നബീൽ മുഅബി:
മത പരിഷ്കരണ വാദവും ആധുനിക മുസ് ലിം നവോത്ഥാന വ്യവഹാരങ്ങളും അപകടകരമായ നിലയിൽ മുസ് ലിം ധൈഷണിക രംഗത്ത് വളർത്തിയെടുത്ത പാരമ്പര്യ നിഷേധം ഇസ് ലാമിനെ സംബന്ധിച്ച് എത്ര മാത്രം പ്രതിലോമകരമാണ് എന്നന്വേഷിക്കുന്ന ലേഖനം.
ولَعَنَ آخِرُ هَذِهِ الأُمَّةِ أَوَّلَهَا
ഈ ഉമ്മത്തിലെ അവസാന കാലക്കാർ മുൻഗാമികളെ ആക്ഷേപിക്കുന്നവരാകുക എന്നത് അന്ത്യനാളിന്റെ അടയാളമായി നബി(സ) പ്രവചിച്ചിട്ടുള്ളതാണ്. ഒരുപാട് ഹദീസുകളിൽ ഈ വിഷയം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
أخرجه ابن ماجه في سننه (ج 1 / ص 96), ورواه البخارى فى التأريخ الكبير (ج 3 / ص 197), ورواه ابن عدى (ج 4 / ص 212),وأخرجه المزي في التهذيب (ج 15 / ص 16)
ഇരുപതാം നൂറ്റാണ്ടിൽ ശക്തമായ സ്വാധീനം ചെലുത്തി വിവിധ ജനപഥങ്ങളെയും സംസ്കാരങ്ങളെയും കീഴടക്കിയ ആധുനികതയുടെ ഭാഗമായി മുസ്ലിം ഉമ്മത്തിനിടയിലുണ്ടായ പുതുപ്രവണതയാണ് പാരമ്പര്യ നിഷേധം. ഇതിന്റെ ഭാഗമായി നല്ലൊരു വിഭാഗം ആളുകൾ പരമ്പരാഗതമായ ഇസ്ലാമിക വിജ്ഞാനങ്ങളേയും പണ്ഡിതന്മാരേയും തള്ളി പറയുന്ന പ്രവണത വ്യാപകമാകുന്നുണ്ട്. അത് മുകളിൽ ഉദ്ധരിച്ച ഹദീസിന്റെ പുലർച്ചയായിട്ട് തന്നെ മനസ്സിലാക്കാൻ സാധിക്കും. കാലഘട്ടം പിന്നിടുന്നതിനനുസരിച്ച് മനുഷ്യൻ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ കൈവരിച്ച പുരോഗതിക്കനുസരിച്ച് മനുഷ്യൻ പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്ന ആധുനികത പ്രദാനം ചെയ്ത കാഴ്ച്ചപ്പാട് മുസ്ലിംകളിൽ നിന്നുള്ള ആധുനികരേയും സ്വാധീനിച്ചതിന്റെ കൂടി ഭാഗമായാണ് പൂർവ്വീകരായ ഉലമാക്കളെയും അവരുടെ വൈജ്ഞാനിക സരണികളേയും തള്ളി പറയുന്ന പ്രവണത ഉടലെടുത്തത്. ഖുർആനും സുന്നത്തും പിന്നെ നമ്മുടെ ഗവേഷണവുമാണ് ഇസ്‍ലാം ദീനിന്റെ വിജ്ഞാനങ്ങൾ എന്ന മനോഭാവമുള്ളവർ തീർച്ചയായും പൂർവ്വീകരായ പാരമ്പരാഗത ഉലമാക്കളുടെ മഹത്വം തിരിച്ചറിയാത്തവർ തന്നെയാണ്. യഥാർത്ഥത്തിൽ ആധുനികതക്ക് മുമ്പുള്ള ഏതൊരു സമൂഹത്തിന്റെയും വീക്ഷണത്തിൽ കാലം പിന്നിടും തോറും അന്ത്യനാളിനോട് അടുത്ത് കൊണ്ടിരിക്കുകയാണെന്ന കാഴ്ച്ചപ്പാടാണ് നിലനിന്നിരുന്നത്. അന്ത്യനാളിനോട് അടുക്കും തോറും മനുഷ്യൻ അവന്റെ മൗലിക മൂല്യങ്ങളിൽ നിന്ന് പിറകോട്ട് പോയി കൊണ്ടിരിക്കുകയാണെന്ന സത്യവും കൂടി ചേർത്ത് വായിക്കുമ്പോൾ ആധുനികരുടെയും ആധുനികാനന്തര സമൂഹത്തിന്റെയും ചിന്താഗതി അതിനോട് തീർത്തും എതിരായിട്ടാണ് വരുന്നത്. ഇസ്‍ലാമോഫോബിയയുടെ ഈ കാലത്തും മുസ്ലിം ഉമ്മത്തിന് പൂർവ്വീകരുടെ പ്രതാപത്തേയും അവർക്ക് അല്ലാഹു നൽകിയ ഇസ്സത്തിനേയും തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ അത് വല്ലാത്തൊരു അന്ധത തന്നെയാണ്.
