ഒമാൻ ചരിത്ര ഭൂമിയിലൂടെ ഒരു സഞ്ചാരം: 3
നബീൽ മുഅബി:
ഒമാൻ യാത്രാനുഭവങ്ങൾ തുടരുന്നു:
ഒമാനിന്‍റെ തലസ്ഥാനമായ മസ്ക്കത്തിലെ സമാഇല്‍ എന്ന പ്രദേശത്ത് ജനിച്ചു അവിടെ തന്നെ ജീവിച്ച, ഉന്നത കുലജാതനായിരുന്നു മാസിന്‍ ബിന്‍ ഗളൂബ(റ). എല്ലാവരും അംഗീകരിക്കുന്ന പൗരപ്രമുഖരില്‍ ഒരാളായ മാസിന്‍(റ) അക്കാലത്ത് ജാഹിലിയ കാലത്തെ അറബികളെ പോലെ വിഗ്രഹാരാധകനായിരുന്നു. ബാജെര്‍ എന്ന വിഗ്രഹത്തിനെയാണ് അവര്‍ ആരാധിച്ചിരുന്നത്. ഒരിക്കല്‍ ഈ വിഗ്രഹത്തിന്‍റെ മുമ്പില്‍ ആരാധനയുടെ ഭാഗമായ ബലികര്‍മം ചെയ്യുവാന്‍ പോയ അവസരത്തിലാണ് ഒരശരീരി കേള്‍ക്കുന്നത്. “ഹേ മാസിനെ… നീ കേള്‍ക്കുക!, സത്യം വെളിവാകുകയും അസത്യം കുഴിച്ചുമൂടപ്പെടുകയും ചെയ്യാനിരിക്കുന്നുണ്ട്. മുളര്‍ ഗോത്രത്തില്‍ നിന്നും ഒരു സത്യപ്രവാചകന്‍ വന്നിട്ടുണ്ട്. അവരെ പിന്‍പറ്റുക വിഗ്രഹാരാധന ഉപേക്ഷിക്കുക”. ഈ അശരീരി അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി.
മസ്ക്കത്ത് നഗരത്തിൽ കൂറ്റൻ മലകളാണ്. ഒരു ഭാഗത്തു അറബി കടൽ മറ്റു ഭാഗങ്ങളിലെല്ലാം മല നിരകളാണ്. മസ്ക്കത്ത് നഗരത്തിന്റെ ഭാഗമായ റൂവൈസിലാണ് ഞങ്ങൾ ബസ്സ് ഇറങ്ങിയത്.
ഖവാരിജുകളില്‍പ്പെട്ട അബ്ദുള്ളാഹിൽ ഇബാദിയുടെ അനുയായികളുടെ ഇബാദി മദ്ഹബാണ് ഒമാനിന്റെ തലസ്ഥാനമായ മസ്ക്കത്തിൽ പ്രബലമായിട്ടുള്ളത്. ഖവാരിജുകളില്‍ നിന്നുള്ള ഒരു പ്രത്യേക ധാരയാണ് ഇബാദികള്‍. ഒമാനിന്‍റെ ജനസംഖ്യയില്‍ നാലില്‍ മൂന്ന് ഭാഗവും ഇബാദികളാണ്. അല്‍ജീരിയ, തുനീസിയ, ലിബിയ എന്നിവിടങ്ങളില്‍ വളരെ ന്യൂനപക്ഷം വരുന്ന ഇബാദികളുണ്ട്. ഖവാരിജുകള്‍ തന്നെ പിന്നീട് പിളര്‍ന്നു നാല് വിഭാഗങ്ങളായി മാറി. അതില്‍ മിതവാദി വിഭാഗമാണ് ബനൂതമീം ഗോത്രക്കാരനായ അബ്ദുല്ലാഹിബ്നു ഇബാദിയുടെ അനിയായികളായ ഇബാദികള്‍. കുറ്റം കാരണം നരകത്തില്‍ പ്രവേശിക്കുന്നവര്‍ ശാശ്വത നരകത്തിലായിരിക്കുമെന്ന വിശ്വാസക്കാരാണ് ഇബാദികള്‍. സൂഫികളോടുള്ള സമീപനത്തില്‍ സലഫികളോട് സമാനമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, സുന്നികളോട് എതിര്‍പ്പിന്‍റെ രൂപത്തിലുള്ള സമീപനങ്ങളൊന്നും ഇവരില്‍ നിന്ന് പ്രകടമല്ല എന്നാണ് പ്രവാസി മലയാളികളുടെ അഭിപ്രായം. മാലിക്കി മദ്ഹബുകാരെ പോലെ കൈകെട്ടാതെയാണ് ഇവരുടെ നിസ്കാരം. സലാം വീട്ടുമ്പോള്‍ ഒറ്റ സലാം പറഞ്ഞു കൊണ്ട് രണ്ട് ഭാഗത്തേക്കും തിരിയും.
അഹ്ലുസുന്നത്തിന്‍റെ അടിസ്ഥാനങ്ങളില്‍ നിന്ന് പിഴച്ചു പോയിട്ടുള്ള ഈ വിഭാഗത്തിന്‍റെ വ്യതിയാനങ്ങളെ മലയാളി സുന്നികള്‍ ഗൗരവപരമായി കാണുന്നില്ല എന്നാണ് മസ്ക്കറ്റിലെ സാഹചര്യത്തില്‍ നിന്ന് മനസ്സിലാക്കിയത്. സ്വഹാബാക്കളില്‍പ്പെട്ടവരോട് വരെ വിമര്‍ശനം ഉന്നയിച്ച ശീഇകള്‍ക്ക് സമാനരും ചില കാര്യങ്ങളില്‍ മുഅതസിലികള്‍ക്ക് സമാനരുമാണ് ഇബാദികള്‍. സലഫികള്‍ നേര്‍ക്കുനേരെ സുന്നികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനാല്‍ സുന്നി-സലഫി അസ്വാരസ്യം പ്രകടമാണ്. എന്നാല്‍, സുന്നികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതില്‍ സലഫികളെ പോലെ രംഗത്തില്ലെങ്കിലും അഖീദപരമായി സലഫികളേക്കാള്‍ പിഴച്ചവരാണ് ഇബാദികളെന്നതാണ് സത്യം. എന്നാൽ അഖീദയിലെ പിഴവിനെ ഗൗരവപൂർവ്വം എടുക്കാൻ കഴിയുന്ന തഖ് വ നമുക്കില്ല എന്ന് ഇബാദികളോടുള്ള സമീപനം തെളിയിക്കുന്നുണ്ട്. എന്നാൽ ഇബാദികളുടെ അത്ര ഗുരുതരമല്ലാത്ത പിഴവിന് നാം വഹാബികളോട് വിയോജിപ്പും എതിർപ്പും കാണിക്കുന്നുണ്ട്.
മസ്ക്കറ്റില്‍ ഒറ്റ ചരിത്ര സ്ഥലം മാത്രമേ ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമുണ്ടായുള്ളൂ. മാസിന്‍ ബിന്‍ ഗളൂബ എന്ന സ്വഹാബിയുടെ കബറുശരീഫും അദ്ദേഹം നിര്‍മിച്ച പള്ളിയുമാണത്. ഒമാനിലെ ആദ്യത്തെ മുസ്ലിം എന്ന നിലയില്‍ പ്രസിദ്ധരാണ് മാസിന്‍(റ). അദ്ദേഹം ഹിജ്റ 6 ല്‍ നിര്‍മിച്ച പള്ളിയുടെ സ്ഥാനത്ത് ഇന്ന് അദ്ദേഹത്തിലേക്ക് ചേര്‍ത്തു കൊണ്ട് നാമകരണം ചെയ്യപ്പെട്ട ഒരു പള്ളിയും അവിടെ നിലനില്‍ക്കുന്നുണ്ട്. മഹാനായ ആ സഹാബി മാസിന്‍(റ) ഇസ്ലാം സ്വീകരിച്ച ചരിത്രം അവതരിപ്പിച്ചു കൊണ്ട് ഈ യാത്ര കുറിപ്പ് അവസാനിപ്പിക്കാം.
ഒമാനിന്‍റെ തലസ്ഥാനമായ മസ്ക്കത്തിലെ സമാഇല്‍ എന്ന പ്രദേശത്ത് ജനിച്ചു അവിടെ തന്നെ ജീവിച്ച, ഉന്നത കുലജാതനായിരുന്നു മാസിന്‍ ബിന്‍ ഗളൂബ(റ). എല്ലാവരും അംഗീകരിക്കുന്ന പൗരപ്രമുഖരില്‍ ഒരാളായ മാസിന്‍(റ) അക്കാലത്ത് ജാഹിലിയ കാലത്തെ അറബികളെ പോലെ വിഗ്രഹാരാധകനായിരുന്നു. ബാജെര്‍ എന്ന വിഗ്രഹത്തിനെയാണ് അവര്‍ ആരാധിച്ചിരുന്നത്. ഒരിക്കല്‍ ഈ വിഗ്രഹത്തിന്‍റെ മുമ്പില്‍ ആരാധനയുടെ ഭാഗമായ ബലികര്‍മം ചെയ്യുവാന്‍ പോയ അവസരത്തിലാണ് ഒരശരീരി കേള്‍ക്കുന്നത്. “ഹേ മാസിനെ… നീ കേള്‍ക്കുക!, സത്യം വെളിവാകുകയും അസത്യം കുഴിച്ചുമൂടപ്പെടുകയും ചെയ്യാനിരിക്കുന്നുണ്ട്. മുളര്‍ ഗോത്രത്തില്‍ നിന്നും ഒരു സത്യപ്രവാചകന്‍ വന്നിട്ടുണ്ട്. അവരെ പിന്‍പറ്റുക വിഗ്രഹാരാധന ഉപേക്ഷിക്കുക”. ഈ അശരീരി അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയെങ്കിലും പിന്നീട് അതിനെ കുറിച്ച് അന്വേഷിക്കാന്‍ നിന്നില്ല. വീണ്ടും മറ്റൊരു അവസരത്തില്‍ വിഗ്രഹത്തിന് ബലിനല്‍കുമ്പോള്‍ അശരീരി കേള്‍ക്കുന്നു. വിഗ്രഹാരാധന ഉപേക്ഷിച്ച് സത്യമതം പുല്‍കി അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാവുക. സത്യസന്ദേശവുമായി വന്ന നബിയെ പിന്‍പറ്റുക എന്ന സന്ദേശമാണ് അശരീരിയുടെ ഉള്ളടക്കം. രണ്ട് തവണയായി അശരീരിയിലൂടെ നബീ(സ) യെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും അറിയിപ്പ് ലഭിച്ചതിന് ശേഷമാണ് ഒമാനിലെ ശമാഇലിന് അടുത്തുള്ള ആദം പട്ടണത്തില്‍ നിന്ന് മക്കയില്‍ നിന്നുള്ള വ്യാപാരിയെ കണ്ടുമുട്ടുന്നത്. ആ വ്യാപാരി മക്കയില്‍ രംഗത്ത് വന്നിട്ടുള്ള മുഹമ്മദ് ബിന്‍ അബ്ദുല്ലിഹിബ്നു അബ്ദുല്‍ മുത്വലിബിബ്നു ഹാശിമിബ്നു അബ്ദു മനാഫ് എന്നവരെ പരിചയപ്പെടുത്തുന്നു. പിതാക്കളുടെയും പിതാമഹന്മാരുടെയും പേരുകള്‍ പറഞ്ഞാണ് അറബികള്‍ വ്യക്തികളെ പരിചയപ്പെടുത്തുക. ആ ശൈലിയില്‍ നബി(സ)യെ പരിചയപ്പെടുത്തുകയും നബി(സ) പ്രബോധനം ചെയ്യുന്ന ദീനിനെ പരിചയപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം നബി(സ) യെ കണ്ട് ഇസ്ലാം സ്വീകരിക്കാനായി അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടു. മാസിന്‍(റ) നബി(സ) യില്‍ നിന്ന് നേരിട്ട് ഇസ്ലാമിനെ മനസ്സിലാക്കുകയും തന്‍റെ ജീവിതത്തിലെ വഴികേടുകള്‍ നബിക്ക് മുമ്പില്‍ അവതരിപ്പിച്ച് കൊണ്ട് വിനയാന്വിതനായി ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുകയും ചെയ്തു. തനിക്കും തന്‍റെ നാടിനും തന്‍റെ നാട്ടുകാര്‍ക്കും വേണ്ടി നബി(സ) യോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുകയും അവര്‍ക്കെല്ലാം വേണ്ടി നബി(സ) ദുആ ചെയ്തു കൊടുക്കുകയും ചെയ്തിട്ടാണ് അദ്ദേഹം ഒമാനിലേക്ക് മടങ്ങുന്നത്. മാസിന്‍(റ) നബി(സ) യെ കാണാന്‍ വേണ്ടി മദീനയിലേക്ക് പുറപ്പെടുന്ന പാശ്ചാത്തലത്തില്‍ ഒരു കവിത ആലപിച്ചിരുന്നു. ആ കവിത ഇന്നും ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. സയ്യിദ് അലവി മാലിക്കി തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന കിതാബില്‍ നബീ(സ) യുടെ ശഫാഅത്തിനെ പ്രതീക്ഷിച്ചു കൊണ്ടുള്ള മദ്ഹ് ആലാപനത്തിന് തെളിവായി ആ കവിത ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത കവിത താഴെ ചേർക്കുന്നു.
إِلَيكَ رَسولَ اللَهِ خَبَّت مَطيَتي
تَجوبُ الفيافي من عمانَ إِلى العَرجِ
അല്ലാഹുവിന്റെ റസൂലെ… അങ്ങയിലേക്ക് എന്റെ വാഹനം ഇതാ വളരെ വേഗത്തിൽ പുറപ്പെട്ടിരിക്കുന്നു!
ഒമാനിൽ നിന്ന് അറജിലേക്ക് ഇതാ വന്നുകൊണ്ടിരിക്കുന്നു…!
(മക്കയുടേയും മദീനയുടെയും ഇടയിലുള്ള സ്ഥലമാണ് അറജ് കൊണ്ട് ഉദ്ദേശിക്കുന്നത്)
لتشفعَ لي يا خَيرَ من وَطئَ الحصا
فيغفرَ لي ربي فأَرجعَ بالفَلجِ
(എന്തിനാണ് അങ്ങോട്ട് ഇത്ര വേഗത്തിൽ വരുന്നത്)
ഭൂമിക്ക് മുകളിലെ മണ്ണിൽ ചവിട്ടിയവരിൽ ഏറ്റവും ശ്രേഷ്ഠരായവരെ…
അങ്ങയുടെ ശിപാർശ ലഭിക്കാനാണ് ഞാൻ വരുന്നത്.
ആ ശിപാർശ മുഖേന അല്ലാഹു എനിക്ക് പൊറുത്തു തരണം.
അങ്ങനെ വിജയം വരിച്ച നിലയിൽ എനിക്ക് മടങ്ങണം.
إِلى مَعشَرٍ خالفتُ في اللَهِ دينَهم
فَلا رأَيُهم رأَيي ولا شَرجُهم شَرجي
എവിടേക്കാണ് മടങ്ങുന്നത്…
അല്ലാഹുവിന്റെ മാർഗത്തിലായി നിലകൊള്ളുന്ന എന്റെ പക്ഷത്തിനും
എന്റെ വീക്ഷണത്തിനും എതിരായ ഒരു ജനതയിലേക്കാണ് ഞാൻ മടങ്ങാനിരിക്കുന്നത്.
(അങ്ങനെയുള്ളവരിലേക്ക് അഥവാ… ഒമാനിലെ തന്റെ സ്വദേശികളുടെ അടുത്തേക്ക് മടങ്ങുമ്പോൾ വിജയിയായി മടങ്ങണം. ദോഷങ്ങളിൽ നിന്ന് ശുദ്ധിയായ നിലയിലാണ് അവരിലേക്ക് ചെല്ലേണ്ടത്. അവരെ സന്മാർഗത്തിലേക്ക് നയിക്കാൻ അത് അനിവാര്യമാണല്ലോ)
وَكنتُ امرءاً بالعُهر والخَمرِ مُولَعا
شَبابيَ حتىّ آذَنَ الجِسمُ بالنَهجِ
فبدلَني بالخَمرِ خَوفاً وَخَشيةً
وَبالعُهرِ إِحصانا فحصَّنَ لي فَرجي
فأَصبَتُ همىّ في الجِهادِ وَنيَّتي
فَلِلَّه ما صومي وَلِلَّه ماحجي
വ്യഭിചാരത്തിലും കള്ളു കുടിയിലും ഞാൻ വ്യാപൃതനായിരുന്നു…
കള്ളും പെണ്ണും കൊണ്ട് ആനന്ദിച്ചിരുന്നതാണ് എന്റെ യുവത്വത്തിന്റെ നാളുകൾ…
അങ്ങനെ എന്റെ മനസ്സ് എനിക്ക് ശരിയായ ദിശ കാണിച്ചു തന്നു
അങ്ങനെ, കള്ളിനു പകരമായി അല്ലാഹുവിനോടുള്ള ഭയഭക്തിയാണ്
ഇപ്പോൾ എന്റെ മനസിനെ പിടികൂടിയിരിക്കുന്നത്.
വ്യഭിചാരത്തിലേക്ക് എന്നെ പ്രേരിപ്പിക്കുന്ന എന്റെ വൈകാരികതയെ ഞാനിപ്പോൾ നിയന്ത്രിക്കുന്നവനായി…
അങ്ങനെ എന്റെ ഗുഹ്യ അവയവത്തെ ഞാൻ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു.
ജിഹാദും നിയ്യത്തും കൊണ്ട് എന്റെ ലക്ഷ്യത്തെ ഞാൻ സ്ഥാപിച്ചിരിക്കുകയാണ്.
അത്‌കൊണ്ട് അല്ലാഹുവിന് വേണ്ടി
നോമ്പും ഹജ്ജും നിർവഹിക്കുന്നവനായി ഞാൻ നിലകൊള്ളുകയാണ്!…
മാസിന്‍(റ) വിനെ രണ്ട് തവണ അബ്ദുല്‍ബാരി ഉസ്താദിന്‍റെ നേതൃത്വത്തില്‍ സിയാറത്ത് ചെയ്തു. രണ്ടാം തവണ സിയാറത്തിന് ശേഷം മാസിന്‍(റ) നിര്‍മിച്ച പള്ളിയുടെ സ്ഥാനത്ത് ഇന്നുള്ള പള്ളി കാണാന്‍ പോവുകയും അവിടെ നിന്ന് ളുഹറും അസറും ജംആക്കി നിസ്കരിക്കുകയും ചെയ്തു. ആ പള്ളിയിലിരുന്ന് ദുആ ചെയ്താല്‍ പ്രശ്നങ്ങള്‍ക്ക് ഉടനെ പരിഹാരമുണ്ടാകുമെന്ന് ഒമാനികൾ തന്നെ പറയാറുണ്ടെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞു. മാസിന്‍(റ) വിനെ കുറിച്ച് എഴുതപ്പെട്ട ചരിത്ര കിതാബുകളിലും അപ്രകാരം കാണുന്നുണ്ട്. പ്രത്യേകിച്ച് രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ ആ പള്ളിയിലിരുന്ന് മൂന്ന് ദിവസം ദുആ ചെയ്താല്‍ രോഗ ശമനം ലഭിച്ചതായിട്ടുള്ള അനുഭവങ്ങളുണ്ടത്രെ! മാസിന്‍(റ) വിന്‍റെ ഇഖ്ലാസിന്‍റെ ബറക്കത്ത് അല്ലാഹു തആല അവിടെ നിലനിര്‍ത്തിയത് കാരണമാകാം പെട്ടെന്ന് ഫലം കാണുന്നത്. അവിടെ മാസിന്‍(റ) വിലേക്ക് ചേര്‍ത്ത് പറയുന്ന ഒരു അരുവിയും ഒഴുകുന്നുണ്ട്. ബറക്കത്തിന് വേണ്ടി ആ അരുവിയിലെ വെള്ളം കുടിക്കാനും വുളൂഅ് എടുക്കാനും കുളിക്കാനുമെല്ലാം ഉപയോഗിക്കുന്നു. പ്രകൃതി സുന്ദരമായ ആ പ്രദേശത്ത് വളരെ നല്ലൊരു ശാന്തമായ അന്തരീക്ഷമാണ്. അവിടെയിരുന്ന് അല്ലാഹുവിന്‍റെ സ്മരണയില്‍ മുഴുകുമ്പോള്‍ പ്രത്യേകമൊരു അനുഭൂതിയാണ്.
മാസിന്‍(റ) വിനെ സിയാറത്ത് ചെയ്ത ശേഷം ഞങ്ങളെ അതിഥികളായി സ്വീകരിച്ച കക്കിടിപ്പുറം സുലൈമാനുസ്താദിന്‍റെ വീട്ടിലേക്ക് തന്നെ മടങ്ങി. ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് ദുആ ചെയ്ത് ഉസ്താദിനെ ദുബൈ അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ വണ്ടിയില്‍ പുറപ്പെട്ടു. സൊഹാര്‍ എന്ന ബുറൈമിയുടെ അടുത്തുള്ള പ്രദേശം വരെയാണ് ഞങ്ങൾ അനുഗമിച്ചത്. ദുബൈ അതിര്‍ത്തിയോട് അടുത്ത സ്ഥലത്ത് വെച്ച് ഉസ്താദ് അദ്ദേഹത്തിന്‍റെ മകന്‍റെ കൂടെ പോയി. ഞങ്ങള്‍ തിരിച്ച് സീബിലെ സുലൈമാന്‍ ഉസ്താദിന്‍റെ വീട്ടില്‍ വന്ന് താമസിച്ചു. പിറ്റെ ദിവസം ഞങ്ങളുടെ യാത്രയുടെ അവസാന ദിവസമായിരുന്നു. ഈയുള്ളവന് വിസ സംഘടിപ്പിച്ചു തന്ന റഹ്മാത്തുല്ലാഹ് മഗ് രിബിയുടെ വകയായിരുന്നു അന്നത്തെ ഉച്ച ഭക്ഷണം. അത് കഴിഞ്ഞ് യാത്ര ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടു. രാത്രിയില്‍ INDICA വിമാനത്തില്‍ കൊച്ചിയിലേക്ക് പറന്നു. മസ്ക്കത്തിനോട് വിട പറയുമ്പോള്‍ ബാക്കി വെച്ച സിയാറത്തുകള്‍ ഒരു ഖേദമായി മനസ്സില്‍ തങ്ങി നിന്നു. അതില്‍ പ്രധാനമായിട്ടുള്ളത് ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ച സൂഫിയായ ഇബ്രാഹീമിബ്നു അദ്ഹം(റ) വിന്‍റെ അന്ത്യവിശ്രമ കേന്ദ്രമാണ്. അത്തരം ചരിത്ര ഭൂമികളിലേക്ക് ഇനിയും പോകാന്‍ വിധിയാക്കണെ എന്ന പ്രാര്‍ത്ഥനയോടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
(അവസാനിച്ചു)