നോമ്പിന്റെ ഉൾപ്പൊരുളുകൾ

ഡോ: തഫ്സൽ ഇഹ്ജാസ്:

ഇബ്നു അറബി(റ) ചില മഹത്തുക്കളിൽ നിന്ന് നിവേദനം ചെയ്യുന്നു: “നിശ്ചയമായും നോമ്പ് നാലു തരത്തിലുണ്ട്. സാധാരണക്കാരുടെ നോമ്പ്. അത് ഭക്ഷണം, പാനീയം, ലൈംഗിക ബന്ധം എന്നിവയെത്തൊട്ട് ഉളള നോമ്പാണ്. അടുത്തത് സാധാരണക്കാരിലെ പ്രത്യേകക്കാരുടെ നോമ്പാണ്. അത് ഇതോടൊപ്പം നിഷിദ്ധമായ എല്ലാ വാക്കുകളും പ്രവൃത്തികളും വെടിയലാണ്. അടുത്തത് പ്രത്യേകക്കാരുടെ നോമ്പാണ്. അത് അല്ലാഹുവിനെക്കുറിച്ചുളള ദിക്റും അവന്റെ ഇബാദത്തും അല്ലാത്ത സകലതിനെയും തൊട്ട് നോമ്പ് നോൽക്കലാണ്. അടുത്തത് പ്രത്യേകക്കാരിൽ വെച്ച് പ്രത്യേകക്കാരുടെ നോമ്പാണ്. അത് അല്ലാഹു അല്ലാത്ത സകലതിനെയും തൊട്ടുളള നോമ്പാണ്. അവർ അവനെ കണ്ടുമുട്ടുന്ന ദിനം വരെ ആ നോമ്പ് മുറിക്കുകയില്ല.”(ഉംദത്തുൽ ഖാരി)

അബൂ ഹുറൈറ (റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: “നോമ്പ് ഒരു പരിചയാണ്. അതിനാൽ ഒരുവൻ നോമ്പ് നോൽക്കുമ്പോൾ ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്താതിരിക്കട്ടെ, വിഡ്ഢിയെപ്പോലെ പെരുമാറാതിരിക്കുകയും ചെയ്യട്ടെ. ഇനി ഏതെങ്കിലും വ്യക്തി അവനോട് അടിപിടി കൂടുകയോ അവനെ ആക്ഷേപിക്കുകയോ ചെയ്യുകയാണെങ്കിൽ അവൻ അയാളോട് നിശ്ചയമായും ഞാൻ നോമ്പുകാരനാണ് എന്ന് രണ്ട് തവണ പറഞ്ഞു കൊളളട്ടെ. എന്റെ നഫ്സ് ആരുടെ കൈയ്യിലാണോ, അവനെക്കൊണ്ട് സത്യം, നിശ്ചയമായും നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയുടെ ഗന്ധത്തേക്കാൾ സൗരഭ്യമേറിയതാണ്. (അല്ലാഹു അവനെക്കുറിച്ച് പറയുന്നു) അവൻ എനിക്ക് വേണ്ടി അവന്റെ ഭക്ഷണത്തെയും പാനീയത്തെയും ശാരീരിക ഇച്ഛയെയും വെടിഞ്ഞു. നോമ്പ് എനിക്കുളളതാണ്, ഞാൻ തന്നെ അതിനുളള പ്രതിഫലം നൽകും. (ഞാൻ തന്നെയാണ് അതിനുളള പ്രതിഫലം). നൻമകൾക്കുളള പ്രതിഫലം അവയുടെ പത്തിരട്ടിക്ക് തുല്യവുമാണ്.” (സ്വഹീഹ് ബുഖാരി)
ആദ്യമായി റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുന്നത്, നോമ്പ് ഒരു പരിചയാണ് എന്നാണ്, മറ്റൊരു ഹദീസിൽ അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞിരിക്കുന്നു: “യുദ്ധത്തിൽ നിങ്ങളിൽ ഒരാൾക്കുളള പരിച പോലെതന്നെയുളള പരിചയാണ് നോമ്പ്” (അന്നസാഈ,, ഇബ്നു മാജ). നരകത്തെ തൊട്ട് തടുക്കുന്ന പരിചയാണ് എന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (അന്നസാഈ) നരകത്തെ തൊട്ട് പ്രതിരോധിക്കുന്ന പരിചയും ഭേദിക്കാനാവാത്ത സുഭദ്രമായ കോട്ടയാണെന്നും തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്. (അഹ്മദ്) പരദൂഷണം(ഗീബത്ത്) കൊണ്ട് പൊളിക്കപ്പെടാത്ത നോമ്പ് നരകത്തെ തടുക്കുന്ന പരിചയാണ് എന്ന് അബൂ ഉബൈദ(റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (അദ്ദാരിമി)

  നോമ്പിനെ ജുന്നത് എന്നാണ് വിളിച്ചിട്ടുളളത്. മറച്ചു കളയുകയും തടയുകയും ചെയ്യുന്ന ഒന്നാണ് ജുന്നത്. ബാഹ്യദൃഷ്ടികളിൽ നിന്ന് മറഞ്ഞു കിടക്കുന്നത് കൊണ്ടാണ് ജിന്നുകളെ അപ്രകാരം വിളിക്കുന്നത്. വൃക്ഷങ്ങളുടെ ഇലകൾ കൊണ്ട് മറച്ചു വെക്കപ്പെട്ടത് കൊണ്ടാണ് ഒരു തോട്ടത്തെ ജന്നത്ത് എന്ന് വിളിക്കുന്നത്. മനുഷ്യന്റെ ജീവിതത്തിൽ വെളിവാകാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്. അവയെ വെളിവാകാതെ സൂക്ഷിക്കൽ വളരെ അത്യാവശ്യവുമാണ്. സ്വയം തന്നെ ഒരു നൻമയും ഇല്ലാത്തവനാണ് മനുഷ്യൻ. അവനിൽ നിന്ന് നന്മ വെളിപ്പെടുന്നുണ്ടെങ്കിലും അത് അല്ലാഹുവിൽ നിന്നുളളതാണ്. മനുഷ്യനിൽ നിന്ന് വെളിപ്പെടുന്ന ഏത് തിൻമയും അവന്റെ നഫ്സിൽ നിന്നു തന്നെയാണ് ഉളവാകുന്നത്. സംസ്കരണം സിദ്ധിക്കാത്ത നഫ്സ് എപ്പോഴും തിൻമയിലേക്ക് പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. അതിന്റെ പ്രേരണയ്ക്ക് വിധേയപ്പെട്ടാൽ മനുഷ്യനിൽ തിൻമകൾ വെളിപ്പെടും. നഫ്സിന് ശരീരവുമായി ബന്ധപ്പെട്ട കുറെ ഇച്ഛകളുണ്ട്. അവയെ ശഹവാത്ത് എന്ന് വിളിക്കുന്നു. നോമ്പ് തിൻമകൾ വെളിപ്പെടുന്നത് തടയുന്ന മറയും, നഫ്സിന്റെ തെറ്റായ പ്രേരണകളെ തടയുന്ന പരിചയും ആയിത്തീരുന്നത്, അത് നഫ്സിന്റെ ശഹവാത്തുകളെ ദുർബലപ്പെടുത്തുന്നത് കൊണ്ടാണ്. നിശ്ചയമായും നോമ്പ് ഒരു പരിചയായിട്ടുളളത് അത് ദേഹേച്ഛകൾക്ക് (ശഹവാത്ത്) തടയിടുന്നത് കൊണ്ടാണ്. സ്വഹീഹായ ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:

“സ്വർഗത്തെ അനിഷ്ടകരമായ കാര്യങ്ങളെക്കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുന്നു. നരകത്തെ ദേഹേച്ഛകളെക്കൊണ്ടും വലയം ചെയ്യപ്പെട്ടിരിക്കുന്നു.” നഫ്സിന്റെ വഞ്ചനയെയും കടന്നാക്രമണത്തെയും പ്രതിരോധിക്കാനുളള ശക്തമായ കോട്ടയും പരിചയുമാണ് നോമ്പ്. എന്നാൽ നോമ്പിന്റെ ഈയൊരു ഗുണത്തെ നഷ്ടപ്പെടാതെ സംരക്ഷിക്കുക എന്നത് നോമ്പുകാരന്റെ ബാധ്യതയാണ്. അത് ചെയ്യുന്നില്ലെങ്കിൽ നോമ്പുകൊണ്ട് നരകത്തെ തടുക്കുക സാധ്യമല്ല. നോമ്പിനെ മുറിച്ചു കളയുന്ന കാര്യങ്ങളുമുണ്ട്; അതിന്റെ ഫലത്തെ നഷ്ടപ്പെടുത്തിക്കളയുന്ന കാര്യങ്ങളുമുണ്ട്. ഇവ രണ്ടിനെയും സൂക്ഷിക്കണം. നോമ്പിനെ മുറിച്ചു കളയുന്ന കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിലൂടെ ഏറ്റവും താഴ്ന്ന പടിയിലുളള ഒരു നോമ്പേ ആയിത്തീരുന്നുളളൂ. ഭാര്യാഭർതൃ ബന്ധം പുലർത്തുക എന്നത് നോമ്പിനെ തന്നെ മുറിച്ചു കളയുന്ന കാര്യമാണ്. എന്നാൽ നോമ്പിന്റെ ഗുണഫലങ്ങളെ തന്നെ നഷ്ടപ്പെടുത്തുന്ന കാര്യങ്ങളെത്തൊട്ട് കരുതലുണ്ടാവുമ്പോഴാണ് സ്വാലിഹീങ്ങളുടെ നോമ്പ് നമുക്ക് ലഭിക്കുക. മോശമായ വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും സ്വയം തടയുക എന്നത് ഇതിന് ആവശ്യമാണ്. എന്നാൽ സൂഫികളുടെ നോമ്പ് അല്ലാഹുവിൽ മാത്രം ഒരാളുടെ ഹൃദയം ഉൻമുഖമായിത്തീരുമ്പോൾ മാത്രമാണ് യഥാർത്ഥ്യമാവുന്നത്. ശഹവാത്തുകൾ തന്നെയാണ് ശൈത്വാന് മനുഷ്യനിലേക്ക് കടന്നു വരാനുളള മാധ്യമം. അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു:
“നിശ്ചയമായും ശൈത്വാൻ ആദം സന്തതിയുടെ രക്തം പ്രവഹിക്കുന്ന മാർഗങ്ങളിലൂടെയെല്ലാം സഞ്ചരിക്കും. അതിനാൽ നിങ്ങൾ അവന്റെ സഞ്ചാരമാർഗങ്ങളെ വിശപ്പു കൊണ്ട് കുടുസ്സായതാക്കുക.”
ശൈത്വാനും നഫ്സിനും എതിരെയുളള പോരാട്ടത്തിലാണ് ഒരു നോമ്പുകാരൻ യഥാർത്ഥത്തിൽ ഉളളത്. താൻ പോരാടുകയാണ് എന്ന് ബോധമില്ലാത്തവന് പരിചയും ആയുധങ്ങളും കോട്ടയും കൊണ്ടൊന്നും ഒരു കാര്യവുമില്ലല്ലോ?
മേൽ പറഞ്ഞ ഹദീസിൽ ഉപയോ​ഗിക്കപ്പെട്ടിട്ടുള്ള ഒരു പ്രയോ​ഗം ലൈംഗിക ബന്ധത്തെയും അതിന് മുന്നോടിയായിട്ടുളള കാര്യങ്ങളെയും കുറിക്കാനാണ് ഉപയോഗിക്കാറുളളത്. അസഭ്യമായ വാക്കുകളെല്ലാം ഇതിന്റെ പരിധിയിൽ വരും. ജഹ് ലിന്റേതായ ഒരു പ്രവൃത്തിയും ഉണ്ടാവരുത് എന്നും തുടർന്ന് പറയുന്നു. ഒച്ചയിടൽ, വിഡ്ഢിത്തങ്ങൾ, പരിഹാസം എന്നിവയെല്ലാം ഇതിന്റെ വിവക്ഷയിൽ വരുന്നതാണ്. വേറെ ഒരു ഹദീസിൽ പരസ്പരമുളള വാദപ്രതിവാദം പാടില്ല എന്നും പറഞ്ഞിട്ടുണ്ട്. (ഉംദത്തുൽ ഖാരി) വാക്കുകൊണ്ടോ കൈകൊണ്ടോ ആരെങ്കിലും യുദ്ധത്തിന് ഒരുമ്പെട്ടാൽ “തീർച്ചയായും ഞാൻ നോമ്പുകാരനാണെന്ന് രണ്ട് പ്രാവശ്യം പറയണമെന്ന് ഹദീസിൽ പറയുന്നു. ഇതിൽ ഒരു പ്രാവശ്യം ഹൃദയം കൊണ്ടും മറ്റേത് നാവുകൊണ്ടുമാണെന്ന് അസ്സർകശീ (റ) നിവേദനം ചെയ്യുന്നു. (ഫത്ഹുൽ ബാരി) ഖൽബ് കൊണ്ട് പറയുന്നത് തന്റെ നാവിനെ എതിരാളിയെ തൊട്ട് തടയാനാണ്. നാവ് കൊണ്ട് പറയുന്നത് എതിരാളിയെ തന്നെതൊട്ട് തടയാനാണ്. ഇപ്രകാരം പറയുകയും നിൽക്കുന്നവനാണെങ്കിൽ ഇരിക്കുകയും ചെയ്യണമെന്ന് അബൂ ഹുറൈറ (റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (ഉംദത്തുൽ ഖാരി)
തുടർന്ന് അല്ലാഹുവിന്റെ റസൂൽ(സ്വ) സ്വന്തം നഫ്സിനെ കൊണ്ടു തന്നെ സത്യം ചെയ്തു പറയുകയാണ്. നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധമേറിയതാണ് എന്ന്. ഇതിലൂടെ അല്ലാഹുവിന് നോമ്പുകാരനോടുള്ള അങ്ങേയറ്റത്തെ അടുപ്പത്തെയാണ് അല്ലാഹുവിന്റെ റൂസൂൽ(സ്വ) നമുക്ക് പഠിപ്പിച്ചു തരുന്നത്. നോമ്പുകാരന്റെ വായയുടെ ഗന്ധത്തെക്കുറിച്ച് പറഞ്ഞതു പോലെത്തന്നെ രക്തസാക്ഷിയുടെ ശരീരത്തിൽ നിന്നൊഴുകുന്ന രക്തത്തിന് ആഖിറത്തിൽ കസ്തൂരിയുടെ ഗന്ധം ഉണ്ടാകുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. കസ്തൂരിയുടെ ഗന്ധം എന്നത് അല്ലാഹു നോമ്പിനെ സ്വീകരിച്ചതിന്റെയും തൃപ്തിപ്പെട്ടതിന്റെയും അർത്ഥത്തെ ഉൾക്കൊള്ളുന്നുണ്ട്. തുടർന്ന് അല്ലാഹു തആലാ നോമ്പുകാരനെക്കുറിച്ച് പറയുന്നതായി നബി (സ്വ) അറിയിച്ചു തരുന്നത് എന്തെന്നാൽ ഒരു യഥാർത്ഥ നോമ്പുകാരൻ അവന്റെ ഭക്ഷണത്തെയും പാനീയത്തെയും ദേഹേച്ഛയെയും വെടിയുന്നത് അല്ലാഹുവിന് വേണ്ടി മാത്രമാണ് എന്നാണ്. നോമ്പ് അതിന്റെ സ്ഥാനത്താവുന്നത് അതിൽ കറകളഞ്ഞ ഇഖ്ലാസ്വ് ഉണ്ടാവുമ്പോഴാണ്. അതായത് അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ടുളള നോമ്പ്. അല്ലാഹു അല്ലാത്ത കാര്യങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടായിരിക്കരുത് നമ്മുടെ നോമ്പ് എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നു. ഇഖ്ലാസ്വിനെക്കുറിച്ച് അല്ലാഹു തആലാ പറഞ്ഞിരിക്കുന്നു: “ഇഖ്ലാസ്വ് എന്റെ രഹസ്യങ്ങളിൽ പെട്ട ഒരു രഹസ്യമാണ്. ഞാൻ ഒരുവനെ സ്നേഹിച്ചാൽ അവന്റെ ഹൃദയത്തിൽ ഞാൻ അതിനെ നിക്ഷേപിക്കുന്നു. ഒരു മലക്കിനും അതിനെ പരിശോധിച്ച് രേഖപ്പെടുത്തി വെക്കാൻ സാധിക്കുകയില്ല. ഒരു ശൈത്വാനും അതിനെ താറുമാറാക്കാനുമാവില്ല.” (ഉംദത്തുൽ ഖാരി)
നോമ്പ് ശാരീരികമായ ഒരു ഇബാദത്തിനേക്കാൾ എത്രയോ മടങ്ങ് ഖൽബുമായി ബന്ധപ്പെട്ട ഒരു ഇബാദത്താണ് എന്ന് ഇതിൽ നിന്ന് മനസ്സിലാകും. അതിനാൽ തന്നെ ആ ഇബാദത്തിന്റെ ആഴവും അതിനുളള പ്രതിഫലത്തിന്റെ കണക്കും അല്ലാഹുവിന് മാത്രം കണക്കാക്കാനാവുന്നതാണ്. അതുകൊണ്ടാണ് ഞാൻ അതിന് പ്രതിഫലം നൽകും എന്നും ഞാൻ തന്നെയാണ് അതിനുളള പ്രതിഫലം എന്നും അല്ലാഹു പറയുന്നത്. അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: “നോമ്പ് ക്ഷമയുടെ പകുതിയാണ്.”(തിർമിദി) അവിടുന്ന് ഇപ്രകാരവും പറഞ്ഞിട്ടുണ്ട്: “ക്ഷമ ഈമാനിന്റെ പകുതിയാണ്”(അബൂ നഈം). അല്ലാഹു തആലാ പറയുന്നു: “നിശ്ചയമായും ക്ഷമിക്കുന്നവർക്കുളള പ്രതിഫലം ഒരു കണക്കും കൂടാതെ പൂർത്തിയാക്കി നൽകപ്പെടുക തന്നെ ചെയ്യും”(അസ്സുമർ: 10) നോമ്പുകാരൻ തേടുന്നത് അല്ലാഹുവിനെ തന്നെയാണ്. അവന് കിട്ടുന്നത് അല്ലാഹുവിനെയും. എല്ലാ നൻമകൾക്കും അവയുടെ പത്തിരട്ടി നൽകപ്പെടുമ്പോൾ നോമ്പിലൂടെ ലഭിക്കുന്നത് സർവ്വതും നൽകുന്ന അല്ലാഹുവിനെ തന്നെയാണ്.
ഇബ്നു അറബി(റ) ചില മഹത്തുക്കളിൽ നിന്ന് നിവേദനം ചെയ്യുന്നു: “നിശ്ചയമായും നോമ്പ് നാലു തരത്തിലുണ്ട്. സാധാരണക്കാരുടെ നോമ്പ്. അത് ഭക്ഷണം, പാനീയം, ലൈംഗിക ബന്ധം എന്നിവയെത്തൊട്ട് ഉളള നോമ്പാണ്. അടുത്തത് സാധാരണക്കാരിലെ പ്രത്യേകക്കാരുടെ നോമ്പാണ്. അത് ഇതോടൊപ്പം നിഷിദ്ധമായ എല്ലാ വാക്കുകളും പ്രവൃത്തികളും വെടിയലാണ്. അടുത്തത് പ്രത്യേകക്കാരുടെ നോമ്പാണ്. അത് അല്ലാഹുവിനെക്കുറിച്ചുളള ദിക്റും അവന്റെ ഇബാദത്തും അല്ലാത്ത സകലതിനെയും തൊട്ട് നോമ്പ് നോൽക്കലാണ്. അടുത്തത് പ്രത്യേകക്കാരിൽ വെച്ച് പ്രത്യേകക്കാരുടെ നോമ്പാണ്. അത് അല്ലാഹു അല്ലാത്ത സകലതിനെയും തൊട്ടുളള നോമ്പാണ്. അവർ അവനെ കണ്ടുമുട്ടുന്ന ദിനം വരെ ആ നോമ്പ് മുറിക്കുകയില്ല.” (ഉംദത്തുൽ ഖാരി)

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy