ഇസ്ലാമിക ഫെമിനിസം:
ചിന്താ വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും

സൈനുദ്ദീൻ മന്ദലാംകുന്ന്:

ഇസ്ലാമിക ഫെമിനിസം: വൈവിദ്ധ്യം സങ്കീർണ്ണത ഭാവി എന്ന ശീർഷകത്തിൽ ഗവേഷകയായ ഉമ്മുൽ ഫാഇസ രചിച്ച് അദർ ബുക്സ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തെ വിമർശനാത്മകമായി വിശകലനം ചെയ്യുന്ന പഠന ലേഖനം:

സ്ലാമും ഫെമിനിസവുമായുള്ള ബന്ധവും, ഇസ് ലാമിക ഫെമിനിസമെന്ന പേരിൽ ആഗോള വ്യാപകമായി രൂപപ്പെട്ടുവന്ന ആശയ പ്രവണതകളും വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്ന സവിശേഷമായ ഒരു പഠനഗ്രന്ഥമാണ് ഗവേഷണ വിദ്യാർത്ഥിനിയായ ഉമ്മുൽ ഫായിസ രചിച്ച് കോഴിക്കോട് അദർ ബുക്സ് പ്രസിദ്ധീകരിച്ച ഇസ് ലാമിക ഫെമിനിസം: വൈവിധ്യം, സങ്കീർണത, ഭാവി എന്ന ഗ്രന്ഥം. ഇസ് ലാമിക ഫെമിനിസത്തിന്റെ ഉത്ഭവവും വികാസവും സമകാലിക പ്രവണതകളും ഭാവിയും വിശകലന വിധേയമാക്കുന്ന ഈ ഗ്രന്ഥം അക്കാദമിക ലക്ഷ്യങ്ങളോടെ ഈ വിഷയം ഗ്രഹിക്കാൻ ഉദ്ദേശിക്കുന്ന ഒരു ഗവേഷകനുള്ള പ്രാഥമിക പാഠങ്ങളും അതോടൊപ്പം സാധാരണ വായനക്കാർക്ക് ഇവ്വിഷയകമായി സാമാന്യധാരണ പങ്ക് വെക്കുന്ന, ഫലപ്രദമായ ആഖ്യാന മികവുകൊണ്ട് സവിശേഷവും ശ്രദ്ധേയവുമായ ഒരു രചനയുമാണ്. ആകെ അഞ്ച് ഭാഗങ്ങളായാണ് ഗ്രന്ഥം ക്രമീകരിച്ചിരിക്കുന്നത്. ഇസ് ലാമും ഫെമിനിസവും സംഘർഷവും സമവായവും, ഇസ് ലാമിക ഫെമിനിസവും ഖുർആനിന്റെ സ്ത്രീ പക്ഷവായനയും, ഇസ് ലാമിക നിയമവും ഇസ് ലാമിക ഫെമിനിസവും, സൂഫിസവും ഇസ് ലാമിക ഫെമിനിസവും, പോസ്റ്റ് കൊളോണിയലിസവും ഇസ് ലാമിക ഫെമിനിസവും തുടങ്ങിയുള്ള ശീർഷകങ്ങളിലാണ് അദ്ധ്യായങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഇസ് ലാമിക ഫെമിനിസത്തിന്റെ ഭാഗമായി വികസിച്ചു വന്ന വിവിധ ധാരകളെയും ആഗോള വ്യാപകമായി തന്നെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി നിലനിൽക്കുന്ന ഇസ് ലാമിക ഫെമിനിസത്തിന്റെ പ്രതിനിധാനത്തെയും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ സാമ്പ്രദായിക പ്രവണതകളിൽ നിന്നുള്ള ഇസ് ലാമിക ഫെമിനിസ്റ്റ് ചിന്തകളുടെ വിച്ഛേദത്തെയും കൃത്യമായി വേർതിരിക്കാനും അടയാളപ്പെടുത്താനും ഗ്രന്ഥകാരി പരിശ്രമിക്കുന്നുണ്ട്. എന്നാൽ ഫെമിനിസം എന്ന സംവർഗത്തെ തന്നെ ലിംഗപക്ഷങ്ങൾക്കതീതമായ ദൈവിക പക്ഷത്ത് നിന്ന് ഖുർആനിന്റെയും ഇസ് ലാമിന്റെയും നൈതികമായ ഒരു മൂല്യപരിസരത്ത് നിന്ന് പ്രശ്നവത്കരിക്കാനുള്ള പ്രയത്നങ്ങൾ വേണ്ടത്ര വികസിക്കുന്നില്ല എന്നത് മറ്റെല്ലാ മേന്മകളും നിലനിൽക്കുമ്പോൾ തന്നെ ഈ ഗ്രന്ഥത്തിന്റെ ഒരു പരിമിതിയായി അനുഭവപ്പെടുന്നുണ്ട്.
മതേതര ലിബറൽ പൊതുബോധത്തിന് പ്രാമുഖ്യമുള്ള ഡൽഹിയിലെ കാമ്പസുകളിൽ വിശ്വാസിയെന്ന പ്രത്യക്ഷതയോടെ മുസ് ലിം സ്ത്രീയായുള്ള തന്റെ വിദ്യാർത്ഥി പ്രതിനിധാനം എത്രമാത്രം സമരോത്സുകവും രാഷ്ട്രീയപരവുമായിരുന്നുവെന്ന് ആമുഖ ഭാഗത്ത് ഗ്രന്ഥകാരി അനുസ്മരിക്കുന്നുണ്ട്. ഫെമിനിസ്റ്റ് ആശയങ്ങളെ പ്രതിനിധീകരിക്കുന്ന പുരോഗമന ലിബറൽ പൊതുബോധത്തിനകത്ത് ഇസ് ലാമിക ഫെമിനിസവും വിശ്വാസിയെന്ന പ്രത്യക്ഷതയും എത്ര അപരിചിതവും അന്യവുമായാണ് പരിഗണിക്കപ്പെട്ടിരുന്നത് എന്നും ഇടതുപക്ഷ ലിബറൽ പൊതുബോധം എത്ര സമർത്ഥമായാണ് മുസ് ലിം സ്ത്രീയെ പുറന്തള്ളുന്നതെന്നും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കുന്ന ഗ്രന്ഥകാരി ഇതിനെതിരെയുള്ള ചെറുത്തു നിൽപിന്റെ സൂക്ഷ്മ രാഷ്ട്രീയം ഈ രചനയെ സ്വാധീനിച്ച കാര്യം എടുത്തു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കേവലമായ അക്കാദമിക് കൗതുകം എന്നതിനപ്പുറം ആത്മാംശമുള്ള ഒരു തലം ഈ ഗ്രന്ഥ പാരായണത്തിലൂടെ സംവേദനം ചെയ്യപ്പെടുന്നുണ്ട്. അഥവാ സമകാലിക ഇന്ത്യൻ പൊതുബോധത്താൽ അപരവത്കരിക്കപ്പെട്ട മുസ്ലിം സ്വത്വവും വിശ്വാസിയെന്ന പ്രത്യക്ഷതയും മുസ് ലിം സ്ത്രീ എന്ന വ്യക്തിത്വവും ചേർന്ന സങ്കീർണ്ണമായ ഒരു സൂക്ഷ്മ പ്രതിരോധ രാഷ്ട്രീയത്തിന്റെ പ്രതിനിധാനമാണ് ഈ രചനയിലൂടെ ഗ്രന്ഥകാരി നിർവ്വഹിക്കുന്നത്.
ഇസ് ലാമിക ഫെമിനിസമെന്നാൽ നിരവധി ഉൾപ്പിരിവുകളും വൈവിദ്ധ്യപൂർണ്ണതയും സങ്കീർണ്ണതകളുമുള്ള ഒരു വ്യവഹാരമാണെന്ന വസ്തുത കൃത്യമായും വ്യക്തമാക്കുന്നതാണ് ഇതിലെ ഓരോ അദ്ധ്യായങ്ങളും. ആദ്യ അദ്ധ്യായത്തിൽ ഒരേ സമയം മുസ് ലിം എന്നും സ്ത്രീ എന്നുമുള്ള രണ്ട് സാമൂഹിക സ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന വിശകലന പരമായ സങ്കീർണ്ണതയാണ് മുസ് ലിം സ്ത്രീ അഭിമുഖീകരിക്കുന്നത് എന്ന കാര്യം ഓർമ്മപ്പെടുത്തിയാണ് നിരീക്ഷണങ്ങൾ ആരംഭിക്കുന്നത്. മുസ് ലിമായതിനാലും സ്ത്രീയായതിനാലും ഇസ് ലാമിക ജീവിതത്തെ പ്രധാനമായി പരിഗണിക്കുന്നതിനാലും സൈദ്ധാന്തിക വിശകനത്തിന്റെയും പൊതുവായനകളുടെയും പശ്ചാത്തലത്തിൽ അഭിമുഖീകരിക്കുന്ന വിമർശനങ്ങളുടെയും അന്വേഷണങ്ങളുടെയും പ്രശ്നങ്ങൾ പരിശോധിച്ചുകൊണ്ടാണ് ഈ അന്വേഷണങ്ങൾ വികസിക്കുന്നത്. മുസ് ലിം സ്ത്രീ എന്നത് തന്നെ ഫെമിനിസ്റ്റ് സിദ്ധാന്തത്തിന്റെ അന്ത്യമാണെന്ന അധീശ ബോധത്തിന്റെ തീർപ്പുകളെ സ്ത്രീ വാദ പഠനങ്ങളിലെ പ്രധാന സൈദ്ധാന്തിക ചർച്ചയായ സ്ത്രീകളുടെ തിരഞ്ഞെടുപ്പ് എന്ന പ്രശ്നത്തെ മുൻനിറുത്തി പരിശോധിക്കുകയും ഇസ് ലാമിനെ പ്രധാനമായി കാണുന്ന സ്ത്രീകളുടെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് ലിബറൽ ഫെമിനിസ്റ്റ് പൊതുബോധത്തിനകത്ത് സ്തംഭിച്ചു നിൽക്കുന്നതെന്ന് വിശകലനം ചെയ്യുകയും ചെയ്ത് ഉമ്മുൽ ഫാഇസ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ലിബറൽ ഫെമിനിസത്തിന്റെ സൈദ്ധാന്തിക ദാരിദ്ര്യം തുറന്നുകാട്ടുന്നു. കഴിഞ്ഞ പത്ത് വർഷങ്ങളായി ഡൽഹിയിലെ സ്ത്രീ അവകാശങ്ങളെ പറ്റിയുള്ള അക്കാദമിക സമ്മേളനങ്ങളിൽ ഹിജാബ് ധരിച്ച് പങ്കെടുക്കുന്ന ഗ്രന്ഥകാരി തന്റെ മതാത്മക ആഭിമുഖ്യമുള്ള ഈ പ്രത്യക്ഷതയെ വലിയ സിദ്ധാന്ത പ്രശ്നമായി പരിഗണിക്കുന്ന ലിബറൽ ഫെമിനിസത്തിന്റെ സൈദ്ധാന്തിക ദാരിദ്ര്യത്തെ കൃത്യതയോടെ വരച്ചുകാട്ടുന്നു. ലോകത്ത് തന്നെ ഇസ് ലാമിക ഫെമിനിസ്റ്റ് പശ്ചാത്തലമുള്ള പലരുടെയും അനുഭവം ഇതുതന്നെയാണെന്ന കാര്യം ഗവേഷക പരാമർശിക്കുന്നുണ്ട്. ഫെമിനിസമെന്ന വ്യവഹാരത്തിനകത്ത് ഇസ് ലാമിക ഫെമിനിസം ചർച്ച ചെയ്യുമ്പോളുണ്ടാകുന്ന സങ്കീർണ്ണതകളെ സൂചിപ്പിക്കുകയും മതപരമായ ജീവിതം നയിക്കുന്ന സ്ത്രീകൾ സാമൂഹിക ജീവിതത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നവരല്ല എന്ന നിഗമനം ഫെമിനിസ്റ്റ് ചർച്ചകളെ ഏറെ കാലം സ്വാധീനിച്ചിരുന്നതായി നിരീക്ഷിക്കുകയും അതിൽ നിന്നുള്ള പിൽക്കാല മാറ്റങ്ങളെ അവലോകനം ചെയ്യുകയും ചെയ്ത് ആയിരത്തി തൊള്ളായിരത്തി എമ്പതുകൾക്കു ശേഷം മതേതരത്വത്തിന്റെ മതനിഷേധപരമായ നിർണ്ണയ വാദങ്ങളിൽ നിന്ന് മാറി നിന്ന് ഫെമിനിസം മതങ്ങളോട് സംവദിച്ചു തുടങ്ങിയ ചരിത്രത്തിലെ മാറ്റങ്ങളും ആദ്യ അദ്ധ്യായത്തിൽ തന്നെ വിശകലന വിധേയമാക്കുന്നു.

പോസ്റ്റ് സെക്യുലർ രാഷ്ട്രീയത്തിന്റെ ഉൾപ്പടർപ്പുകളായി ഫെമിനിസത്തിലെ വിവിധ പ്രവണതകളെ പരിഗണിക്കുന്ന സമകാലിക സന്ദർഭത്തിൽ ഇസ് ലാമിക ഫെമിനിസത്തിന്റെ അന്വേഷണ മേഖലകളെയും ഗൗരവപൂർണ്ണമായി പരിഗണിക്കാനും ഉൾച്ചേർക്കാനും പുതിയ അക്കാദമികാന്തരീക്ഷം സജ്ജമായിട്ടുണ്ടെന്ന കാര്യം ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാകുന്നുണ്ട്. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ തലത്തിൽ തന്നെ മതേതരത്വത്തിന്റെ സൈദ്ധാന്തിക മേൽക്കോയ്മക്കെതിരായി വികസിച്ചു വന്ന അന്വേഷണങ്ങൾ ഇതിന് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. പോസ്റ്റ് സെക്യുലർ ഫെമിനിസ്റ്റ് ചിന്ത തന്നെ വിപുലമായ പഠനവും മനനവും അർഹിക്കുന്ന മേഖലയാണെങ്കിലും ഇതിന്റെ ഭാഗമായി കൂടി വികസിച്ചുവരുന്ന ഇസ് ലാമിക ഫെമിനിസത്തിൽ കേന്ദ്രീകരിച്ചാണ് തുടർന്ന് വിശകലനങ്ങൾ വികസിക്കുന്നത്. ജൂഡിത് ബട്ലർ, ജോവാൻ വല്ലക് സ്കോട്ട് തുടങ്ങിയുള്ള പോസ്റ്റ് സെക്യുലർ ഫെമിനിസ്റ്റുകൾ സെക്യുലർ ജ്ഞാനശാസ്ത്ര മേൽക്കോയ്മക്കെതിരായി രൂപപ്പെടുത്തിയ സൈദ്ധാന്തിക ഭൂമിക എപ്രകാരമാണ് ഇസ് ലാമിക ഫെമിനിസമുൾപ്പെടെയുള്ള ലിംഗ രാഷ്ട്രീയ അന്വേഷണങ്ങൾക്ക് പ്രചോദനമായതെന്ന് വിശകലനം ചെയ്ത് ഇസ് ലാമിക ഫെമിനിസമെന്ന വ്യവഹാരത്തെ രൂപപ്പെടുത്തുകയും സ്വീകാര്യമാക്കുകയും ചെയ്യുന്ന സൈദ്ധാന്തിക പരിസരം ഗ്രന്ഥത്തിൽ കൃത്യമായും നിർണ്ണയിക്കുന്നുണ്ട്. തീർച്ചയായും ഇസ് ലാമിക ഫെമിനിസമെന്നതിലെ ഇസ് ലാം എന്താണെന്നും അതോടൊപ്പം ഫെമിനിസമെന്താണെന്നുമുള്ള അന്വേഷണം സങ്കീർണ്ണമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇസ് ലാമിക ഫെമിനിസത്തിലെ ആഗോള പ്രവണതകളുടെ ആരംഭവും വികാസവും തുടർന്ന് ചർച്ചചെയ്യുന്നു. ഒരേ സമയം വൈവിദ്ധ്യപൂർണ്ണവും വൈരുദ്ധ്യം നിറഞ്ഞതുമാണ് ഇസ് ലാമിക ഫെമിനിസമെന്ന വ്യവഹാരം എന്ന് സൂചിപ്പിച്ചുകൊണ്ട് തന്നെ തൊണ്ണൂറുകളിൽ ആരംഭിച്ച ഇസ് ലാമിക ഫെമിനിസത്തിന്റെ ആദ്യ പ്രവണതകളെ അടയാളപ്പെടുത്തുകയും ഫാത്വിമ മെർനിസി, ലൈല അഹ് മദ്, ആമിന വദൂദ് പോലുള്ളവരുടെ അന്വേഷണങ്ങളെ സാമാന്യമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. നല്ല ഇസ് ലാമിനെ നിർമ്മിച്ചെടുക്കാനുള്ള അമേരിക്കൻ അധിനിവേശ രാഷ്ട്രീയത്തിന്റെ പ്രായോഗിക പദ്ധതികൾ എപ്രകാരമാണ് ഇസ് ലാമിക ഫെമിനിസമെന്ന ഒരു പുതിയ വ്യവഹാരത്തെ നിർമ്മിച്ചെടുത്തത് എന്നതിലേക്കുള്ള സൂചനകൾ മാർഗോബദ്രാന്റെ ഇടപെടലുകളുടെ രേഖകളിൽ നിന്ന് വായിച്ചെടുക്കുമ്പോൾ തന്നെ ഖുർആനിന്റെ സ്ത്രീ പക്ഷ വായന നിർവ്വഹിച്ചവർ ഉന്നയിച്ച പ്രശ്നങ്ങളെ ഇസ് ലാമിക ഫെമിനിസമെന്ന ഒരു സംവർഗത്തിനപ്പുറം പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന ഉൾക്കാഴ്ച ഈ നിരീക്ഷണങ്ങൾ പകരുന്നുണ്ട്. ഇസ് ലാമിലെ സ്ത്രീകളുടെ അവകാശങ്ങളെ ചൊല്ലിയുള്ള അന്വേഷണങ്ങൾ ഇസ് ലാമിക ഫെമിനിസമെന്ന ഒരു വ്യവഹാരത്തിനകത്ത് ഒതുക്കപ്പെടുമ്പോഴുണ്ടാകുന്ന അസാംഗത്യം ഫാതിമ സീദാത്ത് പോലുള്ളവർ വ്യക്തമാക്കുന്നുണ്ടെന്ന് ഗ്രന്ഥത്തിൽ എടുത്തു പറയുന്നുണ്ട്. ഇങ്ങനെ ഇസ് ലാമിക ഫെമിനിസത്തിലെ വിവിധ ധാരകൾ തമ്മിലുള്ള പരസ്പര വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളും സാമാന്യമായി വിശകലന വിധേയമാക്കി ആദ്യ അദ്ധ്യായം സമാപിക്കുന്നു.
ആമുഖത്തിൽ ഗ്രന്ഥകാരി അവകാശപ്പെടുന്നതുപോലെ ഇതിലെ ഏത് അദ്ധ്യാമെടുത്താലും അതിന് സ്വതന്ത്ര സ്വഭാവമുണ്ട് എന്നത് നമ്മുടെ പാരായണാനുഭവമാണ്. ഗ്രന്ഥത്തിൽ ഒരുമിച്ചു നിൽക്കുമ്പോളാകട്ടെ ഈ പഠനങ്ങൾക്ക് പരസ്പര പൂരകത്വമുണ്ട് എന്നതും ഈ ഗ്രന്ഥത്തെ സവിശേഷമാക്കുന്നു. തീർച്ചയായും ഇസ് ലാമിക ഫെമിനിസമുന്നയിക്കുന്ന കാതലായ ചോദ്യങ്ങൾ അഭിമുഖീകരിക്കാനും ഇസ് ലാമിക ഭൂമികയിൽ നിന്നുകൊണ്ട് അതിന്റെ സൈദ്ധാന്തിക പശ്ചാത്തലങ്ങളെയും ന്യായവാദങ്ങളെയും വിശകലന വിധേയമാക്കാനും ത്യാജ്യഗ്രാഹ്യ വിവേചന ബുദ്ധിയോടെ മുസ് ലിം പണ്ഡിത സമൂഹം തയ്യാറാവേണ്ടത് ചരിത്രപരമായ ഒരനിവാര്യത തന്നെയാണ്. ഇസ് ലാമിക ഫെമിനിസത്തിന്റെ പേരിൽ ഇസ് ലാമിനെ സംബന്ധിച്ച് അതിവാദങ്ങളും അതിലംഘനങ്ങളുമായി വിലയിരുത്താവുന്ന വ്യതിചലന ഭാവമുള്ള പല ചിന്താപ്രവണതകളും ഉടലെടുത്തിട്ടുണ്ടെങ്കിലും ഇവയെ വിമർശനാത്മകമായി വിശകലനം ചെയ്യാനെങ്കിലും ഇവ്വിഷയകമായ ഗവേഷണങ്ങൾ ശ്രദ്ധിക്കേണ്ടതും സംവാദ വിധേയമാക്കേണ്ടതും കാലഘട്ടത്തിന്റെ താത്പര്യമാണ്. അതുകൊണ്ട് തന്നെ ഇസ് ലാമിക ഫെമിനിസത്തിലെ വൈജാത്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ബഹുസ്വരമായ ആശയ വിശാലതകളെയും സാമാന്യമായി തിരിച്ചറിയാനും പഠന വിധേയമാക്കാനും മലയാള ഭാഷയിലിറങ്ങിയ ഫലപ്രദമായ ഒരു റഫറൻസാണ് ഈ ഗ്രന്ഥം എന്നത് തീർച്ചയാണ്.

ഇസ്ലാമിലെ സ്ത്രീ അവകാശങ്ങളും
ജെൻഡർ പൊളിറ്റിക്സിന്റെ അതിവാദങ്ങളും

സ്ത്രീവാദ ചിന്തയുടെ ആശയഭൂമികയിൽ നിന്ന് ഖുർആനുൾപ്പെടെയുള്ള ഇസ് ലാമിന്റെ പ്രമാണങ്ങളെ പുനർവായിക്കുകയും ഖുർആനിക പ്രയോഗങ്ങളെ പോലും പുരുഷമേൽക്കോയ്മയുടെ ഭാഷയും അർത്ഥവും സ്വീകരിച്ച ടെക്സ്റ്റായി പരിഗണിക്കുകയും ചെയ്യുന്ന അതിവാദങ്ങളിലൂടെ ഇസ് ലാമിനുമേൽ സ്ത്രീവാദത്തെ സ്ഥാപിക്കാനാണ് പല ഇസ് ലാമിക ഫെമിനിസ്റ്റുകളും പരിശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ് ലാമിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളും ഇസ് ലാമിക ഫെമിനിസമെന്ന ഫ്രെയിമിനകത്താകുന്നത് എത്രമാത്രം ഇസ് ലാമികമാണ് എന്ന കാര്യം തീർച്ചയായും നാം പര്യാലോചിക്കേണ്ടതുണ്ട്.
സ്ത്രീയുടെ തിരഞ്ഞെടുപ്പും നിർവ്വാഹകത്വവും തന്നെയാണ് ഇസ് ലാമിക ഫെമിനിസത്തിന്റെയും മുഖ്യമായ പരിഗണനകൾ. ഇവിടെ ഈ തിരഞ്ഞെടുപ്പും നിർവ്വാഹകത്വവും സാമൂഹിക സന്ദർഭങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന ലിംഗപദവിയുടെ ഒരു വിതാനത്തിനപ്പുറം ചരിത്രനിരപേക്ഷമായ, നൈസർഗികമായ ലിംഗധർമ്മം എന്ന ഒരു തലത്തിലേക്ക് പരിവർത്തിപ്പിക്കപ്പെടുമ്പോൾ മാത്രമേ ഇസ് ലാം വിഭാവന ചെയ്യുന്ന സ്ത്രീ അവകാശങ്ങളുടെ പ്രശ്നം ശരിയായി അഭിമുഖീകരിക്കാൻ നമുക്ക് സാധിക്കൂ.

ഖുർആനിലെ സ്ത്രീ എന്ന പ്രമേയം പല കാലങ്ങളിൽ പല ദേശങ്ങളിൽ പല രാഷ്ട്രീയ സാമൂഹിക സന്ദർഭങ്ങളിൽ വികസിച്ചുവന്നതിനെ അടയാളപ്പെടുത്തുകയും ഖുർആനിന്റെ സ്ത്രീ പക്ഷവായന എന്ന പുതിയൊരു രീതി ശാസ്ത്രം വിശദീകരിക്കുകയും ചെയ്യുന്നതാണ് രണ്ടാം അദ്ധ്യായം. വിപുലമായ വൈജ്ഞാനിക അന്വേഷണത്തിന്റെ മേഖലയാണ് ഖുർആനിന്റെ സ്ത്രീ പക്ഷ വായന. ചരിത്രപരവും പ്രമേയപരവും രീതിശാസ്ത്രപരവുമായ വികാസ പരിണാമങ്ങളിലൂടെ വികസ്വരമായ ഒരു വായനലോകമാണ് ഈ പഠന മേഖല എന്ന കാര്യം ഈ മേഖലയിലെ വിപുലമായ വായനാനുഭവങ്ങളുടെ വെളിച്ചത്തിൽ സാമാന്യമായി പരിചയപ്പെടുത്തുന്നു.
ഈ അദ്ധ്യായത്തിൽ മുഖ്യമായും ഖുർആനിന്റെ പുതിയ സ്ത്രീപക്ഷ വായനകളുടെ പൊതുപശ്ചാത്തലം അന്വേഷിക്കുന്നു. ഖുർആനിന്റെ സ്ത്രീപക്ഷ വായനകളുടെ സൈദ്ധാന്തിക പശ്ചാത്തലങ്ങളെ ചരിത്രപരമായി സമീപിക്കാൻ ഈ അന്വേഷണം സഹായിക്കുന്നു. ആമിന വദൂദിൽ ആരംഭിച്ച ഈ രീതി ശാസ്ത്രത്തിന്റെ സ്വാധീനം അസ്മ ലംബാർത്ത് ഉൾപ്പെടെയുള്ളവരുടെ അപനിർമ്മാണ വായനയെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിലയിരുത്തുന്നു. ഖുർആനിന്റെ സ്ത്രീപക്ഷവായനയിലെ പ്രമേയ പരമായ പുതുമയെയും വൈവിദ്ധ്യങ്ങളെയും സാമാന്യമായി പരിചയപ്പെടുത്താൻ ഈ അദ്ധ്യായത്തിൽ ഉദ്യമിക്കുന്നു.
ഇണയും തുണയുമെന്ന ഖുർആനിക വിഭാവനയെ പരിചയപ്പെടുത്തുകയും സ്ത്രീകളുടെ പ്രകൃതത്തെ പറ്റിയുള്ള ഖുർആനിക പരാമർശങ്ങളെ പ്രശ്നവത്കരിക്കുന്ന ചില വ്യാഖ്യാനരൂപങ്ങളെ പരാമർശിക്കുകയും ചെയ്യുന്നുണ്ട് ഈ ഭാഗത്ത്. സ്ത്രീ പക്ഷ വായനകൾ ഖുർആൻ പോലുള്ള ഒരു വേദഗ്രന്ഥത്തെ പോലും കേവലവും ചരിത്രപരവുമായ തലത്തിലും ജെൻഡർ പൊളിറ്റിക്സിന്റെ വീക്ഷണത്തോടെയും സമീപിക്കുന്നതിന്റെ എല്ലാ അപാകതകളും അതിലംഘനങ്ങളും കൃത്യമായും പ്രകടമാകുന്നതാണ് ഇസ് ലാമിക ഫെമിനിസത്തിന്റെ ആശയ പ്രവണതകൾ അവലോകനം ചെയ്യുന്ന ഈ ഭാഗം. ഒരു വിമർശന സ്ഥാനമാണിത്. ചുരുക്കത്തിൽ ഖുർആൻ വ്യാഖ്യാന മേഖലയിലെ ഇസ് ലാമിക ഫെമിനിസ്റ്റ് ഇടപെടലിന്റെ വൈവിദ്ധ്യത്തെയും വൈജാത്യങ്ങളെയും ആന്തരിക പ്രതിസന്ധികളെയും അനാവരണം ചെയ്യുന്നതാണ് ഈ അദ്ധ്യായം.

മൂന്നാം അദ്ധ്യായം ഇസ് ലാമിക നിയമവും ഇസ് ലാമിക ഫെമിനിസവും എന്ന ശിർഷകത്തിലാണുള്ളത്. മൂന്ന് ഭാഗമായി ഈ അദ്ധ്യായം വിഭജിച്ചിട്ടുണ്ട്. ഇസ് ലാമിക നിയമവും ഇസ് ലാമിക ഫെമിനിസവും തമ്മിലുള്ള ബന്ധമാണ് ഇതിൽ ചർച്ച ചെയ്യുന്നത്. ഇസ് ലാമിക നിയമത്തെ കുറിച്ച് ഇസ് ലാമിക ഫെമിനിസ്റ്റ് ഗവേഷകരുടെ നിലപാടുകളും സംവാദങ്ങളും ഈ ഭാഗത്ത് സാമാന്യമായി പരിചയപ്പെടുത്തുന്നു. ഇസ് ലാമിക നിയമത്തെ കുറിച്ചുള്ള അക്കാദമിക പഠനങ്ങളിലെ വിവിധ ഘട്ടങ്ങൾ രണ്ടാം ഭാഗത്ത് പരിചയപ്പെടുത്തുന്നു. ഈ അദ്ധ്യായത്തിന്റെ മൂന്നാം ഭാഗത്ത് ലൈല അഹ്മദിൽ തുടങ്ങുന്ന 1992 മുതലുള്ള ഇസ്ലാമിക ഫെമിനിസത്തിന്റെ നിയമ വായനയുടെ മൂന്ന് പ്രധാന ധാരകളെ പരിചയപ്പെടുത്തുകയും ഈ മൂന്ന് ധാരകളെയും ജൈവികമായി സമന്വയിപ്പിക്കുന്ന സീബ മിർ ഹുസൈനിയുടെ ചിന്തകളെ പരിചയപ്പെടുത്തുകയും ചെയ്ത് ഈ അദ്ധ്യായം അവസാനിക്കുന്നു..
നാലാം അദ്ധ്യായം സൂഫിസവും ഇസ് ലാമിക ഫെമിനിസവും എന്ന ശീർഷകത്തിലാണുള്ളത്. ഈ അദ്ധ്യായവും മൂന്ന് ഭാഗമായി വിഭജിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്ത് ഇസ് ലാം, ഫെമിനിസം, സൂഫിസം എന്നിവ തമ്മിലെ ബന്ധങ്ങളെ സംബന്ധിച്ച് പുതിയ ചില നിഗമനങ്ങൾ പരിചയപ്പെടുത്തുന്നു. ആൻമേരി ഷിമ്മലിന്റെ നിരീക്ഷണങ്ങളിലൂടെ ഇസ് ലാമിക ഫെമിനിസത്തിന്റെ സൂഫി വായനകളുടെ അടിസ്ഥാനങ്ങളെയാണ് ഈ ഭാഗത്ത് അവലോകനം ചെയ്യുന്നത്. രണ്ടാമത്തെ ഭാഗത്ത് ഇസ് ലാമിക ഫെമിനിസത്തിന്റെ സൂഫി വായനകളുടെ അടിസ്ഥാനങ്ങളെ സാദിയ ശൈഖിന്റെ ഇബ്നു അറബി പഠനങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു. സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ചുള്ള ക്ലാസ്സിക്കൽ സൂഫി വായനകളെ പരിചയപ്പെടുത്തുന്ന ഹുസൈൻ നസ്റ് ഉൾപ്പെടെയുള്ളവരുടെ നിലപാടുകളിൽ നിന്ന് സാദിയ ശൈഖിന്റെ പുതിയ സൂഫി വായനകൾ എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് ഈ ഭാഗത്ത് വിശകലനം ചെയ്യുന്നു. മൂന്നാമത്തെ ഭാഗത്ത് ഇസ് ലാമിക ഫെമിനിസ്റ്റ് വായന ഇസ് ലാമിക നിയമത്തെയും ഖുർആനിനെയും സമീപിച്ച രീതി ശാസ്ത്രത്തിൽ നിന്ന് സൂഫി വായന എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നാണ് അന്വേഷിക്കുന്നത്.
അഞ്ചാം അദ്ധ്യായമായ പോസ്റ്റ് കൊളോണിയലിസവും ഇസ് ലാമിക ഫെമിനിസവും മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അതിൽ ആദ്യത്തേത് ശീതയുദ്ധത്തിനും 2001 സെപ്തംബർ 11 നും മുമ്പ് നടന്ന പോസ്റ്റ് കൊളോണിയലിസവും ഇസ് ലാമിക ഫെമിനിസവും തമ്മിലുള്ള സംവാദം അവലോകനം ചെയ്യുന്നു. രണ്ടാം ഭാഗത്ത് ചരിത്രത്തിലെ നിർണ്ണായകമായ ഈ സന്ദർഭങ്ങൾക്കുശേഷം പോസ്റ്റ്കൊളോണിയലിസവും ഇസ് ലാമിക ഫെമിനിസവും തമ്മിലുണ്ടായ തുടർ ചർച്ചകൾ വിശകലനം ചെയ്യുന്നു. ഈ ഭാഗത്ത് വളരെ മൗലികവും മർമ്മപ്രധാനവുമായ ഒരു വൈജ്ഞാനിക ദൗത്യമാണ് നിർവ്വഹിക്കുന്നത്. അതിലൊന്ന് പാശ്ചാത്യ ഫെമിനിസത്തിന്റെ സൈദ്ധാന്തിക അടിത്തറകളെ വിമർശന വിധേയമാക്കുന്നു. മുസ് ലിം ആൺകോയ്മയെ ഇസ് ലാമിക ഫെമിനിസ്റ്റുകളും പാശ്ചാത്യ ഫെമിനിസ്റ്റുകളും മനസ്സിലാക്കിയതിന്റെ വിമർശനവും ഇസ് ലാമിക ഫെമിനിസത്തിന്റെ ലിബറൽ സെക്യുലർ അടിത്തറകളുടെ വിമർശനവും ഈ രണ്ടാം ഭാഗത്ത് നിർവ്വഹിക്കുന്നു. അഞ്ചാം അദ്ധ്യായത്തിലെ മൂന്നാം ഭാഗത്ത് ഈ ചർച്ചയിൽ ഇടപെട്ട ഡികൊളോണിയൽ ഫെമിനിസ്റ്റ് ചിന്തകരുടെയും ആക്റ്റിവിസ്റ്റുകളുടെയും സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നു. പുതിയൊരു അപകോളണീകരണ ഇസ് ലാമിക ഫെമിനിസത്തിന്റെ സാദ്ധ്യതകൾ പരിശോധിച്ച് ഈ ഭാഗം അവസാനിക്കുന്നു.

ഇസ് ലാമിക ഫെമിനിസത്തിന്റെ ചരിത്രവും വികാസവും സമകാലിക പ്രവണതകളും സാമാന്യം കൃത്യതയോടെ വിശകലന വിധേയമാക്കുന്ന ഈ ഗ്രന്ഥം ഇവ്വിഷയകമായി പ്രാഥമിക ധാരണകൾ പങ്ക് വെക്കുന്ന ഒരു കൈപുസ്തകം തന്നെയാണ്. എന്നാൽ ഈ ഗ്രന്ഥപാരായണത്തിന്റെ പശ്ചാത്തലത്തിൽ ഇസ് ലാമിക ഫെമിനിസമുൾപ്പെടെയുള്ള സൈദ്ധാന്തികാന്വേഷണങ്ങളെയും ഇടപെടലുകളെയും സംബന്ധിച്ച് മുസ്ലിം ധൈഷണിക വ്യവഹാര മണ്ഡലങ്ങളിൽ തീർച്ചയായും ചില വീണ്ടുവിചാരങ്ങൾ അനിവാര്യമാകുന്നുണ്ട്. അത്തരം ചില ആലോചനകൾ പങ്ക് വെക്കുമ്പോൾ കൂടിയാണ് ഈ ഗ്രന്ഥ നിരൂപണം ക്രിയാത്മകമാകുന്നത്.
പാശ്ചാത്യ ആധുനികതയുടെ ഭാഗമായി വികസിച്ചുവന്ന ഒരു സൈദ്ധാന്തിക പരികൽപനയും പ്രയോഗപദ്ധതിയുമാണ് ഫെമിനിസം. പുരുഷമേൽക്കോയ്മക്കും സ്ത്രീ വിവേചനങ്ങൾക്കുമെതിരായി സ്ത്രീയുടെ സമത്വാവകാശത്തെ ഉയർത്തിപ്പിടിച്ച, എല്ലാ മേഖലകളിലും സ്ത്രീകൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവേചനവും പ്രാന്തവത്കരണവും പ്രശ്നവത്കരിക്കാനും പരിഹരിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു ധൈഷണിക മുന്നേറ്റവും രാഷ്ട്രീയ മുൻകൈയ്യുമാണ് വാസ്തവത്തിൽ ഫെമിനിസം. ഇത്തരമൊരു മുന്നേറ്റത്തെ അനിവാര്യമാക്കി തീർക്കുന്ന സാമൂഹിക ചരിത്ര സന്ദർഭങ്ങൾ അവലോകനം ചെയ്തുകൊണ്ട് മാത്രമേ ഫെമിനിസത്തിന്റെ ഇസ് ലാമിക ഭാഷ്യത്തെ സാധൂകരിക്കാനോ നിരാകരിക്കാനോ സാധിക്കുകയുള്ളൂ. വാസ്തവത്തിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങളും അവകാശ നിഷേധ പ്രവണതകളും മുസ് ലിം സമൂഹത്തിലും അതിന്റെ പാരമ്യത്തിൽ ഇന്ന് നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വിവേചനങ്ങളെ നിർവ്വചിക്കുന്നതിലും നിർണ്ണയിക്കുന്നതിലും ആധുനിക മതേതര ലിബറൽ പൊതുബോധമാണ് നാം പിന്തുടരുന്നത് എന്ന് വരുമ്പോൾ തീർച്ചയായും അത് പ്രശ്നവത്കരിക്കപ്പെടേണ്ടതുണ്ട്. ‌ഉദാഹരണത്തിന് മതേതര ലിബറൽ പൊതുബോധം ഒരു വിശ്വാസിയെന്ന പ്രത്യക്ഷതയോടെയുള്ള മുസ് ലിം സ്ത്രീ പ്രതിനിധാനത്തെ സ്ത്രീയുടെ അവകാശ നിഷേധത്തിന്റെ പ്രത്യക്ഷതയായാണ് പരിഗണിക്കുന്നത്. അഥവാ ഒരു ഇസ് ലാം മത വിശ്വാസിയാവുക എന്നത് തന്നെ സ്ത്രീ വിരുദ്ധമാണെന്ന ഈ യുക്തിയാണ് ആധുനികതയുടെ ഭാഗമായി രൂപപ്പെട്ട ഫെമിനിസത്തിന്റെ മുഖമുദ്ര. ഈയൊരു പ്രശ്നത്തെ ഡൽഹിയിലെ തന്റെ കാമ്പസ് ജീവിതത്തെ മുൻനിറുത്തി വിമർശനാത്മകമായി ഗ്രന്ഥകാരി വിശകലനം ചെയ്യുന്നുണ്ടെങ്കിലും സമാനമായ ആധുനിക യുക്തികൾ തന്നെയാണ് സ്ത്രീകളുടെ സാമൂഹിക പ്രാമുഖ്യത്തെയും പങ്കാളിത്തത്തെയും സംബന്ധിച്ചുള്ള സാമ്പ്രദായിക ഫെമിനിസത്തിന്റെയും ഇസ് ലാമിക ഫെമിനിസത്തിന്റെ പ്രതിനിധാനമവകാശപ്പെടുന്ന ചില ധാരകളുടെയും നിലപാടുകളെ നിർണ്ണയിക്കുന്നത് എന്നത് കാണേണ്ടതുണ്ട്. അഥവാ സ്ത്രീയുടെ തിരഞ്ഞെടുപ്പിനെയും സ്വയം നിർണ്ണയാവകാശങ്ങളെയും സംബന്ധിച്ച ആധുനിക ഫെമിനിസത്തിന്റെ നിലപാടുകളും രാഷ്ട്രീയ യുക്തിയും തന്നെയാണ് ഇസ് ലാമിക ഫെമിനിസത്തിന്റെ വക്താക്കളിൽ പലരും പിന്തുടരുന്നത്. തീർച്ചയായും ഇസ് ലാമും ഫെമിനിസവും തമ്മിലുള്ള പ്രകൃത്യായുള്ള ചേർച്ചയില്ലായ്മയുടെ പല അസാംഗത്യങ്ങളും ഇസ് ലാമിക ഫെമിനിസം പ്രതിഫലിപ്പിക്കുന്നുവെന്ന് തന്നെയാണ് ഇതിനർത്ഥം. ഇസ് ലാമിലെ സ്ത്രീ അവകാശങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങൾ ഫെമിനിസമെന്ന ഒരു ഫ്രെയിമിലേക്ക് പരിമിതപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ സങ്കീർണ്ണതയാണിത്. ഇസ് ലാമിക ഫെമിനിസത്തിന്റെ പേരിലുള്ള സമകലാലിക ചിന്താപ്രവണതകളിലും അതിന്റെ രീതിഭേദങ്ങളിലും ഈ സങ്കീർണ്ണത വളരെ പ്രത്യക്ഷമാണിന്ന്. തീർച്ചയായും ഈ പ്രശ്നത്തെ ഇസ് ലാമിന്റെ തന്നെ അടിസ്ഥാനങ്ങളിലൂന്നി നിന്ന് സമീപിക്കുമ്പോൾ മാത്രമേ ശരിയായ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ.
സ്ത്രീവാദ ചിന്തയുടെ ആശയഭൂമികയിൽ നിന്ന് ഖുർആനുൾപ്പെടെയുള്ള ഇസ് ലാമിന്റെ പ്രമാണങ്ങളെ പുനർവായിക്കുകയും ഖുർആനിക പ്രയോഗങ്ങളെ പോലും പുരുഷമേൽക്കോയ്മയുടെ ഭാഷയും അർത്ഥവും സ്വീകരിച്ച ടെക്സ്റ്റായി പരിഗണിക്കുകയും ചെയ്യുന്ന അതിവാദങ്ങളിലൂടെ ഇസ് ലാമിനുമേൽ സ്ത്രീവാദത്തെ സ്ഥാപിക്കാനാണ് പല ഇസ് ലാമിക ഫെമിനിസ്റ്റുകളും പരിശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ് ലാമിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളും ഇസ് ലാമിക ഫെമിനിസമെന്ന ഫ്രെയിമിനകത്താകുന്നത് എത്രമാത്രം ഇസ് ലാമികമാണ് എന്ന കാര്യം തീർച്ചയായും നാം പര്യാലോചിക്കേണ്ടതുണ്ട്.
സ്ത്രീയുടെ തിരഞ്ഞെടുപ്പും നിർവ്വാഹകത്വവും തന്നെയാണ് ഇസ് ലാമിക ഫെമിനിസത്തിന്റെയും മുഖ്യമായ പരിഗണനകൾ. ഇവിടെ ഈ തിരഞ്ഞെടുപ്പും നിർവ്വാഹകത്വവും സാമൂഹിക സന്ദർഭങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന ലിംഗപദവിയുടെ ഒരു വിതാനത്തിനപ്പുറം ചരിത്രനിരപേക്ഷമായ, നൈസർഗികമായ ലിംഗധർമ്മം എന്ന ഒരു തലത്തിലേക്ക് പരിവർത്തിപ്പിക്കപ്പെടുമ്പോൾ മാത്രമേ ഇസ് ലാം വിഭാവന ചെയ്യുന്ന സ്ത്രീ അവകാശങ്ങളുടെ പ്രശ്നം ശരിയായി അഭിമുഖീകരിക്കാൻ നമുക്ക് സാധിക്കൂ.

ഖുർആനും മറ്റ് ഇസ് ലാമിക പ്രമാണങ്ങളും മനുഷ്യസൃഷ്ടിപ്പുകൊണ്ട് അല്ലാഹു ഉദ്ദേശിച്ച യഥാർത്ഥ ലക്ഷ്യങ്ങളെയും ധർമ്മങ്ങളെയും മനുഷ്യജീവിതത്തിൽ പ്രവർത്തന ക്ഷമമാക്കുന്നതിനാണ് മാർഗദർശനം ചെയ്യുന്നത്. സ്ത്രീ പുരുഷ ബന്ധങ്ങളെ അല്ലാഹു ക്രമീകരിച്ചതും സൃഷ്ടിപ്പിന്റെ ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ സഹായകമാകുന്ന വിധത്തിലാണ്. അവകാശ നിഷേധങ്ങളുടെയും സ്വയം നിർണ്ണയാവകാശങ്ങളുടെയും നിർവ്വാഹകത്വത്തിന്റെയും പ്രശ്നം ഉദിക്കുന്നത് തന്നെ അല്ലാഹുവിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെയും ക്രമീകരണങ്ങളെയും നിയന്ത്രണങ്ങളെയും മനുഷ്യർ പരിഗണിക്കാതെ ജീവിക്കുമ്പോൾ മാത്രമാണ്. വിശ്വാസിയെ സംബന്ധിച്ച് സൃഷ്ടിപ്പുകൊണ്ട് സ്രഷ്ടാവ് ഉദ്ദേശിച്ചതെന്തോ അതിനോട് താദാത്മ്യപ്പെടുമ്പോൾ മാത്രമേ യഥാർത്ഥ നൈസർഗിക ധർമ്മത്തെ തിരിച്ചറിയുന്നവരും സാക്ഷാത്കരിക്കുന്നവരുമായി മാറാൻ അവർക്ക് സാധിക്കുക. തന്റെ മേൽ തനിക്കുണ്ടെന്ന് തോന്നുന്ന അധികാര ഭാവവും അവകാശ ബോധവുമാണ് തന്റെ നിർവ്വാഹകത്വത്തെയും തിരഞ്ഞെടുപ്പിനെയും സംബന്ധിച്ച മനുഷ്യന്റെ നിലപാടുകളെ നിർണ്ണയിക്കുന്നത്. തന്നിൽ താനാര് എന്നും തന്റെ മേൽ തനിക്കുള്ള അവകാശവും അധികാരവും എന്താണെന്നും ശരിയായി തിരിച്ചറിയുമ്പോൾ മാത്രമേ മനുഷ്യന് അവന്റെ പ്രകൃത്യായുള്ള ധർമ്മങ്ങളെ സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ. സ്ത്രീയാകട്ടെ പുരുഷനാകട്ടെ അവരുടെ ലിംഗപദവി എന്നതിനുമുമ്പ് അവരുടെ മനുഷ്യപദവി എന്ന വിശേഷപദവിയുടെ ധർമ്മവും ലക്ഷ്യവുമാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇത് തിരിച്ചറിയാതെ വരുമ്പോളാണ് ലിംഗപദവി എന്നത് അധികാരത്തിന്റെയും വിധേയത്വത്തിന്റെയും പ്രശ്നമായി തീരുന്നത്. വാസ്തവത്തിൽ ഒരു മനുഷ്യന് അവന്റെ മേൽ സ്വയം ഉടമാധികാരമുണ്ടോ…? ഉൺമയും ഗുണഗണങ്ങളും അനങ്ങാനും അടങ്ങാനുമുള്ള ശേഷിയും ആകാരവും ആരോഗ്യവും ക്രമബദ്ധമായ അതിന്റെ പരിപാലനവും നൽകി ഓരോ മനുഷ്യരെയും വാസ്തവത്തിൽ നിലനിർത്തുന്നത് സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു ആണെന്നതിനാൽ ഓരോ മനുഷ്യനെയും സംബന്ധിച്ച് തന്റെ മേലുള്ള ഉടമാധികാരവും അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു മനുഷ്യനും സ്വയത്തിലും അവന് നൽകപ്പെട്ട മറ്റെല്ലാറ്റിലും സ്വയം ഉടമാധികാരമില്ല എന്നതാണ് വസ്തുത. സ്വയം ഉടമാധികാരമില്ലാത്ത ഒന്നിനുമേൽ ഉടമാധികാര ഭാവത്തോടെയുള്ള പരിഗണന തന്നെ അവിവേകവും അക്രമവുമാണ്. എന്നാൽ ഉടമയുടെ അധികാര ബന്ധത്തെ പരിഗണിച്ച് ഉടമവസ്തുവിനോട് പെരുമാറുമ്പോൾ അത് യാഥാർത്ഥ്യത്തോട് താദാത്മ്യപ്പെടലായി തീരുന്നു. തന്റേതല്ലാത്ത ഒന്നിനുമേൽ തനിക്കുള്ള കൈവശാധികാരത്തെ തിരിച്ചറിയുകയും ഈ തിരിച്ചറിവനുസരിച്ച് തന്റെ നിർവ്വാഹകത്വത്തെ നിർണ്ണയിക്കുകയും ചെയ്യുമ്പോളാണ് മനുഷ്യന് അവന്റെ സൃഷ്ടി ധർമ്മത്തോട് താദാത്മ്യപ്പെടാൻ സാധിക്കുന്നത്. സ്ത്രീയും പുരുഷനും വൈയക്തികമായും പരസ്പര വിനിമയങ്ങളിലും ആദ്യം തിരിച്ചറിയേണ്ടത് നൈസർഗികമായ ഈ സ്ഥാനത്തെയാണ്. തുടർന്ന് അവരുടെ ലിംഗപദവിയെയും സാമൂഹിക സ്ഥാനത്തെയും നിർണ്ണയിക്കുന്നത് ഈ തിരിച്ചറിവ് തന്നെയാണ്. വിവാഹം, കുടുംബ സംവിധാനത്തിന്റെ നിലനിൽപ്, ലൈംഗികത, സാമൂഹിക സ്ഥാനം തുടങ്ങിയുള്ള എല്ലാ മേഖലകളിലെയും നിർവ്വാഹകത്വത്തെ ഈ തിരിച്ചറിവനുസരിച്ചാണ് നിർണ്ണയിക്കേണ്ടത്. ഒരു യാദൃശ്ചികതയായി സ്വയംഭൂവായ, സ്വയം ഉടമാധികാരമുള്ള, സ്വയം തന്നെ തിരഞ്ഞെടുപ്പിനും നിർവ്വാഹകത്വത്തിനും ശേഷിയുള്ള, സ്വാധികാരമുള്ള ആധുനിക ഫെമിനിസ്റ്റ് സ്ത്രീയും മുസ് ലിം സ്ത്രീയും തമ്മിൽ മൗലികമായി തന്നെ വ്യത്യാസപ്പെടുന്നത് ഈയൊരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ഫെമിനിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട മുസ് ലിം സ്ത്രീയുടെ അവകാശ പ്രശ്നവും നിർവ്വാഹകത്വവും ഇസ് ലാമിക മൂല്യങ്ങൾക്കനുസൃതമായ ജീവിതം നയിക്കുന്ന മുസ് ലിം സ്ത്രീയുടെ അവകാശ പ്രശ്നവും നിർവ്വാഹകത്വവും തമ്മിൽ മൗലികമായി തന്നെ അന്തരമുണ്ട് എന്നതാണ് ആത്യന്തികമായി നാം തിരിച്ചറിയേണ്ടത്. ആമുഖഭാഗത്ത് ഈ തിരിച്ചറിവ് പകരുന്ന വിധമുള്ള ഒരാത്മാംശം ഈ ഗ്രന്ഥത്തിനുണ്ടെങ്കിലും ഈ ഗവേഷണത്തിന്റെയും നിരീക്ഷണങ്ങളുടെയും പൊതു അന്തർധാരയായി ഈ തിരിച്ചറിവ് വികസിക്കുന്നില്ല എന്നത് ഈ ഗ്രന്ഥത്തിന്റെ മുഖ്യമായ ഒരു പരിമിതി തന്നെയാണ്. അഥവാ ഒരു നിലപാടില്ലായ്മയുടെ അക്കാദമിക നിർവ്വികാരത, അല്ലെങ്കിൽ നിരപേക്ഷത ഈ രചനയെ തന്നെ അരാഷ്ട്രീയമാക്കിയിരിക്കുന്നു എന്നതാണ് ഇതിന്റെ ഒരു ദുരന്തം. എങ്കിലും ഇസ് ലാമിക ഫെമിനിസമെന്ന ഒരു സൈദ്ധാന്തിക പ്രതിഭാസത്തെ മലയാളത്തിൽ സാമാന്യമായി പരിചയപ്പെടുത്തുന്ന ഒരു കൈപുസ്തകം എന്ന സ്ഥാനം ഈ ഗ്രന്ഥത്തിനുണ്ട് എന്നത് അനിഷേധ്യമാണ്. ഗ്രന്ഥത്തിന്റെ രൂപ കൽപന സവിശേഷവും ശ്രദ്ധേയവുമാണ്. കോഴിക്കോട് അദർ ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 250 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy