സൈനുദ്ദീൻ മന്ദലാംകുന്ന്:
കേരളത്തിലേക്കുള്ള ഇസ്ലാമിക ആഗമനത്തിന്റെ ചരിത്രം അവലോകനം ചെയ്യുമ്പോൾ അവിഭാജ്യമായി ഉദ്ധരിക്കപ്പെടുന്ന നാമമാണ് മാലിക് ഇബ്നു ദീനാർ(റ) എന്നത്. അരിസാലത്തു ഫിളുഹൂരിൽ ഇസ്ലാം ദിയാരി മലൈബാർ എന്ന പുരാതന കൈയ്യെഴുത്തു ഗ്രന്ഥത്തിലെ വിവരണമനുസരിച്ച് മാലിക് ഇബ്നു ദീനാർ(റ)വിന്റെ സാന്നിദ്ധ്യവും എ.ഡി. ഒമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട രിഹ് ലത്തുൽ മുലൂക്ക് എന്ന ഗ്രന്ഥം അവലംബിച്ച് കേരളത്തിലെ ഇസ് ലാമിക പ്രബോധനത്തിന്റെ പിൽക്കാല വികാസവും അലിയ്യുൽ കൂഫി(റ) പോലുള്ള മഹത്തുക്കളുടെ പ്രബോധന ദൗത്യവും അവലോകനം ചെയ്യുന്ന പഠന പ്രബന്ധം.
(അകമിയം പ്രസിദ്ധീകരിച്ച ദക്ഷിണേന്ത്യയിലെ മുസ് ലിം വേരുകൾ, സൂഫികൾ, സൂഫിസം എന്ന ഗ്രന്ഥത്തിൽ നിന്ന്)
ഇന്ത്യയിലേക്കുള്ള ഇസ്ലാമികാഗമനത്തിന്റെ ആദ്യകാല ശേഷിപ്പുകൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കാണാം. ഇസ്ലാമികാഗമനത്തിന്റെ ആദ്യകാല അടയാളങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും ശേഷിക്കുന്നത് മസ്ജിദുകൾ മാത്രമല്ല ആ മസ്ജിദുകൾ പണിയാൻ നേതൃത്വം നൽകുകയും ജനമനസ്സുകളിൽ ഈമാനിക ജീവൻ പകർന്നു നൽകുകയും ചെയ്ത് വലിയ സാമൂഹിക പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ആദ്യകാല ദീനിപ്രബോധകരായ മഹാത്മാക്കളുടെ അന്ത്യവിശ്രമസ്ഥാനങ്ങളുമാണ്. സ്വഹാബിയാണെന്ന് പരിഗണിക്കപ്പെടുന്ന മാലിക് ദീനാർ(റ)വിന്റെ സംഘത്തിൽ വന്ന മഹാത്മാക്കളുടെ അന്ത്യവിശ്രമസ്ഥാനങ്ങൾ ഇന്നത്തെ കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലുമെല്ലാമായി വ്യാപിച്ചുകിടക്കുന്നുണ്ടെന്നതാണ് ചരിത്ര യാഥാർത്ഥ്യം. കൊടുങ്ങല്ലൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന മാലിക് ഇബ്നു ഹബീബ്(റ)വും അദ്ദേഹത്തിന്റെ പത്നി ഖമരിയ്യ(റ)യും മുതൽ വടക്ക് കാസർകോഡ് ജില്ലയിൽ കർണ്ണാടകയോട് തൊട്ടുകിടക്കുന്ന ഇച്ചിലങ്കോട് അന്ത്യവിശ്രമം കൊള്ളുന്ന റഫീഅ് ഇബ്നു മാലിക്(റ), കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തുള്ള മഖാം മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അലിയ്യുബ്നു ഹാനിം(റ), ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ തിരുവിതാംകോട് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഇബ്നു മാലിക്(റ) വരെയുള്ള നിരവധി സ്വഹാബിമാരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ അറബിക്കടലുമായി അതിരിടുന്ന ദക്ഷിണേന്ത്യൻ തീര പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലുമെല്ലാം ഉണ്ടെന്ന കാര്യത്തിൽ മുസ്ലിം സമുദായത്തിന് സന്ദേഹങ്ങളേതുമില്ല. ജനിച്ച മണ്ണും സാമൂഹിക ചുറ്റുപാടുകളും ത്യജിച്ച് അല്ലാഹുവിന്റെ ദീനിന്റെ പ്രബോധകരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ ഇത്തരം മഹാമനീഷികൾ വഴിയാണ് ഇസ്ലാം ലോക വ്യാപകമായത് എന്ന കാര്യം സുവിധിതമാണ്. ഇസ്ലാമിക പ്രബോധനാർത്ഥം കേരളത്തിലെത്തിയ ആദ്യകാല ദീനി പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്രപ്രസിദ്ധരായ രണ്ട് മഹാത്മാക്കളുടെ ജീവിതവും ദൗത്യവും സംക്ഷിപ്തമായി അവലോകനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. സമഗ്രമായ വിവരങ്ങൾ നൽകാൻ വിവര സ്രോതസ്സുകൾ അപര്യാപ്തമായതിനാൽ സാമാന്യമായ ഒരു ലഘു പരിചയം മാത്രമായിരിക്കും ഇത്.
മാലിക് ഇബ്നു ദീനാർ(റ):
കേരള മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട് ഈ നാമം കേൾക്കാത്തവർ ആരുമുണ്ടാവില്ല. കേരളത്തിലെ ഇസ്ലാമിക പ്രബോധനത്തിന് തുടക്കം കുറിച്ച മാലിക് ഇബ്നു ദീനാർ(റ) സ്വഹാബിയാണോ താബിഅ് ആണോ തബഉത്താബിഅ് ആണോ എന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കേരള ചരിത്രത്തിൽ ഇത്തരമൊരു ചരിത്ര പുരുഷന്റെ സാന്നിദ്ധ്യത്തെ ആരും നിഷേധിക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. സ്മര്യപുരുഷൻ കേരളത്തിലെത്തിയത് നബി(സ്വ) തങ്ങളുടെ വിയോഗം സംഭവിച്ച് അധിക വർഷങ്ങൾ പിന്നിടുന്നതിന് മുമ്പായിരുന്നുവെങ്കിലും മഹാനവർകൾ സ്വഹാബിയാണെന്ന കാര്യമാണ് പ്രമാണങ്ങൾ സ്ഥിരപ്പെടുത്തുന്നത്. കേരളത്തിലെ കൊടുങ്ങല്ലൂരിലെ ഒരു നാട്ടുരാജാവായിരുന്ന പള്ളിബാണപ്പെരുമാൾ അറേബ്യയിൽ നിന്നെത്തിയ ഒരു യാത്ര സംഘവുമായി സന്ധിച്ചതും മക്കത്തുപോയതും നബി(സ്വ) തങ്ങളുമായി സന്ധിച്ചതും ഇസ്ലാം സ്വീകരിച്ചതും ശേഷം അവിടെ വെച്ച് യമനി പശ്ചാത്തലമുള്ള മാലിക് ഇബ്നു ദീനാർ(റ)വുമായും അവരുടെ കുടുംബവുമായും സന്ധിച്ചതും പ്രതിപാദിക്കുന്ന അറബിയിൽ രചിച്ച ഒരു പുരാതന കൈയ്യെഴുത്ത് രേഖ അവലംബിച്ചാണ് ഇസ്ലാമിന്റെ കേരളത്തിലേക്കുള്ള ആഗമന ചരിത്രം ആഖ്യാനം ചെയ്യുന്നത്. അരിസാലത്തു ഫിളുഹൂരിൽ ഇസ്ലാം ദിയാരി മലൈബാർ എന്ന പേരിൽ അറിയപ്പെട്ട മാലിക് ഇബ്നു ദീനാർ(റ)വിന്റെ ദൗത്യ സംഘത്തിൽ അംഗമായിരുന്ന മുഹമ്മദ് ഇബ്നു മാലിക്(റ) രചിച്ച മാടായി പള്ളിയിൽ നിന്ന് കണ്ടെടുക്കപ്പെട്ട പുരാതന രേഖയനുസരിച്ച് മാലിക് ഇബ്നു ദീനാർ(റ) സ്വഹാബിയാണെന്ന കാര്യമാണ് സ്ഥിരീകരിക്കപ്പെടുന്നത്. പ്രസ്തുത ഗ്രന്ഥത്തിലെ ആഖ്യാനമനുസരിച്ച് വിഖ്യാതമായ ഈ സംഭവ പരമ്പരകളെ ഇപ്രകാരം സംഗ്രഹിക്കാവുന്നതാണ്.
യമനിലെ ഒരു നാടുവാഴിയായിരുന്നു ഹബീബുബ്നു മാലിക് (റ). അദ്ദേഹത്തിന്റെ സഹോദരനാണ് മാലികുബ്നു ദീനാർ(റ). നബി(സ്വ) തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങളെ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള സഹായാർത്ഥനയുമായി അബൂ ജഹ്ലിന്റെ നേതൃത്വത്തിൽ ഒരു സംഘം ഖുറൈശികൾ യമനിലെത്തി. ഉപരി സൂചിത നാടുവാഴിയോട് സഹായം തേടി. രാജാവ് തന്റെ അനുയായികളോടൊത്ത് മക്കയിലെത്തി. തന്റെ സന്ദേശവാഹകരെ നബി(സ്വ) തങ്ങൾക്കരികിലേക്ക് അയച്ചു, കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. നബി(സ) ഈ നാട്ടുരാജാവിന്റെയും പരിവാരങ്ങളുടെയും സമീപമെത്തി. ഔപചാരികമായ സ്വീകരണ മര്യാദകളെല്ലാം പൂർത്തീകരിച്ച ശേഷം നാടുവാഴി നബി(സ്വ) തങ്ങളോട് ഖുറൈശികൾക്ക് വേണ്ടി ചന്ദ്രനെ പിളർത്താമോ എന്ന് ചോദിച്ചു. അങ്ങനെ സമയവും സന്ദർഭവും നിശ്ചയിച്ചു. അല്ലാഹുവിന്റെ അപാരമായ ഔദാര്യത്താൽ നബി(സ്വ) തങ്ങൾ ചന്ദ്രനെ പിളർത്തി. എന്നാൽ ഖുറൈശികളിലെ അധിക പേരും അത് സിഹ്റാണെന്ന് പറഞ്ഞു നിഷേധിച്ചെങ്കിലും പലർക്കും അത് ഹിദായത്തിന് കാരണമായി. പലഭാഗത്തുമുള്ളവരോടും സഞ്ചാരികളോടും അവർ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു. പിളർന്നത് കണ്ടു എന്ന മറുപടിയാണ് എല്ലാവരിൽ നിന്നും ലഭിച്ചത്. തങ്ങൾ തന്നെ നേരിൽ സാക്ഷിയായ ഈ അത്ഭുത സംഭവത്തെ നിഷേധിക്കാൻ അവർക്ക് സാധിച്ചില്ല. അങ്ങനെ നാടുവാഴിയായ ഹബീബുബ്നു മാലിക്(റ) വും കൂടെ വന്ന യമനികളും നബി(സ്വ) യിൽ വിശ്വസിച്ചു. ശേഷം തിരുനബി(സ്വ) തങ്ങളിൽ നിന്ന് മാർഗദർശനങ്ങൾ സ്വീകരിച്ച് അവർ സ്വന്തം നാട്ടിലേക്ക് മടങ്ങി.
ഇതേ പശ്ചാത്തലത്തിൽ ചന്ദ്രൻ പിളർന്ന മഹത്തായ ഈ സംഭവത്തിന് ലോകത്തുള്ള പലരും സാക്ഷികളായതുപോലെ കേരളത്തിൽ നിന്നുള്ള ഒരു നാട്ടുരാജാവും സാക്ഷിയാവുകയും അതിന്റെ യാഥാർത്ഥ്യമറിയാൻ അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഒടുവിൽ അറേബ്യയിൽ നിന്ന് വന്ന ഒരു ചെറുസംഘവുമായി സന്ധിക്കുകയും അവരുമായുള്ള സംഭാഷണത്തിനിടയിൽ പ്രസ്തുത സംഭവം പരാമർശിക്കപ്പെടുകയും അങ്ങനെ തിരുനബി(സ്വ) തങ്ങളുടെ മുഅ്ജിസത്തായി അത് തിരിച്ചറിഞ്ഞ കേരളത്തിലെ നാട്ടുരാജാവ് ഈ യാത്ര സംഘം അറേബ്യയിലേക്ക് പോവുമ്പോൾ അവരോടൊപ്പം തിരുനബി(സ്വ) തങ്ങളുമായി സന്ധിക്കാൻ പുറപ്പെടുകയും അങ്ങനെ അറേബ്യയിലെത്തി നബി(സ്വ) തങ്ങളെ കണ്ടുമുട്ടി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ കേന്ദ്രമായി ഭരിച്ചിരുന്ന ഒരു നാട്ടുരാജാവായിരുന്ന പള്ളി ബാണപ്പെരുമാളാണ് ഈ നാട്ടു രാജാവെന്നും പല അറബി രേഖകളിലും ശക്രൂത്തി ഫർമാൾ എന്ന് പ്രയോഗിച്ചിട്ടുള്ളത് ഇദ്ദേഹത്തെ കുറിച്ചാണെന്നും പ്രമാണ പിൻബലത്തോടെ ഡോ: സി.കെ. കരീമുൾപ്പെടെ പല പ്രമുഖ ചരിത്രകാരന്മാരും ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇമാം ഹാകിം(റ) തന്റെ ഹദീസ് ഗ്രന്ഥമായ മുസ്തദ്റകിൽ ബുഖാരി(റ)വിന്റെ മാനദണ്ഡങ്ങളൊത്ത ഹദീസായി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഒരു ഇന്ത്യൻ രാജാവ് നബി(സ്വ) തങ്ങളെ സന്ദർശിക്കാൻ വന്നതും സവിശേഷമായ ഒരു ലായനിയിൽ ഇഞ്ചി നിറച്ച ഒരു ഭരണി നബി(സ്വ) തങ്ങൾക്ക് നൽകിയതായും നബി(സ്വ) തങ്ങൾ അത് സ്വീകരിച്ച് സ്വഹാബികൾക്കിടയിൽ അത് വിതരണം ചെയ്തതായും പ്രതിപാദിക്കുന്നുണ്ട്. എ.ഡി. 810 ൽ ജനിച്ച് എ.ഡി. 855 ൽ മരണപ്പെട്ട(861 ലാണെന്നും അഭിപ്രായമുണ്ട്) പ്രസിദ്ധനായ വൈദ്യശാസ്ത്ര വിശാരദൻ അലിയ്യുബ്നു റബ്ബാൻ അത്വബ്രി തന്റെ ഫിർദൗസുൽ ഹിക്മ എന്ന ഗ്രന്ഥത്തിൽ ഇന്ത്യൻ രാജാവ് നബി(സ്വ) തങ്ങളുമായി സന്ധിച്ച ഈ സംഭവം ഉദ്ധരിക്കുന്നുണ്ട് എന്ന് സി.എൻ. അഹ്മദ് മൗലവിയും കെ.കെ. മുഹമ്മദ് അബ്ദുൽ കരീമും തങ്ങളുടെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്.
ഈ സംഭവം കേരളോൽപത്തി മുതൽ കേരള മാഹാത്മ്യം വരെയും അരിസാലത്തു ഫീ ളുഹൂരിൽ ഇസ്ലാം ദിയാരി മലൈബാർ, എ,ഡി. ഒമ്പതാം നൂറ്റാണ്ടിൽ ഉമർ സുഹ്റ വർദി രചിച്ച രിഹ്ലത്തുൽ മുലൂക്ക് തുടങ്ങിയ പഴക്കം ചെന്ന പ്രമാണങ്ങൾ മുതൽ താരിഖെ ഫെരിഷ്ത വരെയുള്ള തദ്ദേശീയവും വൈദേശികവുമായ നിരവധി ഗ്രന്ഥങ്ങളിലും മറ്റ് ലിഖിതങ്ങളിലും രേഖപ്പെട്ടതുമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യം ആദ്യകാലം മുതലേ ജനങ്ങൾ നിരാക്ഷേപം ജാതി മതഭേദമന്യേ അംഗീകരിക്കുകയും അത് ചരിത്ര വസ്തുതയായി തിരിച്ചറിയുകയും ചെയ്യുന്നു. എന്നാൽ ആധുനിക കാലത്ത് കേരള ചരിത്രമെഴുതിയ പല പ്രമുഖ ചരിത്രകാരന്മാരും കേരളത്തിന്റെ പൊതുവായ ചരിത്രം മിത്തുകളിൽ നിന്നും കൽപിത കാവ്യങ്ങളിൽ നിന്നും നിർദ്ധാരണം ചെയ്ത് ചരിത്രമാക്കി ആഖ്യാനം ചെയ്യുമ്പോൾ പ്രാമാണിക പിൻബലമുള്ള കൊടുങ്ങല്ലൂർ നാട്ടുരാജാവിന്റെ ഇസ്ലാമാശ്ലേഷത്തിന്റെ കാര്യത്തിൽ ബോധപൂർവ്വമായ ചില സങ്കീർണ്ണതകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്തായാലും ഈ നാട്ടുരാജാവിന്റെ മക്കാ യാത്രയിൽ തിരുനബി(സ്വ) തങ്ങളുടെ സവിധത്തിൽ വെച്ച് യമനിലെ മുകളിൽ സൂചിപ്പിച്ച നാടുവാഴിയുടെ സഹോദരനായ മാലിക് ഇബ്നു ദീനാർ(റ) യുമായും സംഘവുമായും സന്ധിക്കാൻ അവസരമുണ്ടാവുകയും പ്രസ്തുത സംഘത്തോടൊപ്പം അദ്ദേഹം തിരുനബി(സ്വ)തങ്ങളുടെ അനുമതിയോടെ യമനിലേക്ക് തിരിക്കുകയും ചെയ്തു. തിരുനബി(സ്വ) തങ്ങളുടെ ആശീർവാദത്തോടെ തന്റെ നാട്ടിലേക്ക് തിരിച്ചെത്താനും അവിടെ ഇസ്ലാം പ്രചരിപ്പിക്കാനും ലക്ഷ്യം വെച്ച് യമനിലേക്ക് തിരിച്ച മഹാനായ ഈ രാജാവ് തുറമുഖ പട്ടണമായ ശഹറ് മുഖല്ലയിൽ വെച്ച് രോഗബാധിതനാവുകയും ഇഹലോക വാസം വെടിയുകയും ചെയ്തു. രാജാവിന്റെ വിയാഗത്തോടെ ഇന്ത്യയിലേക്കുള്ള യാത്ര തത്കാലം അനിശ്ചിതത്വത്തിലായെങ്കിലും തന്റെ മരണം ഏതാണ്ട് ഉറപ്പായെന്ന് തിരിച്ചറിഞ്ഞ വേളയിൽ തന്നെ അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന ലിപി രൂപത്തിൽ കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് നൽകാൻ രാജാവ് സന്ദേശമെഴുതി നൽകിയതിനാൽ ഈ യാത്ര പദ്ധതി അവർ ഉപേക്ഷിച്ചിരുന്നില്ല. തിരുനബി(സ്വ) തങ്ങളുടെ വിയോഗ ശേഷം ഒരു സ്വപ്നത്തിലൂടെ ഈ ദൗത്യം പൂർത്തിയാക്കാൻ നബി(സ്വ) തങ്ങളിൽ നിന്ന് തന്നെ ആജ്ഞ വന്നതോടെ അവർ എല്ലാം അല്ലാഹുവിൽ അർപ്പിച്ച് കുടുംബ സമേതം പുറപ്പെടാനൊരുങ്ങി. അങ്ങനെയാണ് യമനിലെ നാടുവാഴിയായിരുന്ന ഹബീബ് ഇബ്നു മാലിക്(റ) വിന്റെ സഹോദരനായ മാലിക് ഇബ്നു ദീനാർ(റ) വിന്റെ നേതൃത്വത്തിൽ ആ സംഘം മലബാറിലേക്ക് പുറപ്പെട്ടത്.
ഇക്കാര്യം തുഹ്ഫത്തുൽ മുജാഹിദീനിൽ വിശദീകരിക്കുന്നത് നോക്കുക:
“രാജാവ് മരണപ്പെട്ട് ഏതാനും വർഷങ്ങൾ കഴിഞ്ഞ ശേഷം ശറഫ് ഇബ്നു മാലിക്ക്(റ), മാലിക് ഇബ്നു ദീനാർ(റ), മാലിക് ഇബ്നു ഹബീബ്(റ), ഭാര്യ ഖമരിയ്യ(റ) എന്നിവരും മക്കളും കൂട്ടുകാരുമുൾപ്പെട്ട പ്രസ്തുത സംഘം മലബാറിലേക്ക് കപ്പൽ കയറി. ഏതാനും നാളുകളിലെ യാത്രക്ക് ശേഷം അവർ കൊടുങ്ങല്ലൂരിൽ ഇറങ്ങി. രാജാവ് കൊടുത്തയച്ചിരുന്ന കത്ത് അപ്പോൾ അവിടെ ഭരണം നടത്തിക്കൊണ്ടിരുന്ന ഭരണാധികാരിക്ക് നൽകി. രാജാവ് മരണപ്പെട്ടത് വെളിപ്പെടുത്തിയതുമില്ല. എഴുത്ത് വായിച്ച് വിവരങ്ങൾ മനസ്സിലാക്കിയ ഭരണാധികാരി അതിൽ പറഞ്ഞതു പ്രകാരം അവർക്ക് നിലങ്ങളും തോട്ടങ്ങളും കൊടുത്തു. തുടർന്ന് അവർ അവിടെ താമസമാക്കുകയും ഒരു പള്ളി പണിയുകയും ചെയ്തു.”(തുഹ്ഫത്തുൽ മുജാഹിദീൻ: പേജ്: 52)
തുഹ്ഫത്തുൽ മുജാഹിദീൻ തന്നെ നൽകുന്ന വിവരങ്ങളനുസരിച്ച് തുടർന്നുള്ള സംഭവങ്ങളെ ഇപ്രകാരം സംഗ്രഹിക്കാവുന്നതാണ്.
മാലിക് ഇബ്നു ദീനാർ(റ) കൊടുങ്ങല്ലൂരിൽ തന്നെ താമസിച്ചുകൊണ്ട് സഹോദരപുത്രനായ മാലിക് ഇബ്നു ഹബീബ്(റ) വിനെ അക്കാലത്തെ കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ പള്ളികൾ പണിയാനും ഇസ്ലാം മത പ്രബോധനത്തിനുമായി നിയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ മലബാറിലെയും കർണ്ണാടകയിലെയും വിവിധ ഭാഗങ്ങളിൽ പോയി അവിടങ്ങളിലെല്ലാം ഇസ്ലാം മതം പ്രചരിപ്പിക്കുകയും പള്ളികൾ പണിയുകയും ചെയ്ത് മാലിക് ഇബ്നു ഹബീബ്(റ) കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു വന്നു. തന്റെ പിതൃവ്യനായ മാലിക് ഇബ്നു ദീനാറിന്റെ കൂടെ അദ്ദേഹം കൊടുങ്ങല്ലൂരിൽ അൽപ ദിവസം കൂടി പാർത്തു. ഇതിനിടയിൽ താൻ നിർമ്മാണത്തിന് നേതൃത്വം നൽകി അക്കാലത്ത് പൂർത്തീകരിക്കപ്പെട്ട എല്ലാ മസ്ജിദുകളിലും ചെന്ന് നിസ്കരിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. ഇവിടങ്ങളിലെല്ലാം അറേബ്യയിൽ നിന്ന് തങ്ങളെ അനുഗമിച്ചുവന്ന മക്കളും ബന്ധുക്കളുമായവരെ ഖാസിമാരായി നിശ്ചയിക്കുകയും ചെയ്തു.
ഇതിനു ശേഷം കൊടുങ്ങല്ലൂരിൽ നിന്നും മാലിക് ഇബ്നു ദീനാർ(റ) വും മാലിക് ഇബ്നു ഹബീബ്(റ) വും അവരുടെ കൂട്ടുകാർ, ഭൃത്യർ, എന്നവരുൾക്കൊള്ളുന്ന ശേഷിക്കുന്ന സംഘം കൊല്ലത്തേക്ക് യാത്ര തിരിച്ചു. അവിടെ നിന്ന് മാലിക് ഇബ്നു ദീനാർ(റ) വും കുറച്ചാളുകളും ശഹർ മുഖല്ലായിലേക്ക് പുറപ്പെടുകയും ബാക്കിയുള്ളവർ അവിടെ തന്നെ താമസിക്കുകയും ചെയ്തു. ശഹർ മുഖല്ലായിൽ വെച്ച് ഇഹലോകം വാസം വെടിഞ്ഞ കേരളീയ രാജാവിന്റെ മഖ്ബറ സന്ദർശിച്ച ശേഷം മാലിക് ഇബ്നു ദീനാർ(റ) പിന്നീട് പോയത് ഖുറാസാനിലേക്കാണ്. അവിടെ വെച്ചാണ് മഹാനവർകളുടെ വിയോഗം സംഭവിച്ചത്. ഇതിനിടയിൽ മാലിക് ഇബ്നു ഹബീബ്(റ) തന്റെ മക്കളിൽ ചിലരെ കൊല്ലത്ത് താമസിപ്പിച്ച് ഭാര്യയെയും കൂട്ടി കൊടുങ്ങല്ലൂരിലേക്ക് തന്നെ മടങ്ങി. പിന്നീട് അവിടെ വെച്ചാണ് മഹാനവർകളുടെയും ഭാര്യയുടെയും അന്ത്യം സംഭവിച്ചത്.
തുഹ്ഫത്തുൽ മുജാഹിദീനിലെ ഈ വിവരണങ്ങളും അരിസാലത്തു ഫീ ളുഹൂരിൽ ഇസ്ലാം ദിയാരി മലൈബാർ എന്ന കൈയ്യെഴുത്തുരേഖയിലെ വിവരണവുമനുസരിച്ചും ഖുറാസാനിൽ വെച്ചാണ് മാലിക് ഇബ്നു ദീനാർ(റ) വിന്റെ വിയോഗം സംഭവിച്ചത് എന്നാണ് വ്യക്തമാകുന്നത്. മാലിക് ഇബ്നു ദീനാർ(റ) വിന്റെ വിയോഗത്തെ സംബന്ധിച്ച് ഒമാനികളായ ഇബാളികളുടെ ഇടയിൽ പ്രചരിച്ചിരുന്നത് അദ്ദേഹം മതപരിത്യാഗിയായതിനാൽ വധിക്കപ്പെട്ടുവെന്നാണ്.(മാലിക് ദീനാർ(റ)വിനെ കുറിച്ച് ത്വാഖാ അഹ്മദ് അസ്ഹരി ഖാസിയാരകം രചിച്ച മലയാള ഗ്രന്ഥത്തിൽ ഇക്കാര്യം പറയുന്നുണ്ട്) ഖവാരിജുകളോട് ചരിത്രപരമായി ബന്ധമുള്ള ഇബാളികൾ മാലിക് ഇബ്നു ദീനാർ(റ)വിനെ കുറിച്ച് മതപരിത്യാഗിയായി എന്ന് പറയുന്നത് പരിഗണിക്കുമ്പോൾ ഈ വിയോഗം സംഭവിച്ചത് അലി(റ) വിന്റെ ഭരണകാലത്താവാനാണ് സാദ്ധ്യത എന്നാണ് തോന്നുന്നത്. മാത്രമല്ല ഖവാരിജുകളുടെ കൈകളാലാണ് മഹാനവർകൾ വധിക്കപ്പെട്ടതെന്നും അനുമാനിക്കുന്നതിൽ അസാംഗത്യമില്ല.
മഹാനായ മാലിക് ഇബ്നു ദീനാർ(റ)വും ഏതാനും പേരും മാത്രമേ കേരളത്തിൽ നിന്ന് തിരിച്ചുപോയിരുന്നുള്ളൂ. ദീനി പ്രബോധന ദൗത്യവുമായി മഹാനവർകളുടെ കൂടെ എത്തിയ സംഘത്തിലെ ബാക്കി ഒട്ടെല്ലാവരും കേരളത്തിന്റെ മണ്ണിൽ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
വളപ്പട്ടണത്തെത്തിയ സിദ്ധീഖ്(റ)വിന്റെ പേരമക്കൾ
ജീവിതം മുഴുവനും അല്ലാഹുവിന്റെ വഴിയിൽ സമർപ്പിച്ച് ത്യാഗപൂർണ്ണമായ സമർപ്പണത്തിലൂടെ ജനങ്ങൾക്ക് വഴികാട്ടികളായി ജീവിച്ച മഹാന്മാരായ ആ സ്വഹാബികളുടെ പ്രവർത്തനങ്ങളുടെ പിന്തുടർച്ച ഏറ്റെടുത്ത് പിൽക്കാലത്ത് കേരളത്തിലെത്തിയ മറ്റൊരു സംഘത്തെ കുറിച്ചും ചില രേഖകൾ അടിസ്ഥാനമാക്കി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ രണ്ടാം നൂറ്റാണ്ട് ആരംഭത്തിൽ വളപട്ടണത്തെത്തിയ അബൂബക്കർ സിദ്ധിഖ്(റ) വിന്റെ സന്തതിപരമ്പരയിൽ നിന്നുള്ള മൂന്നാമത്തെ പേരമക്കൾ മുഹമ്മദ്(റ) വും ഹുസൈൻ(റ) വും മറ്റ് ചിലരും കുടുംബ സമേതം ആദ്യം ഏഴിമലയിലും പിന്നീട് പ്രദേശത്തെ നാട്ടുരാജാവിന്റെ ആശീർവാദത്തോടെ വളപ്പട്ടണത്തും എത്തിയതായും അവിടെ ഒരു മസ്ജിദ് സ്ഥാപിച്ചതായും ഈ പ്രദേശം കേന്ദ്രീകരിച്ച് ഇസ്ലാമിക പ്രബോധനത്തിന് നേതൃത്വം നൽകിയതായും രേഖപ്പെടുത്തി കാണുന്നുണ്ട്. വളപ്പട്ടണം ഖാസിമാർ ഈ സിദ്ധീഖി പരമ്പരയിലുള്ളവരാണ്. ആദ്യത്തെ ഖാസിയായ ഖാസി മുഹമ്മദ്(റ) മുതൽ എ.ഡി. പതിനാറാം നൂറ്റാണ്ട് വരെ ഈ പരമ്പരയിൽ ഇരുപത്തി ഒന്ന് ഖാസിമാർ ഉണ്ടായതായും പതിനാറാം നൂറ്റാണ്ടിൽ ഈ കുടുംബത്തിൽ നിന്ന് ബുഖാറയിൽ നിന്നും ഹമദാനിൽ നിന്നും വന്ന സാദാത്തീങ്ങൾ വിവാഹം ചെയ്തതിനുശേഷം ബുഖാരി സാദാത്തീങ്ങളുടെ പേരിലാണ് ഈ ഖാസി കുടുംബം പിന്നീട് അറിയപ്പെട്ടതെന്നും ചില മനാഖിബുകൾ അവലംബിച്ചും പരമ്പരാഗതമായി സൂക്ഷിക്കപ്പെട്ട ചില കൈയ്യെഴുത്ത് രേഖകൾ അടിസ്ഥാനമാക്കിയും പല ഗ്രന്ഥകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചാൽ കേരളത്തിൽ ദീനി പ്രബോധന ദൗത്യം നിർവ്വഹിച്ച രണ്ടാമത്തെ സംഘം ഹിജ്റ രണ്ടാം നൂറ്റാണ്ട് ആരംഭത്തിൽ വളപ്പട്ടണത്തെത്തിയ സിദ്ധീഖ്(റ) വിന്റെ സന്തതി പരമ്പരയിൽ നിന്നുള്ള ഈ സംഘമാണെന്ന് വ്യക്തമാകും. പിൽക്കാലത്ത് ഇസ്ലാമിക പ്രബോധന ദൗത്യവുമായി ദക്ഷിണേന്ത്യൻ തീരങ്ങളിലെത്തിയ മഹാന്മാരായ സൂഫിയാക്കൾ അനവധിയാണ്. അവരിൽ കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒരു പരിവർത്തനത്തിന് തുടക്കം കുറിച്ച മഹാനായ സൂഫി അലിയ്യുൽ കൂഫി(റ) യെ കുറിച്ച് ലഭ്യമായ സാമാന്യ വിവരങ്ങൾ നമുക്കിവിടെ പങ്കുവെക്കാം:
ശൈഖ് അലിയ്യുൽ കൂഫി(റ): ആഗമനവും ചരിത്ര പശ്ചാത്തലവും
ഇസ്ലാമിക നാഗരികതയുടെ സുവർണ്ണ ദശയായി അടയാളപ്പെടുത്തപ്പെട്ട അബ്ബാസിയ്യ കാലഘട്ടത്തിൽ ഖലീഫ മഅ്മൂനിന്റെ ഭരണ കാലത്ത് ഇറാഖിലെ കൂഫയിൽ നിന്ന് കേരളത്തിലെത്തിയ മഹാസാത്വികനായ സൂഫി വര്യനാണ് അലിയ്യുൽ കൂഫി(റ). സ്വർഗംകൊണ്ട് സുവാർത്തയറിയിക്ക പ്പെട്ടവരും തിരുനബി(സ്വ) തങ്ങളുടെ “അല്ലാഹുവേ…ഇവരുടെ വാളിനെ നീ നേരെയാക്കുകയും ഇവരുടെ ദുആക്ക് നീ ഉത്തരം നൽകുകയും ചെയ്യേണമേ” എന്ന പ്രത്യേക പ്രാർത്ഥനക്ക് പാത്രമായവരുമായ പ്രമുഖ സ്വഹാബി സഅ്ദുബ്നു അബീ വഖാസ്(റ) വിന്റെ നേതൃത്വത്തിൽ ഇസ്ലാമിന്റെ അധീനതയിൽ വന്ന പ്രദേശമാണ് കൂഫ. പിൽക്കാല ഇസ്ലാമിക ചരിത്രത്തിലും വളരെ പ്രാധാന്യമേറിയ നിരവധി സംഭവ വികാസങ്ങൾക്ക് അരങ്ങായ ഈ മണ്ണിൽ നിന്നും മലബാറിലേക്ക് ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ച് എത്തിയ സാത്വിക വ്യക്തിത്വമാണ് അലിയ്യുൽ കൂഫി(റ). ഹിജ്റ 208 ലായിരുന്നു ഈ ആഗമനമെന്നാണ് രിഹ് ലത്തുൽ മുലൂക്ക് ഉൾപ്പെടെയുള്ള ചില പഴയകാല രേഖകൾ അവലംബിച്ച് ഡോ: സി.കെ. കരീം രേഖപ്പെടുത്തിയിട്ടുള്ളത്.(കേരള മുസ്ലിം സ്ഥിതി വിവരക്കണക്ക് ഡയറക്ടറി: പേജ്: 107)
കേരള ചരിത്രം രചിച്ച ആദ്യകാല ചരിത്രകാരന്മാർ അവസാനത്തെ പെരുമാളായി പരിഗണിക്കുന്ന ഒരു പെരുമാളുടെ കാലത്താണ് മഹാനവർകളുടെ ആഗമനമുണ്ടായത്. എ.ഡി. 824 ലായിരുന്നു ഇത്.
എ.ഡി. 813 ൽ അധികാരമേറ്റെടുത്ത ഖലീഫ മഅ്മൂനിന്റെ ഭരണ കാലം ലോക നാഗരികതകളുമായുള്ള ഇസ്ലാമിക സമൂഹത്തിന്റെ സാംസ്കാരിക സമ്പർക്കങ്ങളുടെ സുവർണ ദശയായിരുന്നു. വൈജ്ഞാനിക രംഗത്ത് ഉന്നതമായ നേട്ടങ്ങൾ കൈവരിച്ച ഇക്കാലം ഇസ്ലാമിക നാഗരികതയുടെ സുവർണ്ണദശയായി പരിഗണിക്കപ്പെടുന്ന സവിശേഷ സന്ദർഭം കൂടിയാണ്.
ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിപുലനത്തേക്കാൾ കൂടുതൽ അഭ്യന്തരമായ കെട്ടുറപ്പും സുസ്ഥിരതയും അനിവാര്യമായ പ്രത്യേകമായ ഒരു സന്ദർഭമായിരുന്നു ഇത്. ശിഈകളുടെയും മാവാലികളുടെയും പിന്തുണയോടെ അമവികളെ സ്ഥാനഭ്രഷ്ടമാക്കി അബ്ബാസികൾ അധികാരം പിടിച്ചെങ്കിലും പിൽക്കാലത്ത് ശിഈകളും ഇസ്ലാമിക സാമ്രാജ്യത്തിലെ വിവിധ ദേശക്കാരിൽ ചിലരും അബ്ബാസി ഭരണകൂടത്തിനെതിരെ കലാപങ്ങൾ നയിച്ച സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത്തരം കലാപങ്ങളെയും അഭ്യന്തര ശൈഥില്യങ്ങളെയും ഖലീഫ മഅ്മൂനും നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുവായി മറ്റ് ജനതതികളുമായും സംസ്കാരങ്ങളുമായും സഹവർത്തിത്വപൂർണ്ണമായ സമ്പർക്കങ്ങൾ നിലനിന്ന ഇക്കാലത്ത് നാഗരികമായ അർത്ഥത്തിൽ വലിയ ഉന്നതി പ്രാപിച്ചിരുന്നു. എന്നാൽ ഇസ്ലാമിന്റെ പാരമ്പര്യചിന്തക്കും വൈജ്ഞാനിക പൈതൃകങ്ങൾക്കും വലിയ തോതിൽ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരുന്ന ഈ ഘട്ടത്തിൽ പരിത്യാഗികളായ പലരും തങ്ങളുടെ പ്രദേശങ്ങൾ വിട്ട് ഇസ്ലാമിക പ്രബോധനവും സാത്വിക ജീവിതവും ലക്ഷ്യം വെച്ച് പലായനം ചെയ്തിട്ടുണ്ടെന്ന കാര്യം ചരിത്ര വസ്തുതയാണ്. ഈ ഗണത്തിൽ പെട്ട പലായനം തന്നെയായിരിക്കും ശൈഖ് അലിയ്യുൽ കൂഫി(റ)യുടെയും അവരുടെ കൂടെ വന്ന ഉമർ മുഹമ്മദ് സുഹ്റവർദി ഉൾപ്പെടെയുള്ളവരുടെയും പലായനം എന്ന് അനുമാനിക്കാവുന്നതാണ്. ഇവരുടെ ഈ പലായനത്തിന്റെ തൊട്ടുടനെയാണ് ഹിജ്റ 227 ൽ (എ.ഡി. 842) അബ്ബാസി സാമ്രാജ്യത്തിന്റെ ഭാഗം തന്നെയായിരുന്ന ഈജിപ്തിലെ കറാഫത്തുൽ കുബ്റ, കാഹിറയിൽ പെട്ട ജബലുൽ മുഖദ്ദം എന്നീ സ്ഥലങ്ങളിൽ നിന്നായി വലിയൊരു സംഘം പാലായനം ചെയ്ത് കായൽപട്ടണത്തെത്തിയത്. മുഅ്തസലിയത്തിന്റെ സ്വാധീനത്താൽ അബ്ബാസി ഭരണകൂടങ്ങൾ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാദർശങ്ങൾ ക്കെതിരെയും അതിനെ പ്രതിനിധീകരിക്കുന്നവർക്കെതിരെയും പീഡന നടപടികൾ കൈകൊണ്ട സവിശേഷമായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ ഇത്തരം പലായനങ്ങൾ സ്വാഭാവികമായിരുന്നു.
അലിയ്യുൽ കൂഫി(റ) യും സംഘവും കേരളത്തിലെത്തിയ സന്ദർഭത്തിൽ അക്കാലത്ത് കേരളത്തിൽ പ്രബല ഭരണാധികാരിയായി വാണിരുന്ന രാജാവുമായി സന്ധിക്കുകയും തന്റെയും സംഘത്തിന്റെയും ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു. സ്വാഭാവികമായും അറബികളോടും വിശിഷ്യ കച്ചവടക്കാരായ വിദേശ മുസ്ലിംകളോടും വളരെ നല്ല ബന്ധം നിലനിർത്തിയിരുന്ന രാജാവ് ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുകയുണ്ടായി. തന്റെ ഭരണ ആസ്ഥാനത്തിനടുത്ത് തന്നെയായിരിക്കാം ആദ്യഘട്ടത്തിൽ ബഹുമാന്യരായ അലിയ്യുൽ കൂഫി (റ) യെയും അനുചരന്മാരെയും രാജാവ് താമസിപ്പിച്ചത് എന്ന് അനുമാനിക്കാവുന്നതാണ്. വിദേശത്ത് നിന്ന് വന്നെത്തിയ ഈ മഹത്തുക്കളുടെ ജീവിതവും സ്വഭാവഗുണങ്ങളും സവിശേഷമായി ശ്രദ്ധിച്ച രാജാവ് അവരിലേക്ക് ആകർഷിക്കപ്പെട്ടുവെന്നത് തികച്ചും സ്വാഭാവികമാണ് താനും. ഇക്കാലത്ത് തന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച അശുഭകരമായ ചില സംഭവ വികാസങ്ങൾ കാരണം രാജാവ് വലിയ മോഹഭംഗങ്ങളിലായിരുന്നു. എന്നാൽ അലിയ്യുൽ കൂഫി(റ) യും സംഘവുമായുള്ള സമ്പർക്കങ്ങൾ രാജാവിന് സ്വസ്ഥതയും സമാധാനവും പകർന്നിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ജീവിതം വലിയ പ്രതിസന്ധികളിൽ മുട്ടി നിന്ന് ഇരുട്ടിലായ ആ സന്ദർഭത്തിൽ നിന്ന് മോചനം കാംക്ഷിച്ച ചേരമാൻ രാജാവ് അലിയ്യുൽ കൂഫി(റ) യുടെ സാത്വിക വ്യക്തിത്വത്തിലേക്ക് ആകർഷിക്കപ്പെടുകയും അതുവഴി ഇസ്ലാമിക വിശ്വാസത്തിൽ അഭയം കണ്ടെത്തുകയും ചെയ്തു. ഇക്കാര്യം ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട രിഹ്ലത്തുൽ മുലൂഖ് എന്ന ഗ്രന്ഥം അവലംബിച്ച് ഡോ: സി.കെ. കരീം തന്റെ കേരള മുസ്ലിം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വിശദീകരിക്കുന്നു:
“ഇതിനു പുറമേ ഹിജ്റ 208 ൽ(എ.ഡി. 824) എത്തിയ സൂഫി വര്യനും പണ്ഡിതാഗ്രേസരനുമായിരുന്ന കൂഫയിലെ ശൈഖ് അലി അനുയായികളോട് കൂടി മത പ്രചരണത്തിനായി കേരളത്തിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യത്തിലും വിസ്മയകരമായ സിദ്ധിയിലും ആകൃഷ്ടരായി ധാരാളം സന്യാസിമാരും വൈദിക ശ്രേഷ്ഠന്മാർ പോലും ഇസ്ലാമിലേക്കാകർഷിക്കപ്പെട്ടതായി രിഹ്ലത്തുൽ മുലൂക്കിൽ തറപ്പിച്ചു പറയുന്നുണ്ട്. അവസാനത്തെ പെരുമാൾ മൂന്ന് പന്തീരാണ്ട് കാലം ഭരണം നടത്തിയിരുന്നുവെന്നും അതിനുശേഷം അദ്ധ്യാത്മിക ചിന്തയിലേക്ക് മടങ്ങിയെന്നും ലൗകിക സുഖങ്ങളൊക്കെ പരിത്യജിച്ചിരുന്ന അദ്ദേഹം അധികാരം തന്റെ സാമന്തന്മാരിൽ അർപ്പിച്ചുകൊണ്ട് തന്റെ അവസാന നാളുകൾ മക്കയെന്ന പുണ്യഭൂമിയിൽ കഴിച്ചുകൂട്ടുവാൻ ആഗ്രഹിച്ചുകൊണ്ട് യാത്രപുറപ്പെട്ടുവെന്നും നാം മനസ്സിലാക്കുന്നു. ചേരമാൻ പെരുമാൾ എന്ന പേരിൽ പ്രസിദ്ധനും ജനപ്രീതി നേടിയ ഭരണാധിപനുമായ അദ്ദേഹം സൂഫി വര്യനായ കൂഫയിലെ ശൈഖ് അലിയുടെയും മറ്റും പ്രേരണയാലും അക്കാലത്ത് അഭിമാനകരമാം വണ്ണം വികാസം പ്രാപിച്ചുകൊണ്ടിരുന്ന മുസ്ലിം സമുദായത്തിന്റെ സമ്പർക്കത്താലും ഇവിടെ വെച്ച് തന്നെ മതപരിവർത്തനം ചെയ്ത ദേഹവുമാണ്.”
ഏതാനും തലമുറകൾക്കപ്പുറമുള്ള തങ്ങളുടെ പൂർവ്വപിതാവായ ഒരു നാട്ടുരാജാവ് തിരുനബി(സ്വ) തങ്ങളുടെ കാലത്ത് തന്നെ അറേബിയിൽ പോയതും ഇസ്ലാം സ്വീകരിച്ചതുമെല്ലാം രാജാവിന്റെ ഇസ്ലാമാശ്ലേഷത്തിന് കൂടുതൽ പ്രചോദിപ്പിച്ചിരിക്കാം.
രാജാവിന്റെ ഹജ്ജ് യാത്ര:
ഇസ്ലാം സ്വീകരിച്ചതോടെ രാജാവിന് വലിയ പരിവർത്തനങ്ങൾ തന്നെ സംഭവിച്ചു. തന്റെ പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമായിരിക്കുന്നു എന്ന് രാജാവ് തിരിച്ചറിഞ്ഞു. ഇസ്ലാമിക ജീവിതവും സംസ്കാരവും രഹസ്യമായി അനുശീലിക്കാൻ തുടങ്ങിയ രാജാവിൽ പരിത്യാഗത്തിന്റെ മനസ്സും ജീവിത ശൈലിയും നാമ്പിട്ടു. ഈ പശ്ചാത്തലത്തിൽ ഇസ്ലാമിലെ നിർബന്ധാനുഷ്ഠാനമായ ഹജ്ജ് ചെയ്യാൻ രാജാവ് തീരുമാനിക്കുകയും അതിനുവേണ്ടി ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. ഹജ്ജിന്റെ മുന്നോടിയായി എല്ലാ ഐഹിക ബാദ്ധ്യതകളും പൂർത്തീകരിക്കേണ്ടത് അനിവാര്യമായതിനാൽ രാജാവ് തന്റെ ആശ്രിതരെയെല്ലാം വിളിച്ചുകൂട്ടി താനൊരു യാത്ര പുറപ്പെടാനിരിക്കുന്ന കാര്യം അറിയിക്കുകയും ബാദ്ധ്യതകളെല്ലാം പൂർത്തീകരിക്കുകയും ചെയ്തു. ഓരോ മേഖലയിലുമുണ്ടായിരുന്ന സാമന്തന്മാരെയും നാടുവാഴികളെയും വിളിച്ചുകൂട്ടി അവർക്കെല്ലാം അധികാരം വീതിച്ചുനൽകുകയും ചെയ്തു. ശേഷമാണ് അദ്ദേഹം ഹജ്ജിന് പുറപ്പെട്ടത്. അക്കാലത്ത് അനുകൂല കാലാവസ്ഥയിൽ വാണിജ്യവിഭവങ്ങൾ ശേഖരിക്കാൻ എത്തുന്ന കപ്പലുകൾ തിരിച്ചുപോകുന്ന സമയം ഡിസമ്പർ- ജനുവരി മാസങ്ങളിലാണല്ലോ? എ.ഡി. 825 പിറന്ന ജനുവരി മാസത്തിലായിരിക്കാം രാജാവിന്റെ ഈ ഹജ്ജ് യാത്ര എന്നാണ് വ്യക്തമാകുന്നത്. കാരണം ചേരമാൻ പെരുമാളുടെ സലാലയിലെ ളുഫാറിലെ മഖ്ബറയിൽ ഹിജ്റ 212 ൽ വന്നുവെന്നും ഹിജ്റ 216 ൽ മരണമടഞ്ഞുവെന്നും രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. അക്കാലത്ത് ഓരോ വർഷവും ഇത്തരം കച്ചവട കപ്പലുകളോടനുബന്ധമായി ഹജ്ജ് യാത്ര ഉദ്ദേശിക്കുന്നവർക്കും അതിന് സൗകര്യങ്ങളുണ്ടാവുക സാധാരണമാണല്ലോ? ചേരമാൻ രാജാവിന്റെ ഹജ്ജ് യാത്രയെ കുറിച്ച് ഡോ: സി.കെ. കരീം കേരളോൽപത്തി ഉദ്ധരിച്ച് നിരീക്ഷിക്കുന്നത് നോക്കുക:
കേരളോൽപത്തിയിൽ നിന്നും പ്രസക്തമായ ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ:
“പെരുമാൾ രാജ്യം അംശിച്ചുകൊടുത്തുകഴിഞ്ഞുവെന്നും, അശുവിന്(ഹജ്ജിന്) പുറപ്പെടാറായെന്നും കേട്ട് പൂന്തുറക്കാരനും മങ്ങാട്ടുണ്ണികുമാരനോടും(തൃക്കരിയൂർ ചിത്രകൂടത്തിൽ)ചെന്ന് പെരുമാളെ കാണുമ്പോഴേക്ക് രാജ്യം വേണ്ടപ്പെട്ട ജനങ്ങൾക്ക് പകുത്തുകൊടുത്തു പോയല്ലോ. ഇനി എന്ത് വേണ്ടത്? എന്ന് വിചാരിച്ച് ഇനി കോഴികൂവുന്ന ദേശവും ചുള്ളിക്കാടുമുണ്ട്, അത് നിങ്ങൾക്ക് തരാം എന്ന് പെരുമാൾ അരുളി ചെയ്താറെ. അതുമതിയെന്ന് നിശ്ചയിച്ചതിനുശേഷം ചേരമാൻ പെരുമാൾ വള്ളുവക്കോനാതിരിയെ കൂടെ നിർത്തി പൊൻകുന്നിൽ ശംഖിൽ വെള്ളം പകർന്ന് ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോൽ മുക്കാൽ വഴിയും കാദിയാർ(ഖാസിയാർ) മുതലായ ജോനകരെയും മക്കത്തെ കപ്പലോടിക്കാനും മാമാങ്കം പാലിപ്പാനും കൽപിച്ചു. വാളും വാളിൽ നീരും പകർന്ന് കൊടുത്തു.”നിങ്ങൾ ചത്തും കൊന്നും അടക്കി കൊള്ളുക.’ എന്ന ആജ്ഞയും.
പ്രസ്തുത വിവരണത്തിൽ ഉരുത്തിരിയുന്ന വസ്തുതകൾ വിലപ്പെട്ടവയാണല്ലോ.
1 പെരുമാൾ രാജ്യം നാട്ടചരന്മാർക്ക് ഏൽപിച്ചുകൊടുത്തുവെന്നത്.
2 അദ്ദേഹം ഹജ്ജിന് പുറപ്പെടാൻ ഒരുങ്ങി നിന്ന സമയമാണത്.
3 ഹജ്ജിന് പുറപ്പെടുന്ന ആൾ അതിന് എത്രയോ മുമ്പ് തന്നെ ഇസ്ലാമായി തീർന്നിരിക്കണം എന്നത്.
ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ നിശ്ചയിക്കുന്ന ഏതൊരാളും എല്ലാ ബാദ്ധ്യതകളിൽ നിന്നും വിമുക്തനും താൻ ചെയ്യേണ്ട ചുമതലകൾ മുഴുക്കെ നിർവ്വഹിച്ചിട്ടുള്ള വ്യക്തിയും ആയിരിക്കണമെന്ന ഇസ്ലാമിക ശാസനവും ഇതോടൊപ്പം ഓർമ്മിക്കേണ്ടതാണ്. സാമൂതിരിമാർ അവരുടെ എല്ലാവിധ സൗഭാഗ്യത്തിനും നിദാനമെന്ന് വിശ്വസിച്ചുപോന്നിരുന്ന പെരുമാളുടെ വാളിനെ കുറിച്ചുള്ള പരാമർശം. ഇതൊക്കെ അസന്നിഗ്ദമായി തെളിയിക്കുന്നത് പ്രവാചകന്റെ കാലത്ത് ഇസ്ലാമിക മിഷണറി സംഘത്തോടൊപ്പം പോയ പെരുമാളും ഇതുകഴിഞ്ഞ് രണ്ട് നൂറ്റാണ്ടിനുശേഷം രാജ്യവിഭജനം നടത്തി ആത്മീയ നിർവൃതിക്കായി മക്കയിലേക്കു പോയ ചേരമാൻ പെരുമാളും വ്യത്യസ്ത വ്യക്തികളാണെന്നാണ്. സാമൂതിരി കോവിലകത്തെ ഗ്രന്ഥവരിയിലും ഇതേ വിവരണം തന്നെയാണ് നൽകിയിട്ടുള്ളത്.”(കേരള മുസ് ലിം സ്ഥിതി വിവരക്കണക്ക് ഡയറക്ടറി: പേജ്: 108) ഈ വിവരണങ്ങളിൽ നിന്ന് ഇറാഖിലെ കൂഫയിൽ നിന്ന് കേരളത്തിലെത്തിയ അലിയ്യുൽ കൂഫി(റ) യാണ് കേരളത്തിലെ പ്രബലനായ ഒരു രാജാവിന്റെ ഇസ്ലാം മത പ്രവേശനത്തിന് കാരണമായതെന്ന് വ്യക്തമായി. ഹജ്ജിന് പോയ പെരുമാൾ മടങ്ങിവരും വഴി ഒമാനിലെ സലാല മേഖലയിലുള്ള ളുഫാർ എന്ന സ്ഥലത്ത് വെച്ച് ഇഹലോക വാസം വെടിയുകയും അവിടെ തന്നെ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു. ഇദ്ദേഹം മുസ്ലിമായതിനുശേഷം അബ്ദുറഹ്മാൻ എന്ന പേരാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് അബ്ദുറഹ്മാൻ സാമിരി എന്ന പേരിൽ മഖ്ബറയിൽ ലിഖിതമുള്ളത്. സാമിരി എന്നാൽ വിദേശി എന്ന അർത്ഥത്തിൽ അറബിയിൽ പ്രയോഗിക്കപ്പെടാറുണ്ട് എന്ന കാര്യം ചിലർ പരാമർശിച്ചുകാണുന്നുണ്ട്.
രാജാവിന്റെ ഹജ്ജ് യാത്രക്കും വഫാത്തിനുമെല്ലാം ശേഷം അലിയ്യുൽ കൂഫി(റ)യും അനുചരന്മാരും മലബാറിന്റെ വടക്കൻ പ്രദേശങ്ങളിലേക്കെ ത്തുകയും മയ്യഴിപ്പുഴയുടെ തീര പ്രദേശങ്ങളിലായി തങ്ങളുടെ ദീനി ദൗത്യത്തിന് നേതൃത്വം നൽകുകയും ചെയ്തു.
നാമമാത്രമാണെങ്കിലും ആദ്യമേ മുസ്ലിം അധിവാസമുണ്ടായിരുന്ന പ്രദേശങ്ങളാണ് സ്വാഭാവികമായും അവർ തിരഞ്ഞെടുത്തിട്ടുണ്ടാവുക. മുകളിലുദ്ധരിച്ച രിഹ്ലത്തുൽ മുലൂഖിലെ വിവരണമനുസരിച്ച് ചോമ്പാൽ മുസ്ലിം അധിവാസമുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രദേശവും അതിന്റെ പരിസര പ്രദേശങ്ങളുമാണ് അവർ തങ്ങളുടെ ദീനി ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ചോമ്പാലിൽ നിന്ന് അൽപം വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പെരിങ്ങത്തൂരാണ് തന്റെ ദൗത്യത്തിന് ആസ്ഥാനമായി ബഹുമാനപ്പെട്ട ശൈഖ് അലിയ്യുൽ കൂഫി(റ) തിരഞ്ഞെടുത്തത്. മഹാനവർകളോടൊപ്പം അനുഗമിച്ചിരുന്ന ഉമർ സുഹ്റവർദി(റ)യാകട്ടെ തന്റെ പ്രവർത്തന കേന്ദ്രമായി ചോമ്പാൽ തിരഞ്ഞെടുക്കുകയുണ്ടായി. ചോമ്പാലിൽ താവളമുറപ്പിച്ച മഹാനവർകൾ തന്റെ സവിശേഷ സിദ്ധികളാൽ ജനങ്ങൾക്കിടയിൽ സ്വീകാര്യനാവുകയും പ്രദേശത്തെ നാടുവാഴിയുടെ ഇഷ്ടം സമ്പാദിക്കുകയും ചെയ്തു.
അലിയ്യുൽ കൂഫി(റ) യാകട്ടെ പെരിങ്ങത്തൂരിലെത്തിയ ശേഷം കനക മലയുടെ പ്രകൃതി രമണീയമായ ശാന്തതയിൽ തന്റെ ദീനി പ്രവർത്തനങ്ങൾ ആരംഭിച്ചു. തങ്ങളുടെ ദീനി ദൗത്യത്തിന് വേണ്ടി ഇത്തരം സവിശേഷ പ്രദേശങ്ങൾ ഈ മഹത്തുക്കൾ തിരഞ്ഞെടുക്കുന്നതിൽ ചരിത്രപരവും സാമൂഹികവുമായ ചില കാരണങ്ങളുണ്ട് എന്ന് തിരിച്ചറിയാനാവും.
തീരദേശങ്ങളും അതിനോടടുത്ത പ്രദേശങ്ങളും പുഴമാർഗം എത്തിപ്പെടാൻ സാധിക്കുന്ന ഉൾനാടൻ വാണിജ്യ കേന്ദ്രങ്ങളുമാണ് മുഖ്യമായും ഈ മഹത്തുക്കൾ തങ്ങളുടെ ദീനി ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തത് എന്നു കാണാം. ഇത്തരം പ്രദേശങ്ങളിലാണ് അക്കാലത്ത് അറബി കച്ചവട പശ്ചാത്തലമുള്ളവരും അവർ വഴി ഇസ്ലാം സ്വീകരിച്ച തദ്ദേശീയരും വാണിജ്യ ആവശ്യങ്ങൾക്കുവേണ്ടി അവരോട് സമ്പർക്കമുണ്ടായിരുന്ന കച്ചവടത്തിലെ മധ്യവർത്തികളും വസിച്ചിരുന്നത് എന്ന് കാണാം. വ്യാപാരാവശ്യങ്ങൾക്കുവേണ്ടി തീരദേശങ്ങളിലും ഉൾനാടൻ വാണിജ്യകേന്ദ്രങ്ങളിലും എത്തിപ്പെടുന്ന അറബികളും പേർഷ്യക്കാരുമായ വിദേശികളോട് സമ്പർക്കപ്പെട്ട് കച്ചവട രംഗത്ത് മധ്യവർത്തികളായി വർത്തിച്ചിരുന്നവരും കച്ചവടം വഴി താരതമ്യേന സമ്പന്നരായവരുമായ പ്രത്യേകമായ ഒരു സാമൂഹിക വിഭാഗം ഇക്കാലത്തോടെ രൂപപ്പെട്ടുവന്നി രുന്നു എന്ന് കാണാൻ കഴിയും. ഇവരെയാണ് ദാവാരികൾ എന്ന് പറയുന്നത്. മയ്യഴിപ്പുഴയുടെ ഉൾനാടൻ തീരങ്ങളിൽ അക്കാലത്ത് വസിച്ചിരുന്ന ഈ ദാവാരികളാണ് ആദ്യകാലത്തെത്തിയ അലിയ്യുൽ കൂഫി(റ) ഉൾപ്പെടെയുള്ള പ്രമുഖരായ മഹത്തുക്കൾക്ക് തങ്ങളുടെ അധിവാസ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുത്തത് എന്ന് കാണാൻ കഴിയും. ആയിരത്തോളം വർഷത്തെ ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടുന്ന നാദാപുരത്തും ഇസ്ലാമിക പ്രബോധനത്തിന് ആദ്യമായി എത്തിയ മഹാനുമായി സമ്പർക്കപ്പെട്ടതും ഇസ്ലാം സ്വീകരിച്ചതും ദാവാരികളായിരുന്നുവെന്ന കാര്യം വാമൊഴികളിലൂടെ കൈമാറി വരുന്ന ചരിത്ര വസ്തുതയാണ്. താരതമ്യേന സമ്പന്നരും സാമൂഹിക പദവിയുള്ളവരുമായിരുന്നു ഈ വിഭാഗം എന്നാണ് ഇതു സംബന്ധമായ വാമൊഴികളിൽ നിന്നും അതിനെ അവലംബിച്ചെഴുതിയ ലിഖിത രേഖകളിൽ നിന്നും മനസ്സിലാകുന്നത്. ദാവാരികൾ എന്നാൽ ഒരു കച്ചവട വിഭാഗമായിരുന്നുവെന്നും ഇവർ യവനരോ അറബികളോ ആവാമെന്നും ചിലർ രേഖപ്പെടുത്തി കാണുന്നുണ്ട്. അറബി കച്ചവടക്കാർക്ക് മലകളിൽ നിന്നും ഉൾനാടുകളിൽ നിന്നും വാണിജ്യവിഭവങ്ങൾ ശേഖരിക്കാൻ മധ്യവർത്തികളായി നിന്നത് ഇവരായിരുന്നുവെന്നും പറയപ്പെടുന്നു.
ആരാണ് ദാവാരികൾ?
കേരളത്തിലെ ജാതി വിഭാഗങ്ങളിൽ ഒരു ജാതി സമൂഹമായി ഇവരെ ഗണിക്കാൻ സാധിക്കുകയില്ല. എന്നാൽ ദ്രാവിഡ വിശ്വാസ പാരമ്പര്യങ്ങൾ നിലനിർത്തിയവരും കച്ചവടം വഴി താരതമ്യേന സമ്പന്നരുമായിരുന്നു ഇവരെന്ന് കാണാം. ദാവാരികൾ എന്ന പ്രയോഗത്തെ പറ്റിയും ഈ സാമൂഹിക വിഭാഗത്തെ പറ്റിയും ഗവേഷണ പ്രധാനമായ പഠനം നടത്തിയപ്പോൾ എത്തിപ്പെട്ട ചില നിഗമനങ്ങൾ ഇവിടെ പങ്ക് വെക്കാം.
ദാവാരി എന്ന പ്രയോഗം പഴയ ചെന്തമിഴോ സംസ്കൃതമോ പ്രാദേശിക മൊഴിവഴക്കവുമായി ബന്ധമുള്ളതോ അല്ല എന്ന കാര്യം പ്രഥമ അന്വേഷണത്തിൽ വ്യക്തമാകുകയുണ്ടായി. ദാവാ എന്ന വാക്കിന് കാട് എന്നും ദാവാഗ്നി എന്നാൽ കാട്ടുതീയാണെന്നും ശബ്ദ താരാവലിയിലുണ്ട്. എന്നാൽ ദാവാരി എന്നത് കേരളീയമായ ഒരു തനത് പ്രയോഗമായിരുന്നെങ്കിൽ തീർച്ചയായും ശബ്ദ താരാവലികാരൻ അത് വിട്ടുകളയില്ലായിരുന്നു. ദാവാരി നായന്മാർ എന്ന പ്രയോഗമൊക്കെയുണ്ടെങ്കിലും ഈ പ്രയോഗം ദ്രാവിഡ ഭാഷാ പാരമ്പര്യവുമായി ബന്ധമുള്ളതല്ല എന്ന കാര്യം വ്യക്തമാണ്. ദാവാരി എന്നാൽ പേർഷ്യൻ ഭാഷയിലും പശ്തു ഭാഷയിലും ഉപയോഗിച്ചുവരുന്ന ഒരു പ്രയോഗമാണ്. മധ്യവർത്തി എന്നാണ് ഈ വാക്കിന്റെ അർത്ഥം. ആദ്യകാലത്ത് കച്ചവട ലക്ഷ്യങ്ങളോടെ കേരളത്തിലെത്തിയ പേർഷ്യക്കാരും സവിശേഷമായി പഴയ ഖുറാസാൻ മേഖലയിലുള്ളവരുമായിരിക്കാം തങ്ങളുടെ വാണിജ്യവിനിമയങ്ങൾക്ക് മധ്യവർത്തികളായി നിൽക്കുന്ന തദ്ദേശീയരായ ഒരു ജനവിഭാഗത്തെ ദാവാരികൾ എന്ന് നാമകരണം ചെയ്തത്.
യവനരുമായി കച്ചവട ബന്ധങ്ങൾ തുടർന്നിരുന്ന ആദ്യകാലത്തും ഇസ്ലാമിക പൂർവ്വ അറേബ്യൻ, പേർഷ്യൻ സമൂഹങ്ങളുമായുള്ള വാണിജ്യവിനിമയങ്ങളുടെ കാലത്തുമെല്ലാം മലബാറിൽ കച്ചവട രംഗത്ത് മധ്യവർത്തികളായി നിന്ന ഈ സമൂഹത്തിന്റെ പിൻമുറക്കാരായിരിക്കാം ദാവാരികൾ. മാത്രമല്ല യവനരും അറബികളും പേർഷ്യക്കാരുമെല്ലാം കച്ചവട ആവശ്യങ്ങൾക്കുവേണ്ടി അക്കാലത്ത് കേരളത്തിലെത്തിയാൽ മാസങ്ങളോളം ഇവിടെ അധിവസിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതിന്റെ ഭാഗമായി യവനരുടെയും അറബികളുടെയും പേർഷ്യക്കാരുടെയുമെല്ലാം അധിവാസ കേന്ദ്രങ്ങൾ ഇത്തരം ഉൾനാടൻ വാണിജ്യവിനിമയ കേന്ദ്രങ്ങളിലുണ്ടായിരുന്നുവെന്നതും അവരിവിടെ നിന്ന് തദ്ദേശീയരായ സ്ത്രീകളെ വിവാഹം ചെയ്തിരുന്നുവെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. തീർച്ച യായും മധ്യവർത്തികളായി നിൽക്കുന്ന ഈ സാമൂഹിക വിഭാഗവുമായി സ്വാഭാവികമായും ഇത്തരം വിദേശ വണിക്കുകൾക്ക് വിവാഹബന്ധങ്ങളുണ്ടാവുകയും വംശീയമായ സങ്കലനം സംഭവിക്കുകയും ചെയ്തിരിക്കാം. മാത്രമല്ല ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ചെത്തുന്ന ഇത്തരം മഹത്തുക്കളുമായി പ്രഥമമായി ആശയ വിനിമയം സാധ്യമായതും ഇവർക്ക് തന്നെയാണ്.
ഇത്തരം വിഭാഗങ്ങൾക്ക് ഈ മഹത്തുക്കളുമായി അടുക്കാൻ പല നിമിത്തങ്ങളുമുണ്ടായി. രോഗവും മാനസിക സംഘർഷങ്ങളുമായി ഈ മഹത്തുക്കളെ സമീപിക്കുന്നവർക്കെല്ലാം അല്ലാഹുവിന്റെ സവിശേഷമായ ഔദാര്യത്താൽ രോഗശമനവും സ്വസ്ഥതയും സമാധാനവും ലഭിച്ചു. അങ്ങനെ ഈ മഹത്തുക്കളോടുള്ള അടുപ്പം വഴി സന്മാർഗ പ്രാപ്തരാവാനും ഇസ്ലാമിക വ്യാപനം ത്വരിതപ്പെടാനും അത് കാരണമായി. അലിയ്യുൽ കൂഫി(റ) യുടെ ആഗമന കാലത്ത് ദാവാരികളാണ് ഈ പ്രദേശത്ത് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് എന്ന് പ്രാദേശികമായ മൊഴിവഴക്കങ്ങളിലൂടെ തലമുറകൾ വിശ്വസിച്ചു പോരുന്നുണ്ട്. ഇവരെ കൂടാതെ വിവിധ ജാതി വിഭാഗങ്ങൾ ഇസ്ലാമിലേക്ക് കടന്നുവന്നു.
അലിയ്യുൽ കൂഫി(റ) യുടെ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ ഒരു മസ്ജിദ് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യകാല മസ്ജിദുകളിലൊന്നാണിത്. കൊടുങ്ങല്ലൂരിലെയും കാസർകോഡെയും ആദ്യകാല മസ്ജിദുകളോട് വാസ്തു സാദൃശ്യമുള്ള ഈ മസ്ജിദിനോട് ചേർന്ന് വളരെ പഴക്കമേറിയ ഒരു കുളവും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം വർഷം പഴക്കമുള്ള കേരളത്തിലെ മറ്റ് മസ്ജിദുകളോടനുബന്ധമായുള്ള കുളങ്ങളുടെ വാസ്തു സാദൃശ്യം ഈ കുളത്തിനുണ്ട്. കൽപടവുകളുള്ള ഈ കുളം മസ്ജിദിന്റെ പഴക്കത്തിലേക്ക് കൃത്യമായും മാർഗദർശനം ചെയ്യുന്നു.
അലിയ്യുൽ കൂഫി(റ)യെ അനുഗമിച്ചിരുന്ന മറ്റ് വിശുദ്ധ വ്യക്തിത്വങ്ങളിൽ പ്രധാനിയാണ് ചോമ്പാലിൽ തന്റെ പ്രവർത്തന ആസ്ഥാനമായി തിരഞ്ഞെടുത്ത ഉമർ ബിൻ മുഹമ്മദ് ഹസൻ സുഹ്റ വർദി(റ). മഹാനവർകളുടെ സവിശേഷ വ്യക്തിത്വത്തിൽ ആകൃഷ്ടരായി അക്കാലത്ത് നിരവധി പേർ ഇസ്ലാം സ്വീകരിക്കുകയുണ്ടായി. പ്രദേശത്തെ നാട്ടുരാജാവിന്റെ പിന്തുണയും കൂടിയായപ്പോൾ ഈ മേഖലയുടെ ഇസ്ലാമീകരണം കൂടുതൽ ത്വരിതപ്പെട്ടു. ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ അലിയ്യുൽ കൂഫി(റ) യോടൊപ്പം കേരളത്തിലെത്തിയ ഉമർ ബിൻ മുഹമ്മദ് ഹസൻ സുഹ്റ വർദി(റ) രചിച്ചതാണ് രിഹ്ലത്തുൽ മുലൂഖ് എന്ന അറബി ഗ്രന്ഥം. മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തിന്റെ അറബി കൈയ്യെഴുത്ത് പ്രതി പരമ്പരാഗതമായി മുസ്ലിം പണ്ഡിതന്മാർ കൈവശം വെച്ചിരുന്നു. ആധുനിക പൂർവ്വതലമുറകൾ കൈമാറിപ്പോന്ന മൂലഗ്രന്ഥത്തിന്റെ അച്ചടിച്ചതോ കൈയ്യെഴുത്തിലുള്ളതോ ആയ ഒരു പ്രതി ഇന്ന് ലഭ്യമല്ല എന്നത് വളരെ നിർഭാഗ്യകരമാണ്. ഈ ലഘുഗ്രന്ഥത്തിൽ കേരളത്തിലേക്കുള്ള ഇസ്ലാമിക ആഗമനത്തിന്റെ ആദ്യകാല ചരിത്രവും ആദ്യകാലത്തെ മസ്ജിദുകളുടെ ചരിത്രവും പരാമർശിക്കപ്പെടുന്നുണ്ട്. കൂടാതെ അലിയ്യുൽ കൂഫി(റ) യുടെ കേരളത്തിലേക്കുള്ള ആഗമനവും കേരള മുസ്ലിം ചരിത്ര സംബന്ധിയായ മറ്റ് നിർണ്ണായക വിവരങ്ങളും പങ്ക് വെക്കുന്നുണ്ട്. ഈ ലഘു ഗ്രന്ഥം വഴിയാണ് കേരള ചരിത്രത്തിലെ ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യഘട്ടത്തെയും രണ്ടാം ഘട്ടത്തെയും സംബന്ധിച്ച കൃത്യതയോടെയുള്ള നിർണ്ണായക വിവരങ്ങൾ ചരിത്രകാരന്മാർക്ക് ലഭിച്ചത്. അലിയ്യുൽ കൂഫി(റ) യെ അനുഗമിച്ചെത്തിയ മറ്റൊരു പ്രമുഖൻ കല്ലാപ്പള്ളിയിലുള്ള മൈയ്യല വിയ്യാ ശൈഖ് ആണെന്ന് കരുതപ്പെടുന്നുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. (കണ്ണൂർ മുസ്ലിം ഹെറിട്ടേജ് കോൺഗ്രസ് പ്രബന്ധ സമാഹാരം: പേജ്: 138).
ഇസ്ലാമിന്റെ ആവിർഭാവത്തിന് മുമ്പും തിരുനബി(സ്വ) തങ്ങളുടെ കാലത്തും പിൽക്കാലത്തുമെല്ലാം അറേബ്യൻ പേർഷ്യൻ സമൂഹങ്ങൾ മുറിയാത്ത വാണിജ്യ സാംസ്കാരിക ബന്ധങ്ങൾ മലബാറുമായും മറ്റ് ദക്ഷിണേന്ത്യൻ തീരങ്ങളുമായും നിലനിർത്തിയിരുന്നുവെന്നത് ചരിത്ര വസ്തുതകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ഇസ്ലാമിക പ്രചരണത്തിന്റെ ആദ്യകാലത്തെയും പിൽകാല വികാസങ്ങളെയും കൃത്യതയോടെ തന്നെ അടയാളപ്പെടുത്താൻ സാധിക്കുന്ന അറബി ഭാഷയിൽ രചിക്കപ്പെട്ട പഴക്കം ചെന്ന നിരവധി ഗ്രന്ഥങ്ങളും എപ്പിഗ്രാഫിക്കൽ പ്രമാണങ്ങളും ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഇവ വിശകലനം ചെയ്യാൻ വട്ടെഴുത്തിനും കോലെഴുത്തിനുമപ്പുറം ചരിത്ര സാമഗ്രികൾ തേടിപ്പോകാൻ നാം പരിശ്രമിക്കുക തന്നെ വേണം. ഒരേ സമയം സൂക്ഷ്മ(മൈക്രോ) ചരിത്രത്തിന്റെയും സ്ഥൂല (മാക്രോ) ചരിത്രത്തിന്റെയും സങ്കേതങ്ങളുപയോഗ പ്പെടുത്തി പുതിയ ചരിത്രവിശകലന സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ മുൻവിധികളെയും സവർണ്ണ ചരിത്ര നിർമ്മിതികളെയും തിരസ്കരിച്ച് ഗവേഷണം ചെയ്യുന്ന ഏതൊരുവനും വിശാലമായ സാദ്ധ്യതകൾ തുറന്നുകിടക്കുന്നുവെന്ന വസ്തുത തീർച്ചയായും നാം വിസ്മരിക്കാതിരിക്കുക.
റഫറൻസ്:
രിഹ്ലത്തുൽ മുലൂക്: ഉമർ ബിൻ മുഹമ്മദ് ഹസൻ സുഹ്റ വർദി(റ):
കേരള മുസ്ലിം സ്ഥിതി വിവരക്കണക്ക് ഡയറക്ടറി: ഡോ: സി.കെ.കരീം
ചോമ്പാൽ പെരുമ: മൊയ്തു അഴിയൂർ
കണ്ണൂർ മുസ്ലിം ഹെറിട്ടേജ് കോൺഗ്രസ് പ്രബന്ധ സമാഹാരം:
കേരളത്തിന്റെ സാംസ്കാരിക ചരിത്രം: പി.കെ. ഗോപാല കൃഷ്ണൻ
വളപ്പട്ടണത്തെ ഔലിയാക്കൾ: സയ്യിദ് ഉബൈദ് ബാ ഹസൻ ജമലുല്ലൈലി