വിജ്ഞാനങ്ങളോടുള്ള ആദരവും ബഹുമാനവും ആധുനികതയിൽ തകർന്നടിഞ്ഞു പോയതോടെ എല്ലാം ഇൻഫർമേഷൻ ടെക്നോളജിയുടെ മേന്മയിൽ ലഭിക്കാവുന്ന കേവല വിവരങ്ങൾ മാത്രമായി മാറി. അതോടെ ഗുരുവിനുള്ള സ്ഥാനവും ആദരവും തിരോഭവിച്ചുപോയി. ഇങ്ങിനെയുള്ള ഒരു കാലത്ത് മുസ്ലിംകളേയും ഇത് സ്വാധീനിക്കുകയാണ്. അല്ലാഹുവിനേയും റസൂൽ(സ) യേയും സ്വഹാബാക്കളേയും പിൽക്കാലത്ത് വന്ന ഉലമാക്കളേയും സ്വാലിഹീങ്ങളേയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യാതെ ഒരാൾക്ക് യഥാർത്ഥ മുഅ്മിനാകുവാൻ സാധിക്കുകയില്ല എന്നതാണ് സത്യം. അല്ലാഹു ആദരിച്ചവയെ ആദരിക്കാൻ കഴിയാത്തവന്റെ ഈമാൻ ഏത് തട്ടിലാണ് അല്ലാഹു പരിഗണിക്കുക? കുറെ ബുദ്ധിപരമായ ഇൽമുകൾ കരസ്ഥമാക്കിയത് കൊണ്ട് ഇസ്ലാമിൽ അവന് സവിശേഷമായ സ്ഥാനമൊന്നും നൽകുന്നതല്ല. ഹൃദയത്തെ പ്രകാശിപ്പിക്കുന്ന വിജ്ഞാനങ്ങളാണ് ഏറ്റവും പ്രധാനം. അത് കരസ്ഥമാക്കാൻ വേണ്ട വിജ്ഞാനമാണ് ഒരാൾക്ക് അല്ലാഹുവിന്റെ അടുത്ത് സ്ഥാനം നിർണയിക്കുന്നത്. ഹൃദയത്തിൽ പ്രകാശമുള്ളവൻ ആദരിക്കേണ്ടവരേ ആദരിക്കാൻ മടിക്കാത്തവനായിരിക്കും. പ്രത്യേകിച്ച് മുൻഗാമികളായ ഉലമാക്കൾ, അവരോട് നമുക്ക് പല മസ്അലകളിലും വിയോജിപ്പുണ്ടാകാമെങ്കിലും അവരെ ആക്ഷേപിക്കാൻ നമുക്ക് അനുവാദമില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ അവരും അല്ലാഹുവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അത് ചികഞ്ഞു നോക്കാൻ നമുക്ക് അനുവാദമില്ല. ജീവിച്ചിരിക്കുന്ന തന്റെ മുസ്ലിം സഹോദരന്റെ പോലും രഹസ്യത്തിലേക്ക് ചികഞ്ഞു നോക്കുന്നത് കുറ്റകരമായിട്ടാണല്ലോ അല്ലാഹുവിന്റെ ഖുർആൻ പഠിപ്പിച്ചിട്ടുള്ളത്.
ഖുർആൻ പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ
ഹേ, വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. (കാരണം) നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റ(കര) മായിരിക്കും. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയും അരുത്. തന്റെ സഹോദരൻ മരണപ്പെട്ടവനായിരിക്കെ അവന്റെ മാംസം തിന്നുന്നതിനു നിങ്ങളിലൊരാൾ ഇഷ്ടപ്പെടുമോ? എന്നാൽ, അതു നിങ്ങൾ വെറുക്കുന്നു. [അതുപോലെ ഒന്നത്രെ പരദൂഷണവും] നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു, പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, കരുണാനിധിയാണ്. (ഹുജറാത്ത് 12)
وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَـٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
അവരുടെ ശേഷം വന്നവരും (ദരിദ്രന്മാര്‍ക്കും). അവര്‍ പറയും: ‘ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍ കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! ‘സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്’. (ഹശ്റ് 10)
വൈജ്ഞാനികമായ രംഗത്ത് വരാവുന്ന വിയോജിപ്പുകളോ വീക്ഷണ വ്യത്യാസങ്ങളോ മുൻഗാമികളായ ഇൽമിന്റെ അഹ്ലുകാർക്കെതിരെ വിദ്വേഷ പൂർണ്ണമായ നിലപാടിന് കാരണമാകാൻ പാടില്ല. ഒരുപക്ഷെ, അവരുടെ സമകാലികർ അവർക്കെതിരെ പല വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ടാകാം. അത് അവർ പറഞ്ഞ സാഹചര്യവും നമ്മുടെ കാലഘട്ടത്തിൽ നമ്മൾ സംസാരിക്കുന്ന സാഹചര്യവും രണ്ടായിരിക്കും. പൊതുജനങ്ങളുടെ ദീൻ ഫസാദാകാതിരിക്കാൻ വേണ്ടി ശൈഖുൽ അക്ബർ മുഹ് യിദ്ദീൻ ഇബ്നു അറബി(റ) യെ സംബന്ധിച്ച് സുൽത്താനുൽ ഉലമ ഇസ്സ് ഇബ്നു അബ്ദുസ്സലാം(റ) സിന്തീക്കാണെന്ന് ഫത്‍വ കൊടുത്തിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ ഒരു മുരീദ് വന്ന് സമാന്റെ ഖുത്വുബ് ആരാണെന്ന് ചോദിച്ചപ്പോൾ അത് മുഹ് യിദ്ദീൻ ഇബ്നു അറബിയാണെന്ന് പറയുകയും ചെയ്ത സംഭവം ഇർശാദുൽ യാഫിഇൽ അബ്ദുല്ലാഹിൽ യാഫി(റ) പ്രതിപാദിച്ചിട്ടുണ്ട്. അവർ പ്രത്യക്ഷത്തിൽ വിമർശിച്ചുവെങ്കിലും ഹൃദയത്തിൽ നല്ല നിയ്യത്തായിരുന്നു. അവർക്ക് വ്യക്തിപരമായ പകയോ വിദ്വേഷമോ മുൻ നിർത്തിയുള്ള വിമർശനമായിരുന്നില്ല. അതേ സമയം ആധുനികതയുടെ സ്വാധീനത്തോടെ പരിഷ്കരണത്തിനിറങ്ങിയ സമകാലികർക്ക് പൂർവ്വീകരോടുള്ള സമീപനം അതല്ല.
ചരിത്രത്തിൽ ഒരുപാട് പുകഴ്ത്തലുകൾക്ക് വിധേയരായ സാത്വികരായ സ്വൂഫികളേയോ ഉലമാക്കളേയോ മറ്റു ചിലർ അധിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആ അധിക്ഷേപത്തെ വിട്ട് പുകഴ്ത്തലിന് പരിഗണന കൊടുക്കുകയാണ് ദീനിയായി ചിന്തിക്കുന്നവർക്ക് സുരക്ഷിതത്വം. ഊഹങ്ങൾ വെച്ച് ഒരാളെ അധിക്ഷേപിക്കാൻ നമുക്ക് അനുവാദമില്ല. എന്നാൽ, പ്രത്യക്ഷത്തിൽ കണ്ട ഗുണങ്ങളെ ചൂഴ്ന്ന് പരിശോധിക്കണ്ട എന്നാണ് കൽപ്പന. അതിനാൽ ചരിത്രത്തിൽ വാഴ്ത്തപ്പെട്ടവരെല്ലാം നമുക്ക് വാഴ്ത്തപ്പെട്ടവർ തന്നെ. പിന്നെ, നമ്മുടെ വൈജ്ഞാനിക സരണിയോട് യോജിക്കാൻ കഴിയാത്ത നിലപാടുകളും വീക്ഷണങ്ങളും പുലർത്തിയവരായ മുൻഗാമികളാണെങ്കിൽ ആ നിലപാടുകളുടെ ബാലിശത തുറന്ന് കാണിക്കാൻ ആവശ്യമായ അളവിൽ മാത്രം വിമർശനമാകാം. വ്യക്തിഹത്യ ആകാത്ത വിധം ആശയ വിമർശനം മാത്രം. ആശയപരമായ വിയോജിപ്പും വിമർശനവും നിലനിൽക്കുമ്പോൾ തന്നെ വ്യക്തികളെ ബഹുമാനിക്കാനും അവരിലുള്ള മറ്റു നന്മകളെ അംഗീകരിക്കാനും കഴിയുക എന്നത് ആത്മസംസ്കരണം സിദ്ധിച്ചവർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ആധുനിക ഇസ്ലാമിസ്റ്റുകൾക്ക് തീരെയില്ലാതെ പോയിരിക്കുന്നത് ഇതാണല്ലോ…!
മുസ്ലിം ഉമ്മത്തിന്റെ ശക്തി ക്ഷയിച്ച് അവരെ ഏകീകരിച്ചിരുന്ന ഖിലാഫത്തെല്ലാം നാമാവശേഷമായ ആധുനിക യുഗത്തിലെ ചിലർ ഇസ്ലാമിന്റെ പ്രതാപ കാലത്തെ ഉലമാക്കളേയും സൂഫി ഗുരുക്കളേയും അധിക്ഷേപിക്കുക എന്നത് വല്ലാത്ത വിരോധാഭാസം തന്നെയാണ്. ആധുനികത എന്നാൽ യൂറോപ്പിനും അവർ ഉയർത്തി കൊണ്ട് വന്ന ഭൗതിക വാദത്തിനും അനുസൃതമായ ചിന്താധാരകൾക്ക് അപ്രമാദിത്വമുള്ള ഒരു ലോക വ്യവസ്ഥയാണ്. അത്തരമൊരു ലോകത്ത് ഇസ്ലാമും മുസ്ലിംകളുടേതായ അസ്തിത്വവും ഒരുപാട് പ്രതിസന്ധികളേയാണ് അഭിമുഖീകരിക്കുന്നത്. ആ പ്രതിസന്ധികളിൽ ആധുനികതക്ക് കീഴ്പ്പെട്ട് നിൽക്കുന്നവർ ശരിയായ ഇസ്ലാമിക ലോകവീക്ഷണത്തിൽ നിലയുറപ്പിക്കാൻ സാധിച്ചവരെ ആക്ഷേപിക്കുന്നത് വളരെ വലിയ നിന്ദ്യതയാണ്.
21/1828- وعَنْ مِرْداسٍ الأسْلَمِيِّ قالَ قالَ النَّبيُّ ﷺ: يَذْهَبُ الصَّالحُونَ الأوَّلُ فالأولُ، وتَبْقَى حُثَالَةٌ كحُثَالَةِ الشِّعِيرِ أوْ التَّمْرِ، لاَ يُبالِيهمُ اللَّه بالَةً رواه البخاري.
ഇമാം ബുഖാരി(റ)യുടെ സ്വഹീഹിൽ ഉദ്ധരിക്കുന്ന ഹദീസ് ഇപ്രകാരമാണ്. ആദ്യമാദ്യം സ്വാലിഹീങ്ങളായ ആളുകൾ കടന്നു പോകും. പിന്നീട് കാരക്കയുടെ ചണ്ടി പോലെയും ഗോതമ്പിന്റെ ഉമി പോലെയുമുള്ളവർ വരും. അവരെ അല്ലാഹു ഗൗനിക്കുന്നതല്ല.
ഇതാണ് ഹദീസുകൾ പ്രദാനം ചെയ്യുന്ന വീക്ഷണം. കാലം മുന്നോട്ട് ഗമിക്കുന്നതിനനുസരിച്ച് പുരോഗതി കൂടുകയല്ല, അധോഗതിയിലേക്ക് പോവുകയാണ്. പൂർവ്വീകരോടുള്ള സ്നേഹവും ബഹുമാനവുമാണ് അവസാന കാലക്കാർക്കുള്ള രക്ഷ!.
وقال الإمام مالك رحمه الله: (لن يصلح آخر هذه الأمة إلا بما صلح به أولها) ഇമാം മാലിക്ക് (റഹ) പറയുന്നു, ഈ ഉമ്മത്തിലെ ആദ്യ കാലക്കാർ എന്ത് കൊണ്ട് വിജയിച്ചുവോ അത് കൊണ്ടല്ലാതെ അവസാന കാലക്കാരും വിജയിക്കുന്നതല്ല. അപ്പോൾ മുൻഗാമികളിലെ നന്മകളെ കാണാനും അവ പിൻപറ്റാനും പരിശ്രമിക്കുക എന്നത് ഓരോ മുസ് ലിംകളുടെയും ബാധ്യതയാണ്. അവരെ ആക്ഷേപിക്കുന്നതിൽ നിന്ന് പിൻമടങ്ങുകയും അവരുടെ
ഈമാനിനെയും തഖ് വയെയും സ്വീകരിക്കുകയും ചെയ്താൽ തീർച്ചായും സമകാലിക മുസ് ലിംകളുടെ ഐഹികവും പാരത്രികവുമായ വിജയം സുനിശ്ചിതമായിരിക്കും.