പ്രണയലോകത്തിലെ വർത്തമാനങ്ങൾ

ജലാഉൽ ഖാത്വിറിൽ നിന്ന്

ശൈഖ് മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി
പരിഭാഷ: ബഷീർ മിസ്അബ്:

“പ്രണയഭാജനത്തെയല്ലാതെ നോക്കുന്ന കണ്ണുകൾ പ്രണയിതാവിനില്ല..”
പക്ഷെ, നിന്റെ കാര്യം കഷ്ടം തന്നെ! നീ അല്ലാഹുവിനെ സ്നേഹിക്കുന്നു എന്നവകാശപ്പെടുകയും ഹൃദയം അവനല്ലാത്തവർക്ക് തുറന്നു കൊടുക്കുകയും ചെയ്യുന്നു. ലൈലയോടുള്ള പ്രണയം ആത്മാർത്ഥമായിരുന്നതിനാൽ മജ്നുവിന്റെ ഹൃദയം മറ്റാരെയും സ്വീകരിക്കുമായിരുന്നില്ല.
ഒരിക്കൽ വഴിമധ്യെ ചിലർ മജ്നുവിനോടു ചോദിച്ചു- “”നീ എവിടെ നിന്നു വരുന്നു?”. “”ലൈലയുടെ അടുത്തു നിന്ന്”- മജ്നു പറഞ്ഞു. “”എങ്ങോട്ടു പോകുന്നു?”-അവർ ചോദ്യം തുടർന്നു. “ലൈലയിലേക്കു തന്നെ”-മജ്നു പ്രതിവചിച്ചു.
അല്ലാഹുവിനോടുള്ള പ്രണയം ആത്മാർത്ഥമാവുമ്പോൾ ഹൃദയം മൂസ്സാ (അ) യുടേതു പോലെയായിത്തീരുന്നു. അദ്ദേഹത്തെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത് –
“മുലയൂട്ടുന്ന, സ്ത്രീകൾ അവനു മുലകൊടുക്കുന്നത് ആദ്യമേ നാം പ്രതിരോധിച്ചിരുന്നു”(വി.ഖു).
കളവു പറയാതിരിക്കുക. നിനക്ക് ഹൃദയമൊന്നേയുള്ളൂ. അതിൽ ഒന്നു നിറഞ്ഞാൽ പിന്നെ മറ്റൊന്നിനിടമില്ല. “അല്ലാഹു ഒരാൾക്കും ഉടലിൽ രണ്ടു ഹൃദയങ്ങൾ നൽകിയിട്ടില്ല.”(വി.ഖു). ഒരേ സമയം സൃഷ്ടികളേയും സ്രഷ്ടാവിനേയും സ്നേഹിക്കുന്ന ഹൃദയമുണ്ടാവില്ല. ഇഹലോകവും പരലോകവും ഒരുപോലെ നിറഞ്ഞിരിക്കുന്ന ഹൃദയവും സാധ്യമല്ല.
അല്ലാഹു പറഞ്ഞിരിക്കുന്നു- “എന്നെ സ്നേഹിക്കുന്നു എന്നവകാശപ്പെടുകയും രാവണഞ്ഞാൽ ഉറങ്ങാൻ പോവുകയും ചെയ്യുന്നവൻ കളവാണു പറയുന്നത്”. നീ അല്ലാഹുവിനെ സ്നേഹക്കുന്നവനായിരുന്നുവെങ്കിൽ ഉറക്കിൽ നിന്നുണരാൻ മടിക്കുമായിരുന്നില്ല.
പ്രണയിതാവ് ക്ഷീണിതനാണ്. എന്നാൽ,സ്നേഹഭാജനം സ്വാസ്ഥ്യത്തിലാകുന്നു. പ്രണയിതാവ് അല്ലാഹുവിലേക്കുള്ള തേട്ടത്തിലാകുന്നു. എന്നാൽ, അല്ലാഹുവിന്റെ സ്നേഹഭാജനങ്ങളെയാവട്ടെ, അല്ലാഹു അന്വേഷിക്കുന്നു.
റസൂൽ(സ്വ) ഇവ്വിധം അരുളിയതായി നിവേദനമുണ്ട്- “അല്ലാഹു തആല ജിബ് രീൽ(അ) യോട് പറയുന്നു-“ഇന്നയാളെ ഉണർത്തുക. ഇന്നയാളെ ഉറങ്ങാൻ വിട്ടേക്കുക”. ഈ മൊഴിക്കു രണ്ടു വ്യാഖ്യാനങ്ങളാവം. “എന്നെ സ്നേഹിക്കുന്നവനെ ഉണർത്തുക. ഞാൻ സ്നേഹിക്കുന്ന എന്റെ ഇഷ്ടഭാജനത്തെ ഉറങ്ങാൻ വിട്ടേക്കുക. ഒന്നാമൻ എന്നെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നവനാണ്. അതിനാൽ അവനെ ഉണർത്തി എനിക്കുള്ള ആരാധനയുടെ നേർവഴിയിൽ നിമഗ്നനാവാൻ വിടുക. അതുവഴി ഞാനൊഴികെയുള്ളവരുമായുള്ള അവന്റെ ബന്ധത്തിന്റെ ഇലകൾ കൊഴിഞ്ഞു വീഴട്ടെ. എന്നോടുള്ള അവന്റെ സ്നേഹത്തിന്റെ തെളിവുകൂടിയാണ് അത്. രണ്ടാമനെ ഉറങ്ങാൻ വിട്ടേക്കുക. കാരണം അവൻ ഞാൻ സ്നേഹിക്കുന്ന എന്റെ ഇഷ്ടക്കാരനാണ്. തന്റേതായ എല്ലാം എനിക്കായി മാറ്റി വെച്ചവനാണ് . അവന്റെ പ്രണയം എന്നോടു മാത്രമാകുന്നു. അതാവട്ടെ, സംശയ ലേശമന്യേ തെളിയിക്കപ്പെട്ടതുമാണ്. എന്നിലേക്കുള്ള അവന്റെ പശ്ചാതാപം ആത്മാർത്ഥമാണ്. എന്നോടുള്ള കരാർ അവൻ പാലിക്കുകയും ചെയ്തിരിക്കുന്നു. എന്റെ അതിഥിയാകുന്നു അവൻ. അതിഥിയെക്കൊണ്ടു ജോലി ചെയ്യിക്കാൻ പാടില്ലല്ലോ? അതിനാൽ എന്റെ കാരുണ്യത്തിന്റെ മടിത്തട്ടിൽ അവനെ ഉറങ്ങാൻ വിട്ടേക്കുക. എന്റെ അനുഗ്രഹത്തിന്റെ മുറിയിൽ അവനൊരു ഇരിപ്പിടവും നൽകുക. എന്റെ സാമീപ്യത്തിന്റെ മധു നുകരട്ടെ അവൻ”. അവന്റെ സ്നേഹം സത്യമായിപ്പുലർന്നിരിക്കുന്നു. സ്നേഹം ആത്മാർത്ഥമാവുമ്പോൾ ഉപചാരങ്ങളുടെ മതിലുകൾ അപ്രത്യക്ഷമാവുന്നു.
മറ്റൊരു വ്യാഖ്യാനം ഇവ്വിധമാകുന്നു- “ഇന്നയാളെ ഉറങ്ങാൻ വിട്ടേക്കൂ. കാരണം എനിക്കുള്ള ആരാധനയിലൂടെ സൃഷ്ടികളുടെ നോട്ടമാണ് അവൻ കാംക്ഷിക്കുന്നത്. അവന്റെ ശബ്ദം കേൾക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. എന്നാൽ ഇന്നയാളെ ഉണർത്തിക്കൊൾക. കാരണം, എനിക്കുള്ള ആരാധനയിലൂടെ എന്റെ മാത്രം നോട്ടമാണ് അവൻ കാംക്ഷിക്കുന്നത്. അവന്റെ സ്വരം കേൾക്കാൻ ഞാനാഗ്രഹിക്കുന്നു”.
അല്ലാഹുവല്ലാത്ത സകലതിനെ തൊട്ടും ഹൃദയത്തെ ശുദ്ധീകരിക്കുകയും, മറ്റാർക്കു വേണ്ടിയും അല്ലാഹുവിന്റെ സാമീപ്യമുപേക്ഷിക്കാൻ സന്നദ്ധമാവാതിരിക്കുകയും ചെയ്യുമ്പോഴാണ് അല്ലാഹുവിനെ സ്നേഹിക്കുന്ന അടിമ അല്ലാഹുവിന് പ്രിയപ്പെട്ടവനാകുന്നത്. അവ്വിധം ഉദാത്തമായൊരു അവസ്ഥ പ്രാപിക്കാൻ നിർബന്ധ ആരാധനകളിൽ നിഷ്ഠ പുലർത്തുകയും നിരോധിത കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുകയും ചെയ്യേണ്ടതുണ്ട്. അതുപോലെ , അനുവദനീയമായവയെ തന്നെ ആർത്തിയോടെ സമീപിക്കാതിരിക്കുകയും കാമചോദനകളിൽനിന്നും കളിതമാശകളിൽനിന്നും വിട്ടു നിൽക്കുകയും ആത്മ നിയന്ത്രണം പാലിക്കുകയും പരിപൂർണ്ണ പരിത്യാഗിയാവുകയും വേണം. അഥവാ, നീച സ്വത്വത്തെയും വികാരങ്ങളെയും പിശാചിനേയും അതിജയിച്ച് അല്ലാഹുവല്ലാത്ത സകലതിനോടും ബന്ധം മുറിക്കണം. സകല സൃഷ്ടിജാലങ്ങളിൽനിന്നും ഹൃദയത്തെ പരിശുദ്ധമാക്കണം. അങ്ങിനെ, പുകഴ്ത്തലും ഇകഴ്ത്തലും, അംഗീകാരവും അവഗണനയും, സ്വർണവും കളിമണ്ണുമെല്ലാം ഒരുപോലെയാവുന്ന അവസ്ഥ പ്രാപിക്കണം. അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും, മുഹമ്മദ്(സ്വ) അവന്റെ തിരുദൂതനാണെന്നുമുള്ള പ്രഖ്യാപനമാകുന്നു ഈ ആത്മീയാവസ്ഥയുടെ ആദ്യ ഘട്ടം. കളിമണ്ണുപോലെ നിസ്സാരമായ ഒന്നായി സ്വർണത്തെ കാണാൻ കഴിയുന്ന അവസ്ഥയാണ് അതിന്റെ അന്ത്യ ഘട്ടം.
ഹൃദയം ശുദ്ധീകരിച്ച് അതിന്റെ നാഥനുമായി ബന്ധം സ്ഥാപിച്ചവർക്ക് പൊന്നും മണ്ണും, പുകഴ്ത്തലും ഇകഴ്ത്തലും, രോഗവും ആരോഗ്യവും, ക്ഷാമവും ക്ഷേമവും ദുനിയാവിന്റെ ഭാഗ്യനിർഭാഗ്യങ്ങളുമെല്ലാം ഒരുപോലെയാകുന്നു. ഒരാളിലിതു സത്യമായിപ്പുലരുമ്പോൾ അയാളിലെ നഫ്സും വികാരങ്ങളും അടങ്ങുകയും ജന്മചോദനകളുടെ തീയണഞ്ഞു പോവുകയും പിശാച് അപമാനിതനാവുകയും ചെയ്യും. ഇഹലോകത്തെയും അതിന്റെ അധിപൻമാരെയും നിസ്സാരമായിക്കാണുന്ന ആ അടിമ തന്റെ നാഥനിലേക്ക് നിരന്തരം മുന്നേറും. സൃഷ്ടികൾക്കിടയിലൂടെ അയാളുടെ ഹൃദയത്തിനായി ഒരു വഴി തുറക്കപ്പെടുകയും അതിലൂടെ അയാൾ സ്രഷ്ടാവിലേക്ക് എത്തിച്ചേരുകയും ചെയ്യും. സൃഷ്ടികൾ ഇരുഭാഗത്തേക്കും മാറിനിന്ന് അയാൾക്കു വഴിയൊരുക്കും. എന്നല്ല അയാളുടെ സത്യസന്ധതയിൽനിന്നും പ്രഭാവത്തിൽനിന്നും അവർ ഓടിയകലും. അതോടെ അയാൾ ആകാശ ലോകങ്ങളിൽ “മഹാത്മാവ്” എന്നു വിളിക്കപ്പെടുകയും സകല സൃഷ്ടിജാലങ്ങളും അയാളുടെ ഹൃദയപാദങ്ങൾക്കു ചുവട്ടിൽ വരികയും അയാളുടെ തണലിൽ രക്ഷതേടുകയും ചെയ്യും.
മിഥ്യാഭ്രമത്തിൽ പെട്ടുപോകാതിരിക്കുക. നിന്റേതല്ലാത്തവയുടെ ഉടമസ്ഥത അവകാശപ്പെടാതിരിക്കുകയും ചെയ്യുക. നിന്റെ നഫ്സിന്റെ അടിമത്തത്തിലാകുന്നു നീ. നിന്റെ ഹൃദയത്തിൽ അല്ലാഹുവിലുപരി ഇഹലോകവും സൃഷ്ടിജാലങ്ങളുമാണ്. അല്ലഹുവിന്റെ അഹ് ലുകാരുടെ പരിധിക്കു പുറത്താകുന്നു നീ. അവ്വിധം ഉദാത്തമായൊരു പദവി ആർജ്ജിക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റെല്ലാറ്റിൽ നിന്നും നിന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്ന ജോലിയിൽ വ്യാപൃതനാവുക. ഒരിത്തിരി ഭക്ഷണം ആവശ്യമാവുകയോ, നിസ്സാരമായ എന്തെങ്കിലുമൊന്ന് നഷ്ടപ്പെടുകയോ, ദുനിയാവിന്റെ വ്യവഹാരങ്ങളിലേതെങ്കിലുമൊന്ന് പരാജയപ്പെടുകയോ ചെയ്യുമ്പോഴേക്ക് നീ നിന്റെ നാഥനിൽനിന്നും മുഖം തിരിക്കുന്നു. ഭാര്യയെയും മക്കളെയും മർദ്ധിച്ചുകൊണ്ടും ദീനിനെയും റസൂൽ (സ്വ) യെയും അപഹസിച്ചുകൊണ്ടും നീ അരിശം തീർക്കുന്നു. ശ്രദ്ധയും സൂക്ഷ്മതയുമുള്ള വിവേകിയായിരുന്നു നീയെങ്കിൽ അല്ലാഹുവിന്റെ സാന്നിധ്യത്തിൽ ശാന്തനാവുകയും നിന്റെ മേലുള്ള അവന്റെ ശ്രദ്ധയും കാരുണ്യവും കർമ്മങ്ങളും കണ്ടറിയുകയും ചെയ്യയുമായിരുന്നു.
ഒരായിരം പറുദീസകളിൽ പ്രവേശനം ലഭിച്ചാലും ‘പ്രണയഭാജനത്തെ’ കാണാതെ പ്രണയിതാക്കളുടെ ഹൃദയം സ്വസ്ഥമാവില്ല. അവർ സൃഷ്ടികളെ മോഹിക്കുന്നില്ല. അവർക്കു വേണ്ടത് സ്രഷ്ടാവിനെയാണ്. അവർ ഉപകാരങ്ങൾ മോഹിക്കില്ല, ഉപകാരിയെയല്ലാതെ. അവർ ചില്ല തേടില്ല, വേരല്ലാതെ. മറ്റെല്ലാ ബന്ധങ്ങളും മുറിച്ച് അവർ ‘രാജാവിന്റെ’ ഇഷ്ടക്കാരാവും. എത്രമാത്രം വിസ്തൃതമെങ്കിലും ഈ ഭൂമി അവർക്ക് ഇടുക്കമുള്ളതായിരിക്കുന്നു. അവരുടെ ഹൃയത്തിലൊന്നുണ്ട്. അതവരെ കർമ്മനിരതരും സൃഷ്ടികളെ തൊട്ട് വിരക്തരുമാക്കിയിരിക്കുന്നു. കനവിലോ നിനവിലോ പറുദീസ കണ്ടാൽ പോലും അവർ ഒരു നോട്ടമെറിയില്ല. വന്യമൃഗങ്ങളെയും തടവറകളെയും കൈവിലങ്ങുകളെയും നോക്കും വിധമായിരിക്കും അവർ പറുദീസയെ നോക്കുക. “ഇതെല്ലാം വെറും മറകളും യാതനകളുമല്ലാതെ മറ്റൊന്നുമല്ല” എന്നും പറഞ്ഞ്, ആളുകൾ വന്യമൃഗങ്ങളിൽനിന്നും കൈവിലങ്ങുകളിൽനിന്നും തടവറകളിൽനിന്നും ഓടിയകലും പോലെ പറുദീസയിൽനിന്ന് അവരും ഓടിയകലുന്നു.
അല്ലാഹുവിനെ സ്നേഹിക്കാൻ തുടങ്ങുന്നതോടെ പിന്നെ സ്വേച്ഛകൾ ഇല്ലാതാവുന്നു. കാരണം, പ്രണയിതാവിന് “പ്രണയഭാജനത്തിന്റേ’തല്ലാതെ ഒരിച്ഛയുണ്ടാവില്ലല്ലോ? പ്രണയത്തിന്റെ രുചിയറിഞ്ഞവരെല്ലാം അക്കാര്യം സമ്മതിക്കും. അടിമ യജമാനന്റെ മുമ്പിലെന്നപോൽ പ്രണയിതാവ് തന്റെ ‘പ്രണയഭാജനത്തിനു’ മുമ്പിൽ സ്വയം ഒന്നുമല്ലതായിത്തീരുന്നു. വിവേകിയായ ഒരടിമ ഒരിക്കലും തന്റെ യജമാനനോട് വിയോജിക്കില്ല. പക്ഷെ, നിന്റെ കാര്യം കഷ്ടം തന്നെ. നീ പ്രണയിതാവുമല്ല, പ്രണയഭാജനവുമല്ല. പ്രണയത്തിന്റെ രുചി നീയറിഞ്ഞിട്ടുമില്ല. പ്രണയിതാവ് അസ്വസ്ഥനെങ്കിൽ, പ്രണയഭാജനം സദാ ശാന്തിയിലായിരിക്കും. പ്രണയിതാവ് കഷ്ടപ്പാടിലും ക്ളേശത്തിലുമായിരിക്കുമെങ്കിൽ പ്രണയഭാജനത്തിന്റെ മനസ്സെപ്പോഴും തരളിതമായിരിക്കും.

നീ സ്നേഹമവകാശപ്പെടുന്നു. എന്നിട്ട് പ്രണയഭാജനത്തെ വിട്ട് ഉറങ്ങാൻ പോവുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു-“എന്നെ സ്നേഹിക്കുന്നു എന്നവകാശപ്പെടുകയും എന്നിട്ട് ഇരുൾ വീണാൽ ഉറക്കറയിലേക്ക് പോവുകയും ചെയ്യുന്നവൻ കളവു പറയുന്നവനാകുന്നു”. അല്ലാഹുവിന്റെ അഹ്ലുകാർ അത്യവശ്യത്തിനു മാത്രം ഉറങ്ങുന്നവരാണ്. ചെറിയ മയക്കമല്ലാതെ ഗാഢനിദ്ര അവരെ കീഴ്പ്പെടുത്തില്ല. സുജൂദിലായിക്കൊണ്ടു തന്നെയായിരിക്കും അവരുടെ ഉറക്കവും. റസൂൽ (സ്വ) അരുളിയതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു-“അടിമ സുജൂദിലായിക്കൊണ്ട് ഉറങ്ങുമ്പോൾ അല്ലാഹു മലക്കുകളോട് പറയും-“നോക്കൂ, എവ്വിധമാണ് അവന്റെ മനസ്സ് എന്നോടൊപ്പമാവുകയും ശരീരം എനിക്ക് കീഴ്പ്പെടുകയും ചെയ്തിരിക്കുന്നതെന്ന്? ” -നമസ്ക്കാരത്തിനിടെ ഉറക്കത്തിലേക്കു വഴുതി വീഴുന്നൊരാൾ ആ ഉറക്കവേളയിലും നമസ്ക്കാരത്തിൽ തന്നെയാകുന്നു. കാരണം ഉറക്കം കീഴ്പ്പെടുത്തിയപ്പോഴും അയാളുടെ ഉദ്ദേശം നമസ്ക്കാരമായിരുന്നുവല്ലോ? അല്ലാഹു ഉടലിലേക്കല്ല നോക്കുന്നത്. സത്തയിലേക്കും ഉദ്ദേശത്തിലേക്കുമാകുന്നു.

അന്വേഷിയെന്ന് അവകാശപ്പെടുന്നവനേ, നീ തേടുന്നവനിൽനിന്നും നിന്നെ മറക്കുന്ന ചിലത് നിന്നിലുണ്ടാവുന്നിടത്തോളം നിന്റെ അന്വേഷണം സാർത്ഥകമാവില്ല. നീ ഇപ്പോഴും “ഇതെന്റേതാണ്”, “ഇതെന്റെ സ്വത്താണ്”എന്നെല്ലാം തന്നെയാണല്ലോ പറയുന്നത്. എന്നാൽ യഥാർത്ഥ പ്രണയിതാവിന് തന്റെ ‘പ്രണയഭാജന’മല്ലാതെ മറ്റു സ്വത്തോ, ലൗകിക താൽപര്യങ്ങളോ, പാർപ്പിടമോ ഖജനാവുകളോ ഇല്ല. അവയെല്ലാം താൻ തേടുന്ന പ്രണയഭാജനത്തിന്റേതാകുന്നു. പ്രണയഭാജനത്തിന്റെ വിനയാന്വിതനായൊരു അടിമയാകുന്നു പ്രണയിതാവ്. താനും തന്റേതായ എല്ലാം യജമാന്റേതാകുന്നു. ‘പ്രണയഭാജനത്തി’നുള്ള പ്രണയിതാവിന്റെ സമർപ്പണം പൂർണമാവുന്നതോടെ “പ്രണയഭാജനം’ പ്രണയിതാവിൽനിന്നും താൻ സ്വീകരിച്ചതെല്ലാം അയാൾക്കു തന്നെ പൂർണാധികാരത്തോടെ തിരികെ നൽകുന്നു. അങ്ങിനെ , അടിമ സ്വതന്ത്രനും, നിന്ദിതൻ ശ്രേഷ്ടനുമായിത്തീരുന്നു. അകന്നവൻ അടുത്തവനും പ്രണയിതാവ് പ്രണയിക്കപ്പെടുന്നവനുമായിത്തീരുന്നു.

ലൈലയോടുള്ള പ്രണയത്തിൽ മജ്നു അടിയുറച്ചു നിന്നപ്പോൾ ലൈല മജ്നുവും മജ്നു ലൈലയുമായിത്തീർന്നു. അല്ലാഹുവോടുള്ള സ്നേഹത്തിൽ ഒരാൾ ആത്മാർത്ഥതയും സൈ്ഥര്യവും കാണിക്കുകയും, അല്ലാഹുവിൽനിന്നുള്ള ക്ളേശങ്ങളുടെ അസ്ത്രങ്ങൾ ഭയന്ന് അവന്റെ പടിവാതില്ക്കൽനിന്നും ഓടിയകലാതിരിക്കുകയും, അവയെ സന്തോഷപൂർവ്വം നെഞ്ചിലേറ്റുകയും ചെയ്താൽ, അയാൾ അല്ലാഹു സ്നേഹിക്കുന്നവനും അന്വേഷിക്കുന്നവനുമായിത്തീരുന്നു. അനുഭവസ്ഥർക്ക് നന്നായറിയാം ആ അനുഭൂതി! ചുരുക്കം ചിലരൊഴികെ മറ്റു സൃഷ്ടികൾക്കൊന്നും പക്ഷെ, അതുൾക്കൊള്ളാനാവില്ല. അവരാകുന്നു ബുദ്ധിമാൻമാർ. ഒരൊറ്റ നോട്ടം കൊണ്ടുതന്നെ അവർ കാര്യങ്ങൾ ഗ്രഹിക്കുന്നു. ചെറുസൂചനകളാൽ പോലും അവർ അനുസരണയിലേക്കു മടങ്ങുകയും, സദ് വൃത്തരാവുകയും, അല്ലാഹു തങ്ങളിൽ നിന്നും ഇച്ഛിക്കുന്നതെന്തെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

നിന്റെ കാര്യം കഷ്ടംതന്നെ! നീ അല്ലാഹുവേ സ്നേഹിക്കുന്നുവെന്നവകാശപ്പെടുന്നു. എന്നിട്ട് അവനോടു അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു!. അല്ലാഹുവിന്റെ ആജ്ഞകളനുസരിക്കുകയും, വിലക്കുകൾ ലംഘിക്കാതിരിക്കുകയും, അവന്റെ വിധിയിൽ തൃപ്തരാവുകയും ചെയ്യുന്നവരുടെ ഹൃദയത്തിൽ മാത്രമേ അവനോടുള്ള സ്നേഹം ജനിക്കൂ. അങ്ങിനെ, ആദ്യം അനുഗ്രഹങ്ങളുടെ പേരിൽ നീയവനെ സ്നേഹിക്കുകയും, പിന്നീട് തിരിച്ചൊന്നും കാംക്ഷിക്കാത്ത വിധം ആ സ്നേഹം വളരുകയും ഒടുവിൽ, അവനായുള്ള തീവ്രാഭിലാഷം മാത്രം നിന്നിലവശേഷിക്കുകയും ചെയ്യുന്നു. പ്രണേതാവ് തന്റെ നാവ് കൊണ്ടും മറ്റവയവങ്ങൾ കൊണ്ടും റൂഹുകൊണ്ടും സിർറു കൊണ്ടുമെല്ലാം അല്ലാഹുവെ സ്മരിക്കുന്നു. അവ്വിധം ഇലാഹീ സ്മരണയിൽ (ദിക്ർ) ഒരാൾ ലയിച്ചുപോകുന്നതോടെ , അല്ലാഹു തന്റെ മലക്കുകളോട് അവനെക്കുറിച്ചു പറയുകയും, അതിഗൂഢമായ ആത്മീയാവസ്ഥകളിലൂടെയും സുഭാഷിതങ്ങളിലൂടെയും മറ്റുള്ളവരിൽ നിന്നുമവനെ ഉൽകൃഷ്ടനാക്കുകയും ചെയ്യുന്നു.

അല്ലാഹുവെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കെ തന്നെ സൃഷ്ടികളോട് അവനെക്കുറിച്ച് പരാതിപ്പെടുന്നവനേ, നീ കപടനാകുന്നു. നിന്റെ സ്നേഹം കപടമാകുന്നു. ക്ഷേമകാലത്ത് അല്ലാഹുവെ സ്നേഹിക്കുകയും, ക്ഷാമ കാലത്ത് പരാതിപ്പെടുകയും ചെയ്യുന്നവനും കപടൻ തന്നെയാകുന്നു. വിശ്വാസം കൊണ്ടും ദൃഢതകൊണ്ടും ശക്തിപ്പെടുത്താതെ ദുർബലമായിക്കിടക്കുന്ന ഹൃദയത്തിലേക്ക് ദാരിദ്ര്യം വന്നണഞ്ഞാൽ അതിൽ അവിശ്വാസം നിറയുമെന്നതിൽ സംശയം വേണ്ട.
പ്രണയത്തിൽ വീതംവെപ്പു സാധ്യമല്ല. അല്ലയോ, ദൈവസ്നേഹിയെന്നവകാശപ്പെടുന്നവനേ… പ്രണയഭാജനത്തിന്റെ അതിഥിയാകുന്നു പ്രണയിതാവ്. ഒരതിഥി സ്വന്തം ഭക്ഷണം കഴിക്കുന്നത് നീ കണ്ടിട്ടുണ്ടോ? സ്നേഹമവകാശപ്പെടുമ്പോൾ തന്നെ നീ ഉറങ്ങാൻ പോവുന്നു! പ്രണയിതാവ് ഒരിക്കലുമുറങ്ങില്ല. പ്രണയിതാവോ, പ്രണയിനിയോ ആയിത്തീരുക. മൂന്നമതൊരവസ്ഥ സാധ്യമല്ല. നീ യഥാർത്ഥ പ്രണയിതാവാണെങ്കിൽ നിനക്കെങ്ങിനെ ഉറങ്ങാൻ കഴിയും? പ്രണയഭാജനം നിന്റെ അതിഥിയല്ലയോ..?
ഒരന്വേഷി അദ്ദേഹത്തോടു ചോദിച്ചു- “കൂടുതൽ തീക്ഷ്ണമേതാകുന്നു?, ഭയത്തിന്റെ അഗ്നിയോ അതോ, തീവ്രാഭിലാഷത്തിന്റെ തീയ്യോ? ”.
അദ്ദേഹം പ്രതിവചിച്ചു- “അന്വേഷിക്ക് ഭയത്തിന്റെ അഗ്നിയും, പ്രണേതാവിന് തീവ്രാഭിലാഷത്തിന്റെ തീയ്യും. രണ്ടും ഭിന്നമാകുന്നു. അല്ലയോ അന്വേഷീ, ഇതിലേതു തീയ്യാണു നിന്നിലുള്ളത്? അല്ലയോ, ഉപാധികളിൽ വിശ്വാസമർപ്പിക്കുന്നവനേ, ഉപകാരവും ഉപദ്രവവും ഒരുവനിൽനിന്നു തന്നെയാകുന്നു. അവനാകുന്നു നിന്നെ സൃഷ്ടിച്ചവൻ. നിന്റെ കൈ കൊണ്ടു നീ ചെയ്യുന്ന കർമ്മങ്ങൾ യഥാർത്ഥത്തിൽ നിന്റെ കൈകളിലൂടെയുള്ള അവന്റെ കർമ്മങ്ങൾ മാത്രമാകുന്നു. നിന്നെ സൃഷ്ടിച്ചു പരിപാലിക്കുന്നതും, നിനക്കു ഗുണദോഷങ്ങൾ വരുത്തുന്നതും മാർഗ ദർശനമരുളുന്നതുമെല്ലാം അവൻ തന്നെയാകുന്നു. നിന്നെപ്പോലുള്ള മറ്റു സൃഷ്ടിജാലങ്ങളിൽ നീ എന്തിനു വിശ്വാസമർപ്പിക്കണം? നിനക്ക് ഉപകാരമോ ഉപദ്രവമോ ഏല്പിക്കാനാവാത്തവയെ നീയെന്തിന് ആരാധിക്കണം? അല്ലാഹുവിന്റെ വചനങ്ങൾ നിന്റെ കാതുകളിലെത്തിയിട്ടില്ലേ?
”പറയുക. ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ തന്നെയാണ്. നിങ്ങളുടെ ഇലാഹ് ഏകനായ ഇലാഹ് മാത്രമാണെന്ന് എനിക്കു സന്ദേശം നൽകപ്പെടുന്നുണ്ട്. അതിനാൽ തന്റെ നാഥനുമായുള്ള കൂടിക്കാഴ്ച മോഹിക്കുന്നവർ സൽക്കർമ്മം ചെയ്യുകയും തന്റെ നാഥനുള്ള ആരാധനയിൽ മറ്റാരെയും പങ്കുചേർക്കാതിരിക്കുകയും ചെയ്തു കൊള്ളട്ടെ” – ( വി.ഖു. 18–110)

അല്ലയോ ജനങ്ങളേ, നിങ്ങൾ പ്രണയിതാക്കളല്ലെങ്കിൽ പ്രണയിതാക്കളോടടുക്കുക. അവരെ പ്രണയിക്കുക. അവരെക്കുറിച്ചുള്ള സൽചിന്തയിൽ മുഴുകുക. അത്യപൂർവ്വം ചിലരിൽ അനൈച്ഛികമായ ഉൾപ്രേരണയിലൂടെ അല്ലാഹുവോടുള്ള പ്രണയം ഉണ്ടായിത്തീരുന്നു. അല്ലാഹു അവരെ കടാക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. നിമിഷനേരം കൊണ്ട് അല്ലാഹു അവരുടെ അവസ്ഥകൾ മാറ്റുന്നു. ഒട്ടും കാലതാമസമില്ലാതെ ആ നിമിഷംതൊട്ടു തന്നെ അല്ലാഹു അവരെയും സ്നേഹിച്ചു തുടങ്ങുന്നു. അതിനാൽ, ഒരു ആമുഖവും കാലതാമസവും കൂടാതെ അവർ അവനെയും തീവ്രമായി സ്നേഹിക്കുന്നു. എന്നാൽ ബഹുഭൂരിപക്ഷം പേരും പ്രണയത്തെ സ്വയം തിരഞ്ഞെടുക്കുകയാണ്. അഥവാ, പ്രണയിതാക്കൾ സൃഷ്ടികൾക്കു പകരം സ്രഷ്ടാവിനെ തിരഞ്ഞെടുക്കുന്നു. തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾ മറ്റൊന്നിൽ നിന്നുമല്ലെന്നും, അല്ലാഹുവിൽനിന്നു മാത്രമാണെന്നും അവർക്കു ദൃഢബോധ്യമുണ്ടാകുന്നു. അവനിൽ നിന്നുള്ള അനുഗ്രഹങ്ങളും പ്രതിഫലവും തിരിച്ചറിയുന്നതിനാൽ, അവർ അവനെ വല്ലാതെ സ്നേഹിക്കുന്നു. ഇഹ-പര ലോകങ്ങൾക്കു പകരം അവർ അവനെ തിരഞ്ഞെടുക്കുന്നു. അല്ലാഹു വിലക്കിയത് അവരുപേക്ഷിക്കുകയും അനുവദിച്ചതു തന്നെ പരിമിതമായി മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുകയും മെത്തയും പുതപ്പും, ഉറക്കും വിശ്രമവും ഉപേക്ഷിക്കുകയും ചെയ്യുന്നു.
“തങ്ങളുടെ നാഥനോട് ഭയത്തോടെയും ആശയോടെയും പ്രാർത്ഥിച്ചുകൊണ്ട് അവർ കിടപ്പിടങ്ങളിൽനിന്നും എഴുന്നേൽക്കും. നാമവർക്കു നൽകിയതിൽനിന്നും അവർ ചിലവഴിക്കുകയും ചെയ്യും.” –( വി.ഖു- 32—16)
അവരുടെ രാവും പകലും സാധാരണ പോലെയല്ല. അവർ പറയുന്നു- “അല്ലാഹുവേ, ഹൃദയത്തിൽനിന്നും മറ്റെല്ലാറ്റിനെയും ദൂരെയെറിഞ്ഞ് ഞങ്ങളിതാ നിന്നിലേക്കു ധൃതിപ്പെട്ടു വന്നിരിക്കുന്നു. നിന്റെ തൃപ്തി കാംക്ഷിച്ച്..”. ചില നേരത്ത് ഹൃദയത്തിന്റേയും ആന്തരാത്മാവിന്റെയും പാദങ്ങൾ കൊണ്ട് അവർ അല്ലാഹുവിലേക്കു നടക്കുന്നു. മറ്റു ചില നേരത്ത് ആത്മീയോൽക്കർഷത്തിന്റേയും സത്യസന്ധതയുടേയും പാദങ്ങൾ കൊണ്ട് അവർ നടത്തം തുടരുന്നു. ഇനിയും ചിലപ്പോൾ, പ്രണയത്തിന്റേയും തീവ്രാഭിലാഷത്തിന്റേയും പാദമേറി അവർ അല്ലാഹുവിലേക്കു യാത്ര ചെയ്യുന്നു. പിന്നെയും ചിലപ്പോൾ, ഭയത്തിന്റേയും പ്രത്യാശയുടേയും പാദം കൊണ്ട് അവർ ആ യാത്ര തുടരുന്നു. അല്ലാഹുവിനോടുള്ള അഗാധ പ്രണയത്തിലും അവനെ കാണാനുള്ള തീരാമോഹത്തിലുമാണ് ഈ യാത്ര.

അല്ലയോ അന്വേഷീ, നീ ഉൾപ്രേരണ കൊണ്ടോ, ബോധപൂർവ്വമോ അല്ലാഹുവേ സ്നേഹിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, മൗനിയായി, നിന്റെ ഇസ്ലാമിക ആവിഷ്ക്കാരങ്ങൾ ശരിപ്പെടുത്തുക. നിന്റെ വിശ്വാസവും കർമ്മവും നന്നായിത്തീർന്നെങ്കിൽ! അവിശ്വാസികളുടേയും കപടവിശ്വാസികളുടേയും സൗഹൃദം നീ എന്നെന്നേക്കുമായി ഉപേക്ഷിച്ചെങ്കിൽ! അല്ലാഹുവുമായി സൃഷ്ടികളെ പങ്കു ചേർക്കുന്നവരുമായുള്ള സഹവാസം നീ ഉപേക്ഷിച്ചിരുന്നുവെങ്കിൽ! നീ പശ്ചാതപിക്കുക. രാജാക്കൻമാരുടെ ഖജനാവുകളെ സമീപിക്കാതിരിക്കുക. ശൈഖ് ഹമ്മാദ് (റ) പറയുമായിരുന്നു – “ഒരാൾ സ്വന്തം പദവി തിരിച്ചറിയാതിരിക്കുമ്പോൾ വിധി അയാൾക്ക് അയാളുടെ പദവിയെന്തെന്നു കാണിച്ചു കൊടുക്കുന്നു”. സ്വന്തം അവസ്ഥയെ നിഷേധിക്കുന്നതിനേക്കാൾ ഭേദം അതംഗീകരിക്കുന്നതാണ്. അജ്ഞന് തന്റേയും മറ്റുള്ളവരുടേയും പദവിയെക്കുറിച്ച് ബോധമുണ്ടാവില്ല. അല്ലാഹുവേ, കപടൻമാരിലും കളവു പറയുന്നവരിലും ഉൾപ്പെടുത്തരുതേ. നിന്നെക്കുറിച്ചും നിന്റെ ഉത്തമ ദാസൻമാരെക്കുറിച്ചും അജ്ഞരായവരിലും ഉൾപ്പെടുത്തരുതേ…
“ഞങ്ങൾക്കു ഇഹലോകത്തും പരലോകത്തും നന്മനൽകുകയും നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കുകയും ചെയ്യേണമേ..”( വി.ഖു).

നിന്റെ കാര്യം കഷ്ടം തന്നെ! നീ അല്ലാഹുവെ സ്നേഹിക്കുന്നുവെന്നവകാശപ്പെടുന്നു. എന്നിട്ട് അവനല്ലാത്തവയെ സ്നേഹിക്കുകയും ചെയ്യുന്നു. നിന്റെ ഈ അവകാശവാദം ആത്മനാശത്തിനു ഹേതുവാകും. പ്രണയിതാവിന്റെ യാതൊരടയാളവും നിന്നിൽ ഇല്ലാതിരിക്കെ, നിനക്കെങ്ങിനെ സ്നേഹമവകാശപ്പെടാനാവും? വാതിലുകളേതുമില്ലാത്തൊരു വീട്ടിനകത്ത് തീപിടിച്ച പോലെയാകുന്നു പ്രണയം. വീടിനു മുകളിലൂടെയാണ് അതിന്റെ ജ്വാല പുറത്തേക്കു വരുന്നത്. സ്നേഹജ്വാലകൾ സ്വയം പുറത്തേക്ക് ആളും വരെ പ്രണയിതാവ് തന്റെ പ്രണയിയെ ആരെയും അറിയിക്കാതെ ഉള്ളിൽതന്നെ സൂക്ഷിക്കുന്നു. അയാൾക്ക് സവിശേഷമായൊരു ഭാഷയും ഭാഷണവുമുണ്ട്. ‘പ്രണയഭാജനത്തെ’യല്ലാതെ മറ്റൊന്നും അയാൾ അഭിലഷിക്കുന്നില്ല. അയാളുടെ സത്യസന്ധതയുടെ ഉദാത്തപ്രമാണങ്ങളിലൊന്ന് അതുതന്നെയാകുന്നു. അല്ലയോ വിദൂഷകാ, നീ അവരിലൊരാളല്ലെങ്കിൽ നാവടക്കി വെക്കുക !നീ പ്രണയിതാവുമല്ല, പ്രണയിക്കപ്പെടുന്നവനുമല്ല.
പ്രണയിതാവ് വാതിൽക്കലാണെങ്കിൽ പ്രണയിക്കപ്പെടുന്നവൻ മുറിക്കകത്താകുന്നു. പ്രണേതാവ് അസ്വസ്ഥനാണെങ്കിൽ പ്രണയിക്കപ്പെടുന്നവൻ ‘കാരുണ്യവാന്റെ’ മടിത്തട്ടിൽ ശാന്തമായി ഉറങ്ങുകയാകുന്നു. പ്രണയിതാവ് പരവശനെങ്കിൽ, പ്രണയിക്കപ്പെടുന്നവൻ വിശ്രമത്തിലാകുന്നു. പ്രണയിതാവ് പഠിതാവെങ്കിൽ, പ്രണയിക്കപ്പെടുന്നവൻ ജ്ഞാനിയാകുന്നു. പ്രണേതാവ് തടവറയിലെങ്കിൽ, പ്രണയിക്കപ്പെടുന്നവൻ സ്വതന്ത്രനാകുന്നു. പ്രണയിതാവ് ഉന്മാദിയെങ്കിൽ, പ്രണയിക്കപ്പെടുന്നവൻ വിവേകിയാകുന്നു.
പാമ്പിനെ കാണുമ്പോൾ കുട്ടികൾ ഓടിയകലുമെങ്കിലും, പാമ്പാട്ടി ശാന്തനായി നിൽക്കുന്നു. സിംഹത്തെ കാണുമ്പോൾ ആളുകൾ അലമുറയിട്ടോടുമെങ്കിലും, കാഴ്ചക്കാരിൽ ആശ്ചര്യമുളവാക്കി, പരിശീലകർ അവയോടൊത്ത് ഉറങ്ങുകയും ഉല്ലസിക്കുകയും ചെയ്യുന്നു.

പ്രണയിതാവ് അല്ലാഹുവോട് ഭയമുള്ളവനാകുന്നു. വാതിൽപ്പടിയിലായിരിക്കെ തന്നെ അയാൾക്ക് വിനയപാഠങ്ങൾ ലഭിച്ചിരിക്കുന്നു. അയാളുടെ കൈകാലുകളും ആന്തരാവയവങ്ങളും ഹൃദയവുമെല്ലാം സൽപെരുമാറ്റത്തിന്റെ പാഠങ്ങളുൾക്കൊണ്ടിരിക്കുന്നു. സൽപെരുമാറ്റം സിദ്ധിച്ചു കഴിഞ്ഞാൽ പിന്നെ അല്ലാഹുവുമായുള്ള അടുപ്പത്തിന്റെ വാതിലിലൂടെ പ്രവേശനം സാധ്യമാവുകയും ചെയ്യുന്നു. നിയമം വാതിൽപ്പടിയിലെ പെരുമാറ്റത്തെ സംസ്ക്കരിക്കുന്നുവെങ്കിൽ, ജ്ഞാനം വാതിലിനകത്തെ പെരുമാറ്റത്തെ സ്ഫുടം ചെയ്യുന്നു. നിയമത്തിലൂടെ ഒരാൾ സൽപെരുമാറ്റം സിദ്ധിച്ചു കഴിഞ്ഞാൽ പിന്നെ, ജ്ഞാനം അവനെ സംരക്ഷിക്കുകയും, അവന് ആധിപത്യവും അധികാരവും നല്കി ശരിയായ വിധിനിർണ്ണയത്തിനവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.
നിയമം പൊതുവായൊരു വാതിലെങ്കിൽ, ജ്ഞാനം സവിശേഷമായൊരു വാതിലാകുന്നു. പൊതുവാതിൽക്കൽ അതീവ വിനയപൂർവ്വം പെരുമാറുന്നവന്ന് സുഹൃദ് പദവി ലഭിക്കുകയും, സവിശേഷവാതിലിലൂടെ സമീപത്തേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. അങ്ങിനെ, പ്രണയിതാക്കളുടെ സംഘങ്ങളിലൊരാളായിത്തീരുന്നു അയാൾ. ഒരു വാക്കുമുരിയാടാതെ, അഗാധ ചിന്തയിലും ധ്യാനത്തിലും മുഴുകി ദീർഘനേരം അവിടെത്തന്നെ തുടരുക. പൂർണ്ണ വിധേയത്വത്തോടെ, സ്വന്തം ന്യൂനതകളിലേക്കു നോട്ടമുറപ്പിച്ച്. സ്വന്തം പിഴവുകളിൽ നോട്ടമുറപ്പിക്കുന്നതോടെ പൂർണ്ണത പ്രാപിക്കാനാവുന്നു. എന്നാൽ, സ്വന്തം പൂർണ്ണതയിൽ നോട്ടമുറപ്പിക്കുന്നവർ ന്യൂനത മാത്രമേ കൊയ്തെടുക്കൂ. അതിനാൽ, സച്ചരിതരാവണമെങ്കിൽ നിങ്ങളുടെ കർമ്മങ്ങൾ തിരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy