ഡോ: ആർ.എസ്. അബ്ദുല്ലത്വീഫ്:
മൊഴിമാറ്റം: ഫാഇസ കെ.എസ്.
ഇന്ത്യയിലെ ഇസ്ലാമിക ആവിർഭാവ ചരിത്രത്തിൽ സവിശേഷമായ അവഗാഹമുള്ള കായൽ പട്ടണത്തിന്റെ ഇസ്ലാമിക ചരിത്രം The concise history Of kayalpattanam എന്ന പേരിൽ സംഗ്രഹിച്ച പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ: ആർ.എസ്. അബ്ദുല്ലത്വീഫ് സാഹിബ് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ തൊട്ടുമുമ്പ് തയ്യാറാക്കിയ കായൽപട്ടണത്തെ ആദ്യ മുസ്ലിം അധിവാസത്തെ കുറിച്ചുള്ള ഒരു പഠന പ്രബന്ധത്തിന്റെ പരിഭാഷയാണിത്. First Settlment of arabs in kayalpatnam, tamil nadu, south india എന്ന ശീർഷകത്തിലുള്ളതാണ് ഈ പഠന ലേഖനം. കായൽപട്ടണം സ്വദേശിയും പ്രമുഖ ബഹുഭാഷാ പണ്ഡിതനും ഡോ: ആർ.എസ്. അബ്ദുല്ലത്വീഫ് സാഹിബിന്റെ ബന്ധുവും ഗ്രന്ഥകാരനുമായ മുഹമ്മദ് സുൽത്വാൻ ബാഖവിയാണ് ഇത് അകമിയത്തിൽ പ്രസിദ്ധീകരിക്കാൻ നൽകിയത്. നവാഗതയായ ഫാഇസ കെ.എസ്. ആണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. സ്വഹാബികളുൾപ്പെടെയുള്ളവരുടെ മേഖലയിലെ ആദ്യകാല സാന്നിധ്യത്തെ സംബന്ധിച്ച് അത്യപൂർവ്വമായ വിവരങ്ങളുൾക്കൊള്ളുന്ന ഈ പ്രബന്ധം പുതിയ ഗവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കും പ്രചോദനമാണെന്നത് തീർച്ചയാണ്.
ഇന്ത്യയിലെ ഒരു പുരാതന ചരിത്ര നഗരമാണ് കായൽപട്ടണം. ഇന്ത്യൻ ഉപദ്വീപിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തൂത്തുകുടി ജില്ലയിലെ ഒരു മുസ്ലിം ഭൂരിപക്ഷ നഗരമാണിത്. ഔപചാരികമായി അത് തിരുനൽവേലി ജില്ലയിലായിരുന്നു. മദ്രാസ്സിൽ നിന്ന് 400 മൈലും തിരുവനന്തപുരത്ത് നിന്നും മധുരയിൽ നിന്നും 100 മൈലും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇസ് ലാമിന്റെ ആവിർഭാവത്തിന് മുമ്പ് തന്നെ കായൽപട്ടണം മുഖ്യ വ്യാപാരകേന്ദ്രമായിരുന്നു. അറബികളും ചൈനക്കാരും ഗ്രീക്കുകാരും പതിവായി സന്ദർശകരായിരുന്ന മഅ്ബറിന്റെ പ്രധാന തുറമുഖമായിരുന്നു ഇത്. നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് മുസ്ത്വഫാ(സ്വ) തങ്ങളുടെയും ആദ്യത്തെ നാല് ഖലീഫമാരുടെയും ജീവിത കാലത്ത് ഇസ്ലാമിക മത പ്രബോധകരെ അറേബ്യയിൽ നിന്ന് സമാധാന ദൗത്യം പ്രചരിപ്പിക്കാൻ മഅ്ബറിലേക്ക് അയച്ചു.
നമ്മുടെ മഹാനായ പ്രവാചകൻ മുഹമ്മദ് നബി(സ്വ) തങ്ങൾ ജനിച്ചത് മക്ക നഗരത്തിലാണ്. കൂടാതെ മറ്റൊരു പ്രശസ്ത നഗരമായ മദീനയിലേക്ക് തിരുനബി(സ്വ) തങ്ങൾ പലായനം ചെയ്യുകയും ചെയ്തതിനാൽ അറേബ്യയെ കുറിച്ച് തുടക്കത്തിൽ തന്നെ സാമാന്യ വിവരങ്ങൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ആദ്യത്തെ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം കൂടിയാണ് മദീന.
നബി(സ്വ) തങ്ങളുടെ ജീവിതകാലത്ത് അറേബ്യൻ ഉപദ്വീപ് പൂർണ്ണമായും ഇസ്ലാമിന്റേതായി മാറി. ഈ അറേബ്യൻ രാജ്യം ഇസ്ലാമിക വൈഭവത്തിന്റെ ആദ്യ കേന്ദ്രമായിരുന്നു. ഈ രാജ്യത്തും ആ രാജ്യത്തെ ഭാഷയായ അറബി ഭാഷയിലുമാണ് വെളിപാടുകൾ ഇറക്കപ്പെട്ടത്. അവസാനത്തെ സ്വർഗീയ വേദഗ്രന്ഥമായ പരിശുദ്ധ ഖുർആനിന്റെ ഭാഷയാണത്. അന്ത്യനാൾ വരെ ലോകത്തിലെ എല്ലാ രാജ്യക്കാർക്കും സന്മാർഗത്തിന്റെ ഉറവിടമാണിത്. ഈ അറേബ്യൻ രാജ്യത്ത് നിന്നാണ് ഇസ്ലാമിന്റെ വെളിച്ചം ലോകമെങ്ങും പരന്നത്.
മക്കാ നഗരത്തിലാണ് പുരാതന ഭവനമായ കഅ്ബ സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മുസ്ലിമീങ്ങൾ വന്ന് അറഫാ മൈതാനത്ത് ഒരുമിച്ചുകൂടി അല്ലാഹുവിനെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അവന്റെ നാമത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിനെ ധനികരും ദരിദ്രരും ഒരുമിച്ചു സ്തുതിക്കുന്നത് നാം ഇവിടെ കാണുന്നു. അറേബ്യ ലോകത്തിനാകെയും വെളിച്ചവും മാർഗദീപവുമാണ്.
മാർക്കോ പോളോ കായൽപട്ടണത്തെ സംബന്ധിച്ച് നൽകുന്ന ചില വിവരങ്ങൾ ഇപ്രകാരമാണ്: (മാർക്കോ പോളോസ് വ്യൂ: ബുക്ക്: 2, പേജ്: 370)
കായൽ എന്നത് കുലീനവും മഹത്തായതുമായ ഒരു നഗരമാണ്. ഇത് അഞ്ച് സഹോദര രാജാക്കന്മാരിൽ മൂത്തവനായ അഷറിന്റെ ഉടമസ്ഥതയിലുള്ളതാണ്. പടിഞ്ഞാറ് നിന്ന് വരുന്ന എല്ലാ കപ്പലുകളും ഈ നഗരത്തെ സ്പർഷിക്കുന്നു. എന്നതു പോലെ കിസ്, ഏദൻ എന്നിവിടങ്ങളിൽ നിന്നും അറേബ്യയുടെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും കുതിരകളെയും മറ്റ് വാണിജ്യവിഭവങ്ങളെയും കയറ്റി ജനങ്ങൾ കായൽ നഗരത്തിലേക്ക് വരുന്നു. ഇക്കാരണത്താൽ രാജ്യമൊട്ടുക്കുമുള്ള കച്ചവട സമൂഹം ഇങ്ങോട്ട് ആകർഷിക്കപ്പെടുന്നു. അതിനാൽ ഈ കായൽ എന്ന പ്രദേശത്ത് വളരെയേറെ വ്യാപാരങ്ങൾ നടക്കുന്നു.
ദക്ഷിണേന്ത്യയിലെ മഅ്ബറ് മേഖലയിലെ കോറമണ്ഡൽ തീരത്തുള്ള പഴയ കായൽ എന്ന തുറമുഖത്തെ മാർക്കോപോളോ വിവരിക്കുന്നത് നോക്കുക: തമിഴ്നാട്ടിലെ മന്നാർ ഗൾഫിന്റെ(ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും അറബിക്കടലും പരസ്പര ബന്ധിതമായി വലയം ചെയ്തുകിടക്കുന്ന പ്രദേശങ്ങൾ) തീരത്തും, പഴയ ഭൂപടങ്ങളിൽ കാണിച്ചിരിക്കുന്നതു പോലെ കായൽപട്ടണത്തിന്റെ സ്ഥാനത്ത് ഇപ്പോൾ 834 വടക്കും 788 കിഴക്കും തിരുചെന്തൂർ നിന്ന് ഏകദേശം 11 കിലോമീറ്റർ വടക്ക് കായൽ പട്ടണം എന്ന ചെറുപട്ടണം കാണാം.
കായൽപട്ടണം കാണിക്കുന്ന ഭൂപടം പുന്നക്കായൽ, പഴയ കായൽ, കൊർകൈ എന്നിവയുടെ നിലവിലുള്ള ഗ്രാമങ്ങൾ കാണിക്കുന്നത് 1.250.000 ഭൂപടത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. (Tuticorin US Army service, India and Pakistan series map No: NC 4413 Washigton DC 1953) കായൽപട്ടണത്തെ ജനസംഖ്യയുടെ ഏകദേശം 5 ശതമാനം പ്രധാനമായും മത്സ്യ തൊഴിലാളികൾ, കൽപ്പണിക്കാർ അല്ലെങ്കിൽ കരകൗശല തൊഴിലാളികളായ ക്രിസ്ത്യാനികളും മറ്റ് തൊഴിലുകൾ ചെയ്യുന്ന ചെറിയ ഒരു സമൂഹം ഹിന്ദുക്കളുമുൾപ്പെടുന്നതാണ്. കായൽപട്ടണത്തെ മുസ്ലിം സമൂഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇ. തേഴ്സറ്റന്റെയും കെ. രംഗാചാരിയുടെയും പഠനങ്ങൾ കാണുക.
(Cast and tribes Of southern india madras 1909 III, 267 Under kayalar, H.R pate, madrass district gazetters, Thirunalveli District 1 madras, 1917, 98.9, 499-501, susan Baily, saints, goddesss and kings, muslim and chrisyians in south indian society 1700-1900, cambridge 1989, 78-86, 350-15 ARIE, 1947-8 B102-5, 1949-50, B374-91, 1965-6 D158, 1971-2 D135, 1976- 7 D306-19, ETAPS, 1951-2, 29þ32 Also see Appendix II)
കായൽപട്ടണത്ത് ഏതാണ്ട് മുഴുവനായും മുസ്ലിമീങ്ങളാണ് അധിവസിക്കുന്നത്. ഇവരുടെ ചർമ്മത്തിന്റെയും കണ്ണുകളുടെയും ഇളം നിറവും മറ്റ് ശാരീരിക സവിശേഷതകളും തമിഴരുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. പഴയ തുറമുഖത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് അവരുടെ പട്ടണം. പ്രസിദ്ധമായ പഴയ തുറമുഖത്തിന് സമാനമായി ഇപ്പോഴും പ്രാദേശികമായി(Qail) കായൽ എന്ന പേര് ഉപയോഗിക്കുന്നു. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള പാരമ്പര്യം അവർക്കുണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ ഭാഗങ്ങളിൽ നിന്നാണ് അവരെത്തിയത്.
വാസ്തുമാതൃകകൾ, പുരാവസ്തു അവശിഷ്ടങ്ങൾ തുടങ്ങിയവ കൂടാതെ പത്താം നൂറ്റാണ്ടിന്റെ അവസാനം മുതലുള്ള ശിലാശാസനങ്ങളും ലിഖിതങ്ങളും കായൽപട്ടണത്തിന്റെ ഗണ്യമായ ചരിത്ര പാരമ്പര്യങ്ങളുടെ പഴക്കം വ്യക്തമാക്കുന്നുണ്ട്.
ദൈവാനുഗ്രഹത്താൽ ഏതാനും വർഷങ്ങൾക്കു മുമ്പ് കടൽകരൈ മസ്ജിദിനും കറുപ്പുടയാർ മസ്ജിദിനുമിടയിൽ ഒരു അപൂർവ്വമായ ശിലാ ലിഖിതം കണ്ടെത്തുകയുണ്ടായി. ഈ പ്രദേശങ്ങളെ കോസ്മറൈ എന്നാണ് വിളിക്കപ്പെടുന്നത്. കടലിനോട് വളരെ അടുത്ത തീര പ്രദേശമാണിത്. അറബി ഭാഷയിലുള്ള ഈ ലിഖിതം ഇവിടുത്തെ ആദ്യത്തെ പള്ളിയുടെ നാമം മസ്ജിദുൽ ഈമാൻ എന്നാണെന്ന് കൃത്യമായി സൂചിപ്പിക്കുന്നു. ഹിജ്റ 9 ാം വർഷം(എ.ഡി. 630) താഴെ പറയുന്ന സ്വഹാബിമാരാൽ നിർമ്മിക്കപ്പെട്ടതാണ് ഈ പള്ളിയെന്നും ഈ രേഖ സാക്ഷ്യപ്പെടുത്തുന്നു.
1) ഖാലിദുബ്നു സഈദ്ബ്നു അൽ ആസ്സ്(റ)
2) തബീദ്ബ്നു ഖൈസ്ബ്നു സുമാസ്(റ)
3) അബ്ദുല്ലാഹിബ്നു സഅദ്ബ്നു അബൂസറാ(റ)
4) അബ്ദുല്ലാഹിബ്നു അബ്ദുല്ലാഹിബ്നു ഉബൈയ്യ്(റ)
5) അബ്ദുല്ലാഹിബ്നു അബ്ദുൽ അസീസ് ഇബ്നു ഉമർ(റ)
അഞ്ച് പ്രഗത്ഭരായ സ്വഹാബിമാരിൽ ആദ്യത്തെ നാലു പേർ ഹിജ്റ 11 ൽ അറേബ്യയിലേക്ക് മടങ്ങുകയും പ്രവാചക പ്രഭുവായ മുഹമ്മദ്(സ്വ) തങ്ങളെ കണ്ടുമുട്ടുകയും ചെയ്തു. അവസാനത്തെ ആൾ കോഴിക്കോട് പോവുകയും അവിടെ പള്ളി പണിയുകയും ചെയ്തു.
ഖാലിദ് ഇബ്നു സഈദ് ഇബ്നു അൽ ആസ്വ്(റ):
മക്കയിലെ ഖുറൈശി കുടുംബത്തിൽ പെട്ടവരാണ്. ആദ്യകാലങ്ങളിൽ തന്നെ ഇസ്ലാമിൽ പ്രവേശിച്ച ആ സ്വഹാബി നാല് ഖലീഫമാരുടെയും നല്ല സുഹൃത്തായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്മാരായ അംറയും അഫ്റാറും ഇസ്ലാമിൽ പ്രവേശിച്ചു. അബീസീനിയ യുദ്ധത്തിൽ പങ്കെടുത്ത പ്രസ്തുത സ്വഹാബി ഉമർ(റ) വിന്റെ ഭരണകാലത്ത് ഹിജ്റ 14 ലാണ് ഇഹലോകവാസം വെടിഞ്ഞത്.
ത്വബീബ് ഇബ്നു ഖൈസ് ഇബ്നു സുമാസ്(റ):
മഹാനായ ഈ സ്വഹാബി ഒരു മികച്ച പ്രഭാഷകനായിരുന്നു.
ശബ്ദം വളരെ ഉച്ഛത്തിലുള്ളതും മനോഹരവുമായിരുന്നു. മഹാനായ ഈ സ്വഹാബിയുടെ ഉച്ഛത്തിലുള്ളതും വ്യക്തമായതുമായ ശബ്ദത്തെ നമ്മുടെ പ്രവാചകർ മുഹമ്മദ്(സ്വ) തങ്ങൾ പ്രശംസിച്ചിട്ടുണ്ട്. ഹിജ്റ 12 ന് നടന്ന യമാമ യുദ്ധത്തിൽ പങ്കെടുത്ത ഈ സ്വഹാബി ഈ യുദ്ധത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. ഹസ്രത്ത് അബൂബക്കർ സ്വിദ്ധീഖ്(റ) വിന്റെ ഭരണകാലത്തായിരുന്നു വിയോഗം. ഇവരുടെ പിതൃവ്യർ പ്രശസ്തനായ ഒരു കവിയായിരുന്നു.
അബ്ദുല്ലാഹിബ്നു സഅദ്ബ്നു അബൂ സർഅ(റ):
ഈ സ്വഹാബി ഉസ്മാൻ(റ) വിന്റെ ബന്ധുവായിരുന്നു. വഹ് യ് എഴുത്തുകാരിൽ പെട്ടവരുമായിരുന്നു. മക്കാ വിജയ സമയത്ത് ഈ സ്വഹാബി തന്റെ ബന്ധുവായ ഉസ്മാൻ(റ) വിനോടൊപ്പം പോയി മുഹമ്മദ് നബി(സ്വ) തങ്ങളെ കാണുകയും തന്റെ തെറ്റുകളിൽ പൊറുക്കണമെന്ന് അവിടുത്തോട് അപേക്ഷിക്കുകയും ചെയ്തു. തിരുനബി(സ്വ) താക്കീതുകളോടെ അദ്ദേഹത്തിന്റെ തെറ്റുകൾ ക്ഷമിച്ചു. അങ്ങനെ ഇസ്ലാമിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് അൽപകാലം കെയ്റോയുടെ ഗവർണർ പദവി വരെ വഹിച്ചു. ഈ സ്വഹാബി ഹിജ്റ 36 ലാണ് ഇഹലോക വാസം വെടിഞ്ഞത്.
അബ്ദുല്ലാഹിബ്നു അബ്ദുല്ലാഹിബ്നു ഉബയ്യ്(റ)
ബദ്റ് യുദ്ധത്തിൽ പങ്കെടുത്ത പ്രശസ്തനായ ഒരു സ്വഹാബിയായിരുന്നു മഹാനവർകൾ. നല്ല കുടുംബ പശ്ചാത്തലമുള്ള ഈ സ്വഹാബിയുടെ ആദ്യകാലത്തെ നാമം ഹബാബ എന്നായിരുന്നു. തിരുനബി(സ്വ) തങ്ങളാണ് ഈ സ്വഹാബിക്ക് അബ്ദുല്ല എന്ന് നാമകരണം ചെയ്തത്.
അബ്ദുല്ലാഹിബ്നു അബ്ദുൽ അസീസ് ഇബ്നു ഉമർ(റ)
ഉമർ സുറാഖി കുടുംബത്തിൽ പെട്ട ഈ സ്വഹാബി എ.ഡി. 632 ൽ (കായൽപട്ടണത്ത് നിന്ന്) കോഴിക്കോട്ടെത്തുകയും അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. പ്രസ്തുത മസ്ജിദിന് മസ്ജിദ് മഹ്മൂദ് എന്ന് നാമം നൽകുകയും ചെയ്തു.
പ്രശസ്തമായ കായൽ തുറമുഖം പുരാതന കാലത്ത് കോസ്മറൈ പ്രദേശത്തിന് സമീപമായിരുന്നു. ഗ്രീസ്, റോം, ചൈന, പേർഷ്യ, അറബ് രാജ്യങ്ങൾ തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള എല്ലാ കപ്പലുകളും കായലിനെ സ്പർശിച്ചു. സ്മിത്ത് എഴുതിയ ഓക്സ്ഫോർഡ് ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിൽ 1288 ലും 1293 ലും മാർക്കോപോളോ കായൽപട്ടണത്തെ താമ്രപർണി നദി സന്ദർശിച്ചുവെന്നും ഈ നഗരം അന്ന് തിരക്കേറിയതും സമ്പന്നവുമായ തുറമുഖമായിരുന്നുവെന്നും ധാരാളം വ്യാപാരങ്ങൾ നടന്നിരുന്ന നഗരമായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വഹാബികളെത്തി ഇസ്ലാം സന്ദേശം പ്രചരിപ്പിച്ച പ്രദേശമായിരുന്നു കായൽപട്ടണം.
അല്ലാഹുവല്ലാതെ ആരാധനക്കർഹതയുള്ളവനായി ആരുമില്ലെന്നും മുഹമ്മദ്(സ്വ) തങ്ങൾ അല്ലാഹുവിന്റെ റസൂലാണെന്നുമുള്ള സന്ദേശമാണ് അവർ പ്രചരിപ്പിച്ചത്. മുഹമ്മദ്(സ്വ) തങ്ങൾ മനുഷ്യകുലത്തിന് പ്രത്യാശയുടെ ഒരു പുതിയ സന്ദേശം നൽകി. നബി(സ്വ) തങ്ങൾ വിഗ്രഹാരാധന ഇല്ലാതാക്കുകയും ജനങ്ങളെ ഏക ദൈവത്തെ ആരാധിക്കാൻ ക്ഷണിക്കുകയും ചെയ്തു. മനുഷ്യരുടെ തുല്യതയെ പ്രഖ്യാപിച്ചു. മനുഷ്യസാഹോദര്യത്തിന്റെ അടിസ്ഥാനത്തിൽ പുതിയൊരു സാമൂഹിക ക്രമം രൂപപ്പെടുത്തി. സ്ത്രീകളുടെ പദവി ഉയർത്തി. പാവപ്പെട്ടവരുടെയും അശരണരുടെയും അനാഥരുടെയും സംരക്ഷണത്തിന് സമൂഹത്തെ ചുമതലപ്പെടുത്തി. ന്യായവിധി നാളിനെ കുറിച്ചുള്ള ഭയവും ബോധവും ജനമനസ്സുകളിലേക്ക് പകർന്നു. എല്ലാവിധ സാമൂഹിക തിന്മകൾക്കെതിരെയും അവിടുന്ന് യുദ്ധം ചെയ്തു. ജനനം, പദവി, വംശം, നിറം എന്നിവയുടെ എല്ലാ വ്യത്യാസങ്ങളും വിവേചനങ്ങളും ഇല്ലാതാക്കി. യോഗ്യതക്കും നീതിനിഷ്ഠക്കും പാരിതോഷികം നൽകി. ഒരു ദൗത്യബോധത്തോടെ ജനങ്ങളെ പ്രചോദിപ്പിച്ചു. ജീവിതത്തിൽ പ്രയോഗവത്കരിച്ചതിനെ പ്രചരിപ്പിച്ചു.
