നൈന-മരയ്ക്കാർ ചരിത്രം;
അറിയപ്പെടാത്ത ഏടുകൾ

സൈനുദ്ദീൻ മന്ദലാംകുന്ന്:

ദക്ഷിണേന്ത്യയുടെ സമുദ്രാന്തര വാണിജ്യത്തിന്റെയും തജ്ജന്യമായ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പരിവർത്തനങ്ങളുടെയും ചരിത്രത്തിൽ നിർണ്ണായക ഭാഗധേയം നിർവ്വഹിച്ച നൈന-മരയ്ക്കാർ സമൂഹത്തിന്റെ സുവർണ്ണ ചരിത്രം കണ്ടെടുക്കാനുള്ള ശ്ലാഘനീയമായ ​ഗവേഷണ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് നൈന-മരയ്ക്കാർ ചരിത്രം അറിയപ്പെടാത്ത ഏടുകൾ എന്ന ഗ്രന്ഥം. വിപുലമായ പഠന മനനങ്ങൾ അനിവാര്യമായ ഒരു ചരിത്ര വൈജ്ഞാനിക മേഖലയിലേക്കുള്ള ഒരു പ്രവേശികയായി പരിഗണിക്കാവുന്ന ഈ ഗ്രന്ഥത്തിന്റെ പാരായണ പാഠങ്ങളാണ് ഈ ലേഖനം പങ്ക് വെക്കുന്നത്.

ക്ഷിണേന്ത്യയിലെ ഇസ്ലാമിക ആവിർഭാവത്തിന്റെയും വികാസത്തിന്റെയും ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുള്ള പ്രദേശങ്ങളാണ് തമിഴ്നാട്ടിലെ കോറമാണ്ടൽ തീരപ്രദേശങ്ങൾ. ഹിജ്റ ആദ്യനൂറ്റാണ്ടിൽ തന്നെ മേഖലയിൽ ഇസ്ലാമിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നാണ് പല പ്രാദേശിക സ്രോതസ്സുകളുടെയും വിശദമായ പരിശോധന നിർവ്വഹിച്ച ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. വാണിജ്യപ്രാധാന്യമുള്ള ഒരു പ്രദേശമായതിനാലും നിരന്തരമായ വിദേശ വാണിജ്യ വിനിമയങ്ങൾ ഇൗ മേഖലയിൽ അക്കാലത്ത് തന്നെ സജീവമായിരുന്നുവെന്നതിനാലും ഇതിനുള്ള സാധ്യത ഏറെയാണ്.
മേഖലയിലെ ഇസ്ലാമിക ആഗമനത്തിന്റെ ചരിത്രത്തിൽ കൃത്യമായ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് ഈജിപ്തിൽ നിന്നും എ.ഡി. 842(ഹിജ്റ 227) ൽ മുഹമ്മദ് ഖൽജിയുടെ നേതൃത്വത്തിൽ കായൽപട്ടണത്തെത്തിയ സംഘത്തിന്റെ ചരിത്രം. മധുര ആസ്ഥാനമായി ഭരിച്ചിരുന്ന ചോള ചക്രവർത്തി വീര രാജ ഗുരു അവർക്ക് താമസിക്കാനാവശ്യമായ ഭൂമി ദാനം നൽകുകയും അങ്ങനെ കായൽപട്ടണം മേഖല ഇവരുടെ അധിവാസ കേന്ദ്രമാകുകയും ചെയ്തു. പിൽക്കാലത്ത് വിവിധ സന്ദർഭങ്ങളിൽ അറേബ്യൻ പശ്ചാത്തലമുള്ള പല സംഘങ്ങളും വ്യക്തികളും മേഖലയിലെത്തുകയും തങ്ങളുടെ വാണിജ്യപരവും സാംസ്കാരികവും വിശ്വാസപരവുമായ വിനിമയങ്ങളിലൂടെ ദക്ഷിണേന്ത്യൻ സാമൂഹിക സാമ്പത്തിക സാംസ്കാരിക വികാസത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. തുടർന്നുവന്ന ഈ അധിവാസ ചരിത്രത്തിൽ വളരെ നിർണ്ണായക പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന അറേബ്യയിൽ നിന്നുള്ള മറ്റൊരു സംഘടിത അധിവാസമാണ് എ.ഡി. 1284(ഹിജ്റ 683) ൽ സയ്യിദ് ജമാലുദ്ദീൻ(റ) യുടെ നേതൃത്വത്തിലെത്തിയവരുടെ മേഖലയിലെ സാന്നിധ്യം. പാണ്ഡ്യരാജാവ് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും സത്യസന്ധരും സംസ്കാര സമ്പന്നരുമായ അവർക്ക് വാണിജ്യ പ്രവർത്തനങ്ങൾക്കും മതപ്രബോധന പ്രവർത്തനങ്ങൾക്കും എല്ലാവിധ പശ്ചാത്തലങ്ങളൊരുക്കുകയും ചെയ്തു. മേഖലയിലെ അറേബ്യൻ പശ്ചാത്തലമുള്ളവരുടെ സംഘടിത അധിവാസത്തിന്റെ മൂന്നാം ഘട്ടമാണിതെന്നാണ് കായൽപട്ടണത്തിന്റെ ചരിത്രം രചിച്ച പ്രമുഖ ചരിത്രകാരന്മാർ ഈ അധിവാസത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.

സയ്യിദ് ജമാലുദ്ദീന്റെ പിൻമുറക്കാരാണ് നൈന-മരയ്ക്കാർ സമൂഹമെന്നാണ് നൈന-മരയ്ക്കാർ അറിയപ്പെടാത്ത ചരിത്രം എന്ന ഗ്രന്ഥത്തിൽ മൻസൂർ നൈന സമർത്ഥിക്കുന്നത്. സയ്യിദ് ജമാലുദ്ദീനും പിൻമുറക്കാരും പിന്നീട് പാണ്ഡ്യരാജ്യത്തെ സൈനിക നേതൃത്വത്തിലും ശേഷം ചില മേഖലകളുടെ തന്നെ ഭരണ നേതൃത്വത്തിലും വരികയും മേഖലയിലെ നാട്ടുരാജ്യ അധികാര കേന്ദ്രത്തെ ശാക്തീകരിക്കുകയും വ്യാപാരം മുഖേന മേഖലയിലെ സാമ്പത്തിക പുരോഗതിയിൽ നിർണ്ണായക ഭാഗധേയം നിർവ്വഹിക്കുകയും ചെയ്തു. സയ്യിദ് ജമാലുദ്ദീനും അദ്ദേഹത്തിന്റെ അനുയായികളും പാണ്ഡ്യരാജാവുമായി ആദ്യഘട്ടത്തിൽ നടത്തിയത് കുതിര വ്യാപാരമായിരുന്നു. സൈനിക ആവശ്യങ്ങൾക്കുള്ള ഈ കുതിരകളെ പരിശീലിപ്പിക്കേണ്ടതും കുതിരകളെ നൽകിയവരുടെ ഉത്തരവാദിത്വമായി. അങ്ങനെയാണ് പാണ്ഡ്യരാജ്യത്തെ സൈനിക മേധാവി എന്ന സ്ഥാനത്തേക്കും സയ്യിദ് ജമാലുദ്ദീൻ ഉയർത്തപ്പെട്ടത്.

സയ്യിദ് ജമാലുദ്ദീന്റെ പിൻമുറക്കാരാണ് നൈന-മരയ്ക്കാർ സമൂഹമെന്നാണ് നൈന-മരയ്ക്കാർ അറിയപ്പെടാത്ത ചരിത്രം എന്ന ഗ്രന്ഥത്തിൽ മൻസൂർ നൈന സമർത്ഥിക്കുന്നത്. സയ്യിദ് ജമാലുദ്ദീനും പിൻമുറക്കാരും പിന്നീട് പാണ്ഡ്യരാജ്യത്തെ സൈനിക നേതൃത്വത്തിലും ശേഷം ചില മേഖലകളുടെ തന്നെ ഭരണ നേതൃത്വത്തിലും വരികയും മേഖലയിലെ നാട്ടുരാജ്യ അധികാര കേന്ദ്രത്തെ ശാക്തീകരിക്കുകയും വ്യാപാരം മുഖേന മേഖലയിലെ സാമ്പത്തിക പുരോഗതിയിൽ നിർണ്ണായക ഭാഗധേയം നിർവ്വഹിക്കുകയും ചെയ്തു. സയ്യിദ് ജമാലുദ്ദീനും അദ്ദേഹത്തിന്റെ അനുയായികളും പാണ്ഡ്യരാജാവുമായി ആദ്യഘട്ടത്തിൽ നടത്തിയത് കുതിര വ്യാപാരമായിരുന്നു. സൈനിക ആവശ്യങ്ങൾക്കുള്ള ഈ കുതിരകളെ പരിശീലിപ്പിക്കേണ്ടതും കുതിരകളെ നൽകിയവരുടെ ഉത്തരവാദിത്വമായി. അങ്ങനെയാണ് പാണ്ഡ്യരാജ്യത്തെ സൈനിക മേധാവി എന്ന സ്ഥാനത്തേക്കും സയ്യിദ് ജമാലുദ്ദീൻ ഉയർത്തപ്പെട്ടത്. പാണ്ഡ്യരാജ്യത്തെ പ്രതിനിധീകരിച്ച് ചൈനയിലേക്ക് അമ്പാസിഡറായും സയ്യിദ് ജമാലുദ്ദീൻ നിയോഗിക്കപ്പെട്ടു. പിന്നീട് പാണ്ഡ്യരാജാവ് സയ്യിദ് ജമാലുദ്ദീന്റെ പുത്രൻ ഫഖ്റുദ്ദീനെയും ഇപ്രകാരം ചൈനയിലേക്ക് അമ്പാസിഡറായി നിയോഗിച്ചിരുന്നുവെന്നും പ്രമാണങ്ങളുദ്ധരിച്ച് മൻസൂർ നൈന തന്റെ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. സൈനിക മേധാവിയായി നിയമിതനായ സയ്യിദ് ജമാലുദ്ദീൻ പാണ്ഡ്യരാജാവിനു വേണ്ടി ഏലനാടുമായി ശക്തമായ യുദ്ധം നയിക്കുകയും അതിൽ വിജയം വരിക്കുകയും ചെയ്തു. ഇതിന്റെ സന്തോഷത്താൽ പാണ്ഡ്യരാജാവ് കായൽപട്ടണങ്ങളിലെ ഒരു പ്രദേശം ജമാലുദ്ദീന് പാരിതോഷികമായി നൽകി. ശേഷം അവിടെ ഭരിക്കുവാനുള്ള അധികാരവും നൽകി. അങ്ങനെ സയ്യിദ് ജമാലുദ്ദീൻ സുൽത്വാൻ സയ്യിദ് ജമാലുദ്ദീനായി മാറി.
പിൽക്കാലത്ത് സുൽത്വാൻ ജമാലുദ്ദീന്റെ സഹോദരൻ തഖ് യുദ്ദീൻ അബ്ദുറഹ്മാനെ രാജ്യത്തിന്റെ പ്രധാന മന്ത്രിയായി പാണ്ഡ്യരാജാവ് അവരോധിച്ചു. സുന്ദര പാണ്ഡ്യരാജാവിന്റെ കാലത്ത് രാജ്യം സുൽത്വാൻ ജമാലുദ്ദീന്റെയും സഹോദരന്മാരുടെയും കൈകളിലായിരുന്നുവെന്ന് ബിഷപ്പ് ആർ. കാർഡ് വെല്ലിനെ ഉദ്ധരിച്ച് മൻസൂർ നൈന തന്റെ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നുണ്ട്. പ്രമുഖ ചരിത്രകാരൻ എസ്. കൃഷ്ണസ്വാമി അയ്യങ്കാരെ ഉദ്ധരിച്ച് തഖ് യുദ്ദീൻ അബ്ദുറഹ്മാൻ കായൽഫത്തൻ, ഫത്തൻ, മാലിഫത്തൻ എന്നീ തുറമുഖ നഗരങ്ങളുടെ ഗവർണ്ണറായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു. സയ്യിദ് ജമാലുദ്ദീൻ മാറവർമ്മൻ കുലശേഖര പാണ്ഡ്യൻ ഒന്നാമന്റെ പ്രധാനമന്ത്രിയായിരുന്നുവെന്നും പാണ്ഡ്യൻ ഭരണാധികാരികളുടെ കുടുംബത്തിൽ നിന്ന് വിവാഹിതനായ സുൽത്വാൻ തഖ് യുദ്ദീൻ ഈ പാണ്ഡ്യരാജാവിന്റെ മരണ ശേഷം കീളക്കരയിലെയും ദേവീ പട്ടണത്തിലെയും ട്രാൻസ് ഷിപ്പ്മെന്റെ് ഏരിയ ഭരിച്ചുവെന്നും അദ്ദേഹത്തിന്റെ പിൻഗാമിയായി മകൻ നിസാമുദ്ദീനും അദ്ദേഹത്തിന്റെ പുത്രൻ സുൽത്വാൻ സിറാജുദ്ദീനും ഈ പ്രദേശത്തിന്റെ ഭരണം തുടർന്നുവെന്നും ഡോ: ശുഐബ് ആലിം സാഹിബ്നെ ഉദ്ധരിച്ച് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നുണ്ട്.
മേഖലയിലെ രത്ന മുത്തുവ്യാപാരത്തിലും നിർണ്ണായക ഭാഗധേയമുണ്ടായിരുന്നവരായിരുന്നു സുൽത്വാൻ സയ്യിദ് ജമാലുദ്ദീന്റെ പിൻമുറക്കാർ.

തഖ് യുദ്ദീന്റെ മകൻ സിറാജുദ്ദീൻ വിക്രമ പാണ്ഡ്യരാജാവിന്റെ പ്രധാന മന്ത്രിയായിരുന്നു. പാണ്ഡ്യരാജ്യത്തെ സമ്പത്തും സമൃദ്ധിയും കണ്ടു മോഹിച്ച ഡൽഹി ആസ്ഥാനമായി ഭരിച്ചിരുന്ന ഖുത്വുബുദ്ദീൻ മുബാറക് ഷാ എ.ഡ.ി 1318 ൽ പാണ്ഡ്യരാജ്യത്തെ കീഴടക്കാനായി ഖുസ്രു ഖാന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ മേഖലയിലേക്ക് നിയോഗിച്ചു. ഖുസ്രുഖാന്റെ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വിക്രമ പാണ്ഡ്യരാജാവ് ഒളിവിൽ പോവാമെന്ന് പ്രധാനമന്ത്രിയായിരുന്ന സിറാജുദ്ദീനെ അറിയിച്ചു. എന്നാൽ തന്റെ ജീവനേക്കാൾ വലുത് തനിക്ക് രാജ്യവും സമ്പത്തും ജനങ്ങളുമാണെന്ന് പ്രത്യുത്തരം ചെയ്ത് ഖുസ്രുഖാന്റെ വൻ സൈന്യത്തോട് ഏറ്റുമുട്ടാൻ അദ്ദേഹം സന്നദ്ധനായി. എന്നാൽ ധീരനായ സിറാജുദ്ദീനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വധിച്ച് ഖുസ്രു ഖാൻ തന്റെ ലക്ഷ്യം പൂർത്തീകരിച്ചു. പാണ്ഡ്യനാടിന്റെയും ക്ഷേത്രങ്ങളുടെയും സമ്പത്ത് അപഹരിക്കപ്പെടാതിരിക്കാൻ ചെറുത്തു നിന്ന ആ മുസ്ലിം ഭരണാധികാരി ധീര രക്ത സാക്ഷിത്വം വരിച്ചു.
എ.ഡി. 1306 ലാണ് സുൽത്വാൻ ജമാലുദ്ദീൻ പേർഷ്യൻ ഗൾഫ് ആസ്ഥാനമായിരുന്ന ശിറാസിൽ വെച്ച് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബക്കാരും പിന്നീടുള്ള തലമുറകളും പ്രഭു എന്നും നൈനാർ എന്നും അറിയപ്പെട്ടതായി ചരിത്രകാരനായ സൈദ് അഹ്മദിനെ ഉദ്ധരിച്ച് മൻസൂർ നൈന പ്രസ്താവിക്കുന്നു. പല ചരിത്രകാരന്മാരും ഇക്കാര്യം ശരിവെക്കുന്നതായി ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നുണ്ട്. നാട്ടുരാജാവ്, തലൈവർ എന്നൊക്കെയുള്ള അർത്ഥമാണ് നൈനാർ എന്ന പ്രയോഗത്തിനുള്ളതെന്നും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. ആദരവോടെ ജനങ്ങൾ അവരെ സംബോധന ചെയ്ത നാമമാണ് നൈനാർ എന്നാണ് വ്യക്തമാകുന്നത്. സുൽത്വാൻ സയ്യിദ് ജമാലുദ്ദീന്റെ പിൻമുറക്കാർ തങ്ങളുടെ പേരിന് ശേഷം നിർബന്ധമായും നൈനാർ എന്ന് ചേർത്തിരുന്നു.

ചുരുക്കത്തിൽ പാണ്ഡ്യരാജ്യത്ത് അധികാര പങ്കാളിത്തവും ചില മേഖലകളിൽ നേരിട്ട് രാഷ്ട്രീയ അധികാരവുമുള്ളവരായിരുന്നു നൈനമാരുടെ പൂർവ്വഗാമികൾ. അതുകൊണ്ട് തന്നെ സുൽത്വാൻ ജമാലുദ്ദീന്റെ പിൻമുറക്കാർ അവരെത്തിപ്പെട്ട മേഖലകളിലെല്ലാം തദ്ദേശീയ നാട്ടുരാജ്യ അധികാര കേന്ദ്രങ്ങളുടെ സമ്മതിയും പ്രത്യേക പരിഗണനയും ലഭിച്ചവരായി.
വർത്തകരും മതകീയ വിശുദ്ധിയോടെ ജീവിച്ചവരുമായ നൈന-മരയ്ക്കാർ സമൂഹത്തിൽ നിന്നുള്ള പിൻമുറക്കാർ പിന്നീട് വ്യാപാരാവശ്യാർത്ഥവും ദീനീ പ്രബോധനം ലക്ഷ്യം വെച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിന്യസിക്കപ്പെട്ടു.
പതിനഞ്ചാം നൂറ്റാണ്ട് ആദ്യത്തിൽ പെരുമ്പടപ്പ് രാജസ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് പറിച്ചു നടപ്പെടുന്നുണ്ട്. കൊച്ചി ഒരു തുറമുഖ വാണിജ്യകേന്ദ്രമായി വികസിച്ചുവന്നുകൊണ്ടിരുന്ന സന്ദർഭത്തിൽ തന്നെ കൊച്ചിയിലും നൈന-മരയ്ക്കാർമാർ അധിവസിച്ചു തുടങ്ങി എന്ന് സാമാന്യമായി മനസ്സിലാക്കാവുന്നതാണ്. പെരുമ്പടപ്പ് രാജസ്വരൂപത്തിലെ രാജാക്കന്മാർ കൊച്ചിയിലെത്തിയ വർത്തക പ്രമുഖരായ നൈനമാരുമായി വളരെ നല്ല ബന്ധം നിലനിർത്തി. കൊച്ചി നാട്ടുരാജ്യത്തിന്റെ സമ്പദ് ഘടനയുടെ പോഷണത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയ ഒരു വിഭാഗമായിരുന്നതിനാൽ പ്രത്യേക പരിഗണനകളാണ് നൈനമാർക്ക് പെരുമ്പടപ്പ് രാജ സ്വരൂപത്തിലെ രാജാക്കന്മാരിൽ നിന്ന് ലഭിച്ചത്. പോർച്ചുഗീസ് ആഗമന ഘട്ടത്തിലും ഇത് തുടർന്നു.

കൊച്ചിയിലെത്തിയ നൈന-മരയ്ക്കാർമാർ മത പാണ്ഡിത്യമുള്ളവരും കച്ചവടക്കാരുമായിരുന്നു. പ്രമുഖ സ്വൂഫികളും പണ്ഡിതവ്യക്തിത്വങ്ങളുമായ ഖാള്വി അലാവുദ്ദീൻ, ഖാള്വി നൂറുദ്ദീൻ, അഹ്മദ് നൈനാർ തുടങ്ങിയവരുടെ പിൻമുറക്കാരായ കുടുംബങ്ങളും കൊച്ചിയിൽ കുടിയേറിയ നൈനമാരിൽ ഉൾപ്പെടുന്നു എന്ന കാര്യം ചില ചരിത്രകാരന്മാരെ ഉദ്ധരിച്ച് മൻസൂർ നൈന പ്രസ്താവിക്കുന്നുണ്ട്.
കൊച്ചി രാജാവ് പോർച്ചുഗീസുകാരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നതിനാൽ കൊച്ചിയിലെ നൈന-മരയ്ക്കാർമാരും പോർച്ചുഗീസുകാരോട് നല്ല ബന്ധം നിലനിർത്തി. എന്നാൽ പിൽക്കാലത്ത് പോർച്ചുഗീസുകാർക്ക് സമാധാനപൂർണ്ണമായ വാണിജ്യലക്ഷ്യങ്ങളേക്കാൾ അറബിക്കടലിലെ വാണിജ്യകുത്തക നേടിയെടുക്കാനുള്ള താത്പര്യങ്ങളും വംശീയവും മതകീയവുമായ ലക്ഷ്യങ്ങളുമുണ്ടെന്ന് തിരിച്ചറിഞ്ഞ വർത്തക പ്രമുഖരായ നൈന-മരയ്ക്കാർമാരിൽ ചിലർ കോഴിക്കോട് സാമൂതിരിയുടെ പക്ഷത്തേക്ക് കൂറുമാറുകയും സാമൂതിരി രാജ്യത്തിന്റെ നാവികപ്പടയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. കൊച്ചി നാട്ടുരാജ്യ അധികാര വ്യവസ്ഥയോടുള്ള കൂടുമാറ്റമല്ല ഇതെന്നും അധിനിവേശകരായ പോർച്ചുഗീസുകാരുടെ അതിക്രമങ്ങളെ ചെറുത്തു തോൽപിക്കുക എന്ന വിമോചന രാഷ്ട്രീയ ലക്ഷ്യമായിരുന്നു ഇതിന് പ്രചോദനമെന്നും ചരിത്ര വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെ നൈന-മരയ്ക്കാർമാരുടെ പിൻമുറക്കാർ സാമൂതിരിയുടെ നാട്ടുരാജ്യ അധികാര വ്യവസ്ഥയിലും സവിശേഷ പരിഗണനകളോടെ സാമന്തപദവിയോടെ സ്വീകരിക്കപ്പെട്ടു. കോലത്തിരിയുടെ നാട്ടിലും നൈന-മരയ്ക്കാർമാർക്ക് സവിശേഷ പദവികളുണ്ടായിരുന്നു. അഥവാ ദക്ഷിണേന്ത്യൻ തീരങ്ങളിലെ തുറമുഖങ്ങളിൽ നടന്നുകൊണ്ടിരുന്ന വിദേശവ്യാപാരത്തിന്റെ നിയന്ത്രണം നൈന-മരയ്ക്കാർമാരിലും അറബികളായ വ്യാപാരികളിലും കേന്ദ്രീകൃതമായിരുന്നു. അതുകൊണ്ട് തന്നെ മേഖലയിലെ നാട്ടുരാജ്യ അധികാരകേന്ദ്രങ്ങൾക്കൊക്കെയും നൈന-മരയ്ക്കാർമാർ സ്വീകാര്യരായിരുന്നു. എന്നാൽ പോർച്ചുഗീസ് അതിക്രമങ്ങൾ ശക്തിപ്പെട്ടതോടെ സമുദ്രവ്യാപാരം പ്രതിസന്ധിയിലാവുകയും അറബിക്കടൽ കൊള്ളയുടെയും നിർദയമായ കൊലപാതകങ്ങളുടെയും കൂത്തരങ്ങാവുകയും ചെയ്തു. ഇൗ പശ്ചാത്തലത്തിലാണ് ശക്തമായ പോരാട്ട വീര്യത്തോടെ നൈന-മരയ്ക്കാർമാർ സാമൂതിരിയുടെ നാവിക മേധാവികളായി രംഗ പ്രവേശം ചെയ്യുന്നത്.
സാമൂതിരിയുടെ നാവിക മേധാവികളായിരുന്ന പ്രമുഖരായ നാല് മരയ്ക്കാർമാരുടെ ചരിത്രം ഈ ഗ്രന്ഥത്തിൽ സംഗ്രഹിച്ചു വിവരിക്കപ്പെടുന്നുണ്ട്.
നാലാം കുഞ്ഞാലി മരയ്ക്കാരുടെ ധീരോദാത്തമായ രക്തസാക്ഷിത്വവും പോർച്ചുഗീസുകാരോട് പക്ഷം ചേർന്ന് അക്കാലത്തെ സാമൂതിരി സ്വന്തം നാവിക മേധാവിയോട് ചെയ്ത കൊടിയ വഞ്ചനയും മൻസൂർ നൈന പ്രമാണ പിൻബലത്തോടെ സാമാന്യമായി വിശകലനം ചെയ്യുന്നുണ്ട്. ശേഷം കോഴിക്കോട് ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ കുടുംബത്തിന്റെ പിൽക്കാല ചരിത്രവും പ്രമാണങ്ങളുദ്ധരിച്ച് കണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട് ഗ്രന്ഥകാരൻ.

കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ കുടുംബ പാരമ്പര്യമുള്ള ഒരു കലന്തൻ പോക്കർ സാമൂതിരിയുടെ നോട്ടപ്പുള്ളിയാകുന്നതും ശേഷം കൊടുങ്ങല്ലൂർ നാട്ടുരാജാവായ പാലിയത്തച്ഛന്റെ സഹായം തേടുന്നതും സാമൂതിരിയോട് ശത്രുതയുണ്ടായിരുന്ന പാലിയത്തച്ഛൻ അദ്ദേഹത്തെ സ്വീകരിക്കുകയും അദ്ദേഹത്തിന് അധിവസിക്കാൻ ഭൂമി ദാനം ചെയ്യന്നതും തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം മേഖലയിൽ വ്യാപിക്കുന്നതുമെല്ലാം ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്. പാലിയത്തച്ഛനുമായുള്ള അടുപ്പം കുടുംബപരമായ മറ്റൊരടുപ്പത്തിലേക്ക് വഴി വെച്ചു. അക്കാലത്ത് പാലിയത്തച്ഛന്റെ വെടിമുറ പട്ടാളത്തിന്റെ സേനാധിപതി കുഞ്ഞാലി നൈനയായിരുന്നു. അദ്ദേഹത്തിന്റെ മകളെ കലന്തൻ പോക്കർ നിക്കാഹ് ചെയ്തതോടെ പൂർവ്വീക ബന്ധങ്ങൾ വീണ്ടെടുക്കപ്പെട്ടു. പിൽക്കാലത്ത് ഇവരുടെ സന്തതി പരമ്പരയിലാണ് ബ്രിട്ടീഷ് കോളണി വിരുദ്ധ ദേശീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ കോൺഗ്രസ്സ് നേതാവും ധീരദേശാഭിമാനിയുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ പോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ പിറന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അദ്വിതീയ സ്ഥാനമലങ്കരിച്ച കുഞ്ഞാലി മരയ്ക്കാർമാരുടെ പിൻമുറക്കാർ വൈദേശിക കോളണീകരണത്തിനെതിരെയുള്ള അവസാന ഘട്ട സ്വാതന്ത്ര പ്രക്ഷോഭങ്ങളിലും പങ്കാളിത്തം വഹിച്ച ചരിത്രം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും കൊച്ചിയിലെ സൈനുദ്ദീൻ നൈനയുടെയും മറ്റ് പ്രമുഖരുടെയും ചരിത്രം അവലോകനം ചെയ്യുന്ന സന്ദർഭത്തിൽ വിശദീകരിക്കുമ്പോൾ ചരിത്രത്തിൽ അണയാതെ തുടർന്നു വന്ന നൈന-മരയ്ക്കാർമാരുടെ വിമോചന വീര്യത്തെ മൻസൂർ നൈന തന്റെ ഗ്രന്ഥത്തിലൂടെ സ്ഥാപിച്ചെടുക്കുകയാണ്. തീർച്ചയായും ഇതുകൊണ്ട് തന്നെയാണ് നൈന-മരയ്ക്കാർമാരുടെ ചരിത്രം എന്നാൽ അതൊരു കേവല വംശമഹിമയുടെ ഭൂതകാല വിഭൂതി മാത്രമായി പരിമിതപ്പെടാത്തത്. തീർച്ചയായും ദക്ഷിണേന്ത്യയുടെ വിമോചന രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ് നൈന-മരയ്ക്കാർ ചരിത്രം.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അദ്വിതീയ സ്ഥാനമലങ്കരിച്ച കുഞ്ഞാലി മരയ്ക്കാർമാരുടെ പിൻമുറക്കാർ വൈദേശിക കോളണീകരണത്തിനെതിരെയുള്ള അവസാന ഘട്ട സ്വാതന്ത്ര പ്രക്ഷോഭങ്ങളിലും പങ്കാളിത്തം വഹിച്ച ചരിത്രം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും കൊച്ചിയിലെ സൈനുദ്ദീൻ നൈനയുടെയും മറ്റ് പ്രമുഖരുടെയും ചരിത്രം അവലോകനം ചെയ്യുന്ന സന്ദർഭത്തിൽ വിശദീകരിക്കുമ്പോൾ ചരിത്രത്തിൽ അണയാതെ തുടർന്നു വന്ന നൈന-മരയ്ക്കാർമാരുടെ വിമോചന വീര്യത്തെ മൻസൂർ നൈന തന്റെ ഗ്രന്ഥത്തിലൂടെ സ്ഥാപിച്ചെടുക്കുകയാണ്. തീർച്ചയായും ഇതുകൊണ്ട് തന്നെയാണ് നൈന-മരയ്ക്കാർമാരുടെ ചരിത്രം എന്നാൽ അതൊരു കേവല വംശമഹിമയുടെ ഭൂതകാല വിഭൂതി മാത്രമായി പരിമിതപ്പെടാത്തത്. തീർച്ചയായും ദക്ഷിണേന്ത്യയുടെ വിമോചന രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ് നൈന-മരയ്ക്കാർ ചരിത്രം.

കൊച്ചി രാജവംശത്തിലെ അനന്തരാവകാശ തർക്കത്തിൽ സാമൂതിരിയും ഡച്ചുകാരും സംയുക്തമായി പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട്. ഈ യുദ്ധത്തിന് സാമൂതിരി അയച്ച മരയ്ക്കാർമാരായ നാല് യോദ്ധാക്കൾ പറങ്കികളെ പരാജയപ്പെടുത്തി കൊച്ചിരാജ്യത്തെ യഥാർത്ഥ അനന്തരാവകാശിക്ക് രാജാധികാരം നിലനിർത്താൻ പശ്ചത്തലമൊരുക്കിയതായും പ്രമാണങ്ങളുദ്ധരിച്ച് മൻസൂർ നൈന പ്രസ്താവിക്കുന്നു. മരയ്ക്കാർ താവഴികളുടെ കുഴിഒടിയിലെ താമസക്കാലത്താകണം കൊച്ചി രാജവംശത്തിലെ അവകാശ തർക്കത്തിൽ സാമൂതിരിയുടെ നിർദ്ദേശ പ്രകാരം കുഞ്ഞാലി നാലാമന്റെ താവഴിയിൽ പെട്ട നാലു യോദ്ധാക്കൾ കൊച്ചിയിൽ പോയത്. ഈ നാല് യോദ്ധാക്കളുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക മുന്നേറ്റങ്ങളിലുടെ പോർച്ചുഗീസുകാർ പരാജയപ്പെട്ടു. അതുവഴി യഥാർത്ഥ അനന്തരാവകാശിയായി അധികാര വാഴ്ച സ്ഥിരപ്പെട്ട കൊച്ചി രാജാവ് ഇവരെ പ ടത്തലവന്മാരാക്കി നൈനാർ സ്ഥാനം കൽപിച്ചു കൊച്ചിയിൽ കുടിയിരുത്തിയെന്നും ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ഇവരുടെയും പിൻമുറക്കാരാണ് കൊച്ചിയിലും മറ്റ് പ്രദേശങ്ങളിലും വ്യാപിച്ചു കിടക്കുന്ന നൈന-മരയ്ക്കാർ സമൂഹമെന്ന് ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.

കൊച്ചി രാവംശവുമായി നൈന-മരയ്ക്കാർമാർക്കുണ്ടായിരുന്ന ബന്ധം വളരെ സവിശേഷ പ്രാധാന്യമുളളതായിരുന്നു. പിൽക്കാലത്തും വളരെ ഊഷ്മളമായി ഈ ബന്ധം തുടരുന്നതായാണ് ഉപരി സൂചിത വസ്തുതകൾ തെളിയിക്കുന്നത്. കൊച്ചിയിലെ പുതിയ രാജാവിനെ വാഴിക്കുന്ന അരിയിട്ടുവാഴ്ച ചടങ്ങിലും എഴുന്നള്ളത്തിലും നൈന സമൂദായം പ്രത്യേക ക്ഷണിതാക്കളായിരുന്നു. വാസ്തവത്തിൽ സുൽത്വാൻ സയ്യിദ് ജമാലുദ്ദീനും തഖ് യുദ്ദീൻ അബ്ദുറഹ്മാനും പാണ്ഡ്യരാജ്യത്ത് ലഭിച്ച സ്വീകാര്യതയുടെയും അധികാര പങ്കാളിത്തത്തിന്റെയും നാവിക, സൈനിക നേതൃത്വത്തിന്റെയും പിന്തുടർച്ച വിവിധ കാലങ്ങളിലായി കേരളത്തിലെ വിവിധ നാട്ടുരാജ്യ അധികാര കേന്ദ്രങ്ങളിൽ നിന്നും നൈന-മരയ്ക്കാർമാർക്ക് ലഭിച്ചുകൊണ്ടിരുന്നുവെന്നാണ് ഈ ഗ്രന്ഥപാരായണത്തിലൂടെ വായനക്കാരന് വ്യക്തമാകുന്നത്.
ദക്ഷിണേന്ത്യയിലെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഉദ്ഗ്രന്ഥനത്തെ പല നിലയിൽ സ്വാധീനിച്ച ഒരു സവിശേഷ സമൂഹമായി നൈന-മരയ്ക്കാർ സമൂഹത്തെ സ്ഥാനപ്പെടുത്താവുന്ന നിരവധി ചരിത്ര വസ്തുതകൾ ഈ ഗ്രന്ഥത്തിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ്വിഷയകമായ വിപുലമായ പഠനങ്ങളിലേക്കും ഗവേഷണങ്ങളിലേക്കുമുള്ള നിരവധി പ്രേരകങ്ങളും സൂചകങ്ങളും ഗ്രന്ഥം മുന്നോട്ടു വെക്കുന്നു.
സാധാരണക്കാർക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ് ഗ്രന്ഥത്തിന്റെ ആഖ്യാന രീതി.

ആകെ 24 അദ്ധ്യായങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. തികച്ചും വസ്തുനിഷ്ഠമായ വിവരങ്ങളുൾക്കൊള്ളിച്ച് ഒരു അക്കാദമിക ഗ്രന്ഥത്തിന്റെ ആധികാരികതയോടെ തന്നെയാണ് ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. ഊഹങ്ങളും നിഗമനങ്ങളും ചില പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള സമർത്ഥനങ്ങളുമൊന്നും ഈ ഗ്രന്ഥത്തിൽ നമുക്ക് കാണാനാവില്ല. ഉള്ളതു ഉള്ളതു പോലെ പ്രമാണ പിൻബലത്തോടെ പ്രസ്താവിക്കാനും സ്ഥാപിച്ചെടുക്കാനുമാണ് ഗ്രന്ഥകാരൻ ഉദ്യമിക്കുന്നത്. അക്കാദമിക ലക്ഷ്യങ്ങളോടെ വളരെ വിപുലമായ പഠന മനനങ്ങൾ നടക്കേണ്ട ഒരു മേഖലയാണ് നൈന-മരയ്ക്കാർ ചരിത്രം എന്ന കാര്യം ഈ ഗ്രന്ഥം പാരായണം ചെയ്യുന്ന ഓരോ ഗവേഷകനും ബോദ്ധ്യപ്പെടും.
ഗ്രന്ഥത്തെ പ്രൗഢവും അർത്ഥപൂർണ്ണവും ആധികാരികവുമാക്കുന്ന ആധികാരിക ചരിത്ര പണ്ഡിതന്മാരുടെ ആശംസാകുറിപ്പുകളും അവതാരികയും ഈ ഗ്രന്ഥത്തിന്റെ സവിശേഷത കൂടുതൽ വർദ്ധിപ്പിക്കുന്നു. ഡോ: കെ.കെ.എൻ. കുറുപ്പ്, ഡോക്ടർ ഹുസൈൻ രണ്ടത്താണി പോലുള്ള ചരിത്ര പണ്ഡിതന്മാരുടെ ആശംസാകുറിപ്പുകൾ കൂടാതെ ഡോ: കെ.എം. മാത്യുവിന്റെ പ്രൗഢമായ അവതാരിക ഗ്രന്ഥത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ഗ്രന്ഥ രചനയിൽ പല നിലയിൽ സഹകരിച്ച ചരിത്ര പണ്ഡിതൻ ഡോ: മീരാൻ പിള്ളയുടെ പഠന ലേഖനവും ഗ്രന്ഥത്തെ കൂടുതൽ മികവുറ്റതാക്കുന്നു. കൊച്ചി രാജവംശത്തിന്റെ പിൻമുറക്കാരനായ ശ്രീ എസ്. അനുജൻ എഴുതി നൽകിയ സന്ദേശവും ഈ ഗ്രന്ഥത്തിന്റെ രാജകീയ പ്രൗഢിയെ കൂടുതൽ മികവുറ്റതാക്കുന്നുണ്ട്. കവർ ഡിസൈൻ ഉൾപ്പെടെ മികച്ച രൂപകൽപനയോടെ തയ്യാർ ചെയ്ത ഈ ​ഗ്രന്ഥത്തിന് ആകെ 224 പേജുകളാണുള്ളത്. 250 രൂപയാണ് മുഖവില. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നൈന-മരയ്ക്കാർ റിസർച്ച് ഫൗണ്ടേഷനാണ് പ്രസാധകർ.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy