സുഹൈൽ ഫൈസി കൂമണ്ണ:
ദക്ഷിണേന്ത്യൻ മേഖലയിൽ ഇസ് ലാമിക പ്രബോധനം നിർവ്വഹിച്ച പ്രമുഖ സൂഫ്യവര്യനും നൂറ്റാണ്ടുകൾ പിന്നിട്ടശേഷം ഇക്കാലത്തും ജനമനസ്സുകളിൽ സ്വാധീനം ചെലുത്തുന്ന ഉന്നതനായ വലിയ്യുമായ നാഗൂർ ശാഹുൽ ഹമീദ്(റ) യുടെ ഗുരുവര്യനായ ശത്വാരി സൂഫി മുഹമ്മദ് ഗൗസ് ഗോളിയോറി(റ) യുടെ പ്രകാശപൂർണ്ണമായ ജീവിതം അനാവരണം ചെയ്യുന്നു.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ സൂഫിവര്യനായ നാഗൂർ ശൈഖ് സയ്യിദ് ഷാഹുൽ ഹമീദ്(റ) വിന്റെ ജീവിതത്തെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചുമുള്ള രചനകൾ വെളിച്ചം കണ്ടിട്ടുണ്ട്. എങ്കിലും നാഗൂർ ശൈഖിന്റെ ആത്മീയ ഗുരുവിനെക്കുറിച്ചുള്ള അന്യേഷണങ്ങളും പഠനങ്ങളും ദക്ഷിണേന്ത്യൻ മുസ്ലിം പരിസരങ്ങളിൽ വളരെ വിരളമാണ്. ചരിത്രപരവും ഭാഷാപരവുമായ പ്രതിബന്ധങ്ങൾ ഈ അന്യേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാം. നാഗൂർ ശൈഖിന്റെ ജീവചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ മുൻനിർത്തിയാണ് അവരുടെ ഗുരുവര്യരെക്കുറിച്ച് വായിച്ചു തുടങ്ങേണ്ടത്. ഉർദു, ഫാരിസി, അറബി ഭാഷകളിൽ പ്രസിദ്ധീകൃതമായ ചരിത്രഗ്രന്ഥങ്ങൾ ഈ അന്വേഷണത്തെ സുഗമമാക്കും. മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധ നഗരമായ ഗ്വാളിയോറിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ സൂഫിവര്യൻ ഖ്വാജാ മുഹമ്മദ് ഗൗസ്(റ) വാണ് നാഗൂർ ശൈഖിന്റെ ആത്മീയ മാർഗദർശി. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച മുഹമ്മദ് ഗൗസ്(റ) വിന്റെ പ്രശസ്തി ഉന്നത ശ്രേഷ്ഠരായ ശിഷ്യരിലൂടെയും മൂല്യമേറിയ രചനകളിലൂടെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു.
മുഹമ്മദ് ഗൗസ്(റ):ജീവിതം
സൂഫീ രചനാ ലോകത്തെ പ്രസിദ്ധ പണ്ഡിതൻ ഫരീദുദ്ദീൻ അത്താർ(റ) വിന്റെ വംശ പരമ്പരയിൽ ഹിജ്റ 907 റജബ് ഏഴിനാണ് മുഹമ്മദ് ഗൗസ്(റ) ജനിക്കുന്നത്. ഇസ്ലാമിക സംസ്കൃതിയുടെ വിളനിലമായ നൈശാപൂരിൽ നിന്ന് ഹിന്ദുസ്ഥാനിലെത്തിയ സയ്യിദ് ഖതീറുദ്ധീനായിരുന്നു മഹാന്റെ പിതാവ്. ചെറിയ പ്രായത്തിൽ തന്നെ ആത്മീയ ലോകത്ത് വിരാജിക്കാൻ ബഹുമാനപ്പെട്ടവർക്ക് സാധിച്ചിരുന്നു. മഹാന്റെ സേവനത്തിനായി മലക്കുകൾ ആഗതരായ സംഭവങ്ങൾ ബാല്യകാലത്ത് തന്നെ ഉണ്ടായിട്ടുണ്ട്. പന്ത്രണ്ടാം വയസ്സിൽ ജോൺപൂരിലെ ജ്ഞാന സാഗരങ്ങളായ പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം നേടി. ആത്മീയ മാർഗദർശിയെ തേടിയുള്ള യാത്രക്ക് മാതാപിതാക്കളോട് സമ്മതം ചോദിച്ചു. മകന്റെ ആത്മീയോന്നതി മനസ്സിലാക്കിയ മാതാപിതാക്കൾ സമ്മതം നൽകി.കാടുകളും മലകളും താണ്ടിയുള്ള യാത്രയിൽ ഒരു സൂഫിവര്യനെ മുഹമ്മദ് ഗൗസ്(റ) കണ്ടുമുട്ടി. ശിഷ്യത്വം സ്വീകരിക്കാനുള്ള ആഗ്രഹം അറിയിച്ചു. മുഹമ്മദ് ഗൗസ്(റ) വിന്റെ മുഖത്തുനോക്കി ആ സൂഫിവര്യൻ പറഞ്ഞു:”നിങ്ങൾ ശൈഖ് ഹിദായത്തുല്ലാഹ് സർമസ്‌ത്(റ) വിന്റെ സന്നിധിയിൽ ചെല്ലുക” സൂഫിവര്യന്റെ നിർദേശാടിസ്ഥാനത്തിൽ മുഹമ്മദ് ഗൗസ്(റ) ശൈഖ് ഹിദായതുല്ലാഹ് സർമസ്‌ത്(റ) വിന്റെ സന്നിധിയിൽ ചെന്നു. സർമസ്‌ത്(റ)പറഞ്ഞു: “ആത്മീയമായ അവസ്ഥകൾ മാറിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. നിങ്ങളെപ്പോലെയുള്ള ഒരാൾക്ക് മാർഗനിർദേശം നൽകാൻ എനിക്ക് സാധിക്കില്ല. എന്റെ അരികിലേക്ക് നിങ്ങളെ അയച്ച മഹാനിൽ നിന്ന് നിങ്ങൾ ശിഷ്യത്വം സ്വീകരിക്കുക. അദ്ദേഹം മുർശിദായ മുറബ്ബിയായ ശൈഖാണ്. ശൈഖ് ഹാജി ഹുസൂർ എന്നാണ് അദ്ദേഹത്തിന്റെ പേര്” ശൈഖ് സർമസ്ത്(റ) വിന്റെ ശിഷ്യനായിരുന്നു ഹാജി ഹുസൂർ(റ). സർമസ്‌ത്(റ) വിന്റെ നിർദേശപ്രകാരം മുഹമ്മദ് ഗൗസ്(റ) ശൈഖ് ഹാജി ഹുസൂർ(റ) വിന്റെ അരികിലെത്തി. ശൈഖ് ഹുസൂർ(റ) പറഞ്ഞു:”നിങ്ങൾ സർമസ്‌ത്(റ) വിന്റെ അരികിലേക്ക് തന്നെ തിരിച്ചുപോവുക. ആത്മീയവഴികളെ സംബന്ധിച്ചുള്ള വിജ്ഞാനം കരസ്ഥമാക്കുക” ശൈഖിന്റെ കല്പന മുഹമ്മദ് ഗൗസ്(റ) നിറവേറ്റി.
സർമസ്‌ത്(റ) വിന്റെ ഖാൻഖാഹിലെ സേവനങ്ങളിൽ മുഹമ്മദ് ഗൗസ്(റ) വ്യാപൃതരാവാറുണ്ടായിരുന്നു. ഒരിക്കൽ ഖാൻഖാഹിലേക്ക് ആവശ്യമായ വിറക് ശേഖരിക്കാൻ വേണ്ടി മുഹമ്മദ് ഗൗസ്(റ) സഹപാഠികളോട് കൂടെ കാട്ടിലേക്ക് പുറപ്പെട്ടു. ഏതാനും ചുള്ളിക്കൊമ്പുകൾ ശേഖരിച്ചതിന് ശേഷം മഹാൻ തിരിച്ചെത്തി. വലിയ വിറകുകെട്ടുകളുമായി പാചകശാലയിലെത്തിയ സഹപാഠികൾക്ക് വലിയ അത്ഭുതം! മുഹമ്മദ് ഗൗസ്(റ) കൊണ്ടുവന്ന ചുള്ളിക്കൊമ്പുകൾ കൊണ്ട് അടുപ്പ് പുകഞ്ഞിരിക്കുന്നു. സാധാരണഗതിയിൽ എല്ലാ വിദ്യാർത്ഥികളും ശേഖരിച്ച വിറകുകൾ കൊണ്ടു മാത്രമേ അടുപ്പ് പുകയാറുള്ളൂ. ഈ വിവരം ശൈഖ് സർമസ്ത്(റ) വിന്റെ കാതുകളിലെത്തി. ശൈഖ് സന്തോഷിക്കുകയും പാവങ്ങൾക്ക് ഭക്ഷണവിതരണം നടത്തുകയും ചെയ്തു. കാലങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം ശൈഖ് സർമസ്ത്(റ) മുഹമ്മദ് ഗൗസ്(റ) വിനോട് പറഞ്ഞു:
“നീ എനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അല്ലാഹു നിനക്കതിന് പകരം നൽകും. ആത്മീയ ലോകത്തെ ഉന്നതസ്ഥാനം നിനക്ക് വന്നുചേരും. ഇപ്പോൾ നീ ഹാജി ഹുസൂർ(റ) വിന്റെ സമീപത്തേക്ക് പോവുക. ആ മഹാനിൽ നിന്ന് ദിക്റുകൾ സ്വീകരിക്കുക”
ജ്യേഷ്ഠന്റെ കൂടെ മുഹമ്മദ് ഗൗസ്(റ) സഹാറൻപൂരിലെ ഹാജി ഹമീദുദ്ധീൻ ഹുസൂർ(റ) വിന്റെ സന്നിധിയിലെത്തി. ആ സന്ദർഭത്തിൽ ആദ്യകാഴ്ചയിൽ തന്നെ മുഹമ്മദ് ഗൗസ്(റ) വിനെ ഹമീദുദ്ധീൻ ഹുസൂർ(റ) വിന് ഇഷ്ടമായി. ഇരുവർക്കും മിസ് വാക്കിന്റെ കമ്പ് നൽകിയതിന് ശേഷം ഹുസൂർ(റ) പറഞ്ഞു: നിങ്ങളിരുവരും ഈ മിസ് വാക്ക് കുഴിച്ചിടുക. അതിന്റെ സമീപത്ത് വെച്ച് അല്ലാഹുവിന് ഇബാദത്ത് ചെയ്യുക. ഈ മിസ് വാക്ക് പച്ചപിടിച്ചാൽ ഞാൻ നിങ്ങൾക്ക് ത്വരീഖത്ത് നൽകാം. മുഹമ്മദ് ഗൗസ്(റ) വും ജ്യേഷ്ഠനും തങ്ങളുടെ മിസ് വാക്ക് കുഴിച്ചിട്ടു. ഇരുവരും ഇബാദത്തുകളിൽ മുഴുകി. കുറേ ദിവസമായിട്ടും മിസ് വാക്ക് പച്ചപിടിക്കാതെയായപ്പോൾ മുഹമ്മദ് ഗൗസ്(റ) വിന്റെ ജ്യേഷ്ഠൻ പറഞ്ഞു: “എത്രകാലമാണ് നമ്മളിങ്ങനെ കാത്തിരിക്കുക? നമുക്ക് ശൈഖിനോട് ദിക്ർ ചോദിക്കാം” പക്ഷേ മുഹമ്മദ് ഗൗസ്(റ) അതിന് സമ്മതിച്ചില്ല. അദ്ദേഹം ഗുരുവിന്റെ വാക്കിനെ അക്ഷരംപ്രതി അനുസരിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഹുസൂർ(റ) ഇരുവരുടെയും അടുത്തേക്ക് ചെന്നു. മിസ് വാക്കിന്റെ ചെടി പരിശോധിച്ചപ്പോൾ മുഹമ്മദ് ഗൗസ്(റ) വിന്റെ മിസ്വാക്ക് പച്ച പിടിച്ചതായി ബോധ്യപ്പെട്ടു. ശൈഖ് ഹുസൂർ(റ) പറഞ്ഞു: “മോനേ… അല്ലാഹു നിന്റെ ഉള്ളിൽ ‘ഖുതുബ്’ആവാനുള്ള അടയാളങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നീ അല്ലാഹുവിന് ധാരാളം ഇബാദത്ത് ചെയ്യുക” ശൈഖിൽ നിന്ന് മുഹമ്മദ് ഗൗസ്(റ) ആത്മീയ ശിഷ്യത്വം സ്വീകരിച്ചു. പൂർണ്ണമായും രിയാളകളിൽ മുഴുകി. പച്ചിലകൾ ഭക്ഷിച്ചും കാട്ടരുവിയിലെ വെള്ളം കുടിച്ചും ജീവിതം നയിച്ചു. പകലുകളെ നോമ്പുകൾ കൊണ്ട് സമ്പന്നമാക്കി. രാത്രികളെ ഇബാദത്തുകൾ കൊണ്ട് ഉണർവുള്ളതാക്കി. ബാഹ്യവും ആന്തരികവുമായ വിജ്ഞാന ശാഖകളിൽ പ്രാഗൽഭ്യം നേടി. അദ്ധ്യാത്മിക ലോകത്തെ രഹസ്യങ്ങളെ ആസ്വദിച്ചു. അവസാനം ശൈഖ് ഹുസൂർ(റ) പറഞ്ഞു: “മോനേ… നിനക്ക് ഞാൻ പഠിപ്പിച്ചു നൽകിയ വിജ്ഞാനം അമാനത്താണ്. അത് നീ പാഴാക്കരുത്. അർഹത ഇല്ലാത്തവർക്ക് അത് പകർന്നു കൊടുക്കരുത്”ഏതാനും ദിവസങ്ങൾക്കുശേഷം ഹാജി ഹുസൂർ(റ) ഭൗതിക ലോകത്തോട് വിട പറഞ്ഞു. ശൈഖിന്റെ മരണാനന്തര കർമ്മങ്ങൾ കഴിഞ്ഞതിനുശേഷം മുഹമ്മദ് ഗൗസ്(റ) സ്വദേശമായ ഗ്വാളിയോറിലേക്ക് മടങ്ങി. മുഹമ്മദ് ഗൗസ്(റ) വിന്റെ മഹത്വം മനസ്സിലാക്കിയ ജനങ്ങൾ ഗ്വാളിയോറിലെ ഖാൻഖാഹിലേക്ക് ഒഴുകിയെത്തി. ഹിജ്‌റ 970 റമളാൻ 14ന് (എ ഡി 1563) അക്ബറാബാദിൽ വെച്ച് മുഹമ്മദ് ഗൗസ്(റ) ഭൗതിക ലോകത്ത് നിന്ന് വിടവാങ്ങി. ഗ്വാളിയോറിലാണ് മഹാൻ അന്ത്യവിശ്രമം കൊള്ളുന്നത്. എ ഡി 1563 ൽ അക്ബർ ചക്രവർത്തിയുടെ നിർദേശപ്രകാരം മുഹമ്മദ് ഗൗസ്(റ) വിന്റെ മഖ്ബറ നിർമ്മിക്കപ്പെട്ടു. താഴികക്കുടങ്ങൾ, കമാനങ്ങൾ, മിനാരങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ച പ്രസ്തുത മഖ്ബറ ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. മഖ്ബറക്ക് ചുറ്റുമുള്ള ജാലകങ്ങളുടെ ആകർഷണീയത ഈ നിർമിതിയുടെ പ്രത്യേകതയാണ്. ജാതി മതഭേദമന്യേ നിരവധി തീർത്ഥാടകരാണ് മുഹമ്മദ് ഗൗസ്(റ) വിന്റെ മഖ്ബറയിലെത്തുന്നത്.
മുഗൾ ഭരണകാലത്ത് ചിശ്തിയ്യ, സുഹ്‌റവർദിയ്യ ത്വരീഖത്തുകൾ ഇന്ത്യയിൽ പ്രചുര പ്രചാരം നേടിയിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഖാദിരിയ്യ ത്വരീഖത്തും, പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നഖ്ശബന്ദിയ്യ ത്വരീഖത്തും ഇന്ത്യയുടെ ആത്മീയ മണ്ഡലത്തിൽ സ്വാധീന ശക്തികളായി മാറി. വിവിധ ആത്മീയ മാർഗങ്ങളിലൂടെ സൂഫികൾ ജനങ്ങളെ സമുദ്ധരിച്ചു. ശത്ത്വാരിയ്യ, ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്‌റവർദിയ്യ, ഫിർദൗസിയ്യ, ഉവൈസിയ്യ തുടങ്ങിയ നിരവധി ത്വരീഖത്തുകളിൽ മുഹമ്മദ് ഗൗസ്(റ) വിന് പ്രാതിനിധ്യം ഉണ്ടായിരുന്നുവെങ്കിലും ശത്ത്വാരിയ്യ ത്വരീഖത്തിലെ ‘മുജദ്ദിദ്’ എന്ന നിലയിലാണ് മഹാൻ കൂടുതൽ പ്രസിദ്ധനായത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ശത്ത്വാരിയ്യ സിൽസില ഇന്ത്യയിൽ വ്യാപിച്ചത്.
ആത്മീയ മാർഗങ്ങൾ
മുഗൾ ഭരണകാലത്ത് ചിശ്തിയ്യ, സുഹ്‌റവർദിയ്യ ത്വരീഖത്തുകൾ ഇന്ത്യയിൽ പ്രചുര പ്രചാരം നേടിയിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഖാദിരിയ്യ ത്വരീഖത്തും, പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നഖ്ശബന്ദിയ്യ ത്വരീഖത്തും ഇന്ത്യയുടെ ആത്മീയ മണ്ഡലത്തിൽ സ്വാധീന ശക്തികളായി മാറി. വിവിധ ആത്മീയ മാർഗങ്ങളിലൂടെ സൂഫികൾ ജനങ്ങളെ സമുദ്ധരിച്ചു. ശത്ത്വാരിയ്യ, ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്‌റവർദിയ്യ, ഫിർദൗസിയ്യ, ഉവൈസിയ്യ തുടങ്ങിയ നിരവധി ത്വരീഖത്തുകളിൽ മുഹമ്മദ് ഗൗസ്(റ) വിന് പ്രാതിനിധ്യം ഉണ്ടായിരുന്നുവെങ്കിലും ശത്ത്വാരിയ്യ ത്വരീഖത്തിലെ ‘മുജദ്ദിദ്’ എന്ന നിലയിലാണ് മഹാൻ കൂടുതൽ പ്രസിദ്ധനായത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ശത്ത്വാരിയ്യ സിൽസില ഇന്ത്യയിൽ വ്യാപിച്ചത്. ജോൺപൂരിലും ബംഗാളിലും സജീവമായി പ്രവർത്തിച്ചിരുന്ന മഹാനായ ശാഹ് അബ്ദുല്ല ശത്ത്വാരി(റ) വിലേക്ക് ചേർത്തിയാണ് ഈ ത്വരീഖത്ത് അറിയപ്പെട്ടത്. ശൈഖ് ഹാജി ഹുസൂർ(റ) വിന്റെ മുരീദുകളായ മുഹമ്മദ് ഗൗസ്(റ) വും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ശൈഖ് ഫൂൽ(റ) വും പതിനാറാം നൂറ്റാണ്ടിന്റെ അർധ ശതകത്തിൽ ശത്ത്വാരിയ്യ സിൽസിലയിൽ ഏറ്റവും പ്രസിദ്ധരായ സൂഫികളാണ്. മുഹമ്മദ് ഗൗസ്(റ) വിലൂടെ ശത്ത്വാരിയ്യ സൂഫീധാരക്ക് ‘ഗൗസിയ്യത്ത്’ എന്ന ഉപസരണി പിറവിയെടുത്തു. ഈ ആത്മീയധാര സയ്യിദ് സിബ്ഗതുല്ലാഹ്(റ) വഴി അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്ക് വ്യാപിച്ചു. പണ്ഡിത ലോകത്ത് കോളിളക്കം സൃഷ്ടിച്ച ‘വഹ്ദത്തുൽ വുജൂദ്’ എന്ന ആശയധാരയെ മുഹമ്മദ് ഗൗസ്(റ) പ്രതിനിധീകരിച്ചിരുന്നു.
രചനാ ലോകം
മുഹമ്മദ് ഗൗസ് (റ) വിൻ്റെ രചനകളിൽ തസ്വവ്വുഫിന്റെ ലോകത്ത് ഏറ്റവും പ്രസിദ്ധമായ രചനയാണ് ജവാഹിറേ ഹംസ്. ഹിജ്‌റ 928 ൽ ഫാരിസി ഭാഷയിൽ രചിക്കപ്പെട്ട പ്രസ്തുത ഗ്രന്ഥം ‘ജവാഹിറുൽ ഹംസ’എന്ന പേരിൽ അറബി ഭാഷയിലേക്ക് തർജമ ചെയ്തത് മഹാനായ സിബ്ഗതുല്ലാഹ്(റ) വാണ്. അദ്ദേഹം മുഹമ്മദ് ഗൗസ്(റ) വിന്റെ മുരീദും ഖലീഫയുമായ വജീഹുദ്ദീൻ ഗുജറാത്തിയിൽ(റ) നിന്നാണ് ആത്മീയ ശിഷ്യത്വം സ്വീകരിച്ചത്. സിബ്ഗതുല്ലാഹ്(റ) മക്ക, മദീന അടക്കമുള്ള അറേബ്യൻ നഗരങ്ങളിലൂടെയും, ബീജാപ്പൂർ, മാൽവ അടക്കമുള്ള ഒട്ടനവധി ഇന്ത്യൻ നഗരങ്ങളിലൂടെയും യാത്ര ചെയ്യുകയും പ്രബോധനം നടത്തുകയും ചെയ്തതിന്റെ ഫലമായി ‘ജവാഹിറുൽ ഹംസ’ പ്രസ്തുത പ്രദേശങ്ങളിൽ വ്യാപിക്കാനിടയായി. ഇമാം അഹ്മദ് കോയ ശാലിയാത്തി(റ) അടക്കമുള്ള കേരളത്തിലെ മശായിഖുമാർ ‘ജവാഹിറുൽ ഹംസ’ കൊണ്ട് അമൽ ചെയ്യാൻ തങ്ങളുടെ ശിഷ്യന്മാർക്ക് സമ്മതം നൽകാറുണ്ടായിരുന്നു. ആത്മീയ രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ച ‘ജവാഹിറുൽ ഹംസ’ പേര് പോലെ പഞ്ചരത്നങ്ങളാണ്. ഔറാദേ ഗൗസിയ്യ, ളമാഇർ വ ബസ്വാഇർ, മിഅ്റാജ് നാമ, ബഹ്‌റുൽ ഹയാത്ത്, ഖലീദ് മഖ്സൻ, കൻസുൽ വഹ്ദ തുടങ്ങിയവയാണ് മുഹമ്മദ് ഗൗസ്(റ) വിന്റെ മറ്റു ഗ്രന്ഥങ്ങൾ. ‘മിഅറാജ് നാമ’ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ഡൽഹി ഭരണാധികാരിയായ ഷേർഷാ സൂരിയിൽ നിന്ന് മുഹമ്മദ് ഗൗസ്(റ) കടുത്ത നടപടികൾ നേരിട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ശൈഖിന് ഗുജറാത്തിലേക്ക് പാലായനം ചെയ്യേണ്ടി വന്നത്.
മുഗൾ രാജാക്കന്മാരോടുള്ള സമീപനം
1526 ൽ ഗ്വാളിയോർ കോട്ട കീഴടക്കാൻ മുഗൾ രാജവംശ സ്ഥാപകനായ ബാബർ ചക്രവർത്തിയെ മുഹമ്മദ് ഗൗസ്(റ) സഹായിച്ചിരുന്നു. കോട്ട കീഴടക്കാനുള്ള യുദ്ധ തന്ത്രങ്ങൾ മെനയുന്നതിൽ മുഹമ്മദ് ഗൗസ്(റ) വിന്റെ പങ്ക് നിസ്തുലമാണ്. തുടർന്ന് ബാബറിന്റെ മകൻ ഹുമയൂൺ ചക്രവർത്തിയുമായും മുഹമ്മദ് ഗൗസ് സുദൃഢബന്ധം കാത്തുസൂക്ഷിച്ചു. ഹുമയൂൺ ചക്രവർത്തിക്ക് മുഹമ്മദ് ഗൗസ്(റ) വിന്റെ ജ്യേഷ്ഠൻ ശൈഖ് ഫൂൽ(റ) വുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. മതപരവും ഭരണപരവുമായ കാര്യങ്ങളിൽ ഹുമയൂൺ ചക്രവർത്തി ശൈഖിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു. ചക്രവർത്തിയുടെ അടുപ്പം ജനങ്ങൾക്കിടയിൽ ശൈഖ് ഫൂൽ(റ) വിന്റെ സ്വീകാര്യത വർധിപ്പിച്ചു. ജ്യോതിശാസ്ത്രത്തിൽ തല്പരനായിരുന്ന ഹുമയൂൺ ചക്രവർത്തി ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൗമോന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും സംബന്ധിച്ചുള്ള അറിവുകൾ പഠിച്ചിരുന്നത് ശൈഖ് ഫൂൽ(റ) വിൽ നിന്നും മുഹമ്മദ് ഗൗസ്(റ) വിൽ നിന്നുമായിരുന്നു. എ ഡി 1538 ൽ ഹുമയൂൺ ചക്രവർത്തി ബംഗാളിലായിരുന്നപ്പോൾ,ആഗ്രയുടെ സിംഹാസനം തട്ടിയെടുക്കാൻ വേണ്ടി ഹുമയൂണിന്റെ സഹോദരൻ മിർസ ഹിൻഡാൽ ശ്രമിച്ചു. ഈ അട്ടിമറി ശ്രമങ്ങളെ പരാജയപ്പെടുത്താൻ വേണ്ടി ചക്രവർത്തി ശൈഖ് ഫൂൽ(റ) വിനെ ആഗ്രയിലേക്ക് അയച്ചു. ബംഗാൾ വിട്ട് ആഗ്രയിൽ എത്തിയ ശൈഖ് ഫൂൽ(റ) വിനെ മിർസ സ്നേഹപൂർവ്വം സ്വീകരിച്ചു. ശൈഖിന്റെ ഉപദേശങ്ങളെ ആദ്യം അദ്ദേഹം അംഗീകരിക്കുകയും അഫ്ഗാനികളെ ഉന്മൂലനം ചെയ്യുന്നതിൽ ഏകമനസ്സോടെ പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ആഗ്രയുടെ സിംഹാസനത്തിന് വേണ്ടി പ്രഭുക്കന്മാരുടെ പ്രേരണയിൽ ശൈഖ് ഫൂൽ(റ) വിനെ അയാൾ ശിരഛേദം ചെയ്യുകയാണുണ്ടായത്.
ശൈഖ് ഫൂൽ(റ) വിന്റെ കാലശേഷം അദ്ദേഹത്തിന്റെ സഹോദരനായ മുഹമ്മദ് ഗൗസ്(റ) വുമായി ഹുമയൂൺ ചക്രവർത്തി ദൃഢബന്ധം സ്ഥാപിച്ചു. രാജ്യത്തിനകത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളെ നേരിടുന്നതിൽ ഹുമയൂൺ ചക്രവർത്തി വിജയിച്ചില്ല. ശേർഷാ സൂരിയുമായുള്ള യുദ്ധത്തിൽ ഹുമയൂൺ ചക്രവർത്തി പരാജയപ്പെടുകയും പേർഷ്യയിൽ അഭയം തേടുകയും ചെയ്തു. ഇതിനെത്തുടർന്ന് മുഹമ്മദ് ഗൗസ്(റ) ഗ്വാളിയോറിൽ നിന്ന് ഗുജറാത്തിലേക്ക് പാലായനം ചെയ്തു. ഇക്കാലത്ത് മുഹമ്മദ് ഗൗസ്(റ) വുമായി ഹുമയൂൺ കത്തിടപാടുകൾ നടത്തിയിരുന്നു. ശേർഷയുമായുള്ള യുദ്ധ പരാജയത്തെക്കുറിച്ചും പാലായനത്തെക്കുറിച്ചും പരാതിപ്പെട്ട ഹുമയൂണിന് കത്തുകളിലൂടെ ധൈര്യം പകർന്നത് മുഹമ്മദ് ഗൗസ്(റ) വായിരുന്നു. പ്രതിസന്ധികളിൽ ക്ഷമിക്കാനും പ്രതീക്ഷ പകരാനും ശൈഖ് മറന്നില്ല.1555 ൽ ഹുമയൂൺ ഡൽഹി കീഴടക്കുകയും മുഗൾ ഭരണം പുനസ്ഥാപിക്കുകയും ചെയ്തപ്പോൾ മുഹമ്മദ് ഗൗസ്(റ) ഗുജറാത്തിൽ നിന്ന് ഗ്വാളിയോറിലേക്ക് മടങ്ങിയെത്തി.1559 ൽ അക്ബർ ചക്രവർത്തി മുഹമ്മദ് ഗൗസ്(റ) വിന്റെ ഗ്വാളിയോറിലെ ഖാൻഖാഹ് സന്ദർശിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. തന്ത്രപ്രധാന രാഷ്ട്രീയ നീക്കങ്ങളിൽ അക്ബർ ചക്രവർത്തി മുഹമ്മദ് ഗൗസ്(റ) വിന്റെ സഹായം തേടിയിരുന്നു. മുഗൾ ചക്രവർത്തിമാർ നൽകിയ ഗ്വാളിയോറിലെ വിസ്തൃതമായ ഭൂപ്രദേശത്ത് മുഹമ്മദ് ഗൗസ്(റ) ഖാൻഖാഹ് സ്ഥാപിച്ചു. ഗ്വാളിയോറിലെ ഖാൻഖാഹ് കേന്ദ്രീകരിച്ചുകൊണ്ട് മതപരമായ മുന്നേറ്റം സാധ്യമാക്കുന്നതോടൊപ്പം മആരിഫുകളുടെ ജ്ഞാനമുത്തുകളിൽ കോർക്കപ്പെട്ട സമാഅ് സദസ്സുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രഗത്ഭ സംഗീതജ്ഞൻ മിയാൻ താൻസെൻ സ്മര്യപുരുഷനിൽ ആകൃഷ്ടനായി ഇസ് ലാം സ്വീകരിക്കുകയുണ്ടായി.
മിയാൻ താൻസെൻ
ക്ലാസിക്കൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവ് എന്ന പേരിൽ പ്രശസ്തനായ സംഗീതജ്ഞനായിരുന്നു മിയാൻ താൻസെൻ. രാംതനു എന്നായിരുന്നു താൻസെന്റെ ആദ്യപേര്. സ്വാമി ഹരിദാസിൽ നിന്ന് സംഗീതം സ്വാംശീകരിച്ച രാംതനു രേവായിലെ രാജാ രാമചന്ദ്രയുടെ കൊട്ടാര സംഗീതജ്ഞനായിരുന്നു. രാംതനുവിനെ ‘താൻസൻ’ എന്ന പദവി നൽകിയാദരിച്ചത് രാജാ വിക്രം ജിത്താണ്. ഒരിക്കൽ അക്ബർ ചക്രവർത്തി മിയാൻ താൻസന്റെ ഗുരുവിനെ കാണണമെന്നും അവരുടെ ഒരു ഗാനം കേൾക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ചക്രവർത്തിയെയും കൂട്ടി താൻസൻ തന്റെ ഗുരുവായ സ്വാമി ഹരിദാസിന്റെ സവിധത്തിലെത്തി. സ്വാമി ഹരിദാസ് താൻസന്റെയും വേഷപ്രച്ഛന്നനായി വന്ന അക്ബർ ചക്രവർത്തിയുടെയും മുന്നിൽ തന്റെ മാന്ത്രിക സ്വരങ്ങൾ കൊണ്ട് പാലാഴി തീർത്തു. ചക്രവർത്തിയും താൻസനും രാജ കൊട്ടാരത്തിലേക്ക് മടങ്ങി. പിന്നീടൊരു ദിവസം കൊട്ടാര കവിയായ താൻസനോട് ഗുരുവിനെപ്പോലെ ഒരു ഗാനം ആലപിക്കാൻ അക്ബർ ആവശ്യപ്പെട്ടു. എന്നാൽ ഗാനത്തിൽ തൃപ്തി വരാതിരുന്ന അക്ബർ തന്റെ ആവലാതി താൻസനോട് നേരിട്ട് ബോധിപ്പിച്ചു. അതുകേട്ട താൻസൻ ചക്രവർത്തിക്ക് നൽകിയ മറുപടി വളരെ രസകരമായിരുന്നു: “പ്രഭോ, ഞാനിപ്പോൾ പാടിയത് ഭാരത ചക്രവർത്തിക്ക് വേണ്ടിയായിരുന്നു, എങ്കിൽ എന്റെ ഗുരു പാടുന്നത് പ്രപഞ്ച ചക്രവർത്തിക്ക് വേണ്ടിയാണ്”
ഗ്വാളിയോറിലെ പ്രസിദ്ധ സൂഫിവര്യനായ മുഹമ്മദ് ഗൗസ് (റ) വിൽ ആകൃഷ്ടനായാണ് രാംതനു ഇസ്ലാം സ്വീകരിക്കുന്നത്. താൻസെന്റെ പ്രതിഭാവിലാസം മനസ്സിലാക്കിയ അക്ബർ ചക്രവർത്തി അദ്ദേഹത്തെ മുഗൾ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ‘മിയാൻ’ എന്ന ബഹുമതി നൽകുകയും ചെയ്തു. കൊട്ടാരത്തിലെ പഞ്ചരത്നങ്ങളിൽ പ്രധാനിയാവാൻ അദ്ദേഹത്തിന് കാലതാമസം ഉണ്ടായില്ല. താൻസെൻ ‘ദീപക് രാഗം’ പാടിയപ്പോൾ വിളക്കുകൾ സ്വയം തെളിഞ്ഞുവെന്നും ‘മേഘമൽഹാർ രാഗം’ പാടിയപ്പോൾ മഴ വർഷിച്ചുവെന്നുമാണ് ചരിത്രം. ധ്രുപദ്, ഖയാൽ, ഗസൽ, ധമർ, തരാന, തുംരി എന്നിവയാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന രാഗങ്ങൾ. ഇതിൽ ധ്രുപദ് രാഗത്തിന് ജനമനസ്സിൽ ജീവൻ നൽകിയത് മിയാൻ താൻസനായിരുന്നു. ധ്രുപദിന്റെ അർത്ഥം സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയ പദ്യം എന്നാണ്. 16-17 നൂറ്റാണ്ടുകളായിരുന്നു ധ്രുപദിന്റെ സുവർണ്ണകാലം. രാജാ മാൻസിംഗ് തോമറും അക്ബർ ചക്രവർത്തിയുമായിരുന്നു ധ്രുപദിന്റെ രക്ഷാകർത്താക്കൾ. മിയാൻ താൻസെൻ, ഹരിദാസ്, ബൈജു ബാവര, നായക് ഗോപാൽ, നായക് ബക്ഷു എന്നിവരായിരുന്നു ആ കാലത്തെ പ്രധാനപ്പെട്ട ധ്രുപദ് ഗായകർ. മിയാൻ കി ഭൈരവ്, ദർബാരി തോഡി, ദർബാരി കന്നഡ, മിയാൻ കി തോഡി, മിയാൻ കി മൽഹാർ, മിയാൻ കി മാന്ദ്, മിയാൻ കി സാരംഗ്, രാഗേശ്വരി തുടങ്ങിയ സംഗീത രാഗങ്ങൾ താൻസൻ ചിട്ടപ്പെടുത്തിയതാണ്. ഇത്ര വിഖ്യാതനായ ഈ സംഗീതജ്ഞൻ പിൽക്കാലത്ത് മുഹമ്മദ് ഗൗസ്(റ) വിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടനായി ഇസ് ലാം സ്വീകരിച്ചു എന്നത് ചെറിയ കാര്യമല്ല. ആ ആത്മീയ ബന്ധം ആ സംഗീതജ്ഞനിൽ ചെലുത്തിയ സ്വാധീനം അപാരമായിരുന്നു. അതുകൊണ്ടാണ് ഗ്വാളിയോറിലെ തന്റെ ആത്മീയ ഗുരുവായ മുഹമ്മദ് ഗൗസ് (റ) വിന്റെ മഖ്ബറക്ക് സമീപം മറമാടണമെന്ന് താൻസൻ തന്റെ പിൻഗാമികളോട് വസ്വിയത്ത് ചെയ്തത്. ആ അന്ത്യാഭിലാഷം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.
അക്ബർ ചക്രവർത്തിയുടെ കാലഘട്ടത്തിൽ ഇസ് ലാമിക വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും തനത് വഴികളിൽ നിന്നും മാറി സാംസ്കാരിക മിശ്രണത്തിന്റെ പുതിയൊരു പ്രവണത ശക്തിപ്പെട്ടിരുന്നു. ഒടുവിലത് ദീനെ ഇലാഹി പോലുള്ള വിശ്വാസ വ്യതിയാനം സംഭവിച്ച പുതിയൊരു മതവിശ്വാസം തന്നെയായി രൂപാന്തരപ്പെട്ടു. സർവ്വമത സത്യവാദ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്തുത ധാര സ്ഥാപിച്ചത് അക്ബർ ചക്രവർത്തിയായിരുന്നു. അക്ബർ ചക്രവർത്തിയുടെ വ്യതിയാനഭാവമുള്ള പ്രവണതകളെ നേരിട്ടെതിർക്കാൻ സാധിക്കാതിരുന്ന ചില ശത്വാരി ശൈഖന്മാർ ഈ പ്രവണതകളോട് മൗനം അവലംബിച്ചപ്പോൾ അത് ഇസ് ലാമിക വിശ്വാസങ്ങൾക്കും ഇസ് ലാമിന്റെ അനന്യമായ സാംസ്കാരിക സവിശേഷതകൾക്കും വലിയ പരുക്കുകളുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് അക്ബർ ചക്രവർത്തിയുടെ ചെയ്തികൾക്കെതിരെ സൂഫിസത്തിന്റെ പേരിൽ അക്കാലത്ത് പ്രചരിച്ചുകൊണ്ടിരുന്ന വ്യതിചലനപരമായ വിശ്വാസാചാരങ്ങൾക്കെതിരെ അക്കാലത്ത് പ്രമുഖരായ പല സ്വൂഫികളും രംഗത്ത് വരികയും വ്യതിചലനങ്ങളെ തിരുത്തുന്ന വൈജ്ഞാനിക നവീകരണ യത്നങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തത്. ബഹുമാനപ്പെട്ട അഹ് മദ് സർഹിന്ദി(റ) യുടെ കാലോചിതമായ നവീകരണ യത്നങ്ങൾ വഴി ഈ വ്യതിചലനങ്ങൾ ശക്തമായി ചോദ്യം ചെയ്യപ്പെടുകയും സൂഫിസത്തിന്റെ പേരിലുള്ള ദുരാചാരങ്ങളും വിശ്വാസങ്ങളും വിപാടനം ചെയ്യാൻ പ്രയത്നങ്ങൾ ശക്തിപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലം കൂടി തിരിച്ചറിഞ്ഞുകൊണ്ടു വേണം താൻസൻ ഉൾപ്പെടെയുള്ളവരുടെ സംഗീതസംഭാവനകളെയും പിൽക്കാലത്ത് അദ്ദേഹത്തിൽ സംഭവിച്ച മാറ്റങ്ങളെയും അക്കാലത്തെ പൊതുവായ സാംസ്കാരികമായ സങ്കലന പശ്ചാത്തലങ്ങളെയും നാം വിലയിരുത്തേണ്ടത്.
സ്വാധീനം
മുഹമ്മദ് ഗൗസ്(റ) വിന്റെ ഖലീഫമാരുടെയും മുരീദുമാരുടെയും പ്രബോധന മണ്ഡലങ്ങൾ കോർത്തിണക്കുമ്പോൾ മാത്രമാണ്, മഹാന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്വാധീനം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മക്ക,ബഗ്ദാദ്, സമർഖന്ദ്, ഡൽഹി, ലാഹോർ, ഗുജറാത്ത്,ബംഗാൾ, സിന്ധ്,നാഗോർ,ലഖ്നൗ,മീററ്റ്, ജോൺപൂർ, കാണ്ഡഹാർ, ഹാൻസി, താനീസർ, ബീജാപൂർ, ഗുൽബർഗ, നാഗൂർ തുടങ്ങിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനകത്തും പുറത്തും മുഹമ്മദ് ഗൗസ്(റ) വിന്റെ ശിഷ്യസമ്പത്ത് വ്യാപിച്ചു കിടക്കുന്നു. പ്രത്യേകിച്ച് ഗുജറാത്തിന്റെ ആത്മീയ നവോത്ഥാനത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ശൈഖ് വജീഹുദ്ധീൻ(റ) ശൈഖ് ലശ്കർ മുഹമ്മദ് (റ), സിന്ധിലെ ശൈഖ് ഈസ(റ), ബംഗാളിന്റെ ആത്മീയ ചക്രവർത്തി ശൈഖ് അലി ഷേർ(റ), ജോൺപൂരിലെ ശൈഖ് സ്വദ്റുദ്ധീൻ(റ), മാണ്ടുവിലെ ശൈഖ് ശംസുദ്ധീൻ (റ),ജാമൂദിലെ ശൈഖ് വദൂദുല്ല(റ), നാഗൂരിലെ സയ്യിദ് ഷാഹുൽ ഹമീദ്(റ) തുടങ്ങിയ മുഹമ്മദ് ഗൗസ്(റ) വിന്റെ പ്രധാനികളായ ഖലീഫമാരിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആത്മാവിൽ ശത്ത്വാരിയ്യ ആത്മീയധാര ആഴ്‌ന്നിറങ്ങി. മഹത്തായ ഈ ആത്മീയ ധാരയിൽ നിസ്ബത്തുള്ളവരായിരുന്നു പൊന്നാനി വലിയ സൈനുദ്ദീൻ മഖ്ദൂം(റ). ചിശ്തി ധാരയിൽ ബഹുമാനപ്പെട്ട ഫരീദുദ്ദീൻ ഗൻജെ ശകർ(റ) വഴി വരുന്ന ഒരു സിൽസിലയിൽ പ്രാതിനിധ്യമുണ്ടായിരുന്ന സൈനുദ്ദീൻ മഖ്ദൂം കബീർ(റ) വിന് നാഗൂർ ശൈഖ് വഴി വരുന്ന ഈ ശത്വാരിയ്യ ധാരയിലും നിസ്ബത്തുണ്ടായിരുന്നു. അതുവഴി നാം കേരളീയരിലും ഈ സിൽസിലയുടെ സ്വാധീനമുണ്ടായിരുന്നു എന്ന് കാണാം.
റഫറൻസുകൾ
1.സയ്യിദ് മുഹമ്മദ് ഹുസൈൻ ഖാദിരി, സവാനിഹ് ഹയാതെ ഖാദിർ വലി,ജമീൽ പ്രിന്റിംഗ് പ്രസ്സ്,നാഗൂർ, തമിഴ്നാട്,
2.പ്രൊ മുഹമ്മദ് മസ്‌ഊദ് അഹ്മദ്, ഹള്റത്ത് ശാഹ് മുഹമ്മദ് ഗൗസ് ഗ്വാളിയാറി,ഇദാറ മസ്ഊദിയ്യ,കറാച്ചി, പാകിസ്ഥാൻ,1964
3.SOCIO-POLITICAL LIFE IN INDIA DURING 16 th _ 17 th CENTURIES AS REFLECTED IN THE SUFI LITERATURE,KAMAL AKHTAR,
ALIGARH MUSLI M UNIVERSITY,ALIGARH, 2008
4.The legend of Mian Tansen,The hindu,March 01, 2018