സലാം പേരോട്:
ചരിത്രമുറങ്ങുന്ന നാദാപുരം ജുമാമസ്ജിദിലെ വിഖ്യാതനായ ഖാള്വി മേനക്കോത്ത് അഹ് മദ് ഖാള്വി(ന.മ) യെ അനുസ്മരിക്കുന്നു. ഒരു ജനതയുടെ നിത്യജീവിത സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് അവരുടെ സന്താപങ്ങളോടും സന്തോഷങ്ങളോടുമൊപ്പം ചേർന്ന് ജീവിച്ച അശരണർക്കും ആലംബഹീനർക്കും അഭയമായി വർത്തിച്ച ജനനായകത്വമുള്ള ഒരു അപൂർവ്വ പണ്ഡിതവ്യക്തിത്വത്തിന്റെ പ്രകാശം പൊഴിക്കുന്ന ജീവിതം അനാവരണം ചെയ്യുന്ന കുറിപ്പ്.
ആയിരത്തിലധികം വർഷത്തെ ഇസ് ലാമിക പാരമ്പര്യമുള്ള പ്രദേശമാണ് നാദാപുരം. അതുകൊണ്ടുതന്നെ ജനസംഖ്യയിൽ നല്ലൊരു ശതമാനവും മുസ് ലിംകളാണ് ഇവിടെ അധിവസിക്കുന്നത്. അറേബ്യയിൽനിന്നും വന്ന ഒരു സംഘത്തിൽനിന്നുള്ള ഒന്നോ രണ്ടോ പേരാണ് നാദാപുരത്തെ ഇസ് ലാമിക പ്രബോധനത്തിന് നേതൃത്വം നൽകിയിട്ടുള്ളവർ എന്നും നാദാപുരത്തെ ജനജീവിതത്തിൽ ലയിച്ചുചേർന്ന അവർ ജനങ്ങളെ അല്ലാഹുവിന്റെ വഴിയിൽ മാർഗദർശനം ചെയ്ത് തങ്ങളുടെ ദൗത്യം പൂർത്തീകരിച്ച് നാദാപുരം ഖബ്ര്‍സ്ഥാനിൽത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നുവെന്നും വാമൊഴിയായി പറയപ്പെടുന്നുണ്ട്. നിർമ്മാണത്തിലെ വാസ്തു സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമായ നാദാപുരം ജുമാ മസ്ജിദിൽ ദീർഘകാലം ഖാള്വിയായി സേവനം ചെയ്ത പ്രമുഖ വ്യക്തിത്വമാണ് മേനക്കോത്ത് അഹ് മദ് ഖാള്വി (റ). അദ്ദേഹവും നാദാപുരത്തിന്റെ ഇസ് ലാമിക പാരമ്പര്യത്തെക്കുറിച്ചുള്ള ഉപരിസൂചിത പ്രസ്താവന സ്ഥിരീകരിക്കുന്നുണ്ട്.
നാദാപുരത്തിന്റെ ആത്മീയ പാരമ്പര്യത്തിനും സമകാലിക നാദാപുരം ജനതയുടെയും വിശിഷ്യ മുസ്ലിം സമുദായത്തിന്റെയും രീതിവിശേഷത്തിനും സവിശേഷ സാഹചര്യത്തിനും എല്ലാംകൊണ്ടും ഒത്തിണങ്ങിയ ഖാള്വിയായിരുന്നു മേനക്കോത്ത് അഹ്മദ് ഖാള്വി (ന.മ). ഒരു ഖാള്വിയുടെ ഉത്തരവാദിത്തങ്ങൾ അതിന്റെ പൂർണ്ണതയോടെ തന്റെ ജീവിതത്തിൽ പ്രതിഫലിപ്പിച്ച സർവ്വസ്വീകാര്യതയുള്ള സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു സ്മരര്യപുരുഷൻ. പ്രത്യേകിച്ച് രണ്ടാം പൊന്നാനിയെന്ന് പണ്ടുമുതലേ അറിയപ്പെട്ടുവരുന്ന നാദാപുരത്തെ ഖാള്വിയുടെ ഗരിമയും തലയെടുപ്പും ഈ ഖാള്വിയുടെ ലാളിത്യത്തിലും വിനയത്തിലും അലിഞ്ഞില്ലാതാവുകയായിരുന്നു. അഥവാ വളരെ താഴ്ന്ന തട്ടിലുള്ള ഒരു സാധാരണക്കാരന്റെ പോലും മനസ്സിൽ ഇടം നേടി വെറുമൊരു സാധാരണക്കാരനായി പ്രവർത്തിച്ച അദ്ദേഹം ജനനായകനായ ഒരു പണ്ഡിതനും സൂക്ഷ്മതയോടെ ജീവിച്ച നിഷ്കാമകര്‍മിയായ ഒരു സാത്വികനുമായിരുന്നു. കേരളത്തിലെ ആധികാരികവും നിസ്തുലവുമായ ഒരു ഉലമാ സംഘത്തിന്റെ നേതൃനിരയിൽ ദീർഘകാലം തുടർന്നിട്ടും ഖാള്വി സാധാരണക്കാരിൽ സാധാരണക്കാരനായിത്തന്നെ നാട്ടുകാർക്കിടയിൽ ജീവിച്ചു. സാധാരണക്കാരിലും സാധാരണക്കാരനായവന്റെ വിയർപ്പിന്റെ ഉപ്പുരസത്തോടൊപ്പം അവരുടെ ആവലാതികൾക്കും വേവലാതികൾക്കും ഉത്തരവും അഭയവുമായി ജീവിച്ച മഹനീയ സാന്നിധ്യമായിരുന്നു മഹാനവർകൾ. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിലും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും നാദാപുരം മേനക്കോത്ത് അഹ് മദ് ഖാള്വി (ന.മ) അവർകളുടെ മിടുക്കും ഉൽസാഹവും അത്ഭുതകരമായിരുന്നു. മാനവമൈത്രിയുടെ ധ്വജവാഹകനുമായിരുന്നു ഖാള്വിയാർ. ഇങ്ങനെ ഒരു മഹദ് വ്യക്തിത്വത്തിന് പകരം നിൽക്കാൻ മറ്റാരുമില്ലാ എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗത്താൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടം. ഇത്ര ജനകീയനായ, ജനങ്ങളുടെ നിത്യജീവിത വ്യവഹാരങ്ങളിൽ വെളിച്ചം പകർന്ന ജനങ്ങൾക്ക് എല്ലാ അർത്ഥത്തിലും അഭയമായി പ്രവർത്തിച്ച ആ ജീവിതമാതൃക ഒരു ഖാള്വിയുടെ ജീവിതം എപ്രകാരമായിരിക്കണം എന്നതിന്റെ വലിയ ദൃഷ്ടാന്തവും മാതൃകയും തന്നെയായിരുന്നു.
ഒരു ഖാള്വിക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട പത്രാസിലും അന്തസ്സിലും വീഴ്ചവരുത്തുന്നുണ്ടെന്ന ഒരു പരാതി പോലും ഇടക്കാലത്ത് നാദാപുരം ഖാള്വിയെക്കുറിച്ച് ഉയർന്നുവന്നു. ഇതിന് ഖാള്വിയാരുടെ പ്രതികരണം കേട്ടപ്പോൾ പരാതിക്കാർ സ്വയം ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നു. “ഖാസിയുടെ എല്ലാ തലയെടുപ്പോടെയും അതിന്റേതായ നിലപാടുതറയിൽ ഞാൻ നിൽക്കാം. പക്ഷേ നിങ്ങൾക്ക് അത് പ്രയാസമാകും. ഉദാഹരണത്തിന് നിക്കാഹ് പതിനൊന്നു മണിക്ക് എന്ന് നിശ്ചയിച്ചിട്ടുണ്ടെങ്കിൽ കൃത്യസമയം പാലിച്ച് എന്നെ കൂട്ടിക്കൊണ്ടു പോവുക…….. “. അങ്ങനെ അങ്ങനെ ഓരോന്നോരോന്നായി ഖാള്വി വിവരിച്ചു. സാധാരണക്കാരനായ നാട്ടുകാരന്റെ നിലയിൽ പെരുമാറുമ്പോഴേ നാദാപുരത്തെ മുസ്ലിം ജനസാമാന്യത്തിന് ഒരു ഖാള്വി അഭിമതനാകൂവെന്ന് പരാതിക്കാർക്ക് ഏറെ വൈകാതെ ബോധിച്ചു. ഏതൊരു പ്രദേശത്തിന്‍റെ ഖാള്വിയായി താന്‍ ചുമതലയേറ്റോ ആ പ്രദേശത്തിന്‍റെ നാഡിമിടിപ്പ് ശരിക്കും തൊട്ടറിഞ്ഞ ഖാള്വിയാര്‍തന്നെ ഇത് എന്ന് അവര്‍ അടക്കം പറഞ്ഞു.
ലാളിച്ചുവളർത്തിയ സ്വസന്താനം യൗവനത്തിൽ അതിദാരുണമായി മരണപ്പെടുക, ആത്മമിത്രം അപകടത്തിൽ മരിക്കുക, ജീവിതപങ്കാളിയുടെ ആകസ്മിക നിര്യാണം, ശാരീരിക രോഗങ്ങൾ മൂർച്ഛിച്ച് സ്വന്തം അവയവം ആംപ്യുട്ടേഷന് വിധേയമാവുക തുടങ്ങിയ അനിഷ്ടസംഭവങ്ങൾ എത്രവലിയ ധീരനെയും പിടിച്ചുലയ്ക്കുകയും മാനസികമായി തകർത്തെന്നു വരികയും ചെയ്യും. ഇവയത്രയും ഖാള്വിയാരുടെ ജീവിതത്തിൽ തുടരെത്തുടരെ സംഭവിച്ചതാണ്. പക്ഷേ എന്നിട്ടും എല്ലാം അല്ലാഹുവിൽ ഭരമേല്പിച്ച മഹാന് ഭാവവ്യത്യാസമുണ്ടായില്ല. തീവ്രദുഃഖങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിലും പുഞ്ചിരിതൂകുന്ന ഒരു വദനം വേറെ എവിടെ കാണാൻ? തവക്കുലിന്റെ പരമകാഷ്ഠ പ്രാപിച്ച ഖാള്വിയാർക്ക് സകല ദുരിതങ്ങൾക്കു മധ്യേയും ജീവിതം രസനിഷ്യന്ദിയായി.
നാദാപുരം ഖാള്വിയുടെ മറ്റൊരു പ്രത്യേകത കണാരാണ്ടിയിലെ ഓർ, കീഴന ഓർ, രാമന്തളി തങ്ങൾ, കാങ്ങാട്ട് ഓര്‍, കാടങ്കൂല്‍ ഓര്‍ തുടങ്ങിയ ഗുരുമഹത്തുക്കളുടെ ഇഷ്ടവും പൊരുത്തവും വർധമാനമായി നേടാൻ കഴിഞ്ഞതും ഒരിക്കലും അതിൽ നേരിയ അളവിൽ പോലും ഭംഗം വന്നില്ല എന്നതുമാണ്. നാദാപുരം ജുമുഅത്ത് പള്ളിയിലെ മൗലിദ്, തഅ്ലീമുസ്സ്വിബ് യാനിലെ കെങ്കേമമായ നബിദിനാഘോഷം എല്ലാം ഖാള്വി ഒറ്റയാനായി പിരിവെടുത്ത് നടത്തി വിജയിപ്പിച്ചു. തഅ്ലീമിൽ മഹാനവർകൾ ഉയർന്ന ക്ലാസുകളിൽ ദീർഘകാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ അറിയപ്പെട്ട ഉന്നത മതകലാലങ്ങളടക്കമുള്ള നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശകസമിതികളില്‍ ഖാള്വി അംഗമായിരുന്നു.
ഖുത്ബ നിർവഹിക്കുമ്പോൾ സിംഹഗർജ്ജനമായി. നിസ്കാരത്തിലെ ഖുർആൻ പാരായണം വേറിട്ട ഒരനുഭവവും അനുഭൂതിയുമായി മാറി. രാത്രിനിസ്കാരങ്ങളിൽ ഖാള്വിയോടൊപ്പം കൂടിയ ഏതു സാധാരണക്കാരനും കൊച്ചുകുട്ടിക്കും തജ് വീദിന്റെ സുവർണനിയമങ്ങൾ പാലിച്ചും ഭംഗിയായും പരിശുദ്ധ ഖുർആൻ ഓതാൻ അഭ്യസിക്കുന്നതിന് അത് നിമിത്തീഭൂതമായിത്തീര്‍ന്നു. നാദാപുരത്തും സമീപപ്രദേശങ്ങളിലും മരണവീടുകളിൽ ഖാള്വിയാർ നടത്തുന്ന ഈസ്വാൽ സവാബിനുള്ള ഖത്മുൽ ഖുർആൻ ദുആ കേട്ട് കാണാപ്പാഠമായ സാധാരണക്കാരായ ചെറുപ്പക്കാർ അനേകം പേരുണ്ട്. ഖുർആൻ പാരായണമാകട്ടെ, പ്രാർഥനകളാകട്ടെ, ഖാള്വിയാരുടെ സ്വതഃസിദ്ധമായ ശൈലിയിലും തനതായ സ്വരവിന്യാസത്തിലും (Voice modulation) അതു കേൾക്കുമ്പോൾ മനഃപാഠമാക്കാൻ കൂടുതൽ എളുപ്പമാണെന്നർഥം.
പ്രധാനമായും പ്രമുഖ പണ്ഡിതനായ കാടങ്കൂല്‍ കുഞ്ഞബ്ദുല്ല മുസ്ല്യാര്‍, വിശ്രുത ഫഖീഹായ കണാരാണ്ടി അഹ്മദ് മുസ്ലിയാർ (ന.മ) എന്നീ രണ്ട് പ്രഗല്ഭരുടെ വത്സലശിഷ്യനായ അഹ്മദ് ഖാള്വി (ന.മ) ഫിഖ്ഹിൽ നിപുണനായിരുന്നു. അതോടൊപ്പം തസ്വവ്വുഫിലും. മഹാത്മാക്കളുമായുള്ള അഭേദ്യബന്ധവും അവരെ സ്സംബന്ധിച്ച ഓർമയും ഖാള്വിയാർക്ക് ജീവവായുപോലെ വിലപ്പെട്ടതായിരുന്നു. കണാരാണ്ടി ഓറിൽനിന്നും കീഴന ഓറിൽനിന്നും കേട്ടറിഞ്ഞതനുസരിച്ച് ഈ ലേഖകന്റെ തേജസ്വിയായ പിതാവിന്റെ താഴേക്കണ്ടത്തിൽ തറവാടിനെക്കുറിച്ചും പാറക്കടവ് മഖാമിനുള്ളിൽ അന്ത്യനിദ്രകൊള്ളുന്ന താഴേക്കണ്ടത്തിലെ ഓലിയാക്കളെക്കുറിച്ചും കണാരാണ്ടി ഓർ സ്മരണികയിൽ നമ്മുടെ ഖാള്വിയാർ തെളിമലയാളത്തിൽ വാചാലമായി എഴുതി.
ഔലിയാക്കളുടെ പാദസ്പർശങ്ങളാൽ പുളകിതമായ നാടാണ് നാദാപുരം. ഈ ആത്മീയ പാരമ്പര്യവും മേനക്കോത്ത് അഹ്മദ് ഖാള്വി (ന.മ) നിലനിർത്തി. പല സമയങ്ങളിലും സദാ ദിക്റിന്റെയും വളാഇഫിന്റെയും മന്ത്രങ്ങൾ ആ അധരങ്ങളിൽനിന്നും കേട്ടുകൊണ്ടിരുന്നു. മഗ് രിബ് നിസ്കാരവും അതിന്റെ സുന്നത്തുമെല്ലാം കഴിഞ്ഞിട്ട് മസ്ജിദിൽ അല്പം വടക്കോട്ട് മാറി ആളുകൾ കാണാതെ ദിക്റുകൾ ഉരുക്കഴിക്കുന്നത് പലപ്പോഴും കാണാറുണ്ടായിരുന്നു. ഒരിക്കൽ അതുസംബന്ധിച്ച് ചോദിച്ചപ്പോൾ മഹാനായ ഒരു ശൈഖിന്റെ അഹ് ലുൽ ഇറാദത്തിൽപെട്ട ആളാണ് ഖാള്വിയാരെന്ന് മറുപടിയിൽനിന്ന് സുഗ്രാഹ്യമായി. ഖാദിരിയ്യഃയാണ് തന്റെ ആത്മീയ സഞ്ചാരപഥം എന്നും അവിടുന്ന് പറയുകയുണ്ടായി. അൽഹാജ് മേനക്കോത്ത് അഹ്മദ് ഖാള്വി ശാഹ് ഖാദിരി എന്ന് അഭിസംബോധന ചെയ്യാൻ തോന്നാറുണ്ടെനിക്ക്. ഒറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോഴൊക്കെ അങ്ങനെ വിളിച്ചിട്ടുമുണ്ട്. നിസ്സംഗതയോടെയുള്ള മൗനമന്ദഹാസമായിരുന്നു മറുപടി.
വലിയ ഒരു പ്രദേശത്തിന്റെ ഖാള്വി എന്ന നിലയിൽ തന്നിലർപ്പിതമായ കർത്തവ്യം യഥാവിധി അവിടന്ന് നിർവഹിച്ചു. പ്രശ്നപരിഹാരത്തിന് മേനക്കോത്ത് അഹ്മദ് ഖാള്വി സ്വീകരിച്ച സവിശേഷമായ വഴിത്താര ആ മഹാന്റെ കൂർമബുദ്ധിയുടെയും പ്രോജ്ജ്വല പ്രതിഭയുടെയും പ്രത്യുല്പന്നമതിത്വത്തിന്റെയും കർമശാസ്ത്രത്തിലെ അവഗാഹമായ പാണ്ഡിത്യത്തിന്റെയും നിദർശനമായിരുന്നു. വിശദീകരിക്കുന്നില്ല. ദൈർഘ്യഭയത്താൽ ചുരുക്കുന്നു. ഖാള്വിയുടെ നിര്യാണവാർത്ത ലോകോത്തര അറബിക്കവികളും പണ്ഡിതരുമുള്ള രാഷ്ട്രാന്തരീയമായ ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയിൽ പ്രസിദ്ധംചെയ്തപ്പോൾ ഖാള്വിയുടെ ഫിഖ്ഹ് ജ്ഞാനവൈഭവം സവിശേഷമമായി പരാമർശിക്കപ്പെട്ടു കണ്ടത് ഓർത്തുപോവുന്നു.
മൗലാനാ എ നജീബ് മൗലവിയെപ്പോലെ ദേശത്തും വിദേശത്തും അറിയപ്പെടുന്ന, സർവരാലും സ്വീകാര്യനായ ഇസ് ലാമിക പണ്ഡിതപ്രകാണ്ഡം പെരുന്നാളിന്റെയും മറ്റും തിരക്കുകൾക്കിടയിലും നാട്ടിലും വീട്ടിലും കഴിയുന്നതിനു പകരം ഖാള്വിക്ക് അസുഖം ഇത്തിരി കൂടുതലാണെന്ന് അറിയേണ്ട താമസം തൽക്ഷണം നാദാപുരത്തെത്തി ഖാള്വിയുടെ അന്ത്യശ്വാസം വരെ ആത്മീയ പുരോഗതിക്കുപയുക്തമായ സഹായങ്ങൾ നൽകി കൂടെത്തന്നെ നിലയുറപ്പിച്ചത് ആ മഹാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും കൈവന്ന മഹാസൗഭാഗ്യവുമല്ലാതെ മറ്റെന്താണ്?
ഹിജ്റാബ്ദം 1442 ശവ്വാൽ ഒന്നിന് ആ മണിദീപം പൊലിഞ്ഞു. ഖാള്വിയാരുടെ വേർപാട് ചുറ്റിലും അന്ധകാരം തീർത്തു. ഖാള്വിയുടെ ഏറെ പ്രിയങ്കരനായ ഡോ. അബ്ദുസ്സമദ് സമദാനി സാഹിബ് എം പിയുമായി അന്ന് ആ ഈദുൽ ഫിത്വ് ർ ദിനത്തിൽ മഗ് രിബിനുശേഷം ഈ ലേഖകൻ ഫോണിൽ സംസാരിക്കവെ നാദാപുരം ഖാള്വി നിര്യാണം പ്രാപിച്ച വിവരം ഈയുള്ളവൻ അദ്ദേഹത്തെ അറിയിച്ചു. കേട്ടപാടെ സമദാനി സാഹിബിന്റെ ശബ്ദം ഇടറി. അല്ലാഹു മഗ്ഫിറത്ത് കൊടുക്കട്ടെ, അദ്ദേഹത്തെയും നമ്മെയും അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടട്ടെ എന്നിങ്ങനെ സമദാനി സാഹിബ് ദീർഘനേരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാർത്ഥന ആവർത്തിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. അല്ലാഹു തആലാ നമുക്കും ആ മഹാനുഭാവനും മഗ്ഫിറത്ത് നൽകി നമ്മെയും അവരെയും ജന്നാത്തുൽഫിർദൗസിൽ സമ്മേളിപ്പിക്കുമാറാകട്ടെ. ആമീൻ.