യാസിർ ബിൻ മുഹമ്മദ്:
മുഹറം അശുഭ വൃത്താന്തങ്ങളുടേതല്ല, ശുഭ വൃത്താന്തങ്ങളുടേതാണ്. സത്യവിശ്വാസികൾക്ക് ശുഭ വൃത്താന്തവും സത്യനിഷേധികൾക്ക് അശുഭ വൃത്താന്തവുമാണത്. മുഹറത്തിന്റെ ചരിത്രവും വിമോചന മൂല്യവും അവലോകനം ചെയ്യുന്ന കുറിപ്പ്.
മനുഷ്യകുലത്തിന്റെ ഇന്നോളമുള്ള ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന നിർണ്ണായകമായ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായ വിശേഷപ്പെട്ട മാസമാണ് മുഹറം. സത്യവിശ്വാസികൾക്ക് വിമോചനവും വിജയവും സമ്മാനിച്ച സത്യനിഷേധികൾക്ക് പതനവും നാശവും നൽകിയ ഈ മാസം സത്യവിശ്വാസികളുടെ പുതുവർഷാരംഭമായത് തികച്ചും സ്വാഭാവികമാണ്. പവിത്രമായ മുഹറം ആദ്യ മാസമായി പരിഗണിച്ച് ഹിജ്റ കലണ്ടർ രൂപീകരിച്ചത് ഉമർ(റ) വിൻ്റെ ഭരണ കാലത്താണ്. നബി(സ്വ) യുടെയും തിരുസ്വഹാബത്തിൻ്റെയും ത്യാഗനിർഭരമായ മദീനാ പാലായനം(ഹിജ്റ) നടന്നത് മുഹറം മാസത്തിൽ ആയതുകൊണ്ടാണ് മുഹറം മുതൽ ഹിജ്റ കലണ്ടർ ആരംഭിക്കുന്നത്. ഹിജ്റയെന്നാൽ ദീനിന്റെ താത്പര്യങ്ങൾക്കെതിരാകുന്ന എല്ലാ പ്രവണതകളിൽ നിന്നുമുള്ള ഒരു വിമോചന യാത്രയാണ്. ജനിച്ചനാടും വീടും ബന്ധുജനങ്ങളും ആവാസ സംവിധാനങ്ങളും ജീവിതോപാദികളും ഉപേക്ഷിച്ച് അല്ലാഹുവിൽ പ്രതീക്ഷവെച്ച് പുതിയ ഭൂമിക തേടിയുള്ള ഒരു പ്രയാണമാണത്. അഥവാ അല്ലാഹുവിന്റെയും അവന്റെ ഹബീബായ റസൂൽ(സ്വ) തങ്ങളുടെയും താത്പര്യങ്ങൾക്കെതിരായ സർവ്വ പ്രവണതകളിൽ നിന്നുമുള്ള പലായനം. തിരുനബി(സ്വ) തങ്ങളുടെയും സ്വഹാബത്തിന്റെയും ജീവിതത്തിലെ വളരെ നിർണ്ണായകമായ ഒരു സന്ദർഭമായിരുന്നു മക്കയിൽ നിന്ന് മദീനയിലേക്കുള്ള പലായനം. മഹത്തായ ഈ ചരിത്രമുഹൂർത്തത്തെ കാലചക്രത്തിന്റെ അനന്തമായ പ്രവാഹഗതിയിലെ ഒരു സംക്രമണ സന്ധിയായി അടയാളപ്പെടുത്താനാണ് മുഹറം ആദ്യമാസമായി ഹിജ്റ കലണ്ടർ രൂപപ്പെടുത്തിയത്.
മുഹറം എന്ന വാക്കിന് പവിത്രമായത്, നിഷിദ്ധമായത് എന്നെല്ലാം അർത്ഥങ്ങളുണ്ട്. യുദ്ധങ്ങൾ പതിവായ കാലത്ത് തന്നെ യുദ്ധം നിഷിദ്ധമായി പ്രഖ്യാപിക്കപ്പെട്ട പരിശുദ്ധ മാസമാണത്. മറ്റു മാസങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായി പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായി എന്നതാണ് മുഹറമിന്റെ മറ്റൊരു പ്രത്യേകത. അമ്പിയാക്കളുടെയും മറ്റ് മഹത്തുക്കളുടെയും ജീവിതത്തിലെ നിർണായകമായ പല ചരിത്രസംഭവങ്ങളും അരങ്ങേറുന്നതിന് മുഹറത്തെ അല്ലാഹു തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ അവയത്രയും മുഹറമിലായത് കേവലം യാദൃശ്ചികമാണെന്ന് പറയാനൊക്കുമോ? നേരത്തെ തീരുമാനിക്കാത്ത വല്ല കാര്യവും അല്ലാഹു പ്രവർത്തിക്കുമോ?
മഹാരഥന്മാർക്ക് അനുഗ്രഹ നിമിഷങ്ങൾ സമ്മാനിച്ച മുഹറം അതേസമയം തന്നെ ധിക്കാരികളുടെ പതനത്തിനും സാക്ഷിയായിട്ടുണ്ട്.
സ്വന്തം നഫ്സിനോട് അതിക്രമം ചെയ്ത് സ്വർഗ്ഗീയാസ്വാദനങ്ങളിൽ നിന്ന് ഭ്രഷ്ടരായ ആദം നബി(അ) നെയും ഹവ്വ ബീവി(റ) യെയും ഭൂമിയുടെ വിജനതയിലേക്കയച്ച് അവർക്ക് പരീക്ഷണത്തിൻ്റെ നാളുകൾ അഭിമുഖീകരിപ്പിച്ച അല്ലാഹു അവരുടെ പശ്ചാതാപത്തിൻ്റെ കണ്ണീരുപ്പുള്ള അർത്ഥനകൾക്ക് പ്രത്യുത്തരമായി പാപമോചനം നൽകിയതും പുന:സമാഗത്തിൻ്റെ മധുര നിമിഷങ്ങൾ അനുഗ്രഹമായ് വർഷിച്ചതും മുഹറം മാസത്തിലായിരുന്നു, കഠിനമായ പരീക്ഷണങ്ങളിൽ നിന്ന് രക്ഷയുടെ തീരത്തേക്കണഞ്ഞ നൂഹ്(അ), ഇബ്രാഹിം(അ), മൂസ(അ), യൂനുസ്(അ), യൂസുഫ്(അ), അയ്യൂബ്(അ) തുടങ്ങിയ അമ്പിയാക്കളുടെ ചരിത്രകഥകൾ പറയുന്നത് മുഹറമിൻ്റെ അനുഗ്രഹ ചിത്രങ്ങളാണെങ്കിൽ അധികാരത്തിൻ്റെ ഹുങ്കാരഭാവത്തിൽ ദൈവവാദം പോലും നടത്തിയ നംറൂദിൻ്റെയും ഫിർഔനിൻ്റെയും നീചമായ പതനത്തിൻ്റെ കഥകളും മുഹറത്തിന് പറയാനുണ്ട്. സത്യവിശ്വാസികൾക്ക് വിമോചനവും സത്യനിഷേധികൾക്ക് പതനവുമായി ഭവിച്ച മുഹറത്തിലെ നിർണ്ണായക സംഭവങ്ങളെല്ലാം മുഹറം പത്തിലാണ് സംഭവിച്ചിട്ടുള്ളത്. ആദം നബി(അ)ന്റെ തൗബ അല്ലാഹു സ്വീകരിച്ചത് മുഹറം പത്തിലാണ്. ഇദ്രീസ് നബി(അ)നെ ഉയർന്ന പദവികൾ നൽകി ആദരിച്ചതും നൂഹ് നബി(അ)നെ കപ്പലിൽ നിന്ന് പുറത്തിറക്കിയതും ഖലീലുല്ലാഹി ഇബ്രാഹിം നബി(അ)നെ തീക്കുണ്ഠാരത്തിൽ നിന്നും രക്ഷപ്പെടുത്തിയതും മൂസാ നബി(അ)ക്ക് തൗറാത്ത് ലഭിച്ചതും യൂസുഫ് നബി(അ)നെ ജയിലിൽ നിന്ന് മോചിപ്പിച്ചതും യഅ്കൂബ് നബി(അ)ക്ക് കണ്ണിന്റെ കാഴ്ച തിരിച്ചു ലഭിച്ചതും അയ്യൂബ്(അ)ന്റെ രോഗം ശിഫയായതും മൂസാ നബി(അ)യെയും ബനൂ ഇസ്രാഈല്യരെയും അല്ലാഹു സമുദ്രത്തെ ഭേദിച്ച് രക്ഷപ്പെടുത്തി ശത്രുവായ ഫിർഔനെയും പരിവാരങ്ങളെയും കടലിൽ മുക്കിയതും സുലൈമാൻ നബി(അ)ന് അല്ലാഹു രാജാധികാരം നൽകിയതും ആകാശത്തിൽ നിന്ന് ആദ്യമായി മഴ വർഷിച്ച ദിവസവും ആദ്യമായി ഭൂമിയിലേക്ക് അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങിയ ദിവസവും മുഹറം പത്താണ്. ഇവിടെ പരാമർശിച്ച സംഭവ പരമ്പരകളെല്ലാം മനുഷ്യകുലത്തിന്റെ വിമോചന ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളാണ്. എന്നാൽ സയ്യിദുനാ ഇമാം ഹുസൈൻ(റ)വിന്റെ ശഹാദത്തിന്റെ ദിനം മുഹറം പത്തായതിനാൽ അത് വിലാപത്തിന്റെയും വിപത്തിന്റെയും ദിനമായി ആചരിക്കുന്നവരാണ് ഇസ്ലാമിലെ അവാന്തര ധാരയായ ശിഈകൾ. വാസ്തവത്തിൽ അല്ലാഹു ഉന്നതമായ സ്ഥാനമഹത്വങ്ങൾ നൽകി ഏകാധിപതികളുടെ അധികാരാധിപത്യങ്ങളിൽ നിന്ന് പ്രവാചക പ്രൗത്രരായ സയ്യിദുനാ ഇമാം ഹുസൈൻ(റ) വിനെ വിമോചിപ്പിച്ച് ആ നാമം അനശ്വരമാക്കിയ ദിനമാണത്. സ്വർഗീയ യുവാക്കളുടെ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ഇമാം ഹുസൈൻ(റ) വിന്റെ ധീര രക്തസാക്ഷിത്വത്താൽ സവിശേഷമാക്കപ്പെട്ട മുഹറം പത്ത് അങ്ങനെ പൂർവ്വീക വിമോചന ചരിത്രങ്ങളോട് കണ്ണിചേരുക തന്നെയാണ്. അതിനാൽ മുഹറം പത്ത് വിലാപത്തിനുള്ളതല്ല, പ്രത്യുത വിമോചന പാഠങ്ങൾ പങ്ക് വെക്കാനുള്ളതാണ്. അഥവാ ഓരോ മുഹറമിലും ചരിത്രകഥകൾ അനുസ്മരിക്കുന്നതിനപ്പുറം നമ്മുടെ ജീവിതത്തിലേക്ക് കൊളുത്തിവെക്കാൻമാത്രം എന്തു പാഠങ്ങളാണിവ ഉൽപാദിക്കുന്നതെന്ന ആലോചനകളാണ് പ്രധാനം.
ശത്രുക്കളിൽ നിന്നുള്ള മഹത്തായ വിമോചനവും വിശ്വാസദൃഢതയുടെ അനശ്വര വിജയവും അഹങ്കാരത്തിൻ്റെ ആത്യന്തിക പതനവും നമുക്ക് മുഹറം സമ്മാനിക്കുന്ന ആത്മീയ പാഠങ്ങളാണ്. ചരിത്രങ്ങളോടൊപ്പം ആവർത്തിച്ച് നാം മനസ്സിലാക്കേണ്ടതും ഇത്തരം പാഠങ്ങളാണ്.
പരീക്ഷണ രഹിത ജീവിതം ഇഹലോകത്ത് അസാധ്യമാണ്. വരുംകാലജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന സകല പരീക്ഷണങ്ങൾക്കും മുമ്പിൽ സഹനശീലരായി ഇലാഹിൽ പ്രതീക്ഷയർപ്പിച്ച് മുന്നോട്ടു സഞ്ചരിക്കാനായാൽ വിജയം നമുക്ക് സുനിശ്ചിതമായിരിക്കും.”പ്രയാസത്തിനു പിന്നാലെ എളുപ്പം സുനിശ്ചിതമാണ്”(ഖുർആൻ). മത്സ്യത്തിൻ്റെ വയറ്റിൽ കിടക്കുമ്പോഴും യൂനുസ് നബി(അ)ന് തുണയായത് ഈ ചിന്തയാണ്. മദീനാ പലായനത്തിൻ്റെ സമയത്ത് സൗർ ഗുഹയിൽ അബൂബക്ർ(റ) വിനെ തിരുനബി(സ്വ) സമാശ്വസിപ്പിച്ചതും അല്ലാഹുവിന്റെ സാമീപ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചായിരുന്നു. لا تحزن إن الله معنا ”പേടിക്കേണ്ട അല്ലാഹു നമ്മോടൊപ്പമുണ്ട്”.
തീർച്ചയായും പ്രതിസന്ധിഘട്ടങ്ങളിലും സാധാരണ ജീവിതത്തിലും അല്ലാഹുവിന്റെ ഈ സാമീപ്യാനുഭവത്തെ സത്യവിശ്വാസികൾ പോലും വിസ്മരിച്ചിരിക്കുന്നുവെന്നതാണ് വർത്തമാന കാലത്തിലെ ഏറ്റവും വലിയ ദുര്യോഗം. ഈമാനിന്റെ ഉന്നതമായ ഈ വിതാനത്തെയാണ് സത്യവിശ്വാസികൾ വീണ്ടെടുക്കേണ്ടത്. തിരുനബി(സ്വ) തങ്ങളിൽ നിന്നുള്ള താഴെ ഉദ്ധരിക്കുന്ന ഈ തിരുമൊഴി നമ്മെ മാർഗദർശനം ചെയ്യുന്നതും ഉന്നതമായ ഈ ഈമാൻ സമാർജ്ജിക്കാനാണ്. أفضل الإيمان أن تعلم أن الله معك حيث ما كنت ”നീ എവിടെയാണെങ്കിലും അല്ലാഹു നിന്റെ കൂടെയുണ്ടെന്ന് നീ അറിയലാണ് ഏറ്റവും ശ്രേഷ്ഠമായ ഈമാൻ.”
ശത്രുക്കൾക്കെതിരെ സന്ധിയില്ലാ സമരം നടത്തിയാൽ സത്യപക്ഷത്തിന് വിജയം ഉറപ്പാണെന്ന പാഠവും മുഹറം പകർന്നു തരുന്നുണ്ട്.
പ്രത്യക്ഷമായ ശത്രുക്കളേയും ആത്മാവിനെ നാശത്തിലേക്ക് തള്ളിവിടുന്ന ശത്രുക്കളെയും നാം സൂക്ഷിക്കേണ്ടതുണ്ട്. ദുൻയാവ്, നഫ്സ്, ശൈത്വാൻ ഇവയാണ് ആത്മാവിന്റെ ശത്രുക്കളെന്ന് ഇബ്നു അത്വാഇല്ലാഹിസ്സിക്കന്തരി(റ) പറയുന്നുണ്ട്. വർഷാരംഭത്തിൽ തന്നെ അവയെ പ്രതിരോധിക്കാനുള്ള കരുതലും പരിശ്രമവും നമുക്കുണ്ടായാൽ അല്ലാഹു നമ്മെ വിജയിപ്പിക്കും. പ്രധാനമായും മൂന്നു കാര്യങ്ങളാണ് അതിന് ശ്രദ്ധിക്കേണ്ടത്.1.അള്ളാഹുവിന്റെ വിധിവിലക്കുകൾ പരിഗണിച്ചുള്ള ജീവിതം. 2.അല്ലാഹുവുമായുള്ള ഉടമ്പടി പാലിക്കൽ. 3.അല്ലാഹുവുമായുള്ള ദർശനാനുഭവങ്ങളിൽ മുഴുകൽ. മനുഷ്യന് ആന്തരികവും ബാഹ്യവുമായി അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ അല്ലാഹുവിന്റെ തൃപ്തിയിലേക്കും താത്പര്യങ്ങളിലേക്കും മാത്രമായി ക്രമപ്പെടുത്തുക എന്നതാണ് ഇതിന്റെ സംക്ഷിപ്ത സാരം. അഥവാ ശരീരം ഇബാദത്തുകളെ കൊണ്ടും ഹൃദയം അല്ലാഹുവിന്റെ ദിക്റുകളെ കൊണ്ടും ആത്മാവ് അല്ലാഹുവിന്റെ മുശാഹദകൊണ്ടും(ദർശനാനുഭവം) ധന്യമാക്കുക. തീർച്ചയായും മുഹറമിന്റെ സന്ദേശവും പാഠവും ഇതുതന്നെയാണ്.