മമ്പുറം, ഫസൽ പൂക്കോയ(റ) തങ്ങൾ ഗവർണർ ആയിരുന്ന സലാല

നബീൽ മുഅബി:

ഒമാൻ ചരിത്ര ഭൂമിയിലൂടെ ഒരു സഞ്ചാരം: ഭാ​ഗം: 2

ഒമാൻ യാത്രയുടെ അനുഭവ വിവരണങ്ങൾ തുടരുന്നു:

അബ്ദുറഹ്‌മാൻ സാമിരിയായി മാറിയ കേരളത്തിൽ നിന്നുള്ള ചേര രാജാവിന്റെ കബറിടം സലാല ആയതിന് പുറമെ, സലാല (ളഫാര്‍) പ്രദേശത്തിന് കേരളവുമായി മറ്റൊരു ചരിത്രപരമായ ബന്ധം കൂടിയുണ്ട്. ഒമാനിലെ 11 ഗവർണറേറ്റുകളിൽ ഒന്നായ ളുഫാറിന്റെ തലസ്ഥാനമാണ് സലാല. ഒരു കാലഘട്ടത്തിൽ ഈ പ്രാവിശ്യയിലെ  ഗവർണർ കേരളത്തിൽ നിന്നുള്ള ആളായിരുന്നു. ആരാണത്? അത് മമ്പുറം സയ്യിദ് അലവി(റ) തങ്ങളുടെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍(റ) യാണ്. ക്രി. 1876 ല്‍ അന്നത്തെ ഉസ്മാനിയ്യ ഖലീഫ സുല്‍ത്താന്‍ മുറാദ് എഫന്ദിയുടെ ഭരണ കാലത്താണ് സയ്യിദ് ഫസല്‍ തങ്ങള്‍ ളുഫാറിലെ ഗവര്‍ണറായത്.

സൂഫികള്‍ക്കിടയില്‍ പതിവുള്ള ഹല്‍ഖകളും മദ്ഹിന്‍റെ സദസ്സുകളും നടക്കുന്ന മസ്ജിദാണ് മസ്ജിദ് അഖീൽ. നബികുടുംബത്തിന്‍റെ പാരമ്പര്യമുള്ള സാദാത്തീങ്ങള്‍ ഒരുമിച്ചു കൂടുന്ന പള്ളിയാണത്. ഹിജ്റ 1188/എഡി 1774 ല്‍ അബ്ദുല്ലാഹിബ്നു മുഹമ്മദ് ബിന്‍ അഖീല്‍ എന്നവര്‍ അവരുടെ പിതാമഹനും പണ്ഡിതനുമായ അഖീലിലേക്ക് ചേര്‍ത്താണ് ഈ പള്ളിക്ക് അഖീല്‍ മസ്ജിദ് എന്ന് പേരിട്ടത്.  ആ പളളിയില്‍ മഗ്രിബ് നിസ്കാര ശേഷം മുത്തു നബി(സ) യുടെ മദ്ഹു സദസ്സുണ്ടായിരുന്നു. അതില്‍ പങ്കെടുത്ത് ഇശാ നിസ്കാരത്തിന് ശേഷം അവിടെ നിന്ന് പിരിഞ്ഞു. കുറെ പ്രായം ചെന്ന സാദാത്തീങ്ങളാണ് സദസ്സിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നത്. അബ്ദുൽബാരി ഉസ്താദിനും ങ്ങങ്ങൾക്കുമെല്ലാം സുബ്ഹി മുതൽ യാത്ര ചെയ്തതിന്റെ ക്ഷീണമുണ്ടായിരുന്നത് കൊണ്ട് ഇശാ നിസ്കാരം കഴിഞ്ഞ ഉടൻ അവിടെ നിന്ന് പിരിയേണ്ടി വന്നു.

മസ്ജിദ് അഖീലിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോയ ഒമാനിയായ സാദാത്ത് കുടുംബത്തിൽ പെട്ട സയ്യിദ് അബ്ദുൽ ഖാദിർ എന്നവരെ കുറിച്ച് പറയാം. അദ്ദേഹം ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. ഹബ്ഷി ഖബീലക്കാരനാണ്. അദ്ദേഹത്തിനെ ഞങ്ങൾക്ക് പരിചയപെടുത്തുന്നത് ദുബൈ ആർ. എ. ജി യുടെ എം. ഡിയായ റസൽ അഹമദ് സാഹിബാണ്. റസൽ സാഹിബ്‌ കുറച്ചു വർഷങ്ങൾക് മുമ്പ് സലാലയിൽ വന്ന സമയത്ത് മസ്ജിദ് അഖീലിൽ വെച്ച് പരിചയപ്പെടുകയും പിന്നീട് ആ ബന്ധം തുടരുകയും ചെയ്തിരുന്നു. ഷാർജയിൽ നിന്ന് സലാലയിലേക്ക് പോകുന്ന അവസരത്തിൽ റസൽ സാഹിബ്‌ തങ്ങളുടെ നമ്പർ എനിക്ക് തരികയും ബന്ധപ്പെടാൻ ആവശ്യപെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തങ്ങളെ കോൺടാക്ട് ചെയ്യുന്നത്. അദ്ദേഹം ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് വരികയും അബ്ദുൽബാരി ഉസ്താദിനെയും ഞങ്ങളേയു നേരിൽ കണ്ടു സംസാരിക്കുകയും ചെയ്തു. കൂട്ടത്തിൽ കക്കിടിപ്പുറം സഫ്വാൻ ഉസ്താദ് തങ്ങൾക്കു ദലാഇലുൽ ഖൈറാത്തിന്റെ കിതാബ് കൊടുത്തു. അപ്പോൾ തങ്ങൾ അതിന്റെ ഇജാസ ചോദിച്ചു. സഫ്വാൻ ഉസ്താദ് പറഞ്ഞു, ഇജാസത്തിന് അബ്ദുൽബാരി ഉസ്താദാണ് അർഹൻ. അങ്ങനെ ഉസ്താദ് അവർക്ക്‌ ഇജാസത് കൊടുത്തു. വിനയാന്വിതനായ ഉസ്താദ് അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവുന്നതും ശ്രമിച്ചിരുന്നു. പക്ഷെ, സഫ്വാൻ ഉസ്താദിന്റെയും തങ്ങളുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഉസ്താദ് ഇജാസത് കൊടുക്കാൻ തയ്യാറായത്. ആ കൂടിക്കാഴ്ച്ചയിലാണ് പിറ്റേ ദിവസം മസ്ജിദ് അഖീലിൽ നടക്കുന്ന മദ്ഹ് സദസ്സിനെ കുറിച്ച് പറയുന്നത്.

ലേഖകൻ മസ്കത്തിലെ ആതിഥേയരോടൊപ്പം

അബ്ദുറഹ്‌മാൻ സാമിരിയായി മാറിയ കേരളത്തിൽ നിന്നുള്ള ചേര രാജാവിന്റെ കബറിടം സലാല ആയതിന് പുറമെ, സലാല (ളഫാര്‍) പ്രദേശത്തിന് കേരളവുമായി മറ്റൊരു ചരിത്രപരമായ ബന്ധം കൂടിയുണ്ട്. ഒമാനിലെ 11 ഗവർണറേറ്റുകളിൽ ഒന്നായ ളുഫാറിന്റെ തലസ്ഥാനമാണ് സലാല. ഒരു കാലഘട്ടത്തിൽ ഈ പ്രാവിശ്യയിലെ  ഗവർണർ കേരളത്തിൽ നിന്നുള്ള ആളായിരുന്നു. ആരാണത്? അത് മമ്പുറം സയ്യിദ് അലവി(റ) തങ്ങളുടെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍(റ) യാണ്. ക്രി. 1876 ല്‍ അന്നത്തെ ഉസ്മാനിയ്യ ഖലീഫ സുല്‍ത്താന്‍ മുറാദ് എഫന്ദിയുടെ ഭരണ കാലത്താണ് സയ്യിദ് ഫസല്‍ തങ്ങള്‍ ളുഫാറിലെ ഗവര്‍ണറായത്. മലബാറില്‍ നിന്ന് ബ്രിട്ടീഷുകാര്‍ ഫളല്‍ തങ്ങളെ മക്കയിലേക്ക് നാടുകടത്തിയ ശേഷം മക്കയിലെ ജീവിത കാലത്ത് അദ്ദേഹത്തിന്‍റെ വ്യക്തിത്വ പ്രഭാവം അന്നത്തെ ഉസ്മാനിയ ഖിലാഫത്തിന്‍റെ തലസ്ഥാനമായ ഇസ്താംബൂളിന്‍റെ വരെ ശ്രദ്ധയാകര്‍ഷിക്കാനിടയായി. ളുഫാറിന്‍റെ ഭാഗമായ മിര്‍ബാത്തിന്‍റെ മണ്ണില്‍ പ്രകാശമായി കിടക്കുന്ന സാഹിബുല്‍ മിര്‍ബാത്തിന്‍റെ പതിനെട്ടാം തലമുറയിലെ പേരകുട്ടിയാണെന്നത് മിര്‍ബാത്തുകാരുടെ ആദരവിനും കാരണമായി. അങ്ങിനെ മിര്‍ബാത്തിലെ ചില ഗോത്രങ്ങളുടെ ക്ഷണമനുസരിച്ചും ഇസ്താംബൂളിന്‍റെ നിയമന പ്രകാരവും കുറച്ച് കാലം സയ്യിദ് ഫസല്‍ തങ്ങള്‍ ളുഫാറിലെ ഗവര്‍ണറായി. പിന്നീട് ബ്രിട്ടീഷ് അനുകൂലിയായ മസ്ക്കത് രാജാവ് ളുഫാറിനെതിരെ യുദ്ധത്തിന് വരികയും അതിനെ പ്രതിരോധിക്കാനുള്ള സൈനിക ശക്തിയില്ലെന്ന് സ്വയം മനസ്സിലാക്കി അവര്‍ക്ക് ആ പ്രദേശം വിട്ട് കൊടുത്ത് ഇസ്താംബൂളിലേക്ക് അദ്ദേഹം മടങ്ങുകയായിരുന്നു. ശരീഅത്തിന്റെ നിയമങ്ങൾ അനുസരിച്ചു നീതിപൂർവ്വം ഭരണം മുന്നോട്ടു പോകുന്നതിനിടയിൽ നേരത്തെ പിന്തുണച്ചിരുന്ന ഗോത്രങ്ങൾക്ക് തന്നെ അസ്വാരസ്യം തോന്നിയതും അദേഹത്തിന്റെ ഭരണത്തെ ദുർബലപെടുത്താനിടയായിരുന്നു.  പിന്നീട് അദ്ദേഹം ഇസ്താംബൂളില്‍ ഉസ്മാനിയ്യ ഖിലാഫത്തിന്‍റെ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്താംബൂളിന്‍റെ മണ്ണില്‍ തന്നെയാണ് അല്ലാഹു അദ്ദേഹത്തിന് കബറിടം ഒരുക്കിയത്. അല്ലാഹു അത്തരം സാദാത്തുകളുടെ ദറജ ഉയര്‍ത്തട്ടെ… ആമീന്‍.

അടുത്ത ദിവസം രാത്രിയില്‍ മസ്ക്കത്തിലേക്ക് പുറപ്പെടുകയാണ്. അന്ന് വെള്ളിയാഴ്ച്ചയായതിനാല്‍ വേറെ യാത്രകളൊന്നും നടത്തിയില്ല. സലാലയിലെ ജുമുഅയില്‍ സംബന്ധിച്ചു. അസറിന് ശേഷം, കക്കിടിപ്പുറം സിറാജുദ്ദീന്‍ മുസ്ലിയാരുടെ സുഹൃത്ത് നാദാപുരത്തുകാരനായ നിസാമിയുടെ വീട്ടില്‍ ഹല്‍ഖ സംഘടിപ്പിച്ചു. അബ്ദുല്‍ബാരി ഉസ്താദിന്‍റെ നേതൃത്വത്തില്‍ അവിടെ ദിക്റ് ഹല്‍ഖ നടന്നു. വെള്ളിയാഴ്ച്ച അസറിന് ശേഷം ദുആക്ക് ഉത്തരം ലഭിക്കുന്ന സമയമാണെന്ന് ഉസ്താദ് പറയാറുണ്ട്. ഹല്‍ഖക്ക് ശേഷം മഗ്രിബും ഇശാഉം ജംആക്കി കൊണ്ട് നിസാമിയുടെ വീട്ടില്‍ നിന്ന് നിസ്കരിച്ചു. ഭക്ഷണം കഴിച്ച ശേഷം ഞാനും സുഹൃത്ത് ദുല്‍ഖിഫ്ലിയും കക്കിടിപ്പുറം സഫ്വാന്‍ ഉസ്താദും മസ്ക്കത്തിലേക്ക് ബസ്സില്‍ പുറപ്പെടാനിരിക്കുകയാണ്. അതിനിടയിലാണ് ഒമാനി സുഹൃത്തും സയ്യിദുമായ സയ്യിദ് അബ്ദുല്‍ഖാദിര്‍ തങ്ങള്‍ അദ്ദേഹത്തിന്‍റെ ഷോപ്പ് സന്ദര്‍ശിക്കാന്‍ വിളിക്കുന്നത്. അതെല്ലാം കഴിഞ്ഞ് രാത്രി 9.30 നുള്ള ബസ്സില്‍ ഞങ്ങള്‍ മസ്ക്കത്തിലേക്ക് പുറപ്പെട്ടു. അബ്ദുല്‍ബാരി ഉസ്താദും നജീബും ഫ്ളൈറ്റില്‍ പിറ്റെ ദിവസം രാവിലെയാണ് മസ്ക്കത്തിലേക്ക് വരുന്നത്.

സലാലയില്‍ നിന്നും മസ്ക്കത്തിലേക്കുള്ള യാത്ര ഒരു കേരളീയനെ സംബന്ധിച്ച് വളരെ വിചിത്രമായ കാഴ്ച്ചകള്‍ നിറഞ്ഞതാണ്. തുടര്‍ച്ചയായ നഗരങ്ങളും മനുഷ്യരധിവസിക്കുന്ന സ്ഥലങ്ങളും നിറഞ്ഞ കേരളത്തിലെ ബസ്സ് യാത്ര പോലെയല്ല ഈ യാത്ര. പന്ത്രണ്ട് മണിക്കൂര്‍ നേരം ബസ്സില്‍ യാത്ര ചെയ്യാനുണ്ട്. ആയിരത്തി ചില്ലറ കിലോമീറ്ററാണ് മസ്ക്കത്തിലേക്കുള്ള ദൂരം. ഇതിനിടയില്‍ ഏതാണ്ട് ഒരു നൂറ് കിലോമീറ്റര്‍ മാത്രമായിരിക്കും മനുഷ്യരും നഗരങ്ങളുമുള്ള സ്ഥലം. ബാക്കിയുള്ള പ്രദേശങ്ങള്‍ മുഴുവന്‍ മരുഭൂമിയാണ്. തുടക്കത്തില്‍ കുറച്ച് മലമ്പാതകളെ തരണം ചെയ്യാനുണ്ട്. രാവിലെ ഒമ്പത് മണിയാകുമ്പോള്‍ റുവൈസില്‍ വന്ന് ബസ്സിറങ്ങി. ഉസ്താദും നജീബ് സാഹിബും മസ്‌ക്കത്തിലേക്ക് വരുന്ന ഫ്ലൈറ്റിൽ ഹാൻഡ് ലഗ്ഗേജ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതിനാൽ അവരുടെ കൂടി ലഗ്ഗേജ് ബസ്സിലാണ് ഉണ്ടായിരുന്നത്. ലഗ്ഗെജുകളോട് കൂടിയുള്ള യാത്രയായതിനാൽ ബസ്സ് ഇറങ്ങിയ എന്നെയും ദുൽഖിഫിലിയെയും കൂട്ടാൻ സെഫിൻ എന്ന ദുൽഖിഫിലിയുടെ സ്നേഹിതൻ കാറുമായി എത്തി. തൃശൂർ ജില്ലയിലെ ചേർപ്പ് സ്വദേശിയായ സെഫിനും ദുൽഖിഫിലിയും മസ്ക്കത്തിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നവരാണ്. കുറച്ചു നേരം വിശ്രമിച്ചു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിരിക്കുമ്പോളേക്ക്‌ ഫ്ലൈറ്റ് വരാൻ സമയമായി. ഉസ്താദും നജീബ് സാഹിബും ഫ്ലൈറ്റിൽ വന്നിറങ്ങി. അവരെയും കൂട്ടി കക്കിടിപ്പുറം സുലൈമാൻ ഉസ്താദിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
മസ്ക്കത്തിൽ കക്കിടിപ്പുറം സഫ്വാന്‍ ഉസ്താദിന്‍റെ പെങ്ങളുടെ ഭര്‍ത്താവ് സുലൈമാനുസ്താദ് കുടുംബസമേതം താമസിക്കുന്നുണ്ട്. 28 വർഷമായി അദ്ദേഹം അവിടെ ഒരു പള്ളിയിൽ ഖാദിമാണ്. ഇനിയുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ അഥിതിയായിട്ടാണ് താമസിക്കുവാനുള്ളത്.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy