നബീൽ മുഅബി.
തിരുനബി(സ്വ) തങ്ങളെ അനുധാവനം ചെയ്യുക എന്നതിന്റെ പൊരുളന്വേഷിക്കുന്ന ലേഖനം. തിരുജീവിതത്തിന്റെ ബാഹ്യവശങ്ങളോടൊപ്പം ആന്തരീക തലങ്ങൾ പിൻപറ്റേണ്ടതിന്റെ അനിവാര്യത പ്രമാണബദ്ധമായി വിശദീകരിക്കുന്ന സവിശേഷമായ ആഖ്യാനം.
നബിയേ അങ്ങ് പറയുക, ”നിങ്ങൾക്ക് അല്ലാഹുവിനോട് സ്നേഹമുണ്ടെങ്കിൽ എന്നെ നിങ്ങൾ പിൻപറ്റുക(ഇത്തിബാഅ്)”(ആലുഇംറാൻ 31)
ഇത്തിബാഇനെ കുറിച്ച് പറയുന്ന ആയത്താണിത്. നബി(സ) യെ പിൻപറ്റുവാനാണ് ഇവിടെ അല്ലാഹുവിന്റെ കൽപ്പന!
നബി(സ) യെ പിൻപറ്റുക എന്നാൽ ജീവിത ശൈലികളിൽ നബിയെ പിൻപറ്റുക എന്നാണ് നമ്മുടെ മനസ്സിൽ വരുന്നത്. നീളത്തിൽ താടിവെക്കുക, മീശ കത്രിക്കുക, നീളം കുപ്പായം ധരിക്കുക എന്നിങ്ങിനെയുള്ള ആദിയായ കാര്യങ്ങളിലുള്ള ഇത്തിബാഅ്. എന്നാൽ നബി(സ) യെ പിൻപറ്റുന്നതിൽ മുഖ്യമായ ഭാഗം ഇതാണോ? നബി(സ) കൊണ്ടുവന്ന കലിമയെ പിൻപറ്റിയവർക്കല്ലേ ഇസ്ലാമിൽ സ്ഥാനമുള്ളൂ…!
അതേ, അവിടുന്ന് കൊണ്ടു വന്ന ദീൻ പൂർണ്ണമായും ശരിയാണെന്ന വിശ്വാസമാണ് ഇത്തിബാഇൽ മർമപ്രധാനമായത്. നബി(സ) യുടെ വിശ്വാസങ്ങളും വാക്കുകളും പ്രവൃത്തികളും സ്വഭാവങ്ങളും പിൻപറ്റപ്പെടേണ്ടതാണ്. എന്നാൽ, ഇതിൽ ദീനിന്റെ അടിത്തറയായ കാര്യങ്ങളെ പിൻപറ്റൽ നിർബന്ധവും ശാഖാപരമായതിനെ പിൻപറ്റൽ സുന്നത്തുമാണ്!. ഈമാനികമായ വിഷയങ്ങളിൽ തങ്ങൾ കൊണ്ടുവന്നതായി അറിയപ്പെട്ടതിനെ പൂർണ്ണമായും വിശ്വാസത്തിൽ കൊണ്ടുവന്നില്ലെങ്കിൽ അവർക്ക് ഇസ്ലാമിക അംഗത്വം തന്നെ നഷ്ടപ്പെടും.
ആദിയായ സുന്നത്തുകൾ(ജീവിത ശൈലികൾ) പിൻപറ്റുന്നതിൽ വീഴ്ച്ച വന്നാലും അത് കുറ്റകരമാണെന്ന് പൊതുവെ പറയാൻ കഴിയില്ല. ഫിഖ്ഹിന്റെ ഇമാമുകൾ അവയിൽ കുറ്റകരമാകാവുന്നതും അല്ലാത്തവയും വേർതിരിച്ചിട്ടുണ്ട്. കുറ്റങ്ങൾ തന്നെ ഹറാം എന്ന ഗണത്തിൽ ഗൗരവമുള്ളതും കറാഹത്ത് എന്ന നിലയിൽ അത്രതന്നെ ഗൗരവമില്ലാത്തവയേയും വേർതിരിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ നബി(സ) യെ പിൻപറ്റുക എന്നാൽ ദീനുൽ ഇസ്ലാമിനെ പിൻപറ്റുകയെന്നാണ് അതിന്നർത്ഥം. നബി(സ) തങ്ങളുടെ സമ്പൂർണ്ണവും ഉൽകൃഷ്ടവുമായ ജീവിതത്തെ ഉമ്മത്ത് പിൻപറ്റുമ്പോൾ പല പോരായ്മകളും വീഴ്ച്ചകളും ഉണ്ടാകും. ആ വലിയ ജീവിതത്തെ മുഴുവൻ പകർത്തുക എന്നത് ദുർബലർക്ക് അസാധ്യമായതു കൊണ്ടാണ് ദീനിനെ അടിസ്ഥാനപരവും ശാഖാപരവുമായി വേർതിരിച്ചത്.
സ്വഹാബാക്കളിൽ നിന്ന് തന്നെ ദുർബലരായവർ വന്നിട്ട് നബി(സ) യോട് ചോദിച്ചു
- يا رسول الله إن شرائع الإسلام قد كثرت عليّ، فأخبرني بشيء أتشبث به
ഇസ്ലാം ദീനിൽ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് മുറുകെ പിടിക്കാൻ പറ്റിയതൊന്ന് പറഞ്ഞു തരിക നബിയേ…..
നബി(സ) പറഞ്ഞു – لا يزالُ لسانُك رطبًا من ذكرِ اللهِ
നിന്റെ നാവ് അല്ലാഹുവിന്റെ ദിക്റ് കൊണ്ട് എപ്പോഴും നനഞ്ഞിരിക്കട്ടെ…!
ഫർളായ കാര്യങ്ങൾ പാലിക്കുകയും ശിർക്കും കുഫ്റും ഹറാമുകളും സൂക്ഷിക്കുകയും ചെയ്തു കഴിഞ്ഞാൽ ബാക്കി സമയം മുഴുവൻ ദിക്റ് കൊണ്ട് നാവ് നനഞ്ഞു കൊണ്ടിരിക്കുക എന്നാണ് ഇവിടെ നിർദ്ദേശിക്കപ്പെട്ടത്.
സ്വഹാബാക്കൾക്ക് പോലും ചുരുങ്ങിയ വഴി നബി(സ) നിർദ്ദേശിച്ചു കൊടുത്തുവെങ്കിൽ പിൽക്കാലക്കാരുടെ കാര്യം പറയണോ? പ്രത്യേകിച്ച് ആഖിർസമാനിനോടടുത്ത ആധുനിക കാലഘട്ടത്തിൽ. അതുകൊണ്ട് ഈമാനികമായ കാര്യങ്ങളെ ഉൾകൊള്ളുകയും ഫർളുകൾ വീടുകയും ഹറാമുകളെ വർജിക്കുകയും ചെയ്യുന്നതാണ് ഇത്തിബാഇന്റെ മാർഗം. നബി(സ) യെ ഇത്തിബാഉ ചെയ്യുക എന്നാൽ ദീനിനെ ഇത്തിബാഉ ചെയ്യുക എന്നാണ്.
ദീനിനെ ആധികാരകിമായി പഠിച്ച ആലിമീങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ട് പോയില്ലെങ്കിൽ കാര്യങ്ങളെ യഥാവിധി മനസ്സിലാക്കുന്നതിൽ വലിയ വീഴ്ച്ച സംഭവിക്കുക സ്വാഭാവികമാണ്. ഇത്തിബാഉം സുന്നത്തും ദഅവത്തും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും തുടങ്ങിയ പല വിഷയങ്ങളിലും അബദ്ധ ധാരണകൾ ഇന്ന് പ്രചരിച്ചിരിക്കുകയാണ്. അല്ലാഹു നമുക്ക് ഇൽമിന്റെ അഹ് ലുകാരുടെ വഴിക്ക് സഞ്ചരിക്കാൻ തൗഫീഖ് നൽകട്ടെ…. ആമീൻ.