പൂവാ മക്ക: ​ഗൗസ് ബാബാ(റ) യും അശരണരുടെ സനാഥ ജീവിതങ്ങളും

എം. നൗഷാദ്

ബ്രഹ്മപുത്രയുടെ തീരത്ത് ഹൈന്ദവർക്കും ബൗദ്ധർക്കും മുസ്ലിമീങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ചെറുപട്ടണമാണ് പുവാമക്ക. ഗുഹാവത്തിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെ ബാർപേട്ടയിലേക്കുള്ള വഴിയിൽ കാംരൂപ് ജില്ലയിലാണിത്. രണ്ടുവർഷങ്ങൾക്കു മുമ്പ് ആസാമിലെ താഴ്നിലങ്ങളെ നനച്ചുകുതിർത്ത് കാലം തെറ്റി പേമാരി വർഷിച്ചുകൊണ്ടിരുന്ന ഒരു ഏപ്രിൽ സന്ധ്യയിലാണ് ഞങ്ങൾ ഹാജോയിലെത്തിയത്. അവിടെ നിന്ന് ഗരുരാചല മല കയറിയെത്തിയാണ് പ്രസിദ്ധമായ പുവാമക്ക ദർഗയും പള്ളിയുമുള്ളത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിശ്തിയാ ത്വരീഖത്തിലെ പ്രമുഖ സൂഫി ഗുരുവായിരുന്ന ഗിയാസുദ്ദീൻ ഔലിയാ(റ)യുടെ ഖബറ് സ്ഥിതി ചെയ്യുന്നത് പുവാമക്കയിലാണ്. തിബ് രീസുകാരനായിരുന്ന ഗിയാസുദ്ദീൻ ഔലിയ(റ) മക്കയിൽ നിന്നും തന്റെ ശിഷ്യന്മാരോടൊപ്പം കൊണ്ട് വന്ന മൺകൂനയിൽ ഇവിടെ ഒരു ഖാൻഗാഹ് പണിതുവെന്നാണ് വിശ്വാസം. ഈ പ്രദേശങ്ങളിൽ ഇസ് ലാം പ്രചരിപ്പിച്ചവരിൽ പ്രമുഖസ്ഥാനത്തുള്ളവരാണ് ഗിയാസുദ്ദീൻ ഔലിയ(റ). ഇന്ത്യയിലെ ഇസ് ലാമിക പ്രചരണത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ പ്രമുഖ ചിശ്തി സൂഫിയായിരുന്ന അജ്മീറിലെ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ)യുടെ പ്രമുഖ ഖലീഫയായ ഡൽഹിയിലെ ഖുതുബുദ്ദീൻ ബക്തിയാർ കാക്കി(റ)വിന്റെ ശിഷ്യ പരമ്പരയിലാണ് ഗിയാസുദ്ദീൻ ഔലിയ(റ).
വളഞ്ഞുപുളഞ്ഞു കിടക്കുന്ന വിജനമായ റോഡുകളിലൂടെ മല കയറി മുകളിലെത്തിയപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു. മഴയും ഇരുളും കാരണം ദർഗയിൽ ആളുകൾ അസാധാരണമാം വിധം കുറവായിരുന്നു. വഴിയിലെ പൂക്കളും നിവേദ്യങ്ങളും ചാദറും വിലകുറഞ്ഞ തുണിത്തരങ്ങളും വിൽക്കുന്ന കടകൾ ഉടമകൾ മഴ ചാറ്റലേൽക്കാതിരിക്കാൻ താർപ്പായ വലിച്ചു കെട്ടി അടച്ചുകൊണ്ടിരുന്നു. ദർഗയിലേക്കുള്ള പടവുകളിലും അങ്ങിങ്ങായും എണ്ണമറ്റ തെരുവുനായ്ക്കൾ അവരുടെതായ വിഹാരങ്ങളിലായിരുന്നു.
ഗിയാസുദ്ദീൻ ഔലിയ(റ) അന്ത്യവിശ്രമം കൊള്ളുന്ന ദർഗയും അദ്ദേഹം പണി കഴിപ്പിച്ച ഖാൻഗാഹും പള്ളിയും കൂടാതെ സന്ദർശകർക്കും രോഗികൾക്കും വേണ്ടിയുള്ള ഹാളുകൾ ചേർത്ത് പണികഴിപ്പിച്ച നീണ്ട ഒരു കെട്ടിടവുമാണ് അവിടെ പ്രധാനമായുമുള്ളത്. കെട്ടിട സമുച്ചയത്തിന്റെ വലിപ്പം പരിഗണിക്കുമ്പോൾ ആപേക്ഷികമായി വിജനമായിരുന്നു അന്നവിടം. സവിശേഷ വാസ്തുശിൽപ ചാതുരിയൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ കെട്ടിടങ്ങൾ.

വൃദ്ധരും മാനസികരോഗികളുമായ കുറെ സ്ത്രീകൾ സന്ദർശകർക്കുള്ള കെട്ടിടത്തിന്റെ വരാന്തയിൽ കിടക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. അങ്ങിങ്ങായി യാചകരെ കണ്ടു. ഈ ലോകവുമായുള്ള ബന്ധങ്ങൾ പല തലങ്ങളിൽ വിച്ഛേദിച്ച ദർവേശുമാരുമുണ്ടായിരുന്നു കൂട്ടത്തിൽ. ഇരുട്ടിൽ, അകത്തുമാത്രം മുനിയുന്ന വെളിച്ചത്തിൽ അവരൊരു ദിവസത്തെ കൂടി അവസാനിപ്പിക്കുകയാണ്. എവിടെ നിന്നോ പല മറകളിൽ തട്ടി, നിഴലായും വെട്ടമായും എത്തുന്ന മങ്ങലിൽ, ഞങ്ങളെ നോക്കിയിരിക്കുന്ന ഒരു സ്ത്രീയെ ഞാനപ്പോൾ ശ്രദ്ധിച്ചു.
ഞങ്ങൾ അഞ്ചു മലയാളികളടങ്ങുന്ന സംഘമാണ്. ഞാനവരോട് സലാം പറഞ്ഞു. അവർ സലാം മടക്കി. ഞങ്ങളുടെ വരവുകണ്ട് അവർ എഴുന്നേറ്റ് നിന്നു. അപ്പോൾ മുഖത്തും ദേഹത്തും പതിച്ച വെളിച്ചത്തിൽ അവർക്ക് കൂടുതൽ വ്യക്തത കൈവന്നു. പ്രായം നാൽപതുകളായിരിക്കണം. അത്തരമൊരു സ്ഥലത്തിനും സമയത്തിനും ചേരാത്ത വിധം വൃത്തിയും ആഭിജാത്യവുമുള്ള സാരിയാണ് അവർ ധരിച്ചിരുന്നത്. സംസാരത്തിലും സമീപനത്തിലുമുള്ള പ്രസന്നത സ്വാഗതം ചെയ്യുന്നതായിരുന്നു. പേർ റൂബ് ജാൻ ഖാത്തൂൻ. ദീർഘകാലമായി ഇവിടെ അന്തേവാസിയാണ്. ഗിയാസുദ്ദീൻ ഔലിയ(റ) യുടെ വിരുന്നുകാരി.
മാനസിക രോഗമുണ്ടെന്ന് തോന്നിച്ച ചില സ്ത്രീകൾ കുറച്ചപ്പുറത്ത് നിന്ന് ഉറക്കെ ഒച്ചവെച്ചു. എന്തോ കലഹത്തിന്റെ തുടർച്ച പോലെ തോന്നിച്ചു അത്. റൂബ് ജാൻ കുറച്ചു നേരം അവരെ സൂക്ഷിച്ചുനോക്കി.
”നിങ്ങൾക്കിവിടെ കഴിയാൻ പേടിയില്ലേ…?”
ഞൊടിയിട കൈവന്ന അടുപ്പത്തിന്റെ ആകുലതയിൽ ഞാൻ ഹിന്ദിയിൽ ചോദിച്ചു.
”ഇവിടെ ബാബയുണ്ടല്ലോ…ഞാൻ ഒറ്റക്കല്ല..”
