സത്യവിശ്വാസികളുടെ മനസ്സും മൊഴിയും

ജലാഉൽ ഖാത്വിർ: 6
ശൈഖ് മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):
പരിഭാഷ- വി. ബഷീർ മിസ്അബ്:

അല്ലാഹുവിന്റെ അടിമകളേ, സത്യസന്ധരാവുക. ഏകദൈവവിശ്വാസത്തിൽ സത്യസന്ധരായവർ ഒരിക്കലും വഴിപിഴക്കില്ല. നഫ്സിന്റെയോ വികാരങ്ങളുടെയോ, പിശാചിന്റെയോ പ്രലോഭനങ്ങൾക്കു വഴങ്ങി നിലവിട്ടു പോവില്ല. അവരൊരിക്കലും ആക്ഷേപങ്ങൾക്കു ചെവികൊടുക്കുകയുമില്ല. അല്ലാഹുവെയും അവന്റെ തിരുദൂതരെയും സത്യവിശ്വാസികളെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ കപടരുടെ വാക്കുകേട്ടു സത്യപാതയിൽനിന്നും പിൻമാറില്ല. സത്യസന്ധർക്കു സത്യസന്ധരെയും അസത്യവാദികൾക്ക് അസത്യവാദികളെയുമല്ലാതെ പരിചയമുണ്ടാവില്ല. സത്യവിശ്വാസികളുടെ അഭിലാഷങ്ങളെല്ലാം ഉപരിലോകത്തെ ഉന്നത വിതാനത്തിലാകുന്നു. ആരുടെ നാവുകൾക്കും അവരെ അപായപ്പെടുത്താനാവില്ല. കാര്യങ്ങളുടെയെല്ലാം പരമാധികാരം അല്ലാഹുവിലാകുന്നു. അല്ലാഹു നിങ്ങളെ ഒരു ഉദ്യമത്തിനായി തിരഞ്ഞെടുത്താൽ അവൻ തന്നെ നിങ്ങളെയതിന് സജ്ജമാക്കുകയും ചെയ്യുന്നു.
സൃഷ്ടികളെ ആകമാനം സന്ധിക്കയാണെങ്കിലും തന്റെ “പ്രണയഭാജനത്തെ’യല്ലാതെ മറ്റാരെയും കൺപാർക്കാൻ സത്യവിശ്വാസികൾ മോഹിക്കില്ല. അവരുടെ ബാഹ്യനേത്രങ്ങൾ ഇഹലോകത്തെ വിലമതിക്കുമെങ്കിലും, ഹൃദയനേത്രങ്ങൾ പരലോകത്തെയല്ലാതെ ഗൗനിക്കില്ല. അന്തരാത്മാവിന്റെ അകക്കണ്ണുകളാവട്ടെ, അല്ലാഹുവല്ലാത്ത മറ്റൊന്നിനെയും പരിഗണിക്കുക പോലുമില്ല. കപടവിശ്വാസികളുടെ വാക്കുകൾ തലയിൽനിന്നും നാവിൽനിന്നും ഉയിരെടുക്കുന്നുവെങ്കിൽ, സത്യവിശ്വാസികളുടെ മൊഴികൾ ഹൃദയത്തിൽ നിന്നും അന്തരാത്മാവിൽനിന്നും നാമ്പെടുക്കുന്നു. അവരുടെ ഹൃദയമെപ്പഴും “യജമാനന്റെ’ വാതിൽപ്പടിയിലാകുന്നു. അന്തരാത്മാവാകട്ടെ അവന്റെ തിരുസന്നിധിയിലുമാകുന്നു. വീടകത്തേക്കു പ്രവേശനം ലഭിക്കുവോളം അതു വാതിൽപ്പടിയിൽ വിളിച്ചുകൊണ്ടേയിരിക്കുന്നു.
അല്ലയോ അസത്യവാദികളേ, സത്യസന്ധർ ഒരിക്കലും പിൻതിരിയില്ല. അവരുടെ പ്രവൃത്തിയും അവകാശവാദങ്ങളും സാക്ഷ്യവുമെല്ലാം സത്യമാകുന്നു. “പ്രണയഭാജനത്തിൽനിന്നും’ വരുന്ന അസ്ത്രങ്ങൾ കണ്ട് അവർ പുറംതിരിക്കില്ല. മറിച്ച്, അവ സ്വന്തം നെഞ്ചിലേറ്റുവാങ്ങുന്നു.
ഏതൊന്നിനോടുള്ള പ്രണയവും നമ്മെ അന്ധരും ബധിരരുമാക്കുന്നു. തേടുന്നതെന്തിനെ എന്നു തിരിച്ചറിയുന്നതോടെ അതിനുവേണ്ടി എന്തുതന്നെ ചിലവഴിച്ചാലും പോരെന്ന് നമുക്കു തോന്നും. പ്രണയത്തിൽ നിഷ്കളങ്കരായവർ, “പ്രണയിതാവിനോടുള്ള’ മോഹത്താൽ അന്ധരായവർ, അപായങ്ങളിലേക്കെടുത്തു ചാടുന്നു. മറ്റുള്ളവർ സമീപിക്കുവാൻപോലും ഭയപ്പെടുന്നതിലേക്ക് അവർ ഓടിയണയുന്നു. പ്രണയതീവ്രതയും വിശ്വാസത്തിലെ സത്യസന്ധതയും പ്രണയിതാവിൽനിന്ന് അകലുന്നതിലുള്ള അക്ഷമയുമാകുന്നു അവർക്കു പ്രചോദനമേകുന്നത്. സത്യസന്ധരെ കപടരിൽ നിന്നും വേർതിരിക്കുന്നത് ക്ളേശങ്ങളും പരീക്ഷണങ്ങളുമാകുന്നു.
സത്യവിശ്വാസിയായൊരു കവി പാടിയപോലെ-
“സന്തോഷ വേളയിലല്ല
സന്താപവേളയിലാകുന്നു
കപടരിൽനിന്നും
പ്രണയിതാക്കളെ തിരിച്ചറിയുന്നത്”.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy