സൈനുദ്ദീൻ മന്ദലാംകുന്ന്:
കേരള മുസ് ലിംകളുടെ ആധുനികവത്കരണത്തിനും ആത്മസംസ്കരണത്തിനും യത്നിച്ച നവോത്ഥാന നായകന്മാരിൽ ശ്രദ്ധേയ സ്ഥാനമുള്ള മഹാവ്യക്തിത്വമാണ് സൂഫിയായിരുന്ന മാഹിൻ ഹമദാനി ശൈഖ്. കേരള മുസ് ലിം നവോത്ഥാനത്തിന്റെ പേരിൽ ഇന്നു നാം വ്യവഹരിക്കുന്ന സാമ്പ്രദായിക ഭാഷ്യങ്ങൾക്കകത്തേക്ക് ഉൾച്ചേർക്കാൻ കഴിയാത്തവിധം തസ്വവ്വുഫുൾപ്പെടെയുള്ള പാരമ്പര്യമൂല്യങ്ങളെ പ്രതിനിധീകരിച്ച മാഹിൻ ഹമദാനി ശൈഖിന്റെ ജീവിതവും ദൗത്യവും ദർശനവും പുനർവായിക്കാൻ ഉൾക്കാഴ്ചയേകുന്ന അബ്ദുറഹ് മാൻ മങ്ങാട് രചിച്ച ‘ശൈഖ് മായിൻ ഹമദാനി തങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ പാരായണാനുഭവം പങ്ക് വെക്കുന്ന കുറിപ്പ്.
കേരള മുസ് ലിംകളുടെ ആധുനിക സന്ദർഭത്തിലെ സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക നവീകരണത്തിന് തുടക്കമിട്ട സമുദായ പരിഷ്കർത്താക്കളായ നേതാക്കന്മാരിൽ പ്രമുഖ സ്ഥാനത്തുള്ള അനന്യ വ്യക്തിത്വമായിരുന്നു ശൈഖ് മാഹിൻ ഹമദാനി തങ്ങൾ. കേരള മുസ് ലിംകളുടെ ആധുനിക നവോത്ഥാന യത്നങ്ങളെ സംബന്ധിച്ച ഗവേഷണ പഠനങ്ങളിൽ കേലവമായി പരാമർശിക്കപ്പെടുന്ന ഒരു ‘ഉൽപതിഷ്ണു പൂർവ്വീകൻ’ എന്ന വിതാനത്തിന്നപ്പുറം മായിൻ ഹമദാനി ശൈഖിനെ സംബന്ധിച്ച പൊതുബോധം ഇതുവരെയും വികസിച്ചിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ സമാനകാലത്ത് ജീവിക്കുകയും ഏതാണ്ട് സമാനമായ ദൗത്യങ്ങൾ നിർവ്വഹിക്കുകയും ചെയ്ത മഖ്തി തങ്ങളെ കുറിച്ചും വക്കം മൗലവിയെ കുറിച്ചും അവരുടെ ദാർശനികവും ധൈഷണികവുമായ സ്ഥാനത്തെ കുറിച്ചും പഠനങ്ങളും പുനർവായനകളും നിരവധി സംഭവിച്ചിട്ടുണ്ട്. എന്നാൽ മായിൻ ഹമദാനി ശൈഖിന്റെ ദൗത്യത്തെ സംബന്ധിച്ച സാമാന്യ ധാരണ പോലും പകരാനുതകുന്ന ഗവേഷണ പഠനങ്ങൾ തുലോം തുച്ഛമാണെന്നതാണ് വസ്തുത.
ശൈഖ് മായിൻ ഹമദാനി തങ്ങളുടെ ജീവിതത്തെയും ദൗത്യത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ഗവേഷണ യത്നങ്ങളൊന്നും അക്കാദമികമായോ സ്വതന്ത്രമായോ ഇതുവരെയും സംഭവിച്ചിട്ടില്ല എന്നത് ഖേദകരമാണ്. ഈ ശൂന്യതയെ നികത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് ഒരു ആമുഖമാണ് മാപ്പിള ഗവേഷകനും ചിന്തകനുമായ അബ്ദുറഹ് മാൻ മങ്ങാട് മാഷ് സമാഹരിച്ച് ഗ്രൈസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ശൈഖ് മായിൻ ഹമദാനി തങ്ങൾ’ എന്ന ഗ്രന്ഥം. 180 പേജുകളുള്ള ഈ ഗ്രന്ഥത്തിൽ മാഹിൻ ഹമദാനി ശൈഖിനെ സംബന്ധിച്ച കെ.എം. സീതിയുടെയും അബ്ദുറഹ് മാൻ മങ്ങാട് മാഷിന്റെയും രണ്ട് ലേഖനങ്ങളും ഹമദാനി ശൈഖിന്റെ അൽ ഇൽഫത്തുൽ ഇസ് ലാമിയ്യ എന്ന ലേഖനത്തിന്റെ അറബി മലയാള ഭാഗവും മലയാള ലിപ്യന്തരണവും തിരുവിതാംങ്കൂർ പ്രജാ സഭയിൽ ഹമദാനി ശൈഖ് ചെയ്ത പ്രഭാഷണങ്ങളുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മായിൻ ഹമദാനി ശൈഖിന്റെ ജീവിതത്തെയും ദൗത്യത്തെയും ദർശനത്തെയും സംബന്ധിച്ച് സാമാന്യനിലപാടുകൾ നിർദ്ധാരണം ചെയ്യാവുന്ന വൈജ്ഞാനിക സ്രോതസ്സുകളാണിതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
മുസ് ലിംകളുടെ ആധുനിക വത്കരണത്തിനും ഐക്യത്തിനും ആത്മസംസ്കരണത്തിനുമായി പ്രയത്നിച്ച സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു മാഹിൻ ഹമദാനി ശൈഖ്. മുസ് ലിംകളോട് അറബി ഭാഷയുടെ പ്രാധാന്യത്തെയും ഇസ് ലാമിക വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെയും സംബന്ധിച്ച് ഊന്നിപ്പറയുമ്പോൾ തന്നെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെയും പ്രാദേശിക ഭാഷയും മാതൃഭാഷയുമായ മലയാള ഭാഷാ പഠനത്തെയും ആധുനിക വിദ്യാഭ്യാസത്തെയും സ്വായത്തമാക്കാൻ നിരന്തരമായി ഉദ്ബോധിപ്പിച്ച ക്രാന്തദർശിയായ പണ്ഡിതനായിരുന്നു മാഹിൻ ഹമദാനി ശൈഖ്. വിശ്വാസപരമായി പാരമ്പര്യ സുന്നി വിശ്വാസങ്ങളെ പ്രതിനിധീകരിക്കുകയും തസ്വവ്വുഫിന്റെ വഴി പിൻപറ്റുകയും ചെയ്ത മാഹിൻ ഹമദാനി ശൈഖ് കേരള മുസ് ലിംകളുടെ വിദ്യാഭ്യാസ നവീകരണത്തിനുവേണ്ടി സമഗ്രമായ പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കാൻ പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്നതും ഇപ്പോൾ ആലപ്പുഴ ജില്ലയുടെ ഉത്തര അതിർത്തി പ്രദേശവുമായ വടുതല ഗ്രാമത്തിൽ ജനിച്ച ഹമദാനി ശൈഖ് കൊടുങ്ങല്ലൂരിലെ ഒരു മസ്ജിദിൽ ഓതിപഠിക്കുകയും ശേഷം ഉപരിപഠനാർത്ഥം മദ്രാസിനടുത്തുള്ള വെല്ലൂർ ലത്വീഫിയ അറബി കോളേജിൽ എത്തുകയും അവിടുത്തെ കോഴ്സുകൾ പൂർത്തീകരിക്കുകയും ചെയ്തു. അറബി, ഫാർസി, ഉർദു, തമിഴ് തുടങ്ങിയ ഭാഷകളിൽ നല്ല അവഗാഹം നേടാൻ ഈ പഠനകാലം അദ്ദേഹത്തെ സഹായിച്ചു. ഖാൻഗാഹീ അന്തരീക്ഷത്തിലുള്ള ലത്ത്വീഫിയ്യയിലെ പഠനം തസ്വവ്വുഫിനോടും സൂഫിസത്തോടുമുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം വളർത്തുകയും മദ്രാസിലെ ജീവിത കാലത്ത് ലത്ത്വീഫിയ്യ വഴിയായി ലഭിച്ച തസ്വവ്വുഫ് ബന്ധം കൂടാതെ ഹമദാനി സൂഫി ധാരയിൽ അദ്ദേഹം അംഗമാവുകയും ചെയ്തു. ഹമദാനി ത്വരീഖത്തിലെ അക്കാലത്തെ വിശ്രുതനായ ഒരു ശൈഖിന്റെ കീഴിലായിരുന്നു അദ്ദേഹം തസ്കിയ്യത്ത് സിദ്ധിച്ചത്. പിന്നീട് ഈ ഹമദാനി ധാരയിൽ ഖിലാഫത്ത് ലഭിച്ച അദ്ദേഹം പിൽക്കാലത്ത് മാഹിൻ ഹമദാനി ശൈഖ് എന്നറിയപ്പെട്ടു. ഹമദാനി ത്വരീഖത്ത് ധാരയുമായുണ്ടായിരുന്ന ഈ ബന്ധം നിമിത്തമാണ് അദ്ദേഹത്തിന് ഹമദാനി ശൈഖ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. തസ്വവ്വുഫിന്റെ ശൈഖന്മാരെയും പുണ്യാത്മാക്കളെന്ന് തിരിച്ചറിയപ്പെടുന്ന പ്രത്യേകക്കാരെയും അക്കാലത്ത് തങ്ങൾ എന്ന് സംബോധന ചെയ്യപ്പെട്ടിരുന്നതിനാൽ സയ്യിദ് വംശത്തിൽ പെട്ടവരല്ലെങ്കിലും മായിൻ ഹമദാനി ശൈഖ്, തങ്ങൾ എന്നുകൂടി വിളിക്കപ്പെട്ടു. ദീനി വിദ്യാഭ്യാസവും ശൈഖിൽ നിന്നുള്ള തർബിയത്തുമെല്ലാം പൂർത്തീകരിച്ച ശേഷം ഹമദാനി ത്വരീഖത്ത് ധാരയിലെ ഖിലാഫത്തുമായി നാട്ടിലെത്തിയ അദ്ദേഹം തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വിവിധ പ്രദേശങ്ങളിൽ ചെന്ന് ജനമനസ്സുകളെ സംസ്കരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചില സ്ഥലങ്ങളിൽ മസ്ജിദുകൾ സ്ഥാപിച്ചും ചിലയിടങ്ങളിൽ നിലവിലുള്ള മസ്ജിദുകൾ കേന്ദ്രീകരിച്ചും സ്വാധീന വൃത്തങ്ങളുണ്ടാക്കി തന്റെ ദീനി പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു. ജനമനസ്സുകളുടെ സംസ്കരണം മുഖ്യ ലക്ഷ്യമാക്കിയിരുന്ന മാഹിൻ ഹമദാനി ശൈഖ് സമുദായത്തിന്റെ പിന്നോക്കാവസ്ഥയിൽ അതിയായി ദു:ഖിക്കുകയും അതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ഒരേ സമയം ആത്മസംസ്കരണ യത്നങ്ങളും സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളും ഒരുമിച്ചുകൊണ്ടുപോകേണ്ടതിന്റെ അനിവാര്യത അദ്ദേഹം തിരിച്ചറിഞ്ഞു. മുസ് ലിം സമുദായ ഐക്യവും ആത്മസംസ്കരണവും ആധുനികീകരണവും മുസ് ലിം സമൂഹത്തിന്റെ അതിജീവനത്തിന്റെ ഒറ്റമൂലികളായി അദ്ദേഹം പരിഗണിച്ചു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുതകുന്ന സമുദ്ധാരണ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ അദ്ദേഹം പ്രയത്നിച്ചു. ഇതിന് ഭരണകൂടങ്ങളുടെ പിന്തുണ അദ്ദേഹം ഉറപ്പാക്കി. അലിഗർ യൂണിവേഴ്സിറ്റി മാതൃകയിലുള്ള ഒരു യൂണിവേഴ്സിറ്റി തന്നെ വിഭാവന ചെയ്തിരുന്ന മാഹിൻ ഹമദാനി ശൈഖ് അക്കാലത്ത് മുസ് ലിംകളെ സംബന്ധിച്ച് ഏറെ വിപ്ലവകരമായ വിദ്യാഭ്യാസ സാമൂഹിക സമുദ്ധാരണ യത്നങ്ങൾക്കാണ് മുൻകൈയ്യെടുത്തത്. തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനാവശ്യമായ ഭരണകൂട പിന്തുണയും പശ്ചാത്തല സാഹചര്യങ്ങളുമെല്ലാം ഒത്തുവന്നെങ്കിലും മുസ് ലിം സമുദായത്തിന്റെ ഭാഗത്ത് നിന്നുള്ള കാലോചിതമായ പിന്തുണ ലഭിക്കാത്തതിനാൽ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളിൽ പലതും സാക്ഷാത്കരിക്കാനായില്ല. എങ്കിലും തന്റെ ജീവിതകാലമത്രയും സമുദായ ഐക്യത്തിനും വിദ്യാഭ്യാസ സമുദ്ധാരണത്തിനും സർവ്വോപരി മുസ് ലിം വ്യക്തികളുടെ ആത്മസംസ്കരണത്തിനും ഇസ് ലാമീകരണത്തിനുമായി അദ്ദേഹം പ്രയത്നിച്ചുകൊണ്ടിരുന്നു. മസ്ജിദുകൾ, സ്കൂളുകളും കോളേജുകളും മദ്രസ്സകളുമുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമുദായ ഐക്യം ലക്ഷ്യം വെച്ചുള്ള ഐക്യസംഘങ്ങൾ, സഭകൾ ഇങ്ങനെ നിരവധി സംരംഭങ്ങൾ അദ്ദേഹത്തിന്റെ മുൻകൈയ്യോടെ ആവിർഭവിച്ചു. കേരള മുസ് ലിം ചരിത്രത്തിന്റെ ഗതിമാറ്റിയ വലിയ സാമൂഹിക സംരംഭങ്ങളായി പിൽക്കാലത്ത് അവയിൽ പലതും രൂപാന്തരപ്പെട്ടു. ഒടുവിൽ വിശ്രമമില്ലാത്ത സമുദായ സമുദ്ധാരണ യത്നങ്ങൾക്കിടയിൽ 1922 ൽ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. മാഹിൻ ഹമദാനി ശൈഖിനെ സംബന്ധിച്ച് ഈ ഗ്രന്ഥം നൽകുന്ന വിവരങ്ങളുടെ സംഗ്രഹമാണിത്രയും കുറിച്ചത്. ഇതോടനുബന്ധമായി അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലങ്ങളെ സംബന്ധിച്ചും അദ്ദേഹം പ്രതിനിധീകരിച്ച നവോത്ഥാന ചിന്തയെ കുറിച്ചും അദ്ദേഹത്തിന്റെ ലഭ്യമായ രചനകളെയും ജീവിതത്തെയും മുൻനിറുത്തി ഒരു സാമാന്യ വിശകലനം ഇത്തരുണത്തിൽ അനിവാര്യമാകുന്നുണ്ട്.
പൊതുവായി ബ്രിട്ടീഷ് രാജിനോടും കൊളോണിയൽ ആധുനികതയോടും സമരോത്സുകമായ രാഷ്ട്രീയ നിലപാടെടുത്ത മലബാറിലെ മാപ്പിള മുസ് ലിം സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലെ മുസ് ലിംകളുടെ ബ്രിട്ടീഷ് കൊളണീകരണത്തോടുള്ള സമീപനം എന്നു കാണാൻ കഴിയും. ബ്രിട്ടീഷ് കോളണീകരണത്തോട് ദേശീയ പരിപ്രേക്ഷ്യത്തോടെ ശക്തമായി ചെറുത്തു നിന്ന ടിപ്പുസുൽത്വാനിൽ നിന്നാണ് മലബാർ മേഖലയിലെ അധികാരം കോളണി ശക്തികൾ കവർന്നെടുത്തത് എന്നതിനാൽ ജന്മിത്വ നാടുവാഴിത്ത വ്യവസ്ഥക്ക് കനത്ത പ്രഹരമേൽപിച്ച് അടിസ്ഥാന ജനവർഗങ്ങൾക്ക് സാമൂഹീക പദവിയും ക്ഷേമൈശ്വര്യങ്ങളും നേടിക്കൊടുത്ത ടിപ്പുവിന്റെ ഭരണ പരിഷ്കാരങ്ങളുടെ ‘പാപങ്ങൾ’ തിരുത്താനും ജന്മിത്വ നാടുവാഴിത്ത സംവിധാനങ്ങളെ പൂർവ്വാധികം ശക്തിയോടെ പുനരുജ്ജീവിപ്പിക്കാനുമാണ് ബ്രിട്ടിഷ് രാജ് മലബാർ മേഖലയിൽ ഊന്നൽ നൽകിയത് എന്ന കാര്യം സുവിധിതമായ ചരിത്ര വസ്തുതയാണ്. ജന്മിത്വനാടുവാഴിത്ത വ്യവസ്ഥയുടെ ഇരകളായിരുന്ന അടിസ്ഥാന ജനവർഗങ്ങളാണ് ഈ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഇരകളായത് എന്നത് സ്വാഭാവികമാണ്. അന്യായമായ നികുതി നിയമങ്ങളും വംശീയമായ മുൻവിധികളോടെയുള്ള കൊളണിശക്തികളുടെ രാഷ്ട്രീയ സമീപനങ്ങളും കർഷകരായ മാപ്പിള ജനതയെയാണ് ഏറ്റവുമധികം ബാധിച്ചത് എന്നതിനാൽ കോളണികരണത്തിനെതിരായ ചെറുത്തു നിൽപുകളും മാപ്പിള സമൂഹത്തിൽ നിന്നാണ് ഉയർന്നുവന്നത് എന്നതും സ്വാഭാവികമാണ്. ചരിത്രപരവും സാമൂഹികവുമായ ഇത്തരം പശ്ചാത്തലങ്ങളാണ് മലബാറിലെ മുസ് ലിംകളുടെ കൊളോണിയൽ ആധുനികതയോടുള്ള സമരോത്സുകമായ സമീപനങ്ങളെ സ്വാധീനിച്ചതെങ്കിൽ തിരുവിതാംങ്കൂർ മേഖലയിലെ മുസ് ലിംകൾക്ക് കോളണി ശക്തികളിൽ നിന്ന് നേരിട്ട് ഇത്തരം വിവേചനപൂർണ്ണമായ ഭരണനടപടികളെയും അന്യായമായ നികുതി നിയമങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നില്ല എന്ന കാര്യം സവിശേഷം പരിഗണിക്കേണ്ടതുണ്ട്. നാട്ടുരാജ്യ അധികാര വ്യവസ്ഥ ബ്രിട്ടീഷ് രാജിനോട് എല്ലാ സന്ധിയും ചെയ്ത് പൂർണ്ണമായ വിധേയത്വത്തോടെ തന്നെ തിരുവിതാംകൂർ മേഖലയിൽ നിലനിന്നിരുന്നതിനാൽ ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ ശ്രേണീകൃതമായ ജാതീയ ഘടനയിലെ സാമൂഹീക അസമത്വങ്ങൾക്കപ്പുറം ബ്രിട്ടീഷ് രാജിന്റെ ഭാഗമായുള്ള വിവേചനങ്ങളോ അടിച്ചമർത്തൽ നടപടികളോ തിരുവിതാംകൂർ മേഖലയിൽ പ്രകടമായിരുന്നില്ല. മാത്രമല്ല ഈ മേഖലയിലെ ജാതീയ ഉച്ചനീചത്വങ്ങൾക്ക് ഇരകളായ കീഴാള സമൂഹങ്ങൾക്ക് മനുഷ്യപദവിയിലേക്കും സാമൂഹിക പുരോഗതിയിലേക്കും വളരാനുള്ള അവസരമാണ് ബ്രിട്ടീഷ് രാജും കൊളോണിയൽ ആധുനികതയും പകർന്നു നൽകിയത് എന്നതിനാൽ സ്വയം ആധുനികവത്കരിക്കപ്പെടാനുള്ള പ്രവണതയാണ് തിരുവിതാംകൂർ മേഖലയിലെ മതജാതി സമൂഹങ്ങളിൽ പൊതുവായി പ്രകടമായിരുന്നത്. ഈ പശ്ചാത്തലം പരിഗണിച്ചുവേണം ഈ മേഖലയിലെ മതജാതി സമൂഹങ്ങളുടെ ആധൂനീകരണ സംരംഭങ്ങളെ പൊതുവായും മുസ് ലിം സമൂഹത്തിന്റെ ആധുനിക മൂല്യങ്ങൾക്കനുസൃതമായ നവീകരണ സംരംഭങ്ങളെ സവിശേഷമായും നാം വിശകലനം ചെയ്യേണ്ടത്. മാഹിൻ ഹമദാനി ശൈഖിന്റെ നവീകരണ യത്നങ്ങളെ അവലോകനം ചെയ്യുമ്പോൾ ഈയൊരു പശ്ചാത്തലം തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്. കൊളോണിയൽ ശക്തികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളോട് വിയോജിക്കുമ്പോഴും കോളോണിയൽ ആധുനികതയുടെ വിദ്യാഭ്യാസ പദ്ധതികൾ മൂലം മനുഷ്യപദവിയും സാമൂഹിക സ്ഥാനവും സാമ്പത്തികാഭിവൃദ്ധിയും ലഭ്യമാകുമെന്നതിനാൽ പിന്നോക്കാവസ്ഥകളിൽ നിന്ന് കര കയറി സ്വസമുദായത്തെ ചരിത്രവത്കരിക്കാനുള്ള ഒരു ഉപാധി എന്ന നിലക്കാണ് മായിൻ ഹമദാനി ശൈഖുൾപ്പെടെയുള്ള സമുദായ പരിഷ്കർത്താക്കളെല്ലാം ആധുനിക വത്കരണത്തെ പരിഗണിച്ചത്. അഥവാ ആധുനിക വിദ്യാഭ്യാസമെന്നാൽ നിരപേക്ഷ സ്വഭാവമുള്ള ഒന്നായി പരിഗണിക്കുന്ന അക്കാലത്തെ പൊതുസമീപനങ്ങളോട് താദാത്മ്യപ്പെടുന്നതായിരുന്നു മാഹിൻ ഹമാദാനി ശൈഖിന്റെയും സമീപനം എന്നർത്ഥം. എന്നാൽ കൊളോണിയലിസത്തിന്റെ സാംസ്കാരിക അജണ്ടകൾ സംവഹിക്കുന്ന ആധുനിക വിദ്യാഭ്യാസമാർജ്ജിച്ച് ശാക്തീകരണത്തിന് ആഹ്വാനം ചെയ്തുകൊണ്ടിരുന്ന ഇതേ ഹമദാനി ശൈഖ് തന്നെയാണ് കൊളോണിയൽ വിരുദ്ധമായ ആഗോള മുസ് ലിം രാഷ്ട്രീയത്തെ സംബന്ധിച്ചും ആഗോള മുസ് ലിം ഐക്യത്തെയും സാഹോദര്യത്തെയും സംബന്ധിച്ചും മുസ് ലിം സാർവ്വദേശീയതയെ സംബന്ധിച്ചും സംസാരിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ അൽ ഇൽഫത്തുൽ ഇസ് ലാമിയ്യ എന്ന കൃതി തന്നെ ഈ വൈവിദ്ധ്യ നിലപാടുകളുടെ സാക്ഷ്യപത്രമാണ്. ജമാലുദ്ദീൻ അഫ്ഗാനിയുടെ പാൻ ഇസ് ലാമിക് ചിന്തയുടെ സ്വാധീനമായിരുന്നു അക്കാലത്തെ മാഹിൻ ഹമദാനി ശൈഖിന്റെ നിലപാടുകളെ നിർണ്ണയിച്ചിരുന്നത് എന്ന് കാണാൻ കഴിയും. അക്കാലത്ത് ആധുനിക വത്കരണത്തിനും സാമൂഹിക നവോത്ഥാനത്തിനും ആഹ്വാനം ചെയ്തുകൊണ്ടിരുന്ന മുഹമ്മദ് അബ്ദുവിന്റെ നവീകരണ യത്നങ്ങളോടും മാഹിൻ ഹമാദാനി ശൈഖ് ആഭിമുഖ്യം പുലർത്തിയിരുന്നുവെന്ന് കാണാം. മുഹമ്മദ് അബ്ദുവിന്റെയും റശീദ് രിദായുടെയും ചിന്തകളെ കേരളത്തിൽ പ്രതിനിധീകരിച്ച വക്കം മൗലവി പോലുള്ളവരുമായുള്ള സൗഹൃദബന്ധവും അക്കാലത്ത് ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഈ നവീകരണ ധാരക്കാരുടെ അൽ മനാർ പോലുള്ള പ്രസിദ്ധീകരണങ്ങളുടെ സ്വാധീനവുമാണ് ഹമദാനി ശൈഖിന്റെ ഈ നിലപാടുകൾക്ക് നിദാനമായത് എന്ന് കാണാം. എന്നാൽ ഇത്തരം നവീകരണ ധാരക്കാരുടെ പാരമ്പര്യമവകാശപ്പെട്ട് പിൽക്കാലത്ത് രംഗത്തുവന്ന പ്രസ്ഥാനങ്ങളുടെ പാരമ്പര്യനിരാസത്തിലധിഷ്ഠിതമായ ഇസ് ലാഹി പരിഷ്കരണ ആശയ വ്യവഹാരങ്ങളോട് താദാത്മ്യപ്പെടുന്നതായിരുന്നില്ല മാഹിൻ ഹമദാനിയുടെ ആശയ ലോകം എന്ന് തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്. അഥവാ പാരമ്പര്യ സുന്നി വിശ്വാസങ്ങളെയും മദ്ഹബ് പാരമ്പര്യങ്ങളെയും പൂർണ്ണമായും അംഗീകരിക്കുകയും തസ്വവ്വുഫിന്റെ വൈജ്ഞാനിക അവബോധത്തോടെ തന്നെ മതവിജ്ഞാനീയങ്ങളെ സമീപിക്കുകയും ചെയ്തിരുന്ന മാഹിൻ ഹമദാനി ശൈഖ് പാരമ്പര്യ മുസ് ലിം സമൂഹത്തിൽ ശിർക്കും കുഫ്റും ആരോപിക്കുന്ന സമീപനമനുവർത്തിച്ചിരുന്നില്ല എന്ന കാര്യം ഇവിടെ അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്. തീർച്ചയായും മാഹിൻ ഹമദാനി ശൈഖിന്റെ നവീകരണ പരിഷ്കരണ യത്നങ്ങളിലെ ഈയൊരു മൂല്യമാണ് സാമ്പ്രദായിക ഇസ് ലാഹി നവോത്ഥാന സംരംഭങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ദൗത്യത്തെ വ്യതിരിക്തമാക്കുന്നത്. ഹമദാനി ശൈഖിന്റെ ഈയൊരു മൂല്യത്തെ തിരിച്ചറിയുന്നതിലും സാമ്പ്രദായിക നവോത്ഥാന വ്യവഹാരങ്ങളിൽ നിന്നുള്ള അതിന്റെ വിച്ഛേദത്തെ മനസ്സിലാക്കുന്നതിലും പാരമ്പര്യ സുന്നി സമൂഹവും പുരോഗമനവകാശപ്പെടുന്ന പുതിയ പ്രസ്ഥാനങ്ങളും ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് ഖേദകരമായ വസ്തുത. എന്നാൽ ഈ ലഘുഗ്രന്ഥത്തിന്റെ പ്രസാധനം വഴി മാഹിൻ ഹമദാനി ശൈഖിന്റെ ദർശനത്തെയും ദൗത്യത്തെയും പുനർവായിക്കാനുള്ള അവസരമാണ് സംജാതമായിട്ടുള്ളത് എന്ന് കാണാം. തീർച്ചയായും ഏതാണ്ട് നൂറു വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ട മാഹിൻ ഹമദാനി ശൈഖിന്റെ ജീവിതവും ദൗത്യവും ശരിയായി നിർദ്ധാരണം ചെയ്യാനുതകുന്ന നിരവധി സ്രോതസ്സുകൾ ഇന്നും ശേഷിക്കുന്നുണ്ടാവാം. ഈ മേഖലയിൽ ഗവേഷണം ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനവും പ്രാഥമികമായ വിവര സ്രോതസ്സുമാണ് ഗ്രെയ്സ് ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം. ലളിതമായി രൂപകൽപന ചെയ്ത ഈ ഗ്രന്ഥത്തിന് മുഖവില 200 രൂപയാണ്.