ഖാതൂൻ അതേ പ്രസന്നതയിൽ പ്രത്യുത്തരം ചെയ്തു.
ബാബ ഉള്ളത് നല്ലതുതന്നെ. പക്ഷെ കുഴപ്പക്കാരായ ആളുകൾ വരാനിടയില്ലേ…?” ഞാൻ ചോദിച്ചു പോയി.
”ചീത്ത നിയ്യത്തുമായി വരുന്നവർക്ക് അവർക്കുവേണ്ടത് കിട്ടും. എന്റെ ഉദ്ദേശം ബാബക്കും ബാബയെ കാണാൻ വരുന്നവർക്കും ഖിദ്മത്ത് ചെയ്യലാണ്.”
ഖാത്തൂൻ നിർനിമേഷം തുടർന്നു.
അസമിലെ ദൊഖിൻ ഷെൽമാറയിൽ ജനിച്ചുവളർന്ന ഖാത്തൂൻ ദുൽഹലിലേക്കാണ് വിവാഹിതയായത്. രണ്ട് മക്കൾക്ക് ജന്മം നൽകിയെങ്കിലും അവരിന്നില്ല. ”അവർ അല്ലാഹുവിന്റെ അടുത്തേക്ക് മടങ്ങി.” എന്നു പറഞ്ഞപ്പോൾ അവരുടെ പ്രസന്നതക്ക് കോട്ടമൊന്നും തട്ടിയില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. ദാമ്പത്യമാകട്ടെ അധിക കാലം നീണ്ടു നിന്നില്ല. ബാബയുടെ വിളിക്കുത്തരം ചെയ്ത് 18 വർഷം മുമ്പ് ഖാത്തൂൻ ഗരുരാചല മലയിലേക്ക് കുന്നുകയറി. ഇടക്കാലത്ത് നാലുവർഷം ഇവിടെ ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ ഖാത്തൂന്റെ വീടും നാടും ഇപ്പോൾ പൂവാമക്കയാണ്. ചിശ്തിയ സിൽസിലയിലാണ് ആദ്യം ബൈഅത്ത് ചെയ്തിരുന്നതെങ്കിലും പിന്നീട് ഖാത്തൂൻ കലന്തരിയ്യ മാർഗത്തിലേക്ക് മാറി.
പൂവാമക്കയിലേക്ക് ഞങ്ങൾ ചെന്നതിനെ ഖാത്തൂൻ ആശീർവദിച്ചു. വളരെ പുണ്യമാക്കപ്പെട്ട സ്ഥലമാണ്. പൂവാ എന്നാൽ കാൽഭാഗം എന്നർത്ഥം. മക്കയുടെ നാലിലൊന്നാണ് ഗൗസ് ബാബയുടെ പുണ്യകേന്ദ്രം എന്ന് ഖാത്തൂൻ വിശദീകരിച്ചു. അതാണ് അവിടെ എത്തുന്ന തീർത്ഥാടകരുടെ വിശ്വാസം. അഥവാ ഹൃദയ വിശുദ്ധിയോടെ നാലു തവണ ഇവിടം സന്ദർശിച്ചു പ്രാർത്ഥിച്ചാൽ അത് ഒരു തവണ മക്കയിൽ ചെന്നതിന് തുല്യമാകുമെന്നാണ് ഇവിടെ പൊതുവെയുള്ള സങ്കൽപം. ചില ഭാഷ്യങ്ങൾ പ്രകാരം നാലു തവണ പോരാ…എഴു വട്ടം സന്ദർശിക്കേണ്ടതുണ്ട്.
പൂവാ മക്ക മസ്ജിദിലെ ഇമാം 77 കാരനായ സയ്യിദ് മൂസാ ഹഖ്, പക്ഷേ ഈ വിശ്വാസത്തെ നിശിതമായി ഖണ്ഡിക്കുന്നു. അദ്ദേഹം പറയുന്നത് മറ്റൊരു കാര്യമാണ്. മക്ക മസ്ജിദുൽ ഹറം നിലകൊള്ളുന്ന പട്ടണമാണ്. ഹറമിന്റെ കേന്ദ്രസ്ഥാനത്ത് കഅ്ബയുണ്ട്. അല്ലാഹുവിന്റെ പ്രവാചകന്മാരായിരുന്ന ഇബ്റാഹിം നബി(അ)യും ഇസ്മാഈൽ(അ) മുമാണ് അത് പണിതത്. ഇസ് ലാമിലെ ഏറ്റവും പുണ്യം നിറഞ്ഞ തീർത്ഥാടന കേന്ദ്രമാണത്. ലോകത്തെ മറ്റൊരിടവും അതിന് തുല്യമാവുകയില്ല. നിങ്ങൾ എത്ര തവണ സന്ദർശിച്ചാലും. ഇതാണ് ഇസ് ലാമിലെ വിശ്വാസം. പുവാമക്കയെ കുറിച്ച് ആളുകൾ ഇതൊക്കെ പറയുന്നതിനുകാരണം അതിന്റെ സത്യമെന്തെന്ന് അറിവില്ലാത്തതുകൊണ്ടാണ്.”
പൂവാമക്കയിലെ ഗൗസ് ബാബയുടെ മഖാമിനോട് ചേർന്ന പള്ളിയിൽ 30 വർഷമായി ഇമാമായ ഈ മനുഷ്യൻ അത്ര ജനകീയമായ ഒരു വിശ്വാസത്തെ ശക്തമായി നിരാകരിച്ചതിൽ അതിശയം തോന്നി.

പള്ളിയുടെ വരാന്തയിലെ ചുമരിലെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ-ഗുഹാവത്തി സർക്കിളിന്റെ വക ഫാർസി ഭാഷയിലുള്ള ഒരു ശിലാ ലിഖിതമുണ്ട്. അതിന്റെ വിവർത്തനമനുസരിച്ച് ഷാജഹാന്റെ ഭരണകാലത്ത് മുഗൾ ഗവർണറായി അവിഭക്ത ബംഗാൾ പ്രവിശ്യയിൽ ഷൂജാ രാജകുമാരൻ ഭരിച്ചുകൊണ്ടിരിക്കെ 1657 ൽ മീർ ലുത്ഫുല്ലാഹ് ഷീറാസിയാണ് ഇവിടത്തെ പള്ളി പണി കഴിപ്പിച്ചത്. സൂഫി വര്യനായിരുന്ന ശാഹ് നിഅ്മത്തുല്ലാഹി(റ)യുടെ ശിഷ്യനായിരുന്നു ഷീറാസി. അഹം രാജാക്കന്മാരുടെ കാലത്ത് ദർഗ ബർമൊഖാം(വലിയ മഖാം) എന്നറിയപ്പെട്ടു.
പള്ളി പണിയുന്നത് പതിനേഴാം നൂറ്റാണ്ടിലാണെങ്കിലും 12 ാം നൂറ്റാണ്ടിൽ തന്നെ ഗൗസ് ബാബ(റ) ഇവിടെ എത്തിയിട്ടുണ്ട്. തിബ് രീസിൽ നിന്നെത്തിയ ഇദ്ദേഹം ഇസ് ലാം മതപ്രചരണാർത്ഥമാണ് ബ്രഹ്മപുത്രയുടെ തീരത്ത് ഗരുരാചല മലയിലൊരിടത്ത് തന്റെ ഖാൻഗാഹ് സ്ഥാപിക്കുന്നത്.
ഇമാം സംസാരം തുടർന്നു:
”അസമിൽ മുഗൾ ഭരണം അവസാനിച്ചതിനുശേഷവും അഹം രാജാക്കന്മാർ വളരെ മമതയോടെയാണ് ദർഗയോട് പെരുമാറിയത്. പ്രത്യേകിച്ച് ലുകി സിംഹ മികച്ച ഭരണാധികാരിയായിരുന്നു. അദ്ദേഹം ഫഖീർ അൻവർ ഹുസൈൻ എന്നുപേരുള്ള ഒരു സിദ്ധനെ ദർഗ നടത്തിപ്പിനായി ചുമതലപ്പെടുത്തി. മഖാമിലെ വരുമാനത്തിൽ നിന്ന് നാലിലൊന്ന്(കാൽഭാഗം-ഏക് പുവാ) ദർഗയുടെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി ചിലവഴിക്കാനും ബാക്കിയുള്ളത് രാജകൊട്ടാരത്തിലേക്ക് അടക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഇവിടം ഏക് പൂവാമഖാം എന്നറിയപ്പെട്ടു. കാലം നീങ്ങിയപ്പോൾ പ്രയോഗവശാൽ ലോപിച്ച് ലോപിച്ച് പുവാഖാമും പിന്നീട് പൂവാമക്കയും ആയിത്തീർന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ രേഖ ഇമാമിന്റെ വാദത്തെ ശരിവെക്കുന്നു. എന്നാൽ അസം ടൂറിസം വകുപ്പിന്റെ വിവരണങ്ങൾ ഇമാമിനെ ഖണ്ഡിക്കുകയും ഖാത്തൂനെ അനുകൂലിക്കുകയും ചെയ്യുന്നു.
”കച്ചവടത്തിനുവേണ്ടിയുള്ള കള്ളങ്ങൾ” എന്ന് ഇമാം അവയെ തള്ളിക്കളഞ്ഞു. അതേ കോമ്പൗണ്ടിൽ തന്നെ കാലു ദവാൻ മസാർ എന്ന പേരിൽ ചെറിയൊരു ദർഗ കൂടിയുണ്ട്.
ദർഗയോട് ബന്ധപ്പെട്ട ഏതാണ്ടെല്ലാവർക്കും ബാബയെ കുറിച്ച് അത്ഭുത സിദ്ധികളുടെ അനേക കഥകൾ ഓർക്കാനും പറയാനുമുണ്ട്. പലതരം ആഗ്രഹ പൂർത്തീകരണങ്ങൾക്കുവേണ്ടിയാണ് ആളുകൾ ഈ മല കയറി എത്തുന്നത്. അസമീസ് ഭാഷയിൽ ബാബയുടെ ലഘുജീവ ചരിത്ര കൃതി വിൽക്കുന്ന നസ്റുൽ ഇസ്ലാം ചെറുപ്പം തൊട്ടേ കേട്ട എണ്ണമറ്റ കറാമത്തുകൾ ഓർത്തു. ഒരു വെളുത്ത കുതിരപ്പുറത്ത് മലമ്പാതകളിലൂടെ ഗ്രാമ വാസികളുടെ സുഖവിവരമന്വേഷിച്ചു നടന്ന ബാബ അതേ സമയം മക്കയിൽ നിസ്കാരത്തിനെത്തുകയും ചെയ്യുമായിരുന്നു.
ഖംറൂപ് ജില്ലയിൽ തബ് ലീഗ് ജമാഅത്തിന്റെ ശക്തമായ സ്വാധീനമുണ്ടെന്നും ഒരു പക്ഷെ പള്ളിയിലെ ഇമാം ആ ചിന്താഗതിക്കാരാനായിരിക്കാമെന്നും ദീർഘകാലമായി ആസാമിൽ ജോലി ചെയ്യുന്ന സുഹൃത്ത് സൂചിപ്പിച്ചു. റൂബ് ജാൻ ഖാത്തൂനോട് വിട വാങ്ങി അവരെ ഇരുണ്ട ഏകാന്തതയിൽ ബാബയോടൊപ്പം വിട്ട് ഞങ്ങൾ മടങ്ങി. നനഞ്ഞ പടവുകൾ ഇറങ്ങുമ്പോൾ ബാബയുടെ അതിഥി നായ്ക്കളോടൊപ്പം പടവുകൾ തിരിച്ചുകയറുകയായിരുന്നു. ഇപ്പോഴോർക്കുമ്പോൾ ആശങ്ക തോന്നുന്നു. ദേശീയ പൗരത്വ പട്ടികയും തടങ്കൽ പാളയങ്ങളും വന്നുകഴിഞ്ഞ ആസാമിൽ രേഖകളെല്ലാമുപേക്ഷിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ ഗൗസ് ബാബയുടെ സ്നേഹത്തിന്റെ വഴി തേടി ഇറങ്ങിപ്പോന്ന ഒരുവളുടെ ഗതി ഇപ്പോഴെന്തായിരിക്കും?

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy