നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ: ജീവിതവും സന്ദേശവും

Rabi' al-Akhir 14 marks the 'Urs day of the great Syed Noori Shah (RA), who set the right path and direction for the modern spiritual renaissance history of South Indian Muslims. 'Urs programs are underway with extensive events at Noori Muskan in Hyderabad, the headquarters and resting place of the esteemed personality. It is also the duty of Kerala Muslims to remember this great personality, who initiated and effectively developed numerous educational institutions starting from Jamia Nooriya in Kerala, and offered commendable and unique services in the field of spiritual purification, at least during this 'Urs occasion.

ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും സാന്നിധ്യമറിയിച്ച് മഹത്തായ ഒരു ദൗത്യത്തിന്റെ പിന്തുടർച്ച ഏറ്റെടുത്ത് ദീനിന്റെ കാതലായ ഈമാനിന്റെയും ഇഹ്സാനിന്റെയും വിജ്ഞാനങ്ങളെ പുനരുജ്ജീവിപ്പിച്ച് മുസ്ലിം സമുദായത്തിന്റെ സംസ്കരണത്തിന് നേതൃത്വം നൽകിയ മഹാനായ മുജദ്ദിദായിരുന്നു നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ.

ജനനം
ഇന്ത്യയിലെ പ്രധാന ഇസ്ലാമിക സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ ഹൈദരാബാദിലെ ദബീർപുരയിൽ ഹിജ്റഃ 1333 ദുൽഖഅ്ദ് 28 (1915 ഒക്ടോബർ:7) നാണ് ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) വിന്റെ പുത്രപരമ്പരയിലെ ഇരുപത്തി ഒന്നാമത്തെ പൗത്രനായി ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ് യിദ്ദീൻ ജീലാനി നൂരിശാഹ്(റ) തങ്ങൾ പിറന്നത്. വെള്ളിയാഴ്ച സ്വുബ്ഹിക്ക് ശേഷമായിരുന്നു പിറവി. ഹസ്രത്ത് മൗലാനാ സയ്യിദ് ഗൗസുദ്ദീൻ ജീലാനി(റ) യായിരുന്നു പിതാവ്. മുഹ് യിദ്ദീൻ ശൈഖ്(റ) വിന്റെ പുത്രന്മാരിൽ ഒരാളായ സയ്യിദ് അബ്ദുൽ ജബ്ബാർ ജീലാനി(റ) വിന്റെ കുടുംബ പരമ്പരയിലാണ് ഈ ജനനം. ഹൈദരാബാദിലെ ദബീർപുരയിൽ മസ്ജിദ് യാസീൻ ജങ്ക് നവീകരിച്ച് അവിടെ ഖത്വീബായി സേവനം ചെയ്ത് അല്ലാഹുവിന്റെ മാർഗത്തിൽ ജീവിതമഖിലവും സമർപ്പിച്ച സാത്വിക വ്യക്തിയായിരുന്നു പിതാവ് സയ്യിദ് ഗൗസുദ്ദീൻ ജീലാനി(റ).
ഹിജ്റഃ അഞ്ചാം നൂറ്റാണ്ടിൽ(470) ജനിച്ച് ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ(561) അല്ലാഹുവിലേക്ക് വാസ്വിലായ ഔലിയാക്കളിൽ ഉന്നതസ്ഥാനീയരായ ബഹുമാനപ്പെട്ട ഗൗസുൽ അഅ്ളം സയ്യിദ് മുഹ് യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) തങ്ങളുടെ അതേ കുടുംബ പരമ്പരയിൽ പിതാമഹന്റെ ജീവിതത്തോട് ഒട്ടേറെ സാദൃശ്യങ്ങളോടെ അല്ലാഹു ഇക്കാലക്കാരിലേക്ക് പ്രത്യക്ഷമാക്കിയ മഹോന്നത വ്യക്തിത്വമായിരുന്നു നൂറുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ് യിദ്ദീൻ ജീലാനി നൂരിശാഹ്(റ) തങ്ങൾ.

കുടുംബ വേരുകൾ

ഇസ്ലാമിന്റെ നാഗരികവികാസം അതിന്റെ എല്ലാ മൂർദ്ധന്യത്തിലും എത്തിനിന്ന സവിശേഷമായ ഒരു കാലഘട്ടത്തിൽ ദുർബലമായി പോയ ഈമാനിന്റെയും ഇഹ്സാനിന്റെയും വിജ്ഞാനങ്ങളെ അതിന്റെ പൂർവ്വ പ്രതാപത്തോടെ പുനരുജ്ജീവിപ്പിക്കാൻ അല്ലാഹു സവിശേഷ സിദ്ധികൾ നൽകി ഉയർത്തിയ മഹാപുരുഷനായിരുന്നുവല്ലോ ശൈഖുനാ ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ). അല്ലാഹുവിന്റെ ഔലിയാക്കളിൽ ഏറ്റവും ഔന്നത്യസ്ഥാനങ്ങളിലിരുന്ന ആ മഹാവ്യക്തിത്വത്തിലൂടെ അല്ലാഹു പുനരുജ്ജീവിപ്പിച്ചത്, ദീനിന്റെ ബാഹ്യമായ വശങ്ങളോടൊപ്പം അതിന്റെ കാമ്പായ ആന്തരിക വിജ്ഞാനീയങ്ങളേയുമാണ്. അല്ലാഹുവും അടിമയും തമ്മിലുള്ള ബന്ധത്തിന്റെ യാഥാർത്ഥ്യം അനാവരണം ചെയ്ത് അല്ലാഹുവിൽ നിന്ന് അകന്നുകഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് മനുഷ്യരെ അല്ലാഹുവിലേക്ക് ഉന്മുഖമാക്കിയ മഹത്തായ ദൗത്യമായിരുന്നു ബഹുമാനപ്പെട്ടവർ നിർവ്വഹിച്ചത്. ശൈഖുനാ ഗൗസുൽ അഅ്ളം(റ) വിലൂടെയും അവരുടെ സന്താന പരമ്പരകളിലൂടെയും ശിഷ്യപരമ്പരകളിലൂടെയും അനേകകോടി മനുഷ്യരാണ് ഫലപ്രദരായത്.

അല്ലാഹുവിന്റെ ദീനിന്റെ പുനരുജ്ജീവനത്തിനും ജനമനസ്സുകളുടെ സംസ്കരണത്തിനുമായി ശൈഖുനാ ഗൗസുൽ അഅ്ളം(റ) വിന്റെ സന്തതി പരമ്പരയിൽ നിന്നുള്ള സവിശേഷ സിദ്ധികളുള്ള പല മഹാന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ശൈഖവർകളുടെ പുത്രന്മാരിൽ ഒരാളായ ശൈഖ് അബ്ദുൽ ജബ്ബാർ ജീലാനി(റ) വിന്റെ സന്തതി പരമ്പരയിൽ നിന്നുള്ള പലരും ദീനീ പ്രബോധനവും ജനമനസ്സുകളുടെ സംസ്കരണവും ലക്ഷ്യം വെച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ചരിത്രത്തിന്റെ വിവിധ സന്ദർഭങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇവരിൽ ഗൗസുൽ അഅ്ളം(റ) വിന്റെ ഒമ്പതാമത്തെ പേരമകനായ ഹസ്രത്ത് സയ്യിദ് മഹ്മൂദ് പീറാൻ ജീലാനി ഖുറാസാനി(റ)(സയ്യിദ് മീറാൻ ശീവ്സാനി) ഖുറാസാനിൽ നിന്ന് പുറപ്പെട്ട് ആദ്യം മക്കയിലും പിന്നീട് ഇന്ത്യയിലെ ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലെ സന്ധീലയിലും വന്ന് താമസമുറപ്പിച്ചു. സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ പിതൃപരമ്പരയിൽ ആദ്യമായി ഇന്ത്യയിലെത്തിയത് മഹാനവർകളാണ്. ബഹുമാനപ്പെട്ടവരുടെ പുത്രനും അല്ലാദിയാ ബുസ്റുഗ് എന്ന പേരിൽ വിശ്രുതനുമായ സയ്യിദ് മഖ്ദൂം നിസാമുദ്ദീൻ ജീലാനി(റ) ഖുറാസാനിൽ പിറന്ന് പിന്നീട് ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ഖൈറാബാദ് തന്റെ പ്രവർത്തന കേന്ദ്രമായി തിരഞ്ഞെടുത്ത മഹാനാണ്. (ഖലീഫഃ സൈനുദ്ദീൻ മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ ഈ ഖൈറാബാദ് ഞാൻ നിയോഗിച്ച ഏതാനും പേർ സന്ദർശിക്കുകയും മസാറുകൾ സിയാറത്ത് ചെയ്ത് ഖാൻഖാഹുകളും സന്ദർശിച്ച് എല്ലാ വിവരങ്ങളും ശേഖരിക്കുകയും ഈ ഗ്രന്ഥത്തിൽ അവ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്)
മഹാനവർകളുടെ ജീവിതത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കുടുംബ വേരുകൾ അവലോകനം ചെയ്യുന്ന ഭാഗത്ത് വരുന്നുണ്ട്. സയ്യിദ് മഖ്ദൂം നിസാമുദ്ദീൻ ജീലാനി(റ) എന്നവരുടെ പുത്രൻ സയ്യിദ് മഖ്ദൂം അബുൽ ഫത്ഹ് ജീലാനി(റ) എന്നവരായിരുന്നു. അവരുടെ പുത്രപരമ്പര താഴെ പറയുന്നവരാണ്. സയ്യിദ് മഖ്ദൂം സയ്യിദ് ആലം ജീലാനി(റ), മകൻ സയ്യിദ് മഖ്ദൂം സയ്യിദ് ഈസാ ജീലാനി(റ), മകൻ സയ്യിദ് നജ്മുദ്ദീൻ ജീലാനി(റ), മകൻ സയ്യിദ് ശാഹ് ഔലിയ സ്വാഹിബ് മിയാൻ ജീലാനി(റ).
സയ്യിദ് ശാഹ് ഔലിയാ സ്വാഹിബ് മിയാൻ ജീലാനി(റ) എന്ന ഈ മഹാനാണ് ഈ കുടുംബത്തിൽ നിന്ന് ഹൈദരാബാദ് ദക്കൻ മേഖലയിൽ വന്ന് ആദ്യമായി അധിവാസമുറപ്പിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ടവരുടെ പുത്രനായ സയ്യിദ് ബാഖിർ ഹുസൈൻ ഖൈറാബാദി(റ) യുടെ സന്തതിപരമ്പരയിലാണ് ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ പിറന്നത്. സവിശേഷ സിദ്ധികളാൽ അല്ലാഹു അനുഗ്രഹിച്ചവരായ സയ്യിദ് ബാഖിർ ഹുസൈൻ ഖൈറാബാദി(റ) ദക്കൻ മേഖലയിൽ നിന്നും ആർക്കാട്ട് നവാബുമാരുടെ അധികാര ആസ്ഥാനമായ മദ്രാസിൽ വന്ന് താമസമുറപ്പിക്കുകയുണ്ടായി. അല്ലാഹുവിന്റെ പ്രത്യേകക്കാരായ ഔലിയാക്കളോട് പ്രത്യേകമായ മമതയും താത്പര്യവും പുലർത്തി അവർക്ക് വേണ്ട എല്ലാ പശ്ചാത്തല സൗകര്യങ്ങളും സംവിധാനിക്കൽ പതിവുണ്ടായിരുന്ന ഒരു നവാബ് മഹാനവർകളുടെ വ്യക്തിത്വവും സിദ്ധികളും തിരിച്ചറിഞ്ഞ് സ്വന്തം മകളെ തന്നെ ആ മഹാന് വിവാഹം ചെയ്തു കൊടുക്കുകയും ധനമന്ത്രിയാക്കുകയും ചെയ്തു. രാജാവിന്റെ വിയോഗാനന്തരം ഇദ്ദേഹവും കുടുംബവും ഹൈദരാബാദിൽ തന്നെ തിരിച്ചെത്തുകയും അവിടെ പാർപ്പുറപ്പിക്കുകയും ചെയ്തു പോന്നു. അദ്ദേഹത്തിന്റെ കുടുംബ പരമ്പരയിലാണ് ശൈഖുനാ തങ്ങൾ ജനിക്കുന്നത്.

കാമിലായ ശൈഖിന്റെ ശിക്ഷണത്തിന് കീഴിൽ

ചെറുപ്പത്തിൽ തന്നെ അസാമാന്യമായ സവിശേഷതകൾ ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളിൽ പ്രകടമായിരുന്നു. അതു കൊണ്ട് തന്നെ പിതാവായ ഗൗസുദ്ദീൻ ജീലാനി(റ) ക്ക് മകനെ ശരിയായ ഒരു ശൈഖിന് കീഴിൽ തർബിയത്ത് ചെയ്യിക്കണമെന്ന ആഗ്രഹം മകന്റെ ചെറുപ്രായത്തിൽ തന്നെ സ്വന്തം മനസ്സിൽ ഉദിച്ചിരുന്നു. അതു കൊണ്ട് തന്നെ കുടുംബം പരമ്പരാഗതമായി പിന്തുടർന്നു വന്നിരുന്ന സിൽസിലഃയിലെ നിസ്ബത്ത് നിലനിൽക്കെ തന്നെ അക്കാലത്ത് ഏറെ വിഖ്യാതി നേടി കൊണ്ടിരുന്ന മഹോന്നതനായ സ്വൂഫി കൻസുൽ ഇർഫാൻ ശൈഖ് ഗൗസിശാഹ്(റ) യുടെ അടുത്ത് കൊണ്ടു പോയി മകനെ ബൈഅത്ത് ചെയ്യിക്കാൻ ആ വന്ദ്യപിതാവ് അത്യധികമായ ഉത്സാഹം കാണിച്ചു. അങ്ങനെ ഗൗസിശാഹ്(റ) യുമായി ബൈഅത്ത് ചെയ്ത് നല്ലൊരു മുരീദായി സയ്യിദ് ഗൗസുദ്ദീൻ ജീലാനി(റ) ജീവിച്ചു കൊണ്ടിരിക്കെ മകന് കൗമാരം പിന്നിട്ട് ശരിയായ തിരിച്ചറിവ് വന്ന ആദ്യ ഘട്ടത്തിൽ തന്നെ മകനെയും ഗൗസിശാഹ്(റ) യുടെ അടുത്തുകൊണ്ടു പോയി ബൈഅത്ത് ചെയ്യിച്ചു. ഇത് യഥാർത്ഥത്തിൽ ആ പിതാവിന്റെ പ്രാർത്ഥനയുടെ തന്നെ ഉത്തരമായിരുന്നു. തന്റെ മകനെ ഒരു അല്ലാ വാലാ(അല്ലാഹുവിന്റെ വലിയ്യ്) ആക്കാനുള്ള ആ പിതാവിന്റെ ഉത്ക്കടമായ ആഗ്രഹം പൂർത്തീകരിക്കാൻ അല്ലാഹു നിമിത്തങ്ങളൊരുക്കുകയായിരുന്നു.

സവിശേഷതകളേറെയുള്ള അല്ലാഹുവിന്റെ വലിയ്യും ഖുത്വുബുമൊക്കെയായി ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിംകൾക്ക് വഴിവെളിച്ചം നൽകി പ്രശോഭിച്ച നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും സന്ദേശസാരം എന്തായിരുന്നുവെന്ന ഒരു വിശകലനം അനിവാര്യമാണ്. അല്ലാഹുവിന്റെ അടിയാറുകളെ അവനുമായി ബന്ധം ചേർക്കുന്ന മഹത്തായ ദൗത്യമാണ് ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ നിർവ്വഹിച്ചത്. തന്റെ പിതൃപരമ്പരയിലെ പ്രമുഖരായ മശാഇഖന്മാരെപ്പോലെയും തനിക്ക് നിസ്ബത്തുള്ള സിൽസിലഃകളിലെ പൂർവ്വികരായ എല്ലാ മശാഇഖന്മാരെ പോലെയും സയ്യിദ് നൂരിശാഹ്(റ) തങ്ങൾ, അല്ലാഹുവിൽ തന്നെ പരിപൂർണമായി സമർപ്പിച്ചാണ് തന്റെ ദൗത്യം പൂർത്തീകരിച്ചത്. അമ്പിയാക്കളുടെ വാരിസീങ്ങൾ എന്ന സവിശേഷമായ പദവിക്ക് അർഹരായ യഥാർത്ഥ ജ്ഞാനികളുടെ ഗണത്തിലേക്ക് അല്ലാഹു ഉയർത്തിയ ബഹുമാനപ്പെട്ടവരുടെ ജീവിതം കഠിനമായ പരീക്ഷണങ്ങളെ തരണം ചെയ്താണ് മുന്നേറിയത്. അമ്പിയാക്കളുടെ അനന്തരത്വം നൽകപ്പെടുന്നതിന് ആവശ്യമായ ശിക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നു വന്ന് ഔന്നത്യ സ്ഥാനങ്ങളിലെത്തിയവരാണ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ. എല്ലാ അർത്ഥത്തിലും പൂർണത പ്രാപിച്ച മഹാനായ ഒരു ശൈഖിന്റെ ശിക്ഷണത്തിൻ കീഴിൽ ആ ശൈഖിനുള്ള പരിപൂർണ സമർപ്പിതമായ ഖിദ്മത്തുകളിലൂടെ അല്ലാഹു നൽകിയതാണ് നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ സ്ഥാനങ്ങളും പദവികളുമെല്ലാം.

ശൈഖുനായെ ആദരിക്കാത്ത ഒരു വലിയ്യും അവരുടെ ജീവിതകാലത്ത് കഴിഞ്ഞു പോയിട്ടില്ല. അറബ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി ശൈഖുനായുടെ ജന്മദേശമായ ആന്ധ്രപ്രദേശ്, കേരളം, തമിഴ്നാട്, കർണാടക അങ്ങിനെ ശൈഖുനാ ബന്ധപ്പെട്ടു കൊണ്ടിരുന്ന എല്ലാ ദേശങ്ങളിലുമുള്ള ഔലിയാക്കളെല്ലാം ശൈഖുനായുടെ മഹത്വത്തെയും ഔന്നത്യത്തെയും തിരിച്ചറിയുകയും അവരോട് ആദരവ് പുലർത്തുകയും ചെയ്തവരാണ്.

നൂറ്റാണ്ടിന്റെ മുജദ്ദിദ്

ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും അല്ലാഹു സവിശേഷമായി സജ്ജമാക്കി രംഗത്തുകൊണ്ടുവരുന്ന മുജദ്ദിദുകളുടെ എല്ലാ ലക്ഷണങ്ങളും കൃത്യമായും മേളിക്കുന്ന സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങൾ. മുറബ്ബിയായ മശാഇഖന്മാർക്ക് പറയപ്പെട്ട യോഗ്യതകളാലും ബഹുമാനപ്പെട്ടവരെ അല്ലാഹു അനുഗ്രഹിച്ചിരുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ തുടർന്നുള്ള അദ്ധ്യായങ്ങളിൽ വിവരിക്കപ്പെടുന്നുണ്ട്.
ചുരുക്കത്തിൽ ശൈഖുനാ ചെയ്ത പ്രവർത്തനങ്ങളെ ഒറ്റവാക്കിൽ സംഗ്രഹിക്കുകയാണെങ്കിൽ അല്ലാഹുവിന്റെ അടിമകളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പ്രവർത്തനമാണ് അവർ മുഖ്യമായും ചെയ്തതെന്ന് കാണാൻ കഴിയും. എല്ലാം നൽകി പോറ്റുന്ന അല്ലാഹുവിനെക്കുറിച്ച് ഒരു വിവരവുമില്ലാതെ തികഞ്ഞ വിസ്മൃതിയിലായി നടന്ന മനുഷ്യർക്ക് അല്ലാഹുവിനെ പറ്റിയുള്ള യഥാർത്ഥ വിവരം പകർന്ന് കൊടുത്ത് അവരെ സംസ്കരിക്കുകയായിരുന്നു ശൈഖുനാ തങ്ങൾ. ഈമാനിന്റെ പുനരുജ്ജീവനത്തിനും ഇഹ്സാനിന്റെ പൂർത്തീകരണത്തിനുമായി രൂപപ്പെട്ടു വന്ന ആത്മസംസ്കരണ പ്രധാനമായ തസ്വവ്വുഫിന്റെ വഴികൾക്ക് ഔറാദുകളിലും ചില അനുഷ്ഠാനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തുന്ന നിർഭാഗ്യകരമായ ഒരു രൂപാന്തരമുണ്ടായ കാലത്താണ് ശൈഖുനാ കേരളത്തിൽ രംഗപ്രവേശം ചെയ്തത്. ഔറാദുകൾ ചൊല്ലിക്കുക മാത്രമല്ല, കേവലമായി ദിക്റും ദുആയും ഉരുവിടുവിക്കുക മാത്രമല്ല, നാം ദിക്റ് ചെയ്യുകയും പ്രാർത്ഥിക്കുകയും ഇബാദത്തുകൾ അർപ്പിക്കുകയും ചെയ്യുന്ന അല്ലാഹു ആരാണെന്ന് ജനസമൂഹങ്ങളെ പഠിപ്പിക്കുകയാണ് ശൈഖുനാ ചെയ്തത്. നാം ഇങ്ങിനെ ഇബാദത്തുകളെടുക്കുകയും പ്രാർത്ഥിക്കുകയുമെല്ലാം ചെയ്യുന്ന ആ അല്ലാഹു ആരാണ്, അവന്റെ വിശേഷണങ്ങളെന്താണ്, അവൻ എന്തെല്ലാം ഗുണങ്ങളുള്ളവനാണ് ഇങ്ങിനെ മനുഷ്യൻ ചോദിക്കാൻ മറന്നു പോയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകി ജനമനസ്സുകളിൽ വിസ്മൃതി നീക്കി അല്ലാഹുവിന്റെ സ്മരണയെയും അവനുമായുള്ള ബന്ധത്തെയും ദൃഡരൂഢമാക്കുന്ന പ്രവർത്തനങ്ങളിലാണ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ നിരതമായത്. അതുവഴി ഇഹ്സാനിന്റെ വിജ്ഞാനങ്ങളെയാണ് ബഹുമാനപ്പെട്ടവർ പുനരുദ്ധരിച്ചത്.
അല്ലാഹു ആരാണെന്ന് തിരിച്ചറിയിക്കാൻ, താൻ ആരാണെന്ന ചോദ്യമാണ് ശൈഖുനാ ഓരോ മുസ്ലിമിനോടും ചോദിച്ചത്. തന്നിൽ താൻ തന്നെ എല്ലാമായി വിരാജിക്കുന്ന നാമമാത്ര മുസ്ലിംകൾക്കും അവരെ നയിക്കുന്ന അവരുടെ പണ്ഡിതർക്കും അല്ലാഹുവിനെ തിരിച്ചറിയാത്ത ആബിദുകൾക്കും സ്വന്തത്തെയും അല്ലാഹുവിനെയും തിരിച്ചറിയാനുള്ള പാഠങ്ങളാണ് ശൈഖുനാ പകർന്നു നൽകിയത്. തനിക്കുണ്ടെന്ന് ഓരോരുത്തരും ധരിക്കുന്ന ഒന്നും തന്റേതല്ല എന്നും അതെല്ലാം അല്ലാഹുവിന്റെ ഉടമത്വത്തിലുള്ളതാണെന്നും അല്ലാഹു അമാനത്തായി നൽകിയതാണ് താനും തനിക്കുള്ളതുമെന്നും ഓരോ മുസ്ലിമിനെയും പഠിപ്പിച്ചതിലൂടെ വിശ്വാസികളിൽ അത് വലിയ പരിവർത്തനങ്ങളാണുളവാക്കിയത്.

അല്ലാഹു ഏറ്റവും ശ്രേഷ്ഠത നൽകി മനുഷ്യനെ സൃഷ്ടിച്ച് അവന് വേണ്ടതെല്ലാം നൽകി അനുനിമിഷം പരിപാലിച്ചു കൊണ്ടിരിക്കെ അല്ലാഹു ആവശ്യ പൂർത്തീകരണത്തിന്റെ കേവല ഉപാധികൾ മാത്രമായി നിശ്ചയിച്ച അല്ലാഹുവിന്റെ തന്നെ നിരന്തര സംരക്ഷണവും പരിപാലനവും അനിവാര്യമായ ഈ ഉപാധികളെ ആവശ്യ പൂർത്തീകരണത്തിന്റെ കേന്ദ്രങ്ങളായി തെറ്റിദ്ധരിക്കുന്നവനാണ് മനുഷ്യൻ. നിരവധി സമൂഹങ്ങളെ വഴികേടിലാക്കിയ അല്ലാഹുവിൽ പങ്ക് ചേർക്കുന്ന ഈ സ്വഭാവം സ്ഥൂലവും സൂക്ഷ്മവുമായ തലത്തിൽ എങ്ങിനെയാണ് മുസ്ലിമിനെയും ബാധിക്കുന്നത് എന്ന് തിരിച്ചറിയിക്കുന്ന പാഠങ്ങളാണ് ശൈഖുനാ തങ്ങൾ പകർന്നു നൽകിയത്. നാം ആരാണെന്ന യാഥാർത്ഥ്യവും നമുക്ക് ചുറ്റുമുള്ളതിന്റെ ഉൺമയും നിലനിൽപും ആരെ ആശ്രയിച്ചാണെന്ന പാഠവും പകർന്നു നൽകി. അല്ലാഹുവിൽ നിന്ന് അകന്നു നടന്നിരുന്ന അല്ലാഹുവിന്റെ അടിമകളായ നമ്മളെ അവന്റെ സ്വന്തക്കാരാക്കി മാറ്റി എന്നതാണ് ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ ചെയ്ത ഏറ്റവും വലിയ സേവനം. പ്രവാചകന്മാരുടെയും അവരുടെ വാരിസീങ്ങളായി വന്ന ജ്ഞാനികളായ ഔലിയാക്കളുടെയും മാതൃക സ്വീകരിച്ചാണ് ശൈഖുനാ ഈ പ്രവർത്തനങ്ങൾ നടത്തിയത്. അതിന് ഒരു സംഘടന രൂപീകരിക്കുകയോ ദീനീ മാർഗത്തിൽ ഛിദ്രതയുടെ ഭാവമുള്ള ഏതെങ്കിലും പ്രവർത്തനങ്ങൾക്ക് മഹാനവർകൾ പിന്തുണ നൽകുകയോ ചെയ്തിട്ടില്ല.
സംഘടനകളിൽ ദീനീ ലക്ഷ്യങ്ങൾ പരിമിതപ്പെടുത്തുന്നവർക്ക് ദീനിന്റെ വിശാല വീക്ഷണം പകർന്നു കൊടുക്കുന്ന സമീപനമായിരുന്നു ശൈഖുനായുടേത്. അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ അഖീദഃയിൽ നിന്ന് കടുകിട വ്യതിചലിക്കാതെ അല്ലാഹുവിന്റെ ദീനിന് വേണ്ടി സേവനം ചെയ്ത ആ മഹാൻ കാലഘട്ടത്തിന്റെ മുജദ്ദിദ് തന്നെയായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. തിരുനബി(സ്വ) തങ്ങൾ പ്രബോധനം ചെയ്ത ദീനിനെ സ്വഹാബത്തും താബിഈങ്ങളും മുജ്തഹിദീങ്ങളായ ഇമാമീങ്ങളും മുഹഖിഖീങ്ങളായ സ്വൂഫിയാക്കളും അനുധാവനം ചെയ്ത ദീനിനെ അതേ മൗലികതയിൽ പ്രതിനിധീകരിച്ചുവെന്നതാണ് നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ സവിശേഷത.

വിപുലമായ സ്വാധീന വൃത്തം

ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും ശൈഖുനായുടെ ദൗത്യത്തിന്റെ അനുരണനങ്ങൾ പ്രകടമായിട്ടുണ്ട്. നാൽപതോളം രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ, ശൈഖുനാ പ്രബോധനം ചെയ്ത സന്ദേശം ശൈഖുനാ തങ്ങളുടെ ഖലീഫഃമാർ മുഖേന സിദ്ധിച്ചവരാണ്. എന്നാൽ ശൈഖുനായുടെ ദൗത്യം കൂടുതൽ വ്യാപകത്വം നേടിയിട്ടുള്ളത് ഇന്ത്യൻ മുസ്ലിംകൾക്കിടയിലാണ്. അവരിൽ സവിശേഷമായി അതിന്റെ പ്രയോജനം സിദ്ധിച്ചവരിൽ മുന്നിലുള്ളത് ദക്ഷിണേന്ത്യയിലെ മുസ്ലിംകളാണ്. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും അതുപോലെ മഹാരാഷ്ട്രയിലുമെല്ലാമായി പരന്നു കിടക്കുന്ന വലിയൊരു അനുയായി വൃന്ദം മുഖേന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവരുടെ സന്ദേശം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ശൈഖുനായുടെ ഖലീഫഃമാരിൽ ഉന്നതരായ ശൈഖന്മാരായി മാറിയ പ്രമുഖരിലൂടെ ഈ സിൽസിലഃ ലക്ഷക്കണക്കിന് മനുഷ്യർക്ക് വഴി വെളിച്ചമായി പ്രശോഭിച്ചുകൊണ്ടേയിരിക്കുന്നു.

കേരള മുസ്ലിംകളിൽ ഉളവാക്കിയ സ്വാധീനം.

കേരള മുസ്ലിംകളുടെ ചരിത്രത്തിൽ ഗണ്യമായ വഴിത്തിരിവുകൾക്ക് കാരണമായ ആദർശ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങൾ നേതൃത്വം നൽകിയിട്ടുണ്ട്. ഓത്തുപള്ളികളിലും ഓത്തുപുരകളിലുമായി പരിമിതമായിരുന്ന പ്രാഥമിക മതവിദ്യാഭ്യാസ സംവിധാനത്തിന് ആധുനികമായ സ്കൂളുകളുടെ ആവിർഭാവത്തോടെ ഭീഷണികളുളവായ ഒരു പശ്ചാത്തലത്തിൽ വ്യവസ്ഥാപിത രീതിയിൽ മദ്രസ്സകളാരംഭിക്കാൻ കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ സാരഥികൾ സമസ്തയുടെ എ.ഡി. 1951 ൽ വടകരയിൽ നടന്ന പത്തൊമ്പതാം വാർഷിക സമ്മേളനത്തിൽ തീരുമാനമെടുത്തു. അങ്ങിനെ വടകരയിൽ എ.ഡി. 1951 ൽ തന്നെ സ്ഥാപിക്കപ്പെട്ട ബുസ്താനുൽ ഉലൂം മദ്രസ്സയുടെ ഉദ്ഘാടനത്തിന് അന്നത്തെ സമുന്നതരായ പണ്ഡിത നേതൃത്വത്തിന്റെ തീരുമാന പ്രകാരം ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളെ കേരളത്തിലേക്ക് ക്ഷണിച്ചു. അങ്ങിനെ അല്ലാഹുവിന്റെ മഹത്തായ ഔദാര്യത്താൽ ആന്ധ്രയിൽ ഉദിച്ച് ഹിജ്റഃ പതിനഞ്ചാം നൂറ്റാണ്ട് ആരംഭത്തിൽ പൂർണതയാർജ്ജിച്ച ആ പ്രശോഭിത സൂര്യൻ കേരള മുസ്ലിംകളുടെയും പ്രകാശകേന്ദ്രമായി.

ശൈഖുനാ തങ്ങളുടെ ദുആ ഫലം; പതിനായിരക്കണക്കിന് മദ്രസഃകൾ

കേരള മുസ്ലിംകൾക്കിടയിൽ ശൈഖുനാ വന്ന് ആദ്യം ചെയ്ത പ്രവർത്തനം മദ്രസഃ ഉദ്ഘാടനം ആയിരുന്നു. പതിനായിരക്കണക്കിന് മദ്രസഃകളായി വിവിധ സുന്നി വിഭാഗങ്ങളിലൂടെ തഴച്ചു വളർന്ന മദ്രസഃകൾ ആ മഹാന്റെ പ്രാർത്ഥനയുടെ ഉത്തരമാണെന്ന കാര്യം ഇന്ന് പലരും വിസ്മരിച്ചിരിക്കുകയാണ്.
ത്വരീഖത്തിന്റെ ഉന്നതമായ വിതാനങ്ങളിൽ വിരാജിക്കുന്നതോടൊപ്പം ശരീഅത്തിന്റെ വിജ്ഞാനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നിസ്തുലമായ സേവനങ്ങളാണ് ബഹുമാനപ്പെട്ടവർ ചെയ്തത്. ദീനിന്റെ തജ്ദീദി ദൗത്യത്തിൽ വളരെ സുപ്രധാനമായ ഭാഗമാണല്ലോ അത്. ശൈഖുനാ തങ്ങളുടെ കേരളത്തിലേക്കുള്ള ആഗമനത്തിന്റെ തുടക്കകാലത്ത് സനദ് നൽകുന്ന തരത്തിൽ ദീനീ വിദ്യാഭ്യാസത്തിന് ഒരു വ്യവസ്ഥാപിത സംവിധാനവും കേരളത്തിലുണ്ടായിരുന്നില്ല. ദീനീ പഠന രംഗത്ത് ഉപരി പഠനം ലക്ഷ്യം വെക്കുന്നവർ കേരളത്തിന് പുറത്തു പോകേണ്ട അവസ്ഥയായിരുന്നു അക്കാലത്തുണ്ടായിരുന്നത്. വേലൂർ ബാഖിയാത്തു സ്വാലിഹാത്തിലോ, ദയൂബന്ദിലോ, സഹാറൻപൂരിലോ പോയി ദീനിൽ ഉപരി പഠനം നടത്തി സനദ് കരസ്ഥമാക്കാൻ അപൂർവ്വം ആളുകൾക്ക് മാത്രമെ അക്കാലത്ത് സാധിക്കുമായിരുന്നുള്ളൂ. ഈ ലക്ഷ്യം മുൻനിറുത്തി സനദ് നൽകുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ ശൈഖുനാ തങ്ങൾ, 1955 ൽ തലശ്ശേരിയിൽ നടന്ന ത്വരീഖത്ത് കോൺഫ്രൻസിൽ വെച്ച് ഒരു പ്രഖ്യാപനം നടത്തി. അങ്ങിനെ അതിനു വേണ്ട ഭൂമി മുതൽ പശ്ചാത്തല സംവിധാനങ്ങളെല്ലാം ശൈഖുനാ തങ്ങൾ തന്നെ ഒരുക്കി കൊടുത്തു. ഈ പ്രഖ്യാപനമാണ് പിന്നീട് സമസ്തയുടെ തീരുമാനമായി ഏറ്റെടുക്കപ്പെട്ടതും അതിനു വേണ്ട എല്ലാ പശ്ചാത്തല സംവിധാനങ്ങളുമൊരുക്കിയ ശേഷം നടത്തിപ്പിനായി ബഹുമാനപ്പെട്ട സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി(റ) തങ്ങളുടെ നേതൃത്വത്തിലുള്ള കോളേജ് കമ്മിറ്റിയെ ശൈഖുനാ തങ്ങൾ ഏൽപിച്ചതും. ഇങ്ങിനെ കേരളത്തിൽ സുന്നത്ത് ജമാഅത്തിന്റെ ദീനീ ഉപരിപഠനത്തിനായുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന നിലക്ക് ആദ്യമായി സ്ഥാപിക്കപ്പെട്ടതാണ് പെരിന്തൽമണ്ണക്കടുത്തുള്ള പട്ടിക്കാട്ടെ ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ്. ഈ സ്ഥാപനത്തിന്റെ നാമകരണം മുതൽ അതിന്റെ നിർമ്മാണത്തിലും വികാസത്തിലും ശൈഖുനായുടെ പങ്ക് നിസ്തുലമായി പതിഞ്ഞു കിടക്കുന്നുണ്ട്. മഹത്തായ ഈ സ്ഥാപനമാണ് കേരളത്തിൽ ഇന്ന് അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ പേരിൽ നിലവിലുള്ള എല്ലാ ശരീഅത്ത് കോളേജുകളുടെയും മാതാവ്. തീർച്ചയായും പിൽക്കാലത്തുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശൈഖുനായുടെ അന്നത്തെ പ്രാർത്ഥനയുടെ ഫലമാണെന്ന കാര്യം നമുക്ക് വിസ്മരിക്കാനാകുകയില്ല. ചുരുക്കത്തിൽ ആധുനിക കേരളത്തിൽ ത്വരീഖത്തിന്റെയും ഹഖീഖത്തിന്റെയും മഅരിഫത്തിന്റെയും പാഠങ്ങൾ പഠിപ്പിച്ച ശൈഖുനാ തങ്ങൾ തന്നെയാണ് ശരീഅത്ത് പഠിപ്പിക്കാനുള്ള വ്യവസ്ഥാപിത വഴികളൊരുക്കിയതും എന്ന കാര്യം ഈ വസ്തുതകളിൽ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്.

ഇസ്ലാമിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ്

വാസ്തവത്തിൽ കേരള മുസ്ലിംകളെ സംബന്ധിച്ച് അവരുടെ ഗതകാല ഇസ്ലാമിക പാരമ്പര്യത്തിന്റെ ധാരമുറിയാത്ത ഒരു പിന്തുടർച്ചയാണ് ശൈഖുനായുടെ ആഗമനത്തോടെ വീണ്ടെടുക്കപ്പെട്ടത്. ദീനിന്റെ ളാഹിറിലും ബാത്വിനിലും ഒരേ പോലെ അവഗാഹമുള്ള ഹസ്രത്ത് സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമനെപ്പോലുള്ളവരുടെ നവോത്ഥാന യത്നങ്ങൾക്ക് അരങ്ങായ ഭൂമികയായിരുന്നുവല്ലോ കേരളം. ചിശ്തി ത്വരീഖത്തിൽ തന്നെ നിസ്ബത്തുള്ള ആ മഹാനും കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യത്തിലാണ് പ്രഥമമായി ശ്രദ്ധിച്ചത്. അദ്ദേഹം പൊന്നാനിയിൽ സ്ഥാപിച്ച വിഖ്യാതമായ ദർസ് ആയിരുന്നു ദീർഘകാലം മുസ്ലിം സമുദായത്തിന്റെ മത ബോധത്തെയും സാമൂഹികാവബോധത്തെയും നിർണ്ണയിച്ചത്. ഉപരിപ്ലവമായ മസ്അലകളിൽ ഒതുങ്ങുന്ന ശരീഅത്തല്ല, പ്രത്യുത ആത്മാവുള്ള ശരീഅത്താണ് അവരെല്ലാം പഠിപ്പിച്ചത്. ഇതേ മാതൃക തന്നെയാണ് നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളും കേരളത്തിൽ സ്വീകരിച്ചത്. എന്നാൽ ശൈഖുനായുടെ തർബിയത്തിന്റെ രീതികൾ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വിന്റെയും പിതാമഹനായ മുഹ് യിദ്ദീൻ ശൈഖ്(റ) വിന്റെയുമെല്ലാം രീതികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
അല്ലാഹുവിന്റെ തൃപ്തിയെ പ്രാപിക്കാനുള്ള ഇബാദത്തിന്റെയും ഇശ്ഖിന്റെയും മുഹബ്ബത്തിന്റെയും ഇർഫാനിന്റെയും മാർഗങ്ങൾ സത്യവിശ്വാസികൾക്ക് ഖൽബിൽ തുറന്നു തരുന്ന ചിശ്തി നിസ്ബത്തും സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും യാഥാർത്ഥ്യം അനാവരണം ചെയ്യുന്ന ഖാദിരി നിസ്ബത്തും സമന്വയിപ്പിച്ച് കേരള മുസ്ലിംകൾക്ക് ഇടക്കാലത്ത് മങ്ങലേറ്റുപോയ ഇൽമിന്റെയും ഇർഫാനിന്റെയും ഇശ്ഖിന്റെയും നിധികുംഭങ്ങളാണ് ശൈഖുനാ തുറന്നു തന്നത്. അതുകൊണ്ട് തന്നെ ഉപജീവനത്തിനും തൊഴിലിനുമായി ദീൻ പഠിക്കുന്ന ഏർപ്പാടിനെ തത്വത്തിലും പ്രയോഗത്തിലും ശൈഖുനാ തങ്ങൾ ശക്തമായി എതിർത്തു. ദീൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ തൃപ്തിയെ പ്രാപിക്കാൻ വേണ്ടി മാത്രമാണെന്നും ഉപജീവനത്തിന് വേണ്ടി മറ്റെന്തെങ്കിലും തൊഴിലുകൾ പരിശീലിപ്പിക്കണമെന്നും ശൈഖുനാ തങ്ങൾ ഉപദേശിച്ചു. ഇങ്ങിനെ ദീനിന്റെ പേരിൽ വ്യാപകത്വം നേടിയിരുന്ന എല്ലാ ദുരാചാരങ്ങളെയും വിപാടനം ചെയ്ത് ഹഖായ ദീനിനെ പുനരുജ്ജീവിപ്പിക്കാനുള്ള യത്നത്തിൽ ശൈഖുനാ ധീരോദാത്തം മുന്നേറി.

ആധുനിക കാലത്തെ, വിശിഷ്യാ ദക്ഷിണേന്ത്യയിലെ മുസ്ലിംകൾക്ക് ജാമിഅഃ നൂരിയ്യഃയുടെ സംസ്ഥാപനത്തിലൂടെ ശരീഅത്ത് പഠിപ്പിക്കാൻ സംവിധാനങ്ങളൊരുക്കിയ ശൈഖുനാ തങ്ങൾ ത്വരീഖത്തും ഹഖീഖത്തും മഅരിഫത്തുമെല്ലാം എങ്ങിനെ പ്രാപിക്കാമെന്നും ശരിയായ വിധം പഠിപ്പിക്കുകയും ആ അനുഭവങ്ങളിലൂടെ സഞ്ചരിപ്പിക്കുകയും ചെയ്തു. സർവ്വകൽപനകളുടെയും അനുധാവനവും നിരോധനങ്ങളുടെ വർജ്ജിക്കലും സംശയമുള്ളതിൽ നിന്ന് വിട്ടു നിൽക്കലും ആണല്ലോ ശരീഅത്ത് അനുസരിച്ചുള്ള തഖ് വ. എന്നാൽ അതിനപ്പുറം അതിന്ന് ചില മാനങ്ങളുണ്ട്. ഏത് കൽപനയെയും അനുധാവനം ചെയ്യുന്നതോടൊപ്പം കൽപിച്ചവൻ ആരാണെന്ന് അറിയുക എന്നത് അനിവാര്യമാണ്. കൽപിച്ചവനും കൽപിക്കപ്പെടുന്നവനും തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയുമ്പോൾ മാത്രമെ കൽപന പാലിക്കുന്നതിന് അർത്ഥം കൈവരികയുള്ളൂ. യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ എന്തും കൽപിക്കാനുള്ള അധികാരം ആർക്കാണ്, അഥവാ ഹാകിം ആരാണ്?, മഹ്കൂമുമായി അവന്റെ ബന്ധമെന്താണ്, അഹ്കാമുകളെന്താണ് തുടങ്ങിയ കാര്യങ്ങളാണ് ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങൾ മുസ്ലിംകളെ പഠിപ്പിച്ചത്. അഥവാ സാമ്പ്രദായിക ശരീഅത്ത് പഠനത്തിന്റെ ശൈലിയനുസരിച്ച് അഹ്കാമുകളെ മാത്രം പഠിപ്പിക്കുകയല്ല അതോടൊപ്പം ഹാകിമിനെ തന്നെയും പഠിപ്പിച്ചു തരികയാണ് ശൈഖുനാ തങ്ങൾ ചെയ്തത്.
വിധിവിലക്കുകളുടെ ശർത്വും ഫർളും അറിയുന്നതോടൊപ്പം വിധികർത്താവ് ആരാണെന്ന് പഠിപ്പിച്ച ശൈഖുനാ തങ്ങൾ അടിമയുടെ യഥാർത്ഥ യോഗ്യതയെന്താണെന്നും സ്രഷ്ടാവും പരിപാലകനും ഉടമയുമെല്ലാമായ അല്ലാഹുവിന്റെ ഉദാത്തമായ യോഗ്യതകളെന്താണെന്നും സംബോധിതരായ മുസ്ലിം ജനസാമാന്യത്തെയും അവരുടെ പണ്ഡിത നേതൃത്വത്തെയും പഠിപ്പിച്ചു. ഇങ്ങിനെ ഹാകിമിനെ പഠിപ്പിച്ചപ്പോൾ അവൻ മഹ്കൂമിനെ വിട്ടു പിരിയാതെ അവന്റെ ഉൺമയിലും പരിപാലനത്തിലും നിലനിൽപിലും ഒരു നിമിഷം പോലും ഇഴമുറിയാതെ നിരതനാണെന്ന യാഥാർത്ഥ്യമാണ് പഠിപ്പിക്കപ്പെട്ടത്. എല്ലാം നൽകി പോറ്റുന്ന റബ്ബിനെ തിരിച്ചറിയിക്കുകയും അവനോടുള്ള തീവ്രമായ മുഹബ്ബത്തിനെ ആത്മാവുകളിൽ വസിപ്പിക്കുകയും ചെയ്ത് വിധിവിലക്കുകളുടെ യാഥാർത്ഥ്യം പഠിപ്പിക്കുകയാണ് ശൈഖുനാ തങ്ങൾ ചെയ്തത്. അതുകൊണ്ട് തന്നെ അവൻ കൽപിച്ച ഓരോ കാര്യവും അവനിലുള്ള ഈമാനിന്റെയും അവനോടുള്ള മുഹബ്ബത്തിന്റെയും അടിസ്ഥാനത്തിൽ അനുധാവനം ചെയ്യപ്പെടേണ്ടതാണെന്ന അവബോധം ഓരോ സത്യവിശ്വാസിക്കും പുതിയ തുറസ്സുകൾ നൽകി.

ദീനിന്റെ അഹ്കാമുകൾ നാം മുസ്ലിമായി പോയതിന്റെ പേരിൽ അനുഷ്ഠിക്കണം എന്നല്ല, പ്രത്യുത അല്ലാഹു മുസ്ലിമാക്കി ഈ യാഥാർത്ഥ്യങ്ങൾ പഠിപ്പിച്ചതിനാൽ, എന്റെ യഥാർത്ഥ അവസ്ഥ ഞാനറിഞ്ഞതിനാൽ, സദാ എന്റെ ഉൺമക്കും നിലനിൽപിനും കാരണമായവനോട് ഏറ്റവും പരിശുദ്ധമായ സ്നേഹവും സമർപ്പണവും അനിവാര്യമാണെന്ന ബോധത്തോടെയാണ് ഓരോ മുസ്ലിമിന്റെയും ജീവിതത്തിൽ അഹ്കാമുകൾ പാലിക്കപ്പെടേണ്ടത്. ഇവിടെ അല്ലാഹു ഉഗ്രശാസകനായ ഒരു വന്യസ്വരൂപമല്ല. പ്രത്യുത സത്യവിശ്വാസി സ്വന്തത്തെക്കാൾ സ്നേഹിക്കേണ്ട ഒരു പ്രേമഭാജനമായാണ് നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ അല്ലാഹുവിനെ പരിചയപ്പെടുത്തിയത്. പരമകാരുണികനായ, ഏറെ പൊറുക്കുന്നവനും ഔദാര്യമുടയവനുമായ, അടിമയുടെ കൂടെ നിന്ന് വേണ്ടതെല്ലാം നൽകികൊണ്ടിരിക്കുന്ന അല്ലാഹുവുമായാണ് നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ അടിമയുടെ ബന്ധത്തെ വിളക്കി ചേർത്തത്. ചുരുക്കത്തിൽ അല്ലാഹുവിനെ അറിഞ്ഞ് അവനോട് മുഹബ്ബത്ത് വെച്ച് അവന്ന് ഇബാദത്തു ചെയ്യുന്ന ഔന്നത്യ പൂർണമായ വിതാനത്തിലേക്ക് വിശ്വാസി സമൂഹത്തിന്റെ ഈമാനിനെയും അമലിനെയും പുതുക്കുന്ന മഹോന്നതമായ ദൗത്യമാണ് നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ നിർവ്വഹിച്ചത്.

ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) വിന്റെ സന്തതി പരമ്പരയിൽ ഇരുപത്തി ഒന്നാം പേരമകനായി പിറന്ന സവിശേഷമായ മഹോന്നതികളുള്ള ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടു കണ്ട അതുല്യനായ മഹാനും ഹിജ്റഃ പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജനിക്കുകയും ഹിജ്റഃ 15 ാം നൂറ്റാണ്ട് തുടക്കത്തിൽ പൂർണ പ്രശോഭയോടെ ജ്വലിച്ചു നിൽക്കുകയും ചെയ്ത നൂറ്റാണ്ടിന്റെ മുജദ്ദിദുമായ ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ് യിദ്ദീൻ ജീലാനി നൂരിശാഹ്(റ) തങ്ങൾ നിർവ്വഹിച്ച മഹത്തായ ദൗത്യത്തെ അവലോകനം ചെയ്യുന്നതിനും മഹോന്നതമായ ആ ജീവിതത്തിന്റെ പ്രകാശ പൂർണിമയെ പ്രതിഫലിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചുള്ള ജീവചരിത്ര പ്രധാനമായ ഒരു ഗവേഷണ ഉദ്യമത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. അമ്പിയാക്കളെ അനുസ്മരിക്കൽ ഇബാദത്തും ഔലിയാക്കളെ അനുസ്മരിക്കൽ കഫ്ഫാറത്തുമാണെന്ന പ്രസിദ്ധമായ വാക്യം ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിക്കുന്നതിനുള്ള പ്രചോദനമാണ്. പാരാവാരം പോലെ പരന്നു കിടക്കുന്ന ആ പ്രകാശ പൂർണിമയെ യഥാർത്ഥമായി പ്രതിഫലിപ്പിക്കാൻ നാം അപ്രാപ്തരാണ്. എങ്കിലും മഹാന്മാരായ മശാഇഖന്മാരുടെ വാസിത്വയിൽ അല്ലാഹുവിന്റെ മഹത്തായ സഹായത്തിൽ പ്രതീക്ഷയർപ്പിച്ചുള്ള ഒരുദ്യമമായതിനാൽ ഇത് പാഴാകുകയില്ല എന്ന ഉറച്ച പ്രതീക്ഷ അല്ലാഹു നൽകുന്നുണ്ട്.

മഹത്തായ ആ ജീവിതത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങളെ അവലോകനം ചെയ്യുന്നതിനു മുമ്പ് മുജദ്ദിദുകൾക്ക് പറയപ്പെട്ട ലക്ഷണങ്ങൾ എപ്രകാരമാണ് ശൈഖുനാ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ജീവിതവുമായി താദാത്മ്യപ്പെടുന്നതെന്ന സാമാന്യമായ ഒരു പരിശോധന ഇവിടെ അനിവാര്യമാകുന്നുണ്ട്. അടുത്ത അദ്ധ്യായത്തിൽ അതിന്റെ വിശദാംശങ്ങൾ വിവരിക്കപ്പെടുന്നുണ്ട്. തുടർന്നു വരുന്നത് “ഇസ്ലാം, ഈമാൻ, ഇഹ്സാൻ’ എന്ന ശീർഷകത്തിൽ ദീനിന്റെ ളാഹിരിയും ബാത്വിനിയുമായ ഉൾപ്പൊരുളുകൾ വിശദീകരിക്കുന്ന പഠനഭാഗമാണ്. ശേഷം മഹാന്മാരായ അശ്റത്തുൽ മുബശ്ശരീങ്ങളുടെ ജീവചരിത്ര പ്രധാനമായ സംഗ്രഹ വിവരങ്ങളും അഇമ്മത്തുൽ അർബഅഃയുടെ ലഘുചരിത്രങ്ങളും പ്രമുഖരായ അഖ്ത്വാബീങ്ങളുടെ ദൗത്യങ്ങളെ സംബന്ധിച്ച് സാമാന്യവിവരങ്ങൾ പങ്കുവെക്കുന്ന ചരിത്ര കുറിപ്പുകളും ശേഷം ത്വരീഖത്ത് സിൽസിലഃകളുടെ ഉത്ഭവ വികാസ ചരിത്രങ്ങൾ അവലോകനം ചെയ്യുന്ന പഠന ഭാഗങ്ങളും തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ഭാഗങ്ങൾ പാരായണം ചെയ്യുന്നതോടെ ഇസ്ലാമിന്റെ വിജ്ഞാന ചരിത്രത്തെ സംബന്ധിച്ചും വിശിഷ്യാ തസ്വവ്വുഫിനെയും ത്വരീഖത്തിനെയും സംബന്ധിച്ചും ചരിത്രത്തിൽ അതുളവാക്കിയ സ്വാധീനത്തെ സംബന്ധിച്ചും സാമാന്യമായൊരു ധാരണ ലഭിക്കുമെന്നത് തീർച്ചയാണ്. തുടർന്ന് ശൈഖുനാക്ക് നിസ്ബത്തുള്ള പ്രമുഖ ത്വരീഖത്ത് ധാരകളെ കുറിച്ചും വിശിഷ്യാ ചിശ്തി ധാരയുടെ ഇന്ത്യയിലെ പ്രമുഖ മശാഇഖന്മാരെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും സാമാന്യമായ ചില വസ്തുതകളെ അവലോകനം ചെയ്യുകയും ശേഷം മറ്റ് ത്വരീഖത്ത് സിൽസിലഃകളുമായുള്ള സിൽസിലാ നൂരിയ്യഃയുടെ ബന്ധങ്ങൾ വിവരിക്കുകയും ചെയ്താണ് ശൈഖുനായുടെ മഹത്തായ ആ ജീവിതത്തിലേക്ക് നാം പ്രവേശിക്കുക. ഇൻശാ അല്ലാഹ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy