ക്ഷമയുടെ സദ് ഫലങ്ങൾ

മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):

ഫത്ഹു റബ്ബാനി: അദ്ധ്യായം: 5

ഹേ ലക്ഷ്യമില്ലാതെ അലയുന്നവരെ…നിങ്ങളുടെ മതിഭ്രമങ്ങളിൽ നിന്ന് നിങ്ങൾ ഉണരുക. നിന്റെ ഹൃദയം അവനിലേക്ക് ഒരു ചവിട്ടടി വെക്കുമ്പോൾ അവന്റെ മുഹബ്ബത്ത് നിന്നിലേക്ക് പല ചവിട്ടടികൾ വെക്കുന്നു. തന്നെ സ്നേഹിക്കുന്നവരുമായുള്ള സമാ​ഗമത്തിന് അവരെക്കാൾ ഒട്ടധികം ആസക്തിയുള്ളവൻ ആകുന്നു അല്ലാഹു.

ഹിജ്റ 545 ശവ്വാൽ 12 ചൊവ്വാഴ്ച വൈകുന്നേരം ബഹുമാനപ്പെട്ട ശൈഖുനാ ശൈഖുസ്സഖലൈനി അശൈഖ് മുഹിയിദ്ധീൻ അബ്ദുൽ ഖാദർ ജീലാനി(റ) മദ്രസയിൽ വെച്ച് ചെയ്ത ഭാഷണം:

യാ ഗുലാം…നിന്റെ അടിമത്വം എവിടെയാണ്?
അടിമത്തത്തിന്റെ യാഥാർത്ഥ്യം ഒന്നു കാണട്ടെ… നിന്റെ എല്ലാ കാര്യങ്ങളിലും ഉള്ളതു കൊണ്ട് മതിയാക്കുന്ന മാർഗ്ഗം നീ അവലംബിക്കണം.
നീ നിന്റെ ഉടമയിൽ നിന്നും ഒളിച്ചോടി പോയ അടിമയാണ്.
പെട്ടെന്ന് മടങ്ങുക. അവന്റെ ആജ്ഞകൾ അനുസരിച്ചുകൊണ്ടും നിരോധനങ്ങൾ വർജ്ജിച്ചു കൊണ്ടും അവന്റെ വിധികളിൽ ക്ഷമയോടെ തൃപ്തിപ്പെട്ട് കൊണ്ടും നീ അവന് അടിത്തറ പണിയുക.
ഇതു നിനക്ക് പൂർണ്ണമാകുമ്പോൾ നിന്റെ ഉടമക്ക് നീ ചെയ്യേണ്ട അടിമവേല ശരിയായി. അപ്പോൾ അവനിൽ നിന്ന് നിനക്ക് അന്യാശ്രയമില്ലാത്ത ഒരു സ്ഥിതിവിശേഷം ഉളവാകുന്നതാണ്.
اليس الله بكاف عبده
അല്ലാഹു അവന്റെ ദാസന് മതിയായവനല്ലേ?

അങ്ങനെ നിന്റെ അടിമത്വം കുറ്റമറ്റതായിത്തീരുന്നതായാൽ അവൻ നിന്നെ സ്നേഹിക്കുന്നതാണ്.
അവനോട് നിനക്കുള്ള സ്നേഹം നിന്റെ ഹൃദയത്തിൽ ശക്തിപ്പെടുമ്പോൾ അവൻ നിന്നെ അവനെ കൊണ്ടുള്ള ആനന്ദത്തിലാക്കുകയും യാതൊരു ത്യാഗമോ, അവനല്ലാത്ത ആരുടെയും സ്നേഹബന്ധത്തിലേക്ക് യാതൊരു താൽപര്യമോ കൂടാതെ നിന്നെ അവനിലേക്ക് അവൻ അടുപ്പിക്കുന്നതുമാണ്. അപ്പോൾ നീ നിന്റെ എല്ലാ സ്ഥിതിവിശേഷങ്ങളിലും അവനെ തൃപ്തിപ്പെടുന്നതാണ്. ഭൂമിയിലാകമാനം നിന്നെ അവൻ ഞെരുക്കുകയും സർവ്വ വാതിലുകളും നിന്നെ തൊട്ടവൻ അടച്ചു പൂട്ടുകയും ചെയ്യുന്നതായാൽ തന്നെയും നീ അവന്റെ മേൽ അതൃപ്തിപ്പെടുകയില്ല. അവനല്ലാത്തവരുടെ ഭക്ഷണത്തിൽ നിന്ന് നീ ഭക്ഷിക്കുകയും ഇല്ല. അപ്പോൾ നീ മൂസാ(അ) മിനോട് താദാത്മ്യപ്പെടുന്നതാണ്. അതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു:
وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ
അവർക്ക് (മൂസാ (അ)മിന്) മുല കൊടുക്കുന്ന സ്ത്രീകളെ അതിനുമുമ്പ് (അവരുടെ മാതാവ് വന്നുചേരുന്നതിന് മുമ്പ് )നാം തടസ്സം ചെയ്തു.

