യാസിർ സുറൈജി കുറ്റിക്കടവ്:
പ്രവാചക പ്രണയത്തിന്റെ ഉദ്യാനസുഗന്ധമുള്ള വഴികളിലേക്ക് ആശിഖീങ്ങളെ മാർഗദർശനം ചെയ്യുന്ന പ്രണയലേഖനം:
തിരുനബി(സ്വ) തങ്ങളോടുള്ള സ്നേഹത്തിന്റെ ആവശ്യകതയും അനുഭൂതിദായകമായ അതിന്റെ വൈകാരികതയും അനേകം ചരിത്ര സംഭവങ്ങളിലൂടെ നമ്മൾ കേട്ടും വായിച്ചുമറിഞ്ഞിട്ടുണ്ട്. നബി(സ്വ) തങ്ങളോടുള്ള സ്നേഹത്തിലേക്ക് നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന ഖുർആനിക അധ്യാപനങ്ങളും തിരുവരുളുകളും സ്നേഹത്തിന്റെ അതിരുകളില്ലാത്ത ലോകം വരച്ചുകാണിക്കുന്ന മുഹിബ്ബീങ്ങളുടെ ചരിത്രവും നമ്മെ യഥാർത്ഥ പ്രവാചക സ്നേഹത്തിലേക്ക് എവ്വിധമാണ് ആവേശിക്കുന്നതെന്നും അത്തരം സന്ദർഭങ്ങളിൽ എങ്ങനെയാണ് സ്നേഹാർദ്രമായ ഒരു ലോകത്തേക്ക് കണ്ണഞ്ചിപ്പിക്കുന്ന വിസ്മയത്തോടെ നമ്മൾ പ്രവേശിക്കുന്നതെന്നും പരിശോധിക്കുകയാണിവിടെ.
സ്നേഹം പൊതുവേ രണ്ട് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടാറുള്ളത്. സ്നേഹിക്കപ്പെടുന്നവരിൽ നിന്നും വല്ലതും ആഗ്രഹിച്ചുകൊണ്ടുള്ള സ്നേഹവും തിരിച്ചൊന്നും ആഗ്രഹിക്കാതെയുള്ള സ്നേഹവും. ആദ്യത്തെതിനെ സ്വാർത്ഥത എന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ രണ്ടാമത്തേതിനെ നമുക്ക് ആത്മാർത്ഥമായ സ്നേഹം എന്ന് വിശദീകരിക്കാനാകും. ഒന്നാമത്തെ രൂപത്തിലുള്ള സ്നേഹം ആഗ്രഹനിർവഹണത്തിനു ശേഷം ആത്മാർത്ഥമായ സ്നേഹമായി മാറാനുള്ള സാധ്യതയുള്ളത് കൊണ്ട് തന്നെ പൂർണ്ണമായും ആക്ഷേപിക്കാനാവില്ല. അതേസമയം രണ്ടാമത്തേത് നിരുപാധികം തന്നെ പ്രശംസനീയമാണ്.
ആമുഖമായി ഇത്രമാത്രം പറഞ്ഞ് തിരുനബി(സ്വ) തങ്ങളോടുള്ള സ്നേഹത്തിന്റെ ഉള്ളകങ്ങളിലേക്ക് കടക്കാം. സ്നേഹത്തിലേക്കുള്ള പ്രവേശിക സ്വാഭാവികമായും സ്നേഹിക്കപ്പെടുന്നവരെ കുറിച്ചുള്ള അറിവാണ്. അറിഞ്ഞറിഞ്ഞാണ് ഇനിയൊരു രഹസ്യവും പരസ്പരം പങ്കുവെക്കാൻ ഇല്ലാത്തവിധം രണ്ടുപേർ തമ്മിൽ സ്നേഹത്താൽ ഒന്നാകുന്നത്. ഹബീബ്(സ്വ) തങ്ങളെ കുറിച്ചുള്ള ഒരു വിശ്വാസിയുടെ അറിവ് എന്തെല്ലാമാണ്?, വിശ്വാസിയുടെ പ്രാഥമിക ജ്ഞാന സ്രോതസ്സുകളായ വിശുദ്ധ ഖുർആനും തിരുഹദീസും നമുക്ക് നോക്കാം.
വിശുദ്ധ ഖുർആൻ സൂറത്തുൽ ഫത്ഹിലൂടെ തിരുനബി(സ്വ) യെ പരിചയപ്പെടുത്തുന്നു:
“മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വർത്തിക്കുന്നവരും അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ റുകൂഅ് ചെയ്തും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായുണ്ടായ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്ജീലില് അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്മേല് നിവര്‍ന്നു നിന്നു.”(സൂറ:അൽഫത്ഹ്:29)
സൂറ:ആലു ഇമ്രാനിൽ അല്ലാഹു പറയുന്നു:
“(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നിങ്ങൾ അവരോട് സൗമ്യമായി പെരുമാറിയത്. നിങ്ങൾ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിങ്ങളുടെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക.”(സൂറ:ആലു ഇമ്രാൻ:159)
തിരുനബി(സ്വ) യുടെ സ്വഭാവ വൈശിഷ്ട്യത്തെ ഖുർആൻ പുകഴ്ത്തുന്നത് നോക്കൂ:
“നിശ്ചയം നിങ്ങൾ മഹത്തായ സ്വഭാവത്തിനുടമയാകുന്നു. “(സൂറ:അൽഖലം: 4)
തിരുനബി(സ്വ) തങ്ങൾക്ക് അവിടുത്തെ അനുയായികളുടെ കാര്യത്തിലുള്ള അതീവ താല്പര്യത്തെക്കുറിച്ച് പരിശുദ്ധ ഖുർആൻ വർണ്ണിക്കുന്നതിങ്ങനെയാണ്:
“തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന് വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.”(സൂറ:തൗബ:128)
ഈ ആയത്തുകളിലൂടെ നമ്മൾ പരിചയപ്പെട്ട ഹബീബ്(സ്വ) യുടെ മഹത്വങ്ങളെ ഇങ്ങനെ ചുരുക്കി എഴുതാം.
•തന്നെ ലോകരിലേക്ക് നിയോഗിച്ചയച്ച അല്ലാഹുവിന്റെ കൽപ്പന പ്രകാരം ആദർശ ധീരതയോടെ ഒരു സമൂഹത്തെയൊന്നാകെ ഒരു ശരീരം കണക്കെ കെട്ടിപ്പടുത്തു.
•തന്റെ അനുയായികൾക്കിടയിൽ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ഉരുക്കുപാലങ്ങൾ പണിതു.
•അങ്ങനെ അവർ വിനയത്തിന്റെയും വിധേയത്വത്തിന്റെയും സ്വരൂപങ്ങളായി മുത്ത് റസൂൽ(സ്വ) തങ്ങളോടൊപ്പം അല്ലാഹുവിനു മുമ്പിൽ സാഷ്ടാംഗം നമിച്ചു.
•അവിടുന്ന് മഹത്തായ സ്വഭാവങ്ങളുടെ ഉടമയാണ്.
•അനുയായികളുടെ കാര്യത്തിൽ അതീവ താല്പര്യമാണ്.
•കാരുണ്യവാനും ദയാലുവുമാണ്.
•വിട്ടുവീഴ്ച ചെയ്യുന്നവരും അനുയായികൾക്ക് വേണ്ടി പാപമോചനം തേടുന്നവരും കാര്യങ്ങളിൽ കൂടിയാലോചന നടത്തുന്നവരുമാണ്.
തിരുനബി(സ്വ) യുടെ ആദ്യ പത്നിയും മുഅ്മിനീങ്ങൾക്ക് മാതാവുമായ ഖദീജാ ബീവി(റ) യുടെ വാക്കുകൾ കേൾക്കൂ:
“അല്ലാഹുവാണ് സത്യം, അല്ലാഹു താങ്കളെ ഒരിക്കലും വിഷമിപ്പിക്കുകയില്ല. കാരണം നിങ്ങൾ കുടുംബബന്ധം പുലർത്തുകയും ഭാരം വഹിക്കുകയും ദരിദ്രര്‍ക്ക് ജീവിതമാര്‍ഗം നേടിക്കൊടുക്കുകയും അതിഥികളെ സല്കരിക്കുകയും ആപത്ത് വരുമ്പോള്‍ സഹായിക്കുകയും ചെയ്യുന്നവരാണ്.”
വിശുദ്ധ ഖുർആനിലും തിരു ഹദീസിലും വന്ന തിരുനബി(സ്വ) യെ കുറിച്ചുള്ള പ്രാഥമിക അറിവുകൾ നമുക്കകത്ത് ഹബീബ്(സ്വ) യോടുള്ള സ്നേഹമായി ഉറവ പൊട്ടുന്നതും പിന്നീട് അടങ്ങാത്ത അഭിനിവേശമായി രൂപാന്തരപ്പെടുന്നതും എങ്ങനെയാണെന്ന് നോക്കാം..
ആദ്യ ഘട്ടത്തിൽ മഹിത സ്വഭാവത്തിനുടമയായ ഹബീബ്(സ്വ) തങ്ങൾ നമ്മുടെ മനസ്സിനകത്ത് വിസ്മയമായി രൂപം കൊള്ളുകയും ആ മാതൃകാ ജീവിതത്തെ അനുധാവനം ചെയ്യാൻ നമ്മൾ ശ്രമിക്കുകയും ചെയ്യും.
വിശുദ്ധ ഖുർആൻ പറയുന്നു:”(നബിയെ,) അങ്ങ് പറയുക:
നിങ്ങൾ അല്ലാഹുവിനെ പ്രിയം വെക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക.”
അഥവാ, അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നവർ നബിയുടെ വിശുദ്ധ ചര്യ അനുധാവനം ചെയ്യുന്നവരായിരിക്കും. ചലനനിശ്ചലാവസ്ഥകളിലെല്ലാം സ്നേഹനായകനോടൊപ്പം സഞ്ചാരിക്കാനാവുന്ന വിശുദ്ധവസ്ഥയാണത്. തിരുനബി(സ്വ) യെ അക്ഷരത്തിലും അർത്ഥത്തിലും അനുഗമിച്ച അബ്ദുല്ലാഹിബ്നു ഉമർ(റ) നബി(സ്വ) നിസ്കരിച്ച സ്ഥലത്തു തന്നെ നിസ്കരിക്കാൻ തിടുക്കം കൂട്ടിയതും പ്രാർഥിച്ച അതേ സ്ഥലത്തു നിന്നു തന്നെ പ്രാർഥിച്ചതും ദൂതർ ഇരുന്ന സ്ഥലത്ത് തന്നെ ഉപവിഷ്ടാനാവാൻ ഔത്സുക്യം കാട്ടിയതും ദൂതർ യാത്രയ്ക്കിടെ എവിടെ വിശ്രമിച്ചുവോ അവിടെ ഇറങ്ങി വിശ്രമിച്ചതും തിരുദൂതരുടെ കാല്പാടുകൾ പതിഞ്ഞിടത്ത് കാല്പാടുകൾ വെക്കാൻ ശ്രമിച്ചതുമെല്ലാം ഈയൊരു അവസ്ഥയിലായിരുന്നു.
സ്നേഹത്തിന്റെ അടുത്തഘട്ടത്തിൽ തിരുനബി(സ്വ) ക്ക് മേൽ ഇലാഹീ നന്മ മഹാവർഷമായി പെയ്തിറങ്ങുവാൻ നമ്മൾ പ്രാർത്ഥിച്ചു തുടങ്ങും. അല്ലാഹുവും അവന്റെ മലക്കുകളും തിരുദൂതരുടെ മേൽ സ്വലാത്ത് വർഷിക്കുമ്പോൾ നമ്മൾ മാത്രമെങ്ങനെ മാറിനിൽക്കും? നമ്മുടെ സ്വലാത്തുകളത്രയും അവിടുത്തേക്കുള്ള പ്രാർത്ഥനകൾ തന്നെയാണല്ലോ? പ്രണയത്തിന്റെ ഉന്നതാവസ്ഥയിൽ തിരുനബി(സ്വ) തങ്ങളും അവിടുത്തെ ഓർമ്മകളും മാത്രം വാക്കിലും നാക്കിലും മനസ്സിലും നിറഞ്ഞുനിൽക്കുന്ന ഘട്ടമാണത്. സ്വാലാത്തുകളാലും നബിയുടെ അപദാനങ്ങളാലും പ്രണയി തളിർത്തു പൂക്കുന്ന സന്ദർഭം. തിർമുദി ഉദ്ധരിക്കുന്ന ഹദീസ് കാണൂ:
“ഉബയ്യ് ബിൻ കഅബ്(റ) തിരുനബി(സ്വ) യോട് പറഞ്ഞു:
“അല്ലാഹുവിന്റെ റസൂലേ.. ഞാൻ അങ്ങയുടെ മേൽ ധാരാളം സ്വലാത്ത് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ എത്രയാണ് ചൊല്ലേണ്ടത്?”
തിരുനബി(സ്വ) പ്രതിവചിച്ചു:
“നീ ഉദ്ദേശിക്കുന്ന അത്രയും ചൊല്ലിക്കോളൂ..”
“എന്റെ പ്രാർത്ഥനകളിൽ നാലിലൊന്ന്?”
ഉബയ്യ് ബിൻ കഅബ്(റ) ചോദിച്ചു.
തിരുനബി(സ്വ) പറഞ്ഞു:
“നീ ഉദ്ദേശിക്കുന്ന അത്രയും., ഇനിയും വർദ്ധിപ്പിച്ചാൽ അത്രയും നന്ന്.”
“പകുതി?”
“നീ ഉദ്ദേശിക്കുന്ന അത്രയും., ഇനിയും വർദ്ധിപ്പിച്ചാൽ അത്രയും നന്ന്.”
“മൂന്നിൽ രണ്ടുഭാഗം?”
“നീ ഉദ്ദേശിക്കുന്ന അത്രയും., ഇനിയും വർദ്ധിപ്പിച്ചാൽ അത്രയും നന്ന്.”
ഒടുവിൽ ഉബയ്യ് ബിൻ കഅബ്(റ) പറഞ്ഞു:
“എന്റെ മുഴുസമയ പ്രവർത്തനവും ഞാൻ സ്വലാത്താക്കിമാറ്റും.”
നോക്കൂ.. എത്ര മനോഹരമായ തീരുമാനമാണ് അവർ എടുത്തത്. അല്ലാഹുവിനുള്ള ഇബാദത്തുകളെല്ലാം കഴിഞ്ഞുള്ള മുഴുസമയവും സ്വലാത്തിനായി മാറ്റിവെക്കും എന്നാണ് ആശിഖായ ആ സ്വഹാബി തിരുനബി(സ്വ) തങ്ങളോട് കരാർ ചെയ്യുന്നത്.
ഈ ഘട്ടവും കടന്നു കഴിഞ്ഞാൽ പിന്നെ തിരുനബി(സ്വ) ഇച്ഛിക്കാത്തതൊന്നും സ്നേഹി ചെയ്യുകയില്ല. അവിടുന്ന് താല്പര്യപ്പെട്ടതെല്ലാം അത്യാവേശത്തോടെ അനുവർത്തിക്കുകയും ചെയ്യും. കാരണം, തന്റെ നന്മകൾ കണ്ട് ഹബീബ്(സ്വ) സന്തോഷിക്കട്ടെ എന്ന ചിന്തയായിരിക്കും അവന്. അരുതായ്മകൾ കണ്ട് അവിടുന്ന് വിഷമിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയായിരിക്കും എപ്പോഴും അവന്റെ മനസ്സിൽ.
അങ്ങനെ, നമ്മുടെ അനന്തവും പ്രാർത്ഥനാപൂർവ്വവുമായ ഈ സ്നേഹം തിരുഹബീബ്(സ്വ) തങ്ങളിലേക്ക് കവിഞ്ഞൊഴുകിതുടങ്ങുകയായി. ഇനി, നടേ സൂചിപ്പിച്ച സ്നേഹമൊഴുകുന്ന രണ്ട് പാതകളെക്കൂടി പരിചയപ്പെടാം..
1.തിരുനബി സ്നേഹത്തിന്റെ വാഗ്ദത്ത പ്രതിഫലം ഓർത്തുകൊണ്ട് അവിടുത്തെ സ്നേഹിക്കുകയും അനുധാവനം ചെയ്യുകയും നിരന്തരം അവിടുത്തെ സ്മരിക്കുകയും ചെയ്യുന്ന രൂപം.
2.തിരിച്ചൊന്നും ആഗ്രഹിക്കാതെ ഹബീബി(സ്വ) തങ്ങളുടെ മഹത്വങ്ങളും വർണ്ണനകളും അല്ലാഹു നൽകിയ ആദരവും ഓർത്തുകൊണ്ട് മാത്രം സ്നേഹിക്കുന്ന മറ്റൊരു രൂപം.
പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുള്ള അനുധാവനവും നിരന്തരമായ സ്വലാത്തുകളും നിസ്സീമമായ സ്നേഹത്തിലേക്കുള്ള തെളിച്ചമുള്ള പാത പണിയുമെന്ന തീര്ച്ചയിലാണല്ലോ എന്നെ അനുധാവനം ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കുമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ആദ്യം പറഞ്ഞ രൂപത്തിൽ നിരന്തരം പ്രയാണം ചെയ്താൽ രണ്ടാമതു പറഞ്ഞ സ്നേഹത്തിന്റെ അനർഘ തലങ്ങൾ നമ്മുടെ ജീവിതത്തിലും പ്രകാശം നിറക്കും.
ഇനി ഇങ്ങനെ വഴിഞ്ഞൊഴുകി ഹബീബിലേക്കെത്തിയ സ്നേഹത്തിന്റെ മഹിതോദാഹരണം വായിച്ചു നോക്കൂ.. പ്രണയത്തിന്റെ അനീർവചനീയമായ പരിമളം നിങ്ങളുടെ നാസികയിലൂടെ അകതാരിലേക്ക് ഊടുവഴി പണിയുന്നത് നിങ്ങൾക്ക് ആസ്വദിക്കാനാകും.
വിശുദ്ധ ഖുർആനിലെ”അല്ലാഹുവിനെയും റസൂലിനെയും ആര് അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാര്, സ്വിദ്ധീഖുകള്‍, ശുഹദാക്കൾ, സദ് വൃത്തർ എന്നിവരൊടൊപ്പമായിരിക്കും; എത്രയും മെച്ചപ്പെട്ട കൂട്ടുകാരത്രേ അവര്‍”(സൂറ:നിസാഅ്:69) എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം ബഗ് വി(റ) രേഖപ്പെടുത്തുന്നു:
തിരുനബി(സ്വ) യുടെ അടിമയായിരുന്ന സൗബാ(റ) വിന്റെ വിഷയത്തിലായിരുന്നു ഈ സൂക്തം അവതീര്‍ണ്ണമായത്. പ്രവാചകനെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന സ്വഹാബിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ തിരുനബി(സ്വ) വരുമ്പോള്‍ മുഖം വിവര്‍ണമായ സൗബാനെയാണ് കണ്ടത്.
‘‘എന്ത് പറ്റി. നീയാകെ വിവര്ണനായിരിക്കുന്നല്ലോ?”
റസൂല്‍(സ്വ) തങ്ങൾ കാര്യം തിരക്കി.
അദ്ദേഹം പറഞ്ഞു:
“റസൂലെ, എനിക്ക് ഒരു അസുഖവും വേദനയുമില്ല. അങ്ങ് പോയിക്കഴിഞ്ഞാല്‍ പിന്നെ വരുന്നത് വരെ എനിക്ക് വല്ലാത്ത ഏകാന്തതയാണ് ഞാന്‍ അനുഭവിക്കുന്നത്. പിന്നീട് ഞാന്‍ പരലോകത്തെക്കുറിച്ച് ഓര്‍ത്തു, അവിടെ ഞാന്‍ അങ്ങയെ കാണില്ലല്ലോ? കാരണം അങ്ങ്, പ്രവാചകന്മാര്‍ക്കൊപ്പമായിരിക്കില്ലേ? ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ ഏറ്റവും താഴ്ന്ന തട്ടിലായിരിക്കില്ലേ? ഇനി സ്വര്‍ഗത്തില്‍ പ്രവേശിക്കാനായില്ലെങ്കില്‍ പിന്നെ അങ്ങയെ ഒരിക്കലും കാണുകയുമില്ല.”
ഈ സന്ദര്‍ഭത്തിലാണ് ഉപരിസൂചിത സൂക്തം അവതീര്‍ണ്ണമായതത്രെ.