റെനെഗ്വെനോൺ:
മുഖവുര
മൊഴിമാറ്റം : ഡോ. തഫ്സൽ ഇഹ്‌ജാസ്
“ആധുനിക ലോകത്തിന്റെ പ്രതിസന്ധി” എന്ന ഗ്രന്ഥം രചിക്കപ്പെട്ടതിന് ശേഷം ഉണ്ടായിട്ടുള്ള സംഭവഗതികളെല്ലാം തന്നെ സമകാലിക അവസ്ഥയെ കുറിച്ച് ആ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള കാഴ്ചപ്പാടിന്റെ സാധുതയെ പൂർണമായും സത്വരമായും സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നു വരികിലും, അതിൽ വിഷയത്തെ കൈകാര്യം ചെയ്തിരുന്നത്, തൽസമയമായ “യഥാർത്ഥാവസ്ഥ” യെ കുറിച്ച എല്ലാ തരം വ്യഗ്രതകളിൽ നിന്നും, വ്യർത്ഥവും വരണ്ടതുമായ ഒരു “വിമർശം” നൽകുക എന്ന ഉദ്ദേശത്തിൽ നിന്നും മുക്തമായ രീതിയിൽ തന്നെയായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളുടെ കാര്യത്തിൽ തത്വങ്ങളുടെ പ്രയോഗം എന്നതിനപ്പുറം അത്തരത്തിലുള്ള പരിഗണനകൾക്ക് യാതൊരു മൂല്യവുമില്ല എന്നത് പ്രത്യേകം പറയേണ്ടതില്ല. ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ കാലഘട്ടത്തിന്റെ മനോനിലയുടെ തകരാറുകളെയും അപര്യാപ്തതകളെയും കുറിച്ച് ശരിയായ ഒരു വിധിതീർപ്പിലെത്തിയിട്ടുള്ളവർ അവയോട് പൊതുവെ ശുദ്ധമായ ഒരു നിഷേധാത്മക നിലപാട് സ്വീകരിക്കുകയോ അല്ലെങ്കിൽ ആ നിലപാടിൽ നിന്നും വിട്ട് സർവ്വമണ്ഡലങ്ങളിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന ക്രമരാഹിത്യത്തെ നേരിടുന്നതിന് അപര്യാപ്തമായ നിസ്സാര പ്രതിവിധികൾ നിർദേശിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണം യഥാർത്ഥ തത്വങ്ങളെ കുറിച്ച് അവർക്കുള്ള അറിവിന്റെ അഭാവം തന്നെയാണ്. ഇക്കാര്യത്തിൽ ഇവരുടെ അവസ്ഥ ‘പുരോഗതി’ എന്ന് വിളിക്കുന്ന ഒന്നിനെ പുകഴ്ത്തി പറയുകയും അതിന്റെ മാരകമായ പരിണതിയെ കുറിച്ച് സ്വയം വഞ്ചിതരാക്കുകയും ചെയ്യുന്നവരിൽ നിന്ന് ഒട്ടും വിഭിന്നമല്ല.
മറ്റൊന്ന്, തികച്ചും നിസ്സംഗവും “സൈദ്ധാന്തികവുമായ” ഒരു വീക്ഷണ കോണിൽ നിന്ന് നോക്കുകയാണെങ്കിൽ പോലും, മേൽപറഞ്ഞ പിഴവുകളെ തള്ളിപ്പറയുകയും അവ യഥാർത്ഥത്തിൽ എന്താണ് എന്ന് തുറന്ന് കാണിക്കുകയും ചെയ്യുക എന്നത് മാത്രം മതിയാവില്ല. ഇത് ഉപകാരപ്രദമാണെങ്കിൽ കൂടിയും, അതിനുമപ്പുറം അവയെ വിശദീകരിക്കുക – അതായത് അവ എന്താണെന്നും എങ്ങിനെ ഉണ്ടായിത്തീർന്നു എന്നും അന്വേഷിക്കുക എന്നത് കൂടുതൽ താൽപര്യജനകവും ഉൽബോധനപരവുമാണ്. കാരണം, ഏതെങ്കിലും രീതിയിൽ നിലനിൽക്കുന്ന എന്ത് സംഗതിക്കും, അത് ഒരു തെറ്റ് ആണെങ്കിൽ പോലും, അതിന്റെ നിലനിൽപിന് അനിവാര്യമായും ഒരു ന്യായമുണ്ടാവും. ആത്യന്തികമായി, ക്രമരാഹിത്യത്തിന് പോലും സാർവലൗകിക ക്രമത്തിലെ ഘടകങ്ങൾക്കിടയിൽ അതിന്റെ സ്ഥാനമുണ്ട്. അപ്രകാരം നോക്കുകയാണെങ്കിൽ, ആധുനിക ലോകം എന്നത്, സ്വയം തന്നെ ഒരു ക്രമക്കേടും അതിനുമപ്പുറം ഒരു കൊടുംവൈകൃതവുമായിരിക്കെ തന്നെ, അത് ഭാഗമായിട്ടുള്ള മുഴുചരിത്രത്തിന്റെ ചക്രവുമായി ബന്ധപ്പെടുത്തി അതിനെ വീക്ഷിക്കുമ്പോൾ, ആ ചക്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിന്റെ അവസ്ഥകളോട് അത് പൂർണമായും യോജിച്ചു വരുന്നുണ്ട്. ഈയൊരു ഘട്ടത്തെ ഹിന്ദു പാരമ്പര്യം വിശേഷിപ്പിക്കുന്നത്, കലിയുഗത്തിന്റെ അവസാന കാലഘട്ടം എന്നാണ്. ചക്രത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ വികാസഫലമായി ഉണ്ടായിത്തീരുന്ന ഈ അവസ്ഥകൾ തന്നെയാണ് അതിന്റെ തനത് സവിശേഷതകളെ നിർണയിക്കുന്നത്. ഇങ്ങനെ നോക്കുകയാണെങ്കിൽ, ഇക്കാലം ഇപ്പോൾ എന്തായിട്ടാണോ ഉള്ളത് അതല്ലാതെ മറ്റൊന്നാവാൻ അതിന് തരമില്ല എന്ന് വ്യക്തമാവും. എന്നിരുന്നാലും, ക്രമരാഹിത്യത്തെ ക്രമത്തിന്റെ ഒരു ഘടകമായി കാണാനും, അല്ലെങ്കിൽ തെറ്റിനെ ഒരു സത്യത്തിന്റെ ഭാഗികമോ വികലമോ ആയ ഒരു വശമായി സംഗ്രഹിക്കാനും സാധിക്കണമെങ്കിൽ, ഒരാൾ സ്വയത്തെ ആ ക്രമരാഹിത്യവും തെറ്റുകളും നിലകൊള്ളുന്ന മണ്ഡലത്തിന്റെ നിർണയങ്ങൾക്ക് അതീതമായി നിലനിർത്തണം. അത് പോലെ തന്നെ, ഭൂമിയിലുള്ള മാനവികതയുടെ വികാസത്തെ നിർണയിക്കുന്ന ചാക്രിക നിയമങ്ങളുടെ വെളിച്ചത്തിൽ ആധുനിക ലോകത്തിന്റെ യഥാർത്ഥ പ്രസക്തി തിരിച്ചറിയണമെങ്കിൽ ആധുനിക ലോകത്തിന്റെ സവിശേഷതയായ മാനസികാവസ്ഥയിൽ നിന്ന് പൂർണമായും മുക്തമായിരിക്കുകയും അതിനാൽ ലവലേശം പോലും സ്വാധീനിക്കപ്പെടാതിരിക്കുകയും വേണം. ഈ മാനസികാവസ്ഥ മേൽപ്പറഞ്ഞ നിയമങ്ങളെ കുറിച്ചും പാരമ്പര്യ ജ്ഞാനത്തിന്റെ അവിഭാജ്യ ഘടകമായിട്ടുള്ള ഭൗതികാതീത തത്വങ്ങളിൽ നിന്ന് നിഷ്പന്നമായിട്ടുള്ള ഇതര സത്യങ്ങളെ കുറിച്ചും ഉള്ള പരിപൂർണമായ അജ്ഞതയെ അനിവാര്യമാക്കുന്നുണ്ട്. ആധുനിക സ്വഭാവമുള്ള ആശയങ്ങളെല്ലാം തന്നെ, ബോധപൂർവമായോ അബോധപൂർവമായോ ആ ജ്ഞാനത്തിന്റെ നേർക്കുനേരെയുള്ളതും നിരുപാധികവുമായ നിരാകരണം തന്നെയാണ്.
കഴിഞ്ഞ കുറച്ച് കാലമായി ഗ്രന്ഥകർത്താവ്, “ആധുനിക ലോകത്തിന്റെ പ്രതിസന്ധി” എന്ന കൃതിയെ തുടർന്ന് കൂടുതൽ കണിശമായും “പ്രമാണപരമായ” ഒരു കൃതി രചിക്കണമെന്ന് മനസ്സിൽ വിചാരിച്ചിരുന്നു. ഈ കാലഘട്ടത്തെ കുറിച്ച് ആദ്യ പുസ്തകത്തിൽ കൊടുത്ത വിശദീകരണത്തിന്റെ ചില വശങ്ങളെ തികച്ചും പാരമ്പര്യപരമായ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട്, കൂടുതൽ കൃത്യതയോടെ അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. ഇക്കാര്യത്തിൽ, മുമ്പേ നൽകപ്പെട്ടിട്ടുള്ള ന്യായങ്ങളാൽ തന്നെ, സാധുവായ ഏക കാഴ്ചപ്പാട് അത് മാത്രമാണ്; എന്ന് മാത്രമല്ല, സാധ്യമായ ഏക കാഴ്ചപ്പാടും അത് മാത്രമാണ്. അതല്ലാത്ത മറ്റൊരു വിശദീകരണം വിഭാവനം ചെയ്യാൻ പോലും സാധ്യമല്ല. പല സാഹചര്യങ്ങൾ നിമിത്തവും ആ പദ്ധതി സാക്ഷാൽകരിക്കുന്നതിനെ ഇൗ നിമിഷം വരെ പിന്തിക്കേണ്ടി വന്നു. എന്തു കാര്യവും അത് സംഭവിക്കേണ്ട സമയത്ത്, അതും നമ്മൾ മുൻകൂട്ടി കാണാത്തതും നമ്മുടെ ഇച്ഛക്ക് അതീതവുമായ രീതിയിലേ സംഭവിക്കുകയുള്ളൂ എന്ന് തീർച്ചയുള്ള ഒരാളോട് ഇത് വിശദീകരിക്കേണ്ടതില്ല. തങ്ങൾ ചെയ്യുന്ന സകലകാര്യങ്ങളിലും നമ്മുടെ സമകാലികർ കാട്ടുന്ന ജ്വരാവേശത്തോട് കൂടിയുള്ള ധൃതി ഈ നിയമത്തിന്റെ മുമ്പിൽ അശക്തമാണെന്ന് മാത്രമല്ല, അത് അസ്വാസ്ഥ്യവും ക്രമരാഹിത്യവും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. തികച്ചും പ്രതികൂലമായിരിക്കും അതിന്റെ ഫലങ്ങൾ. എന്നാൽ, സാഹചര്യങ്ങൾ നൽകുന്ന സൂചനകളെ പിൻപറ്റുന്നതിന്റെ പ്രയോജനത്തെ തിരിച്ചറിയാൻ ഇവർക്ക് സാധിച്ചിരുന്നുവെങ്കിൽ ഇവർ “ആധുനികരായി” തന്നെ തുടരുമായിരുന്നോ ? ഈ സാഹചര്യങ്ങളാവട്ടെ, അവരുടെ അജ്ഞത നിമിത്തം അവർ സങ്കൽപ്പിക്കുന്നത് പോലെ “യാദൃച്ഛികം” അല്ല, മറിച്ച് മാനവികവും പ്രാപഞ്ചികവുമായ ഒരു പൊതു ക്രമത്തിന്റെ കൂടിയതോ കുറഞ്ഞതോ അളവിലുള്ള സവിശേഷ പ്രകാശനങ്ങൾ മാത്രമാണ്. സ്വമേധയായോ അല്ലാതെയോ അതിനോട് നമ്മളെ തന്നെ ഉദ്ഗ്രഥിപ്പിക്കാൻ നമ്മൾ നിർബന്ധിതരാണ്.
ആധുനികമായ മാനസികാവസ്ഥയുടെ (modern mentality) സ്വാഭാവികമായ സവിശേഷതകളിൽ നിന്ന് നാം ഈ പഠനകൃതിയുടെ കേന്ദ്രപ്രമേയമായി എടുത്തിട്ടുള്ളത്, തികച്ചും പാരിമാണികമായ (quantitative) ഒരു കാഴ്ചപ്പാടിലേക്ക് എല്ലാറ്റിനെയും ഇകഴ്ത്തുന്ന പ്രവണതയെയാണ്. ഈ പ്രവണത ഏറ്റവും പ്രകടമായിട്ടുള്ളത് സമീപകാല നൂറ്റാണ്ടുകളിലെ “ശാസ്ത്രീയ” ആശയങ്ങളിലാണ്. ഇതര മണ്ഡലങ്ങളിലും അത് ഇതേയളവിൽ തന്നെ പ്രകടമായിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമായ ഒന്ന് സാമൂഹിക സംഘാടനമാണ് (social organization) . എത്രത്തോളമെന്നാൽ, ഒരു കരുതൽ, -അതിന്റെ സ്വഭാവവും കാരണവും പിന്നീട് വ്യക്തമാവുന്നതാണ്- മാത്രം വെച്ച് കൊണ്ട് പറയുകയാണെങ്കിൽ, നമ്മുടെ കാലഘട്ടത്തെ ഏതാണ്ട് പൂർണമായും തന്നെ, അത് മൗലികമായും പ്രാഥമികമായും “പരിമാണത്തിന്റെ വാഴ്ച” (Reign of Quantity) ആണെന്ന് നിർവചിക്കാനാവും. ഈ സവിശേഷതക്ക് മാത്രമായി മറ്റുള്ളവയേക്കാൾ പ്രാമുഖ്യമാർന്ന മുൻഗണന നൽകിയത്, അത് ഏറ്റവും പ്രകടവും അവിതർക്കിതവും ആയത് കൊണ്ട് മാത്രമല്ല; അതിനേക്കാളേറെ അതിന്റെ മൗലികമായ സ്വഭാവം കൊണ്ടും കൂടിയാണ്. കാരണം, പാരിമാണികതയിലേക്ക് ന്യൂനീകരിക്കുക എന്നത് മാനവികത ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ള ചാക്രിക ഘട്ടത്തിന്റെ അവസ്ഥകളോട് കണിശമായും പൊരുത്തപ്പെട്ട കാര്യമാണ്. അതോടൊപ്പം, ഒരു മന്വന്തരത്തിന്റെ ആരംഭം തൊട്ട് അവസാനം വരെയുള്ള നിരന്തരം വർധിച്ചു കൊണ്ടിരിക്കുന്ന വേഗതയോട് കൂടിയുള്ള “പതനത്തിന്റെ” ഏറ്റവും നിമ്നമായ സ്ഥാനത്തിലേക്ക് ന്യായമായും നയിച്ച് കൊണ്ട് പോവുന്നതും ഈ പ്രത്യേകമായ പ്രവണത തന്നെയാണ്. ഇവിടെ മന്വന്തരം എന്നത് കൊണ്ട് വിവക്ഷ നമ്മളെ പോലെയുള്ള ഒരു മാനവികതയുടെ പ്രത്യക്ഷീകരണത്തിന്റെ (manifestation) മുഴു കാലഗതിയാണ്. ഈയൊരു “പതനം”, മുമ്പ് പല സന്ദർഭങ്ങളിലും ചൂണ്ടിക്കാട്ടിയത് പോലെ തന്നെ, ഏതൊരു പ്രത്യക്ഷീകരണ പ്രക്രിയയും സഹജമായി ഉൾക്കൊണ്ടിട്ടുള്ള അതിന്റെ തത്വത്തിൽ നിന്നുള്ള ക്രമാനുഗതമായ ബഹിർചലനമാണ്. നമ്മുടെ ലോകത്ത്, അത് വിധേയമായിട്ടുള്ള അസ്തിത്വത്തിന്റെ സവിശേഷ മാനദണ്ഡങ്ങൾ കാരണമായി, ഏറ്റവും നിമ്നമായ ഈ സ്ഥാനം, ഗുണപരമായ എല്ലാ വ്യതിരിക്തതകളെ തൊട്ടും ദരിദ്രമായ ശുദ്ധമായ പരിമാണത്തിന്റെ സ്വഭാവത്തിലാണ്. ഈയൊരു സ്ഥാനം കൃത്യമായി പറഞ്ഞാൽ ഒരു പര്യന്തത്തെയാണ് (limit) പ്രതിനിധാനം ചെയ്യുന്നതെന്ന് എടുത്തു പറയേണ്ടതില്ല. അത് കൊണ്ട് തന്നെ, ഒരു “പ്രവണത” എന്ന രീതിയിലല്ലാതെ ഇതിനെ കുറിച്ച് സംസാരിക്കുന്നത് സാധുവല്ല. കാരണം, ഒരു ചക്രത്തിന്റെ യഥാർത്ഥ ഗതിയിൽ ഈ പര്യന്തത്തിലേക്ക് ഒരിക്കലും എത്തിച്ചേരാനാവില്ല. അത് സാക്ഷാൽക്കരിക്കപ്പെട്ടതോ സാക്ഷാൽക്കരിക്കപ്പെടാനാവുന്നതോ ആയ ഏതൊരു അസ്തിത്വത്തെ തൊട്ടും ബാഹ്യമായതോ കീഴായതോ പോലെയുള്ളതാണ്.
ഇനി, സവിശേഷമായി, തുടക്കത്തിൽ തന്നെ ശ്രദ്ധിക്കൽ പ്രധാനമായ ഒരു കാര്യമുണ്ട്. ആശയക്കുഴപ്പത്തെ ഒഴിവാക്കാനും ചില മിഥ്യാധാരണകളെ ഉണ്ടാക്കുന്നതെന്തെന്ന് തിരിച്ചറിയാനും ഇത് ആവശ്യമാണ്. സാദൃശ്യ നിയമ പ്രകാരം (Law of Analogy), ഏറ്റവും നിമ്നമായ ഒരു ബിന്ദു ഏറ്റവും ഉന്നതമായ ബിന്ദുവിന്റെ അസ്പഷ്ടമായതോ തലകീഴായതോ ആയ പ്രതിഫലനം പോലെയാണ്. ഇതിൽ നിന്ന് പ്രത്യക്ഷത്തിൽ വിരോധാഭാസമെന്ന് തോന്നാവുന്ന ഒരു ഫലം സിദ്ധമാവുന്നുണ്ട്. അതെന്തെന്നാൽ, ഒരു തത്വത്തിന്റെ സമ്പൂർണമായ അഭാവം ആ തത്വത്തിന്റെ തന്നെ വ്യാജമായ പതിപ്പിനെ, ഒരു “കള്ളനാണയത്തെ” ദ്യോതിപ്പിക്കുന്നു. ഇക്കാര്യത്തെ, “ദൈവശാസ്ത്രപരമായി”, “സാത്താൻ ദൈവത്തെ അനുകരിച്ച് ഗോഷ്ടി കാട്ടുന്ന ആൾക്കുരങ്ങാണ്” (Satan is the ape of God) എന്ന വാക്കുകളിലൂടെ പ്രകാശിപ്പിക്കാറുണ്ട്. ഈയൊരു വസ്തുതയെ ശരിയാം വണ്ണം ഗ്രഹിക്കാൻ സാധിച്ചാൽ അത് ആധുനിക ലോകത്തിന്റെ ഏറ്റവും ഇരുളടഞ്ഞ ചില പ്രഹേളികകളെ മനസ്സിലാക്കുന്നതിന് വളരെയധികം സഹായകമായിത്തീരും. ഈ പ്രഹേളികകൾ ഉള്ളവയാണ് എന്നതിനെ തന്നെ ഈ ലോകം നിരാകരിക്കുന്നു. കാരണം, അവയെ ഈ ലോകം ഉൾവഹിക്കുന്നുണ്ടെങ്കിലും, അവയെ തിരിച്ചറിയാനുള്ള കഴിവ് അതിനില്ല. മാത്രമല്ല, ഏതൊരു മാനസികാവസ്ഥ കാത്തു സൂക്ഷിക്കുന്നതിലൂടെയാണോ ഈ ലോകത്തിന് ഇങ്ങനെ തന്നെ നിലനിൽക്കാനാവുക, അതിന്റെ അനിവാര്യമായ ഉപാധി കൂടിയാണ് ഈ നിരാകരണം. നമ്മുടെ സമകാലികർക്ക് മൊത്തത്തിൽ എന്താണ് അവരെ നയിച്ചു കൊണ്ടിരിക്കുന്നതെന്നും യഥാർത്ഥത്തിൽ എങ്ങോട്ടാണ് അവർ പോയിക്കൊണ്ടിരിക്കുന്നതെന്നും കാണാൻ സാധിച്ചിരുന്നുവെങ്കിൽ ആധുനിക ലോകത്തിന്റെ നിലനിൽപ് തന്നെ ഒറ്റയടിക്ക് ഇല്ലാതായി തീരുമായിരുന്നു. അങ്ങിനെ ആയിരുന്നുവെങ്കിൽ, ഗ്രന്ഥകർത്താവിന്റെ ഇതര കൃതികളിൽ സൂചിപ്പിച്ചിട്ടുള്ള “തിരുത്തൽ” അത്തരമൊരു സാഹചര്യത്തിൽ ഉണ്ടാവാതെ പോകുമായിരുന്നില്ല. എന്നാൽ, ഇത്തരത്തിലൊരു “തിരുത്ത്”, “പതനം” പരിപൂർണമായും പൂർത്തിയായ ഒരു ബിന്ദുവിൽ എത്തിച്ചേർന്നതിനെ, അതായത് “ചക്രത്തിന്റെ കറക്കം നിന്നു പോയതിനെ” മുൻകൂർ വ്യവസ്ഥയാക്കുന്നുണ്ട്. ചുരുങ്ങിയത്, ഒരു ചക്രത്തിൽ നിന്ന് മറ്റൊരു ചക്രത്തിലേക്ക് കടക്കുന്ന സന്ദർഭമാണിത്. ആയൊരു ബിന്ദുവിൽ എത്തിച്ചേരുന്നത് വരെ മനുഷ്യർക്ക് മൊത്തത്തിൽ ഈ കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുക എന്നത് അസാധ്യമാണ് എന്ന് തീർച്ചപ്പെടുത്താനാവും. ഭാവി ചക്രത്തിന്റെ വിത്തുകൾ തയ്യാറാക്കാൻ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ വിധിക്കപ്പെട്ട വളരെ ചുരുക്കം പേർക്കേ അത് സാധിക്കൂ. ഗ്രന്ഥകർത്താവ്, ഇൗ പുസ്തകത്തിലും മറ്റിടങ്ങളിലും പ്രതിപാദിച്ചിട്ടുള്ള സകല കാര്യങ്ങളും അഭിസംബോധന ചെയ്യുന്നത് ഈയൊരു ചുരുക്കം ആളുകളെയാണ്എന്നത് എടുത്തു പറയേണ്ടതില്ല. മറ്റുള്ളവർക്ക് അനിവാര്യമായും ഉണ്ടായിത്തീരാവുന്ന അഗ്രാഹ്യതയെ കുറിച്ച ഉൽകണ്ഠ ഇതിൽ ലവലേശമില്ല. ഇൗ മറ്റുള്ളവർ തന്നെയായിരിക്കും ഇനി വരുന്ന ഒരു നിർണിത കാലം വരെ മഹാഭൂരിപക്ഷമായിട്ടുണ്ടാവുക എന്നത് വസ്തുത തന്നെയാണ്. എന്നാൽ, കൃത്യമായും “പരിമാണത്തിന്റെ വാഴ്ചയിൽ” തന്നെ മാത്രമാണല്ലോ, ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് അത് മാത്രമേ മുഖവിലക്കെടുക്കാൻ പാടുള്ളൂ എന്ന് അവകാശപ്പെടാനാവുകയുള്ളൂ.