നമ്മുടെ രക്ഷിതാവ് സർവ്വ വസ്തുക്കളെയും അറിയുന്നവനാണ്. സർവ്വ വസ്തുക്കൾക്കും സാക്ഷിയാണ്. സർവ്വ വസ്തുക്കളിലും പ്രത്യക്ഷനാണ്.
സർവ്വ വസ്തുക്കളുടെ മേലും നിരീക്ഷകനാണ്. സകലതിനോടൊപ്പവും അവനുണ്ട്. സകല വസ്തുക്കളുടെയും സമീപസ്ഥനുമാണവൻ. അവന്റെ ആശ്രിതർ ആയിട്ടല്ലാതെ ഒരു നിമിഷം പോലും നിങ്ങൾക്കില്ല. അറിഞ്ഞതിനു ശേഷം നിരസിക്കുന്നതിനുള്ള കാരണമെന്താണ് ?
നിനക്ക് നാശം…
അല്ലാഹുവിനെ നീ അറിയുന്നു, നീ നിരാകരിക്കുകയും പിന്മാറുകയും ചെയ്യുന്നു. അവനെ തൊട്ട് നീ പിന്മാറരുത് സർവ്വത്ര ഗുണങ്ങളും നിനക്ക് തടയപ്പെട്ടു പോകും. അവനോട് കൂടി നീ ക്ഷമിക്കൂ. അവനിൽ നിന്ന് ഒഴിവായവനായി നീ
അടങ്ങിയിരിക്കരുത്. സഹനമുള്ളവനാണ് ശക്തൻ എന്ന് നീ അറിഞ്ഞിട്ടില്ലയോ ? ഈ ബുദ്ധി എന്തിനുതകും? ഈ തിടുക്കം എന്തിനു പറ്റും?
അല്ലാഹു പറഞ്ഞിരിക്കുന്നു،
يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളെ നിങ്ങൾ ക്ഷമിക്കുക…
ആത്മസമയമനം പാലിക്കുക. നിങ്ങൾ അടിപതറാതെയിരിക്കുക. അല്ലാഹുവിന് നിങ്ങൾ തഖ്‌വ ചെയ്യുക.
വിജയം പ്രാപിക്കേണ്ടതിന് വേണ്ടി.

ക്ഷമയുടെ വിഷയത്തിൽ പരിശുദ്ധ ഖുർആനിൽ അനേകം സൂക്തങ്ങൾ വന്നിട്ടുണ്ട്. അവ അറിയിക്കുന്നത് ക്ഷമയുള്ള നന്മയിലാണ് ​ഗുണവും അനു​ഗ്രഹങ്ങളും നല്ല പ്രതിഫലങ്ങളും നല്ല ദാനങ്ങളും ഐഹികവും പാരത്രികവുമായ സൗഖ്യങ്ങളുമുള്ളത് എന്നാണ്.
ഇത് നിങ്ങൾ മുറുകെ പിടിക്കുക. തീർച്ചയായും ഐഹികമായും പാരത്രികമായും ഉള്ള സകല നന്മ​​കളും നിങ്ങൾ കൈവരിക്കുന്നതാണ്.
കബറുകൾ സിയാറത്ത് ചെയ്യലും സജ്ജനങ്ങളെ കരുതി പോകലും പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കലും നിങ്ങളുടെ പേരിൽ നിങ്ങൾ നിർബന്ധമാക്കുക. എന്നാൽ തീർച്ചയായും നിങ്ങളുടെ കാര്യം ന്യൂനത തീർന്നതായി. മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ ആ ഉപദേശങ്ങൾ തങ്ങളുടെ നഫ്സുകൾക്ക് സിദ്ധിക്കാതെയും സദുപദേശങ്ങൾ കേൾക്കുമ്പോൾ അവ അനുസരിക്കാതെയും ഉള്ള വ്യാജവാദികളുടെ ​ഗണത്തിൽ നിങ്ങൾ പെട്ടുപോവരുത്. നിങ്ങളുടെ മതം നഷ്ടപ്പെട്ടു പോകുന്നത് നാലു വിഷയങ്ങളിലാണ്. ഒന്ന് തീർച്ചയായും നിങ്ങൾ അറിഞ്ഞതനുസരിച്ച് കർമ്മങ്ങൾ അനുഷ്ഠിക്കുന്നില്ല. രണ്ട് നിങ്ങൾ ശരിയായി അറിഞ്ഞിട്ടില്ലാത്ത ഒന്നു കൊണ്ട് കർമ്മം ചെയ്യുന്നു. മൂന്ന് നിങ്ങൾക്ക് അറിവില്ലാത്തത് നിങ്ങൾ പഠിക്കുന്നില്ല. അജ്ഞന്മാരായി കാലം കഴിക്കുന്നു. നാല് അറിവില്ലാത്തത് പഠിക്കുവാൻ പോകുന്നവരെ നിങ്ങൾ തടയുന്നു. ഉദ്ബോധനങ്ങളുടെ സദസ്സുകളിൽ നിങ്ങൾ പ്രവേശിക്കുന്നതായാൽ ആ സദസ്സുകളിൽ നിങ്ങളുടെ പ്രവേശനം ഒരു വിനോദം മാത്രമാണ്. നിങ്ങളുടെ നഫ്സുകളുടെ ദുർഗതികൾക്ക് ഔഷധമന്വേഷിക്കുവാൻ അല്ല നിങ്ങളുടെ പ്രവേശനം. പ്രാസംഗികന്റെ ഉപദേശം നിങ്ങൾ ശ്രവിക്കുന്നു. അതിൽ നിന്ന് ഇടർച്ചകളും പാകപിഴവുകളും മാത്രം നിങ്ങൾ മനഃപ്പാഠമാക്കുന്നു. പിന്നെ നിങ്ങൾ പരിഹസിച്ചു ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള നാശത്തിലേക്ക് നിങ്ങളുടെ ശിരസ്സുകൾ ഉന്മുഖമായിരിക്കുന്നു. അല്ലാഹുവിന്റെ വിരോധികളെ പോലെ ആകരുത് നിങ്ങൾ. ശ്രവിക്കുന്നതെന്തോ അത് നിങ്ങൾ പ്രയോജനപ്പെടുത്തുക.

യാ​ഗുലാം…. നീ പതിവുകൾ കൊണ്ട് നിബന്ധിക്കപ്പെട്ടിട്ടുണ്ട്. നിനക്ക് അല്ലാഹു തആല നിശ്ചയിച്ചു തന്ന ഓഹരികൾ തേടുന്നതിൽ നീ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഉപാദികളുടെ ദാതാവായ(മുസബ്ബിബ്) അല്ലാഹുവിനെ മറന്ന് ഉപാദികളിലും നീ ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ മുസ്വബ്ബിബായ അല്ലാഹുവിൽ ഭരമേൽപിക്കുന്നതിനെയും നീ വിസ്മരിച്ചിരിക്കുകയാണ്. നിഷ്കളങ്കമനസ്സോടെ പുതുതായി കർമ്മങ്ങൾ ചെയ്യാൻ നീ ആരംഭിക്കണം. നിന്റെ മേൽ അത് നിർബന്ധമാക്കണം.
അല്ലാഹു പറയുന്നു:
وما خلقت الجن والانسان الا ليعبدون
എന്നെ അവർ ആരാധിക്കുവാൻ (അറിഞ്ഞു വണങ്ങുവാൻ) വേണ്ടിയല്ലാതെ ജിന്നിനെയും മനുഷ്യനെയും ഞാൻ സൃഷ്ടിച്ചിട്ടില്ല.

അലക്ഷ്യമായ അന്ധകാരങ്ങൾക്ക് വേണ്ടി അവരെ അവൻ സൃഷ്ടിച്ചിട്ടില്ല.
വിനോദങ്ങൾക്ക് വേണ്ടി അവരെ അവൻ സൃഷ്ടിച്ചിട്ടില്ല. ഭക്ഷണം, പാനീയം, നിദ്ര, ദാമ്പത്യം എന്നിവയ്ക്ക് വേണ്ടിയും അവരെ അവൻ സൃഷ്ടിച്ചിട്ടില്ല.
ഹേ ലക്ഷ്യമില്ലാതെ അലയുന്നവരെ…നിങ്ങളുടെ മതിഭ്രമങ്ങളിൽ നിന്ന് നിങ്ങൾ ഉണരുക. നിന്റെ ഹൃദയം അവനിലേക്ക് ഒരു ചവിട്ടടി വെക്കുമ്പോൾ അവന്റെ മുഹബ്ബത്ത് നിന്നിലേക്ക് പല ചവിട്ടടികൾ വെക്കുന്നു. തന്നെ സ്നേഹിക്കുന്നവരുമായുള്ള സമാ​ഗമത്തിന് അവരെക്കാൾ ഒട്ടധികം ആസക്തിയുള്ളവൻ ആകുന്നു അല്ലാഹു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy