മൽഫൂസാത്തെ അൻവാരിയ്യയിൽ നിന്ന്:
തിരുനബി(സ്വ) തങ്ങളോടുള്ള പ്രണയത്തിന്റെ സത്തയും സാരവും ഉൾച്ചേർന്ന ബഹുമാനപ്പെട്ട ശൈഖുനാ കുറ്റിക്കാട്ടൂർ ഉസ്താദ്(ത്വ.ഉ) അവർകളുടെ ഹൃദയ ഭാഷണം. 2011 മാർച്ച് ലക്കം അൽ അൻവാർ മാസികയുടെ മീലാദ് സ്പെഷ്യൽ പതിപ്പിൽ പ്രസിദ്ധീകരിച്ചത്. നമ്മുടെ ജീവിതത്തിൽ തിരുനബി(സ്വ) തങ്ങൾക്കുള്ള യഥാർത്ഥ സ്ഥാനമെന്താണെന്നും അവിടുത്തോടുള്ള പ്രണയം അനിവാര്യമാക്കുന്ന ഖശിയത്തും മുഹബ്ബത്തും നമ്മുടെ വിശ്വാസത്തെയും കർമ്മങ്ങളെയും എപ്രകാരമാണ് വിശുദ്ധവും നിർമ്മലവുമാക്കുന്നതെന്നും ഉദ്ബോധിപ്പിക്കുന്ന ഉൾക്കാമ്പുള്ള സ്നേഹഭാഷണം.
അല്ലാഹുവിന്റെ മഹത്തായ കൃപയാൽ മനുഷ്യരായി പടക്കപ്പെട്ടവരാണ് നാം. അവന്റെ തന്നെ പ്രത്യേകമായ ഔദാര്യത്താൽ മുസ്ലിമായി തിരഞ്ഞെടു ക്കപ്പെട്ടവരും സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠത നൽകി അല്ലാഹു സ്നേഹിച്ച അവന്റെ ഹബീബായ മുത്തു നബി മുഹമ്മദ് മുസ്തഫാ(സ്വ) തങ്ങളുടെ ഉത്തമ സമുദായത്തിലായി അവസരം നൽകപ്പെട്ടവരുമാണ് നാം. അൽ ഹംദു ലില്ലാഹ്….
ലോകങ്ങൾക്കാകെയും റഹ്മത്തായി അയക്കപ്പെട്ട തിരുനബി(സ്വ) യോടുള്ള ഒരു സത്യവിശ്വാസിയുടെ ബന്ധവും സ്നേഹവും എപ്രകാരമായിരിക്കണം എന്നത് അല്ലാഹുവും അവന്റെ ഹബീബായ റസൂൽ(സ്വ) തങ്ങളും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സ്വഹാബത്തിന്റെ ജീവിതം അത്യധികം പരിശുദ്ധമായ ഈ സ്നേഹ പ്രകടനത്തിന്റെ സമൂർത്തമായ പ്രകാശനങ്ങളായിരുന്നു.
ജീവിതത്തിന്റെ ഏത് സന്ദർഭങ്ങളിലും നമ്മുടെ നേതാവായ തിരുനബി(സ്വ) യുടെ മാതൃകയും താത്പര്യവും പരിഗണിക്കുന്നവനും അതിനെ അനുധാവനം ചെയ്യുന്നവനുമാണ് സത്യവിശ്വാസി. സ്വഹാബത്തിന് തിരുനബി(സ്വ) യോടുള്ള സ്നേഹം അവരുടെ ഓരോ അനക്കമടക്കങ്ങളിലും പ്രത്യക്ഷമായിരുന്നു. എല്ലാ കാര്യങ്ങളിലും തിരുനബി(സ്വ) യുടെ മാതൃകയെ പിൻപറ്റിയും താത്പര്യത്തെ പരിഗണിച്ചുമാണ് അവർ നില കൊണ്ടത്. ഏത് പ്രവൃത്തിയും തങ്ങളുടെ സ്നേഹ ഭാജനമായ തിരുനബി(സ്വ) തങ്ങൾക്ക് ഇഷ്ടമാകുമോ ഇല്ലയോ എന്ന് ആലോചിച്ചാണ് സ്വഹാബാക്കൾ പ്ര വർത്തിച്ചത്. അവരുടെ കാണലും കേൾക്കലും സംസാരവും എന്നു വേണ്ട ജീവിതത്തിലെ അഖില സംഭവങ്ങളും പ്രവാചകനോടുള്ള അതിരറ്റ സ്നേഹത്തിന്റെ പ്രകടനങ്ങളായിരുന്നു.
നാം ആരെ സ്നേഹിക്കുന്നുവോ അവരുടെ അനിഷ്ടം, നമ്മുടെ ഓരോ അനക്കമടക്കങ്ങളിലും വന്നു ചേരുന്നതിനെ സംബന്ധിച്ച ഭയം നമുക്കെപ്പോഴുമുണ്ടാകും. അഥവാ തിരുനബി(സ്വ) യോടുള്ള സ്നേഹ പ്രകടനത്തിന്റെ തന്നെ ഭാഗമാണ് സ്വഹാബത്തിനെയും മുഅ്മിനീങ്ങളെയും സംബന്ധിച്ച് നബി(സ്വ)യെ പേടിക്കുക എന്നതും. തിരുനബി(സ്വ) സ്വഹാബത്തിനോട് മൊഴിഞ്ഞതും അല്ലാഹു ഖുർആനിലൂടെ വിശ്വാസികളോട് നിർദ്ദേശിച്ചതും നിങ്ങളുടെ സ്നേഹത്തിന്റെ പരമമായ കേന്ദ്രം അല്ലാഹുവും അവന്റെ ഹബീബായ റസൂലും(സ്വ) ആയിരിക്കണം എന്നായിരുന്നുവല്ലോ? ചുരുക്കത്തിൽ അല്ലാഹുവിനോടും റസൂൽ(സ്വ) തങ്ങളോടുമുള്ള സ്നേഹമാണ് തഖ് വയുടെ തന്നെ നാരായ വേര്. അഥവാ മുഹബ്ബത്തും (സ്നേഹവും) ഖശിയ്യത്തും (ഭയം) വിട്ടു പിരിയാത്ത ഗുണങ്ങളാണ്.
അല്ലാഹു ഖുർആനിൽ വിശ്വാസികളെ സംബോധന ചെയ്ത് പറയുന്നത് നോക്കുക:
“പറയുക. നിങ്ങളുടെ പിതാക്കളും പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുജനങ്ങളും നിങ്ങൾ സമ്പാദി ച്ചുണ്ടാക്കിയ സ്വത്തുക്കളും നഷ്ടം നേരിടുമോ എന്ന് നിങ്ങൾ ഭയപ്പെടുന്ന കച്ചവടവും നിങ്ങൾ തൃപ്തിപ്പെടുന്ന പാർപ്പിടങ്ങളും നിങ്ങൾക്ക് അല്ലാഹുവെക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ മാർഗത്തിലെ പരിശ്രമങ്ങളെക്കാളും ഏറെ നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ അപ്പോൾ അല്ലാഹു അവന്റെ കൽപന നടപ്പിൽ വരുത്തുന്നത് കാത്തിരുന്നു കൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേർ വഴിയിലാക്കുക യില്ല.”(തൗബ 24)
ഈ ഖുർആൻ വാക്യത്തിൽ എട്ടു ബന്ധങ്ങളെക്കുറിച്ചാണ് അല്ലാഹു പറയുന്നത്. മനുഷ്യ ബന്ധങ്ങളുടെ മുൻഗണനകളെ പഠിപ്പിക്കുന്ന ഈ ആയത്തിലുടെ അല്ലാഹു വിശ്വാസികളുടെ ജീവിതത്തിൽ തിരുനബി(സ്വ) യുടെ സാന്നിദ്ധ്യം എപ്രകാരമായിരിക്കണമെന്ന പാഠവും പഠിപ്പിക്കുന്നുണ്ട്.
അഥവാ എന്റെയും എന്റെ മാതാപിതാക്കളുടെയും, എന്റെയും എന്റെ സന്താനങ്ങളുടെയും ഇടയിലുള്ള ബന്ധത്തിൽ അല്ലാഹു തന്റെ ഹബീബായ തിരുനബി(സ്വ) തങ്ങൾക്ക് ഇടപെടാനുള്ള അധികാരമാണ് നൽകുന്നത്. എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയിൽ എന്റെയും എന്റെ ഭാര്യയുടെയും നടുവിൽ എന്റെ നേതാവായ മുത്തു റസൂൽ(സ്വ) നിൽക്കുകയാണ്. നിങ്ങളുടെ ഈ ബന്ധങ്ങളിൽ നിങ്ങൾ പുലർത്തുന്ന സമർപ്പണത്തിന്റെയും സ്നേഹ പ്രകടനങ്ങളുടെയും അനുപാതം നിർണയിക്കുന്നത് തിരുനബി(സ്വ) യാണ്. ഇങ്ങിനെ നാം എല്ലാമെല്ലാമായി കാണുന്ന നമ്മുടെ ഈ ബന്ധങ്ങളുടെ നടുവിൽ, ഒരു പ്രകാശ സാന്നിദ്ധ്യമായി നിൽക്കുന്ന മുത്തു റസൂൽ (സ്വ) യെ നാം എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ..? അല്ലാഹുവിന്റെ ഈ കൽപനയിലുള്ള അമൽ നമ്മുടെ ജീവിതത്തിലുണ്ടോ? ഇതിലൂടെ നമ്മുടെ വീട്ടിലും പുറത്തും ജീവിതത്തിലെ ഓരോ അനക്കമടക്കങ്ങളിലും അല്ലാഹു തിരുനബി(സ്വ) യെ കൊണ്ടു വരികയാണ്.
സ്വഹാബികളും എക്കാലത്തെയും സത്യവിശ്വാസികളും ഏതൊന്നിനെ സ്നേഹിക്കുന്നുണ്ടെങ്കിലും ആ സ്നേഹത്തിന്റെ പാരമ്യത്തെ നിർണയിക്കേണ്ടത് തിരുനബി(സ്വ) യാണ്. ഇനി സ്നേഹിക്കാതിരിക്കുന്നുവെങ്കിൽ അതും നിർണയിക്കേണ്ടതും പഠിപ്പിച്ചു തരേണ്ടതും അവിടുന്ന് തന്നെയാണ്. ഓരോന്നിനോടും അതിന് നിശ്ചയിക്കപ്പെട്ട അനുപാതത്തിൽ സ്നേഹമുണ്ടാക്കാനും ഓരോന്നിനെയും അത് വെക്കേണ്ട സ്ഥാനത്ത് വെക്കാനും മുത്തുറസൂൽ(സ്വ) യുടെ മാർഗദർശനം വേണം. ചില സന്ദർഭങ്ങളിൽ നിങ്ങൾ മുൻഗണന കാണുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് നന്മയുണ്ടാകുകയില്ല. സന്ദർഭങ്ങളുടെ ഔചിത്യമനുസരിച്ച് അല്ലാഹുവിന്റെ റസൂൽ(സ്വ) നിങ്ങൾക്കത് പഠിപ്പിച്ചു തരും. അതു കൊണ്ടാണ് യുദ്ധത്തിന് ഒരുക്കങ്ങൾ നടത്തി കൊണ്ടിരുന്ന ഒരു സന്ദർഭത്തിൽ തനിക്കും ദീനിന് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കാൻ അനുമതി ചോദിച്ചെത്തിയ സ്വഹാബിയോട് നിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരുനബി(സ്വ) അന്വേഷിച്ചത്. പിതാവ് മരണപ്പെട്ടിട്ടുണ്ടെന്നും മാതാവ് ജീവിച്ചിരിക്കുന്നുണ്ടെന്നും സ്വഹാബി പ്രത്യുത്തരം ചെയ്തപ്പോൾ നീ യുദ്ധത്തിന് പോയാൽ മാതാവിനെ നോക്കാൻ ആരാണ് ഉണ്ടാകുക എന്നും തിരുനബി(സ്വ) അന്വേഷിച്ചു. ഞാനല്ലാതെ മറ്റാരും അവരെ നോക്കാനില്ലെന്നറിയിച്ചപ്പോൾ ആ സ്വഹാബിയെ മാതാവിന് സേവനം ചെയ്യാൻ തിരിച്ചയക്കുകയാണ് തിരുനബി(സ്വ) ചെയ്തത്(ത്വബ്റാനി). ഇങ്ങിനെ സ്വഹാബികളുടെ ജീവിതത്തിലെ ഓരോ സന്ദർഭത്തിലെയും എന്തു കാര്യങ്ങൾക്കും തിരുനബി(സ്വ) യുടെ മാർഗ നിർദ്ദേശങ്ങൾ അനിവാര്യമായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു:
“ഒരാൾ തിരുനബി(സ്വ) യോട് പറഞ്ഞു;
“ഞാൻ യുദ്ധത്തിന് പോകാൻ തയ്യാറാണ്.“
അപ്പോൾ നബി(സ്വ) ചോദിച്ചു:
“നിനക്ക് മാതാപിതാക്കളുണ്ടോ?“
ആ സ്വഹാബി അതെ എന്ന് പ്രത്യുത്തരം ചെയ്തു. അപ്പോൾ തിരുനബി(സ്വ) മൊഴിഞ്ഞു:
“അവർക്ക് സേവനം ചെയ്യലാണ് നിന്റെ ജിഹാദ്.“(സ്വഹീഹുൽ ബുഖാരി).
ഇങ്ങിനെ സത്യവിശ്വാസികളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലും ഇടപെടാനുള്ള അധികാരം അല്ലാഹു തിരുനബി(സ്വ) ക്ക് നൽകിയിരിക്കുന്നു. അവരുടെ സ്നേഹ പ്രകടനത്തിന്റെ പാരമ്യമറിയിക്കുന്ന സ്വഹാബികളുടെ ഒരു ചര്യ ഇപ്രകാരമുണ്ട്. സ്വഹാബികൾക്ക് കുട്ടികൾ ജനിച്ചാൽ ആദ്യമായി അവർ കൊണ്ടു വരിക തിരുനബി(സ്വ) തങ്ങളുടെ തിരുസവിധത്തിലേക്കാണ്.
അവിടുത്തെ തിരുകരങ്ങളാൽ ആ കുട്ടിക്ക് മധുരം നൽകപ്പെടും. എങ്ങിനെയാണത് നൽകപ്പെടുക? കാരക്ക പൊളിച്ചെടുത്ത് അതിന്റെ ചീന്ത് നബി(സ്വ) തങ്ങളുടെ വായിലിട്ട് ചവച്ച് അരച്ചാണ് തിരുനബി(സ്വ) അത് നൽകുക. തിരുനബി(സ്വ) യുടെ പരിശുദ്ധമാക്കപ്പെട്ട ആ തുപ്പുനീരും ചവച്ചരക്കപ്പെട്ട കാരക്കയുടെ ചീളും ചേർന്ന ആ പരിശുദ്ധ മിശ്രിതം ആ കുഞ്ഞ് നുണഞ്ഞിറക്കുന്നത് കണ്ട് നിൽക്കുന്നത് തന്നെ സ്വഹാബത്തിന് വലിയ ആനന്ദമാണ്. അഥവാ ഇക്കാര്യം പോലെ അവർക്ക് സന്തോഷ ദായകമായ മറ്റൊന്നില്ലായിരുന്നു.
ഒരിക്കൽ ഒരു സ്വഹാബി തന്റെ കുഞ്ഞിന് ഇങ്ങിനെ തഹ്നീക്ക് നൽകാനായി കൊണ്ടു വന്നു. ആ കുഞ്ഞ് തഹ്നീക്ക് നൽകുന്നതിന്നിടയിൽ തിരുനബി(സ്വ) യുടെ മടിയിൽ മൂത്രമൊഴിച്ചു. ഇതു കണ്ട ആ സ്വഹാബിയുടെ മനം പൊട്ടി. മുത്ത് റസൂൽ(സ്വ) യുടെ മടിയിൽ തന്റെ കുഞ്ഞ് മൂത്രമൊഴിച്ചതിൽ മനം നൊന്ത് നിൽക്കുന്ന ആ സ്വഹാബിയെ നോക്കി അസ്വസ്ഥതയുടെ ഒരു ലാഞ്ചനപോലും പ്രകടമല്ലാത്ത പുഞ്ചിരി തൂകിയ മു ത്തുനബി(സ്വ) വിടർന്ന പുഞ്ചിരിയോടെ നിഷ്കളങ്കമായ പ്രസന്നതയോടെ ആ സ്വഹാബിയോട് അത് സാരമില്ലാ എന്ന് മൊഴിഞ്ഞു. തന്റെ കുഞ്ഞിനെക്കാൾ തന്റെ ബന്ധങ്ങളിലുള്ള മറ്റെന്തിനേക്കാൾ തന്നെക്കാൾ ഓരോ സ്വഹാബിയും തിരുനബി(സ്വ) യെ സ്നേഹിച്ചിരുന്നു. അ തുകൊണ്ട് തന്നെയാണ് സ്വഹാബികളുടെ വിവാഹ കാര്യങ്ങൾ മുതൽ ജീവിതത്തിലെ ചെറുതും വലുതുമായ എന്തൊക്കെ കാര്യങ്ങളുണ്ടോ അതിലെല്ലാം തിരുനബി(സ്വ) യുടെ ഇഷ്ടത്തെ അവർ പരിഗണിച്ചത്. അവരുടെ ജീവിതത്തിലെ ഇത്തരം നിർണായക മുഹൂർത്തങ്ങളിൽ അന്തിമ വിധി നടത്തുന്നത് തിരുനബി(സ്വ) യായിരിക്കും. ചിലപ്പോൾ അവർ തീരുമാനിച്ച ഒരു കാര്യത്തെ വർജ്ജിക്കാനായിരിക്കും അവിടുത്തെ ആജ്ഞ. മറ്റ് ചിലപ്പോൾ അവരുടെ തീരുമാനത്തെ സാധൂകരിക്കുന്നതിന്നായിരിക്കും തിരുനബി(സ്വ) യുടെ നിർദ്ദേശം. സ്വഹാബത്തിനെ സംബന്ധിച്ച് സ്വന്തമാ യ ഇഷ്ടാനിഷ്ടങ്ങളല്ലായിരുന്നു അവർക്ക് പ്രഥമം. തിരുനബി(സ്വ) എന്ത് ഇഷ്ടപ്പെടുന്നുവോ അതായിരുന്നു അവർക്ക് പ്രധാനം. മുഅ്മിനീങ്ങളായ നമ്മോടുള്ള അല്ലാഹുവിന്റെ കൽപന സൂറത്ത് അഹ്സാബിലെ 21-ാം ആയത്തായി ഇങ്ങിനെ വായിക്കാം:
“അല്ലാഹുവിന്റെ റസൂലിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യ നാളിനെയും ഭയപ്പെടുകയും അല്ലാഹുവിനെ ധാരാളമായി ഓർക്കുകയും ചെയ്യുന്നവർക്ക്.”
ഇങ്ങിനെ സത്യവിശ്വാസികളായ നമ്മുടെ ജീവിതത്തിലെ ഓരോ സൂക്ഷ്മ കാര്യങ്ങളിലും ഇടപെട്ട് കൊണ്ട് തിരുനബി(സ്വ) യുടെ സാന്നിദ്ധ്യം ഇ പ്പോഴുമുണ്ട്. അഥവാ ഓരോ കാര്യങ്ങളിലും മാർഗ ദർശനം ചെയ്യാൻ ഹബീബായ റസൂൽ(സ്വ) നമ്മോടൊപ്പമുണ്ട്. ഈ സാന്നിദ്ധ്യത്തെ ഉണർന്നറി യുമ്പോളാണ് ആ തിരുവ്യക്തിത്വത്തോടുള്ള നമ്മുടെ മുഹബ്ബത്തിന്റെ പ്രകടനങ്ങളുണ്ടാകുന്നത്.
മുഹബ്ബത്താണ് യഥാർത്ഥത്തിൽ ഈമാനിന്റെ കാതൽ. ദീനിലെ എല്ലാ കാര്യങ്ങളുടെയും ജീവൻ മുഹബ്ബത്താണ്. അതിരില്ലാത്ത ഈ മുഹബ്ബത്തിന്റെ അളവ് അറിയാൻ ഉമർ(റ) നിവേദനം ചെയ്യുന്ന ഈ ഹദീസ് ശ്രദ്ധിക്കുക. ഉമർ(റ) പറയുന്നു:
“ഞാൻ തിരുനബി(സ്വ) യുടെ കൂടെ നടക്കുകയായിരുന്നു. ഞങ്ങളെ ഏതാനും സഹാബത്തും അനുഗമിച്ചിരുന്നു. അപ്പോൾ അല്ലാഹുവിന്റെ സൂൽ(സ്വ) എന്റെ കൈ പിടിച്ചു. എന്നിട്ട് നടന്നു. അപ്പോൾ എന്റെ മനസ്സിൽ ഇങ്ങിനെ പറയാൻ തോന്നി:
“അല്ലാഹുവാണെ അല്ലാഹുവിന്റെ റസൂലെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.“
അപ്പോൾ തിരുനബി(സ്വ) പറഞ്ഞു:
“ഉമറേ… നിന്റെ മകനോടുള്ളതിനേക്കാളും?“
ഞാൻ പറഞ്ഞു: “അതെ”.
അവിടുന്ന് ചോദിച്ചു: “ഉമറെ നിന്റെ കുടുംബത്തേക്കാളും…?”
ഞാൻ പറഞ്ഞു: “അതെ”. അവിടുന്ന് ചോദിച്ചു:
“ഉമറെ… നിന്റെ സമ്പത്തിനേക്കാളും..?”ഞാൻ പറഞ്ഞു: “അതെ”.
അവിടുന്ന് ചോദിച്ചു: “നീ.. നിന്നെക്കാളും ഉമറെ…?”.
ഞാൻ പറഞ്ഞു: “ഇല്ല”.
അപ്പോൾ തിരുനബി(സ്വ) പറഞ്ഞു:
“ഇല്ല ഉമറെ, നിനക്ക് നിന്നെക്കാൾ ഞാൻ സ്നേഹ ഭാജനമാകുന്നത് വരെ നിന്റെ ഈമാൻ പൂർത്തിയാകുകയില്ല.”
ഉമർ (റ) പറയുന്നു: “ഞാൻ അവിടുത്തെ സന്നിധിയിൽ നിന്ന് മടങ്ങുകയും ശേഷം ചിന്തിക്കുകയും ചെയ്തു. പിന്നീട് ഞാൻ തിരുനബി(സ്വ) യുടെ അടുത്തേക്ക് “അല്ലാഹു വാണെ അല്ലാഹുവിന്റെ റസൂലെ അങ്ങ് എനിക്ക് എന്നെക്കാൾ സ്നേഹ ഭാജനമാണ്” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് തിരിച്ചെത്തിയത്. അപ്പോൾ തിരുനബി(സ്വ) പറഞ്ഞു:
“ഇപ്പോഴാണ് ഉമറെ…ഇപ്പോഴാണ്. (നിന്റെ സ്നേഹം പൂർത്തിയായത്)”
(സ്വഹീഹുൽ ബുഖാരി)