പ്രകീർത്തനങ്ങൾ തോറ്റുപോകുന്ന വ്യക്തിത്വവിസ്മയം

Prophet Muhammad's (peace be upon him) personality and greatness cannot be limited to praises.

സലാം പേരോട്

രുഭൂമിയിലെ നീരുറവകളിൽനിന്ന് സ്വച്ഛസലിലം പ്രഭവംകൊള്ളുന്നതുപോലെ ആദ്ധ്യാത്മിക ജ്ഞാനകുസുമങ്ങളുടെയും ഇലാഹിയ്യായ അനുഗ്രഹപ്രവാഹങ്ങളുടെയും ഉറവിടമാണ് സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم. അല്ലാഹുവിൽ പങ്കുചേർക്കുന്നതിൽ ലോകമാകെ മുഴുകിയ കാലം. അഗ്നിയായിരുന്നു ചിലർക്ക് ദൈവം. സൂര്യചന്ദ്രാദികൾക്കുമുന്നിൽ തൊഴുകൈയോടെ നിൽക്കുന്നവരുണ്ടായിരുന്നു. ജലത്തെ സർവേശ്വരനായി കല്പിച്ച് ആരാധിച്ചുപോന്നവരും കുറവായിരുന്നില്ല. മനുഷ്യനെയും ദൈവമായി ചിലർ പ്രതിഷ്ഠിച്ചു. പരിശുദ്ധ ഖുർആൻ സിദ്ധാന്തിച്ചപോലെ കരയിലും കടലിലും ഒരുപോലെ അധർമം വ്യാപിച്ച കാലം. ചുരുക്കിപ്പറഞ്ഞാൽ ലോകം മുഴുവൻ സന്മാർ​ഗത്തിൽ നിന്നകന്ന് ആശയപരമായി മരുഭൂവത്കരിക്കപ്പെട്ട, അന്ധകാരനിബിഡമായ ചരിത്ര സന്ദർഭം.
ശുദ്ധജലസരിത്തായി വന്നു സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم.
ബർസൻജീ ഇമാമിൻെറ വാക്കുകളിൽ സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യുടെ വരവുകൊണ്ട് എന്തു സംഭവിച്ചുവെന്ന് ഇങ്ങനെ വായിക്കാം:
وكسيت الأرض بعد طول جدبها حللا سندسية
“ഏറെക്കാലത്തെ വരൾച്ചയ്ക്കുശേഷം ഭൂതലം ഹരിതസസ്യലതാദികളാൽ പച്ചപ്പട്ടണിഞ്ഞു.”

സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യാകുന്ന ശുദ്ധജലവാഹിനി ചെറിയൊരു നീറുറവയല്ല, അത് ഒരു മഹാസമുദ്രമാണ്. കോടാനുകോടി മനുഷ്യർ പാനം ചെയ്തിട്ടും ആ ജലം വറ്റിയിട്ടില്ല. ഇന്നും അധ്യാത്മവീഥിയിലെ പഥികർ ആ മഹാജലസംഭരണിയെയാണ് ആത്മീയ ദാഹം തീർക്കാൻ ആശ്രയിക്കുന്നത്. ഇനിയും കോടാനുകോടി ജനം ആ ആത്മീയ തീർഥം നുകരാനിരിക്കുന്നു.
ആത്മീയലോകത്തെ സൂര്യനാണ് സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم. സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യുടെ ആത്മീയാനുഗ്രഹംകൊണ്ട് പ്രയോജനം ലഭിക്കാത്ത ഒരു ജനവിഭാഗവും ലോകത്തില്ല. അഹ് ലു കിതാബിനും സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم ആത്മീയസ്പന്ദനം ഉൾക്കൊള്ളാനും അതിൽ നിർവൃതിയടയാനും സൗഭാഗ്യമുണ്ടായി. സയ്യിദുനാ മൂസാനബി عليه السلام നും സയ്യിദുനാ ഈസാനബി عليه السلام നും കനിഞ്ഞരുളപ്പെട്ട ആത്മീയമധു സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യുടെ ആത്മീയമായ ഒരു നിശ്വാസംകൊണ്ടുതന്നെ അവിടത്തെ അനുയായികൾക്ക് ലഭ്യമായി. ആത്മീയമായി മൃതിയടഞ്ഞ എത്രയോ പേരെ സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യുടെ ഉമ്മത്തിലെ മഹാൻമാരായ ഔലിയാഅ് ജീവിപ്പിച്ചു.
رب أرني أنظر اليك
അതായത് “എൻെറ റബ്ബേ, എനിക്ക് കാണിച്ചുതരൂ, ഞാൻ നിന്നെ കാണട്ടെ” എന്ന് മൂസാനബി عليه السلام അല്ലാഹുവിനോട് ദുആ ചെയ്തു. വാസ്തവത്തിൽ എന്തു കാണിച്ചുതരാനാണ് അല്ലാഹുവിനോട് മൂസാ നബി عليه السلام ദുആ ചെയ്തത്? കാലപൂർണിമയിൽ സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യ്ക്ക് നീ വെളിപ്പെടുത്തിക്കൊടുക്കാൻ പോകുന്ന നൂറാനിയ്യത്ത് എനിക്കൊന്ന് വെളിപ്പെടുത്തിത്താ എന്ന് മൂസാ നബി عليه السلام ദുആ ചെയ്തുവെന്നാണ് അല്ലാഹു സുബ്ഹാനഹൂവതആലാ നമുക്ക് വിശുദ്ധ ഖുർആനിലൂടെ പറഞ്ഞുതരുന്നത്.

സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم തങ്ങളിൽ റഹ്മാൻ എന്ന ഇലാഹിയ്യായ സ്വിഫത്തിന്റെ പ്രതിഫലനമാണ് മികച്ചു നിന്നിരുന്നത്. റഹ്മത്തുല്ലിൽ ആലമീൻ എന്ന് സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യെ അല്ലാഹു തആലാ വിശേഷിപ്പിച്ചതിൽ ഇത്തരം ചില പൊരുളുകൾ കൂടി ഉൾകൊള്ളുന്നുണ്ട്. ധീരത എന്ന ഗുണത്തിൽ പോലും സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യെ വെല്ലാൻ ആർക്കു കഴിയും. വൃക്ഷശിഖരത്തിൽ വാൾ തൂക്കിയിട്ട് മരത്തണലിൽ വിശ്രമിച്ച സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യുടെ കരവാൾ കരാളനായ ശത്രു കൈക്കലാക്കി. സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم ഉണർന്നു. ഈ വാളിൽനിന്ന് താങ്കളെ ആരു രക്ഷിക്കുമെന്ന് ചോദിച്ചപ്പോൾ സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم നിർഭയം മൊഴിഞ്ഞു: അല്ലാഹ്!

ഹുനൈൻ യുദ്ധത്തിൽ സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യോടൊപ്പം സന്നിഗ്ധ ഘട്ടത്തിൽ ഉറച്ചുനിന്നത് പന്ത്രണ്ടുപേർ മാത്രം. മുസ്ലിം സൈന്യം പുനഃസംഘടിക്കുന്നതുവരെ സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യോട് യുദ്ധമൈതാനത്തുനിന്ന് മാറിനിൽക്കാൻ അബൂബക്ർ സ്വിദ്ദീഖ് رَضِيَ ٱللَّٰهُ عَنْهُ അതാ സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യുടെ കോവർകഴുതയുടെ കടിഞ്ഞാൺ പിടിച്ച് അപേക്ഷിക്കുന്നു. സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم ആ കടിഞ്ഞാൺ വിടുവിക്കുന്നു. ആ ആപദ്ഘട്ടത്തിലും സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم സത്യത്തിൻെറ വൈരികളായ വേതാളങ്ങളെ നേരിടാനായി യുദ്ധരംഗത്ത് അക്ഷീണം കുതിക്കുകയാണ്.

സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم അല്ലാഹുവിലേക്ക് പ്രയാണംചെയ്തു. പരിശുദ്ധ ഖുർആനിൽ അല്ലാഹു തആലാ അരുൾ ചെയ്തു:
دنا فتدلى فقاب قوسين أو أدنى
ലാഹൂത്തിലേക്കുള്ള ആരോഹണവും നാസൂത്തിലേക്കുള്ള അവരോഹണവും ഹേതുവായി രണ്ട് കമാനങ്ങൾക്കിടയിലെ ചരടുപോലെ, രണ്ടു വില്ലുകൾക്കിടയിലെ ഞാൺ പോലെ ആയിത്തീർന്നു സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم.
تخلقوا بأخلاق الله
അതായത് അല്ലാഹുവിൻെറ സ്വഭാവങ്ങൾ നിങ്ങളിൽ വിട്ടുപോകാതെ കലർത്തിക്കൊള്ളുക എന്ന് സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم നമ്മോട് പറയുന്നതിനുമുമ്പ് അവിടന്ന് صلى الله عليه وسلم അല്ലാഹു തആലയുടെ സ്വഭാവഗുണങ്ങൾ സ്വയം സാക്ഷാത്കരിച്ചു. ബിൽ മുഅ്മിനീന റഊഫുർറഹീം ആയിത്തീർന്നു സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم.
സഅ്ദീ ശീറാസീ പാടിയതുപോലെ:
بلغ العلى بكماله
كشف الدجى بجماله
حسنت جميع خصاله
صلوا عليه وآله
സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم അവിടത്തെ കമാലിയ്യത്തുകൊണ്ട് അത്യുന്നതങ്ങളിലെത്തി. ജമാലിയ്യത്തുകൊണ്ട് ഇരുട്ടകറ്റി. അവിടത്തെ സ്വഭാവഗുണങ്ങളഖിലം സുസുന്ദരം, സുഭഗം. ചൊല്ലുവിൻ സ്വലാത്ത് സയ്യിദുനാ റസൂലുല്ലാഹി صلى الله عليه وسلم യിലും തിരുകുടുംബത്തിലും.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy