അക്ബർ അണ്ടത്തോട്:
ബാപ്പയുടെ മീസാൻ കല്ലിൻമേൽ
മാഞ്ഞു തുടങ്ങിയ പേരും തിയ്യതിയും
തെളിയിച്ചെഴുതുകയായിരുന്നു ഞാൻ.
പായൽ മൂടിയ പള്ളിക്കുളമൊന്നിളക്കി
ഒരു കുളക്കോഴി
നനഞ്ഞ ചിറകുകൾ
സൂര്യ വെട്ടത്തിൽ തിളക്കി
കിഴക്കോട്ടു പറന്നു.
കരിയിലകളിളക്കിയൊരു കരിഞ്ചേര
പ്രാർഥനകളെത്താതെ
ദുഃഖം പുതച്ച കബറുകളിലിഴഞ്ഞു.
മനുഷ്യാത്മക്കളിൽ വേരുകളാഴ്ത്തി
ഖബറുകൾക്കു മുകളിൽ
നീലാകാശം മറച്ചു പന്തലിച്ച
ഞാവൽ മരത്തിലൊരു മരംകൊത്തി
ശ്മശാനമൂകതക്കറുതി തേടി
ആഞ്ഞാഞ്ഞു കൊത്തി.
പള്ളിക്കാട്ടിലെ പാഴ്ച്ചെടികളും
മൈനകളും കുയിൽപ്പാട്ടും
പേരുകളില്ലാത്ത
അനേകം മീസാൻ കല്ലുകളും
ഒന്നു മാത്രമെന്നോടു മൊഴിഞ്ഞു;
പേരു തെളിയിക്കാൻ പാടുപെടുന്നവനേ,
നിൻ്റെ ബാപ്പ പോയ ലോകത്ത്
ആളുകൾക്കു പേരുകളേയില്ല !
മരങ്ങൾക്കു മുറിവേൽപ്പിക്കുന്നവൻ
മരംകൊത്തിയായതുപോലെ
പാട്ടിനെതിർപ്പാട്ടു കൊണ്ടൊരു
കുയിൽ പിറന്ന പോലെ
ആളുകളവിടെ കർമ്മങ്ങൾക്കൊണ്ടറിയപ്പെടും;
വഴി വെട്ടാൻ നീ ഒഴുക്കിയ വിയർപ്പവിടെ
നിൻ്റെ ദേശപ്പേരും
ഇടതു കൈ അറിയാതെ
നിൻ്റെ വലതു കയ്യുതിർത്ത
നാണയത്തുട്ടുകൾ വീട്ടു പേരും
ഖൽബകത്തെ കറുപ്പാറ്റിയ പുഞ്ചിരികൾ
നിൻ്റെ മുഖ വെളിച്ചവുമാകുമ്പോൾ
പേരുകൾ തീർത്ത അതിർത്തികളിൽ
കലഹിക്കുന്ന മനുഷ്യരെയോർത്ത്
നീ ദു:ഖിക്കാതിരിക്കില്ല.