ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ):
ഇന്ത്യയിലെ ആത്മീയ സുൽത്വാനിയ്യത്തിന്റെ സ്നേഹ ​ഗുരു

അബൂ ഫാഇസ:

നൂറ്റാണ്ടുകളായി ഇന്ത്യൻ ജനമനസ്സുകളിൽ നിത്യഹരിതമായി ജീവിക്കുന്ന അജ്മീറിലെ സ്നേഹ​ഗുരു ഖ്വാജാ മുഈനു​ദ്ദീൻ ചിശ്തി(റ) വിന്റെ ജീവിതവും ദൗത്യവും സം​ഗ്രഹിച്ചു വിവരിക്കുന്ന ലേഖനം. വിലായത്തിന്റെ സുൽത്വാനിയ്യത്തോടെ ഇന്ത്യയിലേക്ക് അയക്കപ്പെട്ട സ്മര്യപുരുഷന്റെ പ്രവർത്തനങ്ങൾ നിമിത്തമായി ലക്ഷക്കണക്കിന് മനുഷ്യരാണ് സന്മാർ​ഗം പ്രാപിച്ചത്. മതജാതി വംശ വൈജാത്യങ്ങൾക്കപ്പുറം മനുഷ്യകുലത്തെ ഏകീകരിക്കാനുള്ള ഇസ് ലാമിന്റെ ആത്മവീര്യം കാലാതിവർത്തിയായി പ്രതിഫലിപ്പിക്കുന്ന മഹോന്നതമായ ആ വ്യക്തിത്വത്തിന്റെ പ്രഭാപ്രസരണങ്ങൾ ഇന്നും മനുഷ്യകുലത്തിന് വഴികാണിക്കുന്നു. സ്മര്യപുരുഷന്റെ അനശ്വര സ്മരണ പുതുക്കുന്ന റജബ് മാസത്തിൽ വീണ്ടും ഒരു ഓർമ്മക്കുറിപ്പ്.

ന്ത്യയിലെ ഇസ്ലാമിക ചരിത്രത്തിൽ നിസ്തുലമായ സ്ഥാനമഹത്വങ്ങളോടെ പരിഗണിക്കപ്പെടുന്ന മഹാനായ സൂഫിയായിരുന്നു ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ). തിരുനബി(സ്വ) തങ്ങളിൽ നിന്ന് ലഭിച്ച ഒരു ആത്മീയമായ അന്തഃപ്രചോദനത്താൽ ഇന്ത്യയിലെ വിലായത്തിന്റെ അധികാരം നൽകപ്പെട്ട സ്മര്യപുരുഷൻ സുൽതാനുൽ ഹിന്ദ് എന്ന അപരാഭിധാനത്താലാണ് അറിയപ്പെട്ടത്. ഇന്നത്തെ ഇറാനിലെ സിജിസ്ഥാനിൽ (പഴയ ഖുറാസാൻ മേഖലയിൽ) ഹിജ്റഃ 536-537(എ.ഡി. 1141) ലാണ് ജനനം. യഥാർത്ഥ നാമം മുഈനുദ്ദീൻ ഇബ്നു ​ഗിയാസുദ്ദീൻ എന്നായിരുന്നു. ഗിയാസുദ്ദീൻ ഹസൻ(റ) എന്നവരായിരുന്നു പിതാവ്. ബീവി ഉമ്മുൽ വറഅ്(റ) എന്നറിയപ്പെട്ട മഹതിയായിരുന്നു മാതാവ്. അഞ്ചാം വയസ്സു മുതൽ തന്നെ മാതാപിതാക്കളിൽ നിന്ന് ദീനിന്റെ അടിസ്ഥാന വിജ്ഞാനങ്ങൾ സ്വായത്തമാക്കി തുടങ്ങി. ഏഴാം വയസ്സിൽ ഖുർആൻ മുഴുവനും മനഃപാഠമാക്കി. ചെറിയ പ്രായത്തിൽ തന്നെ ഉന്നതമായ ഗുണങ്ങളോടെ ദീനിന്റെ അടിസ്ഥാന മൂല്യങ്ങളെല്ലാം സ്വായത്തമാക്കിയ മഹാനവർകൾ തികച്ചും വി ശുദ്ധമായ ഒരു കുടുംബാന്തരീക്ഷത്തിലാണ് വളർന്നുവന്നത്.
സിജിസ്ഥാനിൽ അക്കാലത്ത് സൽജൂക്കുകളായിരുന്നു ഭരണം നടത്തിക്കൊണ്ടിരുന്നത്. സംഘർഷ ഭരിതമായ ആ കാലത്ത് സൽജൂക്കുകളും തുർക്കികളുമായി യുദ്ധമുണ്ടാവുകയും സൽജൂക്കുകൾ യുദ്ധത്തിൽ പരാജയപ്പെടുകയും ചെയ്തു. വളരെ അരാജകവും അരക്ഷിതവുമായ ഒരു സാമുഹിക സാഹചര്യമായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. അതു കൊണ്ട് തന്നെ സിജിസ്ഥാനിലെ ജീവിതം ഏറെ ദുസ്സഹമായിത്തീർന്നു. ഈ പശ്ചാത്തലത്തിലാണ് ഖ്വാജാ(റ) വിന്റെ കുടുംബം ജന്മദേശം വിട്ട് പലായനം ചെയ്ത് ഖുറാനിലെത്തിയത്. പുതിയ ജീവിത സാഹചര്യങ്ങളിൽ വളരെ അരിഷ്ടിച്ചാണ് ഖുറാസാനിൽ അവരുടെ ജീവിതം ക്ഷിഞ്ഞുപോയത്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ നന്നെ പാടുപെട്ട ഖ്വാജാ(റ) വിന്റെ പിതാവ് ആ തീക്ഷ്ണാനുഭവങ്ങൾക്കിടയിൽ ഇഹലോക വാസം വെടിഞ്ഞു. പിതാവിന്റെ വിയോഗം കഴിഞ്ഞ് അധിക കാലം പിന്നിടുമ്പോഴേക്കും മാതാവും വിട പറഞ്ഞു. ഇതോടെ മുഈനുദ്ദീൻ(റ) പൂർണ്ണമായും അനാഥനായി. ആ സമയം പ്രായ പൂർത്തിയെത്തിയിരുന്നില്ല. ജനലക്ഷങ്ങൾക്ക് ഹിദായത്തിന്റെ നിമിത്തമായി ഭവിക്കേണ്ടുന്ന ഒരു വിശുദ്ധ വ്യക്തിത്വമായി ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വിനെ അല്ലാഹു തിരഞ്ഞെടുത്തതിന്റെ മുന്നോടിയായിയിരുന്നു ഈ അനാഥത്വവും തീക്ഷ്ണാനുഭവങ്ങളും. ജനനം മുതൽ തന്നെ ഖ്വാജാ(റ) വിന്റെ വ്യക്തിത്വത്തിൽ പ്രായത്തിനപ്പുറമുള്ള ഒരു പക്വത അന്തർലീനമായിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥമായതിനുശേഷം പിതാവിൽ നിന്ന് അനന്തരാവകാശമായി ലഭിച്ച ഫലങ്ങൾ കായ്ക്കുന്ന ഒരു തോട്ടത്തെ ചുറ്റിപ്പറ്റിയാണ് കുറച്ചു കാലം ഖ്വാജാ(റ) ജീവിച്ചത്.

മഹാനവർകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ സൃഷ്ടിച്ച സവിശേഷമായ ഒരു സംഭവം ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകാണുന്നുണ്ട്. ആ സമയം പതിനഞ്ചാമത്തെ വയസ്സായിരുന്നു ഖ്വാജാ(റ)വിന്. തന്റെ തോട്ടത്തിലെ ഫലവ്യക്ഷങ്ങളുടെ പരിചരണവുമായി കഴിഞ്ഞുകൂടുന്ന ഒരു ദിനം മഹാനവർകളുടെ മുന്നിലേക്ക് മജ്ദൂബായ ഒരു അതിഥി വന്നെത്തി. അല്ലാഹുവിൽ ലയിച്ച അവന്റെ ഔലിയാക്കളോട് സവിശേഷമായ മുഹബ്ബത്തും ആദരവും വെച്ച് പുലർത്തിയിരുന്ന ഖ്വാജാ(റ) തന്റെ മുന്നിലെത്തിയ ഈ അതിഥി അല്ലാഹുവിന്റെ വിശുദ്ധനായ ഒരു വലിയ്യാണെന്ന് വേഗം തന്നെ തിരിച്ചറിഞ്ഞു. അതിനാൽ മജ്ദൂബായ ആ വലിയ്യിനെ കണ്ടതോടെ അവരുടെ അടുത്തേക്ക് ഏറെ ആദരവോടെ ഓടിച്ചെല്ലുകയും അവരുടെ കൈകൾ പിടിച്ച് തോട്ടത്തിലേക്ക് സ്വീകരിച്ചാനയിക്കുകയും തോട്ടത്തിലെ ഒരു മരത്തണലിൽ കൊണ്ടു വന്നു ആദരവോടെ അദ്ദേഹത്തെ ഇരുത്തുകയും ചെയ്തു. തുടർന്ന് തോട്ടത്തിൽ നിന്ന് വിവിധയിനം വിശേഷിക്കപ്പെട്ട പഴങ്ങൾ അറുത്തെടുത്ത് തന്റെ അതിഥിയെ ഭക്ഷിപ്പിക്കാനാരംഭിച്ചു. കൗമാരക്കാരനായ ഈ കുട്ടിയിൽ ഉന്നതമായ ഭാവിയും ഔന്നത്യപദവികളും ദർശിച്ച വലിയ്യ് തനിക്ക് നൽകപ്പെട്ട ഫലങ്ങളിൽ നിന്ന് അൽപം മുന്തിരി മാത്രമെടുത്ത് കഴിക്കുകയും തന്റെ സംതൃപ്തിയുടെ കടാക്ഷം നൽകി ഖ്വാജാ(റ) വിനെ അനു​ഗ്രഹിക്കുകയും ചെയ്തു. അനാഥനായ ഈ കുട്ടിയോട് സവിശേഷമായ മുഹബ്ബത്തും അടുപ്പവും തോന്നിയ ആ വലിയ്യ് തന്റെ ഭാണ്ഡത്തിൽ നിന്ന് ഒരു റൊട്ടിയെടുത്ത് വായിലിട്ട് ചവച്ചരക്കുകയും ശേഷം തന്റെ വായിൽ നിന്നതെടുത്ത് ഉമിനീർ സഹിതം ഏറെ വാത്സല്യത്തോടെ ഖ്വാജാ(റ) വിന്റെ വായിൽ വെച്ചു കൊടുക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെ ഇത് ഭക്ഷിച്ച ഖ്വാജാ(റ) വിന്റെ ആന്തരികാവസ്ഥകളിൽ പിന്നീട് വലിയ മാറ്റങ്ങളാണുണ്ടായത്. മജ്ദൂബായിരുന്ന സൂഫിവര്യൻ വിടപറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് ഖ്വാജാ(റ)വിലുണ്ടായ പരിവർത്തനങ്ങൾ തുടർന്നുള്ള ജീവിതത്തിൽ നിലനിന്നു. വി ഖ്യാതനായ സൂഫി ഇബ്രാഹിം ഖുൻദുസി(റ) യായിരുന്നു മജ്ദൂബായ ഈ വലിയ്യ്.
ഈ അനുഭവം ഖാജാ(റ) വിന്റെ അല്ലാഹുവിലേക്കുള്ള സുലുക്കിയായ ജീവിതത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ പിതാവിൽ നിന്ന് അനന്തരമായി ലഭിച്ച ഫലസമൃദ്ധമായ ആ തോട്ടം അല്ലാഹുവിന്റെ വഴിയിൽ വഖ്ഫ് ചെയ്യുകയും വീട്ടിലവശേഷിച്ച നാണയങ്ങളും മറ്റും ഫഖീറന്മാർക്ക് വീതിച്ചു നൽകുകയും ചെയ്ത ശേഷം മഹാനവർകൾ ആത്മാന്വേഷിയായി ഇറങ്ങിത്തിരിച്ചു.

ദീനി വിജ്ഞാനങ്ങളോട് ആദ്യമേ തന്നെ അടങ്ങാത്ത താത്പര്യമുണ്ടായിരുന്ന ഖ്വാജാ മുഈനുദ്ദീൻ (റ) വിജ്ഞാനം നേടാനായി അക്കാലത്തെ പ്രമു ഖ വിജ്ഞാന കേന്ദ്രങ്ങളായിരുന്ന ബുഖാറയിലും സമർഖന്തിലുമെത്തി. യോഗ്യരായ മശാഇഖന്മാരിൽ നിന്ന് ദീനിന്റെ വിവിധ വിജ്ഞാനങ്ങളിൽ അ​ഗാധപരിജ്ഞാനം നേടാനാരംഭിച്ചു. ദീനിന്റെ ബാഹ്യവിജ്ഞാന മേഖലയായ ശരീഅത്ത് വിജ്ഞാനങ്ങളിൽ നല്ല പരിജ്ഞാനം സിദ്ധിക്കാൻ ഈ ഘട്ടത്തിൽ സാധിച്ചു. കർമ്മശാസ്ത്രവും ഹദീസും തഫ്സീറും ആവശ്യമായ തോതിൽ ഇതര വിജ്ഞാനീയങ്ങളും ഖ്വാജാ(റ) സ്വായത്തമാക്കി. മൗലാനാ ഹുസാമുദ്ദീൻ ബുഖാരി(റ) യെ പോലുള്ള മഹാന്മാരായ ഉസ്താദന്മാരെ തന്നെ ഈ ഘട്ടത്തിൽ മഹാനവർകൾക്ക് ഗുരുവര്യരായി ലഭിച്ചു. എന്നാൽ ളാഹിരി വിജ്ഞാന സമ്പത്തുകൊണ്ട് പരിമിതമാക്കുന്നതായിരുന്നില്ല ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വിന്റെ വൈജ്ഞാനിക ത്വര.
അങ്ങനെ ബുഖാറയിൽ നിന്നും സമർക്കന്ദിൽ നിന്നും വിജ്ഞാനമാർജ്ജിച്ച ശേഷം മഹാനവർകൾ ബാത്വിനി വിജ്ഞാനങ്ങൾ തേടി എത്തിപ്പെട്ടത് നിശാപൂരിലായിരുന്നു. ഇതിനുമുമ്പ് സൻജാൻ, ബഗ്ദാദ് പോലുള്ള പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് അറിവും അനുഭവങ്ങളും സിദ്ധിച്ചിരുന്നു. അക്കാ ലത്ത് നിശാപൂരിലെ ചിശ്തി ഗുരുവായിരുന്ന ശൈഖ് ഉസ്മാൻ ഹാറൂനി (റ) വിന്റെ ഖാൻഗാഹിലെത്തിയപ്പോഴാണ് താൻ തേടിക്കൊണ്ടിരിക്കുന്ന യഥാർത്ഥ വിജ്ഞാനത്തിന്റെ ഉറവിടം ഇതുതന്നെയാണെന്ന് ഖ്വാജാ(റ) തിരിച്ചറിഞ്ഞത്.

ശൈഖ് ഉസ്മാൻ ഹാറൂനി(റ) യുടെ ഔന്നത്യവും മഹത്വവും ബാത്വിനി വൈജ്ഞാനികമേഖലകളിലുള്ള അവഗാഹവും ഉന്നതമായിരുന്നുവെന്ന കാര്യം നിശാപൂരിലെത്തുന്നതിനുമുമ്പ് തന്നെ മഹാനവർകൾ പലരിൽ നിന്നും കേട്ടിരുന്നു. ശൈഖ് ഉസ്മാൻ ഹാറൂനി(റ) യുടെ സവിധത്തിൽ ഖ്വാജാ(റ) എത്തുന്നതിനുമുമ്പ് തന്നെ കശ്ഫ് മുഖേന ഇങ്ങനെയൊരു ശിഷ്യന്റെ ആഗമനത്തെ കുറിച്ച് ശൈഖിന് അറിവ് ലഭിച്ചിരുന്നതിനാൽ അ വർ കാത്തിരിക്കുകയായിരുന്നു. മഹത്തായ ആ സമാഗമ മുഹൂർത്തം ചില ചരിത്ര രേഖകളിൽ നിന്ന് വിവരങ്ങളുദ്ധരിച്ച് ഇപ്രകാരം സംഗ്രഹിക്കപ്പെട്ടി ട്ടുണ്ട്.
“അസർ നിസ്കാരത്തിന്റെ ശേഷമുള്ള സമയം. ധാരാളം മുരീദുകൾക്കും ശൈഖവർകളെ സ്നേഹിക്കുന്നവരായ പരിസര വാസികൾക്കും പൗര പ്ര മുഖന്മാർക്കും ഇടയിൽ ഒരു പീഠത്തിലായി മഹാനവർകൾ ഉപവിഷ്ഠരായിരിക്കുകയാണ്. അവിടെ സന്നിഹിതരായവരുടെ മേൽ ഫുയൂളുകളുടെയും ബറകാത്തുകളുടെയും അനുഗ്രഹവർഷം പെയ്തുകൊണ്ടിരുന്നു. ഖ്വാജാ (റ) ബിസ്മില്ലാഹ് എന്ന് മൊഴിഞ്ഞ് ആ സദസിലേക്ക് കാലെടുത്തു വെക്കുന്ന നേരം ശൈഖവർകൾ മുറാഖബയിൽ നിന്ന് തലയുയർത്തി. തേടുന്നവരുടെയും തേടപ്പെടുന്നവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി. മഹത്തായ സമാഗമത്തിന്റെ ആ ധന്യ മുഹൂർത്തത്തിൽ ശൈഖുനാ ഉസ്മാൻ ഹാറൂനി(റ) വിന്റെ ചുണ്ടിൽ ഒരു പേർഷ്യൻ കവിത വിരിഞ്ഞു. കണ്ടിരുന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച വൈകാരിക തീവ്രതയാർന്ന ഒരു മുഹൂർത്തമായിരുന്നു അത്. ഖ്വാജാ (റ) വിന്റെ 20-ാം വയസ്സിലാണ് ശൈഖ് ഉസ്മാൻ ഹാറൂനി(റ) വുമായുള്ള ഈ സമാഗമവും ബൈഅത്തും.

അക്കാലത്തെ ചിശ്തി ധാരയിലെ സമുന്നതനായ ഒരു ശൈഖായിരുന്നു ഉസ്മാൻ ഹാറൂനി(റ), ശൈഖ് ഉസ്മാൻ ഹാറൂനി(റ) വുമായുള്ള മഹാനവ ർകളുടെ ഈ സഹവാസം ഇരുപത് വർഷക്കാലമാണ് തുടർന്നത്. ശൈഖവർകളുടെ യാത്രകളിൽ സദാ സേവകനും സന്തത സഹചാരിയുമായി ഉ ണ്ടായിരുന്നത് ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വായിരുന്നു. ഇടതടവില്ലാത്ത ഈ സഹവാസത്തിലൂടെ തന്റെ ശൈഖിൽ നിന്നും ഹഖീഖത്തിന്റെയും മഅ് രിഫത്തിന്റെയും വിജ്ഞാനങ്ങൾ നേടിയെടുത്തു. അങ്ങേയറ്റത്തെ സമർപ്പണത്തോടെ തന്റെ ശൈഖിന്റെ സന്തത സഹചാരിയായി. നിരവധി യാത്രകൾ ചെയ്ത് ത്യാഗപൂർണ്ണമായ ഖിദ്മത്തുകളിലൂടെ ശൈഖിന്റെ എല്ലാ തൃപ്തിയും നേടിയെടുത്ത മഹാനവർകളെ ഒരു മഹത്തായ ദൗത്യത്തിലേക്ക് അല്ലാഹു പരുവപ്പെടുത്തുകയായിരുന്നു. ശൈഖുമായുള്ള നീണ്ട ഇരുപതു വർഷത്തെ സഹവാസത്തിന് ശേഷം ശൈഖവർകളിൽ നിന്ന് ചിശ്തി സിൽസിലയുടെ ഖിലാഫത്തും ഖിർക്കയും ലഭിച്ചു. അതോടൊപ്പം ശൈഖവർകളുടെ തബർറുഖാത്തുകളായ പുതപ്പും മുസല്ലയും പാദരക്ഷയും ഖ്വാജാ(റ) വിന് ലഭിച്ചു.

മറ്റ് സൂഫികളുമായുള്ള സഹവാസം

മഹാനായ ഉസ്മാൻ ഹാറൂനി(റ) വിൽ നിന്നും ഇൽമും ഇർഫാനും തസ്കിയ്യത്തും തർബിയ്യത്തുമെല്ലാം സിദ്ധിച്ച് ചിശ്തി സിൽസിലയിൽ ഖിലാഫത്തും ഖിർക്കയുമെല്ലാം ലഭിച്ച ശേഷം ശൈഖിന്റെ ആജ്ഞ അനുസരിച്ച് അല്ലാഹുവിന്റെ വഴിയിൽ ഇറങ്ങിത്തിരിച്ചു. എല്ലാ അർത്ഥത്തിലും പക്വതയും പാകതയും വന്ന നാൽപതാം വയസ്സിലായിരിക്കാം മഹാനവർകൾ ശൈഖ് ഉസ്മാൻ ഹാറൂനി(റ) വിന്റെ അനുമതി പ്രകാരം ശൈഖിന്റെ സഹവാസത്തിൽ നിന്ന് പിരിഞ്ഞത്. ശേഷം പല പ്രദേശങ്ങളിലും സഞ്ചരിച്ച ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വിന് ഉന്നതരായ മശാഇഖന്മാരുമായി സന്ധിക്കാനും അറിവും അനുഭവങ്ങളും നേടാനും അവസരമുണ്ടായി. ഇങ്ങനെ സന്ധിച്ച വിശുദ്ധ വ്യക്തിത്വങ്ങളിൽ പ്രമുഖരാണ് സിജിസ്ഥാനിലെ ശൈഖ് സദറുദ്ദീൻ മുഹമ്മദ്(റ). ബഹുമാനപ്പെട്ടവരുടെ ഖാൻഗാഹിൽ ഖ്വാജാ (റ) ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. ഇതോടെപ്പം ശൈഖ് നജ്മുദ്ദീൻ കുബ്റ(റ), ശൈഖ് ളിയാവുദ്ദീൻ സുഹ്റവർദ്ധി(റ), ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദ്ധി(റ), ശൈഖ് ഔഹദുദ്ധീൻ കിർമാനി(റ), ശൈഖ് നാസറുദ്ദീൻ അസ്തറാബാദി(റ), ശൈഖ് അബൂ സഈദ് തബ്രീസി(റ) ഇങ്ങനെ അക്കാലത്തെ പ്രമുഖരായ മശായിഖന്മാരുമൊത്ത് സഹവസിക്കാനും അവരുടെ അനുഗ്രഹങ്ങൾ നേടാനും സാധിച്ചു. അല്ലാഹുവിൽ സമ്പൂർണ്ണമായും ലയിച്ച, ജീവിതം പരിപുർണ്ണമായും സമർപ്പിച്ച ഇത്തരം നിരവധി മഹത്തുക്കളുമായി സന്ധിക്കാനും അവരിൽ നിന്ന് അറിവും അനുഭവങ്ങളും പകർന്നെടുക്കുവാനും ഖ്വാജ(റ) വിന് സാധിച്ചിട്ടുണ്ട്.

ആത്മീയ പാതയിലെ നിരന്തരമായ സഞ്ചാരത്തിന്നിടയിൽ ഖ്വാജാ(റ) വി ന്റെ ജീവിതത്തിൽ സവിശേഷക്കാരായ ഔലിയാക്കളുടെ ജീവിതത്തിലു ണ്ടാകുന്ന പല അത്ഭുത സംഭവങ്ങളും പ്രത്യക്ഷമാകാൻ തുടങ്ങി. ഒരിക്കൽ യാത്രക്കിടെ സബ്സുവാർ എന്ന സ്ഥലത്തെത്തിയപ്പോൾ അവിടെയു ണ്ടായിരുന്ന ഒരു ഉദ്യാനത്തിൽ ഒരു ജലാശയത്തിനടുത്ത് ഖ്വാജാ(റ) വിശ്രമിക്കുകയായിരുന്നു. ആ സമയത്താണ് അവിടുത്തെ ഭരണാധികാരിയും ശീഈ വിശ്വാസിയുമായിരുന്ന യാദ്കാർ മുഹമ്മദ് തന്റെ പരിവാരങ്ങളോടൊപ്പം ഉല്ലാസത്തിനും വിശ്രമത്തിനുമായി അവിടെയെത്തിയത്. താൻ സ്ഥിരം എത്താറുള്ള ഈ ഉല്ലാസ കേന്ദ്രത്തിൽ ഒരു അപരിചിതനെ കണ്ടപ്പോൾ രാജാവ് അസ്വസ്ഥനായി. രാജാവിന്റെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ ഖ്വാജാ (റ) പ്രത്യേകമായ ഒരു കാരുണ്യത്തോടെ രാജാവിന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ചു. ആ നോട്ടം രാജാവിനെ ബോധരഹിതനാക്കി. ഉടനെ തന്നെ രാജാവ് നിലം പതിച്ചു. അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും സംഭവങ്ങൾക്ക് സാക്ഷിയായി നിൽക്കുന്ന പരിവാരങ്ങൾ നോക്കി നിൽക്കെ ഖ്വാജാ(റ) ജലാശയത്തിൽ നിന്ന് അൽപം വെള്ളമെടുത്ത് രാജാവിന്റെ മുഖത്ത് തെളിച്ചു. ഉടനെ തന്നെ രാജാവിന് ബോധം തെളിയുകയും ഖ്വാജ(റ) വിന്റെ പാദങ്ങളിൽ വീഴുകയും ചെയ്തു. അങ്ങനെ അദ്ദേഹം തന്റെ വിശ്വാസ വൈകല്യങ്ങളെല്ലാം ഒഴിവാക്കി, തന്റെ പരിവാരങ്ങളോടൊത്ത് ഖ്വാജാ(റ) വിന്റെ ശിഷ്യത്വം സ്വീകരിച്ചു. രാജാവ് തന്റെ മുഴുവൻ സമ്പത്തും ഖ്വാജ(റ) വിന്റെ മുന്നിൽ സമർപ്പിക്കാൻ സന്നദ്ധനായി. എന്നാൽ ശൈഖവർകൾ അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അക്രമവും അനീതിയും ചെയ്ത് പിടിച്ചെടുത്ത ഈ സമ്പത്ത് മുഴുവൻ അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരിച്ചേൽപിക്കാൻ ഖ്വാജാ(റ) പുതിയ മുരീദിനോട് ആവശ്യപ്പെട്ടു. കൽപന ശിരസാവഹിച്ച് രാജാവ് അപ്രകാരം ചെയ്യുകയും പിന്നീട് പരിപൂർണ്ണമായും പരിത്യാഗത്തിന്റെ ജീവിത ശൈലി സ്വീകരിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം പിൽക്കാലത്ത് തന്റെ അടിമകളെയും സേവകരെയും മോചിപ്പിക്കുകയും ബാധ്യതകളെല്ലാം വീട്ടുകയും ചെയ്ത് ശൈഖിൽ നിന്നും ആന്തരീക വിജ്ഞാനങ്ങൾ നേടിയെടുത്ത് ഖിർക്കയും ഖിലാഫത്തും നേടി ജനങ്ങളെ സംസ്ക്കരിക്കുന്ന ഒരു മഹാനായി രൂപാന്തരപ്പെടുകയും ചെയ്തു.

ഇന്ത്യയിലെത്തുന്നു

ഖ്വാജാ(റ) വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി മക്കയിലെത്തിയപ്പോൾ കഅ്ബയെ ത്വവാഫ് ചെയ്ത് കൊണ്ടിരിക്കെ ഒരശരീരി:
“ഓ മുഈനുദ്ദീൻ… ഞാൻ നിങ്ങളിൽ സംതൃപ്തനായിരിക്കുന്നു. താങ്കൾക്ക് മോക്ഷം നൽകിയിരിക്കുന്നു. താങ്കൾ ഇഷ്ടപ്പെട്ടത് ചോദിച്ചാലും.“ മഹാനവർകൾ ആദര പൂർവ്വം ആവശ്യപ്പെട്ടത് ഇപ്രകാരമാണ്:
“അല്ലാഹുവേ…ഈ മുഈനുദ്ദീന്റെ മുരീദുകൾക്കും അനുയായികൾക്കും മോക്ഷം നൽകിയാലും.“
അതിനു പ്രത്യുത്തരമെന്നോണം ഇങ്ങനെ കേൾക്കുന്നതായി അനുഭവപ്പെട്ടു:
“ഹേ മുഈനുദ്ദീൻ നിങ്ങളുടെ അഭ്യർത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു. താങ്കളോടൊപ്പം മുരിദുകൾക്കും അനുയായികൾക്കും മോക്ഷം നൽകപ്പെട്ടിരിക്കുന്നു. ഖിയാമത്ത് നാളിൽ അവർ നിങ്ങളോട് കൂടെ തന്നെയായിരിക്കും.”
അങ്ങനെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ഖ്വാജാ(റ) വിന് ഉടനെ തന്നെ മദീനയിലെത്താനുള്ള ഉത്ക്കടമായ ആ​ഗ്രഹമുണ്ടായി. മദീനയിൽ നിന്ന് അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങളിൽ നിന്ന് ഇന്ത്യയിലെ അജ്മീറിലേക്ക് പോകാനും അവിടെ ഇസ് ലാമിക പ്രബോധനം നിർവ്വഹിക്കാനും ശേഷിക്കുന്ന ജീവിതം അവിടെ തുടരാനും സ്വപ്ന ദർശനമുണ്ടായി. സവിശേഷമായ ആ ​ദർശനവേളയിൽ തിരുനബി(സ്വ) തങ്ങളിൽ നിന്ന് ലഭിച്ച ആ നിർദ്ദേശം ചരിത്ര​ഗ്രന്ഥങ്ങളിൽ ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്:
“ഓ…മുഈനുദ്ദീൻ…താങ്കൾ എന്റെ ദീനിന്റെ സഹായിയാണ്. ഞാൻ നിങ്ങളെ ഇന്ത്യയിലേക്ക് അയക്കുകയാണ്. അവിടെ അജ്മീറിൽ ചെന്ന് സത്യസന്ദേശം പ്രചരിപ്പിക്കുക.“
ചില ​ഗ്രന്ഥങ്ങളിൽ “താങ്കളുടെ പ്രവേശനസ്ഥാനവും അന്ത്യവിശ്രമസ്ഥാനവും അജ്മീറായിരിക്കും“ എന്നും നിവേദനം ചെയ്യപ്പെടുന്നുണ്ട്. ഇതായിരുന്നു സ്വപ്ന സന്ദേശം. ഖ്വാജാ(റ) വിന് ഇന്ത്യയിൽ അജ്മീർ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കൃത്യമായി അറിയില്ലായിരുന്നു. എന്നാൽ അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങൾ വീണ്ടും ഖ്വാജാ(റ) വിന്റെ സ്വപ്നത്തിൽ വരികയും ഭൂമിയെ പ്രതീകവത്കരിക്കുന്ന ഒരു ഉറുമാമ്പഴത്തിന്റെ സഹായത്തോടെ അജ്മീറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാണിച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ തിരുനബി(സ്വ) തങ്ങളുടെ പ്രതിനിധിയായി അവിടുത്തെ മാർ​ഗദർശനം അനുസരിച്ചായിരുന്നു ഖ്വാജാ(റ) ഇന്ത്യയിലെത്തിയത്. അജ്മീറിലെത്തിയപ്പോൾ ഖ്വാജാ(റ) അവിടെ ഒരു വൃക്ഷത്തണലിലാണ് താമസമാരംഭിച്ചത്. അജ്മീറിലെ ജനങ്ങൾ തങ്ങളിലേക്ക് ആ​ഗതമായ ഈ മഹത്തായ അനു​ഗ്രഹത്തെ തിരിച്ചറിയുകയും മഹാനവർകളിൽ നിന്ന് ഫലം സിദ്ധിക്കുന്നവരായി മാറുകയും ചെയ്തു. അവരിലൂടെ പ്രഭവം കൊണ്ട ജ്ഞാനപ്രവാഹം ഉത്തരേന്ത്യയുടെ ഒട്ടെല്ലാ ഭാ​ഗങ്ങളിലും വ്യാപിക്കുകയും ജന സമൂഹ​ങ്ങൾ സത്യത്തിന്റെ സാക്ഷികളും പ്രബോധകരുമായി മാറുകയും ചെയ്തു. വിദൂദിക്കുകളിൽ നിന്നുള്ള ജനങ്ങൾ ഇടതടവില്ലാതെ അവരെ തേടി വരികയും സന്മാർ​ഗം സ്വീകരിച്ച് തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
സാമൂഹികമായ ഉച്ചനീചത്വങ്ങളാലും ദുരാചാരങ്ങളാലും അന്ധകാര നിബിഡമായ ഒരു രാജ്യത്ത് ഇസലാമിന്റെ വെളിച്ചമെത്തിച്ച് ജനസമൂഹങ്ങളു ടെ സംസ്കരണത്തിന് നേതൃത്വം നൽകിയ ആ മഹാൻ ലക്ഷക്കണക്കിന് മനുഷ്യരുടെ സന്മാർഗ പ്രവേശനത്തിന് കാരണക്കാരനായ അത്യപൂർവ്വ സിദ്ധികളുള്ള ഒരു സൂഫിയായിരുന്നു. അല്ലാഹുവിന്റെ ഹബീബായ തിരുനബി(സ്വ) യിൽ നിന്നുള്ള പ്രത്യേകമായ മാർഗനിർദ്ദേശത്തോടെ ഇന്ത്യയി ലേക്ക് നിയോഗിക്കപ്പെട്ട സ്മര്യപുരുഷൻ അവർക്കുള്ള അത്വാഉർറ സൂൽ(സ്വ) എന്ന വിശേഷണ നാമത്തെ അന്വർത്ഥമാക്കുന്ന വിധമുള്ള അനു ഗൃഹീത സാന്നിധ്യമായിരുന്നു.

ശൈഖുനാ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) എല്ലാ വിഭാഗം ജനങ്ങൾക്കും അഭയ കേന്ദ്രമായിരുന്നു. പലവിധ ആവശ്യങ്ങൾക്കും വേണ്ടി മഹാനവർകളെ ജനങ്ങൾ സമീപിച്ചു. അശരണർക്കും ആലംബഹീനർക്കും അവർ അത്താണിയായി. രോഗികൾക്കും ദുഃഖിതർക്കും ആശ്വാസം പകർന്നു. വിശക്കുന്നവർക്ക് ഭക്ഷണവും വസ്ത്രമില്ലാത്തവർക്ക് വസ്ത്രവും നൽകി. സർവ്വോപരി തന്റെ അടുത്ത് വരുന്ന ഓരോരുത്തരെയും സൃഷ്ടികളുമായുള്ള ഖൽബിന്റെ ബന്ധം മുറിച്ച് സ്രഷ്ടാവിനോട് ബന്ധമുള്ളവരാക്കി. യഥാർത്ഥ തൗഹീദിന്റെ ജീവിത ദർശനം മഹാനവർകൾ ജനങ്ങളെ പരിശീലിപ്പിച്ചു. അക്കാലത്ത് നില നിന്ന ജാതിയും ശ്രേണീകൃതമായ സാമൂഹിക ബന്ധങ്ങളും ഉലഞ്ഞു. ചാതുർവർണ്യത്തിലധിഷ്ഠിതമായ അധികാര ഘടന ഘട്ടംഘട്ടമായി തിരോഭവിക്കുന്ന വിധം അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് ശക്തമായ കുത്തൊഴുക്കുണ്ടായി. ജനങ്ങൾ ധാരാളമായി ഇസ്ലാം സ്വീകരിക്കുകയും ഇസ്ലാമിക സംസ്കാരത്തിന്റെ പ്രഭാപ്രസരണങ്ങൾ സാമൂഹിക ജീവിതത്തിൽ പ്രകടമായി തുടങ്ങുകയും ചെയ്തപ്പോൾ ആ ജനങ്ങൾ അർഹിക്കുന്ന ഭരണാധികാരികളെ അല്ലാഹു കൊണ്ടുവന്നു.

ശൈഖുനാ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) എല്ലാ വിഭാഗം ജനങ്ങൾക്കും അഭയ കേന്ദ്രമായിരുന്നു. പലവിധ ആവശ്യങ്ങൾക്കും വേണ്ടി മഹാനവർകളെ ജനങ്ങൾ സമീപിച്ചു. അശരണർക്കും ആലംബഹീനർക്കും അവർ അത്താണിയായി. രോഗികൾക്കും ദുഃഖിതർക്കും ആശ്വാസം പകർന്നു. വിശക്കുന്നവർക്ക് ഭക്ഷണവും വസ്ത്രമില്ലാത്തവർക്ക് വസ്ത്രവും നൽകി. സർവ്വോപരി തന്റെ അടുത്ത് വരുന്ന ഓരോരുത്തരെയും സൃഷ്ടികളുമായുള്ള ഖൽബിന്റെ ബന്ധം മുറിച്ച് സ്രഷ്ടാവിനോട് ബന്ധമുള്ളവരാക്കി. യഥാർത്ഥ തൗഹീദിന്റെ ജീവിത ദർശനം മഹാനവർകൾ ജനങ്ങളെ പരിശീലിപ്പിച്ചു. അക്കാലത്ത് നില നിന്ന ജാതിയും ശ്രേണീകൃതമായ സാമൂഹിക ബന്ധങ്ങളും ഉലഞ്ഞു. ചാതുർവർണ്യത്തിലധിഷ്ഠിതമായ അധികാര ഘടന ഘട്ടംഘട്ടമായി തിരോഭവിക്കുന്ന വിധം അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് ശക്തമായ കുത്തൊഴുക്കുണ്ടായി. ജനങ്ങൾ ധാരാളമായി ഇസ്ലാം സ്വീകരിക്കുകയും ഇസ്ലാമിക സംസ്കാരത്തിന്റെ പ്രഭാപ്രസരണങ്ങൾ സാമൂഹിക ജീവിതത്തിൽ പ്രകടമായി തുടങ്ങുകയും ചെയ്തപ്പോൾ ആ ജനങ്ങൾ അർഹിക്കുന്ന ഭരണാധികാരികളെ അല്ലാഹു കൊണ്ടുവന്നു. ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ അർത്ഥത്തിലും തുരങ്കം വെച്ചിരുന്ന പൃഥ്വിരാജ് ചൗഹാന്മാരുടെ അധികാരത്തിന് അറുതിയായി. ശിഹാബുദ്ദീൻ ഗോറിയും സൈന്യവും പൃഥ്വിരാജ് ചൗഹാന്മാരെ തുരത്തി അധിശത്വം നേടി. ഇന്ത്യയിലെ നൂറ്റാണ്ടുകൾ നീണ്ടു നിന്ന മുസ്ലിം ഭരണത്തിന് അടിക്കല്ലിട്ടു. തുടർന്ന് ചിശ്തി മശാഇഖന്മാരോട് അങ്ങേയറ്റത്തെ ആദരവും സമർപ്പണവും പ്രകടിപ്പിച്ച ഇൽത്തുമിഷ് പോലുള്ള ഭരണാധികാരികൾ വന്നു. പ്രജാക്ഷേമവും ഐശ്വര്യവും കളിയാടുന്ന, മനുഷ്യരെ ജാതീയമായ ഉച്ചനീചത്വങ്ങളാൽ വിഭജിക്കാത്ത സാമൂഹിക സാഹചര്യങ്ങൾ സംജാതമായി. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഈ മുഴുവൻ മാറ്റങ്ങൾക്കും അക്കാലത്ത് അടിത്തറയായത് ഇലാഹി പ്രണയത്തിലും മാനവിക മഹത്വത്തിലും മനുഷ്യ സാഹോദര്യത്തിലും അധിഷ്ഠിതമായ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വിന്റെ പ്രവർത്തനങ്ങളായിരുന്നു. അങ്ങനെ അന്നും ഇന്നും ഇന്ത്യ ഭരിച്ച എല്ലാ സുൽത്വാന്മാരും രാജാക്കന്മാരും മറ്റ് ഭരണാധികാരികളും ആദരവോടെ പരിഗണിക്കുന്ന സുൽത്വാനുൽ ഹിന്ദ് തന്നെയായി ഖ്വാജാ മുഈനു ദ്ദീൻ ചിശ്തി(റ) ജനമനസ്സുകളിൽ ജീവിക്കുന്നു.

സന്ദേശ സാരം

ഖാജാ(റ) വിന്റെ അദ്ധ്യാപനങ്ങൾ ചിശ്തി സിൽസിലയിലെ ഉന്നതരായ ഔലിയാക്കൾ വഴിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് അതിന്റെ ആദിമ വിശുദ്ധിയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ആ മൊഴികളെയും കാവ്യാത്മകമായ അനുഭവൈക വിവരണണങ്ങളെയും രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളിൽ നിന്ന് ജീവചരിത്രകാരന്മാർ പകർത്തിയെടുത്ത വൈജ്ഞാനിക ശകലങ്ങൾ നിരവധിയാണ്. ആ വിജ്ഞാനമുത്തുകളെല്ലാം മഅ് രി ഫത്തിന്റെ പ്രഭ പ്രസരിപ്പിക്കുന്നതും അല്ലാഹുവുമായുള്ള അടിമയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതുമാണ്. അല്ലാഹുവിനെ സദാ ഉണർന്നറിഞ്ഞ് അവനോടുള്ള ഇശ്കിലും മുഹബ്ബത്തിലുമായി വിനയാന്വിതനായ ഒരടിമയായി ഓരോ മനുഷ്യരെയും പരിവർത്തിപ്പിക്കാൻ പ്രചോദനമാകുന്ന പ്രഭാപൂരിതമായ ആ വാക്കുകളിൽ ചിലത് ഇപ്രകാരം സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്:

“ഓരോ അനക്കത്തിലും അടക്കത്തിലും അല്ലാഹുവിനെ അറിയുന്നവനാണ് ആരിഫ്, അഥവാ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഉ ണരുമ്പോഴും അല്ലാഹുവിന്റെ ഖുവ്വത്തിലാണതെന്ന് അറിയുന്നവനും അതിൽ ലയിച്ചവനും അതിൽ ആശ്ചര്യം കൊള്ളുന്നവനുമാണ്. അല്ലാഹുവി നോടുള്ള യഥാർത്ഥ ഇശ്ക് ഈയവസ്ഥ പ്രാപിച്ചവനിലാണുള്ളത്. ഇങ്ങിനെയുള്ള ഒരു ആരിഫ് ആയിത്തീർന്നാൽ ആയിരക്കണക്കിന് മാലാഖമാർ അവനെ അഭിമുഖീകരിക്കും. എന്നാൽ അവൻ അവരിലേക്ക് തിരിയുകയില്ല. സദാ സമയവും പുഞ്ചിരിക്കുന്നവനും ആലമെ മലകൂത്തിലെ അല്ലാ ഹുവിന്റെ സന്നിധിയിലുള്ള അവന്റെ സമീപസ്ഥരിലേക്ക് ദൃഷ്ടി പതിപ്പിക്കുന്നവനുമായിരിക്കും അവൻ. അവരുടെ അനക്കമടക്കങ്ങൾ കണ്ട് അവൻ പുഞ്ചിരിക്കും. എന്തായാലും പൂർണ്ണനായ ഒരു ആരിഫിന്റെ സഞ്ചാരവും അവരെത്തുന്ന വിതാനവും ഏതു വരെയാണെന്നത് അല്ലാഹുവിന് മാത്ര മെ അറിയുകയുള്ളൂ.“

ഖ്വാജാ(റ) വിന്റെ മൊഴിമുത്തുകൾ ഇങ്ങനെ തുടരുന്നു:
“ആരിഫ് ലോകത്തെ ശത്രുവായി പരിഗണിക്കുന്നവനും അല്ലാഹുവ മിത്രമാക്കുന്നവനുമാണ്. അവനെ ദുനിയാവിന്റെ ബഹളങ്ങളോ അലങ്കാര ങ്ങളോ സംഘർഷങ്ങളോ അലോസരപ്പെടുത്തുന്നില്ല. സദാ സമയവും അല്ലാഹുവിന്റെ റുബൂബിയ്യത്തിന്റെയും വഹ്ദാനിയ്യത്തിന്റെയും ജലാൽ അ വൻ ദർശിക്കുകയും അല്ലാഹു അല്ലാത്തതിനെ കാണുന്നതിൽ നിന്ന് അവന്റെ ദൃഷ്ടി അന്ധമാകുകയും ചെയ്യും. ആരിഫ് സൃഷ്ടികളോട് നിരാശ്രയ ത്വമുള്ളവനായിരിക്കും. സർവ്വ അവലംബവും അവന് അല്ലാഹു ആയിരിക്കും. അവന്റെ മുഖ്യ സ്വഭാവം ഇഖ്ലാസുമായിരിക്കും. ആരിഫിന്റെ ഉടമ ത്വത്തിലൊന്നുമില്ല. അവനോ അല്ലാഹുവൊഴികെ മറ്റൊന്നിന്റെയും ഉടമത്വത്തിലുമല്ല.“

ഒരു ശരിയായ ആരിഫിനെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളെയാണ് ഖ്വാജാ(റ) ഈ സൂചനകളിലൂടെ മാലോകരെ പഠിപ്പിച്ചത്.
അല്ലാഹുവിനോടുള്ള വിശുദ്ധാനുരാഗത്താൽ സദാ ലയിച്ച് അവർ ആ അവസ്ഥയിൽ തന്നെയായാണ് വിസാലായതും. അല്ലാഹുവിനോടുള്ള ഇശ്ഖും മുഹബ്ബത്തും കാരണമായി അവരുടെ വഫാത്ത് സമയത്ത് അവിടുത്തെ പരിശുദ്ധ നെറ്റിത്തടത്തിൽ തെളിഞ്ഞ അക്ഷരത്താൽ ഈ വാച കങ്ങൾ പ്രകാശിച്ച് കാണപ്പെട്ടിരുന്നു. “ഹാദാ ഹബീബുല്ലാഹ്. മാത്ത ഫീ ഹുബ്ബില്ലാഹ്” (ഇത് അല്ലാഹുവിന്റെ സ്നേഹ ഭാജനമാണ്. അല്ലാഹുവിന്റെ സ്നേഹത്തിലായി തന്നെ അവർ വിസാലായിരിക്കുന്നു). ഹിജ്റ 633 റജബ് ആറിനായിരുന്നു മഹത്തായ ആ ജീവിതത്തിന് ഭൂമിയിൽ വിരാമമായത്.

മഹാനായ ഗരീബ് നവാസ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ) വിന്റെ സിൽസില കേരളത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് എ.ഡി. പതിനാറാം നൂറ്റാണ്ടിൽ പൊന്നാനി വലിയ സൈനുദ്ദീൻ മഖ്ദൂം(റ) വഴിയാണ്. ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വിന്റെ ഖലീഫമാരിൽ പ്രമുഖനായ ഖ്വാജാ ഖുതു ബുദ്ദീൻ ബക്തിയാർ കാക്കി(റ) യുടെ പ്രധാന ശിഷ്യനും ഖലീഫയുമായ ശൈഖ് ഫരീദുദ്ദീൻ ഗൻജെ ശകർ(റ) വഴിയാണ് സൈനുദ്ദീൻ മഖ്ദൂം(റ) യി ലേക്ക് ഈ സിൽസിലയെത്തുന്നത്. ഖുതുബുൽ ഔലിയ അശൈഖ് ബദ്റുദ്ദീൻ(റ) എന്ന പേരിൽ വിശ്രുതനായ ഫരീദുദ്ദീൻ ​ഗൻജെ ശകർ(റ) യുടെ ഒരു ഖലീഫ വഴി വരുന്ന സിൽസിലയിലാണ് മഹാനായ പൊന്നാനി വലിയ സൈനുദ്ദീൻ മഖ്ദൂം(റ) ക്ക് മഹത്തായ ഈ സിൽസിലയിൽ നിസ്ബത്ത് ലഭിക്കുന്നത്. പ്രസ്തുത സിൽസില സൈനുദ്ദീൻ മഖ്ദൂം(റ) യിലെത്തുന്നത് ഇപ്രകാരമാണ്:
ഖുതുബുൽ ഔലിയ അശൈഖ് ബദ്റുദ്ദീൻ(റ), അവരുടെ ഖലീഫ അശ്ശൈഖ് അലാവുദ്ദീൻ ​ഗൻജ്ബക്ഷ്(റ), അവരുടെ ഖലീഫ അശ്ശൈഖ് അലമുദ്ദീൻ(റ), ഖലീഫ ശംസുൽ ഇസ് ലാം അശ്ശൈഖ് റുക്നുദ്ദീനുൽ ഖാദിരി(റ), ഖലീഫ അശ്ശൈഖ് അബുൽ ഫത്ഹ് നജീബുദ്ദീൻ(റ), ഖലീഫ അശ്ശൈഖ് ഫരീദുദ്ദീൻ(റ), ഖലീഫ അശ്ശൈഖ് ദാവൂദ്(റ) ഖലീഫ ഖുത്വുബുദ്ദീനുബ്നു ഫരീദുദ്ദീൻ(റ). മഹാനായ ഈ സൂഫിയുടെ ഖലീഫയായിരുന്നു പൊന്നാനിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സൈനുദ്ദീൻ മഖ്ദൂം കബീർ(റ). സൈനുദ്ദീൻ മഖ്ദൂം കബീർ(റ) വഴി മഖ്ദൂം പാരമ്പര്യമുള്ള മറ്റ് പണ്ഡിതന്മാർക്കും ഈ നിസ്ബത്ത് ലഭിച്ചിട്ടുണ്ട്.

കൂടാതെ കോഴിക്കോട് ശൈഖിന്റെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന എ.ഡി. പതിനാറാം നൂറ്റാണ്ടിൽ തന്നെ ജീവിച്ച ശൈഖ് അബുൽ വഫാ ശംസുദ്ദീൻ മുഹമ്മദ് എന്ന ശൈഖ് മാമുക്കോയ(റ) തങ്ങൾക്കും മഹത്തായ ഈ സിൽസിലയിൽ നിസ്ബത്തുണ്ടായിരുന്നു. കൂടാതെ ശൈഖ് ഫരീദുദ്ദീൻ ഗൻജെ ശകർ(റ) യുടെ ഖലീഫമാരിലെ മറ്റൊരു പ്രമുഖനായ സ്വാബിർ കലേരി(റ)യുടെ സ്വാബിരി സിൽസിലക്കും കേരള മുസ്ലിംകൾക്കിടയിൽ വേരോട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

അവലംബം:

ബസ്മെ സൂഫിയ്യ: സയ്യിദ് ശഹാബുദ്ദീൻ അബ്ദുറഹ്മാൻ.
താരിഖെ ഫെരിഷ്ത: മുഹമ്മദ് ഖാസിം ഫെരിഷ്ത.
ഫൈളാനെ നൂരി: കുറ്റിക്കാട്ടൂർ ഉസ്താദ് യു. മുഹമ്മദ് ഇബ്റാഹിം മുസ്ലിയാർ
ഹസത്ത് ഖ്വാജാ മുഈനുദ്ദീൻ ചിശ്തി അജ്മീരി(റ): ഡോ: സാജിദ് അംജദ്
അൽ അൻവാർ മാസിക: പുസ്തകം , ലക്കം: 6: 2011 ജൂലൈ
Sufism in India: aurther F Buehler

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy