ്ദേഹത്തിന്. എന്നിട്ടും സമൂഹത്തിന് ഈ മതംകൊണ്ടു കാര്യമായ ഗുണംലഭിക്കാത്തതെന്ത് എന്നതായിരുന്നു ഈ അന്വേഷിയെ അലട്ടിയിരുന്ന പ്രശ്നം. മതം പുനരാലോചനകൾ അനുവദിക്കാത്ത പ്രമാണവാദമായി കലാശിച്ചതാണു മൗലികപ്രശ്നം. അനുകൂലമാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല അനീതികളെ ന്യായീകരിക്കാൻ കൂട്ടുനിന്നുകൊണ്ടു മാറ്റത്തിന് എതിരുനിൽക്കുന്നതാവുകയും ചെയ്യുന്നു മതം. അതിനാൽ തൗഹീദും വിമോചനവും തമ്മിലുള്ള ബന്ധം തെരക്കിയുള്ളതായിരുന്നു ശിവപുരത്തിന്റെ ചരിത്രസഞ്ചാരം. അതിന്റെ ആദ്യത്തെ മധുരഫലമാണു ബിലാലിന്റെ ഓർമകൾ.
എന്തുകൊണ്ടു ബിലാൽ(റ) എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. പ്രവാചകജീവിതത്തിലൂടെ ആവിഷ്കൃതമായ ഇസ് ലാമിന്റെ അന്തസ്സാരം കണ്ടെത്താനാണെങ്കിൽ മറ്റാരെക്കാളും പാകം സിദ്ദീഖുൽ അക്ബർ(റ)വായിരുന്നില്ലേ? ആജീവനാന്തം പ്രവാചകനോട് ഒന്നിച്ചുണ്ടായിരുന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നില്ലേ സിദ്ദീഖ്(റ). ആ വലിയ സാധ്യത തള്ളിക്കളഞ്ഞതെന്തുകൊണ്ടാണ്? സിദ്ദീഖ്(റ)വിനേ ക്കാൾ ബിലാൽ(റ)വിനുള്ള മേന്മയെന്താണ്? ചരിത്രത്തിന്റെ ചരിത്രം ചികഞ്ഞുനോക്കിയാൽ കാണാവുന്ന ഒരു കൗതുകമുണ്ട്. അധികാരത്തിന്റെയും പൗരോഹിത്യത്തിന്റെയും പടയോട്ടത്തിന്റെയും കഥ പറയുന്നതിലാണ് അത് അഭിരമിക്കുന്നത്. അതുകൊണ്ട് അംബരചുംബികളുടെ ഉയരവും പരിസേവികമാരുടെ എണ്ണവും പണപ്പെട്ടിയുടെ തൂക്കവും പടവാളിന്റെ തിളക്കവും വർണിച്ചുപാടുകയാണു ചരിത്രം പൊതുവിൽ ചെയ്യുന്നത്. അധികാരത്തിന്റെ രഥചക്രത്തിനടിയിൽ പിടയുന്നവരുടെ കഥ അവിടെ കാണാൻ പ്രയാസമാണ്. പുരോഹിതരുടെ മായാവിദ്യകളിൽ കുടുങ്ങി കഷ്ടപ്പെടുന്നവരുടെ ചിത്രം അവിടെ ആലേഖനം ചെയ്യപ്പെടാറില്ല. അടിച്ചമർത്തപ്പെടുന്നവരും അപമാനിക്കപ്പെടുന്നവരുമായ സാധാരണമനുഷ്യരുടെ പേരുച്ചരിക്കാൻപോലും നാണമാണു ചരിത്രത്തിന്. കൊട്ടാരക്കെട്ടുകളുടെ അകത്തളങ്ങളിൽനിന്നും മൺകുടിലുകളുടെ ഞെരുക്കങ്ങളിലേക്കു ആ ചരിത്രത്തെ കൂട്ടിക്കൊണ്ടുപോയ ചരിത്രപുരുഷനാണു പ്രവാചകൻ. കുലമഹിമയോ പണപ്രതാപാദികളോ പിന്തുണയ്ക്കാനില്ലാത്ത അബൂദർറ്(റ)വിന്റെയും സൽമാൻ(റ)വിന്റെയും അമ്മാർ(റ)വിന്റെയും യാസിർ(റ)വിന്റെയും ബിലാൽ(റ)വിന്റെയുമൊക്കെ ജീവിതകഥ തീരാത്ത കൊതിയോടെ കുറിച്ചുവെയ്ക്കപ്പെടാനിടയായത് അങ്ങനെയാണ്. അതിയായ ആദരവോടെ അനന്തരതലമുറകളിലേക്കു കൈമാറിയതും.
പ്രവാചകന്റെ ഈ മുൻഗണന മുസ് ലിം സമൂഹം വിസ്മരിച്ചതോടെ അക്കഥകളൊക്കെയും അവഗണിക്കപ്പെട്ടു. അടിച്ചമർത്തപ്പെടുന്നവരും മാറ്റിനിർത്തപ്പെടുന്നവരുമായ സമകാലികജനതയെ പ്രവാചകൻ(സ്വ) അഭിമുഖീകരിക്കുന്നതെങ്ങനെയെന്നതായിരുന്നു ശിവപുരത്തിന്റെ ആകാംക്ഷ. അതിനു ഗോത്രത്തിന്റെയും നിറത്തിന്റെയും വ്യാപാരത്തിന്റെയും പിൻബലമുണ്ടായിരുന്ന സിദ്ദീഖുൽ അക്ബറല്ലല്ലോ ഉത്തമം. ബിലാലിന്റെ പരിപ്രേക്ഷ്യത്തിൽ പ്രവാചകനെ വായിക്കുകയെന്നതു ലക്ഷ്യമാകുന്നത് അങ്ങനെയാണ്. അതു വിളിച്ചുപറയുന്നുണ്ട് ആഖ്യായികയുടെ താക്കോൽവാക്യമായി കൊടുത്ത ഖുർആൻവാക്യം: “ഭൂമിയിലെ മർദിതവിഭാഗങ്ങൾക്ക് അനുഗ്രഹങ്ങൾ നൽകി ആശ്വസിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു, അവരെ നേതാക്കന്മാരാക്കാനും ഭൂമിയുടെ അവകാശികളാക്കാനും.” അവരുടെ കണ്ണിലൂടെ ഇസ് ലാമിനെ വായിക്കാനാണു ശിവപുരത്തിന്റെ താത്പര്യം.
ഇപ്പോൾ നാം ആ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു: ആരാണു ബിലാൽ(റ)? പ്രബോധനത്തിന്റെ തുടക്കത്തിൽ തന്നെ പ്രവാചകനെ അംഗീകരിച്ച അടുത്ത അനുയായിയാണെന്നു നമുക്കറിയാം. അറേബ്യൻ സമൂഹത്തിൽ അദ്ദേഹം ആരായിരുന്നുവെന്നതാണ് അന്വേഷണവിഷയം. നന്നേ കറുത്ത ഒരാൾ, അരവയർ നിറയാത്ത ദരിദ്രൻ, അന്നം കിട്ടിയാലും കിട്ടിയില്ലെങ്കിലും പണിയെടുക്കാൻ വിധിക്കപ്പെട്ട അടിമ, എഴുത്തും വായനയും ശീലിച്ചിട്ടില്ലാത്ത വിദ്യാവിഹീനൻ, അധികാരക്കസേരകൾക്കൊന്നും പാകമല്ലാത്തവൻ… ചുരുക്കത്തിൽ ചരിത്രത്തിന്റെ നായകപദവിയിലേക്കു നയിക്കപ്പെടാവുന്ന ഗുണങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്തവനെന്ന് ആദ്യനോട്ടത്തിൽതന്നെ തള്ളിക്കളയാവുന്നവ്യക്തി. അങ്ങനെ അയോഗ്യതകളുടെ വിളനിലമായ ബിലാൽ(റ)വിനെ നായകനാക്കി അവതരിപ്പിക്കുന്നുവെന്നതാണു ബിലാലിന്റെ ഓർമകളെ ഒരു അതിശയരചനയാക്കുന്നത്.
ബിലാൽ(റ) ഒരു വ്യക്തിയല്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. ഒരു ജനതയുടെ പ്രതിനിധിയായാണ്. ജീവിതാന്ത്യത്തിലെ തിരിഞ്ഞുനോട്ടമെന്നനിലയിൽ ആവിഷ്കരിക്കപ്പെട്ട ഓർമകളുടെ തുടക്കത്തിൽ തന്നെ ബിലാൽ അയവിറക്കുന്ന ചില വിചാരങ്ങളുദ്ധരിക്കട്ടെ: “ദൈവദൂതൻ വന്നത് എനിക്കുവേണ്ടിയായിരുന്നു. … ജനതയുടെ നാഥൻ, ജനതയുടെ ഉടമ, ജനതയുടെ ദൈവം എന്നീ നിലകളിലാണ് അദ്ദേഹം അല്ലാഹുവിനെ പരിചയപ്പെടുത്തിത്തന്നത്. ജനത എന്നു പറയുമ്പോൾ കഷ്ടപ്പെടുകയും ഭാരം വഹിക്കുകയും പണിയെടുക്കുകയും മർദിച്ച് അവശരാക്കപ്പെടുകയും ചെയ്യുന്ന എന്നെപ്പോലെയുള്ള മഹാഭൂരിപക്ഷമാണല്ലോ വിവക്ഷ. തമ്പുരാക്കന്മാരും രാജാക്കളും പ്രഭുക്കളുമൊക്കെ എവിടെയും എക്കാലത്തും അതിനു പുറത്തുനിൽക്കുന്ന വിശിഷ്ടരാണല്ലോ.” (പേ.21, പതിപ്പു 4) ചരിത്രത്തിന്റെ പിന്നാമ്പുറം പരതിച്ചെന്ന് അറബികളുടെ പൈതൃകം ഒരടിമപ്പെണ്ണിലേക്കു ചേർത്തുവെക്കുന്നതുകൂടി ചേർത്തു വായിക്കാവുന്നതാണ്. അത്തരം ചരിത്രബോധത്താൽ കൈവരുന്ന കരുത്തുമാത്രമല്ല, പ്രവാചകൻ പകരുന്ന ആശയം ഊട്ടിയുറപ്പിക്കുന്ന സാഹോദര്യബന്ധവും അവരെ ഇണക്കിനിർത്തുന്നുണ്ട്. ബിലാലിനെ സൂര്യതാപത്തിൽ പഴുത്ത മണലിൽ കിടത്തി മർദിക്കുകയും മാറിൽ പാറക്കല്ലു കയറ്റിവെക്കുകയും ചെയ്ത കഥ ധാരാളം പറയപ്പെട്ടതാണ്. എന്നാൽ എന്തായിരുന്നു കാശുകൊടുത്തു വാങ്ങിയ ഒരടിമയെ കൊല്ലാക്കൊല ചെയ്യാൻ മാത്രം പ്രകോപനകരമായിരുന്ന കാര്യം എന്നത് അത്രമേൽ ജനകീയമല്ല. ഉടമയും അടിമയുമൊക്കെ ദൈവത്തിന്റെ മുമ്പിൽ ഒരു ചീർപ്പിന്റെ പല്ലുകൾപോലെ തുല്യരാണ് എന്ന പ്രവാചകപാഠത്തിൽ വിശ്വസിച്ചതും വിളിച്ചുപറഞ്ഞതുമാണ്. അതു പറഞ്ഞത് അമ്മാറാണ്. ആ അമ്മാറിന്റെ മുഖത്തു ചാട്ടവാറുകൊണ്ട് അടിക്കാനുള്ള ഉടമയായ ഉമയ്യയുടെ നിർദേശത്തെ ധിക്കരിച്ചതിനാണു ബിലാൽ(റ) പീഡിപ്പിക്കപ്പെടുന്നത്. സ്വന്തം ജീവൻ കളഞ്ഞും ധാർമികമായി ശരിയായ നിലപാടിനൊപ്പം നിൽക്കുകയാണു അദ്ദേഹം. അങ്ങനെ അടിസ്ഥാനവർഗത്തിന്റെ പ്രതിനിധിയായി മാറുന്നു ബിലാൽ(റ). അതുകൊണ്ടു ബിലാലിന്റെ മാത്രം ഓർമകളിലൂടെയല്ല ശിവപുരത്തിന്റെ സഞ്ചാരം. അദ്ദേഹം ഉൾക്കൊള്ളുന്ന ഒരു വർഗത്തിന്റെ ഓർമകളിലൂടെയാണ്. അബൂദർറിനെപോലെ അറിയപ്പെടാത്ത സാധാരണക്കാരന്, കുടിലുപോലുമില്ലാത്ത പരദേശിയായ സൽമാന്, വിലകുറഞ്ഞ അടിമയായ ബിലാലിന്, അങ്ങനെയങ്ങനെ ചേർത്തുപറഞ്ഞാൽ നേരത്തേ പറഞ്ഞ അറേബ്യൻ മരുഭൂമിയിലെ നഗ്നപാദരായ ജനങ്ങളുടെ വേവുകളിലേക്കും വേദനകളിലേക്കും വിമോചനസ്വപ്നമായി ഇസ് ലാം ഒഴുകിയതെങ്ങനെ എന്ന അന്വേഷണമാണു ബിലാലിന്റെ ഓർമകൾ.
എങ്ങനെയാകാം വിമോചനദൈവശാസ്ത്രത്തിന്റെ വിപ്ലവാത്മകമായ ഇസ് ലാമികവഴിയിലേക്കു ശിവപുരം വന്നെത്തിയത്? ആ കാലത്തെ വിശകലനം ചെയ്താൽ രണ്ടുമൂന്നുവഴികൾ തെളിഞ്ഞുകാണാം. എൺപതുകളുടെ ആദ്യപകുതിയിലാണല്ലോ ബിലാലിന്റെ ഓർമകൾ ചന്ദ്രികവാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. വിപ്ലവത്തിന്റെ കേളികൊട്ടുമായി കുതിച്ചുവന്ന കമ്യൂണിസം കേരളത്തിന്റെ മനസ്സിനെ ഇടത്തോട്ടു കൊണ്ടുപോയെങ്കിലും വിപ്ലവം വഴിമാറിപ്പോവുകയാണുണ്ടായത്. തുടർന്ന് നിരാശരായ ഒരു തലമുറ വസന്തത്തിന്റെ ഇടിമുഴക്കത്തിനായി കാതോർക്കുകയും കലാപം കൂട്ടുകയും ചെയ്യുന്ന എഴുപതുകൾ വന്നു. അടിസ്ഥാനവർഗത്തിന്റെ വിമോചനം സകലരുടെയും അജണ്ടയായി മാറിയ കാലമാണത്. എഴുത്തുകാരുടെയും ആലോചനാശീലരായ പുരോഹിതരുടെയും വരെ ഹൃദയം ഇടതുവശത്താണെന്നു പ്രഖ്യാപിക്കപ്പെട്ട കാലം. ലത്തീൻ കത്തോലിക്കാവിഭാഗക്കാരായ കന്യാസ്ത്രീകളും പുരോഹിതരും ദൈവശാസ്ത്രത്തിന്റെ വിമോചനവഴികൾ തേടി കേരളത്തിന്റെ തെരുവുകളിലിറങ്ങുന്നു. അവർ ദൈവത്തെ പാവങ്ങളുടെ ദൈവമായി കാണുകയും തങ്ങളെ ബൈബിളിലെ അനാവിമുകളായി (മർദിതരും തിരസ്കൃതരുമായി) സ്വയം മനസ്സിലാക്കുകയും ചെയ്തകാലം. സിസ്റ്റർ ആലീസിന്റെ നേതൃത്വത്തിൽ നടന്ന മത്സ്യത്തൊഴിലാളി സമരമായിരുന്നു സാംസ്കാരികകേരളത്തിലെ അന്നത്തെ പ്രധാനചർച്ചാവിഷയം. പൊതുവിൽ ക്രിസ്തീയസമൂഹം കമ്മ്യൂണിസത്തോടു സന്ധിയില്ലെന്നു പ്രഖ്യാപിക്കുകയും കടുത്ത മാർക്സിയൻ വിമർശനം ഉയർത്തുകയും ചെയ്ത കാലത്താണ് ഇടതുപക്ഷപരിപ്രേക്ഷ്യത്തിൽ ബൈബിൾ വായിക്കാനുള്ള ശ്രമം കാപ്പനച്ചനാദികൾ നടത്തുന്നത്.
ഇത്തരം പരോക്ഷപ്രകോപനങ്ങൾ കേരളത്തിൽ നിലനിൽക്കേയാണ് ഇറാൻ വിപ്ലവത്തിന്റെ ബൗദ്ധികസ്രോതസ്സ് എന്ന നിലയിൽ അലി ശരിഅത്തിയുടെ ചിന്തകൾ ഇവിടെയെത്തുന്നത്. അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടെ സ്വാധീനം ശിവപുരം തന്നെ രേഖപ്പെടുത്തുന്നുണ്ട്. മതത്തിന്റെ വിമോചകമൂല്യത്തെ കുറിച്ചു ഗൗരവത്തോടെ ആലോചിച്ച ആധുനികകാലത്തെ മുസ് ലിം ബുദ്ധിജീവികളിൽ പ്രധാനിയാണ് ശിഈ പശ്ചാത്തലമുള്ള അലി ശരീഅത്തി. ആധുനികശാസ്ത്രസമൂഹത്തോടു മാത്രമല്ല, പരമ്പരാഗതമതപണ്ഡിതന്മാരോടും ഒരേസമയം വിട്ടുവീഴ്ചയില്ലാതെ കലഹിച്ച വിപ്ലവകാരിയാണ് അദ്ദേഹം. അനീതിക്കും അടിച്ചമർത്തലിനുമെതിരെ ജനങ്ങളെ ബോധവത്കരിക്കാത്തതിനാണു ശാസ്ത്രസമൂഹത്തോടുള്ള കലാപമെങ്കിൽ പരമ്പരാഗതമതപണ്ഡിതരോടുള്ള കലാപം ഇരുതലമൂർച്ചയുള്ളതാണ്. തൗഹീദിന്റെ വിമോചനമൂല്യത്തെ മറച്ചുവെക്കുന്നതിനെതിരെ മാത്രമല്ല പ്രമാണങ്ങൾ ഉദ്ധരിച്ച് അനീതികളെയും അടിച്ചമർത്തലുകളെയും ന്യായീകരിക്കുന്നതിനെതിരെകൂടിയായിരുന്നു മതപണ്ഡിതരെ അദ്ദേഹം വിചാരണചെയ്തത്. ആത്മീയമെന്നോ ലൗകികമെന്നോ നോക്കാതെ മാനുഷികാനുഭവങ്ങളുടെ മുഴുവൻ തലങ്ങളിലും അക്രമത്തിനും അനീതിക്കും അടിച്ചമർത്തലിനുമെതിരായി ദൈവവചനത്തിനു കരുത്തോടെ നിൽക്കാൻ കഴിയണം. ആട്ടിടയരും തൊഴിലാളികളും നിർധനരും അഗതികളുമായിരുന്ന പ്രവാചകരുടെ മതം വിപ്ലവത്തെ ഉൾവഹിക്കുന്നതാണ്. ജനങ്ങൾക്കുവേണ്ടി ദൈവം ജനങ്ങളിലൂടെ അവതരിപ്പിച്ച ആ വിപ്ലവമതവും അധികാരിവർഗം ജനങ്ങളുടെമേൽ അടിച്ചേൽപിക്കുന്ന മതവും തമ്മിൽ എന്നും സംഘർഷത്തിലാണ്, അവർ ഖുർആൻ ഉദ്ധരിക്കുകയും പ്രവാചകമാതൃക എടുത്തുകാട്ടുകയും ചെയ്താലും ശരി. ജനങ്ങളുടെ മതത്തെയാണു, പ്രതിഷേധത്തിന്റെയും സമരത്തിന്റെയും മതത്തെയാണു പ്രവാചകൻ “എന്റെ മതം” എന്നു പരിചയപ്പെടുത്തിയത്.
തുടരും: