ഇശ്‌റാഖി തത്വചിന്തയുടെ സ്രോതസ്സുകള്‍

ഇശ്റാഖി തത്വചിന്ത; സുഹ്റവർദി(ഖത്തീൽ) യുടെ വേറിട്ട വഴികൾ: ഭാ​ഗം: 3
സയ്യിദ് ഹുസൈൻ നസ്റ്:
പരിഭാഷ: നിഹാൽ പന്തല്ലൂർ:

ഇസ് ലാമിന്റെ വൈജ്ഞാനിക ചരിത്രത്തിൽ തത്വചിന്തയുടെ വഴികളിലൂടെ സഞ്ചരിച്ച പല പ്രമുഖരുടെയും സാന്നിധ്യം കാണാം. തത്വചിന്തയിലൂടെ അവാന്തര ചിന്തകളെയും ആശയങ്ങളെയും പ്രതിനിധീകരിച്ച് അഹ് ലു സുന്നത്തി വൽ ജമാഅത്തിന്റെ പാരമ്പര്യ വഴികളിൽ നിന്ന് മാറി സഞ്ചരിച്ചവരും അവരുടെ കൂട്ടത്തിലുണ്ട്. സർവ്വമതങ്ങളുടെയും ദർശന പാരമ്പര്യങ്ങളുടെയും സാരാംശവും സം​ഗമസ്ഥാനവും തേടിപ്പോവുകയും ഇസ് മികേതരമായ സമൂഹങ്ങൾ‌ക്ക് മുമ്പിൽ പാരമ്പര്യശൈലിയിൽ നിന്നും വ്യത്യസ്തമായി പുതിയ വ്യാഖ്യാനങ്ങൾ നൽകി ഇസ് ലാമിക ചിന്തയെ പരിചയപ്പെടുത്തുകയും ചെയ്ത പ്രമുഖ തത്വചിന്തകനാണ് അബുൽ ഫുതൂഹ് യഹ് യ ഇബ്നു ഹബശ് സുഹ്റവർദി. ഇശ്റാഖി തത്വചിന്തയുടെ ഉപജ്ഞാതാവായ സുഹ്റവർദിയുടെ വേറിട്ട ജ്ഞാന സഞ്ചാരങ്ങളെ പരിചയപ്പെടുത്തുന്ന സയ്യിദ് ഹുസൈൻ നസ്റിന്റെ പഠന ലേഖനത്തിന്റെ മൂന്നാം ഭാ​ഗമാണിത്. മുസ് ലിംകളുടെ മുൻകൈയ്യോടെ വികസിച്ച വൈജ്ഞാനിക തത്വചിന്താ പാരമ്പര്യങ്ങളെ സാമാന്യമായി അവലോകനം ചെയ്യുന്ന പഠന പരമ്പരയുടെ ഭാ​ഗമാണ് ഈ പ്രബന്ധം.

ഇശ്‌റാഖി യോഗാനുഭവജ്ഞാനത്തിലേക്ക് സുഹ്‌റവർദി ഉദ്ഗ്രഥിച്ച ഘടകങ്ങളുടെ സ്രോതസ്സുകളില്‍ വെച്ചേറ്റവും പ്രഥമവും പ്രധാനവുമായത് സൂഫിസമാണ്. വിശേഷിച്ചും ഹല്ലാജ്(റ)യുടെയും ഗസാലി ഇമാം(റ) യുടെയും രചനകള്‍. പ്രകാശത്തിന്റെയും ഇമാമിന്റെയും ഇടയിലെ ബന്ധത്തെ കുറിച്ചുള്ള സുഹ്‌റവർദിയുടെ കാഴ്ച്ചപ്പാട് രൂപീകരിക്കുന്നതില്‍ ഇമാം ഗസാലി(റ) യുടെ ‘മിശ്കാതുല്‍ അൻവാർ’ എന്ന ഗ്രന്ഥം നേരിട്ട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇബ്‌നു സീനയുടേതടക്കമുള്ളവരുടെ മുസ്‌ലിം പെരിപ്പാറ്റെറ്റിക്ക് തത്വചിന്തയും സ്വാധീന ഘടകങ്ങളില്‍ ഉൾപ്പെടും. ഭാഗികമായി പ്രസ്തുത തത്വചിന്തയെ സുഹ്‌റവർദി വിമർശിക്കുന്നുണ്ടെങ്കിലും ഇശ്‌റാഖി സിദ്ധാന്തം മനസ്സിലാക്കാനുള്ള ഒരു അവിഭാജ്യ ഘടകമായാണ് അദ്ദേഹമതിനെ ഗണിക്കുന്നത്. ഇസ്‌ലാമിക പൂർവ്വ സ്രോതസ്സുകളെന്ന പോലെ, പൈഥഗോറിയനിസം, പ്ലാറ്റോനിസം, അലക്‌സാണ്ട്രിയയില്‍ നിലനിൽക്കുകയും ഹെർമറ്റിക്ക് ഗ്രന്ഥങ്ങളെ പരിശുദ്ധ ഗ്രന്ഥമായി ഗണിക്കുകയും ചെയ്ത ഹർറാനിലെ സാബിയനുകള്‍ പശ്ചിമേഷ്യയില്‍ പ്രചാരം നൽകിയ ഹെർമറ്റിസിസം എന്നിവയെല്ലാം അദ്ദേഹം അവലംബിച്ചു.
ഉദ്ധൃത ഗ്രീക്ക്, ‘മെഡിറ്ററേനിയന്‍’ സ്രോതസ്സുകൾക്ക് പുറമെ പഴയകാല പേർഷ്യക്കാരുടെ യുക്തിയെയും അദ്ദേഹം ആശ്രയിച്ചു. ഈനക് എന്ന പേരില്‍ ഹീബ്രുവില്‍ അറിയപ്പെടുന്ന, മുസ്‌ലിംകള്‍ ഹെർമിസാണെന്ന് വിശ്വസിക്കുന്ന, പഴയകാല പ്രവാചകനായ ഇദ്‌രീസ് നബി(അ) ക്ക് (ഉക്‌നൂക് പ്രവാചകന്‍) വെളിപാടിറങ്ങിയ പോലെ ജ്ഞാനം നേരിട്ട് അനന്തരമെടുത്തവരായാണ് പ്രസ്തുത ധാരയിലെ സന്ന്യാസിമാരെ സുഹ്‌റവർദി പരിഗണിച്ചത്. അവരുടെ സിദ്ധാന്തങ്ങള്‍ പരിഷ്‌കരിക്കാനും സുഹ്‌റവർദി ആവിശ്യപ്പെട്ടിരുന്നു. പ്രകാശത്തിന്റെയും ഇരുട്ടിന്റെയും പ്രതീകാത്മകതയില്‍ പ്രധാനമായും സൊറാസ്ട്രനിസത്തെയും മാലാഖാ പഠനത്തില്‍ അതിന്റെ സംജ്ഞകളെയും വലിയ തോതില്‍ അദ്ദേഹം അവലംബിച്ചു. പക്ഷേ, സൊറാസ്ട്രനിസത്തിന്റെ ബാഹ്യാർത്ഥവാദ അധ്യാപനങ്ങളെ പിന്തുടരുന്നില്ലെന്നും താനൊരു ദ്വൈതവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ബാഹ്യാർത്ഥ സിദ്ധാന്തം പിന്തുടരുകയും സൊറാസ്ട്രനിസത്തില്‍ ഗോപ്യമായ പുതിയ പാരമ്പര്യം രൂപപ്പെടുത്തുകയും ചെയ്ത പേർഷ്യന്‍ സന്ന്യാസിമാരില്‍ പെട്ടയാളാണ് താനെന്നാണ് സുഹ്‌റവർദി പറയുന്നത്. അദ്ദേഹം എഴുതുന്നു: ‘പഴയകാല പേർഷ്യന്‍ സന്ന്യാസിമാരില്‍ സത്യാന്വേഷികളും ദൈവാനുഗ്രഹീതരുമായ ഒരു വിഭാഗം ഉണ്ടായിരുന്നു. മാഗി എന്ന പേരില്‍ അറിയപ്പെടുന്ന സന്ന്യാസിമാരെ പോലെയായിരുന്നില്ല അവര്‍. പ്ലാറ്റോയുടെയും അദ്ദേഹത്തിന്റെ മുൻ​ഗാമികളുടെയും ആത്മീയ അനുഭവങ്ങളില്‍ ദൃശ്യമാകുന്നത് പോലെയുള്ള ഉന്നതവും വെളിപാടുജന്യവുമായ അവരുടെ ജ്ഞാനമാണ് ‘ഹിക്മതുല്‍ ഇശ്‌റാഖ്’ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ തിരിച്ചുകൊണ്ടു വരുന്നത്.’

വ്യത്യസ്തമായ ധാരകളെ ആശ്രയിക്കുന്നതിലൂടെ വ്യത്യസ്ത ധാരകളിൽ നിന്നും സത്യം കടഞ്ഞെടുക്കുകയാണ് സുഹ്‌റവർദി ചെയ്തത്. ദൈവിക ജ്ഞാനത്തെ(ഹിക്മതുല്ലദുന്നിയ്യ) യും പുരാതന ജ്ഞാനത്തെയും(ഹിക്മതുല്‍ അതീഖ്) പുനരേകീകരിച്ച വ്യക്തിയായാണ് സുഹ്‌റവർദി സ്വയം ഗണിക്കുന്നത്. പുരാതന കാലത്തെ ഹിന്ദുക്കളിലും പേർഷ്യക്കാരിലും ബാബിലോണിയക്കാരിലും ഈജിപ്തുകാരിലും ഗ്രീക്കുകാരിലെ അവസാന തത്വചിന്തകനും യുക്തിപരമായ കാഴ്ച്ചപ്പാടിലൂടെ ജ്ഞാനപാരമ്പര്യത്തിന് വിരാമമിട്ട വ്യക്തിയുമായ അരിസ്റ്റോട്ടിലിന്റെ കാലം വരെ ഗ്രീക്കുകാരിലും ഈ ജ്ഞാനം വ്യത്യസ്ത രൂപത്തില്‍ സാർവ്വത്രികമായിരുന്നുവെന്നാണ് അദ്ദേഹം വിശ്വസിച്ചത്.
തത്വചിന്തയുടെ ചരിത്രത്തെ കുറിച്ച് സുഹ്‌റവർദിക്കുണ്ടായിരുന്ന കാഴ്ച്ചപ്പാട് ഏറെ കൗതുകകരമാണ്. കാരണം ഇശ്‌റാഖി ജ്ഞാനത്തിലെ അടിസ്ഥാന വശമാണത്. സുഹ്‌റവർദി ഉൾപ്പെടെയുള്ള മധ്യകാലഘട്ടത്തിലെ രചയിതാക്കളെ സംബന്ധിച്ചിടത്തോളം കിഴക്കിലെയും പടിഞ്ഞാറിലെയും പാഠശാലകളില്‍ തത്വചിന്തയുടെയും ശാസ്ത്രങ്ങളുടെയും ഉപജ്ഞാതാവായി അറിയപ്പെടുന്ന ഇദ്‌രീസ് നബി(അ) ലൂടെയാണ് ദൈവം മനുഷ്യരിലേക്ക് ദൈവിക ജ്ഞാനം കൈമാറിയത്. ഈ ജ്ഞാനം പിന്നീട് രണ്ട് ധാരകളായി വേർപിരിഞ്ഞു, അതിലൊന്ന് പേർഷ്യയിലും മറ്റൊന്ന് ഈജിപ്തിലും വ്യാപിച്ചു. ഈജിപ്തിൽ നിന്നത് ഗ്രീസിലേക്ക് പ്രസരിക്കുകയും പിന്നീട് പേർഷ്യയിൽ നിന്നും ഗ്രീസിൽ നിന്നും ഇസ്‌ലാമിക നാഗരികയിലേക്കത് പ്രവേശിക്കുകയും ചെയ്തു. വാസ്തവത്തില്‍, ഇസ്‌ലാമിക ലോകത്തെ തന്റെ ഏറ്റവും അടുത്ത മുൻ​ഗാമികളെ തത്വചിന്തകരായല്ല മറിച്ച് ആദ്യകാല സൂഫികളായാണ് സുഹ്‌റവർദി പരിഗണിച്ചത്. ‘അരിസ്റ്റോട്ടിലിന്റെ ദൈവശാസ്ത്രം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ (അരിസ്റ്റോട്ടിലാണ് അതെന്നാണ് സുഹ്‌റവർദി കരുതിയിരുന്നത്. യഥാർത്ഥത്തിലത് പ്ലോട്ടിനസിന്റെ കൃതിയാണ്.) ദർശിച്ച ഒരു സ്വപ്നത്തെ കുറിച്ച് സുഹ്‌റവർദി എഴുതുന്നുണ്ട്. ഫാറാബിയെയും ഇബ്‌നു സീനയെയും പോലുള്ള പെരിപ്പാറ്റെറ്റിക്ക് തത്വചിന്തകന്മാര്‍ യഥാർത്ഥത്തില്‍ ഇസ്‌ലാമിക തത്വചിന്തകന്മാരായിരുന്നോ എന്ന് പ്രസ്തുത രചയിതാവിനോട് അദ്ദേഹം ചോദിക്കുന്നു. അരിസ്റ്റോട്ടില്‍ അതിനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘അല്ല, ആയിരത്തിലൊരംശം പോലും. സൂഫികളായ അബൂയസീദുല്‍ ബിസ്ത്വാമിയും തുസ്തുരിയുമാണ് യഥാത്ഥ തത്വചിന്തകന്മാര്‍.’
രാജാക്കന്മാരും പേർഷ്യന്‍ ബുദ്ധിജീവികളും ഉൾപ്പെടെയുള്ള പഴയകാല സന്ന്യാസികളിലൂടെ നടേ പറഞ്ഞ സാർവ്വലൗകിക ജ്ഞാനം കൈമാറിവന്ന ശൃംഖല സുഹ്‌റവർദിയുടെ കാഴ്ച്ചപ്പാടില്‍ താഴെ പറയും പോലെയാണ്. ഇദ്‌രീസ് നബി(അ) യിൽ നിന്നും ശീസ് നബി(അ) യിൽ നിന്നും ആരംഭിച്ച് ആസ്‌ക്ലപിയസ്, പൈഥഗോറസ്, എംബഡോക്ലസ്, പ്ലാറ്റോ, ദുന്നൂനുല്‍ മിസ്വ്‌രി(റ), അബൂ സഹല്‍ തുസ്തുരി(റ) എന്നിങ്ങനെ ഒരു ധാരയും പേർഷ്യന്‍ രാജാക്കന്മാര്‍, കയൂമർസി, ഫരീദൂന്‍, കായ് ഖുസ്‌റു തുടങ്ങിയവരും അബൂയസീദുല്‍ ബിസ്ത്വാമി(റ), മൻസ്വൂറുൽ ഹല്ലാജ്(റ), അബുൽ ഹസന്‍ ഖർറഖാനി എന്നിങ്ങനെ മറ്റൊരു ധാരയും സുഹ്‌റവർദിയില്‍ എത്തിച്ചേരുന്നു.
ഒരേ ബിന്ദുവില്‍ നിന്നാരംഭിച്ച് ഭിന്നമായി മാറിയ രണ്ട് ജ്ഞാന പാരമ്പര്യങ്ങള്‍ രണ്ടാമതായി ഒരുമിച്ച് കൂടുന്ന ഇമാമായി സുഹ്‌റവർദി സ്വയം ഗണിക്കുന്നു. സൊരാഷ്ട്രറുടെയും പ്ലാറ്റോയുടെയും ജ്ഞാന പാരമ്പര്യം സംയോജിപ്പിക്കാനാണ് സുഹ്‌റവർദി ശ്രമിച്ചത്. അയല്‍ നാഗരികതയായ ബൈസന്റൈന്‍ സാമ്രാജ്യത്തില്‍ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം ജെമിസ്‌തോസ് പ്ലിഥോനും ഇതുതന്നെ ചെയ്യുകയുണ്ടായി. എങ്കിലും, സുഹ്‌റവർദി യുടെയും പ്ലിഥോനിന്റെയും ഉദ്ഗ്രഥന പ്രക്രിയയുടെ സ്വാധീനവും പ്രസക്തിയുമെല്ലാം പൂര്ണാർത്ഥത്തില്‍ വ്യത്യസ്തമായിരുന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy