കേരളത്തിലെ ഇസ്ലാമിക ആഗമനം: ചരിത്രവും വ്യാജ നിർമ്മിതികളും

സൈനുദ്ധീൻ മന്ദലാംകുന്ന്.

കേരളീയ മുസ്ലിംകളുടെ ചരിത്രവും പാരമ്പര്യവും കൊളോണിയൽ ആധുനികതയുടെയും ദേശീയാധുനികതയുടെയും പരിപ്രേക്ഷ്യങ്ങൾക്കകത്ത് നിന്നാണ് അധികവും വായിക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലേക്കുളള ഇസ്ലാമിന്റെ ആഗമനം മുതൽ കൊളോണിയൽ വിരുദ്ധമായ മാപ്പിള മുന്നേറ്റങ്ങൾ വരെയും ശേഷമുള്ള ആധുനിക സ്വാധീനത്താലുള്ള മുസ്ലിംകൾക്കിടയിലെ സാമൂഹിക മാറ്റങ്ങൾ വരെയുമുള്ള ദീർഘകാലത്തെ ചരിത്രം പ്രമാണബദ്ധമായ വസ്തുതകൾക്കും യാഥാർത്ഥ്യങ്ങൾക്കുമപ്പുറം ചില മുൻവിധികളെ സാധൂകരിക്കുന്ന വിധവും അധീശ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഉള്ളടക്കങ്ങളോടെയുമാണ് രചിക്കപ്പെട്ടിട്ടുള്ളത്. അക്കാദമിക ലോകത്ത് ആധികാരികത നേടിയ മുസ് ലിം ചരിത്ര സംബന്ധിയായ ഈ ഔദ്യോ​ഗിക ഭാഷ്യങ്ങളെ പുനർവായിക്കാൻ പ്രേരണ നൽകുന്ന ചരിത്രവസ്തുതകളാണ് ഈ പഠന പ്രബന്ധത്തിന്റെ ഉള്ളടക്കം. പുതിയ ​ഗവേഷണ സാധ്യതകളിലേക്ക് വഴി തുറക്കുന്ന നിരീക്ഷണങ്ങളാൽ സമ്പന്നമാണ് ഇതിലെ പ്രതിപാദ്യങ്ങൾ.

നുഷ്യകുലത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അഭിവൃദ്ധിയുടെയും അധഃപതനത്തിന്റെയും വസ്തുതാകഥനങ്ങളുൾക്കൊള്ളുന്ന പാഠനിർഭരമായ ഒരു വിജ്ഞാന ശാഖയാണ് ചരിത്രം. ഓരോ ജനതയെ സംബന്ധിച്ചും അത് സ്വന്തം വേരുകളുടെ ബലവും വൈപുല്യവും തിരിച്ചറിയാനുള്ള ഉപാധി കൂടിയാണ്. മാത്രമല്ല സ്വന്തം ദൗർബല്യങ്ങളെയും പരിമിതികളെയും സംബന്ധിച്ച പാഠവും അതിജീവനത്തിന്റെ ഉപാധികൾ കണ്ടെത്താനുള്ള ഉൾക്കാഴ്ചയും ചരിത്രപഠനം കൊണ്ട് സാദ്ധ്യമാകുന്നു.
കേരളീയ മുസ്ലിംകളുടെ ചരിത്രവും പാരമ്പര്യവും കൊളോണിയൽ ആധുനികതയുടെയും ദേശീയാധുനികതയുടെയും പരിപ്രേക്ഷ്യങ്ങൾക്കകത്ത് നിന്നാണ് അധികവും വായിക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലേക്കുളള ഇസ്ലാമിന്റെ ആഗമനം മുതൽ കൊളോണിയൽ വിരുദ്ധമായ മാപ്പിള മുന്നേറ്റങ്ങൾ വരെയും ശേഷമുള്ള ആധുനിക സ്വാധീനത്താലുള്ള മുസ്ലിംകൾക്കിടയിലെ സാമൂഹിക മാറ്റങ്ങൾ വരെയുമുള്ള ദീർഘകാലത്തെ ചരിത്രം പ്രമാണബദ്ധമായ വസ്തുതകൾക്കും യാഥാർത്ഥ്യങ്ങൾക്കുമപ്പുറം ചില മുൻവിധികളെ സാധൂകരിക്കുന്നതും അധീശ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതുമാണെന്ന കാര്യം ആമുഖമായി ഓർമ്മപ്പെടുത്തുന്നു.
ഇസ്ലാമിന്റെ കേരളത്തിലേക്കുള്ള ആഗമനവുമായി ബന്ധപ്പെട്ട ആധുനിക കാലത്തെ ആഖ്യാനങ്ങളും വിശകനങ്ങളും നാം പരിശോധിച്ചാൽ വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും മറികടന്ന് ചില മുൻവിധികളും താത്പര്യങ്ങളും അവയിൽ പ്രതിഫലിക്കുന്നതായി കാണാവുന്നതാണ്. ആധുനികതയുടെ ജ്ഞാനശാസ്ത്ര ഭൂമികയിലും അവബോധ പരിസരത്തും നിന്ന് സംഘകാല സാഹിത്യങ്ങളിലെ കാൽപനിക ഭാവമുള്ള ആഖ്യാനങ്ങളെ അവലംബിച്ച് കേരളത്തിന്റെ ഗതകാല ചരിത്രം ഏതാണ്ട് മൂർത്തമായി ക്രോഢീകരിക്കാൻ ശ്രമിച്ച ദേശീയാധുനികതയുടെ ആചാര്യന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഇസ്ലാമിന്റെ ആഗമനവും സ്വാധീനവും അവലോകനം ചെയ്യുന്ന സന്ദർഭങ്ങളിലാണ് ചില അവ്യക്തതകളും മുൻവിധികളും സൃഷ്ടിച്ച് ഒരു ജനതയുടെ ചരിത്രം തമസ്കരിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിൽ ഇസ്ലാം എത്തിയതായി സ്ഥിരീകരിക്കാവുന്ന പല അടിസ്ഥാന പ്രമാണങ്ങളും നിലനിൽക്കുമ്പോഴും ഒമ്പതാം നൂറ്റാണ്ട് രണ്ടാം പകുതിയുടെ തുടക്കകാലത്ത് കേരളമുൾപ്പെടെയുള്ള ഇന്ത്യൻ തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ചൈനയിലെത്തി അറേബ്യയിലേക്ക് തിരിച്ചുപോയ സുലൈമാൻ താജിർ തന്റെ സഞ്ചാരാനുഭവങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥത്തിൽ നടത്തിയ ഒരു പ്രസ്താവനയാണ് ഒരു ജനതയുടെ ഇരുനൂറ് വർഷത്തെ ചരിത്രം തമസ്ക്കരിക്കാൻ എക്കാലത്തും ഉദ്ധരിച്ചുപോരുന്നത്. കൊടുങ്ങല്ലൂർ രാജാവായിരുന്ന ഒരു ചേരമാൻ പെരുമാളുടെ മക്കാ യാത്രയുൾപ്പെടെയുള്ള പൊതു സ്വീകാര്യമായ ചരിത്ര വസ്തുതകളെയെല്ലാം നിഷേധിക്കാനും തെറ്റായി ഉദ്ധരിക്കപ്പെടുന്ന ഈ പ്രസ്താവം തന്നെയാണ് ഇക്കാലമത്രയും പ്രമാണമാക്കിയത് എന്ന് കാണാം. എന്നാൽ ഈ പ്രമാണത്തിന്റെ ശരിയായ വിശകലനവും തെറ്റായി ഉദ്ധരിക്കപ്പെടുന്ന സുലൈമാൻ താജിറിന്റെ “അറബി സംസാരിക്കുന്നവരോ മുസ്ലിംകളോ ആയ ആരെയും ഞാനവിടെ(ഇന്ത്യയിലും ചൈനയിലും)കണ്ടില്ല” എന്ന പ്രസ്താവനയുടെ സന്ദർഭവും ദീർഘകാലത്തെ പഠന മനനങ്ങൾക്ക് ശേഷം 2012-2013 കാലത്ത് ഈയുള്ളവൻ തയ്യാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിലൂടെ പുറത്തുകൊണ്ടുവരികയും പച്ചക്കുതിര ഉൾപ്പെടെയുള്ള പൊതുപ്രസിദ്ധീകരണങ്ങളിലും ചില അക്കാദമിക കോൺഫ്രൻസുകളിലും അത് അവതരിപ്പിക്കപ്പെടുകയും ചെയ്തു. സ്വഭാവികമായും ഇത് ശ്രദ്ധിച്ചവർ വഴിയായി ഈ പ്രബന്ധത്തിലെ നിരീക്ഷണങ്ങൾ അടിസ്ഥാനമാക്കി പല ഗവേഷണങ്ങളും പിന്നീട് നടന്നുവെങ്കിലും പൊതുവായി സുലൈമാൻ താജിറിന്റെ ഈ പ്രസ്താവം ഇന്നും നമ്മുടെ പൊതുചരിത്രബോധത്തിന്റെ ഭാഗമായി നിലനിൽക്കുന്നുവെന്നതാണ് വസ്തുത. ആയതിനാൽ കേരളത്തിലേക്കുള്ള ഇസ്ലാമികാഗമനത്തിന്റെ ചരിത്രം ശരിയായി അവലോകനം ചെയ്യുന്നതിന് സഹായകമായ ചില പശ്ചാത്തല പ്രമാണങ്ങളെയും നേരിട്ടുള്ള ചില ഉപാദാനങ്ങളെയും വിശകലന വിധേയമാക്കി സുലൈമാൻ താജിറിന്റേതുൾപ്പെടെയുള്ള പരാമർശങ്ങൾ മുൻനിറുത്തി ഏഴാം നൂറ്റാണ്ടോടെ തന്നെ കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ തീരങ്ങളിൽ ഇസ്ലാമിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ടെന്ന വസ്തുത പ്രമാണബദ്ധമായി നമുക്ക് സ്ഥിരീകരിക്കാനാവും.

കേരളത്തിലേക്കുള്ള ഇസ്ലാമികാഗമനം: മുൻവിധികളും തെറ്റിദ്ധാരണകളും

കേരളത്തിലേക്കുള്ള ഇസ്ലാമികാഗമനത്തിന്റെ ചരിത്രം നിർദ്ധാരണം ചെയ്യാനാവശ്യമായ ലിഖിതങ്ങളും രേഖകളും മറ്റ് പശ്ചാത്തല തെളിവുകളും താരതമ്യേന കൂടുതൽ ലഭ്യമാണെങ്കിലും അവയൊന്നും പരിഗണിക്കാതെയാണ് അടിസ്ഥാനങ്ങളില്ലാത്ത ചില ക്രിത്രിമ പ്രമാണങ്ങൾ മുൻനിറുത്തി ഇസ് ലാമികാഗമനത്തിന്റെ യഥാർത്ഥ ചരിത്രം തമസ്കരിച്ചുകൊണ്ടിരുന്നത്. മുൻവിധികളോടെയുള്ള ഈ ആഖ്യാനങ്ങളെയെല്ലാം അവലോകനം ചെയ്ത് പ്രമാണബദ്ധമായി യഥാർത്ഥ വസ്തുതകൾ അനാവരണം ചെയ്യലാണ് ഔചിത്യപൂർണ്ണമായത് എങ്കിലും ദൈർഘ്യം ഭയന്ന് ഈ ആഖ്യാനങ്ങളിലടങ്ങിയ പൊതുവാദങ്ങളെ സംഗ്രഹിച്ച് അവലോകനം ചെയ്ത ശേഷം ചില വസ്തുതകൾ നമുക്കിവിടെ വിശകലന വിധേയമാക്കാം.

കേരള മുസ്ലിംകളുടെ ആവിർഭാവ ചരിത്രം അവലോകനം ചെയ്യുമ്പോൾ പഴയ തലമുറയിൽ പെട്ട സാമ്പ്രാദായിക ചരിത്രകാരന്മാർ പങ്ക് വെക്കുന്ന പൊതുവായ നിലപാട് അത് എ.ഡി. ഒമ്പതാം നൂറ്റാണ്ട് അവസാന പകുതിക്ക് ശേഷമാവാനാണ് സാദ്ധ്യത എന്നാണ്. ഇളംകുളം കുഞ്ഞൻപിള്ള, ശൂരനാട് കുഞ്ഞൻപിള്ള, എ. ശ്രീധരമേനോൻ, ഡോ: എം.ജി.എസ്. നാരായണൻ തുടങ്ങിയവരെല്ലാം ഇസ്ലാമികാഗമനത്തിന്റെ കാലം ഒമ്പതാം നൂറ്റാണ്ട് അവസാനത്തോടെയാവാം എന്നതിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. ഇതിന്റെ ചുവട് പിടിച്ച് തന്നെയാണ് ആധുനികാവബോധത്തോടെ ചരിത്രം രചിച്ച ഒട്ടെല്ലാ പിൽക്കാലക്കാരും തങ്ങളുടെ നിരീക്ഷണങ്ങൾ വികസിപ്പിച്ചിട്ടുള്ളത്. ഇതിനുമുമ്പ് കേരളത്തിൽ ഇസ്ലാം എത്തിയതായി സ്ഥിരീകരിക്കാവുന്ന പല അടിസ്ഥാന പ്രമാണങ്ങളും നിലനിൽക്കുമ്പോഴും ഒമ്പതാം നൂറ്റാണ്ട് രണ്ടാം പകുതിയുടെ തുടക്കകാലത്ത് കേരളമുൾപ്പെടെയുള്ള ഇന്ത്യൻ തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ചൈനയിലെത്തി അറേബ്യയിലേക്ക് തിരിച്ചുപോയ സുലൈമാൻ താജിർ തന്റെ സഞ്ചാരാനുഭവങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥത്തിൽ നടത്തിയ ഒരു പ്രസ്താവനയാണ് ഒരു ജനതയുടെ ഇരുനൂറ് വർഷത്തെ ചരിത്രം തമസ്ക്കരിക്കാൻ എക്കാലത്തും ഉദ്ധരിച്ചുപോരുന്നത്. കൊടുങ്ങല്ലൂർ രാജാവായിരുന്ന ഒരു ചേരമാൻ പെരുമാളുടെ മക്കാ യാത്രയുൾപ്പെടെയുള്ള പൊതു സ്വീകാര്യമായ ചരിത്ര വസ്തുതകളെയെല്ലാം നിഷേധിക്കാനും തെറ്റായി ഉദ്ധരിക്കപ്പെടുന്ന ഈ പ്രസ്താവം തന്നെയാണ് ഇക്കാലമത്രയും പ്രമാണമാക്കിയത് എന്ന് കാണാം. എന്നാൽ ഈ പ്രമാണത്തിന്റെ ശരിയായ വിശകലനവും തെറ്റായി ഉദ്ധരിക്കപ്പെടുന്ന സുലൈമാൻ താജിറിന്റെ “അറബി സംസാരിക്കുന്നവരോ മുസ്ലിംകളോ ആയ ആരെയും ഞാനവിടെ(ഇന്ത്യയിലും ചൈനയിലും)കണ്ടില്ല” എന്ന പ്രസ്താവനയുടെ സന്ദർഭവും ദീർഘകാലത്തെ പഠന മനനങ്ങൾക്ക് ശേഷം 2012-2013 കാലത്ത് ഈയുള്ളവൻ തയ്യാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിലൂടെ പുറത്തുകൊണ്ടുവരികയും പച്ചക്കുതിര ഉൾപ്പെടെയുള്ള പൊതുപ്രസിദ്ധീകരണങ്ങളിലും ചില അക്കാദമിക കോൺഫ്രൻസുകളിലും അത് അവതരിപ്പിക്കപ്പെടുകയും ചെയ്തു. സ്വഭാവികമായും ഇത് ശ്രദ്ധിച്ചവർ വഴിയായി ഈ പ്രബന്ധത്തിലെ നിരീക്ഷണങ്ങൾ അടിസ്ഥാനമാക്കി പല ഗവേഷണങ്ങളും പിന്നീട് നടന്നുവെങ്കിലും പൊതുവായി സുലൈമാൻ താജിറിന്റെ ഈ പ്രസ്താവം ഇന്നും നമ്മുടെ പൊതുചരിത്രബോധത്തിന്റെ ഭാഗമായി നിലനിൽക്കുന്നുവെന്നതാണ് വസ്തുത. ആയതിനാൽ കേരളത്തിലേക്കുള്ള ഇസ്ലാമികാഗമനത്തിന്റെ ചരിത്രം ശരിയായി അവലോകനം ചെയ്യുന്നതിന് സഹായകമായ ചില പശ്ചാത്തല പ്രമാണങ്ങളെയും നേരിട്ടുള്ള ചില ഉപാദാനങ്ങളെയും വിശകലന വിധേയമാക്കി സുലൈമാൻ താജിറിന്റേതുൾപ്പെടെയുള്ള പരാമർശങ്ങൾ മുൻനിറുത്തി ഏഴാം നൂറ്റാണ്ടോടെ തന്നെ കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ തീരങ്ങളിൽ ഇസ്ലാമിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ടെന്ന വസ്തുത പ്രമാണബദ്ധമായി നമുക്ക് സ്ഥിരീകരിക്കാനാവും.

കേരള തീരങ്ങളുമായുള്ള പുരാതന റോമാ ബന്ധങ്ങൾ:

അറബികടലുമായി അതിരിടുന്ന കേരള തീരങ്ങൾക്ക് ചിരപുരാതന കാലം മുതൽ തന്നെ ലോക നാഗരികതയുമായി വ്യാപാര വിനിമയ ബന്ധങ്ങൾ നിലവിലുണ്ടായിരുന്നുവെന്ന് നിരവധി പ്രമാണങ്ങൾ സാക്ഷ്യം നിൽക്കുന്നുണ്ട്. ഇന്ത്യയോട് താരതമ്യേന സമീപസ്ഥമായ സംസ്കാര നാഗരിക കേന്ദ്രങ്ങളുമായി മാത്രമല്ല പുരാതന റോമൻ നാഗരികതയുമായും കേരള തീരങ്ങൾക്ക് ബന്ധമുണ്ടായിരുന്നു.
വളരെ സുവ്യക്തതയോടെ തന്നെ ക്രിസ്തുവർഷാരംഭ കാലം മുതലുള്ള വിദേശ സമൂഹങ്ങളുമായുള്ള വാണിജ്യവിനിമയ ബന്ധങ്ങളുടെ ചരിത്രം അനാവരണം ചെയ്യാവുന്ന പല ഉപാദാനങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്. ഹിപ്പാലസ്, പ്ലീനി, തുടങ്ങിയവരുടെ രചനകളിലും സമാന കാലത്ത് രചിക്കപ്പെട്ട അജ്ഞാത കർതൃകമായ പെരിപ്ലസ് പോലുള്ള ഗ്രന്ഥങ്ങളിലും സ്ട്രോബോ, ടോളമി പോലുള്ളവരുടെ ഗ്രന്ഥങ്ങളിലും എ.ഡി. ഒന്നാം നൂറ്റാണ്ടിലെയും രണ്ടാം നൂറ്റാണ്ടിലെയും കേരളത്തിലെ വാണിജ്യകേന്ദ്രങ്ങളെയും വ്യവസായ സാദ്ധ്യതകളെയും ഭൂമി ശാസ്ത്രപരമായ കിടപ്പിനെയും സംബന്ധിച്ച് ധാരാളം പരാമർശങ്ങളുണ്ട്. മാത്രമല്ല ഏതാണ്ട് സമാന കാലത്ത് രചിക്കപ്പെട്ട സംഘകാല സാഹിത്യങ്ങളിലും റോമാ സാമ്രാജ്യവുമായുള്ള ഈ വാണിജ്യവിനിമയ ബന്ധങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അഗസ്റ്റസ് സീസറുടെ കാലം മുതൽ നീറോ ചക്രവർത്തിയുടെ കാലം വരെയുള്ള പുരാതന റോമൻ നാണയങ്ങൾ കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചകാര്യം പ്രമുഖ ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണ്. 1851 ൽ കണ്ണൂരിൽ നിന്ന് പഴയ റോമൻ നാണയങ്ങളുടെ വൻ ശേഖരം ലഭിക്കുകയും പിന്നീട് തൃശൂർ ജില്ലയിലെ ഇയ്യാലിൽ നിന്നും ബി.സി. 147 മുതൽ എ.ഡി. 123 വരെയുള്ള കാലങ്ങളിൽ ഉപയോഗത്തിലിരുന്ന റോമൻ നാണയങ്ങളുടെ വൻ ശേഖരം ലഭിക്കുകയും ചെയ്തു. ആദ്യകാലത്ത് തീരങ്ങൾ വഴി ദീർഘദൂര യാത്ര ചെയ്താണ് റോമക്കാർ ഇന്ത്യൻ തീരങ്ങളിലെത്തിയിരുന്നത്. എന്നാൽ ഹിപ്പാലസ് എന്ന നാവികൻ പ്രത്യേകമായ ഒരു കാലത്ത് അറബികടലിൽ രൂപപ്പെടുന്ന കിഴക്കൻ കാറ്റ് ശ്രദ്ധിക്കുകയും ആ കാറ്റിന്റെ ചുവടുപിടിച്ച് സമുദ്രം മുറിച്ചുകടന്ന് ഇന്ത്യയിലെത്താനുള്ള മാർഗം കണ്ടുപിടിക്കുകയും ചെയ്തു.

അറബികളുമായുള്ള വാണിജ്യബന്ധങ്ങൾ

വാസ്തവത്തിൽ വളരെ പുരാതന കാലം മുതൽ തന്നെ അറബികൾ കാറ്റിന്റെ ഗതിക്കനുസരിച്ച് പ്രത്യേക കാലയളവിൽ കേരളത്തിലെത്തിയിരുന്നുവെങ്കിലും റോമാ സാമ്രാജ്യത്തിന്റെ ആധിപത്യകാലത്ത് സമുദ്ര വ്യാപാരത്തിന്റെ ആഗോള നിയന്ത്രണം അവർക്കായിരുന്നു. എന്നാൽ ആറാം നൂറ്റാണ്ടോടെ റോമാ സാമ്രാജ്യം ക്ഷയോന്മുഖമാവുകയും സമുദ്രവ്യാപാരത്തിന്റെ നിയന്ത്രണം അറബികൾക്കാവുകയും ചെയ്തു.
ഏതാണ്ട് തിരുനബി(സ്വ) തങ്ങളുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് തന്നെ അറബികൾ യമൻ തീരങ്ങളിൽ നിന്ന് വാണിജ്യവിഭവങ്ങൾ ശേഖരിച്ച് സിറിയയിൽ കൊണ്ടുപോയി കച്ചവടം ചെയ്യുമായിരുന്നു. യമൻ തീരങ്ങളിലേക്ക് ഈ വാണിജ്യവിഭവങ്ങൾ എത്തിയിരുന്നത് ഇന്ത്യൻ തീരങ്ങളിൽ നിന്നായിരുന്നു. ഏതാണ്ട് ആറാം നൂറ്റാണ്ടോടെ സമുദ്ര വ്യാപാര രംഗത്തുള്ള അറബികളുടെ നേതൃത്വവും കുത്തകയും കൂടുതൽ സജീവമാവുകയും കാലവർഷക്കാറ്റിന്റെ അനുകൂല കാലയളവിൽ അവർ പായക്കപ്പലുകളിലും പത്തേമാരികളിലുമായി ഇന്ത്യൻ തീരങ്ങളിലെത്തുകയും ചെയ്തു.

വാണിജ്യ കേന്ദ്രങ്ങളിലെ അറബികളുടെ അധിവാസ കേന്ദ്രങ്ങൾ

അറബി വ്യാപാരികൾക്കാവശ്യമായ വാണിജ്യ വിഭവങ്ങൾ വേഗത്തിൽ തന്നെ ശേഖരിക്കാൻ സാധിക്കുന്ന വിധമുള്ള സംഭരണ സംവിധാനങ്ങൾ അക്കാലത്ത് കേരള തീരങ്ങളിലുണ്ടായിരുന്നില്ല. പാണ്ടിക ശാലകളോ മറ്റ് സംഭരണ സംവിധാനങ്ങളോ നിലവിലില്ലാത്തതിനാൽ പുഴ മാർഗം ഉൾനാടുകളിലെത്തി അവയെല്ലാം ശേഖരിക്കാൻ സമയമെടുക്കുമായിരുന്നു. അതിനാൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ പുറപ്പെട്ട് ഏതാണ്ട് നാൽപതോളം ദിവസം പിന്നിട്ട് കേരള തീരങ്ങളിലെത്തുന്ന അറബി വ്യാപാരികൾ ഡിസംബർ, ജനുവരി മാസങ്ങളിൽ തിരിച്ചു പോകുന്നതിനുമുമ്പ് ആവശ്യമായ വിഭവങ്ങൾ ശേഖരിക്കാൻ കേരളത്തിൽ വസിക്കണമായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരം പുരാതന വാണിജ്യ കേന്ദ്രങ്ങളിൽ അറബികളുടെ അധിവാസ കേന്ദ്രങ്ങൾ ഉണ്ടായി വന്നത്. സ്വാഭാവികമായും മാസങ്ങൾ ഇവിടെ തങ്ങേണ്ടി വരുന്ന അറബി കച്ചവടക്കാർ അക്കാലം മുതൽ തന്നെ ഇവിടുത്തെ തദ്ദേശീയ ജനതയുമായി സമ്പർക്കങ്ങളിലാവുകയും ഇവിടെയുള്ള സ്ത്രീകളെ വിവാഹം കഴിച്ച് ഒരു സങ്കര സംസ്കാരം രൂപപ്പെടുകയും ചെയ്തു. ഇത്തരം അധിവാസ കേന്ദ്രങ്ങൾ റോമക്കാരുടെ വാണിജ്യാധിപത്യം നിലനിന്ന കാലത്തും ഇസ്ലാമിന്റെ ആവിർഭാവത്തിന്റെ തൊട്ടുമുമ്പുള്ള കാലത്തും ഇസ്ലാമികാവിർഭാവത്തിന് ശേഷവും നിലവിലുണ്ടായിരുന്നു എന്ന കാര്യം ചരിത്ര പ്രമാണങ്ങൾ വഴി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇങ്ങനെ അറബികളുമായുള്ള കേരളത്തിന്റെ ഈ വാണിജ്യവിനിമയ ബന്ധങ്ങൾ അക്കാലത്ത് വളരെ സജീവമായി തന്നെ നിലനിന്നിരുന്നുവെന്ന് ഈ വസ്തുതകളൊക്കെയും തെളിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ ആവിർഭാവത്തോടെ അറേബ്യയിലുണ്ടായ സാമൂഹിക മതകീയ മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ അക്കാലത്ത് കേരളത്തിലും കണ്ടെത്താനാവുക എന്നത് സ്വാഭാവികമാണ്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് പ്രസിദ്ധ ചരിത്രകാരൻ പി.കെ. ഗോപാല കൃഷ്ണൻ ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത്:
“ആറാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിന്റെ സമുദ്രാധിപത്യം അവസാനിച്ചപ്പോൾ അറബികളാണ് പൗരസ്ത്യരാജ്യങ്ങളുമായുള്ള കപ്പൽ വ്യാപാരത്തിന്റെ മേഖലയിലേക്ക് പ്രവേശിച്ചത്. സംസ്കാരങ്ങളുടെ വ്യാപനം പ്രധാനമായും വ്യാപാരത്തിൽ കൂടിയാണ് നടക്കാറുള്ളത്. ആ നിലക്ക് ഏഴാം നൂറ്റാണ്ടിന്റെ പ്രഥമ പാദത്തിൽ അറേബ്യയിൽ ഉദയം ചെയ്ത മഹത്തായ ഒരു സംസ്കാരത്തിന്റെ പ്രകാശം അറബി കച്ചവടക്കാർ വഴി കേരളത്തിൽ എത്തിയെന്ന് കരുതുന്നതിൽ അസംഗതമായി ഒന്നും തന്നെയില്ല,” (കേരളത്തിന്റെ സാംസ്കാരിക ചരിത്രം: പേജ്: 293-294)

തിരുനബി(സ്വ) തങ്ങളുടെ ജീവിത കാലത്തും പിൽക്കാലത്തുമെല്ലാം അറേബ്യൻ സമൂഹവുമായി വളരെ സജീവമായ വാണിജ്യ വിനിമയ ബന്ധങ്ങൾ നിലവിലുണ്ടായിരുന്നുവെന്ന കാര്യം പ്രമാണികരായ പല ചരിത്രകാരന്മാരും ഹിജ്റ മൂന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട പല പ്രമാണങ്ങളും ഉദ്ധരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്തോ അറബ് വാണിജ്യവിനിമയ ബന്ധങ്ങളെ പറ്റി ഗവേഷണം ചെയ്ത സയ്യിദ് സുലൈമാൻ നദ് വി തന്റെ ഗവേഷണ ഗ്രന്ഥത്തിൽ ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അബൂ ഹനീഫ ദൈനൂരിയുടെ അൽ അഖ്ബാറുത്തിവാൽ, യാഖൂത്തുൽ ഹമവിയുടെ മുഅ്ജമുൽ ബുൽദാൻ തുടങ്ങിയ ഗ്രന്ഥങ്ങളവലംബിച്ച് രേഖപ്പെടുത്തുന്നു:
“അറബികൾ ഹിജ്റ 14 ൽ(ക്രി: 635) ഇറാഖ് ജയിച്ചടക്കുന്നതിനുമുമ്പ് ഇറാനികളുടെ പ്രതാപ കാലത്ത് ഇന്ത്യക്കാർക്ക് പേർഷ്യൻ ഉൾക്കടലിലെ ഏറ്റവും പ്രശസ്തമായ തുറമുഖം ഉബ്ലയായിരുന്നു. ബസ്വറയുടെ സമീപത്താണ് ഇത് നിലകൊള്ളുന്നത്. ഉബ്ല വഴി ഇന്ത്യയുമായുണ്ടായിരുന്ന ഗതാഗതത്തിന്റെ പെരുപ്പം കാരണം അതിനെ ഇന്ത്യയുടെ ഒരു ഭാഗം പോലെയാണ് അറബികൾ പരിഗണിച്ചിരുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വരുന്ന കപ്പലുകൾ ഇവിടെയാണ് നങ്കൂരമിട്ടിരുന്നതും യാത്ര തിരിച്ചിരുന്നതും.”(ഇന്തോ അറബ് ബന്ധങ്ങൾ: സയ്യിദ് സുലൈമാൻ നദ് വി: പേജ്: 62)
ഇറാഖിന്റെ തീരങ്ങളുമായി മാത്രമല്ല അക്കാലത്ത് യമൻ തീരങ്ങളുമായും ഈ വാണിജ്യവിനിമയ ബന്ധങ്ങൾ നിലവിലുണ്ടായിരുന്നുവെന്ന കാര്യം പ്രമുഖരായ പല ആധികാരിക പണ്ഡിതന്മാരും ഹിജ്റ ആദ്യനൂറ്റാണ്ടുകളിലെഴുതപ്പെട്ട ആധികാരിക ഗ്രന്ഥങ്ങൾ അവലംബിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാചീന മലബാറിനെ കുറിച്ച് ഗവേഷണം ചെയ്ത ശംസുല്ലാഹ് ഖാദിരി രേഖപ്പെടുത്തുന്നത് നോക്കുക:
“യമനിലെയും ഹള്റമൗത്തിലെയും തീരങ്ങളിലെ ജനങ്ങൾ ഹിജ്റ 9 ലും 10 ലുമായി ഇസ്ലാം മതം സ്വീകരിച്ചു. അവരെല്ലാം വ്യാപാര വർഗത്തിൽ പെട്ടവരായിരുന്നു. അക്കാലത്ത് അവരുടെ കടൽ കച്ചവടം വളരെയധികം അഭിവൃദ്ധി പ്രാപിച്ചിരുന്നു. അവരുടെ കപ്പലുകൾ പേർഷ്യ ഈജിപ്ത്, സിന്ധ്, കൊങ്കണം, മലബാർ, മഅ്ബർ, സിലോൺ, കാഖില, സാബിജ്, ചൈന മാചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു. അവർ വ്യാപാരാർത്ഥം ഏതെല്ലാം സ്ഥലങ്ങളിൽ പോയിരുന്നോ അവിടെയെല്ലാം ഇസ്ലാം മതത്തിന്റെ സന്ദേശം എത്തിച്ചു. അങ്ങനെ ആദ്യത്തെ നൂറ്റാണ്ടിൽ തന്നെ ഇസ്ലാമിന്റെ ശബ്ദം ഇന്ത്യ കടന്ന് സിലോൺ വരെ എത്തി.”(പ്രാചീന മലബാർ: ശംസുല്ലാഹ് ഖാദിരി)

ഇന്തോ അറബ് വാണിജ്യബന്ധങ്ങളെ സംബന്ധിച്ച ആദ്യകാല രേഖകൾ:

തിരുനബി(സ്വ) തങ്ങളുടെ ജീവിത കാലത്തും പിൽക്കാലത്തുമെല്ലാം അറേബ്യൻ സമൂഹവുമായി വളരെ സജീവമായ വാണിജ്യ വിനിമയ ബന്ധങ്ങൾ നിലവിലുണ്ടായിരുന്നുവെന്ന കാര്യം പ്രമാണികരായ പല ചരിത്രകാരന്മാരും ഹിജ്റ മൂന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട പല പ്രമാണങ്ങളും ഉദ്ധരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്തോ അറബ് വാണിജ്യവിനിമയ ബന്ധങ്ങളെ പറ്റി ഗവേഷണം ചെയ്ത സയ്യിദ് സുലൈമാൻ നദ് വി തന്റെ ഗവേഷണ ഗ്രന്ഥത്തിൽ ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അബൂ ഹനീഫ ദൈനൂരിയുടെ അൽ അഖ്ബാറുത്തിവാൽ, യാഖൂത്തുൽ ഹമവിയുടെ മുഅ്ജമുൽ ബുൽദാൻ തുടങ്ങിയ ഗ്രന്ഥങ്ങളവലംബിച്ച് രേഖപ്പെടുത്തുന്നു:
“അറബികൾ ഹിജ്റ 14 ൽ(ക്രി: 635) ഇറാഖ് ജയിച്ചടക്കുന്നതിനുമുമ്പ് ഇറാനികളുടെ പ്രതാപ കാലത്ത് ഇന്ത്യക്കാർക്ക് പേർഷ്യൻ ഉൾക്കടലിലെ ഏറ്റവും പ്രശസ്തമായ തുറമുഖം ഉബ്ലയായിരുന്നു. ബസ്വറയുടെ സമീപത്താണ് ഇത് നിലകൊള്ളുന്നത്. ഉബ്ല വഴി ഇന്ത്യയുമായുണ്ടായിരുന്ന ഗതാഗതത്തിന്റെ പെരുപ്പം കാരണം അതിനെ ഇന്ത്യയുടെ ഒരു ഭാഗം പോലെയാണ് അറബികൾ പരിഗണിച്ചിരുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വരുന്ന കപ്പലുകൾ ഇവിടെയാണ് നങ്കൂരമിട്ടിരുന്നതും യാത്ര തിരിച്ചിരുന്നതും.”(ഇന്തോ അറബ് ബന്ധങ്ങൾ: സയ്യിദ് സുലൈമാൻ നദ് വി: പേജ്: 62)
ഇറാഖിന്റെ തീരങ്ങളുമായി മാത്രമല്ല അക്കാലത്ത് യമൻ തീരങ്ങളുമായും ഈ വാണിജ്യവിനിമയ ബന്ധങ്ങൾ നിലവിലുണ്ടായിരുന്നുവെന്ന കാര്യം പ്രമുഖരായ പല ആധികാരിക പണ്ഡിതന്മാരും ഹിജ്റ ആദ്യനൂറ്റാണ്ടുകളിലെഴുതപ്പെട്ട ആധികാരിക ഗ്രന്ഥങ്ങൾ അവലംബിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാചീന മലബാറിനെ കുറിച്ച് ഗവേഷണം ചെയ്ത ശംസുല്ലാഹ് ഖാദിരി രേഖപ്പെടുത്തുന്നത് നോക്കുക:
“യമനിലെയും ഹള്റമൗത്തിലെയും തീരങ്ങളിലെ ജനങ്ങൾ ഹിജ്റ 9 ലും 10 ലുമായി ഇസ്ലാം മതം സ്വീകരിച്ചു. അവരെല്ലാം വ്യാപാര വർഗത്തിൽ പെട്ടവരായിരുന്നു. അക്കാലത്ത് അവരുടെ കടൽ കച്ചവടം വളരെയധികം അഭിവൃദ്ധി പ്രാപിച്ചിരുന്നു. അവരുടെ കപ്പലുകൾ പേർഷ്യ ഈജിപ്ത്, സിന്ധ്, കൊങ്കണം, മലബാർ, മഅ്ബർ, സിലോൺ, കാഖില, സാബിജ്, ചൈന മാചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു. അവർ വ്യാപാരാർത്ഥം ഏതെല്ലാം സ്ഥലങ്ങളിൽ പോയിരുന്നോ അവിടെയെല്ലാം ഇസ്ലാം മതത്തിന്റെ സന്ദേശം എത്തിച്ചു. അങ്ങനെ ആദ്യത്തെ നൂറ്റാണ്ടിൽ തന്നെ ഇസ്ലാമിന്റെ ശബ്ദം ഇന്ത്യ കടന്ന് സിലോൺ വരെ എത്തി.”(പ്രാചീന മലബാർ: ശംസുല്ലാഹ് ഖാദിരി)

സ്വഹാബികളുടെ സാന്നിദ്ധ്യം പുരാതന ചൈനീസ് രേഖയിൽ

സിലോൺ വരെ മാത്രമല്ല ചൈനയിൽ വരെ തിരുനബി(സ്വ)തങ്ങൾ ജീവിച്ചിരുന്ന കാലത്ത് തന്നെ ഇസ്ലാം എത്തിയിരുന്നുവെന്ന് പ്രാമാണിക രേഖകൾ അവലംബിച്ച് കേസരി എ. ബാലകൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. താഴെ ഉദ്ധരണി നോക്കുക:
“മിങ്ങ് ചക്രവർത്തിമാരുടെ കാലത്ത് രചിച്ച മിൻഷു എന്ന ചൈനീസ് ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നതായി കേസരി ബാലകൃഷ്ണപിള്ള ഉദ്ധരിക്കുന്നു:
“അദ്ദേഹത്തിന്റെ(മുഹമ്മദ് നബി(സ്വ)തങ്ങളുടെ) ശിഷ്യന്മാരായ നാല് പണ്ഡിതന്മാർ നമ്മുടെ രാജ്യത്തിൽ ടാങ് രാജവംശത്തിന്റെ വൂ-ടെ എന്ന കാലഘട്ടത്തിൽ വരികയും ചീനയിൽ അവരുടെ മതത്തിന്റെ സ്ഥാപകരാവുകയും ചെയ്തു. ഇവരിൽ ഒരാൾ കാന്റണിലെയും മറ്റൊരാൾ യങ്ചോവിലെയും ശേഷിച്ച രണ്ടുപേർ ചുവാൻചോവിലെയും ജനങ്ങളുടെ ഇടയിൽ തങ്ങളുടെ മതം പ്രചരിപ്പിച്ചു. ചുവാൻ ചോവിലെ കുന്നിലാണ് ഇവരെ അടക്കം ചെയ്തിട്ടുള്ളത്.”(കേസരി ബാലകൃഷ്ണപിള്ള: 1938 ഒക്ടോബർ 2 മാതൃഭൂമി ആഴ്ചപ്പതിപ്പ്)

ആദ്യകാല മുസ്ലിം അധിവാസ കേന്ദ്രങ്ങൾ: കൂടൂതൽ സ്ഥിരീകരണങ്ങൾ

റൗളണ്ട്സനെ ഉദ്ധരിച്ച് താരാചന്ദ് പറയുന്നത് ആദ്യ മുസ്ലിം സെറ്റിൽമെന്റ് കേരളത്തിലുണ്ടായത് ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെയാണെന്നാണ്. മാത്രമല്ല ഏഴാം നൂറ്റാണ്ട് അവസാനത്തിൽ അറബ് പേർഷ്യൻ വ്യാപാരികൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലെ വ്യത്യസ്ത തുറമുഖ നഗരങ്ങളിൽ വന്ന് അധിവാസമുറപ്പിച്ചിരുന്നുവെന്നും തദ്ദേശീയരുമായി വിവാഹ ബന്ധത്തിലേർപ്പെട്ടിരുന്നുവെന്നും വാണിജ്യകേന്ദ്രമായിരുന്ന മലബാറിൽ വിശേഷിച്ചും ഇത്തരം അധിവാസ കേന്ദ്രങ്ങൾ നിരവധി ഉണ്ടായിരുന്നുവെന്നുമുള്ള ഫ്രാൻസിസ് ഡേയുടെ പ്രസ്താവന ഉദ്ധരിച്ച് താരാചന്ദ് ഇത് സ്ഥിരീകരിക്കുന്നു. (Influence Of Islam on indian culture:Tharachand:P:32)
ഇത്തരം പ്രമാണങ്ങളെയെല്ലാം സാധൂകരികരിക്കുന്ന വിധം അക്കാലത്തെ ഇസ്ലാമിക സാന്നിദ്ധ്യത്തിന്റെ പല അടയാളങ്ങളും ദക്ഷിണേന്ത്യയിലെ വാണിജ്യവിനിമയ കേന്ദ്രങ്ങളിൽ ശേഷിക്കുന്നുണ്ട്. കായൽപട്ടണത്തിന്റെ ചരിത്രം രചിച്ച ആർ. എസ്. അബ്ദുൽ ലത്വീഫ് ഹിജ്റ 12 ൽ തന്നെ ചില സ്വഹാബികൾ കായൽ പട്ടണത്ത് എത്തിയതായതായും അവിടെയുള്ള കടൽകരൈ മസ്ജിദ് സ്ഥാപിച്ചതായും തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്. (The concise History Of Kayalpatnam: Page: 22,60)
മാത്രമല്ല ഹിജ്റ ആദ്യ നൂറ്റാണ്ടിൽ തന്നെ ഇസ്ലാം തമിഴ്നാട്ടിലെത്തിയിരുന്നുവെന്ന് തെളിയിക്കുന്ന ശിലാലിഖിതം തമിഴ്നാട്ടിലെ കീളക്കരയിൽ നിന്ന് കണ്ടെത്തിയതായി അബൂ ഉമർ എന്ന പേരിൽ അറിയപ്പെട്ട എം.കെ.ഇ. മൗലാനാ തമിഴ്നാട്ടിലെ ആദ്യകാല മുസ്ലിം സാന്നിദ്ധ്യത്തെ പറ്റി എഴുതിയ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതായി Arabic, Arwi And Persian in Saradib And Tamil Nadu എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു: (14)
അറബികളുടെ സിന്ധ് ആക്രമണത്തിന്റെ കാരണം വിഖ്യാതമാണ്. ബസ്റയിലെ അന്നത്തെ ഗവർണറായിരുന്ന ഹജ്ജാജിന് സിലോണിലെ രാജാവ് സിലോണിൽ മരണപ്പെട്ട അറബി വ്യാപാരികളുടെ വിധവകളെയും കുട്ടികളെയും അവരുടെ വസ്തുവകകളെയും ഉൾപ്പെടുത്തി ഒരു കപ്പൽ നിറയെ വിലപ്പെട്ട സമ്മാനങ്ങളുമായി അയച്ചിരുന്നു. ഈ കപ്പൽ സിന്ധ് രാജാവായ ദാഹിറിന്റെ കടൽ കൊള്ളക്കാർ കൊള്ളയടിച്ചപ്പോൾ അവരെ വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടും അപ്രകാരം ചെയ്യാത്തതിന്റെ പ്രതികാരമായിട്ടാണ് സിന്ധ് ആക്രമണമുണ്ടാകുന്നത്. ഇക്കാര്യം അൽ ബലാദൂരി ഫുതുഹുൽ ബുൽദാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 711- 712 കാലത്താണിത് നടന്നത്. ഈ കാലത്തിന് മുമ്പ് തന്നെ സിലോണിലും അറബികളുടെ അധിവാസ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നാണല്ലോ ഇത് തെളിയിക്കുന്നത്.
ഇന്ത്യയിലെ വിഖ്യാത ചരിത്രകാരൻ താരാചന്ദ് മലബാർ ഡിസ്ട്രിക്റ്റ് ഡയറക്ടറിയിൽ ഇന്നസ് രേഖപ്പെടുത്തിയതനുസരിച്ച് കൊയിലാണ്ടി കൊല്ലത്തുള്ള പുരാതന ഖബ്റ് സ്ഥാനിൽ കാണുന്ന ഖബ്റുകളിലെ ലിഖിതങ്ങളിൽ ഒന്നിൽ ഹിജ്റ 166 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി പ്രസ്താവിക്കുന്നു. ഇത് അക്കാലത്ത് കേരളത്തിൽ നിന്ന് ലഭ്യമായ പ്രമാണങ്ങളിൽ ഏറ്റവും പ്രഥമമാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. അലി ഇബ്നു ഉഥർമാൻ എന്നെഴുതിയ ഖബ്റിൽ ഹിജ്റ 166 ൽ മരണപ്പെട്ടുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.(Influence Of Islam on indian culture:Tharachand:P:33)
മാത്രമല്ല കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്ത് മഖാം മസ്ജിദിനോടനുബന്ധമായി കാണുന്ന ഒരു ഖബ്റിൽ അറബി ഭാഷയിലെ ആദ്യകാല ലിപിരൂപത്തിൽ രേഖപ്പെടുത്തപ്പെട്ട ലിഖിതം ഹിജ്റ ഒന്നാം നൂറ്റാണ്ടിലെ ഇസ്ലാമികാഗമനത്തെ കൃത്യമായും സാക്ഷ്യപ്പെടുത്തുന്നതാണ്. അറബിയിലുള്ള പ്രസ്തുത ലിഖിതം ഇപ്രകാരം ഭാഷാന്തരം ചെയ്യാം:
“അല്ലാഹുവിന്റെ നാമത്തിൽ ഈ ഖബ്റ് അലിയ്യുബ്നു ഹാനിമിന്റേതാണ്. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അദ്ദേഹം പ്രവാചകന്റെ കാലത്ത് ഇവിടേക്ക് 200 പേരോടൊപ്പം വരികയും ഹിജ്റ 74 ൽ മരണപ്പെടുകയും ചെയ്തു.”

ശ്രീകണ്ഠപുരം ലിഖിതം

ഇസ്ലാമിക ആഗമനത്തിന്റെ ആദ്യകാലങ്ങളിലെ കേരളം

ഈ രേഖകളിലൂടെയെല്ലാം വ്യക്തമാകുന്നത് തിരുനബി(സ്വ) തങ്ങളുടെ ജീവിത കാലത്തും അതിന്റെ തൊട്ടടുത്ത കാലത്തുമായി ഇന്ത്യയുൾപ്പെടെയുള്ള പൗരസ്ത്യരാജ്യങ്ങളിൽ ഇസ്ലാം പ്രചരിച്ചുവെന്ന് തന്നെയാണ്. പൗരസ്ത്യദേശങ്ങളിലെ പരമ്പരാഗതമായ പ്രാദേശിക അധികാര സംവിധാനങ്ങളുടെ പിന്തുണ ഇസ്ലാമിക വ്യാപനത്തെ സഹായിച്ചു. മാത്രമല്ല അക്കാലത്ത് കേരളമുൾപ്പെടെയുള്ള പൗരസ്ത്യ ദേശങ്ങളിൽ നിലവിലുണ്ടായിരുന്ന സാമൂഹിക ബന്ധങ്ങളിലെ അസമത്വവും വൈരുദ്ധ്യങ്ങളും കാരണമായി, മനുഷ്യാന്തസിനെയും മാനവ സാഹോദര്യത്തെയും സമത്വപൂർണ്ണമായ മൂല്യങ്ങളെയും പ്രതിനിധീകരിച്ച ഇസ്ലാമിനെ ജനങ്ങൾ തങ്ങളുടെ വിമോചനത്തിന്റെ വഴിയും വെളിച്ചവുമായി സ്വീകരിച്ചു.
ഇന്ത്യയുൾപ്പെടെയുള്ള പൗരസ്ത്യരാജ്യങ്ങളിൽ ഇസ്ലാം പ്രചരിക്കുന്ന ആദ്യകാലങ്ങളിൽ ബുദ്ധമത വിശ്വാസത്തിനായിരുന്നു ജനങ്ങൾക്കിടയിൽ അധികം സ്വാധീനമുണ്ടായിരുന്നത് എന്ന് കാണാം. മാനവ മൈത്രിയെയും അഹിംസയെയും പരിത്യാഗത്തിന്റെ ജീവിത വീക്ഷണത്തെയുമെല്ലാം പ്രതിനിധീകരിച്ചിരുന്ന ബുദ്ധമതം ക്ഷയോന്മുഖമായികൊണ്ടിരുന്ന സന്ദർഭത്തിലാണ് ഇസ്ലാമിന്റെ ആഗമനം സംഭവിക്കുന്നത്.
അതുകൊണ്ട് തന്നെ ഈ അനുകൂല പശ്ചാത്തലത്തിൽ ഇസ്ലാമിന്റെ പ്രചരണം സജീവമായി. എന്നാൽ ഇതിനോടനുബന്ധമായി വൈദിക ബ്രാഹ്മണിസം വീണ്ടും ശക്തിയാർജ്ജിക്കുന്ന കാഴ്ചയാണ് എ.ഡി. എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ നമുക്ക് കാണാനാവുന്നത്. വടക്കുനിന്ന് വന്ന ബ്രാഹ്മണർ ബുദ്ധഭിക്ഷുക്കളുമായി വാദപ്രതിവാദങ്ങൾ നടത്തി അവരെ പരാജയപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ അവർക്കുണ്ടായിരുന്ന സ്വാധീനം ദുർബലപ്പെടുത്തുകയും ചെയ്തു. ശങ്കരാചാര്യരെ പോലുള്ളവരുടെ രംഗപ്രവേശത്തോടെ ബുദ്ധഭിക്ഷുകൾക്കെതിരായ ധൈഷണിക അതിക്രമങ്ങൾ വർദ്ധിച്ചു. ബുദ്ധമതത്തിന്റെ ജനസ്വാധീനം ഘട്ടംഘട്ടമായി ഇല്ലാതാക്കി ബ്രാഹ്മണ മേൽക്കോയ്മ നിലനിർത്താനാവശ്യമായ പശ്ചാത്തല പ്രവർത്തനങ്ങൾ വളരെ തന്ത്രപരമായി വൈദിക ബ്രാഹ്മണിസം നടപ്പാക്കികൊണ്ടിരുന്നു. ചാതുർവർണ്യത്തിലധിഷ്ഠിതമായ ജാതി സംവിധാനങ്ങൾ കേരളത്തിൽ സ്ഥാപിക്കാനുള്ള അവരുടെ യത്നങ്ങൾ ഘട്ടംഘട്ടമായി വിജയം കണ്ടു. ഇക്കാര്യം വിഖ്യാത ചരിത്രകാരൻ എ. ശ്രീധരമേനോൻ ഇപ്രകാരം രേഖപ്പെടുത്തുന്നു:
“ചാതുർവർണ്ണ്യത്തിന്റെ അനിഷേധ്യതയിൽ അധിഷ്ഠിതമായ ആര്യപ്രമാണങ്ങൾ പ്രചരിപ്പിക്കുന്നതിൽ അസാധാരണമായ മത തീവ്രതയോടെ പ്രവർത്തിച്ചിരുന്ന ഈ ബ്രാഹ്മണർ കേരളത്തിലെ ജാതിരഹിതമായിരുന്ന സമുദായത്തിൽ ജാതി സമ്പ്രദായം തന്ത്രപൂർവ്വം തിരുകിക്കയറ്റി.”(കേരള ചരിത്രം: ശ്രീധരമേനോൻ: 126-127)
ദ്രാവിഡപാരമ്പര്യമുള്ള അക്കാലത്തെ രാജാക്കന്മാരെ വളരെ തന്ത്രപൂർവ്വം തങ്ങളുടെ വരുതിയിലാക്കാൻ അവർക്ക് സാധിച്ചു. ദ്രാവിഡാചാരങ്ങളുടെ കലർപ്പുകളാൽ ആദിമ വിശുദ്ധി നഷ്ടപ്പെട്ട് വിഗ്രഹാരാധനയിലേക്ക് കൂപ്പ് കുത്തിയിരുന്ന ബുദ്ധമത വിശ്വാസികളുടെ ദ്രാവിഡ പാരമ്പര്യമുള്ള ദൈവങ്ങളെ ഏറ്റെടുത്ത് വൈദിക ബ്രാഹ്മണിസം ആര്യവത്കരിച്ചതോടെ ബ്രാഹ്മണ മേധാവിത്തമുള്ള പുതിയ സാമൂഹിക സംവിധാനങ്ങളിലേക്ക് സാധാരണ ജനങ്ങളും ഉൾച്ചേർക്കപ്പെട്ടു. ഇങ്ങനെ കേരളത്തിലെ ആര്യവത്കരണം സജീവമായികൊണ്ടിരുന്ന ഇതേ ഘട്ടത്തിൽ തന്നെയാണ് മനുഷ്യസാഹോദര്യത്തിലും ഉച്ചനീചത്വങ്ങളില്ലാത്ത സാമൂഹിക സഹവർത്തിത്വത്തിലും സൗഹാർദ്ധ പൂർണ്ണമായ സാമുദായിക ബന്ധങ്ങളിലും അധിഷ്ഠിതമായ ഇസ്ലാമിക വിശ്വാസം കൂടുതൽ പ്രചാരം സിദ്ധിക്കുന്നത്. പ്രഥമമായി അറബി വർത്തക സമൂഹവുമായി സ്ഥിരസമ്പർക്കങ്ങളുണ്ടായിരുന്ന കേരളത്തിലെ തീരദേശങ്ങളിലെ ജനങ്ങളും ഉൾനാടുകളിലെ ഗോത്രവർഗ സമൂഹങ്ങളും ദ്രാവിഡ വിശ്വാസ പാരമ്പര്യങ്ങൾ നിലനിർത്തിയിരുന്നവരും ബുദ്ധമത പശ്ചാത്തലമുണ്ടായിരുന്ന മറ്റ് സാമൂഹിക ഗണങ്ങളുമാണ്, പൊതുവായി അടിയാള വിഭാഗങ്ങളാണ് ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടുന്നത്. പഴയ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളിൽ ഇസ്ലാമിന് വ്യാപകമായ പ്രചാരം സിദ്ധിച്ച എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ സിന്ധിലെ ഇസ്ലാമിക പ്രചരണം അവലോകനം ചെയ്യുന്ന സന്ദർഭത്തിൽ ഈ പ്രദേശങ്ങളിൽ ബുദ്ധമത പാരമ്പര്യമുള്ള തദ്ദേശ വാസികളാണ് ഇസ്ലാമിനോടും മുസ്ലിംകളോടും കൂടുതൽ അനുഭാവപൂർവ്വമായ താത്പര്യം പ്രകടിപ്പിച്ചിരുന്നത് എന്ന കാര്യം പ്രമാണ പിൻബലത്തോടെ സയ്യിദ് സുലൈമാൻ നദ് വിയെ പോലുള്ള ചരിത്ര പണ്ഡിതന്മാരും രേഖപ്പെടുത്തുന്നുണ്ട്.

മുസ്ലിംകൾ നിർണായക സാന്നിദ്ധ്യം

ഹിജ്റ ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ തന്നെ കേരളത്തിലെ ഇസ്ലാമിക വ്യാപനം ത്വരിതഗതിയിലായി എന്ന കാര്യം ഈ പ്രമാണങ്ങളിലൂടെ തന്നെ സാക്ഷ്യപ്പെടുന്നുണ്ട്. ഇങ്ങനെ അറബികൾ ഉൾപ്പെടുന്ന വർത്തകരായ ഒരു മുസ്ലിം സമുദായം ഈ കാലഘട്ടത്തോടെ സജീവമാകുകയും മുസ്ലിം അധിവാസ കേന്ദ്രങ്ങൾ പല പ്രദേശങ്ങളിലും ഉടലെടുക്കുകയും ചെയ്തു. ഹിജ്റ മൂന്നാം നൂറ്റാണ്ട് ആയതോടെ വളരെ നിർണ്ണായകമായ ഒരു സാന്നിദ്ധ്യമായി അറബികളായ മുസ്ലിംകൾക്ക് അന്നത്തെ കേരളത്തിൽ സ്വീകാര്യത ലഭിച്ചിരുന്നു. ഇക്കാര്യം തെളിയിക്കുന്നതാണ് എ.ഡി. 848 ലെ തരിസാപള്ളി ശാസനം. വിഖ്യാതമായ ഈ ശാസനത്തിൽ വേണാട് അധിപതിയായിരുന്ന അയ്യനടികൾ സിറിയയിൽ നിന്ന് മിഷണറി ലക്ഷ്യങ്ങളോടെ വന്ന മാർ സബോർ ഈശോ(മർവാൻ സപീർ ഈശോ) എന്നവർക്ക് പള്ളി പണിയാനും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ഭൂമിയും ആശ്രിതരെയും പതിച്ചുനൽകിയ വിവരങ്ങളാണ് ഉൾക്കൊള്ളുന്നത്. ഇതിൽ കൂഫി അറബിക് ലിപിയിൽ അതിന് സാക്ഷികളായ ഏതാനും അറബി മുസ്ലിംകളുടെ നാമം ചേർത്തിട്ടുണ്ട്. അറബികളായ മുസ്ലിംകളുടെ ഈ നാമത്തെ സംബന്ധിച്ചോ ഈ ശാസനത്തിന്റെ കാലത്തെ സംബന്ധിച്ചോ പൂർവ്വികരായ പ്രമുഖ ചരിത്രകാന്മാരാരും ഇന്നേവരെയും സന്ദേഹങ്ങളറിയിച്ചിട്ടില്ല. എന്നാൽ വിലപ്പെട്ട ഈ രേഖയിൽ നിന്നും മുസ്ലിം നാമങ്ങൾ മായിച്ചുകളയാൻ വിക്കിപീഡിയയിൽ വാറോലകളുണ്ടാക്കുന്ന ചില ദുഷ്ടബുദ്ധികൾ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
ഇക്കാലമത്രയും സർവ്വാംഗീകൃതമായ ഈ ശാസനത്തിലെ മുസ്ലിം സാക്ഷികളുടെ നാമങ്ങളെ സംബന്ധിച്ചും അക്കാലത്തെ സജീവമായ മുസ്ലിം സാന്നിദ്ധ്യത്തെ സംബന്ധിച്ചും പ്രമുഖ ചരിത്രകാരനായ ഡോ: സി. കെ. കരീം സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്:
“ഇത് വിളിച്ചോതുന്നത് ഈ കാലമായപ്പോഴേക്കും രാജകീയ ശാസനങ്ങളിൽ പോലും സാക്ഷി നിർത്തുവാൻ വേണ്ടും പ്രബലമായ സമൂഹമായി മുസ്ലിംകൾ വളർന്നുവെന്നാണ്. ഇത്രയും ശക്തമായ സമുദായമായി വികാസം കൊള്ളാൻ പറ്റണമെങ്കിൽ ഇതിനെത്രയോ മുമ്പ് മുതൽ തന്നെ അവർ ഇവിടെ ഉണ്ടായിരിക്കണം എന്നുള്ളതിന് തെളിവും ഒമ്പതാം നൂറ്റാണ്ട് അവസാന പകുതിയിലാണ് ഇസ്ലാമിക ആഗമനം എന്ന വാദത്തിന്റെ പൊള്ളത്തരവും ഇത് പ്രസ്പഷ്ടമാക്കുന്നുണ്ട്.”(കേരള മുസ്ലിം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി: പേജ്: 96)

സുലൈമാൻ താജിറിന്റെ സഞ്ചാര രേഖയും യാഥാർത്ഥ്യവും:

ഇസ്ലാമിക ആഗമനത്തിന്റെ കാലം ഒമ്പതാം നൂറ്റാണ്ട് അവസാന പകുതിയിലാണ് എന്ന് തെളിയിക്കാൻ സംഘകാല സാഹിത്യങ്ങൾ അവലംബിച്ച് കേരളത്തിന്റെ ഇരുണ്ട ഭൂതകാലം തെളിയിച്ചെടുത്ത മഹാചരിത്രകാരന്മാർ അവലംബിക്കുന്ന സുലൈമാൻ താജിറിന്റെ പ്രസ്താവവും അതിന്റെ സന്ദർഭവും കൂടി വിശകലനം ചെയ്ത് ഈ പ്രബന്ധം അവസാനിപ്പിക്കാം:
സുലൈമാൻ താജിറിന്റെ സഞ്ചാര രേഖകളിൽ എന്താണ് പരാമർശിക്കുന്നതെന്ന് പരിശോധിക്കാം. സുലൈമാൻ താജിറിന്റേതായി അറിയപ്പെടുന്ന മൂന്ന് നാമങ്ങളിലുള്ള ഗ്രന്ഥങ്ങൾ നിലവിലുണ്ട്. അഹ്ബാറുൽ സീൻ വൽ ഹിന്ദ്, സിൽസിലത്തു ത്വവാരിഖ്, അജാഇബ് ദ്ദുൻയാ വ കിയാസുൽ ബുൽദാൻ എന്നിവയാണവ. ഇതിൽ അഹ്ബാറുൽ സീൻ വൽ ഹിന്ദ് എന്ന ഗ്രന്ഥം സുലൈമാൻ താജിറിന്റേതുൾപ്പെടെയുള്ള നിരവധി സഞ്ചാരികളുടെ വിവരണങ്ങൾ എ.ഡി. 916 ൽ(ഹിജ്റ 304) അബൂസൈദ് അൽ ഹസൻ ഇബ്നു യസീദ് സൈറാഫി എന്ന പേർഷ്യക്കാരൻ ക്രോഡീകരിച്ച ഗ്രന്ഥത്തിന്റെ നാമമാണ്. ഇദ്ദേഹം ഇന്ത്യയിലോ ചൈനയിലോ എത്തിയിട്ടില്ല. എന്നാൽ സഞ്ചാരികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അത് ക്രോഡീകരിച്ചാണ് ഈ ഗ്രന്ഥം രൂപപ്പെടുത്തിയത്. ഈ ഗ്രന്ഥത്തിൽ സുലൈമാൻ താജിറിന്റേതായി വരുന്ന ഭാഗം സിൽസിലത്തു തവാരിഖ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്തത് അജാഇബ് ദുൻയാ വ കിയാസുൽ ബുൽദാൻ എന്ന പേരിലുള്ള ഗ്രന്ഥമാണ്. ഖത്തർ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ ഡോ: ശാഹിൻ മരീഹിയാണ് ഈ ഗ്രന്ഥം ക്രോഡീകരിച്ചിട്ടുള്ളത്. താരതമ്യേന സംശോധന ചെയ്ത് ഗവേഷണ പ്രധാനമായ അടിക്കുറിപ്പുകൾ ചേർത്ത് പ്രസിദ്ധീകരിച്ച ഇത് കൂടുതൽ വ്യക്തതയോടെയുള്ള വിവരങ്ങൾ നൽകുന്നുണ്ട്. ഈ ഗ്രന്ഥങ്ങളിൽ വന്ന സുലൈമാൻ താജിറിന്റേതായി ഉദ്ധരിക്കപ്പെടുന്ന വിവാദ പരാമർശം എന്താണെന്ന് പരിശോധിക്കാം. സരൻദ്വീപിൽ നിന്ന് ചൈനയിലേക്കുള്ള യാത്രാ മധ്യേ ലഞ്ച് യാലൂസ് എന്നൊരു സ്ഥലത്തെക്കുറിച്ച് സുലൈമാൻ താജിർ പരാമർശിക്കുന്നുണ്ട്. ഇവിടെയാണ് വിവാദ പരാമർശമുള്ളത്. അതിപ്രകാരമാണ്:“
“അവിടെയുള്ളവർക്ക് അറബികളുടെ ഭാഷ അറിയുകയില്ല. കച്ചവടക്കാരായ ആരുടെയും ഭാഷ അറിയുകയില്ല.”(38) തുടർന്നു പറയുന്നു: “
“അവരുടെ പല്ലുകൾ മാത്രമേ വെളുത്തതായുള്ളൂ. ഇരുമ്പിന് പകരമായി അവർ തേങ്ങയും തേങ്ങാ വെള്ളവുമൊക്കെയാണ് നൽകുക. ചിലപ്പോൾ അവർ കച്ചവടക്കാരിൽ നിന്ന് ഇരുമ്പ് വാങ്ങുകയും പകരമായി അവർക്കൊന്നും കൊടുക്കാതിരിക്കുകയും ചെയ്യും.”(38)ഈ പരാമർശം ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്തപ്പോൾ അവിടെ അറബികളോ മറ്റ് കച്ചവടക്കാരോ ഇല്ല എന്ന ആശയം വരികയും ഈ ഫ്രഞ്ച് പരിഭാഷയെ അവലംബിച്ച് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയപ്പോൾ അറബി സംസാരിക്കുന്നവരോ മുസ്ലിംകളോ ആയ ആരെയും ഞാൻ കണ്ടില്ല എന്നായി പോവുകയും ചെയ്തതായിരിക്കും. ഇത് പകർത്തിയെഴുതിയ എല്ലാവരും സൗകര്യം പോലെ ഇന്ത്യയിലും ചൈനയിലും എന്ന് ബ്രാക്കറ്റിൽ എഴുതുകയും പിൽക്കാലത്ത് ആ ബ്രാക്കറ്റും ഒഴിവാക്കി ഈ പരാമർശം ദുരുപയോഗം ചെയ്യുകയുമാണ് ചെയ്തതെന്നാണ് വ്യക്തമാകുന്നത്. ലഞ്ച് യാലൂസ് എന്ന ഈ സ്ഥലം ഏതാണെന്ന് മനസ്സിലാക്കുമ്പോൾ മാത്രമേ ഇതിലെ സങ്കീർണത നീങ്ങു. മസ്ഊദിയുടെയും അൽ ഇദ്രീസി ഉൾപ്പെടെയുള്ള പിൽക്കാല സഞ്ചാരികളുടെയും വിവരണങ്ങളിലും ഈ ലഞ്ച് യാലൂസ് പരാമർശിക്കപ്പെടുന്നുണ്ട്. നിക്കോബാർ ദ്വീപുകളെ അറബി സഞ്ചാരികൾ വിളിച്ചിരുന്ന നാമമാണത്. നിക്കോബാർ ദ്വീപുകളിൽ കച്ചവടക്കാരായ അറബികളെയൊ മുസ്ലിംകളെയൊ അക്കാലത്ത് കണ്ടില്ല എന്നാണ് പരാമർശമെങ്കിൽ പോലും അത് തികച്ചും വസ്തുതയാണെന്ന് വ്യക്തമാണ്. കാരണം ബ്രിട്ടീഷുകാർ നാടുകടത്തിയ സ്വാതന്ത്ര്യ പോരാളികളായ മുസ്ലിംകൾ വഴിയാണ് അവിടങ്ങളിൽ മുസ്ലിം അധിവാസ കേന്ദ്രങ്ങൾ ഉണ്ടാകുന്നതും ഇസ്ലാം പ്രചരിക്കുന്നതും. ഒരു ജനതയുടെ ഇരുനൂറിലേറെ വർഷത്തെ ചരിത്രത്തെ തമസ്കരിക്കാൻ ദുരുപയോഗം ചെയ്ത പ്രമാണത്തിന്റെ കഥയാണിത്.
ഇനി സുലൈമാൻ താജിർ ഈ ഗ്രന്ഥത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ ശ്രദ്ധിക്കുക:
“ഹാൻഫൂവിലാണ് അറബി വ്യാപാരികളും ചൈനക്കാരും തമ്മിൽ സന്ധിക്കുകയും വ്യാപാര വിനിമയങ്ങൾ നടത്തുകയും ചെയ്യുന്നത്.”(പേജ് നമ്പർ:35) തുടർന്ന് ഹാൻഫൂവിലുള്ള വീടുകൾ മരങ്ങൾ കൊണ്ടുള്ളതാണെന്നും മറ്റ് വിവരണങ്ങളും നൽകുന്നു. തുടർന്ന് പറയുന്നത് നോക്കുക:”ഹാൻഫൂവിൽ വെച്ച് ഒരു മുസ്ലിമായ പണ്ഡിതനെ കണ്ടു. അദ്ദേഹം രാജാവിന്റെ കീഴിൽ മുസ്ലിംകൾക്കിടയിൽ വിധി കൽപിക്കുകയും അവർക്ക് പെരുന്നാളിന് ഇമാമായി നിസ്കരിക്കുകയും അവർക്ക് മതോപദേശം നൽകുകയും ചെയ്തിരുന്നു. മുസ്ലിംകളുടെ സുൽത്താന് വേണ്ടി അദ്ദേഹം ദുആ ചെയ്യുകയും ചെയ്തു. ഇറാഖികളായ അറബി വ്യാപാരികൾ പോലും അദ്ദേഹത്തിന്റെ വിധികളിലും പ്രവർത്തനങ്ങളിലും നിഷേധം കാണിച്ചില്ല.”(36) ഇറാക്കികളായ അറബി വ്യാപാരികൾ എന്നതുകൊണ്ട് ഇവിടെ പ്രത്യേകം അർത്ഥമാക്കുന്നത് ശിയാക്കളായ അറബികളെയാണ്. ഒരേ സമയം സുന്നികളുടെയും ശിയാക്കളുടെയും അധിവാസ കേന്ദ്രങ്ങൾ അക്കാലത്ത് ചൈനയിലുണ്ടായിരുന്നുവെന്നാണ് ഈ പരാമർഷം വ്യക്തമാക്കുന്നത്. ഇനി കേരളത്തിലെ കൂലം മലയെ(പന്തലായനി കൊല്ലം)ക്കുറിച്ചുള്ള സുലൈമാൻ താജിറിന്റെ പരാമർശം നോക്കുക: “ഒമാനിലെ ളുഫാറിലും മറ്റും ചൈനീസ് കപ്പലുകൾ വന്നിരുന്നു. ളുഫാറിൽ നിന്ന് കൂലം മല ഉദ്ദേശിച്ച് അറബികൾ വന്നിരുന്നു. യാത്രക്കനുകൂലമായ കാലാവസ്ഥയിൽ ഒരു മാസമാണ് സാധാരണ സമയമെടുക്കാറ്.” (38) അക്കാലത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന രാജാക്കന്മാരും അധികാര സംവിധാനങ്ങളും അറബികളായ മുസ്ലിം കച്ചവടക്കാർക്ക് പൊതുവെ അനുകൂലമായിരുന്നുവെന്നാണ് സുലൈമാൻ താജിർ വിശദീകരിക്കുന്നത്: “ബൽഹറ രാജാവ് തന്റെ പ്രജകളെ സ്നേഹിക്കുന്നതു പോലെ തന്നെ അറബികളെയും സ്നേഹിച്ചിരുന്നു.”തുടർന്ന് വരുന്ന ഭാഗത്ത് ബൽഹറ രാജാക്കന്മാരല്ലാത്ത മറ്റ് ചില ചെറിയ രാജാക്കന്മാർ വഴിമധ്യേയുള്ള രാജ്യങ്ങളിലുണ്ടായിരുന്നു. ഇതിൽ “ജുറുസിലുള്ള രാജാവ് അറബികളോടും മുസ്ലിംകളോടും അങ്ങേയറ്റം ശത്രുത പുലർത്തിയിരുന്നു”എന്നെഴുതുന്നുണ്ട്. ഈ പരാമർശങ്ങളിലൂടെ കേരളത്തിലും ദക്ഷിണേന്ത്യൻ തീരപ്രദേശങ്ങളിലും ചൈനയിലുമെല്ലാം അക്കാലത്ത് ഇസ്ലാമെത്തിയിരുന്നുവെന്നും അറബികളായ മുസ്ലിംകളുടെ സജീവ സാന്നിധ്യം നിലവിലുണ്ടായിരുന്നുവെന്നും വ്യക്തമാണ്. ഈ വസ്തുതകളെല്ലാം തെളിയിക്കുന്നതെന്താണ്?ഹിജ്റയുടെ ആദ്യനൂറ്റാണ്ടുകളിൽ തന്നെ ഇസ്ലാമിന് പൗരസ്ത്യദേശങ്ങളിലും വിശിഷ്യാ കേരളത്തിലും സ്വീകാര്യത ലഭിച്ചുവെന്ന് തന്നെയാണ്. ഇവിടെ നാം അവലോകനം ചെയ്ത ഈ പ്രമാണങ്ങളെ കൂടാതെ സംഘകാല സാഹിത്യങ്ങളിലും കേരളത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ട അമവീ അബ്ബാസി കാലഘട്ടങ്ങളിലെ നാണയങ്ങളിലും അറബികളുടെ ഒട്ടനേകം സഞ്ചാര കൃതികളിലും കേരളത്തിലെ പുരാതന കാലത്തെ ഖബ്റ്സ്ഥാനുകളിലെ അടയാളക്കല്ലുകളിലെഴുതപ്പെട്ട പുരാതന ലിഖിതങ്ങളിലും അറബി ഭാഷയിലെ ഇന്ത്യൻ സ്വാധീനമുള്ള പല പദങ്ങളിലും ഇസ്ലാമിക ചരിത്രം ഉറങ്ങിക്കിടക്കുന്നുണ്ട്. ഇത്രയേറെ പ്രമാണങ്ങളുണ്ടായിട്ടും ഇവയൊന്നും പരിഗണിക്കാതെ ഇനിയും ശാസ്ത്രീയവും ആധികാരികവുമായ പ്രമാണങ്ങളന്വേഷിക്കുന്നവർ കേരള ചരിത്രത്തിലെ ഒന്നാം ചേരസാമ്രാജ്യം രണ്ടാം ചേര സാമ്രാജ്യം പോലുള്ള ചരിത്രഘട്ടങ്ങൾ എഴുതാൻ പ്രമാണമാക്കിയ രേഖകൾ പരിശോധിക്കുന്നത് സംഗതമായിരിക്കും. മിത്തും ഭാവനകളും അതിശയോക്തികളും കലർന്ന സംഘകാല സാഹിത്യകൃതികളിൽ നിന്നും നൂറ്റാണ്ടു യുദ്ധങ്ങളും വീരേതിഹാസ ചരിത്രം രചിച്ച വീരരാജാക്കന്മാരെയും സാമ്രാജ്യങ്ങളെയും നിർമ്മിച്ചെടുത്ത മഹാചരിത്രകാരന്മാരുടെ ഭാവനാ സാഹസങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ സാമാന്യ വിശകലന ശേഷിയുള്ള ആർക്കും കേരളത്തിലെ ഇസ്ലാമിന്റെ ആഗമന ചരിത്രം കൃത്യതയോടെ നിർദ്ധാരണം ചെയ്യാൻ ആവശ്യമായ പ്രമാണങ്ങളിന്ന് ലഭ്യമാണ്. ഇവ ഉപയോഗപ്പെടുത്തി അക്കാദമിക രംഗത്ത് പുതിയ ഗവേഷണങ്ങളേറ്റെടുക്കാൻ പുതിയ തലമുറ തയ്യാറാവുക എന്നതാണ് പ്രധാനമായത്.

റഫറൻസ്:
Influence Of Islam on indian culture:Tharachand
The concise History Of Kayalpatnam: R.S. Abdulatheef
Arabic, Arwi And Persian in Saradib And Tamil Nadu: Dr: Tayka shuAyb alim
The Historical inscription Of southern India: Robert sewell
അഹ്ബാറുൽ സീൻ വൽ ഹിന്ദ്: അബൂസൈദ് അൽ ഹസൻ ഇബ്നു യസീദ് സൈറാഫി
സിൽസിലത്തു ത്വവാരിഖ്: സുലൈമാൻ താജിർ
അജാഇബ് ദ്ദുൻയാ വ കിയാസുൽ ബുൽദാൻ: സുലൈമാൻ താജിർ (ശാഹിൻ മരീഹി)
ജാതി വ്യവസ്ഥയും കേരള ചരിത്രവും: പി.കെ. ബാലകൃഷ്ണൻ
കേരളത്തിന്റെ സാംസ്കാരിക ചരിത്രം: പി.കെ. ഗോപാലകൃഷ്ണൻ
കേരള മുസ്ലിം സ്ഥിതി വിവരക്കണക്ക് ഡയറക്ടറി: ഡോ: സി. കെ.. കരീം
ഇൻഡോ അറബ് ബന്ധങ്ങൾ: സയ്യിദ് സുലൈമാൻ നദ്വി
പ്രാചീന മലബാർ: ഡോ: ശംസുല്ലാഹ് ഖാദിരി
കേരള ചരിത്രം: എ. ശ്രീധരമേനോൻ
അറബികളുടെ കപ്പലോട്ടം: സയ്യിദ് സുലൈമാൻ നദ് വി

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy