ഹുസൈന്‍ നസര്‍
വിവ: നിഹാല്‍ പന്തല്ലൂര്‍:
ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാശാലി: തുടരുന്നു.
ഇബ്നു സീനയുടെ ചിന്താ, ആശയ ലോകങ്ങളെ സാമാന്യമായി പരിചയപ്പെടുത്തുന്ന ഗവേഷണ പ്രബന്ധത്തിന്റെ തുടർഭാഗങ്ങളാണിത്. അദ്ദേഹത്തിന്റെ തത്വചിന്താ വീക്ഷണങ്ങളും ദൈവശാസ്ത്ര സമീപനങ്ങളും ഇമാം ഗസ്സാലി(റ) യെ പോലുള്ള മഹാമനീഷികളാൽ വിമർശന വിധേയമായിട്ടുണ്ടെങ്കിലും വിജ്ഞാന ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ മറ്റ് വൈജ്ഞാനിക സംഭാവനകൾ വിലമതിക്കപ്പെടേണ്ടവ തന്നെയാണ്. മാത്രമല്ല ഇബ്നു സീനയുടെ അന്വേഷണ പര്യവേഷണങ്ങൾക്ക് വിവിധ ഘട്ടങ്ങളും തലങ്ങളുമുണ്ട്. തികഞ്ഞ ഒരു വിശ്വാസിയുടെ ജീവിതം നയിച്ച അദ്ദേഹം മതാനുഷ്ഠാനങ്ങൾ കൃത്യതയോടെ നിർവ്വഹിച്ചിരുന്നവരാണെന്ന കാര്യം പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇസ് ലാമിക വൈജ്ഞാനിക ചരിത്രത്തിലെ ഒരു അദ്ധ്യായം എന്ന നിലയിൽ വളരെ നിരപേക്ഷമായാണ് ഇബ്നു സീനയുടെ തത്വചിന്താ ലോകത്തെ ഇവിടെ അവലോകനം ചെയ്യുന്നത്.
വളരെ ഭക്തനായ ഒരു മുസ്ലിമും അഗാധമായ മതകീയ സ്വഭാവം വെച്ചുപുലര്‍ത്തുന്ന ഒരാളുമായിരുന്നു ഇബ്‌നു സീന. കവിതകളിലും ഖുര്‍ആന്‍ വ്യാഖ്യാനത്തിലും മാത്രമല്ല തന്റെ സിദ്ധാന്തങ്ങളുടെ പല വശങ്ങളിലും ഇസ്ലാമിന്റെ അധ്യാപനങ്ങളിലും ആത്മാവിലും പ്രചോദിതനായി ഇസ്ലാമിക വീക്ഷണങ്ങളോട് താദാത്മ്യപ്പെടുത്താന്‍ ശ്രമിച്ച തന്റെ തത്വചിന്താ കൃതികളിലും അത് ദൃശ്യമാണ്. ചില തീവ്ര ആശയക്കാരും ബാഹ്യാര്‍ത്ഥവാദികളുമായ ദൈവശാസ്ത്രകാരന്മാരും നിയമജ്ഞരും അദ്ദേഹത്തിനെതിരെ എയ്തുവിട്ട മതരാഹിത്യ ആരോപണങ്ങളോട് സൂക്ഷ്മതയോടെയാണ് അദ്ധേഹം പ്രതികരിച്ചത്. ഫാരിസി ഭാഷയില്‍ ഇസ്ലാമിലെ തന്റെ അചഞ്ചല വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു ചതുഷ്പദ ശ്ലോകവും അദ്ധേഹം രചിക്കുകയുണ്ടായി. അതിലദ്ധേഹം ഇങ്ങനെ പറയുന്നു:
”എന്നെ ദൈവനിഷേധിയായി ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല/
മതത്തില്‍ എനിക്കുള്ളതിനേക്കാള്‍ വിശ്വാസം മറ്റാര്‍ക്കുമുണ്ടാകില്ല/
ഒരസാധാരണ വ്യക്തിയായ ഞാനൊരു മതനിഷേധിയാണെങ്കില്‍/
പിന്നെ ലോകത്തൊരിടത്തും ഒരു മുസ്ലിം പോലുമുണ്ടാകില്ല.
ശാസ്ത്രീയമോ തത്വാചിന്താപരമോ ആയ എടാകൂടങ്ങളില്‍ അകപ്പെട്ടിരിക്കുമ്പോള്‍ ഇബ്‌നു സീന പ്രാര്‍ത്ഥിക്കാനായി പള്ളിയിലേക്ക് പോകുമായിരുന്നു. എന്നുമാത്രമല്ല, പ്രാര്‍ത്ഥന, ദൈനംദിന ആചാരാനുഷ്ഠാനങ്ങള്‍, മഹാന്മാരുടെ മഖ്ബറകളിലേക്കുള്ള തീര്‍ത്ഥയാത്ര തുടങ്ങിയവയുടെ ഗുണഫലങ്ങളെ കുറിച്ച് ധാരാളം നിബന്ധങ്ങള്‍ അദ്ധേഹം എഴുതിയിട്ടുണ്ട്. യാഥാര്‍ഥ്യത്തിന്റെ സര്‍വ ശൃംഖലകള്‍ക്കുമിടയില്‍ പ്രത്യേകിച്ച് മനുഷ്യരുടെ ആത്മാക്കള്‍ക്കും ദൈവത്തിനും ദിവ്യാത്മാക്കള്‍ക്കും ഇടയില്‍ ഒരു സഹാനുഭൂതി നിലനില്‍ക്കുന്നുണ്ടെന്നും വ്യത്യസ്ത മതങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിലൂടെ അത് ശക്തിപ്പെട്ടുകൊണ്ടിരിക്കും എന്നുമുള്ള അദ്ദേഹത്തിന്റെ വീക്ഷണമാണ് ഇത്തരം മതപരമായ അനുഷ്ഠാനങ്ങളെ ഗുണപരമായി അദ്ധേഹം വിലയിരുത്തിയതിന് കാരണം. പ്രപഞ്ചത്തില്‍ വ്യാപിച്ചു കിടക്കുകയും ആരാധനകള്‍ക്ക് പൊരുള്‍ നല്‍കുകയും ചെയ്യുന്ന പ്രസ്തുത സഹാനുഭൂതി സൃഷ്ടി ശൃംഖലയുടെ അസ്തിത്വത്തിന്റെ ഹേതുകവും പ്രചോദന ശക്തിയും പ്രപഞ്ച സിരകളിലോടുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ ഫലമാണ്. സ്‌നേഹത്തിന്റെ പരമോന്നത കേന്ദ്രവും കര്‍ത്താവുമായ ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്നാണ് ഈ സ്‌നേഹം ഉരുത്തിരിയുന്നത്. ‘സ്‌നേഹത്തെ കുറിച്ചൊരു നിബന്ധം’ എന്ന കൃതിയില്‍ ഇബ്‌നു സീന എഴുതുന്നു:
‘നിയന്ത്രണാതീതനും പരമോന്നതനുമായ പ്രസ്തുത ഉണ്മ സ്‌നേഹത്തിന്റെ ഉന്നതിയായിരിക്കണം. കാരണം പ്രസ്തുത ഉണ്മ നന്മകളുടെ പരമകാഷ്ഠ പ്രാപിച്ചവനായിരിക്കണം. സ്‌നേഹത്തിന്റെ ഉന്നതമായ കര്‍ത്താവ് സ്‌നേഹത്തിന്റെ ഉന്നത സ്ഥാനമായ ദൈവത്തിന്റെ ഉന്നതവും ശ്രേഷ്ഠവുമായ സത്തയോട് തുല്യമാണ്. നന്മ നന്മയെ ഇഷ്ടപ്പെടുന്നത് പരസ്പരം ബന്ധിതമായ പ്രാപ്തിയിലൂടെയും പ്രവേശനത്തിലൂടെയുമായതിനാലും ‘പ്രഥമ നന്മ’ ശാശ്വതമായ പരമാര്‍ത്ഥത്തില്‍ സ്വയം പ്രവേശിക്കുന്നതിനാലും സ്വന്തത്തോടുള്ള അതിന്റെ സ്‌നേഹമാണ് പരിപൂര്‍ണവും കുറ്റമറ്റതും. ദൈവിക സത്തയുടെ ഗുണവിശേഷണങ്ങളില്‍ വ്യത്യാസമില്ലാത്തതിനാല്‍ ഇവിടെ സ്‌നേഹമെന്നാല്‍ സത്തയും ശുദ്ധമായ നന്മയുടെ അവസ്ഥയില്‍ അകളങ്കിതവും ലളിതവുമാവുക എന്നതുമാണ്.
അതുകൊണ്ട് എല്ലാ ഉണ്മകളിലും സ്‌നേഹമെന്നാല്‍ ഒന്നുകില്‍ ഉണ്മയുടെ കാരണമോ അല്ലെങ്കില്‍ ഉണ്മയോ ആണ്. ഇവ രണ്ടിലും സ്‌നേഹം ഒരുപോലെയാണ്. ഒരു ഉണ്മയും സ്‌നേഹ മുക്തമല്ലെന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണ്. ഇത് പ്രകടിപ്പിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ഉദ്ധേശ്യം.’
ഇബ്‌നു സീനയുടെ മതകീയ തത്വചിന്തയില്‍ ഏറെ കൗതുകകരമായതാണ് പ്രവാചകത്വത്തെ കുറിച്ചുള്ള അദ്ധേഹത്തിന്റെ സിദ്ധാന്തം. ഒരേസമയം ഖുര്‍ആനിക അധ്യാപനങ്ങളുമായി താദാത്മ്യപ്പെടുന്നതും തന്റെ സാമാന്യമായ ലോകവീക്ഷണത്തോട് വിരുദ്ധമല്ലാത്തതുമായ ഒരു തത്വചിന്താ സിദ്ധാന്തം രൂപപ്പെടുത്തിയെടുക്കാന്‍ അദ്ധേഹം ഇതിലൂടെ ശ്രമിക്കുന്നു. അതുകൊണ്ട്, പ്രവാചകത്വ ബോധത്തെയും പ്രവാചകന്‍ സ്വീകരിച്ച വെളിപാടിനെയും അദ്ധേഹം ബന്ധിക്കുന്നത് ധിഷണയെ നാലുമടങ്ങായി താന്‍ വര്‍ഗീകരിച്ചതിനോടും വെളിപാടിന്റെ മാലാഖയായ ജീബ്രീല്‍ മാലാഖ(സജീവ ധിഷണ)യുടെ ജ്ഞാനോദയ കര്‍മത്തോടുമാണ്. സര്‍വ മാനുഷിക കഴിവുകളും ഉള്‍വഹിക്കുന്ന മനുഷ്യാവസ്ഥയുടെ പരിപൂര്‍ണതയാണ് പ്രവാചകത്വ ബോധം. കൃത്യമായി പറഞ്ഞാല്‍ മൂന്ന് അവസ്ഥകള്‍ പ്രവാചകനില്‍ പൂര്‍ണത പ്രാപിക്കുന്നു. അതിലൊന്ന് പ്രസന്നവും തെളിമയുള്ളതുമായ ധിഷണയാണ്, മറ്റൊന്ന് പരിപൂര്‍ണമായ ഭാവനാശക്തിയും അവസാനത്തേത് മനുഷ്യ ശരീരങ്ങള്‍ ആജ്ഞകള്‍ അനുസരിക്കുന്നത് പോലെ ബാഹ്യപദാര്‍ത്ഥങ്ങളെ തനിക്ക് വിധേയപ്പെടുത്താനുള്ള ശക്തിയുമാണ്. ഈയവസ്ഥകളെല്ലാം സാക്ഷാത്കൃതമാകുമ്പോള്‍ പ്രവാചകന് പ്രവാചകത്വം ബോധം എന്ന പദവി ലഭിക്കുന്നു.
അതായത്, ‘സജീവ ധിഷണ’യില്‍ നിന്നും മാനുഷിക നിര്‍ദേശങ്ങളില്ലാതെ, നേരിട്ട്, ക്ഷിപ്രവേഗം സര്‍വ ജ്ഞാനങ്ങളും ലഭിക്കുകയും അങ്ങനെ ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം വളരെ പെട്ടെന്ന് അറിയാനാവുകയും ചെയ്യുന്ന ഒരു ‘പരിശുദ്ധ ധിഷണ’.
മാത്രമല്ല, പത്താം ധിഷണയാല്‍ പ്രവാചകന്റെ ധിഷണക്ക് മാത്രമല്ല ജ്ഞാനോദയം സംഭവിക്കുന്നത്. മറിച്ച്, പ്രവാചകന്റെ ഭാവനാശക്തിയും ജ്ഞാനോദയം കരഗതമാക്കുകയും തദ്വാരാ ധിഷണയില്‍ അമൂര്‍ത്തവും പ്രാപഞ്ചികവുമായി അനുഭവിക്കുന്ന കാര്യങ്ങള്‍ ഭാവനയില്‍ ചിത്രങ്ങളും, ഇന്ദ്രിയപരവും വാചികവും, മൂര്‍ത്തവും സവിശേഷവുമായി മാറുന്നു. പ്രവാചകന്റെ ദൗത്യത്തിന് തത്വപരവും പ്രായോഗികവുമായ രണ്ട് വശങ്ങളുണ്ട്. അതിലാദ്യത്തേത് ദൈവാസ്തിക്യ വിശ്വാസത്തിന്റെ അടിസ്ഥാന ആശയങ്ങളെയും വെളിപാടിന്റെയും പ്രവാചകത്വത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും യാഥാര്‍ഥ്യവും അഭ്യസിപ്പിച്ചു കൊണ്ട് മനുഷ്യാത്മാവിനെ അതിന്റെ ശാശ്വതമായ പരമാനന്ദത്തിലേക്ക് വഴിനടത്തുന്നു. രണ്ടാമത്തേത്, വിശ്വാസികള്‍ അനുവര്‍ത്തിക്കേണ്ട അനുഷ്ഠാന കര്‍മങ്ങള്‍ ഉള്‍പ്പടെയുള്ള മതത്തിന്റെ പ്രായോഗിക വശങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, സന്ന്യാസിമാരില്‍ നിന്നും ആത്മീയോപാസകരില്‍ നിന്നും പ്രവാചകന്‍ വ്യതിരിക്തനാകുന്ന പ്രഥമ വശം ദൈവിക ധിഷണയില്‍ നിന്നും ജ്ഞാനം സ്വീകരിക്കുന്നത് കുറ്റമറ്റതും പരിപൂര്‍ണവുമായ രീതിയിലും സന്ന്യാസിമാര്‍ സ്വീകരിക്കുന്നത് അങ്ങിനെയല്ല എന്നതുകൊണ്ടുമാണ്. രണ്ടാമതായി, പ്രവാചകന്‍ ലോകത്ത് ഒരു നിയമസംവിധാനം സ്ഥാപിക്കുകയും വ്യക്തികളുടേയും സമൂഹത്തിന്റേയും പ്രായോഗിക ജീവിതത്തെ നന്മയിലേക്ക് മാര്‍ഗദര്‍ശനം നടത്തുകയും ചെയ്യുന്നവരാണ്. അതേസമയം, സന്ന്യാസിമാരും ആത്മീയോപാസകരും ജ്ഞാനവും ആന്തരികവിശുദ്ധിയും കൈവരിക്കാന്‍ ശ്രമിക്കുമ്പോഴും സമൂഹത്തിനോ വ്യക്തികള്‍ക്കോ വേണ്ടി ഒരു നിയമസംവിധാനവും സ്ഥാപിക്കുന്നില്ല. അത്യധികം അപൂര്‍വമായ പ്രവാചകത്വ സൗഭാഗ്യ ലബ്ധിയാല്‍ അനുഗ്രഹിക്കപ്പെടാത്തവരായ ബഹുഭൂരിപക്ഷം മനുഷ്യരെക്കാള്‍ ഉന്നതരും സ്വയം വിശിഷ്ടരുമാണെങ്കിലും പ്രവാചകന്മാര്‍ക്കു കീഴെയാണ് സന്ന്യാസിമാരുടേയും ആത്മീയോപാസകരുടേയും പദവി.
തുടരും