ദർവേശ് അൻവാരി
ഇസ് ലാമിക നാഗരികതയുടെ സുവർണ്ണ ദശയിൽ ജീവിച്ച് പിൽക്കാല മുസ് ലിം വൈജ്ഞാനിക ചരിത്രത്തിലുടനീളം പ്രകാശം പൊഴിച്ച് കാലാതിവർത്തിയായ നിറ സാന്നിധ്യമായി നിലനിൽക്കുന്ന ഇമാം ഗസ്സാലി(റ) യുടെ നിരവധി കൃതികൾ ഇതിനകം മലയാളത്തിൽ പരിഭാഷപ്പെടുത്തപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലോക പ്രശസ്ഥമായ ഇഹ് യാ ഉലൂമിദ്ദീൻ, കീമിയ സആദ പോലുള്ള കൃതികൾ മുതൽ മിൻഹാജുൽ ആബിദീൻ വരെയുള്ള ഒട്ടനേകം കൃതികൾ മലയാളത്തിലെ ഇസ് ലാമിക ആത്മീയ വായനയുടെ സംവേദന ചരിത്രത്തിൽ ഇടം നേടിയ മഹത്തായ കൃതികളാണ്. ഈ ഗണത്തിൽ ഇമാം ഗസ്സാലി(റ)യുടെ വിഖ്യാതമായ ജവാഹിറുൽ ഖുർആൻ എന്ന കൃതിയുടെയും മലയാള പരിഭാഷ ഖുർആനിലെ അമൂല്യരത്നങ്ങൾ എന്ന പേരിൽ ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ചിരിക്കുന്നു. യുവ പണ്ഡിതനായ ബാഹിർ അബ്ദുറഹീം വാഫിയാണ് പരിഭാഷകൻ. വളരെ ലളിതമായ ഭാഷയിൽ മൂലകൃതിയുടെ ആശയ ഗരിമ ശോഭമങ്ങാതെ പരിഭാഷയിലും പ്രശോഭിക്കുന്നു എന്നതാണ് ഈ കൃതിയെ സവിശേഷമാക്കുന്നത്.
ഇസ് ലാമിക നാഗരികതയുടെ സുവർണ്ണ ദശയിൽ ജീവിച്ച് പിൽക്കാല മുസ് ലിം വൈജ്ഞാനിക ചരിത്രത്തിലുടനീളം പ്രകാശം പൊഴിച്ച് കാലാതിവർത്തിയായ നിറ സാന്നിധ്യമായി നിലനിൽക്കുന്ന ഇമാം ഗസ്സാലി(റ) യുടെ നിരവധി കൃതികൾ ഇതിനകം മലയാളത്തിൽ പരിഭാഷപ്പെടുത്തപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലോക പ്രശസ്ഥമായ ഇഹ് യാ ഉലൂമിദ്ദീൻ, കീമിയ സആദ പോലുള്ള കൃതികൾ മുതൽ മിൻഹാജുൽ ആബിദീൻ വരെയുള്ള ഒട്ടനേകം കൃതികൾ മലയാളത്തിലെ ഇസ് ലാമിക ആത്മീയ വായനയുടെ സംവേദന ചരിത്രത്തിൽ ഇടം നേടിയ മഹത്തായ കൃതികളാണ്. ഈ ഗണത്തിൽ ഇമാം ഗസ്സാലി(റ)യുടെ വിഖ്യാതമായ ജവാഹിറുൽ ഖുർആൻ എന്ന കൃതിയുടെയും മലയാള പരിഭാഷ ഖുർആനിലെ അമൂല്യരത്നങ്ങൾ എന്ന പേരിൽ ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ചിരിക്കുന്നു. യുവ പണ്ഡിതനായ ബാഹിർ അബ്ദുറഹീം വാഫിയാണ് പരിഭാഷകൻ. വളരെ ലളിതമായ ഭാഷയിൽ മൂലകൃതിയുടെ ആശയ ഗരിമ ശോഭമങ്ങാതെ പരിഭാഷയിലും പ്രശോഭിക്കുന്നു എന്നതാണ് ഈ കൃതിയെ സവിശേഷമാക്കുന്നത്. രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട ഈ കൃതിയിൽ ഒന്നാം ഭാഗത്ത് 19 ചെറിയ അദ്ധ്യായങ്ങളാണുള്ളത്. ഭാഗം രണ്ടിലാകട്ടെ ഖുർആനിലെ രത്നങ്ങൾ, ഖുർആനിലെ മുത്തുകൾ എന്നീ രണ്ടു നാമങ്ങളിൽ ഖുർആനിക സൂക്തങ്ങളുടെ നമ്പറുകളാണ് നൽകിയിട്ടുള്ളത്.
പരിശുദ്ധ ഖുർആനിന്റെ വിസ്മയപൂർണ്ണമായ ജ്ഞാന സാഗരത്തിലേക്കിറങ്ങാനും അതിൽ നിന്ന് അമൂല്യമായ ജ്ഞാന മുത്തുകളും പവിഴങ്ങളും ശേഖരിക്കാനും അനുവാചകരെ മാർഗദർശനം ചെയ്യുന്ന ഒരു മൗലിക രചന തന്നെയാണിത്. പ്രശാന്തവും വശ്യവും അതോടൊപ്പം ചിലപ്പോഴൊക്കെ പ്രക്ഷുബ്ധവുമായ ആ ജ്ഞാന സാഗര തീരത്ത് എത്ര കാലം നിങ്ങൾക്കിങ്ങനെ കണ്ണടച്ച് തുടരാനാവും? ഖുർആൻ അമൂല്യരത്നങ്ങളുടെ സാഗരം എന്ന അദ്ധ്യായത്തിൽ മഹാനായ ഇമാം ഗസ്സാലി(റ) അനുവാചകരോടുന്നയിക്കുന്ന ചോദ്യമാണിത്. ആഴമേറിയ സമുദ്ര മധ്യത്തിലൂടെ നിനക്ക് സഞ്ചരിക്കേണ്ടെ എന്നും അതിലടങ്ങിയ വിസ്മയങ്ങൾ ദർശിക്കാനും ഉത്തമ വിഭവങ്ങൾ ശേഖരിക്കാനും ആഴങ്ങളിലേക്ക് ഊളിയിടാനും നിനക്ക് കൗതുകമില്ലേ എന്നുമെല്ലാമുള്ള ചോദ്യങ്ങൾ തുടരുന്നു. പരിശുദ്ധ ഖുർആനിന്റെ ആ അനന്തവിസ്മയങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്കു മാത്രമേ രത്നങ്ങളും മുത്തുകളും പവിഴങ്ങളും ശേഖരിച്ച് ജ്ഞാന സമ്പന്നരാകാൻ കഴിയൂവെന്നും ഇമാം ഗസ്സാലി(റ) അനുവാചകരെ ഉണർത്തുന്നു.
പരിശുദ്ധ ഖുർആൻ എല്ലാ മൗലിക വിജ്ഞാന ശാഖകളുടെയും മൂലാധാരമാണെന്ന് സമർത്ഥിക്കുന്ന ഈ ഗ്രന്ഥത്തിന്റെ തുടക്ക ഭാഗങ്ങളിൽ പരിശുദ്ധ ഖുർആനിൽ നിന്ന് ലഭിക്കുന്ന വിജ്ഞാനങ്ങളുടെ അന്തസത്ത തൗഹീദി വിജ്ഞാനങ്ങൾ തന്നെയാണെന്ന് വിവരിക്കുന്നു. ഏറ്റവും അമൂല്യമായ വിജ്ഞാനം അല്ലാഹുവിന്റെ സത്തയെ കുറിച്ചുള്ള അറിവാണെന്നും ശ്രേഷ്ഠവും ദുർലഭവുമാണതെന്നും വിവരിക്കുന്നു. അല്ലാഹുവിനെ സംബന്ധിച്ച പരിശുദ്ധ ഖുർആനിക വിവരണങ്ങളെ ഉലൂഹിയ്യത്തിന്റെ വിജ്ഞാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്. അല്ലാഹുവിനെ കുറിച്ചുള്ള വിജ്ഞാനം മൂന്ന് ഗണങ്ങളായി ഇവിടെ വിഭജിക്കുന്നു. അതിൽ ആദ്യത്തേത് ഉത്കൃഷ്ടനും പ്രതാപിയുമായ അല്ലാഹുവിന്റെ സത്തയെ കുറിച്ച് അറിയുക എന്നതാണ്. രണ്ടാമത്തേത് അല്ലാഹുവിന്റെ ഗുണ വിശേഷങ്ങൾ അറിയുക, മുന്നാമത്തേത് അല്ലാഹുവിന്റെ പ്രവൃത്തികളെ അറിയുക എന്നതുമാണ്. അല്ലാഹുവിന്റെ ദാത്ത് സ്വിഫാത്ത് അഫ്ആൽ സംബന്ധമായ ഉലൂഹിയ്യത്തിന്റെ വിജ്ഞാനങ്ങൾ തന്നെയാണ് പരിശുദ്ധ ഖുർആനിക ജ്ഞാനങ്ങളുടെ അന്തസത്ത. ഇവയിൽ അമൂല്യമായത് അല്ലാഹുവിന്റെ ദാത്തിനെ കുറിച്ച അറിവാണെന്ന് ഇമാം ഗസ്സാലി(റ) ഓർമ്മപ്പെടുത്തുന്നു.
സൂഫിയാക്കൾ ചർച്ച ചെയ്യുന്ന പല ഗുപ്ത വിജ്ഞാനങ്ങളുടെയും പ്രശോഭ ഈ ഗ്രന്ഥത്തിന്റെ വൈജ്ഞാനിക ഗരിമയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. അല്ലാഹു ദാത്തുകൊണ്ട് തന്നെ വെളിപ്പെട്ടവനാണ്, ഗോപ്യനല്ല എന്ന് പ്രസ്താവിക്കുന്ന ഗ്രന്ഥകാരൻ പ്രകാശത്തെ മറച്ചു വെക്കുക അസാധ്യമാണല്ലോ എന്നും പ്രകാശം കൊണ്ടാണ് എല്ലാ മറകളും അനാവരണം ചെയ്യപ്പെടുന്നത് എന്നും വ്യക്തമാക്കുന്നു.
പരിശുദ്ധ ഖുർആനിൽ നിന്ന് നിഷ്പന്നമാകുന്ന വിജ്ഞാനങ്ങളിൽ മത വിജ്ഞാനങ്ങളെ ഇമാം ഗസ്സാലി(റ) ചില പ്രതീകങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്. വിവിധ വിജ്ഞാനങ്ങൾ ശാഖകളായി എങ്ങനെയാണ് വേർപ്പെട്ടു പോകുന്നത് എന്നും അവ ലക്ഷ്യത്തോട് എത്രമാത്രം സാമീപ്യം പുലർത്തുന്നുവെന്നും വിശദീകരിക്കാൻ ചിപ്പിയെയും മുത്തിനെയുമാണ് ഇമാം രൂപകമാക്കുന്നത്. പരിശുദ്ധ ഖുർആനിന്റെ ബാഹ്യവിജ്ഞാനങ്ങളെ വിശദീകരിക്കുന്ന ഭാഗത്ത് ഇമാം ഗസ്സാലി(റ) എഴുതുന്നത് ഇപ്രകാരമാണ്:
“ഇവിടെ സൂചിപ്പിക്കപ്പെട്ട വസ്തുതകൾക്കെല്ലാം ചില പൊരുളുകളും സാരാംശങ്ങളുമുണ്ട്. അവക്കെല്ലാം ചിപ്പികളുണ്ട്. ചിപ്പിയാണല്ലോ ഒരാളുടെ ദൃഷ്ടിയിൽ ആദ്യം പ്രത്യക്ഷപ്പെടുക. ചിലർ ചിപ്പിക്കരികിലെത്തുകയും അതു തന്നെയാണ് എല്ലാം എന്നു കരുതി അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യും. എന്നാൽ, മറ്റു ചിലർ ചിപ്പികൾ പൊട്ടിച്ച് അവക്കുള്ളിലെ മുത്തുകൾ പരിശോധിക്കും. ഇതുപോലെയാണ് ഖുർആനിനെ സമീപിക്കുന്നവരുടെ അവസ്ഥയും. അറബി ഭാഷയാണ് അതിന്റെ ഉടയാട. അഞ്ച് വിജ്ഞാന ശാസ്ത്രങ്ങളാണ് ഈ ചിപ്പിയിൽ നിന്ന് ശാഖകളായി വേർപിരിയുന്നത്. അതിന്റെ ബാഹ്വാർഥങ്ങളെ സംബന്ധിച്ച വിജ്ഞാനങ്ങളാണവ.”
തുടർന്ന് ഇവിടെ സൂചിപ്പിക്കപ്പെട്ട അഞ്ച് വിജ്ഞാന ശാഖകളേതാണെന്ന് വിശദീകരിക്കുന്നു. ഖുർആനിക പദങ്ങളിൽ നിന്ന് രൂപപ്പെടുന്ന അറബി ഭാഷാ ശാസ്ത്രം, പദവിന്യാസങ്ങളിൽ നിന്ന് വ്യാകരണ ശാസ്ത്രം, വാക്യഘടനകളിൽ നിന്ന് പാരായണ ശാസ്ത്രം, അക്ഷരങ്ങളുടെ ഉച്ചാരണ രീതികളിൽ നിന്ന് സ്വരശാസ്ത്രം, ഈ പദവിന്യാസം ഉചിതമായ അറബി പദവുമായി ചേർത്തുവച്ചാൽ അതൊരു അർഥത്തെ സൂചിപ്പിക്കും. അപ്പോൾ അതിന് ബാഹ്യമായ വ്യാഖ്യാനം ആവശ്യമായി വരും. ഇതാണ് അഞ്ചാമത്തെ വിജ്ഞാന ശാസ്ത്രം.
തുടർന്ന് ഇമാം ഗസ്സാലി(റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
“ഇവയെല്ലാം പരിശുദ്ധ ഖുർആനിന്റെ ബാഹ്വാർഥങ്ങളെ സംബന്ധിച്ച വിജ്ഞാന ശാസ്ത്രങ്ങളാണെങ്കിലും മുൻഗണനാക്രമങ്ങളിൽ വ്യത്യാസങ്ങളുണ്ട്. മാത്രമല്ല, മുത്തിനോട് ചേർന്നുനിൽക്കുന്ന ഒരു ഭാഗം ചിപ്പിക്കകത്തുണ്ട്. രണ്ടും തമ്മിൽ നിരന്തര സമ്പർക്കവും സാമീപ്യവും പുലർത്തുന്നതിനാൽ ചെറിയ സമാനതകളുണ്ടാകും. അതുപോലെ, പുറത്തേക്കു തള്ളിനിൽക്കുന്ന ഒരു ബാഹ്യ ഭാഗം കൂടി ചിപ്പിക്കുണ്ട്. മുത്തുമായി സാമീപ്യമോ സമ്പർക്കമോ ഇല്ലാത്തതിനാൽ അത് മറ്റു കല്ലുകളോട് സാമ്യമായിരിക്കും. ഇപ്രകാരം തന്നെയാണ് ഖുർആൻ എന്ന ചിപ്പിയുടെ കാര്യവും. അതിന്റെ ബാഹ്യമുഖം ശബ്ദമാണ് (പാരായണം). ഖുർആനിന്റെ ഉച്ചാരണരീതിയും ശബ്ദവും മാത്രം കൃത്യമായി ശ്രദ്ധിക്കുന്നവർ അതിന്റെ അക്ഷരങ്ങളെ സംബന്ധിച്ച് ജ്ഞാനമുള്ളവരാണ്. ഖുർആനിന്റെ പുറംതൊലിയെക്കുറിച്ചുള്ള വിജ്ഞാനം മാത്രമേ അവരുടെ പക്കലുള്ളൂ. അതാകട്ടെ, ചിപ്പിയുടെ ഉൾവശത്തോടു മാത്രമല്ല, മുത്തിനോടും ഏറെ അകലെയാണ്.”
അർത്ഥവത്തായ രൂപകങ്ങളിലൂടെ എത്ര ആകർഷകമായാണ് ഇമാം ഗസ്സാലി(റ) ഖുർആനിക വിജ്ഞാനീയങ്ങളുടെ ആഴവും വൈപുല്യവും അടയാളപ്പെടുത്തുന്നത്!
തുടർന്നുള്ള വിവരണങ്ങൾ നോക്കുക:
“ഖുർആൻ എന്നാൽ ചില അക്ഷരങ്ങളും ശബ്ദങ്ങളും മാത്രമാണെന്നു ധരിച്ച അജ്ഞരായ ഒരു വിഭാഗമുണ്ട്. അക്ഷരങ്ങളും ശബ്ദങ്ങളും സൃഷ്ടികളായതു കൊണ്ട് ഖുർആനും സൃഷ്ടിയാണെന്ന് അവർ വാദിക്കുന്നു. എന്നാൽ, അവരും അവരുടെ ബുദ്ധിയും നശിപ്പിക്കപ്പെടുന്നതാകും കൂടുതൽ ഉചിതം. ഖുർആനിന്റെയും ആകാശമണ്ഡലങ്ങളുടെയും ബാഹ്യഭാഗങ്ങൾ മാത്രമേ അവർക്ക് കാണാനാകുന്നുള്ളൂ എന്നതാണ് പരമാർഥം. ഖുർആൻ പാരായണം ചെയ്യാൻ മാത്രം അഭ്യസിച്ചവരാണവർ. കൃത്യമായ ഉച്ചാരണരീതികളല്ലാതെ മറ്റൊന്നും അവർക്കറിയില്ല.”
പരിശുദ്ധ ഖുർആനിന്റെ ആഴങ്ങളിലേക്കിറങ്ങാതെ ബാഹ്യവശങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തുകയും വ്യതിചലന സ്വഭാവമുള്ള വാദഗതികളിലേക്ക് ദിശമാറുകയും ചെയ്ത മുഅ്തസലി വിഭാഗം അക്കാലത്ത് ഖുർആൻ സൃഷ്ടിയാണെന്ന വാദമുന്നയിക്കുകയും ഇലാഹിയായ കലാം എന്ന ഖുർആനിന്റെ സ്ഥാനം തിരിച്ചറിയാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ഇമാം ഗസ്സാലി(റ) യുടെ ഉപരിസൂചിത പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. ഖുർആനിന്റെ ബാഹ്യ വിജ്ഞാനങ്ങളെ മാത്രം പരിഗണിക്കുന്നവരുടെ പദവികൾ തുടർന്ന് നിർണ്ണയിക്കുന്നു. ശേഷം പരിശുദ്ധ ഖുർആനിന്റെ ബാഹ്യമായ വ്യാഖ്യാന ശാസ്ത്രത്തെയാണ് വിശദീകരിക്കുന്നത്. ഇമാം ഗസ്സാലി(റ) എഴുതുന്നു:
“ഖുർആനിന്റെ ബാഹ്യമായ വ്യാഖ്യാനശാസ്ത്രമാണ് അടുത്തത്. സമ്പർക്കത്തിൽ മുത്തിനോട് അടുത്തുനിൽക്കുന്ന ഈ വിജ്ഞാനശാഖക്ക് മുത്തു മായി വളരെയധികം സാദൃശ്യമുണ്ട്. അക്കാരണത്താൽ, ഇതു തന്നെയാണ് മുത്തെന്നും ഇതിനെക്കാൾ അമൂല്യമായി മറ്റൊന്നില്ലെന്നും കരുതി പലരും ഈ വിജ്ഞാനം കൊണ്ട് തൃപ്തിയടയുന്നു. വഞ്ചനയുടെയും അപചയത്തിന്റെയും കയങ്ങളിലാണ് സത്യത്തിൽ അവർ അകപ്പെട്ടത്. തങ്ങളെക്കാൾ ഉന്നതസ്ഥാനീയരായി ആരുമില്ലെന്നാണ് അവരുടെ ധാരണ. എങ്കിലും, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ ഔന്നിത്യത്തിലാണ്. കാരണം, വ്യാഖ്യാനശാസ്ത്രത്തിന് മറ്റു വിജ്ഞാന ശാഖകളെക്കാൾ മഹത്വമുണ്ട്. മറ്റു ശാഖകളെല്ലാം വ്യാഖ്യാനശാസ്ത്രത്തിന്റെ പരിധിയിൽ പെടുകയും ചെയ്യുമല്ലോ?”
ശേഷം പരിശുദ്ധ ഖുർആനിന്റെ അന്തസ്സാരത്തെ രണ്ടായി തരം തിരിച്ച് വിശകലനങ്ങൾ ഇങ്ങനെ തുടരുന്നു:
“1. ഖുർആനിന്റെ അന്തസ്സാരങ്ങളിൽ ഏറ്റവും താഴ്ന്ന നിലയിലുള്ളത്. മൂന്ന് ഖുർആനിക ഖണ്ഡങ്ങളെ സംബന്ധിച്ച വിജ്ഞാന ശാസ്ത്രമാണിത്. ‘അനുഗമിക്കുന്നവയും പൂർത്തീകരിക്കുന്നവയും’ എന്നാണ് അവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ഖുർആനിൽ വിവരിക്കപ്പെട്ട സംഭവകഥകളെ സംബന്ധിച്ച വിജ്ഞാനം. പ്രവാചകന്മാർ, സത്യനിഷേധികൾ, അല്ലാഹുവിന്റെ ശത്രുക്കൾ എന്നിവരുമായെല്ലാം ബന്ധപ്പെട്ട കഥകൾ ഇതിൽ പെടും. ചരിത്രാഖ്യാതാക്കളും ധർമോപദേശകരും ചില ഹദീസ് പണ്ഡിതന്മാരുമാണ് ഈ മേഖല കൈകാര്യം ചെയ്യുന്നത്. ഈ വിജ്ഞാനശാസ്ത്രം സാർവത്രികമല്ലെന്നത് ഇവിടെ പ്രസ്താവ്യമാണ്.
രണ്ടാമത്തെ വിഭാഗം: സത്യനിഷേധികളുമായുള്ള തർക്കവിതർക്കവും വാദപ്രതിവാദവും. ഇൽമുൽ കലാം (ദൈവശാസ്ത്രം) രൂപംകൊള്ളുന്നത് ഈ വിഭാഗത്തിൽ നിന്നാണ്. മാർഗഭ്രംശങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. ദൈവശാസ്ത്ര പണ്ഡിതന്മാരാണ് ഇതിന്റെ കൈകാര്യകർത്താക്കൾ.”
ഇമാം തുടരുന്നു:
“പുത്തനാശയക്കാർ സൃഷ്ടിക്കുന്ന സംശയങ്ങളിൽ നിന്ന് സാധാരണക്കാരുടെ വിശ്വാസം സംരക്ഷിക്കുകയാണ് ഈ വിജ്ഞാനശാസ്ത്രത്തിന്റെ ലക്ഷ്യം. എന്നാൽ, ആത്മികമായ സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ ഈ ശാഖ ശ്രദ്ധ ചെലുത്തുന്നില്ല. ഇത്തരം വിജ്ഞാനശാസ്ത്രങ്ങൾ ചർച്ച ചെയ്യുന്ന ‘തഹാഫുത്തുൽ ഫലാസിഫ’ എന്ന മറ്റൊരു ഗ്രന്ഥം കൂടി ഞാൻ രചിച്ചിട്ടുണ്ട്.”
വിജ്ഞാന ശാസ്ത്രം എന്ന വൈജ്ഞാനിക മേഖല കൈകാര്യം ചെയ്യുന്നവരാണ് ഇവർ എന്നതിനാൽ പ്രശസ്തിയിലും ആദരവിലും പരിഗണനയിലുമെല്ലാം മറ്റുള്ളവരേക്കാൾ ഉയർന്ന പദവിയിലാണിവർ എന്നും ഇമാം പ്രസ്താവിക്കുന്നു. അവരുടെ പ്രയത്നങ്ങളെ വിലമതിക്കുമ്പോൾ തന്നെ അത്തരം വിജ്ഞാനങ്ങളുടെ പിന്നിൽ ആയുസ്സ് ചിലവഴിക്കുന്നവരെ സംബന്ധിച്ച് ആത്മവിമർശനപരമായ ചില പുനരാലോചനകളും ഇമാം പങ്കുവെക്കുന്നുണ്ട്,
“ആവശ്യത്തിലധികം ഗവേഷണ പഠനങ്ങളും വിഖ്യാത രചനകളും ഇവ്വിഷയകമായി പുറത്തുവന്നിട്ടുണ്ട്. വിശിഷ്യാ വിവാദ വിഷയങ്ങളിൽ. എന്നാൽ ഈ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ട അഭിപ്രായാന്തരങ്ങളെല്ലാം സത്യത്തോട് അടുത്തുനിൽക്കുന്നവ തന്നെയാണ്. അതുകൊണ്ടു തന്നെ, തങ്ങളുടെ അന്വേഷണഫലങ്ങൾ ശരിയാണെന്ന് എല്ലാ ഗവേഷകരും സമർഥിക്കാൻ ശ്രമിക്കും. പ്രസ്തുത ഫലങ്ങൾ തെറ്റാണെങ്കിൽ ആ ഗവേഷകന് ഒരു പ്രതിഫലവും എതിർകക്ഷിയായ കൂട്ടുകാരന് രണ്ട് പ്രതിഫലവുമുണ്ട്. ഇത്തരം വിജ്ഞാനീയങ്ങൾ ഗവേഷകർക്കു പ്രശസ്തിയും യശസ്സും നേടിക്കൊടുക്കുമെന്നതിനാൽ അവയുടെ വിവിധ ശാഖകൾ വികസിപ്പിച്ചെടുക്കാൻ പലരും ഉത്സാഹം കാണിച്ചു. അങ്ങനെ അഭി പ്രായവ്യത്യാസങ്ങളുള്ള വിഷയങ്ങളിൽ ഗ്രന്ഥരചനകൾ നിർവഹിച്ച് ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം തന്നെ നാം നഷ്ടപ്പെടുത്തി. മദ്ഹബിനകത്തെ ഗ്രന്ഥങ്ങൾ ക്രോഡീകരിച്ചും അവ ബസീത്വ്, വസീത്, വജീസ് എന്നിങ്ങനെ തരംതിരിച്ചും സമയമേറെ ചെലവഴിച്ചു. തദ്വിഷയകമായി ഞാൻ രചിച്ച നാലാമത്തെയും വളരെ ചെറുതുമായ ഗ്രന്ഥമാണ് ‘ഖുലാസ്വത്തുൽ മുഖ്തസ്വർ.”
ഇമാം ഗസ്സാലി(റ) തുടരുന്നു:
മുൻഗാമികളായ പണ്ഡിതന്മാർ വിവിധ വിഷയങ്ങളിൽ ശരിയായ രീതിയിൽ ഫത് വകൾ നൽകുകയും ചില സന്ദർഭങ്ങളിൽ ഞങ്ങൾക്കറിയില്ലെന്നു പറഞ്ഞ് മൗനം പാലിക്കുകയും ചെയ്യുമായിരുന്നു. ജീവിതം മുഴുവൻ ഒരേ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ ഒരുക്കമായിരുന്നില്ല. പകരം പ്രസ്തുത വിജ്ഞാനശാഖ മറ്റുള്ളവർക്കു കൈമാറുകയും സുപ്രധാന വിജ്ഞാന മേഖലകളിൽ വ്യാപൃതരാവുകയും ചെയ്തു അവർ. അതിന്റെ ഫലമായിട്ടാണ് ഖുർആനിൽ നിന്ന് കർശാസ്ത്രം രൂപംകൊണ്ടത്. പിന്നീട്, ഖുർആൻ, ഹദീസ്, കർമശാസ്ത്രം എന്നിവയിൽ നിന്ന് ഉസ്വൂലുൽ ഫിഖ്ഹ് (കർമശാസ്ത്ര നിദാനശാസ്ത്രം) എന്ന പുതിയ വിജ്ഞാനശാഖയും ജന്മമെടുത്തു. ശരീഅത്തിന്റെ നിയമങ്ങൾക്ക് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവുകൾ കണ്ടെത്തേണ്ട വിധം നിജപ്പെടുത്തുകയാണ് അതിന്റെ ദൗത്യം.”
ഏതെങ്കിലും ഒരു പ്രത്യേക വിജ്ഞാന മേഖലയിൽ തങ്ങളുടെ പ്രയത്നങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതിനെയല്ല, വിവിധ വിജ്ഞാന ശാഖകളിലേക്ക് അന്വേഷണങ്ങൾ പടർന്നുപന്തലിക്കേണ്ടതിന്റെ അനിവാര്യത കൂടിയാണ് ഇമാം ഗസ്സാലി(റ) ഇവിടെ സൂചിപ്പിക്കുന്നത്. അങ്ങനെ അന്വേഷണങ്ങൾ വികസിക്കുമ്പോൾ ഇസ് ലാമിക വിജ്ഞാന ശാഖയിൽ സുപ്രധാന മേഖലകളിൽ കേന്ദ്രീകരിച്ച പൂർവ്വഗാമികളുടെ പ്രയത്നങ്ങളുടെ സദ്ഫലങ്ങളും ഇവിടെ സവിശേഷം എടുത്തു പറയുന്നുണ്ട്.
ഖുർആനിൽ നിന്ന് ഉരുത്തിരിയുന്ന വിവിധ വിജ്ഞാന ശാഖകൾക്കെല്ലാം അതിന്റേതായ പ്രാധാന്യവും പദവിയും അംഗീകരിക്കുമ്പോൾ തന്നെ താരതമ്യേന ശ്രേഷ്ഠതയേറിയ വൈജ്ഞാനിക മേഖലകളെ സവിശേഷം സ്ഥാനപ്പെടുത്തുന്നുണ്ട് ഗ്രന്ഥകാരൻ. ഈ പ്രസ്താവന നോക്കുക: “ചരിത്രാഖ്യാതാക്കളുടെയും ധർമോപദേശകരുടെയും വൈജ്ഞാനികമായ പദവി, കർമശാസ്ത്ര, ദൈവശാസ്ത്ര പണ്ഡിതന്മാരെക്കാൾ താഴെയാ ണെന്ന വസ്തുത ഞാൻ മറച്ചുവക്കുന്നില്ല. കേവലം കഥകളിലും സമാന സ്വഭാവമുള്ള വിജ്ഞാനങ്ങളിലും അവർ ഒതുങ്ങിക്കൂടുന്നുവെന്നതാണ് കാരണം.”
തുടർന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാരുടെയും ദൈവശാസ്ത്ര പണ്ഡിതന്മാരുടെയും പദവികളെ സംബന്ധിച്ച് ഇപ്രകാരം പ്രസ്താവിക്കുന്നു:
“കർമശാസ്ത്ര പണ്ഡിതന്റെയും ദൈവശാസ്ത്ര പണ്ഡിതന്റെയും പദവികൾ ഏറെക്കുറെ തുല്യമാണ്. എന്നാൽ, കർമശാസ്ത്ര പണ്ഡിതന്റെ ആവശ്യകത സാർവത്രികവും ദൈവശാസ്ത്ര പണ്ഡിതന്റേത് വളരെ പ്രധാനവും ശക്തവുമാണ്. ലോകത്തിന്റെ ക്ഷേമവും നന്മകളും പരിഗണിക്കുമ്പോൾ രണ്ടുപേരും നിലനിൽക്കൽ ആവശ്യമാണ്. കാരണം, ഭക്ഷണം, വിവാഹം തുടങ്ങിയ സുപ്രധാനമായ വിധിവിലക്കുകൾ കൈകാര്യം ചെയ്യുന്നത് കർമ്മശാസ്ത്ര പണ്ഡിതന്മാരാണ്. പുത്തൻവാദികൾ സൃഷ്ടിക്കുന്ന വിനാശങ്ങൾ തർക്കങ്ങളിലൂടെയും വാദപ്രതിവാദങ്ങൾ മുഖേനയും പ്രതിരോധിക്കുന്നത് ദൈവശാസ്ത്ര പണ്ഡിതന്മാരും. അവരുടെ തിന്മകളും അതിക്രമങ്ങളും സമൂഹത്തിൽ പടർന്നുപിടിക്കാതിരിക്കാൻ ഈ പണ്ഡിതവ്യൂഹം സഹായിക്കും.”
തുടർന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാരുടെയും ദൈവശാസ്ത്ര പണ്ഡിതന്മാരുടെയും പദവികളെ സംബന്ധിച്ച് ഇപ്രകാരം പ്രസ്താവിക്കുന്നു:
“കർമശാസ്ത്ര പണ്ഡിതന്റെയും ദൈവശാസ്ത്ര പണ്ഡിതന്റെയും പദവികൾ ഏറെക്കുറെ തുല്യമാണ്. എന്നാൽ, കർമശാസ്ത്ര പണ്ഡിതന്റെ ആവശ്യകത സാർവത്രികവും ദൈവശാസ്ത്ര പണ്ഡിതന്റേത് വളരെ പ്രധാനവും ശക്തവുമാണ്. ലോകത്തിന്റെ ക്ഷേമവും നന്മകളും പരിഗണിക്കുമ്പോൾ രണ്ടുപേരും നിലനിൽക്കൽ ആവശ്യമാണ്. കാരണം, ഭക്ഷണം, വിവാഹം തുടങ്ങിയ സുപ്രധാനമായ വിധിവിലക്കുകൾ കൈകാര്യം ചെയ്യുന്നത് കർമ്മശാസ്ത്ര പണ്ഡിതന്മാരാണ്. പുത്തൻവാദികൾ സൃഷ്ടിക്കുന്ന വിനാശങ്ങൾ തർക്കങ്ങളിലൂടെയും വാദപ്രതിവാദങ്ങൾ മുഖേനയും പ്രതിരോധിക്കുന്നത് ദൈവശാസ്ത്ര പണ്ഡിതന്മാരും. അവരുടെ തിന്മകളും അതിക്രമങ്ങളും സമൂഹത്തിൽ പടർന്നുപിടിക്കാതിരിക്കാൻ ഈ പണ്ഡിതവ്യൂഹം സഹായിക്കും.”
ഖുർആനിൽ നിന്ന് ഉരുത്തിരിയുന്ന വിവിധ വിജ്ഞാന ശാഖകളുടെ പ്രസക്തിയും പദവിയും സ്ഥനപ്പെടുത്തുന്ന ഇമാം ഗസ്സാലി(റ) ഏറ്റവും ശ്രേഷ്ഠ പദവിയിലുള്ള വിജ്ഞാന ശാഖയെ സംബന്ധിച്ച് പ്രസ്താവിക്കുന്നത് നോക്കുക:
“അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച ജ്ഞാനമാണ് ഏറ്റവും ഉയർന്ന വിതാനത്തിലുള്ളത്. പക്ഷേ, പലർക്കും അത് ഗ്രഹിക്കാനുള്ള ശേഷിയില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ഇങ്ങനെ കൽപ്പിക്കപ്പെട്ടതും: “നിങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുക, അവന്റെ സത്തയെപ്പറ്റി ആലോചിക്കേണ്ടതില്ല.” അവലോകനത്തിലും നിരീക്ഷണത്തിലുമെല്ലാം പ്രവാചകൻ കൈവരിച്ച ക്രമാനുഗതമായ ഉയർച്ച ഈ പുരോഗതിയിലേക്കാണ് വിരൽചൂണ്ടുന്നത്. നബി(സ്വ) പറയുന്നു: “നിന്റെ ശിക്ഷയിൽ നിന്ന് ഔദാര്യം വഴി ഞാൻ അഭയം തേടുന്നു.” അല്ലാഹുവിന്റെ പ്രവൃത്തികളെകുറിച്ചുള്ള പ്രവാചകന്റെ നിരീക്ഷണമാണിത്. ശേഷം പറയുന്നു: “നിന്റെ അതൃപ്തിയിൽ നിന്ന് നിന്റെ തൃപ്തി വഴി ഞാൻ അഭയം തേടുന്നു.” ഇത് അവന്റെ ഗുണവിശേഷണങ്ങളെപ്പറ്റിയുള്ള നിരീക്ഷണമാണ്. അവസാനമായി ഇങ്ങനെ പറയുന്നു: “നിന്നിൽ നിന്ന് നീ വഴി തന്നെ ഞാൻ അഭയം തേടുന്നു.” ഇതാണ് അല്ലാഹുവിന്റെ സത്തയെക്കുറിച്ചുള്ള നിരീക്ഷണം. ഇപ്രകാരം അവന്റെ സാമീപ്യത്തിലേക്ക് തിരുനബി(സ്വ) പടിപടിയായി ഉയർന്നുകൊണ്ടേയിരുന്നു. അങ്ങനെ ആത്യന്തികമായ പദവിയിലെത്തിയപ്പോൾ തന്റെ ദൗർബല്യം തിരിച്ചറിഞ്ഞ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “നിന്റെ സ്തോത്രങ്ങൾ ക്ലിപ്തപ്പെടുത്താൻ എനിക്കു കഴിയുന്നില്ലല്ലോ.. നീ സ്വയം പ്രശംസിച്ചതു പോലെയാണ് നീയെന്ന് പറയുകയല്ലാതെ.” ഇതാണ് ഏറ്റവും മഹനീയമായ ജ്ഞാനം.”
ശ്രേഷ്ഠതയിൽ തുടർന്നുവരുന്ന പരലോക ജ്ഞാനത്തെകുറിച്ച് വിശദീകരിച്ച് മുന്നേറുമ്പോൾ ഇമാം ഗസ്സാലി(റ) മഅ് രിഫത്തിനെ കുറിച്ച് പ്രസ്താവിച്ച് വിശകനങ്ങൾ തുടരുന്നത് നോക്കുക.
“ശ്രേഷ്ഠതയിൽ ഇതിനെ തുടർന്നുവരുന്നത് പരലോകത്തെ സംബന്ധിച്ചുള്ള വിജ്ഞാനമാണ്; അല്ലാഹുവിലേക്കുള്ള മടക്കസ്ഥാനത്തെപ്പറ്റിയുള്ള അറിവ്. ഖുർആനിലെ മൂന്ന് വിഭാഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ ഇത് പരാമർശിച്ചിട്ടുണ്ട്. മഅ് രിഫത്തിന്റെ ജ്ഞാനത്തോട് ചേർന്നുനിൽക്കുന്നതാണിത്. മഅ് രിഫത്ത് കാരണമായി അല്ലാഹുവിലേക്ക് അടുക്കുമ്പോഴോ അല്ലെങ്കിൽ അജ്ഞത മൂലം അവനിൽ നിന്ന് ഗോപ്യമാകുന്ന സമയത്തോ അടിമക്ക് അവനുമായി ഉണ്ടാകുന്ന ബന്ധമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയ ആയുഷ്കാലമോ ജോലികളുടെയും ദുരിതങ്ങളുടെയും ആധിക്യമോ സഹായികളുടെ കുറവോ വകവെയ്ക്കാതെ അല്ലാഹുവിന്റെ സത്ത, ഗുണവിശേഷണങ്ങൾ, പ്രവൃത്തികൾ, പരലോകം എന്നീ നാലു വിജ്ഞാനങ്ങളെ സംബന്ധിച്ച മുഖ്യപ്രമാണങ്ങളും അവ തമ്മിലുള്ള ബന്ധവും നാം വളരെയേറെ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ചില രചനകളിൽ ഞാനിത് വെളിപ്പെടുത്തിയിട്ടില്ല. പലരുടെയും ഗ്രാഹ്യശേഷിയെ അതു തളർത്താനും ദുർബലരെ അപായപ്പെടുത്താനും സാധ്യതയുണ്ട് എന്നതാണ് കാരണം. മാത്രമല്ല, ബാഹ്യമായ വിജ്ഞാനത്തിൽ മികവുപുലർത്തിയവർക്കും വിനാശകരമായ സ്വഭാവങ്ങളിൽ നിന്ന് ഹൃദയങ്ങൾ ശുദ്ധീകരിക്കുകയും ക്ലേശങ്ങൾ സഹിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ പ്രവേശിക്കുകയും ചെയ്തവർക്കും മാത്രമേ അത് വിശദീകരിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടാകൂ. എന്നാൽ, അതു വിശദീകരിക്കുന്ന പക്ഷം അവരുടെ ആത്മാവുകൾ സംതൃപ്തമാവുകയും നേർമാർഗം സിദ്ധിക്കുകയും ചെയ്യും. ഈ ലോകത്ത് മറ്റു ആഗ്രഹങ്ങളില്ലാത്ത അവസ്ഥ അവർക്കു സംജാതമാകും. സത്യത്തെക്കുറിച്ച് മാത്രമാകും പിന്നെ അവരുടെ അന്വേഷണങ്ങൾ. അസാധാരണമായ ഉൾക്കാഴ്ചയും നിരൂപണാത്മകമായ പ്രകൃതവും ഗഹനമായ ബുദ്ധിശക്തിയും തെളിമയാർന്ന ഗ്രാഹ്യശേഷിയുമെല്ലാം അവർക്കു നൽകപ്പെടും. ആയതിനാൽ, ഈ വിശേഷണങ്ങളുള്ള വ്യക്തികൾക്കല്ലാതെ അത് വിവരിച്ചുകൊടുക്കുന്നത് അനുചിതമാണ്. ഇതാണ് ഖുർആനിൽ നിന്നും അതിന്റെ വിവിധ ശ്രേണികളിൽ നിന്നും ഉദ്ഭവിക്കുന്ന വിജ്ഞാനശാസ്ത്രങ്ങളുടെ സംഗമസ്ഥാനം.”
സർവ്വ വിജ്ഞാന ശാസ്ത്രങ്ങളുടെയും ഉത്ഭവസ്ഥാനം എന്ന അഞ്ചാം അദ്ധ്യായത്തിൽ വൈജ്ഞാനിക മേഖലകളുടെയൊക്കെയും മൂലസ്രോതസ്സുകൾ എങ്ങനെ പരിശുദ്ധ ഖുർആനുമായി ബന്ധം വരുന്നുവെന്ന് വിശദീകരിക്കുന്ന ഇമാം ഗസ്സാലി(റ) യുടെ പരാമർശങ്ങൾ നോക്കുക:
“ഇവിടെ പരാമർശിച്ചവയും അല്ലാത്തവയുമായ വിജ്ഞാനങ്ങളുടെ അസ്ത്വങ്ങളൊന്നും ഖുർആന്റെ പരിധിക്കു പുറത്തുള്ളവയല്ല. അല്ലാഹുവിന്റെ അരിഫത്തിന്റെ സമുദ്രങ്ങളിൽ പെട്ട ഒരു സമുദ്രത്തിൽ നിന്ന് കോരിയെടുക്കപ്പെട്ടതാണ് അവയെല്ലാം. അല്ലാഹുവിന്റെ പ്രവർത്തനങ്ങളുടെ സമു ദ്രമാണത്. അതിന് അതിർവരമ്പുകളില്ലെന്ന് നാം മുമ്പ് പരാമർശിച്ചിട്ടുണ്ട്. സമുദ്രജലമത്രയും അല്ലാഹുവിന്റെ വചനങ്ങൾ രേഖപ്പെടുത്താനുള്ള മഷിയായിരുന്നെങ്കിൽ അവന്റെ വചനങ്ങൾ അവസാനിക്കും മുമ്പ് സമുദ്രജലം തീർന്നു പോകുമായിരുന്നു.”.
തുടർന്നുള്ള അദ്ധ്യായത്തിൽ പരിശുദ്ധ ഖുർആനിലെ ചില രൂപകാലങ്കാര പ്രയോഗങ്ങളെയും അവയിലെ ഗുപ്തജ്ഞാന സൂചനകളെയും ചർച്ച ചെയ്യുന്നു. അദൃശ്യലോകത്തെ പ്രതിഭാസങ്ങളെ പ്രതീകാത്മക സൂചനകളിലൂടെ അവതരിപ്പിക്കുന്ന ഖുർആനിക ശൈലിയും ഭൗതിക അഭൗതിക ലോകങ്ങൾ തമ്മിലുള്ള ബന്ധങ്ങളും തുടങ്ങി ഖുർആൻ വചനങ്ങളിലെ ശ്രേഷ്ഠതകളുടെ വ്യത്യാസം, ഫാത്തിഹയുടെ രഹസ്യങ്ങൾ, ആയത്തുൽ ഖുർസിയും ഇസ്മുൽ അഅ്ളമും ഇങ്ങനെ നിരവധി വിഷയങ്ങൾ തുടർന്നുള്ള അദ്ധ്യായങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്. ആകെ 88 പേജുകളുള്ള ഈ ഗ്രന്ഥത്തിന്റെ രൂപ കൽപന സാമാന്യനിലവാരമുള്ളതാണ്. മുഖവില 90 രൂപയാണ്. ചെമ്മാട് ദാറുൽ ഹുദക്ക് കീഴിലുള്ള ബുക്ക് പ്ലസ്സാണ് പ്രസാധകർ. മലയാള പ്രസാധന രംഗത്ത് കുറഞ്ഞ കാലയളവിൽ നിലവാരമുള്ള നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച ബുക്ക് പ്ലസ്സിന്റെ കനപ്പെട്ട ഉപഹാരങ്ങളിലൊന്നാണ് ഈ ഗ്രന്ഥവും.