യവാക്കിത്തുൽ ഫറായിൽ: മാപ്പിള മുസ് ലിം രചിച്ച ആദ്യ മലയാള ഗ്രന്ഥം

മുഹമ്മദ് സിറാജ് റഹ്മാൻ ശ്രീകണ്ഠപുരം:

അറബി ഭാഷയിലും അറബി മലയാള ഭാഷയിലും മലയാള ഭാഷയിലുമായി രചിക്കപ്പെട്ട വലിയൊരു സാഹിത്യ ചരിത്രത്തിന് അവകാശികളാണ് മാപ്പിള മുസ് ലിംകൾ. വിവിധ വിജ്ഞാന ശാഖകളിൽ നിരവധി ഗ്രന്ഥങ്ങൾ മാപ്പിള മുസ് ലിം കർതൃത്വത്തിൽ വിരചിതമായിട്ടുണ്ട്. ആധുനിക പൂർവ്വ ഘട്ടത്തിലും ആധുനിക ഘട്ടത്തിലും അറബി മലയാള ഭാഷയിൽ സമാന്തരമായ ഒരു വൈജ്ഞാനിക പാരമ്പര്യത്തെ പ്രതിനിധീകരിച്ച മാപ്പിള മുസ് ലിംകൾ മലയാള ഭാഷയുടെ ആവിർഭാവത്തിന് ശേഷം ആദ്യ ഘട്ടത്തിൽ മാനക മലയാളത്തോട് പുറം തിരിഞ്ഞു നിന്നെങ്കിലും പിൽക്കാലത്ത് മലയാളത്തിൽ രചനകൾ നിർവ്വഹിക്കുകയും പ്രസിദ്ധീകരണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. മാപ്പിള സമൂഹത്തിന്റെ മലയാള രചന പൈതൃകത്തിന്റെ ആദ്യ ശേഷിപ്പായി കണ്ടെടുക്കപ്പെട്ടത് മക്തി തങ്ങളുടെ കഠോര കുഠാരം എന്ന രചനയാണ്. എന്നാൽ പ്രസ്തുത രചനക്ക് മുമ്പ് തന്നെ 1883 ൽ മുസ് ലിംകളാൽ രചിക്കപ്പെട്ട ഒരു ഗ്രന്ഥം ഈയടുത്തിടെ ഗവേഷകനായ സക്കരിയ്യ തങ്ങൾ കണ്ടെടുക്കുകയുണ്ടായി. പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച ഒരു ലഘുപരിചയമാണ് ഈ ലേഖനം.
മഹത്തായ സാഹിത്യരചനാപൈതൃകമുള്ള ഒരു സവിശേഷ സമൂഹമാണ് മാപ്പിള മുസ് ലിംകൾ. അറബി ഭാഷയിലും പിൽക്കാലത്ത് പ്രാദേശികഭാഷയായ ചെന്തമിഴ് കലർന്ന പഴയ മലയാളത്തിൽ നിന്നുള്ള ലിപ്യന്തരണ (Transliteration) മായ അറബിമലയാളത്തിലും ശേഷം മലയാള ഭാഷയിലും നിരവധി രചനകൾ നിർവ്വഹിച്ച സാഹിത്യ ചരിത്രത്തിന്റെ അവകാശികളാണ് കേരളത്തിലെ മാപ്പിള മുസ്ലിംകൾ. കേരളത്തിലെ ഇസ്ലാമികാവിർഭാവം മുതൽ തന്നെ അറബി ഭാഷ, ഇവിടെ നിലവിലുണ്ടായിരുന്ന ചെന്തമിഴ് മൊഴി വഴക്കങ്ങളുമായി സമ്മിശ്രമായി സവിശേഷമായ ഒരു മൊഴിവഴക്കം രൂപപ്പെടുകയും പിൽക്കാലത്ത് അറബിമലയാളലിപിയുടെ രൂപീകരണം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തുവെന്നാണ് സാമാന്യമായി മനസ്സിലാക്കി വരുന്നത്. പ്രമുഖമാപ്പിളപ്പാട്ട് ഗവേഷകൻ ബാലകൃഷ്ണൻ വള്ളിക്കുന്ന് പോലുള്ളവർ ഈ അഭിപ്രായത്തെയാണ് സാധൂകരിക്കുന്നത്. കണ്ടെടുക്കപ്പെട്ടവയിൽ വെച്ച് ഏറ്റവും പഴക്കമുള്ള മാപ്പിളകൃതിയായ മുഹ് യിദ്ദീൻ മാല(1606) യിൽ നിന്നാരംഭിക്കുന്ന മാപ്പിള സാഹിത്യപൈതൃകം അമ്പരിപ്പിക്കുന്നതാണ്. അത് വിഭിന്നമായ സാഹിത്യ രൂപങ്ങളായി പ്രവിശാലമായിക്കിടക്കുന്നുമുണ്ട്.
മലയാളം ഒരു ഭാഷയായി രൂപാന്തരപ്പെട്ടിട്ടില്ലാത്ത കാലത്ത് തന്നെ അറബി മലയാള ഭാഷയും വിവിധ വിജ്ഞാന ശാഖകളിൽ രചനകളും അറബി മലയാളത്തിൽ സംഭവിക്കുന്നുണ്ട്. എന്നാൽ പിൽക്കാലത്ത് സവർണ്ണ ജന്മിത്വ ആഢ്യബോധത്തെ പ്രതിനിധീകരിച്ച മാനകമലയാളത്തിന്റെ സവർണനിർമിതലിപിയെ നിരാകരിക്കുകയോ സന്ദേഹത്തോടെ ബഹിഷ്കരിക്കുകയോ ചെയ്ത മാപ്പിളമാർ പ്രതിരോധമെന്നോണം അറബി മലയാളത്തെ സമ്പർക്കഭാഷയായി ഉപയോഗിച്ചുപോന്നതുമൂലം അതിന്റെ അനന്തരഫലങ്ങൾ ഗുണപരമായും ദോഷകരമായും വന്നുഭവിച്ചിട്ടുണ്ട് എന്ന വസ്തുതയെ നിഷേധിക്കാനാവില്ല. ഒരു പക്ഷെ മാനകമലയാളത്തെ മുഖ്യധാരാ സാഹിത്യമാക്കിയെടുക്കുന്നതിൽ വിജയിച്ച സവർണത്വവും ക്രിസ്ത്യൻമിഷനറിസവും അറബിമലയാളസാഹിത്യത്തെ പുറാങ്കാലുകൊണ്ടടിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. അതിനെ തുടർന്ന് സവർണനിർമിതമുഖ്യധാരാ മലയാളസാഹിത്യത്തിലേക്കുള്ള വഴികൾ മാപ്പിളമുസ്ലിമിന് ഒരു വലിയ കാലത്തേക്ക് ദുഷ്കരമായിത്തീരുകയും ചെയ്തു.
നിലവിൽ ഒരു കേരള മുസ്ലിം എഴുതിയ ആദ്യ മലയാളഗ്രന്ഥമായി പരിഗണിക്കുന്നത് സയ്യിദ് സനാഉല്ലാ മക്തി തങ്ങളുടെ “കഠോരകുഠാര”( 1884)മാണ്. സി.എൻ അഹ്മദ് മൗലവിയും കെ.കെ മുഹമ്മദ് അബ്ദുൽ കരീമും ചേർന്നെഴുതിയ “മഹത്തായ മാപ്പിളസാഹിത്യപാരമ്പര്യം”(1978) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി “കഠോരകുഠാര”മാണ് മലയാളലിപിയിലെ മാപ്പിള സമൂഹത്തിന്റെ ആദ്യഗ്രന്ഥമായി പ്രസ്താവിച്ചു കാണുന്നത്. “കേരളോപകാരി” പോലുള്ള ക്രൈസ്തവ മിഷനറി പ്രസിദ്ധീകരണങ്ങൾ ഇസ് ലാം മതത്തെയും പ്രവാചകരെയും നിരന്തരം ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തപ്പോൾ അതിനെ പ്രതിരോധിക്കാനും മറുപടി നൽകാനുമായിരുന്നു 1884 ൽ ” കഠോരകുഠാരം” രചിക്കപ്പെടുന്നത്. അറബിമലയാളത്തിൽ ഗ്രന്ഥം പ്രസിദ്ധീകരിച്ചാൽ തന്റെ മുഖ്യസംബോധിതരായി കണക്കാക്കുന്ന ക്രിസ്ത്യൻമിഷനറിമാർക്കും ഇതരമതസ്ഥർക്കും കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ പ്രയാസം സൃഷ്ടിക്കുമെന്നും അത് വഴി ഉദ്ദേശ്യലക്ഷ്യം പൂർണതയിലെത്തില്ലെന്നും തിരിച്ചറിഞ്ഞ മക്തി തങ്ങൾ ഗ്രന്ഥരചന മലയാള ലിപിയിലാക്കുകയായിരുന്നു. ഇതിന് പുറമെ “പരോപകാരി” എന്ന പേരിൽ മക്തി തങ്ങൾ തന്നെ മലയാള ലിപിയിലുള്ള ഒരു മാസിക ആറു വർഷത്തോളം പ്രസിദ്ധീകരിക്കുകയുമുണ്ടായി. എന്നാൽ പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിന് ഒരു വർഷം മുമ്പ് തന്നെ മാപ്പിള മലയാളിയുടെ ആദ്യത്തെ മലയാള ഭാഷയിലുള്ള ഗ്രന്ഥമായ “യവാക്കിത്തുൽ ഫറായിൽ”(1883) പുറത്തിറങ്ങിയിട്ടുണ്ട് എന്ന് സ്ഥാപിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. പ്രസ്തുതഗ്രന്ഥം കഴിഞ്ഞ വർഷം തിരുവനന്തപുരം നിയമസഭാലൈബ്രറിയിൽ നിന്ന് തിരുവനന്തപുരം ആർട്സ് കോളേജധ്യാപകൻ പ്രൊഫ. സകരിയ്യാ തങ്ങളാണ് കണ്ടെടുക്കുന്നത്.
ഗ്രന്ഥഘടനയും ഉള്ളടക്കവും:
മുസ് ലിമീങ്ങളുടെ പിന്തുടർച്ചാവകാശങ്ങൾ സംബന്ധിച്ച മത നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ‘നിയമങ്ങളുടെ മുത്തുകൾ ‘ എന്ന് വാക്കാർഥം വരുന്ന “യവാക്കിത്തുൽ ഫറായിൽ”. ഗ്രന്ഥത്തിന്റെ ആദ്യ പേജിൽ തന്നെ YAVAKITTUL FARAYIL OR THE MAHOMEDAN LAW OF INHERITANANCE എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. തൊട്ടു താഴെ “മുസൽമാദായശെറ സംഗ്രഹം യവാക്കിത്തുൽ ഫറായിൽ” എന്ന് മലയാളവിവർത്തനവും നൽകിയിട്ടുണ്ട്. പൂളന്തറക്കൽ അമ്മത് മുസ്ലിയാരാണ് പുസ്തകം തയ്യാറാക്കിയതെന്നും മണലിൽ സൈനുദ്ദീൻ മുസ്ലിയാർ തങ്ങൾ ഗ്രന്ഥം പരിശോധിച്ചിട്ടുണ്ടെന്നും തുടർന്നുകാണാം. എന്നാൽ ‘അമ്മത് മുസ്ലിയാരാൽ ഉണ്ടാക്കപ്പെട്ട’ എന്ന പ്രസ്താവനയും ‘അമ്മത് മുസ്ലിയാരുടെ ചെലവിമ്മേൽ അച്ചടിക്കപ്പെട്ടത് ‘എന്ന് തുടർന്നുള്ള താളുകളിൽ പരാമർശിക്കുന്നതും പരിഗണിക്കുമ്പോൾ അമ്മത് മുസ് ലിയാർ രചനയും പ്രസാധന ചിലവും നിർവ്വഹിച്ച ഗ്രന്ഥം മണലിൽ സൈനുദ്ദീൻ മുസ് ലിയാർ പരിശോധിച്ച് സാധൂകരിച്ചതാണ് എന്നാണ് വ്യക്തമാകുന്നത്.
അറബിപദങ്ങൾ മലയാളത്തിലെഴുതി അതിന്റെ മലയാളത്തിലുള്ള വാക്കാർഥം നൽകുന്ന രീതിയാണ് ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇസ് ലാമിലെ നാല് കർമശാസ്ത്ര ശാഖകളെയും അടിസ്ഥാനമാക്കി 122 പേജുകളിൽ 14 അധ്യായങ്ങളായാണ് മുസ് ലിംകളിലെ പിന്തുടർച്ചാവകാശം എങ്ങനെയാണ് ഭാഗം വെക്കേണ്ടതെന്ന് വിശദീകരിക്കുന്ന “യവാക്കിതുൽ ഫറായിൽ” രചിക്കപ്പെട്ടിട്ടുള്ളത്. ഇത്തരമൊരു പുസ്തകം തയ്യാറാക്കാൻ സഹായിച്ച ഗ്രന്ഥസൂചിയും അനുബന്ധമായി പുസ്തകത്തിന്റെ അവസാനത്തിൽ നൽകിയിട്ടുണ്ട്.
കുന്നംകുളങ്ങര വിദ്യാരത്നപ്രഭാ അച്ചുകൂടത്തിൽ അച്ചടിച്ചതെന്നും പകർപ്പവകാശം രജിസ്റ്റർ ചെയ്തിരിക്കുന്നുവെന്നും പ്രസാധകൻ മാളിയമ്മാക്കിൽ കുഞ്ഞുവറീത് ആണെന്നും രേഖപ്പെടുത്തിയ ഒന്നാംപേജിന്റെ ഏറ്റവും താഴെ ഗ്രന്ഥം പ്രസിദ്ധീകരിച്ച വർഷം 1883 ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊഴികെയുള്ള ഗ്രന്ഥത്തിലെ മറ്റ് അക്കങ്ങളെല്ലാം തന്നെ പഴയ മലയാള ലിപിയിലാണുള്ളത്. കുന്നംകുളങ്ങര ഇന്നത്തെ കുന്നംകുളം എന്നറിയപ്പെടുന്ന പഴയ കാലത്തെ പ്രധാന അച്ചടികേന്ദ്രങ്ങളിലൊന്നായിരുന്നുവെന്നും ഇട്ടുപ്പ് എന്ന പ്രസ്തുത പ്രസ്സ് ഉടമസ്ഥന് കൊച്ചിയിൽ സെന്റ്.തോമസ് എന്ന പേരിൽ മറ്റൊരു പ്രസ്സുണ്ടായിരുന്നുവെന്നും 1879 ലാണ് കുന്നംകുളത്ത് പ്രസ്സ് സ്ഥാപിക്കപ്പെട്ടതെന്നും പ്രഫ: സകരിയ്യ വിശദീകരിക്കുന്നുണ്ട്.
ഗ്രന്ഥത്തിൽ വിലയൊന്നും രേഖപ്പെടുത്താത്തതിനാൽ മുസ്ലിം അനന്തരവകാശസംബന്ധിയായ കോടതി കേസുകൾക്കുള്ള ശരീഅത്ത് നിയമദർശനമായിട്ടായിരുന്നു ഗ്രന്ഥം അച്ചടിച്ചതെന്ന നിഗമനത്തിലെത്തിച്ചേരാൻ സാധിക്കുന്നുണ്ട്. വ്യക്തികൾക്കും കച്ചേരി( നീതിന്യായ കോടതി, സർക്കാർ കാര്യാലയം എന്നർഥം) കൾക്കും ഈ ഗ്രന്ഥം നൽകുക വഴി മത നിയമാനുസൃതമായ വിധികൾ നൂലാമാലകളില്ലാതെ കോടതികൾക്ക് വിധിക്കാനാവണം എന്നതാവണം പുസ്തകം അച്ചടിച്ചതിന് പിന്നിലെ ലക്ഷ്യം. “ഹുസൂർ കച്ചേരി 24 ഫെബ്രുവരി 1884 എറണാകുളം ” എന്ന ഗ്രന്ഥത്തിലെ പരാമർശം ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്.
മുസ്ലിംകളുടെ അനന്തരാവകാശം പ്രതിപാദിക്കുന്ന, കോടതിക്കാവശ്യമായ നിയമഗ്രന്ഥത്തിന്റെ അഭാവത്തിൽ നിന്നാവണം ഈ പുസ്തകത്തിന്റെ പ്രേരണ ഉയർന്നുവന്നത്. താരതമ്യേനേ, മുസ്ലിംകളിൽ മാനകമലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനമുള്ളവർ അക്കാലത്ത് പരിമിതമായിരിക്കെ ഇതര മതസ്ഥർക്ക് വായിച്ചു മനസ്സിലാക്കാനുള്ള സൗകര്യം കൂടി ഗ്രന്ഥകർത്താവ് തന്റെ രചനയിൽ കരുതിയിരിക്കണം. അറബിമലയാളത്തിൽ അല്ലാത്ത എഴുത്തുകളെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അന്നത്തെ മുസ് ലിം സമുദായത്തിന്റെ പ്രവണതയെ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ വിമർശിക്കുന്നതും കാണാം.
തന്റെ തുടർന്നുള്ള അന്വേഷണത്തിൽ അമ്മത് മുസ്ലിയാരെപ്പറ്റി ഒന്നും ലഭിച്ചില്ലെന്ന് പ്രൊഫ. സകരിയ്യാ തങ്ങൾ പറയുന്നു. തിരു-കൊച്ചി സംയോജനത്തോടെ എറണാകുളം ഹുസൂർ കച്ചേരിയിൽ നിന്ന് ഗ്രന്ഥം നിയമസഭാ ലൈബ്രറിയിലെത്തിയതായിരിക്കുമെന്ന് നിഗമനത്തിലെത്തിച്ചേരുന്ന അദ്ദേഹം “യവാക്കിത്തുൽ ഫറായിൽ” വിപുലമായി പഠനവിധേയമാക്കി പുന:പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy