പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും:
അദ്ധ്യായം: 5: കാലത്തിന്റെ ഗുണപരമായ നിർണ്ണയങ്ങൾ: അവസാനഭാഗം:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:
വസ്തുത എന്തെന്നാൽ, ഒരേ രീതിയിൽ ചുരുളഴിഞ്ഞു കൊണ്ടേയിരിക്കുന്ന ഒന്നല്ല കാലം. അത് കൊണ്ട് തന്നെ, ആധുനിക ഗണിതശാസ്ത്രജ്ഞർ സാധാരണ വിഭാവന ചെയ്യുന്നത് പോലെ, നേർരേഖ എന്ന രീതിയിലുള്ള അതിന്റെ ജ്യാമിതീയ പ്രതിപാദനം അമിതമായ ലളിതവൽകരണത്തിലൂടെ തികച്ചും വികലമായ ഒരു ആശയത്തെയാണ് പകർന്നു നൽകുന്നത്. അമിതമായ ലളിതവൽകരണത്തിനുള്ള പ്രവണത ആധുനിക മനോനിലയുടെ സവിശേഷതകളിൽ പെട്ട ഒന്നാണെന്നതും അതോടൊപ്പം അത് സകലതിനെയും പരിമാണത്തിലേക്ക് ന്യൂനീകരിക്കുന്ന പ്രവണതയെ അനിവാര്യമായും അനുഗമിക്കുന്ന ഒന്നാണെന്നതും നമുക്ക് തുടർന്ന് കാണാൻ കഴിയും. കാലത്തിന്റെ ശരിയായ പ്രതിപാദനം ചക്രങ്ങളെ കുറിച്ച പാരമ്പര്യ ആശയം നൽകുന്നത് തന്നെയാണ്. ഇത്, ശരിക്കും “ഗുണാത്മക” (qualified) സമയത്തെ കുറിച്ച ആശയം തന്നെയാണ്. ജ്യാമിതീയമായ പ്രതിപാദനത്തെ സംബന്ധിച്ചേടത്തോളം, അത് ആവിഷ്കരിക്കപ്പെടുന്നത് ചിത്രിതമായിട്ടാണെങ്കിലും (graphical), അതല്ല സങ്കേതപദങ്ങൾ ഉപയോഗിച്ചിട്ടാണെങ്കിലും അതിലൊക്കെ ഉപയോഗിച്ചിട്ടുള്ളത് സ്ഥലപരമായ പ്രതീകാത്മകത തന്നെയാണ്. സ്ഥലത്തിന്റെയും കാലത്തിന്റെയും ഗുണപരമായ നിർണയങ്ങൾക്കിടയിലുള്ള ഒരു പരസ്പര ബന്ധത്തിന്റെ സൂചന നമുക്ക് കണ്ടെത്താനാവും എന്ന് ഇത് സൂചിപ്പിക്കുന്നു. ഇങ്ങിനെ തന്നെയാണ് കാര്യമുള്ളത് . സ്ഥലത്തിന്റെ കാര്യത്തിൽ ഈ നിർണയങ്ങൾ മൗലികമായും നിലകൊള്ളുന്നത് ദിശകളിലാണ്. ചാക്രിക പ്രതിപാദനമാവട്ടെ, കാലചക്രത്തിന്റെ ഘട്ടങ്ങൾക്കിടയിലും സ്ഥലത്തിന്റെ ദിശകൾക്കിടയിലും കൃത്യമായ ഒരു പാരസ്പര്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് ബോധ്യപ്പെടാൻ, വാർഷിക ചക്രം എന്ന ഏറ്റവും ലളിതവും പെട്ടെന്ന് തന്നെ ലഭ്യമാവുന്നതുമായ ഉദാഹരണം തന്നെ പരിഗണിച്ചാൽ മതിയാകും(1). പരമ്പരാഗത പ്രതീകാത്മകതകളിൽ ഇത് വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. ഇതിൽ, നാല് ഋതുക്കൾ എന്നത് നാല് മൗലിക ബിന്ദുക്കൾ (വടക്ക്, പടിഞ്ഞാറ്, തെക്ക്, കിഴക്ക് – cardinal points) എന്നിവയോട് പൊരുത്തപ്പെട്ടതാണ് (2).
ഇവിടെ നമ്മൾ ചക്രങ്ങളുടെ സിദ്ധാന്തത്തെ കുറിച്ച – അത് സ്വാഭാവികമായും ഈ പഠനത്തിന്റെ മർമ്മവുമായി ബന്ധപ്പെട്ടതാണെങ്കിൽ കൂടിയും – ഏറെക്കുറെ സമ്പൂർണമായ വിശദീകരണം നൽകേണ്ടതില്ല. നമ്മൾ സ്വയം പാലിക്കേണ്ടതായ പരിധികളിൽ തന്നെ നിലകൊള്ളാൻ വേണ്ടി, തൽക്കാലം നമ്മുടെ വിഷയത്തെ മൊത്തത്തിൽ പരിഗണിക്കുമ്പോൾ അതുമായി നേർക്കു നേരെ ബന്ധമുള്ള ചില പ്രസ്താവങ്ങൾ മാത്രം നടത്തുന്നതിൽ പരിമിതപ്പെടുത്തുകയാണ്. ഇതേ സിദ്ധാന്തവുമായി ബന്ധപ്പെട്ടിട്ടുള്ള ഇതര പരിഗണനകളെ തുടർന്ന് ആവശ്യമാവുകയാണെങ്കിൽ പിന്നീട് പരാമർശിക്കാവുന്നതുമാണ്. ഇതിൽ ആദ്യത്തെ പ്രസ്താവം എന്തെന്നാൽ, കാലചക്രത്തിന്റെ ഓരോ ഘട്ടത്തിനും സംഭവങ്ങളുടെ നിർണയത്തെ തന്നെ സ്വാധീനിക്കുന്ന തരത്തിലുള്ള അതിന്റേതായ തനത് ഗുണമുണ്ട് എന്നതാണ്. എന്നു മാത്രമല്ല, ഈ സംഭവങ്ങൾ ഉളവായിത്തീരുന്ന ഗതി വേഗം പോലും ഈ ഘട്ടങ്ങളുമായി ബന്ധപ്പെട്ടതും അതിനാൽ തന്നെ പരിമാണപരം എന്നതിനേക്കാളേറെ ഗുണപരവുമാണ്. അങ്ങിനെ, നമ്മൾ കാലത്തിലുള്ള സംഭവങ്ങളുടെ വേഗതയെ കുറിച്ച് സ്ഥലത്തിൽ ചരിക്കുന്ന പിണ്ഡത്തിന്റെ വേഗത എന്നതുമായി സദൃശമാം വണ്ണം സംസാരിക്കുകയാണെങ്കിൽ, വേഗത എന്ന ആശയത്തിന് ഒരു പരാവർത്തനം നടത്തുക എന്നത് ആവശ്യമായി തീരുന്നു. ഇവിടെ, വേഗതയെ യന്ത്രശാസ്ത്രത്തിൽ (mechanics) നൽകപ്പെട്ടിട്ടുള്ളത് പോലെയുള്ള പാരിമാണിക പ്രയോഗത്തിലേക്ക് (quantitative expression) ചുരുക്കാൻ കഴിയുകയില്ല. നാം വിവക്ഷിക്കുന്നത് എന്തെന്നാൽ, ചക്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലുള്ള പരസ്പരം താരതമ്യം ചെയ്യാവുന്ന സംഭവ പരമ്പരകൾ പാരിമാണികമായി തുല്യമായ കാലയളവുകളിലല്ല ഉണ്ടായിത്തീരുന്നത്. പ്രാപഞ്ചികവും മാനുഷികവുമായ മഹാചക്രങ്ങളുടെ കാര്യത്തിൽ ഇത് സവിശേഷമാം വണ്ണം വ്യക്തമായി കാണപ്പെടുന്നുണ്ട്. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിൽ പെട്ട ഒന്നിനെ നമുക്ക് ഒരു മന്വന്തരത്തെ രൂപപ്പെടുത്തുന്ന നാല് യുഗങ്ങളുടെ കുറഞ്ഞ് കൊണ്ടേയിരിക്കുന്ന കാലദൈർഘ്യങ്ങളുടെ അനുപാതത്തിൽ കാണാൻ കഴിയും (3). കൃത്യമായും ഈയൊരു കാരണം കൊണ്ട് തന്നെയാണ് മുൻ യുഗങ്ങളിലൊന്നും സമാനതകളില്ലാത്ത വിധം വേഗതയിൽ സംഭവങ്ങൾ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വേഗത നിരന്തരം വർധിച്ചു കൊണ്ടേയിരിക്കുകയാണ്. ചക്രത്തിന്റെ അന്ത്യമെത്തുന്നത് വരെ ഈ വർധന തുടർന്ന് കൊണ്ടേയിരിക്കും. കാലദൈർഘ്യത്തിന്റെ ക്രമാഗതമായ “സങ്കോചം” പോലെയാണിത്. ഇതിന്റെ സീമ, നാം നേരത്തെ സൂചിപ്പിച്ചത് പോലെ, “പൂർണ വിരാമ ബിന്ദുവിനെ” കുറിക്കുന്നു. ഈ വിഷയങ്ങളിലേക്ക് പ്രത്യേകമായി നമ്മൾ പിന്നീട് തിരിച്ച് വരികയും പൂർണമായി വിശദീകരിക്കുകയും ചെയ്യും.
രണ്ടാമത്തെ പ്രസ്താവം, ചക്രത്തിന്റെ അധോഗമിയായ ദിശയെ കുറിച്ചുള്ളതാണ്. കാരണം, ഇത് ആവിർഭാവ പ്രക്രിയയുടെ കാലത്തിലുള്ള ആവിഷ്കാരമായാണ് കണക്കാക്കപ്പെടുന്നത് എന്നതിനാൽ തന്നെ തത്വത്തിൽ നിന്നുള്ള ക്രമാനുഗതമായ അകൽച്ചയെ കുറിക്കുന്നു. ഇത് നാം പലപ്പോഴും ചർച്ച ചെയ്ത വിഷയമായത് കൊണ്ട് കൂടുതൽ ഇവിടെ കൈകാര്യം ചെയ്യുന്നില്ല. ഇനി ഇത് ഇവിടെ നാം വീണ്ടും സൂചിപ്പിക്കുന്നുണ്ടെങ്കിൽ അത് പ്രധാനമായും ഇപ്പോൾ പറയപ്പെട്ടതുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു സ്ഥലപരമായ സാദൃശ്യത്തിന് അത് വഴിയൊരുക്കുന്നത് കൊണ്ടാണ്. ചക്രത്തിന്റെ അന്ത്യത്തോടടുക്കുമ്പോൾ സംഭവങ്ങളുടെ വേഗതയിൽ ഉണ്ടായിത്തീരുന്ന വർധനയെ ഭാരമേറിയ പിണ്ഡങ്ങളുടെ വീഴ്ചയിൽ ഉണ്ടാവുന്ന വേഗവർധനയോട് താരതമ്യം ചെയ്യാനാവും. മാനവികതയുടെ ഇന്നത്തെ ഗമനം ഒരു ചെരുവിൽ നിന്ന് താഴോട്ടേക്ക് ഇറക്കിവിടപ്പെടുകയും ചെരുവിന്റെ അടിഭാഗത്തേക്ക് എത്തുന്തോറും വേഗത വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വാഹനത്തിന്റെ ചലനത്തോട് ശരിക്കും സദൃശമായിരിക്കുന്നു. എതിർദിശയിലുള്ള ചില പ്രതിബലങ്ങൾ കഴിയാവുന്നിടത്തോളം കാര്യങ്ങളെ അൽപം കൂടി സങ്കീർണമാക്കുന്നുണ്ടെങ്കിൽ കൂടിയും മൊത്തത്തിലെടുത്താൽ ഇത് കൃത്യമായ ഒരു ചാക്രിക ചലനം തന്നെയാണ്.
അവസാനമായി, മൂന്നാമത്തെ പ്രസ്താവം ഇപ്രകാരമാണ് : ആവിർഭാവത്തിന്റെയും തൽഫലമായി അതിന്റെ പ്രകടിതരൂപമായ ചക്രത്തിന്റെയും താഴോട്ടേക്കുള്ള ഗമനം സംഭവിക്കുന്നത് അസ്തിത്വത്തിന്റെ ധനാത്മകമായ (positive)) അഥവാ സത്താപരമായ (essential) ധ്രുവത്തിൽ നിന്ന് ഋണാത്മകമായ (negative) അഥവാ പാദാർത്ഥികമായ (substantial) ധ്രുവത്തിലേക്കാണ്. ഇത് കാരണം, എല്ലാ വസ്തുക്കൾക്കും വർധിച്ചു കൊണ്ടേയിരിക്കുന്ന പരിമാണാത്മകവും കുറഞ്ഞു കൊണ്ടേയിരിക്കുന്ന ഗുണാത്മകവും ആയ ഒരു ഭാവം ഉണ്ടായിത്തീരുന്നു. ഇത് കൊണ്ടാണ്, ചക്രത്തിന്റെ അവസാന ഘട്ടം “പരിമാണത്തിന്റെ വാഴ്ച” (Reign of Quantity) ആയി അതിനെ സ്വയം സ്ഥാപിക്കുന്ന ഒരു പ്രത്യേക പ്രവണത കാണിക്കുന്നത്. എല്ലാ വസ്തുക്കളെ സംബന്ധിച്ചേടത്തോളം ഇത് ഇപ്രകാരമായിരിക്കും എന്ന് പറയുമ്പോൾ നാം അർത്ഥമാക്കുന്നത് മാനുഷികമായ കാഴ്ചപ്പാടിൽ നിന്ന് അവയെ നോക്കുമ്പോൾ ഇപ്രകാരമായിരിക്കും എന്ന് മാത്രമല്ല അതിനുമപ്പുറം “പരിതഃസ്ഥിതിയിൽ” (environment) തന്നെ യഥാർത്ഥത്തിൽ ഒരു മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ്. മാനവിക ചരിത്രത്തിന്റെ ഓരോ ഘട്ടവും നിർണിതമായ ഒരു “പ്രാപഞ്ചിക നിമിഷത്തോട്” (cosmic moment) തക്കതായ രീതിയിൽ പ്രതികരിക്കുന്നു എന്നതിനാൽ, ലോകം അഥവാ “പ്രകൃതി” (nature) എന്ന വാക്കിലൂടെ സാധാരണ വിവക്ഷിക്കപ്പെടുന്ന കാര്യത്തിന്റെ, പ്രത്യേകിച്ച് മുഴു ഭൗമ പരിസ്ഥിതിയുടെ അവസ്ഥക്കും ഈ പരിസ്ഥിതിയാൽ സ്വന്തം അസ്തിത്വം പ്രകടമായി തന്നെ പരുവപ്പെടുത്തപ്പെടുന്ന മാനവികതയുടെ അവസ്ഥക്കും ഇടയിൽ സ്ഥായിയായ ഒരു പരസ്പര ബന്ധം അനിവാര്യമായും ഉണ്ട്. ഈ പ്രാപഞ്ചിക പരിവർത്തനങ്ങളെ കുറിച്ച സമ്പൂർണമായ അജ്ഞത, ചില പരിധികൾക്കപ്പുറമുള്ള സകലതിനെയും കുറിച്ച അപവിത്ര ശാസ്ത്രത്തിന്റെ തെറ്റിദ്ധാരണക്ക് നിമിത്തമായിട്ടുള്ള ചെറിയ കാരണങ്ങളിലൊന്നല്ല എന്ന് കൂടി നാം കൂട്ടിച്ചേർക്കുകയാണ്. ഈ കാലഘട്ടത്തിന്റെ സവിശേഷ സാഹചര്യങ്ങളുടെ സൃഷ്ടി ആണെന്നതിനാൽ തന്നെ ഈ ശാസ്ത്രത്തിന് ഈ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങളെ വിഭാവന ചെയ്യാനോ എന്തിനേറെ പറയുന്നു അത്തരം സാഹചര്യങ്ങൾക്കും നിലനിൽപുണ്ടാവാം എന്ന് അംഗീകരിക്കാനോ ഉള്ള ശേഷി പോലും വ്യക്തമായും ഇല്ല. അതിനാൽ ഈ ശാസ്ത്രത്തെ തന്നെ നിർവചിക്കുന്ന അതിന്റെ വീക്ഷണ കോൺ, കാലത്തിൽ “അതിരുകളെ” സ്ഥാപിക്കുന്നു. ഹ്രസ്വദൃഷ്ടിയുള്ള ഒരാൾക്ക് ഒരു ദൂരപരിധിക്കപ്പുറം കാണാനാവില്ല എന്നത് പോലെ തന്നെ ഈ ശാസ്ത്രത്തിന് ഈ അതിരുകളെ മുറിച്ച് കടക്കാനുമാവില്ല. തീർച്ചയായും, എല്ലാ അർത്ഥത്തിലുമുള്ള “ബൗദ്ധിക ഹ്രസ്വദൃഷ്ടി” എന്നത് ആധുനികവും “ശാസ്ത്രവാദപരവുമായ” മനോനിലയുടെ സവിശേഷത തന്നെയാണ്. ഇവ്വിഷയകമായ ചർച്ചയിൽ നമ്മൾ ഇനിയും എത്തിച്ചേരാനിരിക്കുന്ന വികാസങ്ങൾ പരിസ്ഥിതിക്ക് സംഭവിച്ച പരിവർത്തനങ്ങൾ എന്തൊക്കെയാണെന്ന് കൂടുതൽ നന്നായി ഗ്രഹിക്കാൻ നമ്മൾക്ക് സഹായകമായിത്തീരും. ഇപ്പോൾ സാമാന്യമായ തലത്തിലുള്ള ഒരു സൂചന മാത്രമേ നമുക്ക് നൽകാനാവുകയുള്ളൂ. ഒരു വേള, ഇതിലൂടെ ഇന്ന് “കാൽപനികമായി” (fabulous) കണക്കാക്കപ്പെടുന്ന പലതും പൗരാണികർക്ക് അങ്ങിനെയായിരുന്നില്ല എന്ന് തിരിച്ചറിയപ്പെട്ടേക്കാം. അത് പോലെ തന്നെ പാരമ്പര്യ ജ്ഞാനത്തിൽ നിന്ന് ചിലതെങ്കിലും കൈമുതലായിട്ടുള്ളവർക്കും ഇപ്രകാരമായിരിക്കും. ഇവരുടെ കൈവശമുള്ള ഈ പാരമ്പര്യ ജ്ഞാനത്തിന്റെ ഭാഗമായ ആശയങ്ങൾ ഒരു “വിനഷ്ട ലോകത്തിന്റെ” (lost world) രൂപം എങ്ങിനെയായിരിക്കും എന്നതിനെ പുനർനിർമിക്കുന്നതിനും അതു പോലെ ഒരു ഭാവി ലോകത്തിന്റെ വിശാലമായ രൂപരേഖകൾ എപ്രകാരമായിരിക്കും എന്നത് മുൻകൂട്ടി കാണുന്നതിനും ഉതകുന്നതായിരിക്കും. കാരണം, ആവിർഭാവത്തെ നിർണയിക്കുന്ന ചാക്രിക നിയമങ്ങൾ നിമിത്തമായി, ഭൂതത്തിനും ഭാവിക്കുമിടയിൽ സദൃശപരമായ പൊരുത്തമുണ്ട്. സാമാന്യബുദ്ധികൾ എന്ത് ചിന്തിച്ചാലും ശരി, ഇത്തരം പ്രവചനങ്ങൾക്ക് ഒരർത്ഥത്തിലുമുള്ള “ഭവിഷ്യജ്ഞാനപരമായ” (divinatory) സ്വഭാവമല്ല ഉള്ളത്. മറിച്ച്, അവ പൂർണമായും കാലത്തിന്റെ ഗുണപരമായ നിർണയങ്ങൾ എന്ന് നാം വിളിക്കുന്നവയിൽ അധിഷ്ഠിതമാണ്.
(1) നാമിവിടെ, സവിശേഷമായി, ശരിയായ ഉപക്രമ കാഴ്ചപ്പാടിൽ രാശി ചക്രത്തിന്റെ (Zodiac) പ്രതീകാത്മകതക്കുള്ള ഗണ്യമായ വ്യാപ്തിയെയും മറുവശത്ത് അധിക പാരമ്പര്യ രൂപങ്ങളിലും വാർഷിക ചക്രത്തിന്റെ ചുരുളഴിയൽ പ്രകാരമുള്ള പ്രത്യക്ഷ ആചാര പ്രായോഗിക രൂപങ്ങളെയും മാത്രം സ്മരിക്കുകയാണ്.
(2) സ്ഥലത്തിന്റെയും കാലത്തിന്റെയും ഗുണപരമായ നിർണയങ്ങളുമായും അവ തമ്മിലുള്ള സാധർമ്മ്യങ്ങളുമായും ബന്ധപ്പെട്ട് മി. മാർസൽ ഗ്രാനറ്റിന്റെ ((Mr. Marcel Granet) ഒരു സാക്ഷ്യത്തെ, അദ്ദേഹം ഒരു “ഔദ്യോഗിക” ഓറിയന്റലിസ്റ്റ് ആണ് എന്നത് കൊണ്ട് മാത്രം അതിനെ സംശയിക്കേണ്ടതില്ല, ഇവിടെ പരാമർശിക്കാൻ നാം ആഗ്രഹിക്കുകയാണ്. അദ്ദേഹത്തിന്റെ “La Pensee chinoise” എന്ന പുസ്തകത്തിന്റെ ഒരു മുഴു ഭാഗം തന്നെ ഈ പാരമ്പര്യ ആശയങ്ങളെ ചർച്ച ചെയ്യാൻ വേണ്ടിയാണ് നീക്കി വെച്ചിട്ടുള്ളത്. ആ ആശയങ്ങളിലെല്ലാം അസാധാരണത്വങ്ങൾ “singularity” മാത്രം കാണാനാണ് അദ്ദേഹം താൽപര്യപ്പെടുന്നതെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. എന്നിട്ട് അവയെ “മനശ്ശാസ്ത്രപരമായും” “സാമൂഹ്യശാസ്ത്രപരമായും” വിശദീകരിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ആധുനിക മുൻവിധികൾ പൊതുവായും സർവകലാശാലാ അക്കാദമികത പ്രത്യേകിച്ചും താൽപര്യപ്പെടുന്ന ഇത്തരം വ്യാഖ്യാനത്തെ കുറിച്ച് ആകുലപ്പെടുന്നതിന് പകരം ഈ വസ്തുത തിരിച്ചറിയപ്പെട്ടു എന്നതാണ്് നമ്മളെ സംബന്ധിച്ചേടത്തോളം പ്രധാനമായിട്ടുള്ളത്. അങ്ങിനെയൊരു വീക്ഷണ കോണിലൂടെ നോക്കുകയാണെങ്കിൽ, ആധുനിക പടിഞ്ഞാറിന്റെ “പാരിമാണിക” നാഗരികതയുടെ പ്രതി-തത്വം (antithesis) എന്ന നിലയിലുള്ള പാരമ്പര്യ നാഗരികതയുടെ അത്യന്തം ശ്രദ്ധേയമായ ഒരു ചിത്രം ഈ പുസ്തകത്തിൽ നമുക്ക് കാണാൻ കഴിയും (പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള ചൈനീസ് അല്ലാത്ത ഏത് നാഗരികതയെ സംബന്ധിച്ചേടത്തോളവും ഇത് ശരി തന്നെയാണ്).
(3) ഈ അനുപാതം 4, 3, 2, 1 എന്നീ അക്കങ്ങളുടേതാണ് എന്ന് നമുക്കറിയാം. അങ്ങിനെ, മുഴുവൻ ചക്രത്തിനും കൂടി മൊത്തം ഇത് 10 ആണ്. മനുഷ്യ ജീവിതത്തിന്റെ കാലദൈർഘ്യവും ഒരു യുഗത്തിൽ നിന്ന് അടുത്ത യുഗത്തിലേക്ക് കുറഞ്ഞ് കൊണ്ടേയിരിക്കുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നതെന്നും നമുക്കറിയാം. ജീവിതം, ചക്രത്തിന്റെ ആദ്യം തൊട്ട് അവസാനം വരെ നിരന്തരം വർധിച്ചു കൊണ്ടേയിരിക്കുന്ന വേഗതയിലാണ് ഒഴുകുന്നത് എന്ന് പറയുന്നത് പോലെയാണിത്.
തുടരും: