ക്ഷമയുടെ വാൾ

An instructive story from the Masnavi of مولانا جلال الدین رومی (Mawlana Jalaluddin Rumi) (R.A.), describing an event from the early days of Islam."

സ്‌ലാമിന്റെ ആദ്യകാലങ്ങളിൽ അറബ് ദേശങ്ങളിൽ, ഇസ് ലാം സ്വീകരിച്ച മുസ്ലീങ്ങൾ, ഇസ്‌ലാമിനെതിരെ പട നയിച്ച അവിശ്വാസികളുമായി നിരവധി യുദ്ധങ്ങളിൽ ഏർപ്പെട്ടു. അത്തരമൊരു യുദ്ധത്തിൽ, പ്രവാചക മരുമകനും കഴിവുറ്റ പോരാളിയുമായ അലി (റ) തത്തുല്യനായ മറ്റൊരു ശത്രു സൈനികനുമായി മുഖാമുഖം വന്നു. ദ്രുത വേഗത്തിലുള്ളതും കുറഞ്ഞ സമയം മാത്രം വേണ്ടി വന്നതുമായ ഒരു പോരാട്ടത്തിൽ, അലി(റ) തന്റെ എതിരാളിയെ മുട്ടുകുത്തിച്ചു, എന്നിട്ട് അവനെ കൊല്ലാനായി തന്റെ വാൾ ഉയർത്തി. താൻ ഉടൻ മരിക്കാൻ പോകുകയാണെന്ന് ആ അഭിമാനിയായ ശത്രു മനസ്സിലാക്കി, അവസാനമായി അലി(റ) വിന്റെ മുഖത്തേക്ക് തുപ്പുക എന്നതു മാത്രമാണ് അവന് ചെയ്യാൻ കഴിഞ്ഞത്. മുഖത്ത് തുപ്പലേറ്റ അലി(റ) പെട്ടെന്ന് തന്റെ വാൾ പിന്നോട്ട് വലിച്ചു, ആ മനുഷ്യന്റെ ജീവനെടുക്കാനുള്ള ഉദ്യമത്തിൽ നിന്നും പിൻവാങ്ങി.

കീഴടക്കപ്പെട്ട യോദ്ധാവ് അമ്പരന്നുപോയി; ഏറ്റവും മോശമായതിന് തയ്യാറെടുത്തിരുന്ന അയാൾ താൻ ഇപ്പോഴും ജീവനോടെയിരിക്കുന്നതിൽ ആശയക്കുഴപ്പത്തിലായി. എന്തുകൊണ്ടാണ് അലി തന്നോട് കരുണ കാണിച്ചതെന്ന് അയാൾ വിശദീകരണം ആവശ്യപ്പെട്ടു. “അലീ, എന്നെ തീർക്കാൻ വേണ്ടി അങ്ങ് വാൾ ഊരിയതാണ്, പക്ഷേ മനസ്സ് മാറ്റിയെല്ലോ?”
അലി ആ പോരാട്ടത്തിൽ നിന്ന് നടന്നുപോകുന്നതിന് മുമ്പായി ആ യോദ്ധാവ് തന്റെ ചോദ്യം തുടർന്നു:
“എന്തുകൊണ്ടാണ് അങ്ങ് ആയുധം താഴെവെച്ചത്? നമ്മൾ പോരാടിയപ്പോൾ എന്നിൽ എന്താണ് കണ്ടത്, അതാണല്ലോ അങ്ങയുടെ താൽപര്യം ഇല്ലാതാക്കുകയും എന്റെ ജീവൻ രക്ഷിക്കുകയും ചെയ്തത്? അങ്ങേക്കായിരുന്നു മേൽക്കൈ; വിജയം അങ്ങയുടേതായിരുന്നു. എന്റെ ജീവൻ അവസാനിപ്പിക്കുന്നതിനേക്കാൾ പ്രധാനമായി മറ്റെന്താണ് ഉണ്ടായിരുന്നത്? ആ നിമിഷം ദേഷ്യത്തിൽ പൊട്ടിത്തെറിക്കുന്നതിൽ നിന്ന് അങ്ങയെ തടഞ്ഞത് എന്താണ്?”
“ഞാൻ അല്ലാഹുവിനുവേണ്ടി മാത്രമാണ് പോരാടുന്നത്,” അലി മറുപടി നൽകി.
“ഞാൻ എന്റെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ അല്ല; ഞാൻ അല്ലാഹുവിന്റെ ദാസനാണ്. ഞാൻ അല്ലാഹുവിന്റെ തടുക്കാനാവാത്ത സിംഹമാണ്, അല്ലാതെ ഒരു വികാരത്തിന് അടിമപ്പെടുന്ന പോരാളിയല്ല! എന്റെ വിശ്വാസം വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് പ്രകടിപ്പിക്കുന്നത്. ഞാൻ വാൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ദൈവമാണ് പ്രഹരിക്കുന്നത്. കാറ്റിന് ഒരു പർവതത്തെ ചലിപ്പിക്കാൻ കഴിയാത്തതുപോലെ, ദൈവത്തിന്റെ ഇഷ്ടത്താലല്ലാതെ ഞാൻ ചലിക്കുകയില്ല.”

“ഭൂരിഭാഗം ഭരണാധികാരികൾക്കും ദേഷ്യം കാരണം വിവേകം നഷ്ടപ്പെടുന്നു, എന്നാൽ കോപം എന്റെ വിശ്വസ്തനായ അടിമയാണ്! എന്റെ ക്ഷമ തീർച്ചയായും എന്നെ ക്രോധത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചിരിക്കുന്നു. എന്റെ വാൾ കൊല്ലുകയല്ല, മറിച്ച് ജീവൻ നൽകുകയാണ്! നീ എന്റെ നേരെ തുപ്പിയത് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രശ്നം കൊണ്ടുവന്നു, അല്ലാഹുവിനുവേണ്ടിയല്ലാതെ മറ്റൊന്നിനുവേണ്ടിയും ഞാൻ പോരാടാറില്ല. നിന്റെ തുപ്പൽ എന്റെ അഹംഭാവത്തെ പ്രകോപിപ്പിച്ചു, അത് എന്നിൽ കോപം ഉണ്ടാക്കി. ഞാൻ എന്റെ വാൾ ഉപയോഗിച്ചിരുന്നെങ്കിൽ, അത് പകുതി ദൈവത്തിനുവേണ്ടിയും പകുതി എന്റെ അഹംഭാവത്തിനുവേണ്ടിയും പോരാടുന്നതിന് തുല്യമാകുമായിരുന്നു! അതുകൊണ്ടാണ് ഞാൻ വാൾ താഴെ വെക്കാൻ തീരുമാനിച്ചത്.”
ഇത്രയും പറഞ്ഞ ശേഷം അലി തിരിഞ്ഞു നടന്നു, തിരിഞ്ഞുനോക്കിയതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy