കേരള ചരിത്ര രചനയും ഉപദാനങ്ങളും

ഭൂമി ശാസ്ത്രപരമായി ഇന്ത്യയുടെ ദക്ഷിണഭാഗത്തുള്ള, സവിശേഷമായ ഭൂ പ്രകൃതിയും സംസ്കാരവുമുള്ള ഒരു ഭൂപ്രദേശമാണ് കേരളം. വ്യത്യസ്തമായ ജനവിഭാഗങ്ങളും അനന്യമായ പ്രാദേശിക സംസ്കൃതികളും മത, ഭാഷാ ഭേദങ്ങളും ഉച്ഛാരണ വൈവിദ്ധ്യങ്ങളെല്ലാമുള്ള വൈവിദ്ധ്യാത്മകമായ ഒരു സമഗ്രതയാണ് കേരള സംസ്കാരം.
അതിപുരാതനമായ കാലം മുതൽ കേരളത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നതായി സ്ഥിരപ്പെടുത്തുന്ന പല പ്രമാണങ്ങളും ലഭ്യമായിട്ടുണ്ട്. മഹാശിലാ സംസ്കാരത്തിന്റെ ശേഷിപ്പുകളും പ്രാചീന മധ്യകാല സാമൂഹീക ജീവിതത്തിന്റെ ലിഖിത സാക്ഷ്യങ്ങളും ഇങ്ങനെ ആധുനിക പൂർവ്വ, ആധുനിക ചരിത്രങ്ങൾ നിർദ്ധാരണം ചെയ്യാനാവശ്യമായ മറ്റ് ഉപദാനങ്ങളുമെല്ലാം കേരള ചരിത്ര രചനയുടെ വികാസത്തെ സഹായിച്ചിട്ടുണ്ട്.
കേരള ചരിത്ര രചനക്ക് ആവശ്യമായ ഉപദാനങ്ങൾ നിരവധിയാണ്. ഇവയെ ലിഖിത രേഖകളെന്നും പുരാവസ്തുക്കളെന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. ലിഖിത രേഖകളിൽ ഉൾപ്പെടുന്നത് സാഹിത്യകൃതികളും ശാസനങ്ങളും ചെപ്പേടുകളും ഗ്രന്ഥവരികളും സഞ്ചാരികളുടെ കുറിപ്പുകളും മറ്റുമാണ്. പുരാതന ശവക്കല്ലറകൾ, കോട്ടകൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവ പുരാവസ്തു സ്മാരകങ്ങളിലും ഉൾപ്പെടുന്നു.
സാഹിത്യ, സംസ്കാര പഠനങ്ങളും ചരിത്ര ഗവേഷണവും വേറിട്ട വിജ്ഞാന ശാഖഖകളായി സ്വതന്ത്രാസ്തിത്വമുള്ളവകളാണെങ്കിലും ഈ വിജ്ഞാന രൂപങ്ങളെല്ലാം പരസ്പര പോഷകമായി വർത്തിക്കുന്ന ജ്ഞാനരൂപങ്ങൾ കൂടിയാണ്. സാഹിത്യ ആവിഷ്കാരങ്ങളിൽ അതാത് കാലത്തെ സാമൂഹീക, സാംസ്കാരിക ജീവിതം പ്രതിഫലിക്കുമെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ ഒരു കാലഘട്ടത്തിന്റെ ചരിത്രം നിർദ്ധാരണം ചെയ്യാൻ ഒരു സാമൂഹിക വിഭാഗത്തിന്റെ സംസ്കാരവും ജീവിത രീതികളും സാമ്പത്തിക, അധികാര ബന്ധങ്ങളും ആചാരാനുഷ്ഠാനങ്ങളും വിശകലനം ചെയ്യാൻ സാഹിത്യകൃതികൾ ഉപകരിക്കുമെന്നത് തീർച്ചയാണ്. നവചരിത്രവാദ സിദ്ധാന്തങ്ങൾ പാഠത്തിന്റെ ചരിത്രപരതയിലും ചരിത്രത്തിന്റെ പാഠപരതയിലും ഊന്നിയുള്ള രചനാരീതികൾക്ക് പ്രാമുഖ്യം നൽകുന്ന സമകാലിക സന്ദർഭത്തിൽ തീർച്ചയായും ഈ ശൈലിക്ക് കൂടുതൽ ആധികാരികത കൈവന്നിട്ടുണ്ട് എന്ന വസ്തുത സ്മരിക്കുക.
കേരള ചരിത്ര രചനക്ക് സഹായകമായ സാഹിത്യകൃതികൾ സംസ്കൃതത്തിലും പ്രാചീന തമിഴ് മലയാള ഭാഷകളിലും വിദേശ ഭാഷകളിലും രചിക്കപ്പെട്ട രചനകളാണ്. ആധുനിക മലയാള ലിപി രൂപപ്പെടുന്നതിന് മുമ്പുള്ള വട്ടെഴുത്തിലും കോലെഴുത്തിലും എഴുതപ്പെട്ട ശാസനങ്ങളും ലിഖിതങ്ങളും ഈ ഗണത്തിൽ വരുന്ന ഉപദാനങ്ങൾ തന്നെയാണ്.

സംസ്കൃത സാഹിത്യകൃതികൾ

സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട ഇന്ത്യയുടെ ഇതിഹാസ കാവ്യങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും കേരളത്തെ സംബന്ധിച്ച പരാമർശങ്ങളുണ്ടെന്ന് പല ഗവേഷകരും സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ബി.സി. നാലാം നൂറ്റാണ്ടിലെഴുതപ്പെട്ട കൗടില്യന്റെ അർത്ഥ ശാസ്ത്രത്തിലും കേരളത്തെ കുറിച്ച് പരാമർശങ്ങളുണ്ട്. കേരളത്തെ കുറിച്ച് ഏറ്റവും വിശ്വസ്തമായ പരാമർശമുള്ളത് വാത്മീകി രാമായണത്തിലാണ്. കേരളത്തിലെ പ്രാചീന തുറമുഖമായിരുന്ന മുസ്രിസ്സിനെ മുച്ചിരിപത്തനം എന്ന് രാമായണത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. കേരളത്തെ കുറിച്ച് ഏറ്റവും പഴക്കം ചെന്ന പരാമർശമുള്ള സംസ്കൃത കൃതി ഐതരേയാരണ്യകമാണെന്ന് ചില ചരിത്രകാരന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇതിലെ ചേര ശബ്ദം കേരളത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ആ ചരിത്രകാരന്മാർ വാദിക്കുന്നു. സനാതനാചാരങ്ങളെ ലംഘിച്ച മൂന്നു ജനവിഭാഗങ്ങളിൽ ചേരപാദരും പെടുന്നതായി ഈ ആരണ്യകത്തിൽ പറയുന്നു.(എ. ശ്രീധരമേനോൻ: കേരള ചരിത്രം: പേജ്: 18,19)
കേരളത്തെ പരാമർശിക്കുന്നതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം ബി.സി. 300 നോടടുത്ത് എഴുതപ്പെട്ട കാത്യായനന്റെ വാർത്തികം ആണെന്ന് വിശ്വസിക്കപ്പെടുന്നു.(സർവ്വ വിജ്ഞാന കോശം: ചരിത്രം പ്രാചീന കേരളം സർവ്വ വിജ്ഞാന കോശം വെബ് സൈറ്റിൽ നിന്ന്) പാണിനി മഹർഷിയുടെ അഷ്ടാദ്ധ്യായിയിൽ കേരളത്തെ കുറിച്ച പരാമർശങ്ങളില്ലെങ്കിലും അഷ്ടാദ്ധ്യായിക്ക് മഹാഭാഷ്യം ചമച്ച പതഞ്ജലിക്കും വാർത്തികം എഴുതിയ കാത്യായനനും കേരളത്തെ പറ്റി അറിയാമായിരുന്നു. ഇവിടെ പരാമർശിക്കപ്പെട്ട സംസ്കൃത ഗ്രന്ഥങ്ങളെല്ലാം ക്രിസ്തുവിന് മുമ്പുള്ളതാണ്.
എ.ഡി. നാലാം നൂറ്റാണ്ടിൽ വിരചിതമായ മഹാകവി കാളിദാസന്റെ രഘുവംശത്തിൽ കേരളത്തിലെ പുരാതന തുറമുഖമായ മുസ്രിസ്സിനെയായിരിക്കണം മുരചി എന്ന പേരിൽ പരാമർശിച്ചിട്ടുള്ളത്. ഈ രചനകളെല്ലാം കേരളത്തിന് പുറത്ത് നിന്ന് രചിക്കപ്പെട്ടവയാണെങ്കിലും കേരളത്തിലുണ്ടായ സംസ്കൃത രചനകളിൽ നിന്നും കുറച്ചുകൂടി വ്യക്തതയുള്ള ചിത്രം ലഭിക്കുന്നുണ്ട്. എ.ഡി. 9 ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തപതി സംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളിൽ കുലശേഖന്മാരുടെ ആസ്ഥാനം മഹോദയപുരം ആണെന്ന് പരാമർശിച്ചിട്ടുണ്ട്. ഈ ഗണത്തിൽ വരുന്നതാണ് ആദി ശങ്കരാചാര്യരുടെ ശിവാനന്ദലഹരി. ഈ കൃതിയിലെ 70 ാം ശ്ലോകത്തിൽ ഒരു രാജശേഖരനെ പറ്റി സൂചനയുണ്ട്. വാഴപ്പള്ളി ചെപ്പേടിലും തിരുവല്ല ചെപ്പേടിലും പരാമർശിച്ചിട്ടുള്ള കുലശേഖര ചക്രവർത്തിമാരിൽ ഒരാളായിരുന്ന രാജശേഖരനാണിത് എന്ന് ചരിത്രകാരന്മാർ സ്ഥിരീകരിക്കുന്നുണ്ട്. ലഘുഭാസ്കരീയം എന്ന പഴയ സംസ്കൃത കൃതിയും പ്രമാണസ്രോതസ്സാണ്. സ്ഥാണുരവിയുടെ കാലം നിർണ്ണയിക്കാൻ ഈ കൃതിയാണ് സഹായിച്ചത്. ഇതേ സ്ഥാണുരവിയെ പരാമർശിക്കുന്ന മറ്റൊരു കൃതിയാണ് വാസുദേവ ഭട്ടത്തിരിയുടെ യുധിഷ്ഠിര വിജയം. കൂടാതെ കോലത്തുനാടിന്റെ ചരിത്രം വിവരിക്കുന്ന അതുലന്റെ മൂഷക കാവ്യം കേരള ചരിത്രം പ്രമേയമായ ഒരു ആദ്യകാല സംസ്കൃത രചനയാണ്.

പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലീലാതിലകം പദ്യ കൃതിയാണെങ്കിലും ചരിത്രമൂല്യമുള്ള ഒരു രചനയാണിത്. വേണാട് ഭരിച്ച ചില പ്രമുഖ രാജാക്കന്മാരെ കുറിച്ച് ഇതിൽ പരാമർശങ്ങളുണ്ട്. ഈ ഗണത്തിൽ നിരവധി ഗ്രന്ഥങ്ങൾ പരാമർശിക്കാനുണ്ട്. ചരിത്രാംശങ്ങളുള്ള അത്തരം ചില സംസ്കൃത ഗ്രന്ഥങ്ങളുടെ പേര് വിവരങ്ങൾ മാത്രം ഇവിടെ പരാമർശിക്കാം. കോകില സന്ദേശം, പ്രക്രിയാ സർവ്വസ്വം, ബാല മാർത്താണ്ഡവിജയം(നാടകം), സീതാരാഘവം, ചാതക സന്ദേശം തുടങ്ങിയ കൃതികളെല്ലാം പ്രാചീന, മധ്യകാല, ആധുനിക കേരള ചരിത്രരചനക്ക് സഹായിച്ച കൃതികളാണ്.(കേരള സംസ്കാര ചരിത്രം: ശ്രീനാരായണ ​ഗുരു യൂണിവേഴ്സിറ്റി: എം.എ. മലയാളം സ്റ്റഡിമെറ്റീരിയൽ: പേജ്: 8,9)

തമിഴ് കൃതികൾ

പ്രാചീന കേരള ചരിത്രരചനക്ക് ഉപദാനമായി വർത്തിക്കുന്ന മറ്റൊരു മൗലിക പ്രമാണ സ്രോതസ്സാണ് പ്രാചീന തമിഴ് സാഹിത്യ കൃതികൾ. വിഖ്യാതമായ പ്രാചീന തമിഴ് സാഹിത്യകൃതികളിൽ ചലതെല്ലാം കേരളത്തെയും കേരള രാജാക്കന്മാരെയും ജനങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾ നിറഞ്ഞതാണ്. ക്രിസ്തു വർഷത്തിന്റെ ആദ്യ അഞ്ചു ദശകങ്ങളിലുണ്ടായ സംഘം കൃതികളാണ് ഇവിടെ വിശേഷ പ്രാധാന്യമർഹിക്കുന്നത്. (എ. ശ്രീധരമേനോൻ: കേരള ചരിത്രം: പേജ്: 24)
ബി.സി. നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന തമിഴ് വ്യാകരണ ഗ്രന്ഥമായ തൊൽക്കാപ്പിയത്തിൽ കേരളം പരാമർശിക്കപ്പെടുന്നുണ്ട്. സംഘസാഹിത്യ കൃതികളിൽ ഉൾപ്പെട്ട അകനാനൂറും പുറനാനൂറും പതിറ്റുപത്ത് തുടങ്ങിയ കൃതികളെല്ലാം പ്രാചീന കേരള ചരിത്ര രചനക്ക് ദിശ നൽകുന്ന ഉപദാന സാമഗ്രികളാണ്. ചിലപ്പതികാരം എന്ന പഴയ തമിഴ്കൃതിയും ഈ ഗണത്തിൽ സവിശേഷ പ്രാധാന്യമുള്ളതു തന്നെയാണ്. ചേരരാജവംശത്തിൽ പിറന്ന ഇളംങ്കോവടികളാണ് ഈ രചന നിർവ്വഹിച്ചതെന്നാണ് പറയപ്പെടുന്നത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഈ കൃതി ഒരു കേരളീയൻ രചിച്ചതാണെന്ന സവിശേഷത കൂടി ഉള്ളതാണ്. ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കൃതിയാണിതെങ്കിലും കേരള ചരിത്രരചനക്ക് സഹായകമായ നിരവധി വിവരങ്ങൾ ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. പെരുമാൾ തിരുമൊഴി എന്ന പേരിൽ അറിയപ്പെട്ട വിഖ്യാതമായ ഒരു പഴം തമിഴ് കൃതിയുടെ രചയിതാവ് കുലശേഖര ആഴ് വാർ ഒരു ചേര രാജാവായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നുണ്ട്. ചേരമാൻ പെരുമാൾ ആഴ് വാരുടെ ജീവിതകഥ പ്രതിപാദിക്കുന്ന ചെക്കിഴാരുടെ പെരിയപുരാണവും കേരള ചരിത്ര രചനക്ക് സഹായകമായ പ്രാചീന തമിഴ് രചനയാണ്. പതിറ്റുപത്തിലെ ഓരോ പത്തും ഓരോ ചേര രാജാവിനെ പ്രകീർത്തിക്കുന്നതാണ്. എന്നാൽ ആദ്യത്തെ പത്തും അവസാനത്തെ പത്തും ലഭിച്ചിട്ടില്ല.

പ്രാചീന മലയാള കൃതികൾ

എ.ഡി. ഒമ്പതാം ശതകത്തിലാണ് മലയാളം തമിഴിൽ നിന്ന് വേർതിരിഞ്ഞ ഒരു ഭാഷയായി രൂപപ്പെടാൻ ആരംഭിക്കുന്നത്. എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലുമുണ്ടായ കൃതികൾ മാത്രമേ ചരിത്രപ്രാധാന്യമുള്ള കൃതികളായി നമുക്ക് ലഭിച്ചിട്ടുള്ളൂ.(എ. ശ്രീധരമേനോൻ: കേരള ചരിത്രം: 26)
കേരളത്തിൽ രചിക്കപ്പെട്ട ആദ്യകാല മണിപ്രവാള സാഹിത്യകൃതികളായ ഉണ്ണിയച്ചി ചരിതത്തിലും ഉണ്ണിച്ചിരുതേവി ചരിതത്തിലും കേരളത്തിന്റെ ചരിത്ര നിർമ്മിതിക്ക് സഹായകമായ പല വസ്തുതകളും ഉൾച്ചേർന്നിട്ടുണ്ട്. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ പണ്ടുണ്ടായിരുന്ന വഴികളുടെയും വഴിയോരക്കാഴ്ചകളുടെയും വിവരണം ഉണ്ണുനീലി സന്ദേശത്തിൽ കാണാം. തുലുക്കൻപട, ഓടനാടിന്റെ സാമന്തപദവി, കൊല്ലം പട്ടണത്തിന്റെ വാണിജ്യപ്രാധാന്യം ഇവയെല്ലാം ഉണ്ണുനീലി സന്ദേശകാരൻ പരാമർശിക്കുന്നുണ്ട്.(നമ്മൾ നടന്ന വഴികൾ: കേരള ചരിത്രവും സംസ്കാരവും: എസ്.കെ. വസന്തൻ: പേജ്: 15)
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട രാജരത്നാവലീയം ചമ്പുവിൽ കൊച്ചിയെ പറ്റി പരാമർശമുണ്ട്. മണിയൂർ മറ്റം, ചിറവായ് സ്വരൂപം, മണിഗ്രാമം അങ്ങനെ പല കാര്യങ്ങളും ചമ്പുവിൽ കാണാം.(എസ്.കെ. വസന്തൻ: നമ്മൾ നടന്ന വഴികൾ: കേരള ചരിത്രവും സംസ്കാരവും)
ദാമോദര ചാക്യാരുടെ ഉണ്ണിയാടി ചരിതം എന്ന ഗ്രന്ഥം സവിശേഷ പ്രാധാന്യമുള്ളതാണ്. പതിനാലാം നൂറ്റാണ്ടിലെ കോഴിക്കോടും മഹോദയപുരവും കൊല്ലവും എങ്ങനെയായിരുന്നുവെന്ന് അറിയാൻ ഈ കൃതികൾ പരിശോധിച്ചാൽ മതിയാകും.(കേരള സംസ്കാര ചരിത്രം. പേജ്: 10)കോക സന്ദേശം പല ചരിത്രവസ്തുതകളിലേക്കും വെളിച്ചം നൽകുന്ന കൃതിയാണ്. പൂർണ്ണമായും ലഭ്യമായിട്ടില്ലെങ്കിലും ചരിത്രരചനക്ക് ഏറെ സഹായകമായ ഗ്രന്ഥമാണ് പയ്യന്നൂർപാട്ട്. പതിനാറാം നൂറ്റാണ്ടിലെ ചാത്തിര സംഘങ്ങൾ നമ്പൂതിരി സംഘങ്ങൾ, വർത്തക സംഘങ്ങൾ തുടങ്ങി നിരവധി ചരിത്രപ്രാധാന്യമുള്ള അറിവുകൾ ലഭിക്കുന്ന കൃതിയാണ് ചന്ദ്രോത്സവം. മണിപ്രവാള കൃതികളിൽ ഉൾപ്പെട്ട ഈ കൃതിയിലും കേരള ചരിത്രരചനക്ക് വേണ്ട ഉപദാന സാമഗ്രികളുണ്ട്. കാടഞ്ചേരി നമ്പൂതിരിയുടെ മാമാങ്കം കിളിപ്പാട്ടും ചരിത്രാംശങ്ങളുള്ള ഒരു കൃതി തന്നെയാണ്. ഇവകൂടാതെ നാടോടി പാട്ടുകളുടെ സ്വഭാവമുള്ള വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും കേരള ചരിത്രരചനക്ക് സഹായകമായ പല മൗലിക വസ്തുതകളും ഉൾച്ചേർന്ന രചനകൾ തന്നെയാണ്. ഹെർമൻ ഗുണ്ടർട്ട് രചിച്ച കേരളപ്പഴമ 1498 മുതൽ 1550 വരെയുള്ള കേരള ചരിത്രം പ്രമേയമാക്കിയ ഒരു രചനയാണ്. രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയവർ അവരുടെ കാലത്തെ രാജാക്കന്മാരെ പറ്റിയും നഗരങ്ങളെ പറ്റിയും പ്രതിപാദിച്ചിട്ടുള്ള കൃതികൾ ചരിത്രരചനയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. (കേരള സംസ്കാര ചരിത്രം: പേജ്: 10)
ധാരാളം അസംബന്ധങ്ങൾ ഉള്ളവയാണെങ്കിലും കേരളോൽപത്തിയും കേരളമാഹാത്മ്യവും ചരിത്രത്തിന്റെ അംശങ്ങൾ ഉള്ളവ തന്നെയാണ്.(എസ്.കെ. വസന്തൻ: നമ്മൾ നടന്ന വഴികൾ, കേരള ചരിത്രവും സംസ്കാരവും: പേജ്: 16)
ഡച്ചുകാലഘട്ടത്തിൽ അജ്ഞാതനാമാവായ ഏതോ ഒരു കവി ചമച്ച പടപ്പാട്ട് എ.ഡി. 1646 മുതൽ 1670 വരെയുള്ള പെരുമ്പടപ്പ് സ്വരൂപത്തിന്റെ രാഷ്ട്രീയ വികസനത്തെ വർണ്ണിക്കുന്നു.(എ. ശ്രീധരമേനോൻ: കേരള ചരിത്രം: പേജ്: 28)
രാമപുരത്തു വാര്യരുടെ കുചേല വൃത്തവും ഭാഷാഷ്ടപദിയും പതിനെട്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ആരോ നിർമ്മിച്ച മാർത്താണ്ഡ മാഹാത്മ്യവും മാർത്താണ്ഡ വർമ്മയയുടെ ഭരണ ചരിത്രത്തെ സ്പർഷിക്കുന്നു. കുഞ്ചൻ നന്വ്യാരുടെ തുള്ളൽ പാട്ടുകൾ 18 ാം ശതകത്തിലെ കേരളത്തിലെ പല സാമൂഹിക യാഥാർത്ഥ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്.

കേരളീയർ രചിച്ച അറബി, അറബി മലയാള കൃതികൾ

മലയാള ഭാഷയുടെ ഉദ്ഭവ വികാസ ഘട്ടങ്ങളിൽ എഴുതപ്പെട്ട ഇത്തരം കൃതികളിൽ പലതും ചരിത്രാംശം ഉൾക്കൊള്ളുന്ന കൃതികളാണെന്നതിനാൽ ഇവയെ കേരള ചരിത്രരചനക്ക് ഉപദാനങ്ങളായി സ്വീകരിക്കുമ്പോൾ കേരളത്തിൽ നിന്ന് കേരളീയരായ അറബി പണ്ഡിതന്മാർ രചിച്ച ചില കൃതികളും ചില അറബി മലയാള കൃതികളും ചരിത്രമൂല്യമുള്ള കൃതികളാണെന്ന കാര്യം ഇവിടെ സവിശേഷം പരിഗണിക്കേണ്ടതുണ്ട്. ഇവയിൽ പൊതു സമ്മതി നേടിയ ലക്ഷണമൊത്ത ഒരു ചരിത്രകൃതിയാണ് പതിനാറാം നൂറ്റാണ്ടിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ. ഇദ്ദേഹത്തിന്റെ പിതാമഹനും പ്രമുഖ സൂഫി പണ്ഡിതനുമായിരുന്ന പൊന്നാനി വലിയ സൈനുദ്ദീൻ മഖ്ദൂം രചിച്ച സാമൂതിരിക്ക് കീഴിൽ പോർച്ചുഗീസ് വിരുദ്ധ മുന്നേറ്റങ്ങൾക്ക് മുസ്ലിം സമൂഹത്തെ ആഹ്വാനം ചെയ്യുന്ന തഹ്രീള് എന്ന കൃതിയും പ്രാധാന്യമർഹിക്കുന്നു. 1500 കളുടെ തുടക്കത്തിൽ രചിച്ച ഈ കൃതി ഇന്ത്യയിൽ വൈദേശികാധിപത്യത്തിനെതിരെ ശക്തിപ്പെട്ട ആദ്യകാല മുന്നേറ്റങ്ങൾക്ക് പ്രത്യയശാസ്ത്ര സ്രോതസ്സായി വർത്തിച്ച ആദ്യ സമര കൃതി കൂടിയാണ്. (സൈനുദ്ദീൻ മന്ദലാംകുന്ന്: മാപ്പിള സമരങ്ങളും ഉലമാ നേതൃത്വവും: പേജ്:16 )
ഇവയെ കൂടാതെ പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ട് തുടക്കത്തിലുമായി ജീവിച്ച കോഴിക്കോട് ഖാള്വി മുഹമ്മദ് രചിച്ച ഫത്ഹുൽ മുബീൻ എന്ന കൃതിയും ഇവിടെ സവിശേഷം പരാമർശിക്കപ്പെടേണ്ടതുണ്ട്. സൈ്ഥര്യത്തോടെ പോർച്ചുഗീസ് വിരുദ്ധ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന കോഴിക്കോട് സാമൂതിരിയുടെ കീർത്തി ലോകമെമ്പാടുമുള്ള മുസ്ലിം ഭരണാധികാരികൾക്കിടയിലും മുസ്ലിം ജനസാമാന്യത്തിനിടയിലും വ്യാപിപ്പിക്കാൻ ലക്ഷ്യം വെച്ച് അറബി ഭാഷയിൽ രചിക്കപ്പെട്ട ഈ കാവ്യ കൃതിയും ചരിത്രപരത ഉൾക്കൊള്ളുന്ന ഉപാദാനങ്ങളിൽ പെട്ടവയാണ്. സൈനുദ്ദീൻ മന്ദലാംകുന്ന്: ഫത്ഹുൽ മുബീൻ; ഒരു പോരാട്ട പൈതൃകത്തിന്റെ ചരിത്രരേഖ: 2007 ഏപ്രിൽ 30 മെയ് 6, മാതൃഭൂമി ആഴ്ചപതിപ്പ്, പേജ്: 71)
ഖാള്വി മുഹമ്മദ് തന്നെ പോർച്ചുഗീസ് വിരുദ്ധ മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കാൻ രചിച്ച അൽ ഖുത്വുബത്തുൽ ജിഹാദിയ്യ എന്ന കൃതിയും ഇവിടെ സവിശേഷം പരിഗണിക്കപ്പെടേണ്ടതുണ്ട്. എ.ഡി. 1571 ൽ ചാലിയം കോട്ട കീഴടക്കാനായി കോഴിക്കോട് സാമൂതിരിയും അദ്ദേഹത്തിന്റെ നായർ മുസ്ലിം സൈന്യവിഭാഗങ്ങളും നടത്തിയ ചാലിയം യുദ്ധവേളയിൽ രചിക്കപ്പെട്ട കൈയ്യെഴുത്തു രേഖയാണ് ഇത്.(വിക്കി പീഡിയ)
ഇവയെ കൂടാതെ അറബി മലയാള ഭാഷയിൽ രചിക്കപ്പെട്ടതും മാപ്പിള സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ നിർണ്ണയിച്ചിരുന്നതുമായ മലബാറിൽ നടന്ന ചില ചരിത്ര സംഭവങ്ങൾ പ്രമേയമാക്കി രചിക്കപ്പെട്ട പടപ്പാട്ടുകളും ചരിത്രാംശം ഉൾക്കൊള്ളുന്ന രചനകൾ തന്നെയാണ്. ഓമനൂർ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, ചേറൂർ പടപ്പാട്ട് തുടങ്ങി നിരവധി കൃതികൾ ഈ ഗണത്തിൽ വരുന്നുണ്ട്. ഇവയുടെ രാഷ്ട്രീയ പ്രതിരോധ പ്രചോദന ശേഷി തിരിച്ചറിഞ്ഞ ബ്രിട്ടീഷ് അധികൃതർ ഇവയുടെ പ്രചരണം തടഞ്ഞിട്ടുണ്ട് എന്നതു കൂടി പരിഗണിക്കുമ്പോൾ ഇത്തരം ഉപദാനങ്ങളുടെ പ്രാധാന്യം വർദ്ധിക്കുന്നുണ്ട്. മണ്ണാർക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട് തുടങ്ങിയ കൃതികളെല്ലാം ബ്രിട്ടീഷുകാർ കണ്ടുകെട്ടുകയും ഇവയുടെ പ്രചരണം തടയുകയും ചെയ്തിട്ടുണ്ട്.

വിദേശ സഞ്ചാരികളുടെ കുറിപ്പുകൾ

കേരള ചരിത്ര രചനയിൽ ഉപദാനമായി പരിഗണിക്കപ്പെടുന്ന ലിഖിത രൂപത്തിലുള്ള മറ്റൊരു പ്രധാനഗണമാണ് വിദേശ സഞ്ചാരികളുടെ കുറിപ്പുകൾ. റോമൻ സഞ്ചാരികൾ, അറബി സഞ്ചാരികൾ, ചൈനീസ് സഞ്ചാരികൾ, പുരോഹിതന്മാർ, സ്ഥാനപതികൾ എന്നിവർ എഴുതിയിട്ടുള്ള കുറിപ്പുകളാണ് ഈ ഗണത്തിൽ വരുന്നത്. എ.ഡി. ഒന്നാം നൂറ്റാണ്ടുമുതലുള്ള കേരള ചരിത്രം നിർദ്ധാരണം ചെയ്യാൻ പര്യാപ്തമായ ചില വിവരങ്ങൾ സ്ട്രോബോ, പ്ലീനി, ടോളമി എന്നിവരുടെ ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. എ.ഡി. 21 ൽ രചിക്കപ്പെട്ട സ്ട്രോബോയുടെ ജ്യോഗ്രഫി എന്ന ഗ്രന്ഥം റോമാ സാമ്രാജ്യത്തിന്റെ പൗരസ്ത്യ വ്യാപാരത്തെ സവിസ്തരം അടയാളപ്പെടുത്തുന്നുണ്ട്. എ.ഡി. 77 ൽ പ്ലീനി എഴുതിയ നാച്ച്വറൽ ഹിസ്റ്ററി എന്ന ഗ്രന്ഥം കേരളത്തിലെ മുസ്രിസ്സ് തുറമുഖം പൗരസ്ത്യവ്യാപാരത്തിന്റെ സിരാകേന്ദ്രമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ അക്കാലത്തെ ഇറക്കുമതി കയറ്റുമതിയെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ എ.ഡി. 90 ൽ രചിക്കപ്പെട്ട പെരിപ്ലസ് ഓഫ് ഐരിത്രിയൻ സീ എന്ന ഗ്രന്ഥത്തിലുണ്ട്. കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളുടെ വിസ്തരിച്ചുള്ള പട്ടിക ടോളമിയുടെ ജ്യോഗ്രഫിയിൽ(എ.ഡി. 125) നൽകിയിട്ടുണ്ട്. എ.ഡി. ആറാം നൂറ്റാണ്ടിൽ വിരചിതമായ ടോപ്പോഗ്രാഫിയ ഇൻഡിക്കാ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിൽ കുരുമുളക് കയറ്റി അയച്ചിരുന്ന കേരളീയ തുറമുഖങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്.(എസ്.കെ. വസന്തൻ: നമ്മൾ നടന്ന വഴികൾ: കേരള ചരിത്രവും സംസ്കാരവും: പേജ്: 16)

ചൈനീസ് സഞ്ചാരികളുടെ രേഖകൾ:

ചൌജൂക്വാ എന്നൊരു ചീനക്കാരൻ പതിമൂന്നാം നൂറ്റാണ്ടിലെ കേരളത്തെ പറ്റി പറയുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരി വാങ്താൻ യുവാൻ കായംകുളത്തെയും ഏഴിമലയെയും പരാമർശിക്കുന്നുണ്ട്. 15 ാം നൂറ്റാണ്ടിൽ ചൈനീസ് സഞ്ചാരി മാഹുവാൻ എഴുതിയ കുറിപ്പുകളിൽ കൊച്ചിയെയും കോഴിക്കോടിനെയും സംബന്ധിച്ചുള്ള വിവരങ്ങളുണ്ട്. ആറാം നൂറ്റാണ്ടിലെ ചൈനീസ് ഭരണാധികാരികൾ ആയിരുന്ന താങ് വംശജരുടെ രേഖകളിലും കേരളം പരാമർശിക്കപ്പെടുന്നുണ്ട്.(എസ്.കെ. വസന്തൻ: നമ്മൾ നടന്ന വഴികൾ: കേരള ചരിത്രവും സംസ്കാരവും: പേജ്: 16)

മറ്റ് സഞ്ചാരികളുടെ കുറിപ്പുകൾ

പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്പെയിൻകാരനായ റാബി ബെഞ്ചമിൻ കൊല്ലം സന്ദർശിച്ചു. വെനീസുകാരനായ മാർക്കോ പോളയുടെ സഞ്ചാര കൃതികളിലും കേരളത്തിലെ തുറമുഖ നഗരങ്ങളും സമുദ്ര തീരങ്ങളും പരാമർശിക്കപ്പെുന്നുണ്ട്. കായൽപട്ടണം, കൊല്ലം, കന്യാകുമാരി, ഏഴിമല തുടങ്ങിയ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. 1293 ലോ 1295 ലോ മാർക്കോപോളോ മദ്രാസിനടുത്ത് പഴയ തീരദേശ പട്ടണത്തുള്ള സെന്റ് തോമസിന്റെ ശവകുടീരം സന്ദർശിക്കുകയുണ്ടായി.
പതിനാലാം നൂറ്റാണ്ടിൽ മിഷണറി ദൗത്യവുമായി എത്തിയ ജോർഡാനസിന്റെ കുറിപ്പുകൾ ഈ ഗണത്തിൽ പ്രധാനമാണ്. ഇറ്റലിക്കാരൻ നിക്കോളോ കോണ്ടി തന്റെ കുറിപ്പുകളിൽ നടത്തുന്ന പരാമർശങ്ങളും കേരള ചരിത്ര രചനയെ സഹായിക്കുന്ന മൗലികമായ പ്രമാണസ്രോതസ്സുകൾ തന്നെ. റഷ്യക്കാരനായ അത്തനേഷ്യസ് നികിതിൻ തന്റെ രചനയിൽ മലബാർ തുറമുഖങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ലുഡ് വിക്കോ ഡ വർത്തേമ എന്ന ഇറ്റലിക്കാരൻ വൈദ്യൻ എന്ന വ്യജവേഷമണിഞ്ഞ് പതിനാറാം നൂറ്റാണ്ടിൽ കോഴിക്കോട് താമസിച്ച് ചാരവൃത്തി നടത്തിയ വസ്തുത ചരിത്രത്തിൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇതോടൊപ്പം പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും രേഖകൾ കേരള ചരിത്ര രചനയെ സംബന്ധിച്ച് വിലമതിക്കുന്നത് തന്നെയാണ്. വാസ്കോഡ ഗാമ തന്റെ അധിനിവേശ ദൗത്യവുമായി വരുന്നതിന്റെ പത്ത് വർഷം മുമ്പ് പിരാഡി കോഹിൽ ഹോ എന്നൊരു പോർച്ചുഗീസുകാരൻ അറബി വേഷമണിഞ്ഞ് കോഴിക്കോട് എത്തുകയും കേരളത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് വാണിജ്യപ്രാധാന്യവും വിഭവ ശേഖരങ്ങളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബർബോസ, ഗോൺസാൽവസ് എന്നീ പോർച്ചുഗീസുകാരും കേരള ചരിത്രരചനക്ക് ആവശ്യമായ ഉപദാന സ്രോതസ്സുകൾ തങ്ങളുടെ രചനകളിലൂടെ നൽകിയവരാണ്.
ഡച്ചുകാരിൽ പ്രമുഖരായ ഡാൽഡ്യൂഷ്, ലിൻഷോട്ടൻ, ന്യൂഹാഫ്, വാൻറീഡ്, കാന്റർ വിഷർ തുടങ്ങിയവരുടെ രചനകൾ അക്കാലത്തെ കേരളീയ ചരിത്രവും സാമൂഹിക ജീവിതവും അനാവരണം ചെയ്യുന്നുണ്ട്.(എസ്.കെ. വസന്തൻ: നമ്മൾ നടന്ന വഴികൾ: കേരള ചരിത്രവും സംസ്കാരവും: പേജ്: 17)

അറബി സഞ്ചാരികളുടെ കുറിപ്പുകൾ

കേരളവുമായി വിശിഷ്യാ ദക്ഷിണേന്ത്യൻ തീരങ്ങളുമായി പുരാതന കാലം മുതൽ തന്നെ വാണിജ്യവിനിമയ ബന്ധങ്ങൾ പുലർത്തിയിരുന്ന അറബി സഞ്ചാരികളുടെ കൃതികൾ കേരള ചരിത്ര രചനക്ക് ഉപാദാന സാമഗ്രിയായി പരിഗണിക്കപ്പെടുന്നുണ്ട്. നിർഭാഗ്യവശാൽ ഈ രചനകളെ സംബന്ധിച്ച് സൂക്ഷ്മമായ അപഗ്രഥനം നടത്താതെ ചില മുൻവിധികൾ പകരാനാണ് പല ചരിത്രകാരന്മാരും ശ്രമിച്ചുകാണുന്നത്. എ.ഡി. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ നിരവധി അറബി സഞ്ചാരികൾ കേരളം സന്ദർശിച്ചിട്ടുണ്ട്. സുലൈമാൻ താജിർ(എ.ഡി. 851) ഇബ്നു ഖുർദദാബെ(എ.ഡി. 848) അബൂ സൈദ്(915) മസ്ഊദി(955) അൽ ബിറൂണി(1048) അബ്ദുറസാഖ്(1442), ഇബ്നു ബത്തൂത്ത തുടങ്ങിയവരാണ് ഈ സഞ്ചാരികളിൽ പ്രമുഖർ. ഇവരുടെയെല്ലാം ഗ്രന്ഥങ്ങളും വിഖ്യാതമായതാണ്. ഇവരിൽ അബൂ സൈദ് മാത്രമേ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേരളത്തെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ളൂ. മറ്റുള്ള ഒട്ടെല്ലാവരും കേരളത്തിലെ വിവിധ തീരദേശ പട്ടണങ്ങൾ സന്ദർശിച്ചവരും ഇവിടെ നിലവിലുണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും സാമൂഹിക അധികാര ബന്ധങ്ങളുമെല്ലാം സാമാന്യമായ വ്യക്തതയോടെ രേഖപ്പെടുത്തിവരുമാണ്.
സുലൈമാൻ താജിർ കൊല്ലം തുറമുഖത്തിന്റെ വാണിജ്യപ്രാധാന്യം സവിശേഷം എടുത്തുപറഞ്ഞിട്ടുണ്ട്. ബെല്ലാരി(ബൽഹറ) രാജ്യത്തെ പറ്റിയും അറബികളോടും മുസ്ലിംകളോടും അവർ പുലർത്തിയിരുന്ന സമീപനത്തെ പറ്റിയുമെല്ലാം ഇദ്ദേഹം പരാമർശിക്കുന്നുണ്ട്. കൊല്ലം ഉൾപ്പെടെയുള്ള അക്കാലത്തെ തുറമുഖങ്ങളിൽ നടന്നിരുന്ന അറബി, ചൈനീസ് വിദേശ വ്യാപാരങ്ങളുടെ സജീവമായ ചിത്രം അദ്ദേഹം വരച്ചിടുന്നുണ്ട്. (സൈനുദ്ദീൻ മന്ദലാംകുന്ന്: ദക്ഷിണേന്ത്യയിലെ മുസ്ലിം വേരുകൾ; സൂഫികൾ സൂഫിസം:)
ഇബ്നു ഖുർദദാബെയാകട്ടെ കായൽപട്ടണം കന്യാകുമാരി ഉൾപ്പെടെയുള്ള തീരദേശ പട്ടണങ്ങളുടെ വാണിജ്യപ്രാധാന്യത്തെ പരാമർശിക്കുന്നുണ്ട്. കായൽപട്ടണത്തിന്റെ ആദ്യകാല നാമമായ വഗുധൈ എന്നാണ് അദ്ദേഹം പരാമർശിക്കുന്നത്.(മുഹമ്മദ് സുൽത്വാൻ ബാഖവി: ദക്ഷിണേന്ത്യയിലെ മുസ് ലിം വേരുകൾ സൂഫികൾ സൂഫിസം)
ഇബ്നു ബത്തൂത്തയുടെ സഞ്ചാര കൃതിയാകട്ടെ കേരള തീരങ്ങളെ സംബന്ധിച്ചും തുറമുഖങ്ങളെ സംബന്ധിച്ചും സംസ്കാര സവിശേഷതകളെ സംബന്ധിച്ചും വളരെ വ്യക്തതയോടെ പ്രതിപാദിച്ചിട്ടുണ്ട്.
ഈ സഞ്ചാരികളുടേതല്ലാത്ത നിരവധി അറബി ഗ്രന്ഥങ്ങളിൽ കേരളം പരാമർശിക്കപ്പെടുന്നുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള അത്തരം ഗ്രന്ഥങ്ങളും കേരള ചരിത്ര രചനക്ക് ഉപദാനങ്ങളാണ്. ഇന്ത്യൻ സമുദ്രാന്തര വാണിജ്യത്തെ സംബന്ധിച്ച പുതിയ ഗവേഷണപഠനങ്ങളും ഈയടുത്തിടെ കണ്ടെടുക്കപ്പെട്ട ഗനീസ രേഖകൾ ഉപയോഗിച്ചിള്ള ഗവേഷണങ്ങളും മുന്നേറുമ്പോൾ ഉപദാന സാമഗ്രികളുടെ വൃത്തം വികസിക്കുന്നുണ്ട് എന്ന കാര്യം സാമാന്യമായി തിരിച്ചറിയേണ്ടതുണ്ട്.

ഗ്രന്ഥവരികൾ:

രാജകൊട്ടാരങ്ങളുടെ ഗ്രന്ഥപുരകളിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഓലക്കരണങ്ങളാണ് ഗ്രന്ഥവരികൾ. രാജസ്വരൂപങ്ങളുടെ ചരിത്രവും അതതു ഭരണവംശങ്ങൾ ഭരണം നടത്തിപ്പോന്നിരുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ സംഭവങ്ങളുമാണ് ഇവയിൽ പലതിന്റെയും ഉള്ളടക്കം. തിരുവനന്തപുരത്തെ മതിലകം ഗ്രന്ഥവരിയും കോഴിക്കോട്ടെ സാമൂതിരി കോവിലകത്തെ ഗ്രന്ഥവരിയും ഈ ഗണത്തിൽ സവിശേഷ പ്രാധാന്യമുള്ളവയാണ്.

ശാസനങ്ങൾ, ചെപ്പേടുകൾ

കേരള ചരിത്രരചനയുടെ ഉപദാന സാമഗ്രികളിൽ പ്രാധാന്യമർഹിക്കുന്നതാണ് ശിലാ ശാസനങ്ങൾ. ചെപ്പേടുകൾ എന്നും ഇതിന് നാമമുണ്ട്. കേരളത്തിൽ ആദ്യകാലങ്ങളിൽ ചരിത്രമെഴുതി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചരിത്രം രേഖപ്പെടുത്തപ്പെട്ട ശിലാശാനങ്ങളുടെ പഠനങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
പുരാതന പ്രാദേശിക സമിതികളുടെ ഘടന, ക്ഷേത്രഭരണ രീതി ജന്മി-കുടിയാൻ ബന്ധം, വിദ്യാപീഠങ്ങളുടെ പ്രവർത്തന രീതി, വിവിധ നികുതി സമ്പ്രദായങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ ശാസനങ്ങൾ ഉപകരിക്കുന്നു.
മിക്ക ശാസനങ്ങളും മലയാള ഭാഷയിൽ വട്ടെഴുത്തു ലിപിയിലാണ് എഴുതിയിട്ടുള്ളത്. സംസ്കൃത ശാസനങ്ങളും ഉഭയ ഭാഷാ ശാസനങ്ങളും അപൂർവ്വമല്ല.(കേരള സംസ്കാര ചരിത്രം: പേജ്: 13)
എ.ഡി. എട്ട് മുതൽ 11 ാം നൂറ്റാണ്ടുവരെയുള്ള കാലയളവിലെ 160 ഓളം ശാസനങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവകളിൽ അധികവും രചിക്കപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. എന്നാൽ ഭാഷയാകട്ടെ തമിഴുമാണ്. പല ശാസനങ്ങളിലും ഗ്രന്ഥാക്ഷരങ്ങളും സംസ്കൃത പദങ്ങളും കാണാം. പദ്യരൂപത്തിലുള്ള ശാസനങ്ങളും ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ചരിത്രപ്രാധാന്യമുള്ളതാണ്. ശാസനങ്ങളുടെ പഠനം ചരിത്രത്തെ മാത്രമല്ല മലയാള ഭാഷയുടെ ഉദ്ഭവ വികാസ ചരിത്രത്തെ അടയാളപ്പെടുത്തുന്നതുകൂടിയാണ്.
കേരളത്തിൽ നിന്ന് ലഭ്യമായ പഴയ ശാസനങ്ങളിൽ ഒന്നായ വാഴപ്പള്ളി ശാസനം രചിക്കപ്പെട്ടത് എ.ഡി. 832 ലാണെന്നാണ് കരുതപ്പെടുന്നത്. സ്ഥാണു രവി തന്റെ അഞ്ചാം ഭരണ വർഷമായ എ.ഡി. 849 ൽ കൊല്ലത്ത് ഒരു ക്രിസ്ത്യൻ പുരോഹിതന് പള്ളി പണിയാൻ അനുവാദം നൽകുന്ന തരിസാപള്ളി ശാസനം വളരെയേറെ ചരിത്ര പ്രാധാന്യമുള്ളതാണ്. ഈ ചരിത്രരേഖയെ അവലംബിച്ചാണ് കേരളത്തിലെ അടിമ സമ്പ്രദായത്തെ പറ്റി ചില നിർണ്ണായക വിവരങ്ങൾ നൽകുന്ന അടിമകേരളത്തിന്റെ അദൃശ്യചരിത്രം എന്ന ഗ്രന്ഥം രചിക്കപ്പെട്ടത്. യുവഗവേഷകനായ വിനിൻ പോൾ തരിസാ പള്ളി ശാസനത്തിലെ ചില വ്യവസ്ഥകളാണ് അടിമത്വ വ്യവസ്ഥ കേരളത്തിൽ നിലവിലുണ്ടായിരുന്നു എന്ന് തെളിയിക്കാൻ പ്രമാണമാക്കിയത്. ഈ രേഖയിലെ മുസ് ലിം സാക്ഷികളുടെ നാമങ്ങളും കൂഫി അറബിക് ലിപിയും എ.ഡി. 849 ൽ പോലും കേരളത്തിൽ പൊതു സ്വീകാര്യതയുള്ള ഒരു മുസ് ലിം സമൂഹം നിലനിന്നിരുന്നുവെന്നതിന്റെ ഉത്തമ നിദർശനമാണ്. എ.ഡി. 866 ലേതെന്ന് കരുതുന്ന മറ്റൊരു പ്രധാന ശാസനമാണ് കരനന്തടക്കൻ എന്ന ആയ് രാജാവിന്റെ പാർത്ഥിവപുരം ശാസനം.
ഭാസ്കരരവി എ.ഡി. 1000 ത്തിൽ ജൂതവർത്തക പ്രമുഖനായ ജോസഫ് റബ്ബാന് നൽകുന്ന പദവികളുടെ വിശദവിവരങ്ങളുൾക്കൊള്ളുന്ന ജൂത ചെപ്പേടും പ്രാധാന്യമർഹിക്കുന്നതാണ്.
ശ്രീ വല്ലഭൻ കോതയുടെ മാമ്പിള്ളി പട്ടയം(എ.ഡി. 973) സവിശേഷം പരാമർശിക്കപ്പെടേണ്ടതാണ്. കൂടാതെ കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള ചില ചോള പാണ്ഡ്യശാസനങ്ങളിലെ കേരളത്തെ സംബന്ധിച്ച പരാമർശവും പ്രാധാന്യമർഹിക്കുന്നു.(എസ്.കെ. വസന്തൻ: നമ്മൾ നടന്ന വഴികൾ: കേരള ചരിത്രവും സംസ്കാരവും: പേജ്: 18)
ഉദയം പേരൂർ, അവിട്ടത്തൂർ, നെടുംപുറം, തളി, ചോകൂർ, തൃപ്പങ്ങോട്, ഐരാണിക്കുളം എന്നിവിടങ്ങളിൽ നിന്ന് കോതരവിയുടെ ശാസനങ്ങൾ ലഭിച്ചിട്ടുണ്ട്.(കേരള സംസ്കാര ചരിത്രം: പേജ്: 14)
പ്രമുഖരായ പല രാജാക്കന്മാരും കേരള ഭരണാധികാകളായിരുന്നുവെന്ന് തെളിഞ്ഞത് ഇത്തരം ശാസനങ്ങളുടെ പഠനങ്ങളിലൂടെയാണ്. വിക്രമാദിത്യ വരഗുണന്റെ പാലിയം ശാസനം ശ്രീമൂല വാസം ബുദ്ധ വിഹാരത്തിലേക്ക് അദ്ദേഹം നൽകിയ ഭൂസ്വത്തുക്കളുടെ വിവരണങ്ങൾ ഉൾക്കൊള്ളുന്നതും ബുദ്ധ മത പ്രകീർത്തനവുമാണ്.
ഇങ്ങനെ നിരവധി ശാസനങ്ങൾ പരാമർശിക്കപ്പെടേണ്ടതുണ്ട്. ഇവയെല്ലാം കേരള ചരിത്രരചനയെ പല നിലയിൽ വികസിപ്പിച്ച പ്രമാണസ്രോതസ്സുകളാണ്.
പെരുമ്പടപ്പ് രാജസ്വരൂപത്തിലെ രാജാക്കന്മാരുടെ ശാസനങ്ങൾ വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. 1225 ലെ സിറിയൻ ക്രിസ്ത്യൻ താമ്ര ശാസനമാണ് ഈ ഗണത്തിൽ പ്രധാനം. പുതുവെപ്പ് വർഷം 322 ൽ എഴുതിയ ഒരു രേഖ പാലിയത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കൊച്ചി രാജാവും ഡച്ചുകാരും തമ്മിലുള്ള കരാറാണ് ഈ രേഖ. ഗുരുവായൂർ ക്ഷേത്രരേഖകൾ, തിരുവല്ല ചെപ്പേടുകൾ, വടക്കുംനാഥ ക്ഷേത്ര ശാസനങ്ങൾ, പട്ടാഴി ചെമ്പോലകൾ എന്നിവ കേരളീയ ചരിത്ര രചനക്ക് സഹായകമായ ഉപദാനങ്ങളാണ്.
ഇവയെ കൂടാതെ ജൂത, ക്രൈസ്തവ, മുസ് ലിം ദേവലായങ്ങളിലെ രേഖകൾ സവിശേഷ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്. കടമറ്റത്തെ ഓർത്തോഡോക്സ് സിറിയൻ പള്ളിയിലെ പഹ് ലവി ശാസനം, ഈ ഗണത്തിൽ പ്രാധാന്യമർഹിക്കുന്നു. മാടായി പള്ളിയിൽ നിന്ന് കണ്ടെടുക്കപ്പെട്ട പുരാതന രേഖയും പ്രാധാന്യമുള്ളതു തന്നെയാണ്. എന്നാൽ അർരിസാലത്തു ഫീ ളുഹൂരിൽ ഇസ് ലാം ദിയാരി മലൈബാർ എന്ന പേരിൽ രചിക്കപ്പെട്ട ഈ അറബി കയ്യെഴുത്ത് രേഖയുടെ കാലം നിർണ്ണയിക്കുന്നതിൽ ചരിത്രകാരന്മാർക്ക് ഗുരുതരമായ അബദ്ധം സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് മുച്ചുന്തിപ്പള്ളിയിലെ വട്ടെഴുത്തിലും അറബിയിലും എഴുതിയ പൂന്തുറക്കോന്റെ ശാസനം വളരെ പ്രാധാന്യമേറിയതാണ്. ഈ ശാസനം സംബന്ധമായി സൂക്ഷ്മ പഠനം നടത്താതെ ചില അവ്യക്ത ധാരണകൾ പ്രചരിപ്പിക്കാനാണ് പല ചരിത്രകാരന്മാരും ഔത്സുക്യം കാണിച്ചിട്ടുള്ളത്. ഭാസ്കരരവിയുടെ ജൂതപ്പട്ടയം മട്ടാഞ്ചേരി ജൂതപള്ളിയിൽ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

കേരള ചരിത്ര രചനക്ക് ഉപദാനമായ പുരാവസ്തു ശേഷിപ്പുകളിൽ പലതും കേരളത്തിന്റെ മഹാശിലാ സംസ്കാര കാലഘട്ടം സാക്ഷ്യപ്പെടുത്തുന്നതാണ്. പ്രാചീന കേരള ചരിത്ര രചനക്ക് സഹായകമായ പല തെളിവുകളും കേരളത്തിലെ പല പ്രദേശങ്ങളിലും നടന്ന ഉദ്ഖനനങ്ങളിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാൽ മഹാശിലാ യുഗത്തിന് മുമ്പുള്ള മനുഷ്യവാസത്തിന്റെ അടയാളങ്ങളൊന്നും കേരളത്തിൽ നിന്ന് ലഭ്യമായിട്ടില്ല. ആദി പുരാതന ശിലായുഗം മുതൽ കേരളത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നു. ബി.സി. 1000 ത്തിനും 3000 ത്തിനും ഇടയിൽ നിർമ്മിതമായ കന്മഴു കേരളത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത് നവീന ശിലായുഗ ഘട്ടമാണ്.
തൃശൂർ ജില്ലയിലെ എയ്യാൽ, വയനാട് ജില്ലയിലെ എടയ്ക്കൽ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പോലുള്ള പ്രദേശങ്ങളിൽ നിന്ന് മഹാശിലാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. തൊപ്പിക്കല്ലുകൾ, കുടക്കല്ലുകൾ, പുലച്ചിക്കല്ലുകൾ, കുത്തുകൽമണ്ഡപങ്ങൾ, നന്നങ്ങാടികൾ, മുനിയറകൾ, കൽമേശകൾ എന്നിങ്ങനെ പലതും ഉപരിസൂചിത സ്ഥലങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പുളിമാത്ത്, മറയൂർ, പോർക്കളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നന്നങ്ങാടികളോ പുരാതന ശവക്കല്ലറകളോ ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ എടയ്ക്കൽ ഗുഹയിലെ ശിലാരേഖകളും ചിത്രങ്ങളും വളരെ പ്രധാനപ്പെട്ടവയാണ്. മനുഷ്യർ, മൃഗങ്ങൾ, സ്വസ്തികം, വൃത്തം എന്നിങ്ങനെ ചില രൂപങ്ങൾ കണ്ട് ഇവ നവീന ശിലായുഗത്തിലേതാണ് എന്ന് സ്ഥിരീകരിക്കുന്ന ചരിത്രകാരന്മാരുണ്ട്.(എസ്.കെ. വസന്തൻ: നമ്മൾ നടന്ന വഴികൾ: കേരള ചരിത്രവും സംസ്കാരവും: പേജ്: 23)
കേരളത്തിൽ നിന്ന് ലഭിച്ച പല പുരാവസ്തുക്കളും പുരാതന ശിലായുഗ സംസ്കാരത്തെയും ചെറു ശിലായുഗ സംസ്കാരത്തെയും സാക്ഷ്യപ്പെടുത്തുന്നതാണ്. വെള്ളാരം കല്ലുകളിൽ നിർമ്മിച്ച ചെറു ആയുധങ്ങൾ ചെറു ശിലായുഗ സംസ്കാരത്തിന്റേതാണ്. ഈ സംസ്കാരം 5000 വർഷം മുമ്പുവരെ ഇവിടെ നിലനിന്നിരുന്നു. ഈ സംസ്കാരത്തിന്റെ അവസാന കാലങ്ങളിൽ മനുഷ്യർ ഭാഗികമായി കൃഷിയിലും മൃഗപരിപാലനത്തിലും മൺകലങ്ങൾ ലോഹായുധങ്ങൾ മുതലായവ നിർമ്മിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. 3000 വർഷം പഴക്കമുള്ള മഹാശിലാ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതലുള്ളത്.(കേരള സംസ്കാര ചരിത്രം: പേജ്: 16)

ശിലാ പ്രതിമകൾ

കേരളത്തിലെ പുരാവസ്തു ശേഷിപ്പുകളിൽ ചരിത്രരചനക്ക് വേണ്ട പ്രമാണ സാമഗ്രികളിൽ പ്രധാനമായവയാണ് പലയിടത്തും കാണുന്ന പാറ തുരന്നുണ്ടാക്കിയ ശിലാ ക്ഷേത്രങ്ങളും പ്രതിമകളും. മുടവൂർ പാറ, വിഴിഞ്ഞം, തൃക്കാക്കുടി, തൃക്കൂർ, ഇരുനിലക്കോട്, ഭ്രാന്തൻപാറ എന്നിവിടങ്ങളിലാണ് ഇവയുള്ളത്. ചിലർ ഈ ഗുഹാ ക്ഷേത്രങ്ങളുടെ നിർമ്മാണ സ്വാധീനം ബൗദ്ധ, ജൈന മതങ്ങളുമായി ബന്ധപ്പെടുത്തി പറഞ്ഞിട്ടുണ്ട്. എ.ഡി. എട്ടും ഒമ്പതും നൂറ്റാണ്ടുകളിലാവാം ഇവയുടെ നിർമ്മാണം നടന്നത്. തൃക്കാക്കുടി ക്ഷേത്രങ്ങളുടെ ശിലാപ്രതിമകളിൽ പല്ലവ വാസ്തു ശൈലിയുടെ സ്വാധീനം കാണാമെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. പെരുമ്പാവൂരിന്നടുത്തുള്ള കല്ലിൽ ഗുഹാ ക്ഷേത്രത്തിൽ ജൈന തീർത്ഥങ്കരനായ പാർശ്വനാഥന്റെയും മഹാവീരന്റെയും പദ്മാവതിയുടെയും പ്രതിമകളുണ്ട്. കരുമാടി, പള്ളിക്കൽ, മാവേലിക്കര, മരുതൂർകുളങ്ങര, ഭരണിക്കാവ് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള ബുദ്ധ വിഗ്രഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ പ്രതിമാ നിർമ്മാണ ശൈലിക്ക് ഉദാഹരണങ്ങളാണ്.

കൊട്ടാരങ്ങൾ

കേരള ചരിത്ര രചനയുടെ ഉപദാന സാമഗ്രികളിൽ പരിഗണിക്കപ്പെടുന്ന പുരാവസ്തു ശേഷിപ്പുകളിൽ പ്രധാനമായവയാണ് കൊട്ടാരങ്ങൾ. കന്യാകുമാരി ജില്ലയിൽ പെട്ട പദ്മനാഭപുരം കൊട്ടാരം ധർമ്മരാജാവിന്റെ കാലം വരെ പ്രാധാന്യത്തോടെ നിലനിന്നു. തനി കേരളീയ വാസ്തു ശൈലിയിൽ നിർമ്മിച്ചതാണിത്. ഈ കൊട്ടാരത്തിന്റെ ഭാഗമായ തായ്കൊട്ടാരത്തിന്റെ ദാരു നിർമ്മിതമായ തൂണുകൾ അനന്തവൈചിത്ര്യമാർന്ന ശിൽപവേലകളാൽ മനോഹരമാണ്. മട്ടാഞ്ചേരി കൊട്ടാരത്തിനും കൃഷ്ണപുരം കൊട്ടാരത്തിനും ചരിത്രപ്രാധാന്യമുണ്ട്.

കോട്ടകൾ

യൂറോപ്യന്മാർ ഇന്ത്യയിൽ നിർമ്മിച്ച പഴയ കോട്ടകൾ കേരളത്തിൽ പലയിടങ്ങളിലും ശേഷിക്കുന്നുണ്ട്. എ.ഡി. 1503 ൽ പോർച്ചുഗീസുകാർ ഷഡ്കോണാകൃതിയിൽ വൈപ്പിനടുത്തുള്ള പള്ളിപ്പുറത്ത് നിർമ്മിച്ച കോട്ട കാലാന്തരത്തിൽ ഡച്ചുകാരുടെ കൈവശമെത്തുകയും അവസാനം തിരുവിതാംകൂർ ദീവാനായിരുന്ന രാജാ കേശവ ദാസൻ വിലക്ക് വാങ്ങുകയും ചെയ്തു.
തിരുവിതാംകൂർ പ്രദേശത്ത് ആദ്യം കോട്ട കെട്ടിയത് ഇംഗ്ലീഷുകാരാണ്. 1695 ൽ അഞ്ചു തെങ്ങിൽ ചതുരാകൃതിയിൽ ഒരു കോട്ട കെട്ടി. പോർച്ചുഗീസ് നിർമ്മിതമായ മറ്റൊരു കോട്ടയാണ് സെന്റ് ആഞ്ചലോസ് കോട്ട. 1766 ൽ ഹൈദരാലി ചെങ്കല്ലുകൊണ്ട് പാലക്കാട് ഒരു കോട്ട പണിയുകയുണ്ടായി. ബഡ്നോറിലെ നായ്ക്കന്മാർ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്ന കാലത്ത് പണിത ചില കോട്ടകളും ചരിത്ര പ്രാധാന്യമുള്ളവ തന്നെയാണ്. ബേക്കൽ, ഹോസ്ദുർഗ്. ചന്ദ്രഗിരി, കുമ്പള എന്നിവിടങ്ങളിൽ ഇവർ കോട്ട കെട്ടിയിട്ടുണ്ട്. ചേറ്റുവ തൃശൂർ ചാലിയം വടകര കോട്ടയ്ക്കൽ മുള്ളൂർക്കര കൂത്തുപറമ്പ്, കാരിക്കോട് എന്നീ സ്ഥലങ്ങളിലെല്ലാം വിദേശികൾ പണിതതും അല്ലാത്തതുമായ കോട്ടകളുണ്ടായിരുന്നു. അവയിൽ പലതും പിൽക്കാലത്ത് നാമാവശേഷമായി.

ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ:

കേരള ചരിത്ര രചനയുടെ ഉപദാന സാമഗ്രികളിൽ പരിഗണിക്കപ്പെടുന്ന മറ്റൊരു ശേഷിപ്പാണ് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ. കൊടുങ്ങല്ലൂരിലെ ചേരമാൻ പറമ്പ്, തൃക്കണാമതിലകം, കരൂപ്പടന്ന, തൊടുപുഴയിലെ കാരിക്കോട്, കോഴിക്കോട്ടെ കോട്ടപ്പറമ്പ് മാനാഞ്ചിറ, കാപ്പാട്, ഓച്ചിറ, കണ്ടിയൂർ പടനിലം എന്നിവ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. പുരാതന വാണിജ്യ വിനിമയങ്ങളുടെ പല ശേഷിപ്പുകളും ലഭിച്ചേക്കാവുന്ന വടക്കൻ കേരളത്തിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളാണ് കോഴിക്കോട്ടെ കൊയിലാണ്ടി കൊല്ലവും കണ്ണൂർ ജില്ലയിലെ മാടായിയും ശ്രീകണ്ഠപുരവും നിലാമുറ്റവും. എന്നാൽ ഇതുവരെയും ഔദ്യോ​ഗിക ചരിത്ര ​ഗവേഷകരുടെയോ ഔദ്യോ​ഗിക സംവിധാനങ്ങളുടെയോ ശ്രദ്ധ ഈ മേഖലയിലേക്ക് പതിഞ്ഞിട്ടില്ല എന്നത് നിർഭാ​ഗ്യകരമാണ്.

നാണയങ്ങൾ:

നാണയങ്ങൾ ചരിത്ര രചനയെ സഹായിക്കുന്ന ഉപദാനങ്ങളാണ്. അവ മേൽക്കോയ്മ സാമന്തപദവി സാംസ്കാരിക സ്ഥിതി കുടിയേറ്റങ്ങൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ പര്യാപ്തമാണ്. ബി.സി. 117 മുതൽ എ.ഡി. 12 വരെയുള്ള റോമൻ നാണയങ്ങൾ കേരളത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അറബി നാണയങ്ങളും കേരളത്തിൽ പലപ്പോഴായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 1962 ൽ കോതമംഗലത്ത് നിന്ന് ലഭിച്ച ഈജിപ്ത് ഖലീഫമാരുടെ നാണയം ഈ ഗണത്തിൽ സവിശേഷ പരാമർശമർഹിക്കുന്നു. സിലോൺ നാണയമായ ഈഴക്കാശും ഡച്ചുകാരുടെയും പോർച്ചുഗീസുകാരുടെയും കാലത്ത് പ്രചരിച്ചിരുന്ന ഡെക്വിനൂം ഡുക്കറും റിയറും കേരള ചരിത്ര നിർമ്മിതിക്ക് സ്രോതസ്സുകളാണ്. ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ പ്രചാരത്തിലുണ്ടായിരുന്ന ചേര നാണയങ്ങളും ലഭ്യമായിട്ടുണ്ട്. പറവൂരിൽ നിന്ന് ലഭിച്ച അമ്പ് വില്ല് എന്നിവയുടെ ചിഹ്നമുള്ള മൂന്ന് സ്വർണ്ണനാണയങ്ങളാണിത്. മധുര സുൽത്വാന്മാരുടെ തുലുക്കാശിനും ഇവിടെ പ്രചാരമുണ്ടായിരുന്നു. നിരവധി കേരള രാജാക്കന്മാർ നാണയം ഇറക്കിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. രാശി, കലിയുഗരായൻ പണം തുടങ്ങി പല പേരുകളിലും നാണയങ്ങൾ നിലവിലുണ്ടായിരുന്നു. പൊന്ന്, അഴകച്ച്, തിരമം, കാശ്, പണം തുടങ്ങിയ പേരുകളിലറിയപ്പെട്ട നാണയങ്ങളെ പറ്റി സാഹിത്യ കൃതികളിലും ശാസനങ്ങളിലും സൂചനകളുണ്ട്. വീര കേരള വർമ്മയുടെ പേരിലുള്ള 31 വെള്ളി നാണയങ്ങൾ 1944 ൽ തിരുനൽവേലി ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പണം സാമൂതിരിയുടെയും കോലത്തിരിയുടെയും നാണയമാണ്. വീരരായൻ പുതിയ പണം എന്നും സാമൂതിരിയുടെ നാണയത്തിന് പേരുണ്ടായിരുന്നു. ടിപ്പുവിന്റെ കാലത്ത് മലബാർ മേഖലയിൽ പ്രചാരത്തിലുണ്ടായിരുന്ന ചെമ്പു നാണയങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അറയ്ക്കൽ അലി രാജാക്കന്മാരും നാണയങ്ങളിറക്കിയിരുന്നു. പറങ്കി വരാഹനും ഇക്കേരി വരാഹനും ഡച്ചുകാരുടെ ചെമ്പ് നാണയങ്ങളാണ്. ആനക്കാശ്, സുൽത്വാൻ കാശ്, മാഹിപ്പണം, സൂററ്റ് രൂപ തുടങ്ങിയ വിവിധ നാണയ രൂപങ്ങൾ കേരളത്തിൽ പ്രചരിച്ചിരുന്നു.

ഉപസംഹാരം

കേരള ചരിത്ര രചനക്ക് വേണ്ട ഉപദാന സാമഗ്രികളെ പറ്റിയാണ് നാം വിശകലനം ചെയ്തത്. സത്യസന്ധമായ ചരിത്ര രചനക്ക് വളരെയേറെ സഹായിക്കുന്ന ഈ പ്രമാണ സ്രോതസ്സുകളെ വേണ്ട വിധം സൂക്ഷ്മാപഗ്രഥനം ചെയ്താൽ പുതിയ വസ്തുതകൾ നിർദ്ധാരണം ചെയ്യാനാവും. ഇവയിൽ പലതും ഇനിയും പല പഠനങ്ങൾക്കും വിഷയീഭവിക്കേണ്ടതുണ്ട്. ഇവ കൂടാതെ സമുദ്ര വാണിജ്യപ്രാധാന്യമുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു കേരളമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്ര വാണിജ്യ ചരിത്രവുമായി ബന്ധപ്പെട്ട് പുതുതായി വികസിച്ചുകൊണ്ടിരിക്കുന്ന ചരിത്രാന്വേഷണങ്ങൾ കേരള ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം നൽകുന്ന വിധം വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രാദേശിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാതെ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിൽ രചിക്കപ്പെട്ട സ്രോതസ്സുകളെ കൂടി ആശ്രയിച്ച് മൂർത്തമായ ചരിത്രം രചിക്കാൻ പല ഗവേഷകരും ഇന്ന് രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം തുറസ്സുകൾ പ്രയോജനപ്പെടുത്തി കേരള ചരിത്രം കൂടുതൽ വ്യക്തതയോടെ രചിക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല നിലവിലുള്ള പരമ്പരാഗത ഉപദാനങ്ങൾ തന്നെ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്കും അന്വേഷണങ്ങൾക്കും ദിശ നൽകുന്നുണ്ട്. പുതിയ തലമുറ അത്തരം ഗവേഷണ ദൗത്യങ്ങൾ ഏറ്റെടുക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

റഫറൻസ്:
എ. ശ്രീധരമേനോൻ: കേരള ചരിത്രം
കേരള സംസ്കാര ചരിത്രം: ശ്രീനാരായണ ​ഗുരു യൂണിവേഴ്സിറ്റി: എം.എ. മലയാളം സ്റ്റഡിമെറ്റീരിയൽ
എസ്.കെ. വസന്തൻ: നമ്മൾ നടന്ന വഴികൾ: കേരള ചരിത്രവും സംസ്കാരവും: മലയാള പഠന ​ഗവേഷണ കേന്ദ്രം: തൃശൂർ
സൈനുദ്ദീൻ മന്ദലാംകുന്ന്: ദക്ഷിണേന്ത്യയിലെ മുസ്ലിം വേരുകൾ; സൂഫികൾ സൂഫിസം: അകമിയം ബുക്സ്, തൃശൂർ
സൈനുദ്ദീൻ മന്ദലാംകുന്ന്: മാപ്പിള സമരങ്ങളും ഉലമാ നേതൃത്വവും; നന്മ ബുക്സ്, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy