സൈനുദ്ദീൻ മന്ദലാംകുന്ന്
മാപ്പിള സമരങ്ങളും അതിന് നേതൃത്വം നൽകിയ ജനനായകന്മാരും നമ്മുടെ പുതിയ സംവാദ വിഷയമായിരിക്കുകയാണ്. പൗരസമൂഹത്തിലെ ചിലരെ പുറംതള്ളിയും അസന്നിഹിതമാക്കിയും ഭീകരവാദികളാക്കി നിർവ്വചിച്ചും അപരമുദ്രണങ്ങളിലൂടെ അപഹസിക്കുന്ന പുതിയൊരു സാംസ്കാരിക വ്യവഹാരത്തിന് കേരള സമൂഹത്തിലും ഇടം നേടിയെടുക്കാൻ നടത്തുന്ന ഭീഭത്സമായ വംശീയ പദ്ധതിയാണ് ചരിത്രത്തിന്റെ ഈ തമസ്കരണങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും പിന്നിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. എന്നാൽ കേരളത്തിലെ മതസാമൂഹിക ബന്ധങ്ങളിൽ ധ്രുവീകരണം ലക്ഷ്യം വെക്കുന്ന ഛിദ്രശക്തികൾക്ക് വിഷവിത്തിറക്കാൻ സാധിക്കാത്ത വിധം സാമൂദായിക മൈത്രിയുടെയും സാമ്രാജ്യത്വ, ജന്മിത്വ ചൂഷണ വിരുദ്ധതയുടെയും ജൈവിക ഭൂമികയാണ് മലബാറുൾക്കൊള്ളുന്ന കേരളം എന്ന് കൂടുതൽ വ്യക്തതയോടെ ഈ സംവാദങ്ങൾ വെളിപ്പെടുത്തികൊണ്ടിരിക്കുന്നു. പോർച്ചുഗീസ് കാലം മുതൽ ആരംഭിച്ചതും വിവിധ പരിണാമങ്ങളിലൂടെ വികസിച്ചതുമായ മാപ്പിള സമരങ്ങളുടെ ചരിത്രത്തെയും പ്രത്യയ ശാസ്ത്ര സ്രോതസ്സുകളെയും സാമാന്യമായി അവലോകനം ചെയ്യുന്ന ഈ പഠനവും പുതിയ സംവാദ പശ്ചാത്തലത്തിൽ തമസ്കരിക്കപ്പെട്ട ഒട്ടേറെ വസ്തുതകൾ അനാവരണം ചെയ്യുന്നു.
ചരിത്രം ഒരു ജനതയുടെ ആത്മവീര്യം വീണ്ടെടുക്കാനുതകുന്ന മൗലികമായ ഊർജ്ജ സ്രോതസ്സാണ. ഓരോ സമൂഹത്തിനും അവരുടേതായ തനത് ചരിത്രവും സംസ്കാരവുമുണ്ട്. കേരള മുസ്ലിങ്ങളെ സംബന്ധിച്ചും അഭിമാനകരമായ അസ്തിത്വത്തിന്റെയും വിമോചനാത്മകമായ പ്രതിനിധാനത്തിന്റെയും സമര തീക്ഷ്ണമായ ഒരു ചരിത്രവും പാരമ്പര്യവുമുണ്ട്. എന്നാൽ ഈ ചരിത്രത്തെയും പാരമ്പര്യത്തെയും സംബന്ധിച്ച് ആധുനിക മുസ്ലിങ്ങൾ തന്നെ അപകടകരമായ അജ്ഞതയിലാണുള്ളത്. പൊതു സമൂഹമാകട്ടെ അതിലേറെ അജ്ഞതയിലുമാണ്.
കൊളോണിയൽ ആധുനികതയുടെയും സവർണാഭിമുഖ്യമുള്ള ആശയ വ്യവഹാരങ്ങളുടെയും മൂല്യമാനദണ്ഡങ്ങൾക്കനുസൃതമായി സാമ്പ്രദായിക ചരിത്ര രചനകളിൽ ഏറെ മുൻവിധികളോടെ നിർവ്വചിക്കപ്പെട്ട ഒരു ജനതയാണ് കേരളത്തിലെ മാപ്പിള സമൂഹം. തദ്ദേശീയവും വൈദേശികവുമായ പ്രമാണ സ്രോതസ്സുകളിൽ കഴിഞ്ഞ അഞ്ഞൂറു വർഷത്തെ വ്യക്തമായ ചരിത്രം പതിഞ്ഞു കിടക്കുന്ന ഒരു സമൂഹമായിട്ടും നമ്മുടെ സാമ്പ്രദായിക ചരിത്ര രചനകളിൽ കാട്ടുമാപ്പിളയും കലാപകാരിയും മതഭ്രാന്തനുമൊക്കെയായി തന്നെയാണ് മാപ്പിള പ്രതിനിധീകരിക്കപ്പെടുന്നത്.
ആധുനിക കാലത്ത് മതത്തെ സംബന്ധിച്ച് രൂപപ്പെട്ട പരിപ്രേക്ഷ്യങ്ങൾക്കകത്ത് നിർവ്വചിച്ചൊതുക്കാനാവാത്ത ചില സാമൂഹിക സ്വഭാവങ്ങൾ ഇസ്ലാം പ്രതിഫലിപ്പിക്കുന്നുവെന്നത് പല ചരിത്രകാരന്മാരെയും സാമൂഹിക വിശകലന വിശാരദന്മാരെയും കുഴക്കുന്ന ഒരു സമസ്യയാണ്. വിശ്വാസവും പുരാവൃത്തവും അനുഷ്ഠാനവുമെല്ലാം കൂടിച്ചേർന്ന യുക്തിഹീനമായ ചില പെരുമാറ്റങ്ങളുടെയും ആശയങ്ങളുടെയും ആകെത്തുകയായി മതത്തെ പരിചയിച്ച ആധുനികതയുടെ യുക്തി കൊണ്ട് അളന്നെടുക്കാൻ സാധിക്കുന്നതല്ല കേരളത്തിലെ മാപ്പിള മുസ്ലിങ്ങളുടെ ചരിത്രം. അതു കൊണ്ട് തന്നെയാണ് അക്രമികളായ യൂറോപ്യൻ അധിനിവേശ ശക്തികളുടെ നിഷ്ഠൂരമായ അതിക്രമങ്ങളിൽ നിന്ന് ഒരു ജനതയെ രക്ഷിക്കാനും ഒരു ദേശത്തിന്റെ മാനം കാക്കാനും അനസ്യൂതമായി പൊരുതിയ ഒരു ജനതയുടെ ചരിത്രം നമ്മുടെ മുഖ്യധാരാ വ്യവഹാരങ്ങളിൽ ഇടം നേടാതെ പോയത്.
ആഗോള വാണിജ്യ വിനിമയങ്ങളുടെ കുത്തകയുണ്ടായിരുന്ന അറബി വ്യാപാരികളുമായുളള സമ്പർക്കത്തിലൂടെ കേരളത്തിന്റെ സമ്പദ്ഘടന പരിപോഷിപ്പിക്കപ്പെടുകയും വിവിധ നാട്ടുരാജ്യങ്ങളുടെ മുഖ്യമായ സാമ്പത്തിക സ്രോതസ്സായി വാണിജ്യ വിനിമയങ്ങൾ വികസിക്കുകയും ചെയ്ത സവിശേഷമായ ഒരു സന്ദർഭമായിരുന്നുവല്ലോ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകൾ. അറബികളുമായുള്ള സമ്പർക്കത്തിലൂടെ തീരദേശം കേന്ദ്രീകരിച്ച് ഒരു പുതിയ സങ്കര സംസ്കാരം രൂപപ്പെട്ടുവരികയും അക്കാലത്തെ കേരളത്തിലെ നാട്ടുരാജ്യ അധികാര കേന്ദ്രങ്ങൾ അതിന്റെ പോഷണത്തിന് പിന്തുണ നൽകുകയും ചെയ്തു. അഥവാ തീരദേശത്ത് എത്തുന്ന അറബി വ്യാപാരികൾ വിവാഹ ബന്ധങ്ങളിലൂടെയും മറ്റ് സാമൂഹിക വിനിമയങ്ങളിലൂടെയും തദ്ദേശീയ സംസ്കാരവുമായി ഇഴുകിച്ചേരുകയും ഒരു നിർണായക സ്വാധീന ശക്തിയായി രൂപാന്തരപ്പെടുകയും ചെയ്തിരുന്നു. വാണിജ്യ വിനിമയങ്ങളിലൂടെ സാമ്പത്തികമായ ഉദ്ഗ്രഥനം സംഭവിച്ചപ്പോൾ സ്വാഭാവികമായും ജീവിത നിലവാരം മെച്ചപ്പെടുകയും പൊതുവായ ഉണർവ്വോടെ തീരദേശ പട്ടണങ്ങൾ വികസിച്ചു വരികയും ചെയ്തു. തദ്ദേശീയരും വിദേശീയരുമായ അക്കാലത്തെ മുസ്ലിങ്ങളെ സംബന്ധിച്ച് സാമ്പത്തികമായ ഈ സമൃദ്ധി ഇസ്ലാമിക ധർമ്മങ്ങളെ നേരിയ തോതിലെങ്കിലും വിസ്മരിക്കും വിധം സ്വാധീനിച്ചു. സ്വാഭാവികമായും ഇതിലൂടെ അവരുടെ ആന്തരികമായ വീര്യവും വിശുദ്ധിയുമാണ് ദുർബലപ്പെട്ടു കൊണ്ടിരുന്നത്.ഇതിലേക്ക് സൂചന നൽകുന്ന പരാമർശങ്ങൾ തുഹ്ഫത്തുൽ മുജാഹിദീൻ നൽകുന്നുണ്ട്. പൊന്നാനിയിലെ സൈനുദ്ദീൻ മഖ്ദൂം(ഒന്നാമൻ)അക്കാലത്തെ മുസ്ലിങ്ങളുടെ ജീവിതത്തെ സമഗ്രമായി അഴിച്ചു പണിയാനാവശ്യമായ നവോത്ഥാന യത്നങ്ങൾക്ക് നേതൃത്വം നൽകി. ഭൗതിക പ്രമത്തതയും ഉപരിവർഗ കീഴാള വിഭജനങ്ങളുമെല്ലാം ശക്തിപ്പെട്ട അക്കാലത്ത് അല്ലാഹുവിന്റെ സൃഷ്ടികൾ എന്ന നിലക്കുള്ള മനുഷ്യ കുലത്തിന്റെ ഏകതയെയും ഇതു തിരിച്ചറിഞ്ഞവരെന്ന നിലക്ക് മുസ്ലിങ്ങൾക്ക് മനുഷ്യകുലത്തോട് പൊതുവായും ഉത്തമ സമുദായം എന്ന നിലക്ക് പരസ്പരവും ഉള്ള ധർമ്മങ്ങളെയും ഉദ്ബോധിപ്പിക്കുന്ന ആശയങ്ങളാണ് അദ്ദേഹം പ്രബോധനം ചെയ്തത്. ഇക്കാലത്താണ് കേരള തീരത്ത് വാണിജ്യ വിനിമയ രംഗത്തും സമാധാനപരമായ സാമൂഹിക ജീവിതത്തിലും അലോസരങ്ങളുളവാക്കി അക്രമികളായ പോർച്ചുഗീസുകാരുടെ ആഗമനമുണ്ടാകുന്നത്.
കോളണി ശക്തികളുടെ വിധ്വംസക ആഗമനം
കടലിനും വാണിജ്യവിനിമയങ്ങൾക്കും മേൽ സമ്പൂർണമായ അവകാശം സ്ഥാപിക്കാനുള്ള അവരുടെ യത്നങ്ങൾ തികച്ചും അധീശത്വപരമായിരുന്നു.അക്കാലത്ത് അറബികൾക്കുണ്ടായിരുന്ന വാണിജ്യാധിപത്യത്തെ തകർത്ത് അറബികളെയും മുസ്ലിങ്ങളെയും വംശോന്മൂലനം ചെയ്ത് ആധിപത്യം വ്യാപിപ്പിക്കാമെന്നാണ് അവർ വ്യാമോഹിച്ചത്.അറബികളെയും മുസ്ലിങ്ങളെയും സംരക്ഷിക്കുന്ന നാട്ടുരാജ്യ അധികാര കേന്ദ്രം എന്ന നിലക്കാണ് അവർ സാമൂതിരിയോട് ശത്രുത വെച്ചത്. മതകീയമായി കടുത്ത അസഹിഷ്ണുക്കളായിരുന്ന പോർച്ചുഗീസുകാർ വംശീയവും മതകീയവുമായി കൂടുതൽ ശത്രുത വെച്ചു പുലർത്തിയിരുന്നത് മുസ്ലിങ്ങളോടായിരുന്നു. എന്നാൽ പൊതുവായി അവർ പൗരസ്ത്യ സംസ്കാരങ്ങളോടും മൂല്യവ്യവസ്ഥകളോടും അസഹിഷ്ണുതയുള്ളവർ തന്നെയായിരുന്നു. അവരല്ലത്തവരെ സംബന്ധിച്ച് തികഞ്ഞ അജ്ഞതയും മുൻവിധികളുമാണ് അവർ വെച്ചു പുലർത്തിയത്. കുരിശുയുദ്ധ വികാരത്തോടെയാണ് അറബികളായ മുസ്ലിങ്ങളെയും അക്കാലത്തെ സാധാരണക്കാരായ തദ്ദേശീയ മുസ്ലിങ്ങളെ പോലും അവർ സമീപിച്ചത്. അതു കൊണ്ട് തന്നെയാണ് ആദ്യകാലത്തെത്തിയ പോർച്ചുഗീസ് നാവികർ മുതൽ ഏറ്റവും അവസാനത്തെ പോർച്ചുഗീസുകാരൻ വരെ മുസ്ലിങ്ങളോട് കൊടും ക്രൂരതകൾ പ്രവർത്തിച്ചത്. നാനൂറിൽ കൂടുതൽ വരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെട്ട മുസ്ലിങ്ങളുടെ ഹജ്ജ് യാത്രാക്കപ്പൽ കൊള്ളയടിച്ച് നിരപരാധികളായ അവരെ ജീവനോടെ ചുട്ടു കൊന്നതു മുതൽ മുസ്ലിം അധിവാസ കേന്ദ്രങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ തന്നെ അപ്രതീക്ഷിതമായി ആക്രമിക്കുന്ന നടപടികൾ വരെയുള്ള അത്യന്തം ഭീകരമായ കൊടുംപാതകങ്ങൾ അവർ മുസ്ലിങ്ങൾക്കെതിരെ തുടർന്നു പോന്നിട്ടുണ്ട്.
ചെറുത്ത് നിൽപിന്റെ പ്രത്യയ ശാസ്ത്ര സ്രോതസ്സുകൾ
മുസ്ലിങ്ങളെ സംബന്ധിച്ച് ഈ ആക്രമണങ്ങൾ വിചിത്രവും അപ്രതീക്ഷിതവുമായിരുന്നു. ഏതെങ്കിലും പ്രത്യേകമായ ഒരു വംശീയ സമൂഹവുമായോ മതവിഭാഗങ്ങളുമായോ സ്ഥിരമായ ശത്രുത എന്നത് അവർക്ക് അപരിചിതമായ ഒന്നായിരുന്നു. അതു കൊണ്ട് തന്നെ പോർച്ചുഗീസ് ഭീകരതയുടെ പിന്നിലുള്ള പ്രത്യയ ശാസ്ത്രപരമായ അന്തർധാരകളെ തിരിച്ചറിയാൻ ആദ്യഘട്ടത്തിൽ അവർക്ക് സാധിച്ചില്ല. എന്നാൽ അറബികളായ കച്ചവടക്കാരും സൈനുദ്ദീൻ മഖ്ദൂം ഒന്നാമനെപ്പോലുള്ള സൂഫികളായ ഉലമാക്കളും പോർച്ചുഗീസ് ഭീകരതയുടെ പ്രത്യയശാസ്ത്ര ചോദനകളെ കൃത്യമായും തിരിച്ചറിഞ്ഞവരായിരുന്നു. അതു കൊണ്ട് തന്നെയാണ് കൊടും ഭീകര കൃത്യങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഉന്മൂലനം ചെയ്തു കൊണ്ടിരുന്ന പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യേണ്ടത് മതകീയ ബാധ്യതയായി സിദ്ധാന്തവത്കരിക്കുന്ന പ്രത്യശാസ്ത്രവത്കരണ പ്രവർത്തനങ്ങൾക്ക് സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമനെപ്പോലുള്ളവർ നേതൃത്വം നൽകിയത്.
സാമൂതിരിമാരുടെ നേതൃത്വവും സാത്വികരായ ഈ ഉലമാക്കളുടെ പ്രത്യയ ശാസ്ത്രപരമായ പ്രചോദനങ്ങളും കൂടിയായപ്പോൾ കോളണീകരണത്തിനെതിരെ ശക്തമായ ഒരു പോരാളി നിര തന്നെ രംഗത്തു വന്നു. അസാമാന്യമായ ആർജ്ജവത്തോടെ മുസ്ലിം ജനസാമാന്യത്തെ പോർച്ചുഗീസുകാർക്കെതിരെ ജിഹാദിന് പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളുമായി മുസ്ലിം അധിവാസ കേന്ദ്രങ്ങളിലെല്ലാം മഖ്ദൂം ഒന്നാമൻ(റ) യാത്രകൾ ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്ലിങ്ങൾക്കിടയിൽ പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന തഹ്രീള് അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ എന്ന സമര കാവ്യം രചിച്ച് തദ്ദേശീയ മുസ്ലിങ്ങൾക്കിടയിലും അക്കാലത്തെ അറബികൾക്കിടയിലും അറേബ്യൻ ഭരണാധികാരികൾക്കിടിയിലുമെല്ലാം അദ്ദേഹം പ്രചരിപ്പിച്ചു. തീർച്ചയായും ഇന്ത്യയിലെ തന്നെ, കോളണീകരണത്തിനെതിരായ ആദ്യത്തെ വിമോചന സമര കാവ്യമാണിത്. സാമൂതിരിയുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാർക്കെതിരെ തുടർന്നു വന്നിരുന്ന തങ്ങളുടെ പ്രതിരോധ നീക്കങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ച് അക്കാലത്തെ അറേബ്യയിലെയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലുമൊക്കെയുള്ള ഭരണാധികാരികൾക്ക് അദ്ദേഹം കത്തുകളയച്ചിരുന്നു.
സാമൂതിരി ഒഴികെയുള്ള അക്കാലത്തെ പ്രബലരായ നാട്ടു രാജാക്കാന്മാരെല്ലാം പോർച്ചുഗീസുകാരുടെ ഭീഷണികൾക്കും കുതന്ത്രങ്ങൾക്കും വിധേയരായി അവരുടെ വാണിജ്യ വിനിമയങ്ങൾക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തിരുന്നുവല്ലോ? കേരളത്തിലെ അക്കാലത്തെ വാണിജ്യ വിനിമയങ്ങളുടെ മധ്യവർത്തികളായി കാര്യമായി രംഗത്തുണ്ടായിരുന്നത് തദ്ദേശീയരായ മുസ്ലിങ്ങളായിരുന്നു. പിൽക്കാലത്ത് പോർച്ചുഗീസ് വിരുദ്ധ മുന്നേറ്റങ്ങൾക്ക് ഐതിഹാസികമായ മാനങ്ങൾ നൽകിയ കുഞ്ഞാലി മരക്കാർ കുടുംബം ആദ്യകാലത്ത് പോർച്ചുഗീസ്കാർക്ക് അനുകൂലമായ കൊച്ചിയിലെ വർത്തകരായിരുന്നു. പോർച്ചുഗീസുകാരുമായുള്ള വാണിജ്യ വിനിമയങ്ങൾ യാതൊരർത്ഥത്തിലും നീതി പൂർവ്വകമല്ലെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ കുഞ്ഞാലി കുടുംബം കോഴിക്കോട്ട് സാമൂതിരിയുടെ പക്ഷത്തേക്ക് കൂറുമാറി നാവിക മുന്നേറ്റത്തിന് നേതൃത്വം നൽകിത്തുടങ്ങിയത് മഖ്ദൂം ഒന്നാമന്റെ വിയോഗത്തിന് ശേഷമായിരുന്നെങ്കിലും കൊച്ചിരാജ്യത്തെ മുസ്ലിങ്ങളുമായി സമ്പർക്കങ്ങളുണ്ടായിരുന്ന മഖ്ദൂം ഒന്നാമനുമായി സന്ധിക്കാൻ കുഞ്ഞാലി കുടുംബത്തിന് അവസരം ലഭിച്ചിട്ടുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാവതല്ല. എന്തായാലും മഖ്ദൂം ഒന്നാമൻ ഉഴുതുമറിച്ച മാപ്പിള മനസ്സിലാണ് കുഞ്ഞാലിമാർ വിത്തിറക്കിയത്. അതു കൊണ്ട് തന്നെയാണ് കുഞ്ഞാലിമരക്കാർമാരുടെ ആഗമനത്തോടെ മാപ്പിളമാരുടെ ഈ നാവികമുന്നേറ്റങ്ങൾക്ക് കൂടുതൽ ജനകീയമാനം കൈവരുന്നത്.
മഖ്ദൂം ഒന്നാമന്റെ പ്രചോദനത്താൽ പോർച്ചുഗീസ്കാർക്കെതിരെ പടനയിച്ചവരായിരുന്നു സാമൂതിരിയുടെ നേതൃത്വത്തിൽ നാവിക മുന്നേറ്റങ്ങൾ നയിച്ച മാപ്പിളമാർ എന്ന് തിരിച്ചറിയാൻ അദ്ദേഹം രചിച്ച സമര കാവ്യം പരിശോധിച്ചാൽ മതിയാകും. സ്റ്റീഫൻ ഡയലിനോ റൊളാങ്ങ് മില്ലർക്കോ ഈ
സൈനുദ്ദീൻ മഖ്ദൂമിനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം രചിച്ച സമരകാവ്യത്തെയും സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലാ എന്ന് വെച്ച് ഇങ്ങിനെ ഒരാളുടെ സാനിദ്ധ്യത്തെ നമുക്ക് നിശേധിക്കാനാവില്ലല്ലോ? ഇംഗ്ലിഷും മലയാളവും വട്ടെഴുത്തും കോലെഴുത്തുമല്ലാത്ത മറ്റൊന്നും പരിശോധിക്കാൻ പ്രാപ്തിയില്ലാത്ത നമ്മുടെ സവർണ്ണ സാംസ്കാരികാവബോധം പേറുന്ന മഹാമനീഷികളായ ചരിത്രകാരന്മാർ അറബി ഭാഷയിൽ രചന നിർവ്വഹിച്ച മഖ്ദൂം ഒന്നാമന്റെ രചനകൾ പരിശോധിക്കാൻ പ്രാപ്തിയില്ലാത്തവരായി പോയത് ഏതായാലും മാപ്പിള മുസ്ലിങ്ങളുടെ കുറ്റമല്ല. ഇത്തരം ഉലമാക്കളുടെ കാലക്കാരും ശിഷ്യന്മാരുമായ ഉലമാക്കളാൽ വിരചിതമായ ഈ മഹത്തുക്കളെക്കുറിച്ചുള്ള മനാഖിബുകളോ മറ്റോ പരിശോധിക്കാൻ പ്രാപ്തിയില്ലാത്തവർ മഖ്ദൂം ഒന്നാമന്റെയും സമാന സ്വഭാവത്തിൽ പിൽക്കാല ചരിത്രത്തിൽ ജീവിച്ച സൂഫികളായ ഉലമാക്കളെയും സംബന്ധിച്ച് അജ്ഞരായി പോയത് അവർ ക്ഷേത്രച്ചുമരുകളിലും രാജശാസനങ്ങളിലും ചെപ്പേടുകളിലുമെല്ലാം ഇവരുടെ ചരിത്രം തിരഞ്ഞുവെന്നതിനാലാണ്. എന്തായാലും മഖ്ദൂം ഒന്നാമന് ശേഷവും അദ്ദേഹത്തിന്റെ പുത്രനായ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം(റ),തുഹ്ഫത്തുൽ മുജാഹിദീനിന്റെ രചയിതാവായ സൈനുദ്ദീൻ മഖ്ദൂം(റ) രണ്ടാമൻ ശൈഖ് അബുൽ വഫാ ശംസുദ്ദീൻ മുഹമ്മദ്(റ) ഖാളി മുഹമ്മദ്(റ) തുടങ്ങിയവരിലൂടെയും കോളണിവിരുദ്ധമായ പ്രത്യയസാസ്ത്രവത്കരണ പ്രക്രിയ തുടരുകയും ഇത്തരം ഉലമാക്കളുടെ നേതൃത്വത്തിൽ തന്നെ ഈ സമരങ്ങൾ വികസിക്കുകയും ചെയ്തിട്ടുണ്ട്.
ചരിത്രം:മിത്തും യാഥാർത്ഥ്യവും
ആധിപത്യ ശക്തികൾ സ്വന്തം വീരാപദാനങ്ങളുടെ പ്രചരണത്തിന് വേണ്ടി നിർമ്മിക്കുന്ന വിവിധയിനം ആഖ്യാനങ്ങളാണ് പൊതു ചരിത്ര ബോധമായി വികസിക്കുന്നതും പൊതു സ്വീകാര്യത നേടുന്നതും. യഥാർത്ഥത്തിൽ ഓരോ ജനതക്കും അവരവരെ സംബന്ധിച്ച വീരമപരിവേശമാർന്ന ഓർമ്മകളും മിത്തുകളും സുലഭമായുണ്ട്. വിവിധയിനം ആഖ്യാനങ്ങളിലൂടെ ഈ മിത്തുകളും ഓർമ്മകളും തലമുറകളിലേക്കവർ കൈമാറ്റം ചെയ്യുന്നു. എന്നാൽ മിത്തും ചരിത്രവും ഇഴപിരിക്കാനാവാത്ത വിധം കൂടിച്ചേർന്ന ഈ ആഖ്യാനങ്ങൾ ഓരോ സമൂഹങ്ങളെ സംബന്ധിച്ചും മൂഢമായ ഒരു തരം സ്വത്വാഭിമാനമാണ് വളർത്തുന്നത്. മനുഷ്യ കുലത്തിന്റെ പൊതുവായ പുരോഗതിക്ക് പര്യാപ്തമാകുന്ന വിധം വികസിക്കാനോ മനുഷ്യ സംസ്കാരത്തിന്റെ ഉദ്ഗ്രഥനത്തിന് ഊർജ്ജ സ്രോതസ്സാകുവാനോ അത്തരം ആഖ്യാനങ്ങൾക്ക് സാധിക്കുന്നില്ല. മൂഢാഭിമാനത്തെ ത്വരിതപ്പെടുത്തുന്ന ഇത്തരം ആത്മശൂന്യമായ ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മാപ്പിള മുസ്ലിംങ്ങളുടെ ചരിത്രം. കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ഉദ്ഗ്രഥനത്തെ നിർണ്ണയിച്ച മാപ്പിള പ്രതിനിധാനം ഏതെങ്കിലും പുരാവൃത്ത സങ്കൽപങ്ങളാൽ ആവൃതമോ കേവലമായ വീരപാദനങ്ങളുടെ മൂഢ വിശ്വാസങ്ങളോ അല്ലായിരുന്നുവെന്ന് ചരിത്ര യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്താൽ വ്യക്തമാകും.
തദ്ദേശീയ അധികാര ശക്തികളോടുള്ള ഉലമാ സമീപനം
ഒന്നര നൂറ്റാണ്ടോളം തുടർന്ന പോർച്ചുഗീസ് അതിക്രമങ്ങൾക്കെതിരെ ഇടതടവില്ലാതെ പോരാടിയവരാണ് മാപ്പിള മുസ്ലിങ്ങൾ. ഒരു നൂറ്റാണ്ടോളം മാപ്പിളപ്പോരാട്ടങ്ങൾക്ക് താങ്ങും തണലുമായി സാമൂതിരിമാരുടെ പിന്തുണയുണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് അതിക്രമകാരികളോട് കൂട്ടു ചേരുന്ന ചാഞ്ചല്യമാണ് ചില സാമൂതിരിമാർ പ്രകടിപ്പിച്ചത്. എന്നാൽ സൂഫി ഉലമാക്കളായ ഈ ജനനായകന്മാരുടെ പ്രവർത്തനങ്ങളുടെ അനന്തര ഫലങ്ങളായി പിൽക്കാല ചരിത്രത്തിലും തദ്ദേശീയ ഭരണകൂടങ്ങളുടെ പിന്തുണയില്ലാതെ തന്നെ ഈ സമര പ്രക്ഷോഭങ്ങൾ തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ബ്രിട്ടീഷ് ഘട്ടത്തിലെത്തുമ്പോൾ ഇതിന് ജന്മിത്വത്തിനെതിരായ പ്രക്ഷോഭങ്ങൾ എന്ന ഒരു രൂപാന്തരം കൂടി കൈവരുന്നുണ്ട്.
എന്നാൽ ബ്രിട്ടീഷ് ആധിപത്യം സമ്പൂർണമായതിനു ശേഷം, പൂർവ്വാധികം ചൂഷണോന്മുഖവും പ്രതിലോമപരവുമായി പുനസ്ഥാപിക്കപ്പെട്ട ഫ്യൂഡലിസത്തിന്റെ കർഷക വിരുദ്ധവും കുടിയാൻ വിരുദ്ധവുമായ നടപടികൾക്കെതിരെയാണ് മാപ്പിള സമൂഹം ചെറുത്ത് നിന്നത്. നീതിയും സുരക്ഷിതത്വവും തേടിയാണ് അവരീ സമരങ്ങളൊക്കെയും നയിച്ചത്. ഒരു പക്ഷെ യാതൊരു നിലക്കുമുള്ള മതാത്മക മാനങ്ങളുള്ള രാഷ്ട്രീയ സ്വപ്നം ലക്ഷ്യം വെച്ചല്ല എക്കാലത്തെയും മാപ്പിളമാർ പോരാടിയത്. കൊളോണിയൽ ആധിപത്യത്തിൻ കീഴിൽ വിധ്വംസകമായ കർഷക വിരു ദ്ധത പ്രകടിപ്പിച്ച ഫ്യൂഡലിസത്തോടാണ് അവർ സമരം ചെയ്തത്. സാമുതിരിമാരുടെ നേതൃത്വത്തിനെതിരെയൊ കൊച്ചി ഭരിച്ചിരുന്ന പെരുമ്പടപ്പ് രാജ സ്വരൂപത്തിനെതിരെയൊ കോലത്തിരിമാർക്കെതിരെയൊ മാപ്പിള മുസ്ലിങ്ങൾ പോരാടിയിട്ടില്ല എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.
സ്വന്തം നാവിക മേധാവിയായ നാലാം കുഞ്ഞാലി മരക്കാരെ കീഴടക്കാൻ പോർച്ചുഗീസ്കാർക്ക് ഒത്താശകൾ ചെയ്തു കൊടുത്ത സാമൂതിരിയുടെ വഞ്ചനയോട് മാപ്പിളപ്പോരാളികളല്ല പ്രതികരിച്ചത്, നായർ പടയാളികളായിരുന്നുവെന്ന കാര്യവും പ്രത്യേകം സ്മരണീയമാണ്.
പോർച്ചുഗീസ് വിരുദ്ധമായ സമരങ്ങളെ പ്രചോദിപ്പിച്ച ഉലമാക്കളും അവരുടെ സമര സാഹിത്യങ്ങളും തദ്ദേശീയ ഭരണാധികാരികളുടെ നേതൃത്വത്തോട് പരിപൂർണമായ വിധേയത്വം പ്രകടിപ്പിച്ചിരുന്നവരും അവരുടെ വലങ്കയ്യായി വർത്തിച്ചിരുന്നവരാണ്. ഖാളി മുഹമ്മദ് പോർച്ചുഗീസ് വിരുദ്ധമായ സമരങ്ങൾക്ക് പ്രത്യയ ശാസ്ത്രപരമായ അടിത്തറ പണിയാൻ അറബി ഭാഷയിൽ രചിച്ച ഫത്ഹുൽ മുബീൻ എന്ന സമര കാവ്യം അറേബ്യൻ ഭരണാധികാരികൾക്കിടയിലും ആഗോള മുസ്ലിങ്ങൾക്കിടയിലും സാമൂതിരിയുടെ യശസ്സ് ഉയർത്തുന്നത് ലക്ഷ്യം വെച്ചാണ് രചിച്ചതെന്ന് ആമുഖ ഭാഗത്ത് സൂചിപ്പിക്കുന്നുണ്ട്. പോർച്ചുഗീസ്കാർ അറബിക്കടലിലും ഇന്ത്യൻ തീരത്തും തുടർന്ന് വന്ന നിഷ്ഠൂരമായ അതിക്രമങ്ങൾക്കെതിരെ ശക്തമായി രംഗത്ത് വരേണ്ട അക്കാലത്തെ അറേബ്യൻ ഭരണാധികാരികളുടെ ഇവ്വിഷയകമായ ആലസ്യത്തെ ഇകഴ്ത്താനും ഇസ്ലാം മത വിശ്വാസിയല്ലാതിരുന്നിട്ടും മുസ്ലിങ്ങൾ ജിഹാദായി പരിഗണിക്കുന്ന പോർച്ചുഗീസ് വിരുദ്ധ മുന്നേറ്റങ്ങൾക്ക് സൈ്ഥര്യത്തോടെ നേതൃത്വം നൽകുന്ന സാമൂതിരിയുടെ ഖ്യാതി ലോക വ്യാപകമാക്കാനും ഉദ്ദേശിച്ചാണ് ഈ കാവ്യം രചിക്കപ്പെട്ടത്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമൻ രചിച്ച തഹ്രീള് എന്ന സമരകാവ്യവും സൈനുദ്ദീൻ മഖ്ദൂം(റ) രണ്ടാമൻ രചിച്ച തുഹ്ഫത്തുൽ മുജാഹിദീനും സാമുതിരിമാരുടെ നേതൃത്വത്തെ സംബന്ധിച്ച് സമാനമായ പരാമർശങ്ങൾ നടത്തുന്നുണ്ട്.
സമര സാഹിത്യങ്ങളും സാമുദായിക ബന്ധങ്ങളും
ബ്രിട്ടീഷ് ഘട്ടത്തിൽ സമരങ്ങൾക്ക് പ്രത്യയ ശാസ്ത്രപരമായ ഊർജ്ജം പകർന്ന് നിരവധി ഉലമാക്കൾ രംഗത്തു വന്നിട്ടുണ്ട്. സമര സാഹിത്യ ശാഖയിൽ ഗദ്യത്തിലും പദ്യത്തിലുമൊക്കെയായി ധാരാളം കൃതികളും അവർ രചിക്കുകയുണ്ടായിട്ടുണ്ട്. അവയിൽ പ്രമുഖമായ രചനകളാണ് മമ്പുറം തങ്ങളുടെ രചനയായി അറിയപ്പെടുന്ന സൈഫുൽ ബത്വാർ, അദ്ദേഹത്തിന്റെ പുത്രൻ സമാഹരിച്ച ബ്രിട്ടീഷ് വിരുദ്ധമായ ഫത് വാകളുടെ സമാഹാരമായ ഉദ്ദത്തുൽ ഉമറാഅ്, പാണക്കാട് ഹുസൈൻ തങ്ങളുടെ ഫത് വാ, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാർ അറബി മലയാള ഭാഷയിൽ രചിച്ച മുഹിമ്മാത്തുൽ മുഅ്മിനീൻ, മാപ്പിള പ്രക്ഷോഭങ്ങളുടെ കാലത്ത് രചിക്കപ്പെട്ട നിരവധി പടപ്പാട്ടുകൾ തുടങ്ങിയവ. ഈ
കൃതികളിലൊന്നും അക്കാലത്തെ മതസാമുദായിക ബന്ധങ്ങളെ ദുർബലപ്പെടുത്തുന്നതോ സംഘർഷോന്മുഖമാക്കുന്നതോ ആയ യാതൊരു പരാമർശവും ഇല്ലായിരുന്നുവെന്നതാണ് വസ്തുത. എന്നാൽ അവയിലെല്ലാം കോളണി ശക്തികളുടെ വിധ്വംസകമായ നീതികേടുകളോടുള്ള കടുത്ത അമർഷമാണ് പ്രകടമാകുന്നത്. ജനമനസ്സുകളിൽ അത്യഗാധമായി സ്വാധീനമുണ്ടായിരുന്ന സൂഫികളും ഉലമാക്കളുമായ മമ്പുറം തങ്ങന്മാർ(റ), വെളിയങ്കോട് ഉമർ ഖാളി(റ), പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ(റ),പാണക്കാട് ഹുസൈൻ തങ്ങൾ(റ),ഖിലാഫത്ത് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആലിമുസ്ലിയാർ(റ),ബ്രിട്ടീഷികാർ അറേബ്യയിലേക്ക് നാടുകടത്തിയ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാർ(റ), കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ(റ) കെ എം മൗലവി തുടങ്ങിയവരെല്ലാം സാമുദായിക ബന്ധങ്ങളെ കാത്തു സൂക്ഷിച്ച മഹോന്നത വ്യക്തിത്വങ്ങളായിരുന്നു. ബ്രിട്ടീഷ് രാജിന്റെ മനുഷ്യത്വ വിരുദ്ധമായ, കർഷക വിരുദ്ധമായ ഭരണ നടപടികളിൽ നിന്നുള്ള ആത്യന്തിക മോചനം കാംക്ഷിച്ചാണ് അവർ സമര പ്രക്ഷോഭകരായത്. എന്നാൽ സമാധാനപൂർവ്വം ആരംഭിച്ച അത്തരം സമരങ്ങൾ കൊടിയ അടിച്ചമർത്തൽ നടപടികളിലൂടെ കോളണി ശക്തികൾ നേരിട്ടപ്പോൾ ജീവന്മരണ പോരാട്ടങ്ങൾക്ക് അവർ നിർബന്ധിക്കപ്പെടുകയായിരുന്നു. ചുരുക്കത്തിൽ കോളണി ശക്തികളോടും അവർ സംരക്ഷിക്കുന്ന തദ്ദേശീയ ഫ്യൂഡൽ സംവിധാനങ്ങളോടുമായിരുന്നു മാപ്പിളമാർ സമരം ചെയ്തത്.
ടിപ്പുവിനെതിരെ പോരാടിയ മാപ്പിള മൂപ്പന്മാർ
ഇതോടൊപ്പം മറ്റൊരു ചരിത്രയാഥാർത്ഥ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ടിപ്പുസുൽത്താൻ മലബാറിൽ ആധിപത്യം വ്യാപിപ്പിച്ചു കൊണ്ടിരുന്ന ഘട്ടത്തിൽ പോലും ടിപ്പുവിനെതിരെ സാമൂതിരിയുടെ പക്ഷം ചേർന്ന് ചെറുത്ത് നിൽക്കാൻ യുദ്ധം നയിച്ച മാപ്പിള മൂപ്പന്മാർ മലബാറിലുണ്ടായിട്ടുണ്ട്. ആദ്യകാലത്ത് ടിപ്പുവിനെതിരെ ചെറുത്ത് നിൽക്കുകയും പിൽക്കാലത്ത് ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്ക് പഴശ്ശിയെ സഹായിക്കുകയും ചെയ്ത ഉണ്ണി മൂസാമൂപ്പൻ പ്രത്യേകം പരാമർശമർഹിക്കുന്നു. ടിപ്പുവിനെതിരെ സാമൂതിരിയുടെ പക്ഷം ചേർന്ന് പോരാടി രക്തസാക്ഷിയായ ചാവക്കാട് മണത്തല ഹൈദ്രോസ് കുട്ടി മൂപ്പനും മാപ്പിളമാരുടെ മനസ്സിൽ എക്കാലത്തും വീരപരിവേശത്തോടെ സ്മരിക്കപ്പെടുന്ന അതുല്യ വ്യക്തിത്വമാണ്. അതോടൊപ്പം ടിപ്പുസുൽത്താനെയും വീരപരിവേശമുള്ള രക്തസാക്ഷിയായാണ് മാപ്പിള സമൂഹം പരിഗണിക്കുന്നത്. ഈ പരിഗണന ചരിത്രജ്ഞാനത്തിന്റെ അഭാവത്താലുണ്ടായതല്ല. പ്രത്യുത സവിശേഷമായ രണ്ട് സാഹചര്യങ്ങളിൽ നീതിക്കും രാജ്യത്തിന്റെ അഭിമാന സംരക്ഷണത്തിനും വേണ്ടി നില കൊണ്ടവരെന്ന നിലയിൽ ഇവരെ രക്തസാക്ഷികളായി പരിഗണിക്കാൻ മാപ്പിളമാരുടെ വിശ്വാസം തന്നെയാണ് പ്രചോദിപ്പിച്ചത്. തീർച്ചയായും മാപ്പിളമാരെ സംബന്ധിച്ച് കേവലം കറുപ്പും വെളുപ്പും എന്ന വിഭജനത്തോടെയുള്ള ജീവിത വീക്ഷണമല്ല അവരുടെ സമരങ്ങളെയും രാഷ്ട്രീയത്തെയുമെല്ലാം നിർണ്ണയിച്ചത് എന്ന് വ്യക്തമാകാൻ ചരിത്രത്തിലെ ഈ പ്രതിനിധാനങ്ങൾ തന്നെ മതിയായതാണ്.
മാപ്പിള പ്രതിനിധാനം:പ്രത്യയ ശാസ്ത്ര സ്രോതസ്സുകൾ
ചരിത്രത്തിന്റെ നിർണ്ണായകമായ ഒരു പ്രതിസന്ധി ഘട്ടത്തിൽ മലബാറിലെ മുസ്ലിങ്ങൾക്കും അടിസ്ഥാന ജനവർഗങ്ങൾക്കും ശരിയായി നേതൃത്വം നൽകിയ ഈ ഉലമാക്കളുടെ വിമോചന പരമായ രാഷ്ട്രീയ നിർവ്വഹണങ്ങളുടെ പ്രത്യയ ശാസ്ത്ര പരമായ അന്തർധാരകളെ ഇസ്ലാമികേതരമായ സ്രോതസ്സുകളിൽ തിരയുന്നത് തികഞ്ഞ അജ്ഞത തന്നെയാണ്. അവരുടെ പോരാട്ടത്തെയും ആത്മീയതയെയുമെല്ലാം നിർണ്ണയിച്ചിരുന്ന അടിസ്ഥാനപരമായ അന്തർധാര ഇസ്ലാം തന്നെയായിരുന്നു. വിശ്വാസ പരമായ കാരണങ്ങൾ കൊണ്ട് തന്നെ മനുഷ്യരെ ഒന്നായി കാണാൻ അനുശീലിക്കപ്പെട്ട മുസ്ലിങ്ങൾ ജാതിയമായ വിവേചനങ്ങളോടും മറ്റ് അസമത്വങ്ങളോടും സ്വന്തം ജീവിതം കൊണ്ട് തന്നെ കലഹിക്കുകയും എല്ലാ തരം മേൽക്കോയ്മ വ്യവഹാരങ്ങളെയും വെല്ലു വിളിക്കുകയും ചെയ്തു. ജാതീയമായ ഉച്ച നീചത്വങ്ങൾ കൊണ്ട് സാമൂഹികമായി പ്രാന്തവത്ക്കരിക്കപ്പെട്ടു പോയ അടിസ്ഥാന ജന വർഗങ്ങൾക്കു കൂടി പ്രവേശനമുള്ള ഒരു പൊതു ഇടം രൂപപ്പെടുത്തുന്നതിൽ മുസ്ലിങ്ങളുടെ പങ്ക് അദ്വിതീയമാണ്. അഥവാ ആധുനികമായ വ്യവഹാരങ്ങൾക്ക് മേൽക്കോയ്മ ഉണ്ടാകുന്നതിനു മുമ്പ് തന്നെ അടിസ്ഥാന ജന വർഗങ്ങൾക്കു കൂടി പ്രവേശനമുള്ള ഒരു പൊതു മണ്ഡലത്തിന്റെ രൂപവത്ക്കരണത്തിൽ മുസ്ലിങ്ങളുടെ പങ്ക് അനിഷേധ്യമാണ്. ഒരു സമൂദായമെന്ന അർത്ഥത്തിൽ ഈ സവിശേഷതകളോടെ അവരെ നില നിർത്തുന്നതിന് അവരെ പ്രത്യയ ശാസ്ത്രപരമായി പ്രചോദിപ്പിച്ചത് ഉജ്ജ്വലമായ രാഷ്ട്രീയ പ്രബുദ്ധതയുള്ള ആത്മ ജ്ഞാനികളായ ഈ ഉലമാക്കളാണ്.
സാമ്പ്രദായിക ഭാഷ്യങ്ങളും തമസ്കരിക്കപ്പെട്ട യാഥാർത്ഥ്യങ്ങളും
കോളണി ശക്തികളെ സംബന്ധിച്ച് അവരുടെ ആധിപത്യ വ്യാപനത്തിന് ഏറ്റവും വലിയ തടസ്സമായി നിന്നത് എക്കാലത്തും മുസ്ലിങ്ങളായിരുന്നുവല്ലോ? ഭരണാധികാരികൾ എന്ന നിലക്കും പൗര സമൂഹം എന്ന നിലക്കും കോളണീകരണത്തിന് വഴങ്ങാതെ എക്കാലത്തും ചെറുത്തു നിന്നത് ഇന്ത്യയിലെ മുസ്ലിങ്ങളായിരുന്നു. ഇന്ത്യയിലുടനീളം രൂപപ്പെട്ട കോളണീ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾ ബ്രിട്ടീഷ് ആധിപത്യത്തിന് വൻ ഭീഷണിയായി വളരുകയും എന്തു വില കൊടുത്തും അത് അടിച്ചമർത്താൻ അവർ ഉദ്യമിക്കുകയും ചെയ്തു. വിവിധ പ്രദേശങ്ങളിൽ അധികാരം വാണിരുന്ന മുസ്ലിം ഭരണാധികാരികളെ ഭീഷണികളാലും പ്രലോഭനങ്ങളാലും അടക്കി നിർത്തുകയും ചെറുത്ത് നിന്നവർക്കെതിരെ കൊടിയ വഞ്ചനയും ചതിയും പ്രയോഗിച്ചും വൻ ആക്രമണങ്ങൾ അഴിച്ചു വിട്ടും ആധിപത്യ വ്യാപന ശ്രമങ്ങൾ അവർ തുടർന്നു കൊണ്ടിരുന്നു. വാസ്തവത്തിൽ ഏതെങ്കിലും മുസ്ലിം ഭരണാധികാരികളുടെ നേതൃത്വത്തിൽ വളർന്ന ചെറുത്ത് നിൽപുകളല്ലായിരുന്നു ഇതെന്നും സൂഫികൾ ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും മുസ്ലിം ഉലമാക്കളായിരുന്നു ഈ ജനകീയ വിമോചന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയതെന്നും വസ്തുതകൾ ശരിയായി വിശകലനം ചെയ്താൽ ഗ്രഹിക്കാനാകും. ആദ്യ ഘട്ടത്തിൽ സയ്യിദ് അഹ്മദ് ശഹീദ്,1857 ലെ സുപ്രസിദ്ധമായ സ്വാതന്ത്ര്യ സമര കാലത്ത് മൗലാനാ ഫള്ലെ ഹഖ് ഖൈറാബാദി, ശൈഖ് അഹ്മദുല്ലാ ശാഹ്, സാദിഖ്പൂർ ഉലമാക്കൾ ഇങ്ങിനെ നിരവധി പേർ ഈ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരായിരുന്നു. മുഗൾ ഭരണത്തിന്റെ ഗൃഹാതുരത്വം പേറുന്ന ഒരു ജനത ഈ പ്രക്ഷോഭങ്ങൾ മൂർദ്ധന്യം പ്രാപിച്ച ഒരു സന്ദർഭത്തിൽ ബഹദൂർ ശാഹ് സഫറിനെ നേതാവായി കണ്ടെടുക്കുകയായിരുന്നു. എന്നാൽ വളരെ ശക്തിമത്തായ അന്തർധാരകളോടെ വികസിച്ചു വന്ന ഈ പ്രക്ഷോഭങ്ങളെ ബഹദൂർശാഹ് സഫറിന്റെ ദുർബല നേതൃത്വത്തിൻ കീഴിൽ വളർന്ന ഒരു ശിപായി ലഹളയായി തരം താഴ്ത്താനാണ് കോളോണിയൽ ചരിത്രകാരന്മാർ പരിശ്രമിച്ചത്. ഭീകരമായ അടിച്ചമർത്തൽ നടപടികളിലൂടെ നേരിടാൻ മാത്രം രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്ന വിപ്ലവ മുന്നേറ്റമായിരുന്നു ഇതെങ്കിലും പിൽക്കാലത്ത് കോളണി ശക്തികൾ ഇതിനെ നിർവ്വചിച്ച അതേ പദാവലികൾ തന്നെയാണ് ദേശീയവാദപരമായ ചരിത്ര രചനകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഈ പ്രക്ഷോഭങ്ങൾക്കെല്ലാം മുമ്പ് തന്നെ ദക്ഷിണേന്ത്യയിൽ ടിപ്പുവിനെപ്പോലുള്ള ഭരണാധികാരികൾ വൈദേശിക മേൽക്കോയ്മക്കെതിരെ ഉജ്ജ്വലമായി ചെറുത്ത് നിൽക്കുകയും സൂര്യനസ്തമിക്കാത്ത സാമ്രാജ്യമോഹങ്ങൾക്ക് തടയിടുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യൻ ദേശീയതയുടെ വീര പുരുഷന്മാരുടെ ഗണത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട ഒരു മഹദ് വ്യക്തിത്വമായിരുന്നു ഇന്ത്യൻ ജനതയെ സംബന്ധിച്ച് ടിപ്പുവെങ്കിലും ബ്രിട്ടീഷ് കോളണി ശക്തികൾ ടിപ്പുവിനെ സംബന്ധിച്ച് എന്തു സമീപനമാണോ വെച്ച് പുലർത്തിയിരുന്നത് അതേ സമീപനം തന്നെ ആവർത്തിക്കാനാണ് നമ്മുടെ ദേശീയവാദപരമായ ചരിത്ര രചനകൾ ഔത്സുക്യം കാണിച്ചത്. ചുരുക്കത്തിൽ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ വിമോചന സമരങ്ങളുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട മുസ്ലിം പ്രതിനിധാനങ്ങളെ ദേശീയമായ വ്യവഹാര സീമകൾക്ക് പുറത്ത് നിർത്താനാണ് എക്കാലത്തും ഇത്തരം ചരിത്ര രചനകൾ ശ്രമിച്ചത്. ഇതിന്റെ ആവർത്തനം തന്നെയാണ് കേരളത്തിലും സംഭവിച്ചത്.
ചരിത്രത്തിലെ മുസ്ലിം അപരം
ആധുനികതയുടെ കാലത്ത് പുരോഗതിയെയും സംസ്കാര വികാസത്തെയും സംബന്ധിച്ച് നാം പഠിച്ചതെല്ലാം യൂറോ കേന്ദ്രിതമായ ഒരു വീക്ഷണത്തോടെയാണ്. ശാസ്ത്രവും കലയും സാമൂഹിക വിജ്ഞാനങ്ങളുമെല്ലാം കൊളോണിയൽ ആധുനികതയുടെ യുക്തിക്കനുസൃതമായി രൂപപ്പെടുത്തപ്പെടുകയും ആ മാതൃകകൾ ശാസ്ത്രീയമെന്ന പരിവേശത്തോടെ അപ്രമാദിത്വം നേടുകയും ചെയ്തു. ചരിത്രമുൾപ്പെടെയുള്ള സാമൂഹിക വിജ്ഞാനങ്ങൾ കോളോണിയൽ ആധുനികതയുടെ മൂല്യമാനദണ്ഡങ്ങൾക്കനുസൃതമായി മാറ്റിയെഴുതപ്പെടുകയും അങ്ങിനെ ഓരോ സമൂഹങ്ങളും സ്വന്തം ചരിത്രത്തെയും സംസ്കാരത്തെയും ആധുനികതയുടെ നിർവ്വചനങ്ങൾക്കകത്ത് പുനർ നിർണ്ണയിക്കുകയും ചെയ്തു.
കോളണീകരണത്തിന്റെ പ്രത്യക്ഷമായ രാഷ്ട്രീയ ആധിപത്യ ഘടനകൾ ആഗോള വ്യാപകമായി തിരോഭവിച്ചെങ്കിലും കോളണീയനന്തരം രൂപപ്പെട്ട എല്ലാ ദേശീയതകളും കൊളോണിയൽ ആധുനികതയുടെ യുക്തിയെയും ഓരോ ദേശീയതക്കകത്തെ ഭൂരിപക്ഷ താത്പര്യങ്ങളെയുമാണ് പ്രതിനിധീകരിച്ചത്. ഇന്ത്യ പോലുള്ള സാഹചര്യങ്ങളിൽ സ്വാതന്ത്ര്യം തന്നെ രണ്ട് ദേശീയതകളായി(ഇന്ത്യയും പാക്കിസ്ഥാനുമായി) വിഭജിക്കപ്പെട്ടാണ് ലഭിച്ചതെന്നതിനാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ രൂപപ്പെട്ട വൈജ്ഞാനിക സാംസ്കാരിക വ്യവഹാരങ്ങൾക്കൊക്കെയും സവർണവും ഹൈന്ദവവുമായ ഒരു അന്തർധാര രൂപപ്പെട്ടത് സ്വാഭാവികമായിരുന്നു. എന്നാൽ ദേശീയ വാദപരമായ വ്യവഹാരങ്ങൾ ഈ അർത്ഥത്തിൽ വികസിക്കുമ്പോഴും സമാന്തരമായി സാംസ്കാരികമായ അന്തർധാരകളെക്കാൾ സാമ്പത്തിക ഘടകങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സോഷ്യലിസ്റ്റ് മാക്സിസ്റ്റ് ആഭിമുഖ്യമുള്ള ആശയ വ്യവഹാരങ്ങൾ ഇന്ത്യയിൽ രൂപപ്പെടുകയും വികസിക്കുകയും ചെയ്തതായി കാണാം. ഒരു പക്ഷെ പിൽക്കാലത്ത് മതേതരമെന്നൊക്കെ വിളിക്കപ്പെടാൻ അർഹതയുണ്ടായിരുന്നത് ഈ ചിന്താ ധാരക്കായിരുന്നെങ്കിലും ആദ്യകാലത്ത് കോളണി ശക്തികൾ ആരംഭിക്കുകയും പിൽക്കാലത്ത് ദേശീയ വാദപരമെന്ന പരിവേശത്തോടെ വികസിക്കുകയും ചെയ്ത ഇന്ത്യയുടെ മുസ്ലിം ഭൂതകാലത്തെ തമസ്കരിക്കുന്ന സവർണവും ഹൈന്ദവവുമായ സാംസ്കാരികാഭിമുഖ്യങ്ങൾ കൂടുതലുള്ള ചരിത്ര വ്യവഹാരങ്ങളെയും മതേതരമെന്നോണം സ്വീകരിക്കാൻ ആധുനിക തലമുറ തയ്യാറായി. ഇങ്ങിനെയാണ് സ്വാതന്ത്ര്യ പോരാളികൾ എന്നു വിളിക്കപ്പെടേണ്ട കേരളത്തിലെ മാപ്പിള സമൂഹം കാട്ടുമാപ്പിളമാരും മതഭ്രാന്തന്മാരുമായി രൂപാന്തരപ്പെട്ടതിന്റെ ദുരന്ത കഥ ആരംഭിക്കുന്നത്. നാടിന്റെ വിമോചനത്തിന് വേണ്ടി വൈദേശിക ശക്തികളോട് ഇടതടവില്ലാതെ പോരാടിയ ഒരു സമൂഹം ‘അപര’മുദ്രണങ്ങളിലൂടെ ഇവ്വിധം തിരസ്കൃതരായപ്പോൾ അവരുടെ വിമോചന മുന്നേറ്റങ്ങൾക്ക് പ്രത്യയ ശാസ്ത്രപരമായി പ്രചോദനം നൽകിയ ഉലമാക്കൾ ചരിത്രത്തിൽ നിന്ന് സമ്പൂർണമായും തിരോഭവിക്കുകയായിരുന്നു.
റഫറൻസ്
Against lord and state. k. m. panikkar
Maplah Rebellion 1921-22. G R F Tottenham.
Islamic Society on the south Asian Frontier;The mappilas of malabar.Stephan Dale.
Malabar manual.William Logan.
Arab Navigation in the Indian Ocian Befor the Coming of the Portuguese. G R Tibbets
കവാകിബുൽ മജ്ദിൽ മലക്കൂത്തി ഫീമനാഖിബി ശൈഖ് മുഹമ്മദുൽ കാലിക്കൂത്തി. ശിഹാബദ്ദീൻ ശാലിയാത്തി.
സൈഫുൽ ബത്വാർ അലാമൻ യുവാലിൽ കുഫാർ.മമ്പുറം സെയ്തലവി തങ്ങൾ
ഫത്ഹുൽ മുബീൻ. ഖാളി മുഹമ്മദ്
മലബാറിലെ കാർഷിക ബന്ധങ്ങളിൽ ഒരു പഠനം.ഡോ. കെ കെ എന് കുറുപ്പ്.
മഖ്ദൂമും പൊന്നാനിയും.ചീഫ് എഡിറ്റർ. ഹുസൈൻ രണ്ടത്താണി.
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. കെ കെ മുഹമ്മദ് അബ്ദുൽ കരീം,സി എൻ അഹ്മദ് മൗലവി.
ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും. പി കെ ബാലകൃഷ്ണൻ.
തുഹ്ഫത്തുൽ മുജാഹിദീൻ.മലയാള പരിഭാഷ.സി.ഹംസ.
കേരള മുസ്ലിം ചരിത്രം സ്ഥിതി വിവരക്കണക്ക് ഡയറക്ടറി. ഡോ. സി കെ കരീം.
മാപ്പിള സമരവും ഉലമാ നേതൃത്വവും. സൈനുദ്ദീൻ മന്ദലാംകുന്ന്
ആംഗ്ലോ മാപ്പിള യുദ്ധം.എ കെ. കോഡൂർ.
മലയാളത്തിലെ മഹാരഥന്മാർ. നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ.
1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ലിയാരും. കെ കെ മുഹമ്മദ് അബ്ദുൽ കരീം.