സൈനുദ്ദീൻ മന്ദലാംകുന്ന്:
സെബാസ്റ്റ്യൻ ആർ പ്രാംഗെ ഇംഗ്ലീഷിൽ രചിച്ച Monsoon Islam: Trade and Faith on the Medieval Malabar Coast എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയായ മൺസൂൺ ഇസ് ലാം; മധ്യകാല മലബാർ തീരത്തെ വ്യാപാരവും വിശ്വാസവും എന്ന അദർ ബുക്സ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പാരായണാനുഭവം പങ്ക് വെക്കുന്ന ലേഖനം. വൈവിവിധ്യങ്ങളെയും വൈജാത്യങ്ങളെയും ഉൾക്കൊണ്ട് വികസിക്കുന്ന ഇസ് ലാമിക ചരിത്രത്തിന്റെയും സംസ്കൃതിയുടെയും സവിശേഷതകൾ മൺസൂൺ ഇസ് ലാം എന്ന പുതിയൊരു സംവർഗത്തിനകത്ത് സംവാദ വിധേയമാക്കുന്ന ഗ്രന്ഥത്തെ ഇതിൽ സാമാന്യമായി പരിചയപ്പെടുത്തുന്നു. മധ്യകാല മലബാറിന്റെ സാർവ്വദേശീയ പ്രാമുഖ്യത്തെ സവിശേഷമായി അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം വികസിച്ചുകൊണ്ടിരിക്കുന്ന ചരിത്ര, നരവംശ വിജ്ഞാനീയത്തിലെ നിരവധി വിജ്ഞാന ശാഖകളെ പ്രതിനിധീകരിക്കുന്നു.
അറബി കടൽ വഴിയായി സമുദ്ര വ്യാപാര ബന്ധങ്ങളിലൂടെ വികസിച്ച ഏഷ്യൻ രാജ്യങ്ങളിലെ ഇസ് ലാമിക വ്യാപനത്തെ സംബന്ധിച്ചും സവിശേഷമായി മധ്യകാല മലബാർ തീരത്തെ വ്യാപാരവും വിശ്വാസവും പ്രമേയമാക്കിയും സെബാസ്റ്റ്യൻ ആർ. പ്രാംഗെ രചിച്ച ഗഹനവും ഗവേഷണ പ്രധാനവുമായ ചരിത്ര ഗ്രന്ഥമാണ് മൺസൂൺ ഇസ് ലാം. അറബികളുടെ സമുദ്രാന്തര വാണിജ്യത്തെ സംബന്ധിച്ചും ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ നടന്ന അവരുടെ വ്യാപാര വിനിമയങ്ങൾ വഴിയായി സംഭവിച്ച തദ്ദേശീയ സമൂഹങ്ങളുമായുള്ള സാംസ്കാരിക ആദാന പ്രദാനങ്ങളെ സംബന്ധിച്ചും ഈയടുത്തിടെ നടന്ന ചരിത്ര ഗവേഷണങ്ങളിൽ ശ്രദ്ധേയ സ്ഥാനമുള്ള മൗലിക രചനകളിൽ ഒന്നാണ് മൺസൂൺ ഇസ് ലാം. ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ കോഴിക്കോട് അദർ ബുക്സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തോമസ് കാർത്തിക പുരം പരിഭാഷ ചെയ്ത് മനോഹരമായി രൂപ കൽപന ചെയ്ത ഈ ഗ്രന്ഥം കേരള ചരിത്രത്തിന് വിശിഷ്യാ കേരള മുസ് ലിം ചരിത്ര ഗവേഷണ രംഗത്ത് കനപ്പെട്ട ഒരു സംഭാവനയാണെന്ന കാര്യം അവിതർക്കിതമാണ്. 2018 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസാണ് ഈ ഗവേഷണ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂറോ കേന്ദ്രീകൃതമായ സാമ്പ്രദായിക വായനകൾക്കപ്പുറം പ്രാദേശികവും സാർവ്വദേശീയവുമായ നിരവധി അവലംബങ്ങൾ പരിശോധിച്ച് വികസിക്കുന്ന ഇതിലെ നിരീക്ഷണങ്ങൾ മധ്യകാല മലബാറിന്റെ സാർവ്വദേശീയ ബന്ധങ്ങളെയും വാണിജ്യവിനിമയങ്ങളിലൂടെ വികസിക്കുന്ന ബഹുലതയാർന്ന ഇസ് ലാമിക ആവിഷ്കാര വൈവിദ്ധ്യങ്ങളെയും കൃത്യതയോടെ അടയാളപ്പെടുത്തുന്നു. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള യൂറോപ്യൻ ഭാഷകളിലെ ഗ്രന്ഥങ്ങളെ കൂടാതെ മലയാളം, അറബി, പേര്‍ഷ്യന്‍, ഹീബ്രു പോലുള്ള പൗരസ്ത്യ ഭാഷകളിലെ വൈജ്ഞാനിക സ്രോതസ്സുകളെയും വളരെ നന്നായി ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഒരു ഗവേഷണ ഉദ്യമമാണ് സെബാസ്റ്റ്യൻ പ്രാംഗെയുടേത് എന്നതിനാൽ സാമ്പ്രദായിക ചരിത്ര രചനകളിൽ നിന്ന് വ്യത്യസ്തമായ നിരവധി വസ്തുതകളും നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തിന്റെ മുഖ്യമായ സവിശേഷതകളാണ്.
വികസിച്ചു കൊണ്ടിരിക്കുന്ന നിരവധി പഠന മേഖലകളിലെ വിപുലമായ അന്വേഷണങ്ങൾക്ക് പ്രചോദനമാകും വിധമാണ് ഈ ഗ്രന്ഥം സംവിധാനിച്ചിരിക്കുന്നത്. ആമുഖമായി ആദ്യത്തെ ഇന്ത്യൻ മുസ് ലിം എന്ന ശീർഷകത്തിലാരംഭിക്കുന്ന കുറിപ്പിനും അനുബന്ധ കുറിപ്പുകൾക്കും ശേഷം ആകെ നാല് ഭാഗങ്ങളായാണ് അദ്ധ്യായങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ അദ്ധ്യായത്തിന് നാമം നൽകിയത് തുറമുഖം എന്നാണ്. തുറമുഖങ്ങളും വ്യാപാര ശൃംഖലകളും, കടലിന്റെ മണവാട്ടികൾ; ഇന്ത്യൻ സമുദ്ര വ്യാപാരത്തിൽ മലബാർ തുറമുഖങ്ങൾ, മലബാർ തീരത്തെ മുസ് ലിം വ്യാപാരികൾ, വ്യാപാര കാര്യങ്ങൾ വ്യവഹാരങ്ങൾ, മലബാറിലെ കച്ചവട രാജാക്കന്മാർ; നാഖുദകളും ഷാബന്തറുകളും എന്നിവയാണ് ആദ്യ ഭാഗത്തെ ശീർഷകങ്ങൾ.
തുറമുഖങ്ങളും വ്യാപാര ശൃംഖലകളും എന്ന അദ്ധ്യായത്തിൽ ഇബ്നു ബത്തൂത്തയുടെ സഞ്ചാരങ്ങളെ സംബന്ധിച്ച് വിശദീകരിച്ച് അദ്ദേഹത്തിന്റെ ഒരനുഭവവിവരണത്തിലൂടെ വികസിക്കുന്ന ഈ ഭാഗത്തെ ആഖ്യാനം അക്കാലത്ത് നിലവിലുണ്ടായിരുന്ന വിസ്തൃതമായ ആഗോള വ്യാപാര വിനിമയ ബന്ധങ്ങളെ സംബന്ധിച്ച് വിസ്മയാവഹമായ വിവരങ്ങൾ നൽകുന്നു. ഗ്രന്ഥകാരൻ ഇബ്നു ബത്തൂത്തയെ ഉദ്ധരിക്കുന്ന ഈ ഭാഗം നോക്കുക:
തെക്കേ ചൈനാതീരത്തെ ഖാൻജീനഫു എന്നദ്ദേഹം വിളിക്കുന്ന – ഇന്നത്തെപ്പോലെ അന്നും ഒരു പ്രധാന കച്ചവടത്തുറമുഖമായ ഫ്യൂഷൗ ആയിരിക്കണം അത് – നഗരത്തിൽ മുസ്ലിം സഹോദരങ്ങൾക്കൊപ്പം താമസിച്ചു. അവിടെവെച്ച് അദ്ദേഹം എവിടെയോ കണ്ടിട്ടുണ്ടെന്നുതോന്നിച്ച ഒരാളെ പരിചയപ്പെട്ടു. തന്റെ പുസ്തകത്തിൽ ഈ മനുഷ്യനെ യാദൃശ്ചികമായി കണ്ടുമുട്ടിയതിനെപ്പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. പിന്നീട് വെളിപ്പെട്ടപോലെ, അങ്ങകലെ വിദൂരമായ മൊറോക്കൻ തീരത്ത്, ഇബ്നു ബത്തൂത്തയുടെ സ്വന്തം പട്ടണത്തിൽനിന്ന് അല്പമകലെ മാത്രം ജനിച്ചുവളർന്നയാളായിരുന്നു അയാൾ:
സെബാസ്റ്റ്യൻ പ്രാംഗെ തുടർന്ന് ഇബ്നു ബത്തൂത്തയെ ഉദ്ധരിക്കുന്നു:
“ഉപചാരവാക്കുകൾക്കുശേഷം ഞങ്ങൾ സംസാരിച്ചപ്പോൾ അയാളെ എനിക്കറിയാമെന്ന് എനിക്ക് തോന്നി. കുറെനേരം ഞാൻ അയാളെ നോ ക്കിയിരുന്നു. അയാൾ പറഞ്ഞു, “താങ്കൾക്ക് എന്നെ അറിയാമെന്നപോലെയാണല്ലോ നോക്കുന്നത്. ഞാൻ ചോദിച്ചു, ‘ഏത് രാജ്യത്തു നിന്നാണ് നിങ്ങൾ വരുന്നത്?’ അയാൾ പറഞ്ഞു, “ചൂട്ടയിൽ നിന്നാണ് ഞാൻ. ഞാൻ പറഞ്ഞു, “ഞാൻ ടാൻജിയറിൽനിന്നാണ്.’ അയാൾ എന്നെ വീണ്ടും അഭിവാദ്യം ചെയ്തു, എന്നിട്ട് കരഞ്ഞു, ഞാനും കരഞ്ഞു. ഞാൻ ചോദിച്ചു, “നിങ്ങൾ ഇന്ത്യയിൽ പോയിട്ടുണ്ടോ?’ അയാൾ പറഞ്ഞു, “ഉവ്വ്, തലസ്ഥാനമായ ഡെൽഹിയിൽ പോയിട്ടുണ്ട്.’ അതു പറഞ്ഞപ്പോൾ എനിക്ക് അയാളെ ഓർമവന്നു. ഞാൻ പറഞ്ഞു, “നിങ്ങൾ അൽ-ബുഷ്റി യാണോ!’ അയാൾ പറഞ്ഞു, “അതെ.“
ഏതാനും വർഷംമുമ്പ് അൽ-ബുഷ്റി താടിയൊന്നുമില്ലാത്ത യുവാവായിരുന്നപ്പോൾ, ഇന്ത്യയിൽ വെച്ച് തങ്ങൾ ആദ്യം കണ്ടുമുട്ടിയ കാര്യം ഓർമിച്ചുകൊണ്ട് ഈ വിവരണം തുടരുന്നു.
“ചൈനയിൽവച്ച് രണ്ടാം വട്ടം കണ്ടുമുട്ടിയപ്പോഴേക്കും അൽ-ബുഷ്റിക്ക് താടിയുണ്ടായിരുന്നുവെന്നു മാത്രമല്ല കച്ചവടക്കാരനെന്ന നിലയിൽ വമ്പിച്ച സമ്പത്തും ഉണ്ടായിരുന്നു. ആണും പെണ്ണുമായി നൂറിൽ കുറയാത്ത അടിമകൾ അദ്ദേഹത്തിന് ഉണ്ടായിരുവെന്നതിൽ നിന്ന് അത് പ്രകടമായിരുന്നു. അവരിൽ ഓരോരുത്തരെ വീതം അദ്ദേഹം ഇബ്നു ബത്തൂത്തയ്ക്ക് നൽകുകയും അവർ വെവ്വേറെ വഴികളിൽ പോവുകയും ചെയ്തു.“
സെബാസ്റ്റ്യൻ പ്രാംഗെ തുടരുന്നു:
“ഇത് അവസാനമായല്ല അൽ-ബുഷ്റിയെക്കുറിച്ച് നാം കേൾക്കുന്നത് എന്നതാണ് ശ്രദ്ധേയം. അഞ്ചുവർഷം കഴിഞ്ഞ്, ‘കറുത്തവരുടെ നാട്’കാണാനായി ഇബ്നു ബത്തൂത്ത സഹാറാ മരുഭൂമി കടന്നുപോകുമ്പോൾ അദ്ദേഹം അൽ-ബുഷ്റി യുടെ സഹോദരനെ കാണാനിടയായി. ഈ മനുഷ്യൻ കച്ചവടക്കാരനായിരുന്നില്ല, മരുഭൂമിയുടെ വടക്കേ അതിർത്തിയിലെ ഒരു മരുപ്പച്ചയിലെ മുസ്ലിം ന്യായാധിപൻ, അതായത് ഖാള്വി, ആയിരുന്നു. “എത്ര അകലെയാണ് അവർ’ എന്ന് അൽ-ബുഷ്റി സഹോദരന്മാരുടെ വമ്പിച്ച അകലത്തെക്കുറിച്ച് ഇബ്നു ബത്തൂത്തയെപ്പോലൊരു ലോകസഞ്ചാരിപോലും അത്ഭുതപ്പെട്ടു.
തീർച്ചയായും വളരെയകലെത്തന്നെ. മധ്യകാല മുസ്ലിം വ്യാപാരലോകത്തിന്റെ വലിപ്പവും സങ്കീർണതയും വെളിവാക്കുന്ന അനേകം വിവരണ ങ്ങളിൽ ഒന്ന് മാത്രമാണ് അൽ-ബുഷ്റി സഹോദരന്മാരെക്കുറിച്ചുള്ള ഈ വിവരണം.“
ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗം പള്ളി എന്ന ശീർഷകത്തിലാണ്. ഇതിൽ നാല് അദ്ധ്യായങ്ങളാണുള്ളത്. മതം മാറിയ രാജാവും ഒരു മത വിഭാഗത്തിന്റെ നിർമ്മിതിയും, മലബാറിലെ ഉലമാക്കളും മൺസൂൺ ഇസ് ലാമിന്റെ നിർമ്മിതിയും, മൺസൂൺ പള്ളികൾ, മൺസൂൺ ജിഹാദ് എന്നീ അദ്ധ്യായങ്ങളിൽ പ്രാദേശിക സവിശേഷതകളുമായി കലർന്ന് ഉദ്ഗ്രഥിക്കപ്പെടുന്ന ഇസ് ലാമികാവിഷ്കാര വൈവിദ്ധ്യങ്ങളെ സംബന്ധിച്ച് കൃത്യമായ ചിത്രം നൽകുന്നു. മൺസൂൺ പള്ളികൾ എന്ന അദ്ധ്യായത്തിൽ വാസ്തുവിദ്യയിലും സാസ്കാരിക ആവിഷ്കാരങ്ങളിലും സമുദ്ര വ്യാപാര തീരങ്ങളിൽ നിലനിന്നിരുന്ന ആദാന പ്രദാനങ്ങളെ കിഴക്കനേഷ്യൻ സമുദ്ര തീരങ്ങളിലെ വാസ്തുസാദൃശ്യങ്ങളുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുന്നു. കേരളീയ വാസ്തു മാതൃകകളിൽ വിവിധ മതപാരമ്പര്യങ്ങൾക്കുള്ള പൊതുവായ സാദൃശ്യം പരാമർശിച്ചുകൊണ്ട് സെബസ്റ്റ്യൻ പ്രാംഗെ എത്തുന്ന നിരീക്ഷണങ്ങൾ ഇസ് ലാമിന്റെ ഏകശിലാത്മകമായ മാതൃകകൾക്കപ്പുറം വൈവിദ്ധ്യപൂർണ്ണവും ബഹുലതയാർന്നതുമായ ആവിഷ്കാര വൈവിദ്ധ്യങ്ങളെ സംബന്ധിച്ച് കൃത്യമായ അവബോധം പകരുന്നതാണ്. അദ്ദേഹം എഴുതുന്നത് നോക്കുക:
“ഗുജറാത്തിലെ പള്ളികളും ഹിന്ദുക്ഷേത്രങ്ങളും തമ്മിലുള്ള തുടർച്ചകളെക്കുറിച്ചുള്ള മൗലികമായ ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് ‘ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായി തെക്കേ ഏഷ്യയിലെ മുസ്ലിം സമൂഹങ്ങളുടെ സാന്നിധ്യത്തിന്റെ ഭൗതികരേഖകൾ പഠിക്കപ്പെട്ടത് ഈ പ്രദേശത്തിനുള്ളിൽ തന്നെ നടന്ന അതിന്റെ പ്രാദേശീകരണത്തിന്റെ അനിവാര്യമായ പരിശോധനകൂടാതെ’യാണെന്നാണ്.
തെക്കേ ഇന്ത്യയുടെ കാര്യത്തിലും ഇത് ശരിയാണ്. ഈ പ്രദേശത്തെ ക്ഷേത്രങ്ങളെക്കുറിച്ചും ഏതാനും പള്ളികളെക്കുറിച്ചും ഒട്ടേറെ പഠനങ്ങളുണ്ടെങ്കിലും അവയുടെ വാസ്തുരൂപങ്ങൾ തമ്മിലുള്ള തുടർച്ചകൾ പഠിക്കാനും വ്യാഖ്യാനിക്കാനും അത്ര ശ്രമങ്ങൾ നടന്നിട്ടില്ല. ഇന്ത്യയുടെ വാസ്തുപൈതൃകത്തിന്റെ പട്ടിക തയ്യാറാക്കുകയെന്നത് യഥാർഥത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന്റെ ഒരു പദ്ധതിയായിരുന്നു. എല്ലാ സ്മാരകങ്ങളെയും ‘ഹിന്ദു’വെന്നോ ‘ബുദ്ധിസ്റ്റെ’ന്നോ ‘മുസ്ലി’മെന്നോ തരംതിരിച്ച് വർഗീകരണത്തിന് വിധേയമാക്കി. ‘യഥാർത്ഥത്തിൽ സ്മാരകങ്ങൾക്കും ആരാധനാലയങ്ങൾക്കും അവയുടെ സ്ഥാനം, സാമഗ്രികൾ, ശൈലി, നിർമാണകൗശലം, അതുപോലെ അവിടെ വരുന്ന ആളുകൾ എന്നീ കാര്യങ്ങളിൽ പൊതുവായ പൈതൃകങ്ങൾ ഉണ്ടായിരുന്നുവെന്ന’ വസ്തുതയെ ഈ വർഗീകരണങ്ങൾ തമസ്കരിക്കുന്നു. വാ സ്തുനിർമിതി ഒരു നിശ്ചിത സ്ഥലത്തെ വിശ്വാസസമൂഹത്തിന്റെ സാന്നിധ്യം മാത്രമല്ല ആവിഷ്കരിക്കുന്നത്, നിലവിലുള്ള സാമൂഹികക്രമത്തോ ടുള്ള അതിന്റെ ബന്ധത്തിലേക്കും അത് വെളിച്ചം വീശുന്നു.
ഇസ്ലാമിക വാസ്തുനിർമിതിയുടെ പ്രബലരീതികളിൽനിന്ന് മലബാർ പള്ളികൾ വളരെ വ്യത്യസ്തമായതുകൊണ്ട് ഇന്തോ-ഇസ്ലാമിക വാസ്തു നിർമിതിയുടെ വേറിട്ട ഒരു ഉപഗണമായിവേണം അതിനെ കാണാൻ.“
വിവിധ സമൂഹങ്ങളും സംസ്കാരങ്ങളുമായും ഇഴുകിച്ചേർന്ന് ഉൾക്കൊള്ളാനും വർജ്ജിക്കാനും അതുവഴി സ്വയം ഉദ്ഗ്രഥിക്കാനുമുള്ള ഇസ് ലാമിന്റെ സഹജശേഷിയെയാണ് “മൺസൂൺ ഇസ് ലാമിന്റെ“ ഭാഗമെന്നോണം ഗ്രന്ഥകാരൻ ഇവിടെ പരിചയപ്പെടുത്തുന്നത്. വാസ്തവത്തിൽ ഏകശിലാ സ്വഭാവമുള്ള വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും നിഷേധിക്കുന്ന ഉഗ്രശാസകമായ നിയമ രൂപം മാത്രമായി ഇസ് ലാം സങ്കോചിക്കുന്നത് ആധുനിക സലഫി വഹാബി വ്യവഹാരങ്ങളിൽ മാത്രമാണ്. പാരമ്പര്യ ഇസ് ലാം വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ഉൾക്കൊണ്ട് അടിസ്ഥാനങ്ങളിൽ നിന്ന് വ്യതിചലിക്കാതെ സ്വയം നവീകരിക്കാനുള്ള ശേഷി എക്കാലത്തും നിലനിർത്തിയിട്ടുണ്ട്. ഈ സവിശേഷതയെയാണ് മറ്റൊരു സൈദ്ധാന്തിക സമീപനത്തോടെയാണെങ്കിലും ഗ്രന്ഥകാരൻ ഇവിടെ കണ്ടെടുക്കുന്നത്.
തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലെ പള്ളികളുടെ പൊതുവായ വാസ്തുസാദൃശ്യങ്ങളെ കുറിച്ച പല നിരീക്ഷണങ്ങളും ചേർത്തുവെച്ച് സെബാസ്റ്റ്യാൻ പ്രാെങ്കെ സ്ഥാപിക്കുന്നത് മൺസൂൺ ഇസ് ലാമിന്റെ വ്യാപ്തിയും സ്വാംശീകരണ ശേഷിയെയുമാണ്. അദ്ദേഹം എഴുതുന്നത് നോക്കുക:
“ഈ സമാനതകൾ നിർമിതിയിലെ അനേകം വിശദാംശങ്ങളിൽ കാണാമെങ്കിലും തെക്കേ ഇന്ത്യയിലും തെക്കുകിഴക്കേ ഏഷ്യയിലും കാണുന്ന പല നിലകളായുള്ള മേൽക്കൂരയുടെയും വേറിട്ട വൃത്താകൃതിയിലുള്ള ഗോപുരങ്ങളുടെയും സംവിധാനങ്ങളിലാണ് തെളിഞ്ഞുനിൽക്കുന്നത്.
ഈ രണ്ടു പ്രദേശങ്ങളെ ബന്ധിപ്പിച്ച പള്ളി നിർമിതിയുടെ ‘വാണിജ്യ മൺസൂൺ ശൈലി’ ഈ സമാനസ്വഭാവങ്ങളിൽ സ്റ്റീഫൻ ഡേൽ തിരിച്ച റിയുന്നു. തെക്കേ ഇന്ത്യൻ മുസ്ലിം വാസ്തുനിർമിതിയെക്കുറിച്ചുള്ള തന്റെ മൗലിക പഠനത്തിൽ മെഹർദാദ് ഷൊകൂഹി സമാനമായ ഒരു വാദം അവതരിപ്പിക്കുന്നു. പടിഞ്ഞാറേ ഇന്ത്യൻ സമുദ്രമേഖലയിൽ നിന്നുള്ള (വിശേഷിച്ചും യെമനിൽനിന്നുള്ള) ചില വാസ്തുഘടകങ്ങൾ ഉൾ ക്കൊള്ളിച്ചിരിക്കുന്നതും തെക്കുകിഴക്കേ ഏഷ്യയിലെ പള്ളികളുടെ സമാനതകൾ അടങ്ങിയിരിക്കുന്നതും അദ്ദേഹം ഊന്നിപ്പറയുന്നു. മലേഷ്യയിലെ പുരാതന തെക്കേ ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള പഠനത്തിൽ ഖൂ സൽമാ നസൂറ്റിയോൻ ഇതേ ബന്ധം കണ്ടെത്തുന്നു. പെനാംഗിലെ ആദ്യകാല പള്ളികൾ “പ്രാദേശിക ദ്രാവിഡ വാസ്തുവിന്റെയും കൂടുതൽ വിദൂരസ്ഥലങ്ങളിൽ നിന്ന് ഗണ്യമായ തോതിൽ കടംകൊണ്ടതിന്റെയും സംയോജന’മാണെന്ന് അവർ പറയുന്നു. ഈ തുടർച്ചകളുടെ വെളിച്ചത്തിൽ, സുനിൽ അമൃത് കരുതുന്നത് തെക്കേ ഇന്ത്യൻ മുസ്ലിംകൾ തെ ക്കുകിഴക്കേ ഏഷ്യൻ പള്ളികളുടെ ശൈലിയുമായി തൽക്ഷണം പരിചിതരാ’കുമായിരുന്നുവെന്നും തെക്കേ ഇന്ത്യൻ ഇസ്ലാമാണ് ആ പ്രദേശ ത്തിന്റെ പവിത്രഭൂപ്രകൃതിയെ രൂപപ്പെടുത്തിയതെന്നുമാണ്.
പള്ളികളും പ്രാദേശിക വാസ്തുനിർമിതിയും തമ്മിലുള്ള സമാനമായ (പവിത്രവും പ്രാദേശികവുമായ) കടംവാങ്ങലുകൾ കടൽത്തീര ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും കാണാവുന്നതാണ്. ഉദാഹരണത്തിന്, വിശാലമായ മേൽക്കൂരകളും അനുപാതമൊത്ത നടുമുറ്റങ്ങളുമുള്ള പരമ്പരാഗത ചൈനീസ് പള്ളികൾ കൺഫ്യൂഷൻ ക്ഷേത്രങ്ങൾക്കു സമാനമായിരുന്നപ്പോൾ പതിമൂന്നാം നൂറ്റാണ്ടു മുതൽ കിഴക്കേ ആഫ്രിക്കൻ പള്ളികൾ സ്ഥാനത്തിലും വാസ്തുഘടനയിലും കൂടുതലായി കടലുമായി ബന്ധപ്പെട്ടവയായി മാറി, ഇന്ത്യൻ സമുദ്രതീര പ്രദേശങ്ങളിലെല്ലാം ഇസ് ലാമിക വാസ്തുനിർമിതി ആ സ്ഥലങ്ങളിലെ മുസ്ലിം സമൂഹങ്ങളുടെ വികാസത്തെ നിർണയിച്ച അടിസ്ഥാന വ്യവഹാരങ്ങളെ പ്രതിഫലിപ്പിച്ച സഹവർത്തിത്വശൈലി വികസിപ്പിച്ചു; മൺസൂൺ ഇസ്ലാമിന്റെ ലോകത്തിന്റെ വ്യാപ്തിയും സ്വഭാവവും ഉദാഹരിക്കുകയാണ് മൺസൂൺ പള്ളികൾ.”
ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം കൊട്ടാരം എന്ന ശീർഷകത്തിലാണ്. ഈ ഭാഗവും നാല് അദ്ധ്യായങ്ങളിലായി ക്രമപ്പെടുത്തിയിരിക്കുന്നു. മുസ് ലിംകളും കോഴിക്കോടിന്റെ ഉയർച്ചയും, മതപരിവർത്തനം, രാഷ്ട്രത്തിനുള്ളിലെ മുസ് ലിംകൾ, മുസ് ലിംകൾ ഭരണകൂടത്തിനെതിരെ എന്നിവയാണ് അദ്ധ്യായങ്ങളുടെ ശീർഷകങ്ങൾ. കേരളത്തിലെ വിവിധ നാട്ടുരാജ്യ അധികാര സ്വരൂപങ്ങളുമായുള്ള മുസ് ലിം വർത്തകരുടെയും മുസ് ലിം സമൂഹത്തിന്റെയും ആരോഗ്യകരമായ സാമൂഹീക ബന്ധങ്ങളും വിനിമയങ്ങളും ഈ ഭാഗത്ത് വിശദമായി ചർച്ച ചെയ്യുന്നു. ഓരോ നാട്ടുരാജ്യ രാഷ്ട്രീയ ഘടനകക്കകത്തും മുസ് ലിം പ്രതിനിധാനം എപ്രകാരമായിരുന്നുവെന്നും അധികാര ക്രമങ്ങളോട് പൊതുവായി അവർ പുലർത്തിയിരുന്ന സഹകരണ സമീപനമെന്തായിരുന്നുവെന്നും വിശദീകരിച്ച ശേഷം ചില നിർണ്ണായക ഘട്ടങ്ങളിൽ പ്രാദേശിക അധികാര രൂപങ്ങളോട് മുസ് ലിംകൾക്ക് ചെറുത്തു നിൽക്കേണ്ടി വന്ന സാഹചര്യങ്ങളും ഇതിൽ അവലോകനം ചെയ്യുന്നുണ്ട്.
ഗ്രന്ഥത്തിന്റെ നാലാം ഭാഗം കടൽ എന്ന ശീർഷകത്തിലാണ്. ഈ ഭാഗത്തും നാല് ഉപശീർഷകങ്ങളാണ് വരുന്നത്. വാണിജ്യ ശൃംഖലകൾ; കുരുമുളകിന്റെ വഴി, മതപരമായ ശൃംഖലകൾ; പണ്ഡിതന്റെയും സൂഫിയുടെയും പാതകൾ, രാഷ്ട്രീയ ശൃംഖലകൾ; ഇന്ത്യൻ സമുദ്ര തീരങ്ങളിലെ രക്ഷാകർതൃത്വം, ഉപസംഹാരം/ മൺസൂൺ മുസ് ലിംകൾ എന്നിവയാണ് ഈ ഭാഗത്തെ ശീർഷകങ്ങൾ. കുരുമുളകിന്റെ വാണിജ്യപ്രാമുഖ്യത്തെ പറ്റിയും ലോകവ്യാപകമായുള്ള അതിന്റെ വിപണന സാധ്യതകളെ പറ്റിയും വിശദമായി ഉപന്യസിച്ച് വികസിക്കുന്ന ഈ അദ്ധ്യായം അറബികടൽ വഴിയായി നടന്ന കുരുമുളകു വ്യാപാരത്തെ പറ്റിയും വിശകലനം ചെയ്യുന്നുണ്ട്.
ആകെത്തുകയിൽ നിരവധി സവിശേഷതകളുൾക്കൊള്ളുന്നതാണ് ഈ ഗ്രന്ഥത്തിന്റെ വിഷയ ക്രമീകരണങ്ങൾ. ഗവേഷണം ചെയ്ത് മുന്നേറേണ്ട പല വൈജ്ഞാനിക മേഖലകളിലേക്കും സൂചനകൾ നൽകുന്ന വിധമുള്ളതാണ് വിഷയ ക്രമീകരണങ്ങൾ. ആഫ്രിക്ക മുതൽ ഇന്തോനേഷ്യൻ തീരങ്ങൾ വരെ പരന്നു കിടക്കുന്ന സമുദ്രാന്തര വാണിജ്യ വിനിമയങ്ങളുടെ വൈപുല്യമാർന്ന ചരിത്ര വിജ്ഞാനീയങ്ങളിലേക്ക് പല സൂചനകളും നൽകുന്ന ഈ ഗ്രന്ഥം ബോധപൂർവ്വമായി തന്നെ നടത്തിയ തമസ്കരണങ്ങളിലൊന്ന് ഈ ഗ്രന്ഥത്തിൽ അറബി കടൽ എന്ന പ്രയോഗം സംബന്ധിച്ചുള്ളതാണ്. അറബിക്കടൽ എന്ന പ്രയോഗത്തിന് വളരെയേറെ പഴക്കമുണ്ടെങ്കിലും ചരിത്ര ഗ്രന്ഥങ്ങളിലും സഞ്ചാര സാഹിത്യങ്ങളിലുമെല്ലാം പ്രസ്തുത നാമമാണ് ഇന്ത്യയുടെ പടിഞ്ഞാറ് വശത്തുള്ള സമുദ്രത്തെ സൂചിപ്പിക്കാൻ പ്രയോഗിക്കുന്നതെങ്കിലും സെബാസ്റ്റ്യൻ പ്രാംഗെ ഗ്രന്ഥത്തിലുടനീളം പടിഞ്ഞാറെ ഇന്ത്യൻ സമുദ്രം എന്ന് പ്രയോഗിക്കാനാണ് ശ്രദ്ധിക്കുന്നത്. തീർച്ചയായും ഇത് ബോധപൂർവ്വം തന്നെയാകണം. അതൊരു ന്യൂനതയെന്നോണം ഇവിടെ പരാമർശിച്ചതല്ല. അറബ് ഇന്ത്യാ വാണിജ്യ വിനിമയങ്ങളുടെ പ്രത്യക്ഷ ശേഷിപ്പായി ഇക്കാലം വരെയും പ്രയോഗിച്ചിരുന്ന അറബി കടൽ എന്ന പ്രയോഗം തമസ്കരിക്കപ്പെടുക എന്നതിനർത്ഥം ചിരകാല വിനിമയങ്ങളുടെ ഒരു പ്രതീകം വിസ്മരിക്കപ്പെടുക എന്നതാണ്. പ്രതീകങ്ങളും പ്രയോഗങ്ങളും വിസ്മരിക്കപ്പെടുമ്പോൾ അത് ഭാവിയിൽ ചരിത്രത്തിന്റെ തന്നെ വിസ്മൃതിയായി മാറാതിരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
486 പേജുകളുള്ള ഈ ഗ്രന്ഥത്തിന് 500 രൂപയാണ് മുഖവില. സാമാന്യ വായനക്കും റഫറൻസായും ഒരു പോലെ പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥം തീർച്ചയായും നമ്മുടെ ലൈബ്രറികളിലും ഹോം ലൈബ്രറികളിലുമുള്ള ഗ്രന്ഥശേഖരത്തിൽ അനിവാര്യമായും ഉൾപ്പെടുത്തേണ്ട ഗ്രന്ഥം തന്നെയാണ്.
അകമിയം വെബ് മാഗസിന് റിവ്യൂവിന് പുസ്തകങ്ങൾ അയക്കുന്ന പ്രസാധകർ ഒരു കോപ്പി അയച്ചാൽ മതിയാകും. എന്നാൽ റിവ്യൂ അകമിയത്തിന് പ്രസിദ്ധീകരണത്തിനയക്കുന്ന ലേഖകന്മാർ പ്രസാധകരോട് ആവശ്യപ്പെട്ട് റിവ്യൂ ചെയ്യുന്ന ഗ്രന്ഥത്തിന്റെ ഒരു കോപ്പി അകമിയത്തിന് അയക്കേണ്ടതുണ്ട്. അകമിയം റിവ്യൂ ചെയ്യുന്ന ഏത് ഗ്രന്ഥവും അകമിയം ഏഡിറ്റോറിയൽ പരിശോധിച്ചിട്ടല്ലാതെ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുക്കുകയില്ല എന്ന് സവിനയം അറിയിക്കുന്നു.