കിതാബു ത്വിബ്ബുൽ ഖുലൂബ്;
ഹൃദയത്തിന്റെ ജനിമൃതികൾ

സയ്യിദ് ആദിൽ ഹസൻ: ഒ.എം.

മനുഷ്യഹൃദയങ്ങൾ താളാത്മകവും സന്തുലിതവും ശാന്തവുമായ അവസ്ഥയാണ് എപ്പോഴും തേടിക്കൊണ്ടിരിക്കുന്നത്. ഒറ്റപ്പെടലിന്റെയും വ്യാകുലതകളുടെയും ജീവിത പരിസരത്ത് സമാശ്വാസം തേടിയലയുന്ന ഹൃദയങ്ങൾക്ക് തണൽമരം നടുകയാണ് ഇമാം ഇബ്നു ഖയ്യിമുൽ ജൗസിയ്യ(റ). ഇമാം ഹാഫിള് ശംസുദ്ദീൻ മുഹമ്മദ് ബ്നു അബീബകർ ദിമശ്കി(റ) (ഹി. 691- 751) ഇബ്നു ഖയ്യിമുൽ ജൗസിയ്യ: എന്ന പേരിൽ അറിയപ്പെടുന്നു, അദ്ദേഹത്തിന്റെ പിതാവ് “ജൗസിയ്യ” എന്ന പേരുള്ള പാഠശാലയുടെ ശാക്തീകരണത്തിൽ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അതായിരുന്നു ഈ പേരിൽ അറിയപ്പെട്ടിരുന്നത്.
മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച മഹാനവർകളുടെ കൃതികളിൽ طب القلوب (ഹൃദയങ്ങളുടെ ചികിത്സ) എണ്ണപ്പെടുന്ന പ്രധാന രചനയാണ്. ത്വിബ്ബുൽ ഖുലൂബ് എന്ന പേരിൽ അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥനും ഒരു രചന നടത്തിയതായി കാണാം.
ഹൃദയമാണ് മനുഷ്യ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു, അതിനെ ചുറ്റിപ്പറ്റിയാണ് ശരീരാവയവങ്ങളുടെ ചലനവും നിശ്ചലതയും. മനുഷ്യ ശരീരത്തിലെ ഒരു അത്ഭുത അവയവമായ ഹൃദയത്തെ “ശരീരത്തിന്റെ നേതാവ്” എന്നും വിശേഷിപ്പിക്കാം. മനുഷ്യന്റെ നിലനിൽപിനാവശ്യമായ രക്തത്തിന്റെ പ്രധാന പ്രവർത്തനം നടക്കുന്നതും ഹൃദയത്തിലൂടെയാണ്. ഹൃദയത്തിന്റെ ചലനം നമ്മുടെ ഇച്ഛയനുസരിച്ചല്ല. മനുഷ്യന് അതിൽ ഒരു പങ്കും ഇല്ല. ആത്മീയമായി പറഞ്ഞാൽ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഉറവിടമാണ് ഹൃദയം.

ഹൃദയത്തിന് വ്യത്യസ്ഥ അവസ്ഥകളുണ്ട്. അതിന്റെ നാമം സൂചിപ്പിക്കുന്ന പോലെ ‘മാറ്റിമറിക്കുക’ എന്നാണ് ‘قَلب’ (ഹൃദയം) എന്ന പദയത്തിന്റെ അർഥം. അത് ചിലപ്പോൾ ലോലമാകുന്നു. ചിലപ്പോൾ കാഠിന്യമുള്ളതാകുന്നു. വിശ്വസിക്കുന്നു, നിഷേധിക്കുന്നു. അലസമാകുന്നു, ഊർജ്വസ്വലതയുള്ളതാകുന്നു. അഥവാ ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
ഇമാം ഗസ്സാലി(റ), ഹസൻ ബസ്വരി(റ), ജുനൈദുൽ ബഗ്ദാദി(റ), ഹാരിസുൽ മുഹാസിബി(റ) തുടങ്ങി ഒട്ടേറെ പ്രമുഖ ഇമാമീങ്ങൾ മനുഷ്യ ഹൃദയങ്ങളോട് സംവദിച്ചവരാണ്. ഹൃദയങ്ങളുടെ ജീവിതത്തെ കുറിച്ചും അതിന്റെ രോഗചികിത്സകളെ കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥ രചനകളും ഒട്ടേറെയാണ്.

വാസ്തവത്തിൽ, ഇബ്നു ഖയ്യിമുൽ ജൗസിയ്യ (റ) യുടെ “ത്വിബ്ബുൽ ഖുലൂബ്” ഒരു ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. മറിച്ച്, അദ്ദേഹത്തിന്റെ ഇതര കൃതികളുടെ ചില ഭാഗത്ത് എഴുതപ്പെട്ടതായിരുന്നു അത്. “സ്വാലിഹ് അഹ്മദ് ശാമി” എന്ന ആധുനിക ഇസ്ലാമിക പണ്ഡിതന്റെ ശ്രമഫലമായി ചിതറക്കിടന്നിരുന്ന ആ രചനയെ കൃത്യമായി ക്രമീകരിച്ചു ഒരു ഗ്രന്ഥ രൂപത്തിലാക്കി. വിഷയങ്ങളെ അടിസ്ഥാനമാക്കി അധ്യായങ്ങളും, ഭാഗങ്ങളും മറ്റും അദ്ദേഹം കോർത്തിണക്കി. ഇതിൽ പരാമർശിക്കുന്ന കാര്യങ്ങൾ ഇമാം ഇബ്നു ഖയ്യിമിന്റെ മറ്റു ഗ്രന്ഥങ്ങളിൽ നമുക്ക് കാണാം. മദാരിജു സാലികീൻ, മിഫ്താഹു ദാറി സആദ, ബദാഇഉൽ ഫവാഇദ്, അൽ ജവാബുൽ കാഫി, ഇആസതുലഹ്ഫാൻ, തുടങ്ങിയവയാണവ. ഗ്രന്ഥ രചനയുടെ സാഹചര്യവും കോഡീകരണ രീതിയുമെല്ലാം ഈ കൃതിയുടെ ആമുഖത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. 250 ഓളം പേജുകളുള്ള ഈ രചന മനുഷ്യ ഹൃദയങ്ങളുടെ ജീവിതത്തെ കുറിച്ചും അതിന്റെ രോഗചികിത്സകളെ കുറിച്ചും പ്രതിപാദിക്കുന്നു. ‘ഖൽബ്’ എന്ന പദം രണ്ട് അർഥങ്ങളിൽ ഉപയോഗിക്കാറുണ്ട്.

  1. നെഞ്ചിന്റെ ഇടതു വശത്തു സ്ഥാപിക്കപ്പെട്ട മാംസപിണ്ഡം.
  2. മനുഷ്യന്റെ ആന്തരീക വശം. അല്ലാഹുവിന്റെ അത്ഭുതകരമായ പ്രവർത്തനം. മനുഷ്യനെ മനുഷ്യനാക്കുന്നത് ഈ ആന്തരീക വശമാണ്. അതാണ് നമ്മുടെ ചർച്ചാവിഷയം. അറബിയിൽ പല പദങ്ങളും ഹൃദയത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്.
    ”അവരുടെ മനസ്സുകൾ ഒളിച്ച് വെക്കുന്നത് കൂടുതൽ ഗുരുതരമാകുന്നു” (ആലുഇംറാൻ:18). ഇവിടെ ‘സ്വദ്ർ’ എന്ന പദമാണ് വന്നിട്ടുള്ളത്. ‘നഫ്സ്’ എന്നും പറയാറുണ്ട്. എന്നാൽ നഫ്സ് എന്നാൽ ഹൃദയത്തെ സ്വാധീനിക്കുന്ന ഒന്നാണ്. ”നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുകയും അവനെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക” (അൽബക്വറ: 235). ഇവിടെ ‘നഫ്സ്’ എന്ന പ്രയോഗമാണ് വന്നിട്ടുള്ളത്. അറബികൾ റൂഹിന്റെ (ആത്മാവ്) സ്ഥാനത്ത് നഫ്സ് എന്നും നഫ്സിന്റെ സ്ഥാനത്ത് റൂഹ് എന്നും പറയാറുണ്ട്. റൂഹെന്നാൽ മനുഷ്യനിൽ അല്ലാഹു സംവിധാനിച്ച മറ്റൊരു തഅയ്യുനാണ്.
    ഓരോ മനുഷ്യന്റെയും കർമങ്ങളുടെ അടിസ്ഥാനം ഹൃദയമാണ്. അതിൽ നിന്നും തുളുമ്പുന്നതാണ് ഓരോ ജീവിത ചലനങ്ങളും.
    മനുഷ്യ ഹൃദയങ്ങളോട് സംവദിക്കുന്ന ഈ കൃതിയിൽ ഇമാം സവിശേഷം കേന്ദ്രീകരിച്ച മേഖലകളെ നമുക്ക് നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം :-
  3. ഖൽബ്: ആരോഗ്യവും അനാരോഗ്യവും
    ഈ ഭാഗത്ത് ജീവനുള്ള ഹൃദയത്തിന്റെയും നിർജീവമായ ഹൃദയത്തിന്റെയും വിഭിന്ന ഭാവങ്ങളും സ്വഭാവങ്ങളും വരച്ച് കാട്ടുന്നു. അതോടൊപ്പം ജീവനുള്ള ഹൃദയത്തിന്റെ സൗന്ദര്യം വിശകലനം ചെയ്യുന്നു.
    ജീവനുള്ള ഹൃദയമെന്നാൽ അല്ലാഹുവിന്റെ വിചാരമുള്ള ഹൃദയം എന്നാണതിന്നർത്ഥം. അല്ലാഹു തന്നിൽ സൃഷ്ടിലോകങ്ങളിൽ ചൊരിഞ്ഞുകൊണ്ടേയിരിക്കുന്ന ഓരോ സൂക്ഷ്മ നിമിഷയങ്ങളിലെയും അളവറ്റ നിഅ്മത്തുകളെ ഉണർന്നറിയുക എന്നതാണ് വാസ്തവത്തിൽ ഹൃദയം സജീവമാകുന്നതിനുള്ള മാർഗം. ഹൃദയത്തിന്റെ മൃതാവസ്ഥ എന്നാൽ അല്ലാഹുവിനെ സംബന്ധിച്ച അശ്രദ്ധ(ഗഫ് ലത്ത്)യാണ്. അല്ലാഹുവിനെ ഓർക്കാതെ അല്ലാഹുവിന്റെ ഇഷ്ടങ്ങളെ പരിഗണിക്കാതെ അവന്റെ വിധിവിലക്കുകളെ സ്വീകരിക്കാതെ സ്വന്തം നഫ്സിന്റെ ഇച്ഛക്കൊത്ത് പ്രവർത്തിക്കുക എന്നതാണ് ഈ ഗഫ് ലത്തിന്റെ അനന്തര ഫലം. ഇക്കാര്യം കൂടുതൽ തെളിമയോടെ പഠിപ്പിക്കുന്നവർ സ്വൂഫിയാക്കളാണ്. ഹൃദയത്തിന് മേൽ നഫ്സിന്റെ നിയന്ത്രണം വരുന്ന ഈയവസ്ഥയാണ് വാസ്തവത്തിൽ എല്ലാ മനുഷ്യരെയും നഷ്ടത്തിലാക്കുന്നത്. അത്തരക്കാരുടെ ഹൃദയങ്ങൾ തീർച്ചയായും മൃതമായത് തന്നെയാണ്. മനുഷ്യന്റെ പ്രവൃത്തികളുടെ മുഴുവൻ കേന്ദ്രമായ ഹൃദയം അല്ലാഹുവിന്റെ വിചാരങ്ങളാൽ സജീവമാക്കാതെ മനുഷ്യപ്രവൃത്തികൾ ശരിയായ ദിശയിലാവുകയില്ല. ഏത് കർമ്മവും അതിന്റെ ബാഹ്യം മാത്രം ശ്രദ്ധിക്കുന്നതിലൂടെ പൂർത്തീകരിക്കപ്പെടുകയില്ല. അതിന്റെ ആന്തരികാവസ്ഥകളും അഥവാ നിയ്യത്തും ലില്ലാഹിയത്തും പരിഗണിച്ചാണ് അത് അല്ലാഹുവിങ്കൽ സ്വീകാര്യ യോഗ്യമാകുന്നത്. ഇവ്വിഷയകമായി വെളിച്ചം നൽകുന്ന ചില വിശദീകരണങ്ങൾ ഈ ഗ്രന്ഥം നൽകുന്നുണ്ട്.
  4. ആത്മീയ രോഗങ്ങളും ചികിത്സ മുറകളും. ഇതിൽ ആത്മീയ രോഗങ്ങളെ വളരെ കൃത്യതയോടെ വിവരിക്കുന്നതോടൊപ്പം അതിന് വേണ്ട ചികിത്സ മുറകൾ ഖുർആനിൽ നിന്നും ദിക്റുകളിൽ നിന്നും മറ്റും വിശദീകരിക്കുന്നു.
    ഹൃദയ രോഗങ്ങളെ സംബന്ധിച്ച പരിജ്ഞാനം അല്ലാഹുവിന്റെ തൃപ്തിയും അല്ലാഹുവിൽ നിന്നുള്ള സമാധാനവും തേടുന്ന ഒരു മുഅ്മിനിനെ സംബന്ധിച്ച് വളരെ അനിവാര്യമായ ഒന്നാണ്. ഈ ഹൃദയ രോഗങ്ങൾക്ക് ശമനൗഷധം നൽകുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ. അഥവാ സ്വൂഫിയാക്കൾ. അവരിൽ നിന്നേ യഥോചിതം അത് ഗ്രഹിക്കാനാവൂ. അവർക്കേ ഹൃദയ രോഗങ്ങളെ ചികിത്സിക്കാനുമാവൂ.
  5. ഖൽബിനെ തളർത്തുന്ന ജീവിത സാഹചര്യങ്ങളും അവ മറികടക്കാനുള്ള വഴികളും.
  6. മന: ശാന്തിയുടെ ഈമാനിക ദർശനം
  7. ആത്മാവിന്റെ സകാത്ത്
  8. ഹൃദയത്തിന്റെ വിജയ വഴികൾ. ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് മനുഷ്യ ഹൃദയങ്ങൾ പൈശാചിക ദുർബോധനങ്ങളിൽ നിന്നും മറ്റും മോചനം നേടി എങ്ങനെ ആത്യന്തിക വിജയം കരസ്ഥമാക്കാമെന്നും അതിനുള്ള വഴികളും കാരണങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്നു.
    മനുഷ്യന്റെ ആത്മീയ ചൈതന്യവും മാനസിക ശക്തിയും നിലനിർത്തുന്നതിൽ ഇത്തരം രചനകൾ വല്ലാത്ത സ്വാധീനം ചെലുത്തിയതായി നമുക്ക് കാണാൻ കഴിയും.
    നോവുകൾ തീരാത്ത ഹൃദയങ്ങളെ, ആത്മാവുകളെ അല്ലാഹുവിന്റെ വിചാരംകൊണ്ട് സംയമനത്തിലേക്കും അവനോടുള്ള അനുരാഗം കൊണ്ട് ശാന്തതയിലേക്കും അതുവഴി സജീവതയിലേക്കും ഈ കൃതി നയിക്കുന്നു. എന്നാൽ കേവല ഗ്രന്ഥപാരായണത്തിന്നപ്പുറം ഈയവസ്ഥ പ്രാപിക്കാൻ ദാകിറും അനുരാഗിയുമായ ഒരു വഴികാട്ടിയുടെ മാർഗദർശനം അനിവാര്യമാണന്ന തിരിച്ചറിവും ഈ ഗ്രന്ഥപാരായണം വഴി അനുവാചകരിൽ നിറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy