രക്തവും കണ്ണീരും പ്രതീക്ഷകളും ചേർന്ന ജീവിതം തന്നെയായിരുന്നു മാപ്പിള സമരങ്ങൾ

സൈനുദ്ദീൻ മന്ദലാംകുന്ന്:

കൊളോണിയൽ വിരുദ്ധമായ ഇന്ത്യയുടെ വിമോചന ചരിത്രത്തിൽ അദ്വിതീയ സ്ഥാനമലങ്കരിക്കുന്ന സാമൂഹിക മുന്നേറ്റങ്ങളായിരുന്നു മാപ്പിള സമരങ്ങൾ. മർദ്ധകമായ അധികാര വാഴ്ചയോട് സഹികെട്ട ഒരു ജനതയുടെ അതിജീവന സമരമായിരുന്നു അത്. ദേശീയ പ്രസ്ഥാനവും ഖിലാഫത്ത് മൂവ്മെന്റും കർഷക പ്രസ്ഥാനങ്ങളും ഒരുമിച്ചണി നിരന്ന മഹത്തായ ഈ മുന്നേറ്റത്തിന് മത സാമുദായിക വിഭാ​ഗീയതകളുടെ വർണ്ണങ്ങൾ നൽകി അപമാനവീകരിക്കാൻ ഇന്ന് വളരെയേറെ യത്നങ്ങൾ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഈ സമര പ്രക്ഷോഭങ്ങളുടെ ദേശീയമായ ഉള്ളടക്കവും വിമോചന മൂല്യവും നിർദ്ധാരണം ചെയ്യുന്നതും ഏറനാട് വള്ളുവനാട് താലൂക്കുകൾക്കപ്പുറം ഈ സമരങ്ങൾ വ്യാപിച്ച പഴയ മലബാർ ജില്ലയുടെ മറ്റ് ചില പ്രദേശങ്ങളിലെ സമര സാന്നിധ്യവും അന്വേഷണ വിധേയമാക്കുന്ന പഠന ലേഖനത്തിന്റെ ആദ്യഭാ​ഗം.

രു ചരിത്ര സന്ദർഭത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സമ്മർദ്ധങ്ങളാണ് സാമൂഹിക വികാസ പരിണാമങ്ങളെ നിർണ്ണയിക്കുന്ന ഏതൊരു സാമൂഹിക മുന്നേറ്റത്തിന്റെയും സമര സംഘാടനങ്ങളുടെയും പ്രചോദനമായി വർത്തിക്കുന്നത്. ഭരണകൂടങ്ങളുടെയോ മറ്റ് അധികാര സംവിധാനങ്ങളുടെയോ മർദ്ധകവും നീതിരഹിതവും അധീശത്വപരവുമായ താത്പര്യങ്ങൾക്ക് നിർബന്ധിതമായി വിധേയപ്പെടേണ്ടി വരുന്ന സ്വാതന്ത്ര്യ ബോധമുള്ള ഏതൊരു ജനതയും തങ്ങളുടെ നിലനിൽപിനും സ്വയം നിർണ്ണയാവകാശത്തിനും വേണ്ടി നടത്തുന്ന അതിജീവന സമരങ്ങളാണ് ചരിത്രത്തിലെ സാമൂഹിക പരിണാമങ്ങളെയും അധികാര ബന്ധങ്ങളെയും നിർണ്ണയിക്കുന്നത്. സാമൂഹികമായ ഉച്ചനീചത്വവും വിവേചനവും മുജന്മദുഷ്കൃത്യങ്ങളുടെ ശിക്ഷയായും വിധിയായും ആന്തരികവത്കരിച്ച് നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ അധ:കൃത വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യബോധവും മനുഷ്യസാഹോദര്യത്തെ സംബന്ധിച്ച വിശാല വീക്ഷണവും പകർന്നു നൽകിയത് വൈദേശിക പാരമ്പര്യമുള്ള മതങ്ങളും സംസ്കാരങ്ങളുമാണെന്ന് കാണാം. വിശിഷ്യാ ഇസ്ലാമിനും മാനവസാഹോദര്യത്തിലധിഷ്ഠിതമായ ഇസ്ലാമിക സംസ്കൃതിയെ പ്രതിനിധീകരിച്ച വ്യാപാരികളായ മുസ്ലിംകൾക്കും ഇവ്വിഷയകമായി സവിശേഷമായ പങ്കുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്.
കോളണീകരണവും കൊളോണിയൽ വിരുദ്ധ സമരങ്ങളും
ആധുനിക പൂർവ്വഘട്ടത്തിലും ആധുനിക കാലത്തുമെല്ലാം സാമൂഹിക വിമോചനത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും വിവേചന രഹിതമായ സാമൂഹിക വിനിമയത്തിന്റെയും ആശയങ്ങളെയും സംസ്കാരത്തെയും പ്രതിനിധീകരിച്ചവരായിരുന്നു മുസ്ലിംകൾ എന്നത് ഒരു ചരിത്ര വസ്തുതയാണ്. അതുകൊണ്ട് തന്നെ മനുഷ്യരുടെ അവകാശങ്ങൾ അംഗീകരിക്കാനും അവകാശ നിഷേധങ്ങൾക്കും നീതി രാഹിത്യത്തിനുമെതിരെ നിലകൊള്ളാനുമുള്ള സഹജ പ്രകൃതം ഇസ്ലാമിക സംസ്കൃതിയിലും സമൂഹത്തിലും നിലീനമായിരുന്നു. ഏതൊരു മേൽക്കോയ്മ വ്യവഹാരങ്ങളോടും അസമത്വപൂർണ്ണമായ അധികാര താത്പര്യങ്ങളോടും ശക്തമായി ചെറുത്തു നിൽക്കാനുള്ള ഇൗ നൈസർഗ്ഗിക സിദ്ധിയാണ് മുസ്ലിം സമൂഹത്തിന്റെ എക്കാലത്തെയും സവിശേഷത എന്ന് തിരിച്ചറിയാവുന്നതാണ്. തികച്ചും സമാധാനപരമായി നീതിയോടെ നിലനിൽക്കുന്ന ഏതൊരു അധികാര സംവിധാനത്തോടും പ്രതിബദ്ധതയോടെ നിലകൊണ്ട പൈതൃകമാണ് എക്കാലത്തും മുസ്ലിംകൾക്കുള്ളത്. എന്നാൽ തികച്ചും അധീശത്വതാത്പര്യങ്ങളോടെ ഇന്ത്യക്ക് മേൽ രാഷ്ട്രീയ അധികാരം ഉറപ്പിക്കാൻ ശ്രമിച്ച യൂറോപ്യൻ അധിനിവേശ ശക്തികളോട് ആദ്യം തദ്ദേശീയ ഭരണകൂടങ്ങളുടെ പിന്തുണയോടെയും പിൽക്കാലത്ത് വിദേശ മേൽക്കോയ്മക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത നാട്ടുരാജ്യ അധികാര വ്യവസ്ഥകളുടെ പിന്തുണയില്ലാതെയും ചെറുത്തു നിന്ന പാരമ്പര്യമാണ് ഇന്ത്യയിലെ മുസ്ലിംകൾക്ക് പൊതുവായുള്ളത്. ഇൗ ചെറുത്തു നിൽപുകളാണ് വാസ്തവത്തിൽ പിൽക്കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി ബഹുജന പ്രക്ഷോഭങ്ങളായി വികസിച്ചത് എന്ന് കാണാം. ഇന്ത്യക്ക് മേൽ കൊളോണിയൽ അധികാരം സംസ്ഥാപിക്കാനുള്ള യൂറോപ്യൻ ശക്തികളുടെ പ്രയത്നങ്ങൾ എന്ന് ആരംഭിച്ചുവോ അതേ വേളയിൽ തന്നെ ചെറുത്തു നിൽപുകളും ആരംഭിച്ചിട്ടുണ്ട്. അറബി കടലിലെ വ്യാപാര കുത്തക ലക്ഷ്യം വെച്ചും പൗരസ്ത്യ രാജ്യങ്ങൾക്കു മേൽ അധീശത്വം സ്ഥാപിക്കാനും ആദ്യമായെത്തിയ പോർച്ചുഗീസുകാർ കേരളത്തിലാണ് കാലുകുത്തിയത് എന്നതിനാൽ ചെറുത്തുനിൽപുകൾ ആരംഭിച്ചതും കേരളത്തിൽ നിന്നു തന്നെയാണ്. വ്യാപാര രംഗത്ത് മേൽക്കോയ്മയുണ്ടായിരുന്ന മുസ്ലിംകൾ യൂറോപ്യൻ അധീശശക്തികളുടെ ശത്രുക്കാളായത് സ്വാഭാവികമായിരുന്നു. അതുകൊണ്ട് മാപ്പിള മുസ്ലിംകളുടെ ചെറുത്തു നിൽപിന്റെയും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെയും ചരിത്രം അവലോകനം ചെയ്യുമ്പോൾ അത് ബ്രിട്ടീഷ് ഘട്ടത്തിലെ പ്രക്ഷോഭങ്ങളിൽ മാത്രം പരിമിതമാവാതെ പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആഗമന കാലഘട്ടത്തിലെ ചെറുത്തു നിൽപുകളിലേക്കും പടരുന്നുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. തീർച്ചയായും ചരിത്ര പരമായി തുടർന്നുവന്ന ഇൗ ചെറുത്തു നിൽപിന്റെ പിന്തുടർച്ചയാണ് വാസ്തവത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി നടന്ന മാപ്പിള പ്രക്ഷോഭങ്ങൾ എന്ന് കാണാവുന്നതാണ്.
വ്യാപര താത്പര്യങ്ങളിൽ നിന്ന് രാഷ്ട്രീയ താത്പര്യങ്ങളിലേക്ക്
കൊളോണിയൽ ശക്തികളുടെ ഇന്ത്യയിലേക്കുള്ള ആഗമനം മുഖ്യമായും സുഗന്ധവ്യഞ്ജനങ്ങൾക്കുമേലുള്ള വ്യാപാര കുത്തകയായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. അതോടൊപ്പം വംശീയവും മതകീയവുമായ താത്പര്യവും അവർക്കുണ്ടായിരുന്നു. മുസ്ലിംകൾക്കെതിരായ കുരിശുയുദ്ധത്തിന്റെ ശത്രുതാ മനോഭാവവും വെള്ള വംശീയ ബോധത്തിന്റെ വരേണ്യഭാവവും യൂറോപ്യൻ അശീശശക്തികളുടെ പൗരസ്ത്യ രാജ്യങ്ങൾക്കും സംസ്കാരങ്ങൾക്കും മേലുള്ള അധീശത്വങ്ങൾക്ക് അന്തർധാരയായിട്ടുണ്ട്. പോർച്ചുഗീസുകാർ വളരെ പ്രകടമായി തന്നെ അപര മുദ്രയോടെ മുസ്ലിം സമൂഹത്തെയും വ്യാപാര മേഖലയിൽ അവരെ പിന്തുണക്കുന്ന തദ്ദേശീയ ഭരണ കൂടങ്ങളെയും ശത്രുതാപൂർവ്വം വീക്ഷിച്ചു. എന്നാൽ ഫ്രഞ്ചുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരുമെല്ലാം വംശീയവും സാംസ്കാരികവുമായ ഉ•ൂലന ലക്ഷ്യങ്ങളെ ഗുപ്തമാക്കി വെക്കുകയും കച്ചവട, സാമ്പത്തിക താത്പര്യങ്ങളെ കൂടുതൽ പ്രകടമാക്കുകയും ചെയ്തു. വാസ്തവത്തിൽ ഇന്ത്യയിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും കൊളോണിയൽ അധികാര താത്പര്യങ്ങൾക്ക് നേരിട്ട് വിഘ്നം സൃഷ്ടിച്ചത് മുസ്ലിംകളായിരുന്നു. അഥവാ മുസ്ലിം അധികാര കേന്ദ്രങ്ങളിൽ നിന്നാണ് പല കുതന്ത്രങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും ബ്രിട്ടൻ അധികാരം പിടിച്ചെടുക്കുന്നത്. ഉത്തരേന്ത്യയിൽ വളരെ തന്ത്രപരമായി മുഗൾ ഭരണകൂടങ്ങളുമായി കരാർ ചെയ്താണ് ഇൗസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചതെങ്കിൽ ദക്ഷിണേന്ത്യയിലും അവരുടെ തന്ത്രപരമായ വാണിജ്യ താത്പര്യങ്ങൾക്കും അധികാര താത്പര്യങ്ങൾക്കും മുസ്ലിം ഭരണ കൂടങ്ങളെയും മറ്റ് തദ്ദേശീയ ഭരണകൂടങ്ങളെയും ഘട്ടംഘട്ടമായി അധീനപ്പെടുത്തുന്ന കുതന്ത്രങ്ങളാണ് അവർ പ്രയോഗിച്ചത്.
ആദ്യഘട്ടത്തിൽ വ്യാപാര താത്പര്യങ്ങളാണ് കൊളണി ശക്തികളുടെ ഉൗന്നലെങ്കിൽ വ്യാപാരത്തിൽ നിന്നുള്ള വരുമാനത്തെക്കാൾ റവന്യൂ വരുമാനം പ്രധാനമാകുന്ന ഒരു നയം മാറ്റം പതിനെട്ടാം നൂറ്റാണ്ട് അവസാനത്തോടെ തന്നെ ഇംഗ്ലീഷ് ഇൗസ്റ്റിന്ത്യാ കമ്പനിക്ക് സംഭവിച്ചിരുന്നു. അക്കാര്യം റൊളാങ്ങ് മില്ലർ പ്രസ്താവിക്കുന്നത് നോക്കുക:
‘പതിനെട്ടാം നൂറ്റാണ്ട് അവസാനം ഇംഗ്ലീഷ് ഇൗസ്റ്റിന്ത്യാ കമ്പനി കച്ചവടം നടത്തുക എന്നതിൽ നിന്ന് ലാഭത്തിനുവേണ്ടി ഭരിക്കുക എന്ന നയത്തിലേക്ക് ചുവടുമാറി. വാണിജ്യത്തേക്കാൾ റവന്യൂ വരുമാനം കൂടുതൽ ലാഭകരമാകുമെന്ന് തെളിഞ്ഞു. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇല്ലാതായതും രൂക്ഷമായ മത്സരവും കച്ചവടത്തിന് പ്രതിബന്ധം സൃഷ്ടിച്ചു. 1765 ൽ ബംഗാൾ നവാബുമായി കൈ്ലവ് പ്രഭു ഒപ്പുവെച്ച ഉടമ്പടി വഴിത്തിരിവായി. അന്നുമുതൽ നികുതി പിരിവിലായി കമ്പനിയുടെ മുഖ്യശ്രദ്ധ. മുമ്പുണ്ടായിരുന്ന തദ്ദേശീയർക്കു പകരം ബ്രിട്ടീഷ് നികുതി പിരിവുകാർ വന്നു. ചരക്കുകൾ വാങ്ങാതിരുന്ന നാട്ടുകാരെ രാഷ്ട്രീയ നിയമപര സേവനങ്ങൾ വാങ്ങാൻ നിർബന്ധിച്ചു.”(റൊളാങ്ങ് മില്ലർ: മാപ്പിള മുസ്ലിംസ് ഒാഫ് കേരള: 108)
എന്നാൽ പല മുസ്ലിം ഭരണ കൂടങ്ങളും നാട്ടുരാജാക്ക•ാർ നയിച്ചിരുന്ന മറ്റ് ഭരണകൂടങ്ങളും കോളോണിയൽ ശക്തികളോട് ശരിയായ നിലക്ക് ചെറുത്തുനിൽപിന് സാധ്യമാകാതെ ഇപ്രകാരം അനുരഞ്ജനങ്ങളിലെത്തിയപ്പോൾ സൈ്ഥര്യത്തോടെയും ശക്തമായും തികച്ചും ദേശീയ പരിപ്രേക്ഷ്യത്തോടെയും വൈദേശീക കൊളോണിയൽ ശക്തികളോട് ചെറുത്തു നിന്നത് ടിപ്പു സുൽത്വാനായിരുന്നു. ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടെ ഇന്ത്യ കീഴടങ്ങിയതായി അവർ പ്രഖ്യാപിച്ചു.
ജ•ിത്വനാടുവാഴിത്ത വ്യവസ്ഥയുടെ വിവേക ശൂന്യമായ പുനസ്ഥാപനം
അങ്ങിനെ പഴയ മലബാറിൽ ബ്രിട്ടീഷ് അധികാരം സ്ഥാപിക്കപ്പെട്ടത് 1792 മുതലാണ്. 1947 വരെ ഇത് തുടരുകയും ചെയ്തു. ഇൗ കാലഘട്ടത്തിൽ അവർ തിരുവിതാംകൂർ മഹാരാജാവുമായുള്ള സഖ്യം തുടർന്നു. 1805 ൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം മഹാരാജാവ് ബ്രിട്ടീഷ് സംരക്ഷണം അംഗീകരിക്കുകയും 8 ലക്ഷം രൂപ കപ്പമായി കൊടുക്കാമെന്നും ബ്രിട്ടീഷുകാർ നിയമിക്കുന്ന ഉദ്യോഗസ്ഥന്റെ ഉപദേശം സ്വീകരിക്കാമെന്നും സമ്മതിക്കുകയും ചെയ്തു. തിരുവിതാംകൂർ നാട്ടുരാജ്യ അധികാര വ്യവസ്ഥയിൽ ജ•ത്വനാടുവാഴിത്വ വ്യവസ്ഥ എല്ലാ പൂർണ്ണതയോടെയും നിലനിന്നിരുന്നു. എന്നാൽ ടിപ്പുവിന്റെ അധികാരം നിലനിന്നിരുന്ന മലബാർ മേഖലയിൽ ജ•ിത്വ നാടുവാഴിത്ത വ്യവസ്ഥക്ക് കനത്ത പ്രഹരമേൽപിച്ച സാമൂഹിക സാമ്പത്തിക ഭുപരിഷ്കാരങ്ങൾ ടിപ്പു നടപ്പാക്കിയിരുന്നതിനാൽ സാമൂഹിക സാമ്പത്തിക അധികാര ബന്ധങ്ങളിൽ നീതി പൂർണ്ണമായ പ്രവണതകൾ ശക്തിപ്പെട്ടിരുന്നു. സമത്വവും സാഹോദര്യവും സാമൂഹിക നീതിയും പൂത്തുലയുന്ന സാമൂഹിക സാഹചര്യം സംജാതമായിരുന്നു. ഇങ്ങനെ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിലെ പല മൂല്യങ്ങളും പ്രകടമാക്കിയിരുന്ന മൈസൂർ ഭരണത്തിൽ നിന്നും ഏറ്റവും നീതി രഹിതമായ, വിവേചനപൂർണ്ണവും മർദ്ദകവുമായ ഒരു അധികാര വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റം തീർച്ചയായും അതിന് ഇരകളായ ജനസമൂഹങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാതെ വന്നത് തികച്ചും സ്വാഭാവികമായിരുന്നു. ബ്രിട്ടീഷ് മേൽക്കോയ്മ സ്ഥാപിക്കപ്പെട്ടതോടെ ജ•ിത്വ നാടുവാഴിത്ത വ്യവസ്ഥക്ക് പൂർവ്വാധികം പ്രാബല്യത്തോടെ സാധൂകരണം നൽകുന്ന തികച്ചും വിവേക ശൂന്യമായ ഭരണ നടപടികളാണ് അവർ കൈകൊണ്ടത്.
തദ്ദേശീയ അധികാര ശക്തികളുമായി പ്രത്യക്ഷത്തിൽ അനുരഞ്ജനപ്പെട്ടും ആത്യന്തികമായി കൊളോണിയൽ അധികാരം സമ്പൂർണ്ണമാക്കാനുള്ള ലക്ഷ്യങ്ങളെ മുൻനിറുത്തിയും ബ്രിട്ടീഷ് രാജ് എപ്രകാരമാണ് മലബാർ മേഖലയിൽ പിടി മുറുക്കിയതെന്ന് റൊളാങ്ങ് മില്ലർ നിരീക്ഷിക്കുന്നത് നോക്കുക:
‘മുൻ ഒത്തുതീർപ്പുകൾ പ്രകാരം ജ•ിയുടെ പരമ്പരാധികാരം പുനഃസ്ഥാപിക്കുന്ന തരത്തിൽ തങ്ങളുടെ നിലപാടിന് ഭേദഗതി വരുത്തി. രാജാക്ക•ാരെ അവരുടെ പഴയ പ്രദേശങ്ങളിൽ നികുതി പിരിവുകാരായി ഉപയോഗപ്പെടുത്താൻ അവർ തീരുമാനിച്ചു. നികുതി തുല്യമായി പങ്കിട്ടു. ഇൗ തരത്തിൽ നികുതി പിരിവ് ഉറപ്പാക്കാനും മലബാർ സമൂഹത്തിലെ പരമ്പരാഗത അധികാരികളെ തങ്ങളോട് ബന്ധിപ്പിച്ചു നിർത്താനും അവർക്കു കഴിഞ്ഞു. യുദ്ധകാലത്തും പീഡന സമയത്തും സ്വത്തുപേക്ഷിച്ചു പോയവർക്ക് അതിന്റെ ഉടമസ്ഥത തിരികെ നൽകാനുള്ള തീരുമാനവും ഇൗ നയത്തിന്റെ ഭാഗമായിരുന്നു. അതിനർത്ഥം ആ ഭൂമി കൈവശപ്പെടുത്തിയവരുമായി സംഘട്ടനം അനിവാര്യമാണെന്നായിരുന്നു.”(മില്ലർ: മാപ്പിള മുസ്ലിംസ് ഒാഫ് കേരള 110)
ഇരകളായി തീർന്ന കർഷക മാപ്പിളമാർ
തീർച്ചയായും ഇത്തരം വിവേചന പൂർണ്ണമായ നിയമങ്ങളുടെയും ഭരണ നടപടികളുടെയും ഇരകളായി തീർന്നത് കർഷകരും സാധാരണക്കാരുമായ മാപ്പിള സമൂഹവും അധ:കൃത ജാതികളുമാണ്. തികച്ചും വിവേചനപൂർണ്ണമായ നികുതി നിയമങ്ങളും ജ•ിമാർക്ക് മാപ്പിള സമൂഹത്തിന്റെ അധീനതയിലുണ്ടായിരുന്ന ഭൂമി പിടിച്ചെടുക്കാൻ നിരുപാധികം അധികാരം നൽകുന്ന ഭൂനിയമങ്ങളും മാപ്പിള സമൂഹത്തെ സ്വാഭാവികമായും ബ്രിട്ടീഷ് വിരുദ്ധമാക്കിയതിൽ യാതൊരു അസാംഗത്യവുമില്ല. മാപ്പിളമാരെ സംബന്ധിച്ച് അവരുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനും നിലനിൽപിനും വേണ്ടിയുള്ള അതിജീവന സമരമായിരുന്നു വാസ്തവത്തിൽ മാപ്പിള പ്രക്ഷോഭങ്ങൾ എന്നാണ് ഇൗ വസ്തുതകളൊക്കെയും തെളിയിക്കുന്നത്. ഇന്ത്യയിലുടനീളം ശക്തിപ്പെട്ടുകൊണ്ടിരുന്ന കോളണിവിരുദ്ധമായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു മാപ്പിള സമരങ്ങൾ. ബ്രിട്ടീഷ് രാജ് അതിന്റെ വിധ്വംസകവും നീതി രഹിതവുമായ സ്വഭാവം അധികം പ്രകടമാക്കിയ മലബാർ പോലുള്ള മേഖലകളിൽ ആ സമരങ്ങൾക്ക് സായുധമായ പരിണതികളുണ്ടായത് തികച്ചും സ്വാഭാവികമായിരുന്നുവെന്ന് കാണാം. എന്നാൽ ഇൗ സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം ബ്രിട്ടീഷ് രാജിനെതിരെയും മർദ്ദകമായ സ്വഭാവത്തിൽ നിലനിന്നിരുന്ന ജ•ിത്വനാടുവാഴിത്ത വ്യവസ്ഥക്കെതിരെയുമായിരുന്നു. മാപ്പിളമാരുടെ കൊളോണിയൽ വിരുദ്ധമായ വിമോചന രാഷ്ട്രീയത്തിന് പ്രചോദനമേകുന്ന ഒരു സവിശേഷമായ മതബോധം അതിൽ അന്തർഹിതമായിരുന്നെങ്കിലും അതൊരിക്കലും സാമൂദായികവും വർഗ്ഗീയവുമായ ധ്രുവീകരണത്തെയോ മതഭ്രാന്തിന്റെ അസഹിഷ്ണുതയെയോ പ്രതിനിധീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. ആമുഖമായി ഇൗ വസ്തുതകൾ മനസ്സിലാക്കി കൊണ്ടുവേണം 1921 ലെ നിർണ്ണായകമായ സമരങ്ങളെയും അതിലേക്ക് നയിച്ച രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളെയും അതിന്റെ പരിണതികളെയും നാം വിശകലനം ചെയ്യേണ്ടത്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy