ഫത്ഹുറബ്ബാനി: 5:
ആദ്യ മജ് ലിസിന്റെ അവസാന ഭാഗം:
മുഹിയിദ്ധീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
അവയവങ്ങൾക്കു കീഴ് വണക്കവും അനുസരണയുമുണ്ട്. ഹൃദയത്തിനും കീഴ് വണക്കമുണ്ട്. സൃഷ്ടികളുമായി ബന്ധിച്ചു നിൽക്കുന്ന സ്ഥാനത്ത് നിന്ന് കാരണങ്ങളാൽ വലയം ചെയ്യപ്പെട്ട് നിൽക്കുന്ന താവളത്ത് നിന്ന് ഹൃദയം പുറപ്പെടുന്നതായാൽ അത് കാരണങ്ങളുടെ കർത്താവിനെ തേടുകയും കാരണങ്ങളെ വർജ്ജിക്കുകയും അവന്റെ പക്കൽ സകല കാര്യങ്ങളും ഭരമേൽപിക്കുകയും അവന്റെ ജ്ഞാനസമുദ്രത്തിലൂടെ യാത്രയാവുകയും യാത്ര സമുദ്രത്തിന്റെ മധ്യത്തിലെത്തുമ്പോൾ അത് ഇപ്രകാരം വിളിച്ചുപറയുകയും ചെയ്യും:
“എന്നെ സൃഷ്ടിച്ചവനാരോ അവനെന്നെ നേർവഴിയിലാക്കും.”
അപ്പോൾ അവൻ നേർവഴിയാകുന്നു. ഒരു കടൽ തീരത്ത് നിന്ന് മറ്റൊരു കടൽ തീരത്തേക്കും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കും ഗമനം ചെയ്ത് ആന്തരികവും ബാഹ്യവും സന്തുലിതമാക്കി പൂർണ്ണമുക്തിയുടെ സ്ഥാനത്ത് ചെന്ന് കരയിറങ്ങുന്നു. അവിടെ അവന്റെ ഉടമയും പരിപാലകനുമായ രക്ഷിതാവിനെ ധ്യാനിക്കുമ്പോഴെല്ലാം അവന്റെ സാക്ഷാൽ വഴി തെളിയുന്നു. തിരമാലകളുടെ ഇരുളുകൾ നീങ്ങി പ്രകാശം തിങ്ങി നിറയുന്നു. സാരസർവ്വസ്വമായ ഉടമസ്ഥനെ തേടുന്ന ഹൃദയം ശേഷം സർവ്വതും പുറം തള്ളി ബഹുദൂരം സഞ്ചരിക്കുന്നു. വഴിയിൽ വല്ല ആപത്തുകളും ഭയപ്പെടുമ്പോൾ ഈമാൻ സർവ്വായുധ സജ്ജമായി പ്രത്യക്ഷപ്പെട്ട് അതിധീരത പ്രദാനം ചെയ്യുന്നു. അപ്പോൾ ഏകാന്ത ശൂന്യതയുടെയും തജ്ജന്യമായ ഭയാശങ്കകളുടെയും അഗ്നി പൊലിഞ്ഞ് ആത്മപ്രകാശവും സാമിപ്യസന്തുഷ്ടിയും അവക്കു പകരമായി ഉത്ഭവിക്കുന്നു.
യാ ഗുലാം. നിനക്ക് രോഗം വരുമ്പോൾ ക്ഷമ അവലംബിച്ച് നീ അതിനെ സൈ്ഥര്യത്തോടെ അഭിമുഖീകരിക്കുകയും അടങ്ങിയിരിക്കുകയും വേണം. നിനക്കുള്ള ഔഷധം വന്നു ചേരുന്നതുവരെ. ഔഷധം വന്നുചേർന്നാൽ കൃതജ്ഞതയുടെ ഹസ്തത്തിലായി അതിനെ നീ സ്വീകരിക്കണം. എന്നാൽ നിന്റെ ജീവിത നിലവാരം എല്ലാ അർത്ഥത്തിലും ഉയർത്തപ്പെടും.
നരകത്തെ സംബന്ധിച്ചുള്ള ഭയം സത്യവിശ്വാസികളുടെ കരളുകളെ പിളർക്കുന്നു.
അവരുടെ മുഖങ്ങളെ വിളർത്ത് മഞ്ഞളിപ്പിക്കുന്നു. അവരുടെ ഹൃദയങ്ങളെ വിഷാദഭരിതമാക്കുന്നു. അതവരിൽ പൂർണ്ണമാകുമ്പോൾ അല്ലാഹു അവന്റെ ശാന്തതയുടെയും അനുഗ്രഹത്തിന്റെയും അന്തർപ്രവാഹം അവരുടെ ഹൃദയങ്ങളിൽ നിറക്കുന്നു. പാരത്രികമായ സുഖാനുഭൂതികളുടെ ഒരു വാതിൽ അവരിലേക്ക് തുറക്കുന്നു. അപ്പോൾ അവർ അതിന്റെ അഭയ കേന്ദ്രം ദർശിക്കുന്നു. തദ്ഫലമായി അവർ ശാന്തരായി അടക്കത്തോടെ അൽപം വിശ്രമാവസ്ഥയിലെത്തുമ്പോൾ അവർക്ക് അവന്റെ ജലാൽ(ഗാംഭീര്യം) എന്ന കവാടം തുറന്നുവെക്കുന്നു. അപ്പോൾ അവരുടെ ഹൃദയങ്ങളും ആന്തരാത്മാവുകളും മുറിപ്പെടുത്തപ്പെടുന്നു. ആദ്യത്തേതിലുപരിയായി അവർ ഭയപ്പെടുത്തപ്പെടുകയും പരവശപ്പെടുത്തപ്പെട്ട് വിഹ്വലരാവുകയും ചെയ്യുന്നു. നിർണ്ണയിക്കപ്പെട്ട പരിധി കഴിയുമ്പോൾ അവന്റെ ജമാൽ(ശാന്തത) എന്ന കവാടമാണ് അവരിലേക്ക് തുറന്നുവെക്കുന്നത്. അതുമൂലം അവർ ശാന്തരാവുകയും പ്രശാന്തിയും പ്രബുദ്ധതയുടെ സാത്വികാവസ്ഥയും കൈവരിച്ച് പടിപടിയായി പദവികളുടെ സ്ഥാനലബ്ധി അവർക്ക് കൈവരികയായി.
യാ ഗുലാം…ഭക്ഷണം, പാനീയം, വസ്ത്രം, വിവാഹം, ഭവനം ജനസമ്പർക്കം എന്നിവയിലാവരുത് നിന്റെ മനക്കരുത്ത്. ഇവയെല്ലാം
നഫ്സിന്റെയും സഹജപ്രകൃതത്തിന്റെയും പ്രതിഷ്ഠകളാണ്. ഹൃദയത്തിന്റെയും സംശോധ യാഥാർത്ഥ്യത്തിന്റെയും (സിർറിന്റെയും) താത്പര്യവും മനക്കരുത്തും എവിടെ? എന്നാൽ നിന്റെ ലക്ഷ്യവും മനോദാർഢ്യവും നിന്റെ രക്ഷിതാവും അവങ്കലുള്ളതുമാകട്ടെ.
ഭൗതിക താത്പര്യം എന്നതിനുള്ള പകരമാകുന്നു പാരത്രിക മോക്ഷം. സൃഷ്ടികൾക്കുള്ള പകരമാകുന്നു സ്രഷ്ടാവ്. ഈ ജീവിതത്തിൽ നീ ഏതൊന്ന് ഉപേക്ഷിക്കുന്നുവോ തുടർ ജീവിതത്തിൽ അതിനു പകരമായ പ്രതിഫലവും അതിലും മെച്ചമായതും അവൻ വർദ്ധിപ്പിച്ചു നൽകുന്നു. നിന്റെ ആയുസ്സിൽ നിന്ന് ഇതുവരെ കഴിഞ്ഞു പോയതും ഇനി ശേഷിക്കുന്നതും എത്രമാത്രമാണെന്ന് നീയൊന്ന് കണക്കുനോക്കുക. ശേഷം നീ പരലോകമോക്ഷം തേടുക. മരണത്തിന്റെ മാലാഖയുടെ ആഗമനത്തിനുമുമ്പ് തന്നെ നീ യാത്രക്ക് തയ്യാറായി ഇരിക്കുക.
ദുനിയാവ് വിശേഷ ജനങ്ങളുടെ പാഥേയമൊരുക്കുന്ന പാചകകേന്ദ്രവും പരലോകം ദീർഘകാല സുഖവാസത്തിനുള്ള ഭവനവുമാകുന്നു. അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഈർഷ്യത വന്നുചേരുമ്പോൾ ദുനിയാവുമായുള്ള അവരുടെ (ഹൃദയ)ബന്ധം പിരിയുന്നു. അവർക്ക് പരലോകത്തിന്റെ ഭാഗത്ത് പൂർണ്ണമുക്തി പദവി അവർക്കു വേണ്ടി മാറ്റിനിർത്തപ്പെടുന്നു. ഈയവസ്ഥ പ്രാപിച്ച ശേഷം അവർ ഇഹലോകത്തോടൊ പരലോകത്തോടൊ തൃഷ്ണയില്ലാത്തവരായി തീരുന്നു.
ഹേ കള്ളവാദി. നീ ഐശ്വര്യമുണ്ടാകുമ്പോൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നു. പ്രത്യുത അവന്റെ പരീക്ഷണം വരുമ്പോൾ നീ അവനിൽ നിന്ന് ഓടി മറയുന്നു. അല്ലാഹു ഒരിക്കലും നിനക്ക് ഇഷ്ടപ്പെട്ടവനായിരുന്നിട്ടില്ലാത്തതുപോലെ. തീർച്ചയായും ഇതിലൂടെ അടിമ തിരിച്ചറിയപ്പെടുന്നു. നിനക്ക് അല്ലാഹുവിങ്കൽ നിന്ന് പരീക്ഷണങ്ങൾ വരികയും നീ അവയെ ചാഞ്ചല്യമില്ലാതെ അഭിമുഖീകരിക്കുകയും ചെയ്യുന്നുവെങ്കിൽ നീ അവനെ സ്നേഹിക്കുന്നവനാണ്. ഇനി പരീക്ഷണങ്ങളിൽ നിനക്ക് ചാഞ്ചല്യം വരുന്ന പക്ഷം നിന്റെ വ്യാജം പ്രത്യക്ഷമായി. നീ അല്ലാഹുവിനെ സ്നേഹിക്കുന്നവനാണെന്ന വാദം തകർന്നു.
ഒരാൾ തിരുനബി(സ്വ)തങ്ങളുടെ തിരുസന്നിധിയിൽ വന്ന് ഇപ്രകാരം പറഞ്ഞു:
“അല്ലാഹുവിന്റെ റസൂലേ….തീർച്ചയായും അങ്ങയെ ഞാൻ സ്നേഹിക്കുന്നു.”
അവിടുന്ന് പ്രതിവചിച്ചു:
“(എന്നാൽ) ദാരിദ്ര്യത്തിനു നിങ്ങൾ മൂടുപടം തയ്യാറാക്കുക.”
മറ്റൊരു സ്വഹാബി തിരുനബി(സ്വ)യുടെ അടുത്തുവന്ന് പറഞ്ഞു:
“തീർച്ചയായും അല്ലാഹുവിനെ ഞാൻ സ്നേഹിക്കുന്നു.”
അതിന് പ്രവാചകർ(സ്വ)തങ്ങളുടെ ഉത്തരം ഇപ്രകാരമായിരുന്നു:
“എന്നാൽ പരീക്ഷണത്തിന് നിങ്ങൾ മൂടുപടം കരസ്ഥമാക്കുക.”
അല്ലാഹുവിനോടുള്ള സ്നേഹവും അവന്റെ തിരുറസൂൽ(സ്വ)തങ്ങളോടുള്ള സ്നേഹവും പരീക്ഷണത്തോടും ദാരിദ്ര്യത്തോടും ബന്ധിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് സജ്ജനങ്ങളിലൊരാൾ ഇപ്രകാരം പറഞ്ഞത്:
“തുടർച്ചയായുള്ള പരീക്ഷണങ്ങളത്രയും ഇവൻ അല്ലാഹുവിനോട് സ്നേഹമുണ്ടെന്ന് വാദിക്കാതിരിക്കുവാനാണ്. അതല്ലെങ്കിൽ എല്ലാവരും തനിക്ക് അല്ലാഹുവിനോട് സ്നേഹമുണ്ടെന്ന് വാദിക്കുമായിരുന്നു.”
ദാരിദ്ര്യത്തിലും പരീക്ഷണത്തിലും സൈ്ഥര്യത്തോടെ അടിപതറാതെ നിലകൊള്ളൽ പ്രസ്തുത സ്നേഹം കളങ്കരഹിതമാണെന്നതിന് അവൻ ഒരറിയിപ്പാക്കി:
“ഞങ്ങളുടെ രക്ഷിതാവേ…ഞങ്ങൾക്ക് ഇഹലോകത്ത് നന്മയും പരലോകത്ത് നന്മയും നൽകി ഞങ്ങളെ നരകത്തിൽ നിന്ന് നീ കാത്തു രക്ഷിക്കേണമേ…ആമീൻ.
ഫത്ഹുറബ്ബാനി പരമ്പരയായി പ്രസിദ്ധീകരിക്കുമ്പോൾ അതാത് സന്ദർഭങ്ങളിലെ പ്രതിപാദ്യവിഷയങ്ങൾ പരിഗണിച്ച് വിവിധ ശീർഷകങ്ങൾ നൽകുന്നത് വായനാക്ഷമത ലക്ഷ്യം വെച്ചാണ്. ഈ ശീർഷകങ്ങൾ മൂല ഗ്രന്ഥത്തിൽ കാണില്ല എന്ന കാര്യം വായനക്കാർ പരിഗണിക്കുമല്ലോ?