ആദ്യത്തെ അറബ് കുടിയേറ്റക്കാർ കായൽപട്ടണത്ത് പ്രവേശിച്ചപ്പോൾ പാണ്ഡ്യരാജ്യം ഭരിച്ചിരുന്നത് കടുങ്ങോൻ രാജാവായിരുന്നു എന്ന് പറയപ്പെടുന്നു. കോർകൈ മേഖലയിലെ ഉപരാജാവിന്റെ നാമം അറിയപ്പെട്ടിട്ടില്ല. പ്രൊഫസർ നീലകണ്ഠ ശാസ്ത്രി തന്റെ പാണ്ഡ്യരാജ്യം എന്ന ഗ്രന്ഥത്തിൽ ആദ്യപാണ്ഡ്യ സാമ്രാജ്യത്തിലെ ആദ്യത്തെ രണ്ട് രാജാക്കന്മാർ കടുങ്ങോൻ(590-620) അദ്ദേഹത്തിന്റെ മകൻ മാനവർമ്മൻ അവനൈസുലമനി(എ.ഡി. 620-645) എന്നിവരായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലും എ.ഡി. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇവരുടെ ഭരണം അധിവേശിക്കപ്പെട്ടതായി കണക്കാക്കാം. ഈ വിവരങ്ങൾക്ക് ആധാരം Vekvikkudi grant of prantaka nedunjadayan ൽ നിന്നും The madrass museum plates of jatilvaran ൽ നിന്നുമാണ്.
അറേബ്യയിൽ നിന്ന് ആദ്യം കായൽപട്ടണത്ത് എത്തിയവർ കായൽപട്ടണത്തെ ഹൃദയഭാഗമായ മനോഹര പ്രദേശം കോസ്മറൈയെ അധിവാസത്തിനായി തിരഞ്ഞെടുത്തു. പുരാതന കാലത്ത് ഈ സ്ഥലം കായൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കായൽപട്ടണം എന്നല്ല. കായൽപട്ടണത്തിന്റെ ഉറവിടം കായൽ ആണ് എന്നതിന് കൃത്യമായ തെളിവാണിത്. ഇവിടെ താമസിച്ചിരുന്ന അറബികൾ നാട്ടുകാരുമായി ഇടപഴകുകയും ഇസ്ലാം പ്രചരിപ്പിക്കുകയും ചെയ്തു. അവർ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈകൊണ്ടു. അവർ നാട്ടിൽ മതം മാറിയവരുമായി മിശ്രവിവാഹവും ചെയ്തു.
1980 മുതൽ ഞാൻ കായൽ പട്ടണത്തിന്റെ പുരാവസ്തു ശേഷിപ്പുകൾ സൂക്ഷ്മമായി പരിശോധിക്കുകയും ലഭ്യമായ ഏറ്റവും പഴയ രേഖകളായ കടലാസുകളിലെയും ഓലകളിലെയും ലോഹങ്ങളിലെയും ലിഖിതങ്ങൾ സൂക്ഷ്മമായി പഠിക്കുകയും ചെയ്തു. കായൽപട്ടണത്ത് കണ്ടെത്തിയ വിവിധങ്ങളായ അപൂർവ്വ ലിഖിതങ്ങൾ ഞാൻ ഗൗരവപൂർവ്വം പഠിക്കുകയും ലിഖിതങ്ങളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ദരായ ചില പുരാവസ്തു ഗവേഷകരുമായി സംവദിക്കുകയും അവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പ്രവാചകർ മുഹമ്മദ്(സ്വ) തങ്ങളുടെ ജീവിത കാലത്ത് തന്നെ കായൽപട്ടണത്ത് ആദ്യമായി മുസ്ലിം കുടിയേറ്റം നടന്നതായും വിശുദ്ധരായ പുരാതന പണ്ഡിതന്മാരുടെ രേഖകളിലൂടെ ഞങ്ങൾ കണ്ടെത്തുകയുണ്ടായി. കായൽപട്ടണത്തെ ഉമർ വലിയുല്ലാഹി(റ) യുടെയും പെരിയമുത്തുവാപ്പ വലിയുല്ലാഹി(റ) യുടെയും അടുത്ത അനുയായിയായ കുടുംബത്തിലെ അബ്ദുറഹ്മാൻ വലിയുല്ലാഹ്(റ) കായൽപട്ടണത്തിന്റെ ആദ്യകാല ചരിത്രത്തെ കുറിച്ച് 1998 ൽ ചർച്ച ചെയ്യുന്നതിനിടയിൽ മുഹമ്മദ് നബി(സ്വ) തങ്ങളുുടെയും ആദ്യ ഖലീഫ അബൂബക്കർ സ്വിദ്ധീഖ്(റ) വിന്റെയും ഭരണകാലത്ത് ഇസ് ലാം മത പ്രബോധകർ കായൽപട്ടണത്ത് പ്രവേശിച്ചതായി സ്ഥിരീകരിച്ചു. ഇത് പരിഗണിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നു; കേരളത്തിലെ കണ്ണൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രശസ്തനായ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് ബുഖാരി(റ) തങ്ങൾ ഏകദേശം ഇരുനൂറ്റി അമ്പത് വർഷങ്ങൾക്കുമുമ്പ് കായൽപട്ടണത്തെ ഉമർ വലിയുല്ലാഹിൽ ഖാഹിരി(റ) യെ അറിയിച്ചത് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി നിർമ്മിക്കപ്പെട്ടത് കായൽപട്ടണത്തെ കടൽ തീരത്താണ് എന്നാണ്. എന്നാൽ അത് നശിക്കുകയായിരുന്നു. ഇക്കാര്യം ശേഷം കമ്പം അബ്ദുറഹ്മാൻ വലിയ്യ്(റ) ഉമർ വലിയുല്ലാഹി(റ) യിൽ നിന്ന് മനസ്സിലാക്കിയ ഗുരുപരമ്പരകൾ വഴിയാണ് ഗ്രഹിച്ചത്. കായൽപട്ടണത്തെ ആദ്യത്തെ മസ്ജിദ് നബി(സ്വ) തങ്ങളുടെ ജീവിത കാലത്ത് ഹിജ്റ ഒമ്പതാം വർഷം റജബ് മാസം 9 ാം തിയ്യതി തിങ്കളാഴ്ച(എ.ഡി. 630) സ്വഹാബികൾ നിർമ്മിച്ചതാണെന്ന് ഞാൻ ആദ്യ പേജുകളിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
കായൽപട്ടണത്തിനും കൊടുങ്ങല്ലൂരിനും ഇസ്ലാമിക ആഗമനവും പ്രചരണവുമായി ബന്ധപ്പെട്ടും മസ്ജിദ് നിർമ്മാണ വിഷയത്തിലും കൂടുതൽ സാമ്യങ്ങളുണ്ട്. കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നിവാസികൾ പറയുന്നത് നബി(സ്വ) തങ്ങളുടെ ജീവിത കാലത്ത് തന്നെ കൊടുങ്ങല്ലൂരിൽ മസ്ജിദ് നിർമ്മിക്കപ്പെട്ടിരുന്നു എന്നാണ്.
എന്നാൽ സി. ഗോപാലൻ നായർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) തുടങ്ങിയ പ്രശസ്തരായ കേരള ചരിത്രകാരന്മാർ പറയുന്നത് ചേരമാൻ ജുമാ മസ്ജിദ് ഹിജ്റ 21 റജബ് 11 തിങ്കളാഴ്ച സ്വഹാബാക്കളായ മാലിക് ദീനാർ(റ), സഹോദരൻ മാലിക് ഇബ്നു ഹബീബ്(റ) തുടങ്ങിയവർ നിർമ്മിച്ചതാണ് എന്നാണ്.
കൊടുങ്ങല്ലൂർ രാജാവായിരുന്ന ചേരമാൻ പെരുമാൾ ഒരിക്കൽ ചന്ദ്രൻ പിളരുന്ന സംഭവത്തിന് സാക്ഷിയായി. അദ്ദേഹം ഇക്കാര്യം അറേബ്യയിൽ നിന്നുള്ള വ്യാപാരികളുമായി പങ്ക് വെച്ചു. ചന്ദ്രനെ പിളർത്തിയത് മക്കയിൽ നിന്നുള്ള മുഹമ്മദ് നബി(സ്വ) തങ്ങളാണെന്ന് അവർ രാജാവിനോട് അറിയിച്ചു. അങ്ങനെ രാജാവ് പ്രവാചകനെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചു. അതിനാൽ അദ്ദേഹം തന്റെ അനന്തരവന്റെ കൈയ്യിൽ രാജ്യം ഏൽപിച്ച് അറബി വ്യാപാരികളോടൊപ്പം മക്കയിലേക്ക് പോയി.
പ്രവാചക ദൗത്യത്തിന്റെ യാഥാർത്ഥ്യം തെളിയിക്കാനായി മുഹമ്മദ് നബി(സ്വ) തങ്ങൾ ശത്രുക്കളുടെ മുന്നിൽ ചന്ദ്രനെ രണ്ടായി പിളർത്തിയ സംഭവത്തിന്റെ സ്വാധീനത്താലാണ് ചേരമാൻ പെരുമാൾ ഇസ്ലാമിനായി തന്റെ ഹൃദയം തുറന്നതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
ഹദീസ് ശരീഫിലെ വിഖ്യാത കൃതികളായ സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും ചന്ദ്രൻ പിളർന്ന സംഭവത്തെ സംബന്ധിച്ച ആധികാരിക ഹദീസുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഖമർ ഈ പശ്ചാത്തലത്തിലിറങ്ങിയ സൂക്തമാണെന്നത് സുവിധിതമാണ്.
ചേരമാൻ പെരുമാൾ അദ്ദേഹത്തിന്റെ അറബി സുഹൃത്തുക്കളോടൊപ്പം മദീനയിലെത്തി. ഇതിന് രണ്ട് ഭാഷ്യങ്ങളുണ്ട്. ആദ്യഭാഷ്യമനുസരിച്ച് അദ്ദേഹം പ്രവാചകർ(സ്വ) തങ്ങളെ കണ്ടുമുട്ടി എന്ന് തന്നെയാണ്. രണ്ടാമത്തെ ഭാഷ്യം അനുസരിച്ച് അദ്ദേഹം മദീനയിലെത്തിയ വേളയിൽ പ്രവാചകർ(സ്വ) യുടെ വിയോഗം സംഭവിച്ചിരുന്നു. അങ്ങനെ അദ്ദേഹം രണ്ട് വർഷം മദീനയിൽ താമസിക്കുകയും ഇസ്ലാമിനെ കുറിച്ച് പഠിച്ച് മുസ്ലിമാവുകയും ചെയ്തു. അങ്ങനെ മാലിക് ഇബ്നു ദീനാർ(റ) വിന്റെയും മറ്റ് ചില സ്വഹാബിമാരുടെയും കൂടെ അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന വഴി പഴയ യമനിന്റെ ഭാഗമായ ഒരു സ്ഥലത്ത് വെച്ച് അസുഖ ബാധിതനായി. തന്റെ വിയോഗം സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ ചേരമാൻ രാജാവ് തന്റെ അനന്തരവനായ രാജാവിന് മാലിക് ബിൻ ദീനാർ(റ) മുഖേന ഒരു കത്തെഴുതുകയും അതിൽ ഈ സംഘത്തോട് നന്നായി പെരുമാറണമെന്നും നാട്ടിൽ ഇസ്ലാം പ്രചരിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
മാലിക് ബിൻ ദീനാർ(റ) വിന്റെയും മറ്റുള്ളവരുടെയും കേരള സന്ദർശനം വൈകാൻ കാരണം യമനിൽ വെച്ച് ചേരമാൻ പെരുമാളുടെ വിയോഗം സംഭവിച്ചതിനാലായിരുന്നു. അങ്ങനെ മാലിക് ദീനാർ(റ) വും സംഘവും കേരളത്തിലെത്തിയപ്പോൾ കത്ത് രാജാവിന് കൈമാറുകയും രാജാവ് അവരോട് നന്നായി പെരുമാറുകയും അവർക്ക് താമസിക്കാനും ഇസ്ലാം പ്രചരിപ്പിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു.
കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദിന്റെ നിർമ്മാണ തിയ്യതി സംബന്ധിച്ച് കൃത്യത വരുത്തേണ്ടത് കേരള സർക്കാറിന്റെയും കേരള ചരിത്രകാരന്മാരുടെയും കടമയാണ്.
കായൽപട്ടണവും കൊടുങ്ങല്ലൂരും കൂടാതെ പോർട്ട് നോവ(മഹ്മൂദ് ബന്ദർ) പ്രദേശം ഏതാനും സ്വഹാബാക്കൾ സന്ദർശിച്ചു. സയ്യിദുനാ ഉക്കാശ(റ) മഹ്മൂദ് ബന്ദറിൽ താമസിക്കുകയും അവിടെ വെച്ച് തന്നെ ഇഹലോകവാസം വെടിയുകയും ചെയ്തവരാണ്. തമീമുൽ അൻസാരി(റ) വും സൈനുൽ ആബിദീൻ(റ) വും ഉക്കാശ(റ) വിനോടൊപ്പം ഹിജ്റ 14 നും 25 നുമിടയിൽ ഇവിടെ വരികയുണ്ടായി. മദ്രാസിനടുത്തുള്ള കോവളത്താണ് തമീമുൽ അൻസാരി(റ) വിന്റെ മസാറുള്ളത്. സൈനുൽ ആബിദീൻ(റ) കരയിലൂടെയോ കടലിലൂടെയോ ചൈനയിലെത്തുകയുണ്ടായി. ചൈനയിൽ തന്നെയാണ് അവരുടെ മഖ്ബറ.