അക്ബർ അണ്ടത്തോട്.
മരങ്ങളുടെ സംവാദ മോഹങ്ങൾ
ഇലകവിയുന്നേരം
ആകാശങ്ങളിലേക്ക്
മർമ്മരങ്ങളുടെ തുടിപ്പുകൾ നീളും.
രണ്ടു കിളികളുരുമ്മുന്ന
പ്രണയത്തിന്റെ
പുലർകാല ചില്ലയനക്കാതെ
ഇറ്റു വീഴാൻ വെമ്പുന്ന
മഞ്ഞുതുള്ളിയിൽ സൂര്യോദയം കാട്ടി
മരം ഞാനൊരു വരമെന്നു പാടും.
പുതു ജന്മം തേടുന്ന പൂമ്പൊടിയെ
കാറ്റു വഹിച്ചോടും.
വേരുകൾ നനവാഴങ്ങളിലേക്ക്
കൈകോർത്തു നീങ്ങും.
മണ്ണിനു പച്ചപ്പിന്റെ പാറാവു തീർത്ത്
രാത്രിയിൽ നിന്നു മാത്രമുറങ്ങി
പുലർച്ചെയുണർന്ന്
സൂര്യനെ ആവാഹിച്ച്
ഭൂമിക്കു ശ്വാസം പകുക്കുന്ന
അതിരില്ലാത്ത ആകാശത്തേക്കു പൂക്കുന്ന
ഈ പച്ചില റിപബ്ലിക്കുകളെ
നാമെങ്ങനെ
വെറുതെ മരങ്ങളെന്നു വിളിക്കും?